Sunday, December 09, 2007

ദേ ഞാന്‍ പോയി

ഇവിടെ ഉണ്ടായിരുന്ന തേങ്ങയൊക്കെ എവിടെ ?

കൊച്ചമ്മിണി കാലത്ത് പുട്ടുണ്ടാക്കാന്‍ തേങ്ങ പൊതിക്കാന്‍ നോക്കിയപ്പോള്‍ മാത്രമാണ് വെണ്ണൂറ്റും പുരയില്‍ ഇട്ടിരുന്ന അഞ്ചു തേങ്ങ മിസ്സിങ്ങാണെന്നറിയുന്നത്.

നാലുവയസ്സായ അര്‍ജുനനും മൂന്നുവയസ്സായ ദിനകരനും കൊച്ചമ്മിണിയെ മിഴിച്ച്നോക്കി.

ഈ ക്ടാങ്ങളോട് ചോദിച്ചട്ട് എന്ത് കിട്ടാനാണ്ടീ ? കണ്ണുകാണില്ലെങ്കിലും അമ്മായ്മ തള്ളയ്ക്ക് നന്നായി ചെവികേള്‍ക്കാമെന്ന് കൊച്ചമ്മിണിക്ക് നൂറുതരം. ഇതൊക്കെ തന്റെ കെട്ട്യോന്റെ കലാ പരിപാടിയാണെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാല്‍, രാത്രി പൊട്ടുന്ന ചട്ടി, കുട്ടിക്കലം, അടുപ്പുകല്ല് എന്നിവയുടെ ഇന്‍വെന്ററി എടുക്കാന്‍ അര ദിവസത്തെ പണികളയേണ്ടിവരുമെന്ന ഒറ്റകാരണം കൊണ്ടുമാത്രമാണ് കൊച്ചമ്മിണി അതിനു മുതിരാത്തത്.തേങ്ങയെല്ലാം കൃത്യമായി പ്രാഞ്ചിയുടെ കൊപ്രക്കളത്തിലെത്തിയിരിക്കും.കാശ് വേലായി കണക്കു പറഞ്ഞുവാങ്ങിയിട്ടുമുണ്ടാവും.

ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് പഞ്ഞ മാസത്തിലാണ്. വിരലുമുറിയുന്ന മഴയുള്ളപ്പോള്‍. കാറ്റ് തെങ്ങോലകളെ കീറി മുറിക്കുമ്പോള്‍.

വേലായി, അന്ത കൊച്ചമ്മിണിയുടെ ഒരേയൊരു കാന്തന് ‍അപ്പോഴും വീടിന്റെ ഇറയത്ത്കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. തലേന്ന് രാത്രി ഗാ‍നമേളയായിരുന്നു. പഴയ നാടക-സിനിമാ ഗാനങ്ങള്‍ മാത്രം.
‘എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും..’
‘കാളി ഭദ്രകാളി....’
‘ചെകുത്താന്‍ കയറിയ വീട്..’ എന്നീ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടു വേലായി തന്നെ സംഗീതം നല്‍കി, പാടി ഗേറ്റിനുമുന്നില്‍ എത്ര നേരം പിടിച്ചു നിന്നെന്നോ ആ പടിയൊന്ന് തുറന്നു അകത്തേക്ക് കടക്കാന്‍. പടിയുടെ ശക്തികൊണ്ടല്ല, പാട്ടിന്റെ ശക്തികൊണ്ടു തന്നെ.

ഇതിനൊക്കെ ഷാപ്പുകാരന്‍ വാസ്വേട്ടനെ പറഞ്ഞാല്‍ മതി. കൊച്ചമ്മിണി രണ്ടുമൂന്നു പ്രാവശ്യം ഷാപ്പില്‍ ചെന്ന് പറഞ്ഞതാണ്.

ഈ മനുഷ്യനു ഇങ്ങനെ കുടിക്കാന്‍ കൊടുക്കരുതെന്ന്.

വേലായി സാധാരണ പത്തുമണിക്കാണ് ഉറക്കമെഴുന്നേല്‍ക്കുക. കാലത്തെഴുന്നേറ്റ് സ്കൂളിലൊന്നും പോകണ്ടല്ലോ. പിന്നെ, പേരിനൊന്ന് മുഖം കഴുകി ഓടക്കുഴലുമെടുത്ത് നേരെ വെച്ചുപിടിക്കും.
പടി കടന്നാല്‍തന്റെ ഓടക്കുഴലില്‍ ഒരു പാട്ടു വായിക്കും. അതാണ് സിഗ്നല്‍.
താന്‍ സ്ഥലം കാലിയാക്കിയെന്ന് കണ്ണു കാണാത്ത അമ്മയെ അറിയിക്കാന്‍.
‘എരണം കെട്ടവന്‍ പോയാ..’ തള്ള അവിടെയിരുന്ന് ചീറും. രണ്ട് ക്ടാ‍ങ്ങളെ അവിടെയിട്ട് കൊച്ചമ്മിണി ഇതിനകം ഇഷ്ടികക്കളത്തിലേക്ക് പോയിട്ടുണ്ടാവും.

വേലായി നേരെ കൂമ്പുള്ളി പാലത്തിന്റെ അടുത്തേക്ക്. പാലത്തിന്റെ അടുത്തുള്ള വാസുവേട്ടന്റെ ഷാപ്പില്‍ ഒന്നു മുഖം കാണിക്കും. , പിന്നെ ചൂണ്ടയും വള്ളിക്കൊട്ടയുമായി പാലത്തിന്റെ സൈഡിലെ തോട്ടിലേക്ക്. ചൂണ്ടയിടാന്‍ വേലായി മിടുക്കനാണ്. പാറക്കെട്ടുള്ളകാരണം വലയിടാന്‍ പറ്റില്ല.

ഉച്ചതിരിയുമ്പോഴേയ്ക്കും ചൂണ്ടയിട്ട് വേലായി കുറെ മീന്‍ പിടിക്കും.
മീന്‍പിടുത്തത്തില്‍ വേലായി ഒരു തൊരപ്പനാണ്. വലിയ മീനുകള്‍ മാത്രമേ വേലായിയുടെ ചൂണ്ടയില്‍ കുടുങ്ങുവത്രേ. ദോഷൈകദൃഷ്ടികള്‍ പറയുന്നത് വേലായിയുടെ മണമടിച്ചാല്‍ തന്നെ വന്മീനുകള്‍ കൂട്ടത്തോടെ അടുത്തു വരുമെന്നാണ്.

ഏതായാലും വേലായിക്ക് വൈകീട്ട് അഞ്ചുമണിയോടെ അത്യാവശ്യം മീന്‍ കൂടയില്‍ ആയിട്ടുണ്ടാവും. വേലായി പിടിച്ചമീനാണ് ചീഫ് കുക്കും വാസുവേട്ടന്റെ നിയമപ്രകാരമുള്ള ഒരേ ഒരു വൈഫുമായ വള്ളിച്ചേച്ചി ഓരോ പേരും ഇട്ട് രാത്രിയും പിറ്റേന്ന് ഉച്ചയ്ക്കും വിളമ്പുന്നത്.

മീനിന്റെ വിലയുടെ കാര്യത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായമാണ് വേലായിയും വാസ്വേട്ടനും തമ്മില്‍. രാത്രി ആറര കഴിഞ്ഞാല്‍ വേലായിയുടെ ലോകമാണ് ഷാപ്പ്.

ബാക്കി വരുന്ന കള്ളൊക്കെ വേലായിക്ക് സമര്‍പ്പിച്ച് മീനിന്റെ കണക്ക് തീര്‍ക്കും വാസ്വേട്ടന്‍.

‘വാസ്വേട്ടാ ഇയ്ക്ക് മൂത്രൊഴിക്കണം’ എന്നാവുമ്പോള്‍ വാസ്വേട്ടന്‍ വേലായിയെ ഉടലോടെയെടുത്ത് അടുത്ത തെങ്ങിന്റെ ചോട്ടില്‍ കൊണ്ടിരുത്തും. അതാണ് വാസ്വേട്ടന്റെ ഷാപ്പിന്റെ ക്ലോസിങ് ടൈം.

ഒരു പഞ്ഞ മാസം. ഒഴുക്കു കാരണം മീന്‍ പിടുത്തം വളരെ കഷ്ടം.

വേലായി കള്ളുകുടിക്കാതെ വലഞ്ഞു. വാസ്വേട്ടനാണെങ്കില്‍ പറ്റ് തീര്‍ത്തുമതി ഇനി കുടിയെന്ന നീതിശാസ്ത്രത്തില്‍ ഉറച്ചു നില്‍ക്കുന്നു.

കാലത്ത് എഴുന്നേറ്റ് കൊച്ചമ്മിണിയോട് ചില്ലറ ചോദിച്ചു.
‘ദേ എന്റെ കാശിട്ടു വയ്ക്കുന്ന കുടുക്ക. കൊണ്ടോയി പണ്ടാറടങ്ങ് .. ‘ കാലിയായ മണ്കുടുക്ക കൊച്ചമ്മിണി വേലായിയുടെ മുന്നില്‍ കൊണ്ടുപോയി വെച്ചു.

ഇനി അധികം അവിടെ നിന്നാല്‍, ഇവള്‍ തന്നെ ഇഷ്ടികപ്പണിക്ക് വിടുമോയെന്ന ശങ്ക കാ‍രണം വേലായി തന്റെ ഓടക്കുഴലും ശീലക്കുടയുമായി മെല്ലെ പടിയിറങ്ങി.

വാസ്വേട്ടന്റെ ഷാപ്പിനു മുന്നില്‍ ചെന്നു. വള്ളിയേച്ചി എരണ്ട വൃത്തിയക്കുന്നു. ഇന്നത്തെ സ്പെഷല്‍ എരണ്ടയാണ്.

‘വാസ്വേട്ടോ ഇന്ന് ഇയ്ക്ക് എന്തായാലും ഒരു കുടുക്ക വേണം..’
‘കിട്ടീദന്നെ.. വേലായേ.. വാസ്വേട്ടന്‍ ഇബിടില്ല. ... പറ്റ് തരാണ്ട് ഈ പടി ഇങ്ങട് കടന്നാല്‍ മടലെടുത്ത് ഒരു കാല്‍ തല്ലിയൊടിക്കാന്‍ ‍ പറഞ്ഞിട്ടാ വാസ്വേട്ടന്‍ പോയേക്കണേ.. നീ വേഗം പൊക്കൊ ഇബ്ട്ന്ന്..’ വള്ളിയേച്ചി വേലായിക്ക് വാണിങ് മെസ്സേജ് കൊടുത്തു.

വേലായി ഷാപ്പിന്റെ വാതില്‍ക്കല്‍ തന്നെ കുന്തുകാലില്‍ ഇരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ വാസ്വേട്ടന്‍ വന്നു.
‘പറ്റ് തരാണ്ടു ഇതിന്റെ പടികടക്കരുത്ന്ന് പറഞ്ഞ്ണ്ടാര്‍ന്നതല്ലേ....’

‘ഇയ്ക്ക് ഒരു കുടുക്ക് ഇന്ന് വേണം..’

‘നീയെന്റെ സ്വഭാവം ശരിക്കറിയും. സമയം മെനക്കെട്ത്താണ്ട് നീ നെന്റെ വഴിക്ക് പോണ്ടാ ?’
‘ഇല്ല..’
‘ദേ ആള്‍ക്കാര് കുടിക്കാന്‍ വരുമ്പോ നെന്നെ ഇബടെ കണ്ടാല്‍ കൌളി മടലെടുത്ത് പൂശും ഞാന്‍..എണീറ്റ് പോടാ ഇബ്ട്ന്ന്..’

എന്നിട്ടും വേലായി അവിടെതന്നെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ ആദ്യ കുടിയന്‍ അറുമുഖന്‍ കയറി വന്നു. കൈനീട്ടം സാധാരണ അറുമുഖന്റെയാണ്.

‘എണീറ്റ് പോടാ ഇവ്ട്ന്ന്..’ വാസ്വേട്ടന്‍ പിന്നാമ്പുറത്ത് നിന്നും ഒരുഓലമടലെടുത്തു.

സംഗതി പന്തിയല്ലെന്ന് വേലായിക്ക്ക് മനസ്സിലായി.

‘ദേ ഞാന്‍ പോണു...വാസ്വേട്ടന്‍ ഇനി എന്റെ ശവാവും കാണുക..’ വേലായി മുഷ്ടിചുരുട്ടി പറഞ്ഞു.
‘അങ്ങന്യാവട്ടെ.. നീയിപ്പോചെല്ല്...’

വേലായിമെല്ലെ നടന്ന് പോയി.

‘രൂപ ഒന്നും രണ്ടുമല്ല പറ്റ് . നൂറുറുപ്യായി. അവനു ഇനീം വേണത്രെ. ..’

‘എന്റെ അറുമുഖാ, ഈ മഴക്കാലം കഴിഞ്ഞാല്‍ വേലായി കാശു തരൂന്ന് ഞാന്‍ നൂറു പ്രവശ്യം പറഞ്ഞതാ വാസ്വേട്ടനോട്.. കേക്കണ്ടെ..’ വള്ളിയേച്ചിക്ക് അല്ലെങ്കിലും വേലായിയോടൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്.

‘നീ മിണ്ടരിക്ക്വോ.. നീ ഒറ്റൊരുത്തിയാ അവനെ ഇങ്ങനെ ആക്കീത്..’

വള്ളിയേച്ചി ഷാപ്പിന്റെ സൈഡില്‍ ചെന്ന് നിന്ന് വേലായി നടന്നു പോകുന്നത് നോക്കി നിന്നു.
പാവം.പോണ പോക്കു കണ്ടില്ലേ..എന്നും ആടിയാടി ഇവിടെ നിന്നും പോകുന്ന ആളാ.
വേലായി കൂമ്പുള്ളിപ്പാലത്തിന്റെ മുകളിലൂടെ നടന്നു. നട്ടുച്ചയാണ്. മഴ മാറി നിന്ന സമയം.

പാലത്തിനു നടുവിലെത്തി ഒരു നിമിഷം നിന്നു.

പിന്നെ പാലത്തിന്റെ കൈവരിയില്‍ കയറി നിന്നു.

‘ദേ നോക്ക്യേ.. മ്മടെ വേലായി ആ പാലത്തിന്റെ കൈവരീ‍മ്മെ കയറി നില്ക്കുണു. വല്ല കടുംകൈ ചെയ്യോ..’ വള്ളിയേച്ചിക്ക് പരിഭ്രമമായി.

‘ഏയ്..അവന്‍ വെറുതെ ആളെ പേടികാട്ടാന്‍ നിക്കാണ്....നെനക്ക് വേണങ്കി അവനെ വിളിച്ചോണ്ട് വന്ന് ഇവിടെ പൊറുപ്പിച്ചോ..’

‘ഞാന്‍ ഒന്നും പറയാന്‍ ഇല്യ..’ വള്ളിയേച്ചി അകത്തേക്ക് കയറിപ്പോയി.

വേലായി പാലത്തിന്റെ കൈവരിയില്‍ നിന്ന് ചുറ്റും നോക്കി. നിറഞ്ഞൊഴുകുകയാണ് തോട്. കലക്ക വെള്ളം.
ഇന്ന് ഒക്കേനെം ശരിയാക്കിത്തരാം.

‘ദേവ്യേ..’ എന്നും വിളിച്ച് വേലായി താഴേക്ക് ഒരു ചാട്ടം.

‘പ്ലും‘

‘വേലായി ചാടീന്നാ തോന്നണെ..’ കൂട്ടാന്‍ കലം തേച്ചുകൊണ്ടിരുന്ന വള്ളിയേച്ചിയാണ് ആദ്യം കേട്ടത്.

‘കുരുത്തം കെട്ടോന്‍ മനുഷ്യനു പണിയാക്ക്വോ.. തോട്ടില്‍ നെറച്ച് വെള്ളമുള്ളതാണ്. പോരാത്തേന് ചൂഴിം..’
മുങ്ങാംകൂഴിയിട്ട് പാലത്തിന്റെ അപ്പുറത്ത് പൊന്താമെന്ന ധാരണയിലാണ് വേലായി രണ്ടും കല്‍പ്പിച്ച് ചാടിയത്.

പക്ഷേ.. നേരെ ചൂഴിയിലേക്ക് വീണത്.

ചൂഴിയില്‍ കിടന്ന് വേലായി കൈകാലിട്ടടിച്ചു.

‘ബ്ലും. ബ്ലും..’

വാസ്വേട്ടന്‍ ഓടിവന്നു നോക്കുമ്പോള്‍ വേലായി വെള്ളത്തില്‍ പൊന്തി കിടന്ന് കൈകാലിട്ടടിക്കുന്നു.

‘വാസ്വേട്ടാ.. ദേ ഞാന്‍ പോണു...’
‘ എവിടയ്ക്ക് ?..ഇങ്ങ്ട് കേറി വാടാ. ’
‘ നെല കിട്ടിണില്യ വാസ്വേട്ടാ.. ദേ ഞാന്‍ പോയി...’ വേലായി വെള്ളം കുടിച്ചു തുടങ്ങി.

വാസ്വേട്ടന് ഓടിച്ചെന്ന് ‍ ഒരു കയറെടുത്ത് എറിഞ്ഞു കൊടുത്തു. വേലായി കറങ്ങുക തന്നെയാണ്.

‘ആരെങ്കിലൊന്നും ചാട്..’ വള്ളിയേച്ചി പാലത്തിന്മേല്‍ നിന്ന് വിളിച്ചു പറഞ്ഞു.

‘കയറുമ്മെ പിടിക്കടാ വേലായേ..’

‘എനിക്കൊന്നും കാണാന്‍ പറ്റ്ണില്ലേ..’

പിന്നെ വാസുവേട്ടന്‍ കയറില്‍ ഊരാം കുടുക്കിട്ട് വേലായിയുടെ ഭാഗത്തേക്ക് എറിഞ്ഞു.
നേരെ കഴുത്തിലാണ് വീണത്. വേലായി എങ്ങനെയോ കയറ് പിടിച്ചു.

പിന്നെ സൈഡിലൂടെ വലിച്ചു കയറ്റി.

കരയ്ക്ക് കയറ്റി കിടത്തി വെള്ളമെല്ലാം ശര്‍ദ്ദിപ്പിച്ച് കളഞ്ഞു.

‘നെനക്ക് ന്തൂട്ടിന്റെ കേടാ എന്റെ വേലായിയേ..’ വാസ്വേട്ടന്‍ ശരിക്കും വിയര്‍ത്തു.

‘ഞാന്‍ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചാടീതാ ന്റെ വാസ്വേട്ടാ.... ഇത് ഇത്ര അല്‍ക്കുല്‍ത്താ‍വുന്ന് വിജാരിച്ചില്ല... എന്താ ചുഴി...’


ചരിത്രത്തിലാദ്യമായി അന്ന് വേലായി നട്ടുച്ചക്ക് വയറു നിറയെ കള്ളും കുടിച്ചാണ് വീട്ടില്‍ ചെന്ന് കയറിയത്.

പിന്നീടൊരിക്കലും വേലായി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല.


************


വേലായിയുടെ മറ്റു സുവിശേഷങ്ങള്‍.

1.വേലായി ചരിതം ഒന്നാം ഖണ്ഡം
2.വേലായി ചരിതം രണ്ടാ ഖണ്ഡം
3.വേലായി ചരിതം മൂന്നാം ഖണ്ഢം
4.വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും
Sunday, November 11, 2007

ഡ്രൈവിങ് ലൈസന്‍സ്

ഒരേയൊരു പെങ്ങളെ തോളൂരുള്ള പേരുകേട്ട തറവാട്ടിലേക്ക് കെട്ടിച്ചു വിടുമ്പോള്‍ മോഹങ്ങളുടെ ഒരു കൂമ്പാ‍രവുമായാണവള്‍ അങ്ങോട്ട് കെട്ടിയെടുത്തതെന്നും ബാലന്‍സായുള്ള മോഹങ്ങള്‍ ഓരോരോ പാരയായി ഇങ്ങോട്ട് തന്നെ തിരിച്ചുവരുമെന്നുമുള്ള തിരിച്ചറിവ് ഉണ്ടായത് ,എല്ലാം കഴിഞ്ഞ ശേഷം മാത്രമായിരുന്നു. അല്ലെങ്കിലും വരാനുള്ളത് ഒന്നും തന്നെ വഴിയില്‍ തങ്ങാറില്ലല്ലോ .

അതിലൊരു മോഹമായിരുന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നതെന്ന് ഒരു നാള്‍ എന്റെ നല്ലപാതി ലീന പൊടിപ്പും തൊങ്ങലും വെച്ച് കാതിലോതിയപ്പോ‍ള്‍‍ 'അവളായി അവളുടെ കെട്ട്യോനായി ' എന്ന ലൈനില്‍ ഞാന്‍ പിടിച്ച് നിന്നത് വെറുതെ . പിറ്റേന്ന് കാലത്തു തന്നെ ലീനയെ സോപ്പിട്ട് പെങ്ങള്‍ റീമ ഒരു കമ്പയിന്റ് സ്റ്റഡിക്കുള്ള കുടുക്കിട്ടു. ' എന്തിനാണ്ടീ നീ ഡ്രൈവിങ് പടിക്കണേ ' എന്ന എന്റെ ചോദ്യത്തിനു ബസ്സില്ലാത്ത ദിവസം സ്കൂളില്‍ പോകാനെന്ന് മറുപടി. തോളൂരു നിന്നും കൊടകര ഡോണ്‍ബോസ്കോ സ്കൂളിലേക്ക് ബന്ദുള്ള ദിവസം ഡ്രൈവ് ചെയ്താലുണ്ടാവുന്ന അവസ്ഥ , അളിയന്റെ മാരുതി 800 നു നമോവാകം.

കാറുപോയിട്ട് ഒരു കുട്ടിസൈക്കിള്‍ പോലും ഓടിക്കണമെന്ന് ജന്മത്തില്‍ പോലും ആഗ്രഹിക്കാത്ത ലീന, റീമയുടെ സോപ്പില്‍ പതഞ്ഞ് എന്നോട് വിഷയമവതരിപ്പിച്ചു. ജനാധിപത്യമല്ലേ.. ഭൂരിപക്ഷാഭിപ്രായത്തിനല്ലേ മുന്‍ തൂക്കം കൊടുക്കേണ്ടത്. അതുകൊണ്ട് പിറ്റേന്ന് തന്നെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിന്റെ പ്രൊപ്രൈറ്റര്‍ കം പ്രധാനാധ്യാപകനായ യാക്കോവേട്ടനോട് കാര്യം പറഞ്ഞു.

ഇവരുടെ ചിരകാലാഭിലാഷമാണ് ചേട്ടാ.. എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്ത് കൊടുക്കണം .

അതിനെന്താ നാളെത്തൊട്ട് തന്നെ പോന്നോട്ടെ.

യാക്കോവേട്ടന്‍ റെഡി.

പിറ്റേന്ന് കാലത്ത് പത്തുമണിക്ക് തന്നെ ലീന റെഡിയായി.

കാലത്ത് തന്നെ കുളിച്ച് കുറിയും തൊട്ട് യാക്കോവേട്ടന്റെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിനു മുന്നിലേക്ക്.
വീട്ടില്‍ നിന്നും തോളൂരിലേക്ക് ലീന ഡ്രൈവ് ചെയ്യും. അവിടെനിന്നും റീമയെ വണ്ടിയില്‍ കയറ്റി അരമണിക്കൂര്‍ പഠനം . തിരിച്ച് ഇങ്ങോട്ടും ലീന ഡ്രൈവര്‍ സീറ്റില്‍. അത്ര്യേ ഉള്ളൂ സംഭവം.

ആദ്യ ദിവസത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം റീമ രണ്ടു ദിവസം കൊണ്ടു തന്നെ ഡ്രൈവിങ് പഠിച്ചടക്കുമെന്ന് യാക്കോവേട്ടനു സംശയം തോന്നി. അറുപതിലും എഴുപതിലുമാണ് റീമ ഡ്രൈവ് ചെയ്യുന്നത്.

ലീനയാവട്ടെ ഇരുപത് കി.മി. സ്പീഡ് വിട്ട് എങ്ങോട്ടുമില്ല . ഡീസലിനു പകരം പച്ചവെള്ളം ഒഴിച്ചാലും ഏഴു കിലോമീറ്ററോളം യാക്കോവേട്ടന്‍ ഇതെങ്ങനെ സഹിക്കുന്നു ?

ഓരോ ദിവസവും നല്ല ഇമ്പ്രൂവ് മെന്റ്. ഡിഗ്രി പരീക്ഷക്കുപോലും രണ്ടാള്‍ക്കും ഇത്ര ശുഷ്കാന്തി ഉണ്ടായിരുന്നോവെന്നത് സംശയമാണ് .

ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഡ്രൈവിങ്ങിലെ നാഴികക്കല്ലായ 'H' എടുക്കാനുള്ള ഓര്‍ഡറായി . അതിനിടയില്‍ ലേണേഴ്സ് ടെസ്റ്റ് എങ്ങനെയൊക്കെയോ കടന്നു കൂടിയിരുന്നു.

പറമ്പന്തള്ളി അമ്പലത്തിനടുത്ത് മുല്ലശ്ശേരി ഗവര്‍മെന്റ് സ്കൂളിന്റെ അനാഥമായ ഗ്രൌണ്ടിലാണ് യാക്കോവേട്ടന്‍ 'H' ഇടാന്‍ പഠിപ്പിക്കുന്നത്. മെയിന്‍ റോഡില്‍ നിന്നും ഒന്നൊന്നര കിലോമീറ്ററുണ്ട് അവിടേയ്ക്ക്. ബസ് റൂട്ടില്ല. ചരിത്രാതീതകാലത്ത് ടാറിട്ട തോടാണ്. ഒരു ചന്തത്തിനു അവിടവിടെയായി ടാറ് കാണാം.

KLH രെജിസ്റ്റ്രേഷനുള്ള ഒരു കറുത്ത അമ്പാസഡറാണ് യാക്കോവേട്ടന്റെ ശകടം. തലമുറ തലമുറ കൈമാറി കിട്ടിയ സ്വത്താണ്. പാങ്ങിലെ കുട്ടപ്പേട്ടന്റെ വര്‍ക്ഷാപ്പ് നിലനിന്നു പോകുന്നതു തന്നെ ഇതുപോലെയുള്ള വണ്ടികളുടെ നിര്‍ലോഭമായ സഹകരണമുള്ളതൊന്നുകൊണ്ടുമാത്രമാണ്. . എങ്കിലും ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വരുകയോ മറ്റു വലിയ പ്രശ്നങ്ങളോ ഈ ശകടത്തിനു ഉണ്ടായിട്ടില്ല. റോഡിനു പറ്റിയ വണ്ടി തന്നെ.

'H' എടുക്കുന്ന പരിപാടി അല്പം കടുത്തതാണെന്ന് യാക്കോവേട്ടന്‍ മുന്‍ കൂട്ടി രണ്ടാളോടും പറഞ്ഞിരുന്നു. അതുകൊണ്ട് എക്സ്ട്രാ ഹോര്‍ലിക്സും ബൂസ്റ്റൊക്കെ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോയത്.

ഗ്രൌണ്ടില്‍ 'H' ആകൃതിയില്‍ വെച്ചിരിക്കുന്ന കൊന്ന വടികള്‍ക്കിടയിലൂടെ ശകടം ഓടിക്കണം .
'H' ന്റെ ആദ്യ ശ്രമത്തില്‍ തന്നെ വെച്ചിരുന്ന എല്ലാ വടികളും താഴെ. വണ്ടി മുന്നിലേക്കെടുക്കാന്‍ പ്രശ്നമില്ല. ബാക്ക് എടുക്കുമ്പോഴാണ് എല്ലാ പ്രശ്നവും. വണ്ടിയുടെ പകുതി എത്തിയാല്‍ മാത്രമേ സ്റ്റീയറിങ് ഒടിക്കാവൂ എന്ന് യാക്കോവേട്ടന്‍ പുറത്ത് നിന്ന് വിളിച്ചു പറയും. ലീന എങ്ങനെ ഒടിച്ചാലും കുറ്റിയില്‍ തട്ടും .

ക്ലച്ചിനു പകരം ആക്സലറേറ്റര്‍ അമര്‍ത്തുകയാണ്. റീമയുടെ പ്രശ്നം. പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് യാക്കോവേട്ടന്‍ വണ്ടിയുടെ അടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

രണ്ടും മൂന്നും ദിവസങ്ങള്‍ സംഭവ ബഹുലമല്ലാതെ കടന്നു പോയി.

'H' പഠനത്തിന്റെ നാലാം ദിവസം ഒരു വേള, ലീന ക്ലച്ചില്‍ കാലമര്‍ത്തിയപ്പോള്‍ അതു വെറുതെയാണെന്ന് മനസ്സിലാവാന്‍ സമയമെടുത്തു. പിന്നിട് യാക്കോവേട്ടന്‍ തന്റെ കയ്യിലുള്ള സാധനസാമഗ്രികള്‍ കൊണ്ട് ശകടത്തില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോള്‍ മാത്രമാണ് ഗിയര്‍ ബോക്സ് പീസ് പീസായി കിടക്കുകയാണെന്ന് മനസ്സിലായത്.

അന്ന് നട്ടുച്ചക്ക് ഗിയര്‍ ബോക്സിന്റെ മനസ്സിലാവാത്ത ഭാഗങ്ങള്‍ തലയില്‍ വെച്ച് രണ്ടു പെണ്ണുങ്ങളുമായി ദുഖം കടിച്ചമര്‍ത്തി യാക്കോവേട്ടന്‍ നടന്നു പോകുന്നത് പറമ്പന്തള്ളിയിലേക്കുള്ള വഴിയിലെ കുടുംബങ്ങള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു .

എത്രകഴിച്ചാലും ഫിറ്റാവാത്ത യാക്കോവേട്ടന്‍ അന്ന് വൈകിട്ട് ഫുള്‍ വീലായി വീട്ടില്‍ കയറിവന്നു. എന്റെ മുന്നില്‍ സാഷ്ടാംഗപ്രണാ‍മം നടത്തി .

മോനെ..എന്നെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കി തരണം. നിങ്ങള്‍ വേറേ ഏതെങ്കിലും ഡ്രൈവിങ് സ്കൂളില്‍ പോയി പഠിച്ചോ..

ഞാന്‍ വിഷമ വൃത്തത്തിലായി. സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞാല്‍ ടീച്ചറായ റീമയ്ക്ക് സ്കൂളില്‍ പോകണം . ജൂണില്‍ ലീനയ്ക്ക് ഗള്‍ഫിലേക്ക് തിരിച്ചു വരുകയും വേണം. വേറെ ഡ്രൈവിങ് സ്കൂളില്‍ ചെന്നാലും ഇതൊക്കെ തന്നെയാവും സ്ഥിതി . യാക്കോവേട്ടനാണെങ്കില്‍ അറിയാവുന്ന ആളാണ്.

എന്തു വന്നാലും എന്റെ വണ്ടിയില്‍ പഠിപ്പിക്കാന്‍ പറ്റില്ല.

യാക്കോവേട്ടന്‍ സ്ട്രെയ്റ്റാണ്. വെട്ടൊന്ന് മുറി രണ്ട്. യാതൊരു കോമ്പ്രമൈസും ഇല്ല.

പിന്നെ എന്റെ ഓടിച്ചു കൊതിമാറാത്ത പുതിയ സ്കോര്‍പിയോ ഇവര്‍ക്ക് ഗിയര്‍ബോക്സ് പൊളിക്കാന്‍ കൊടുക്കണോ ? അത് പള്ളീല് പോയി പറഞ്ഞാല്‍ മതി.

ആ മോഹം അവിടെ കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അളിയന്‍ തന്റെ മാരുതി 800 ശകടവുമായി പിറ്റേന്ന് കാലത്ത് ലാന്‍ഡ് ചെയ്യുന്നത്. 'H' എടുക്കാന്‍ ആ കാര്‍ നിരുപാധികം യാക്കോവേട്ടനു വിട്ടുകൊടുത്തുകൊണ്ടുള്ള ഓര്‍ഡര്‍.

യാക്കോവേട്ടന്‍ സസന്തോഷം ആ ഓഫര്‍ സ്വീകരിച്ചു. നാലു ദിവസം കൊണ്ട് 'H' പഠനം പൂര്‍ത്തിയാക്കി.

പ്രതീക്ഷയോടെയിരുന്ന ടെസ്റ്റ് ദിവസം വന്നെത്തി. കുന്ദംകുളത്താണ് ടെസ്റ്റ്. കാലത്ത് ആറുമണിക്കു തന്നെ യാക്കോവേട്ടന്‍ മാരുതിയുമായി രണ്ടിനേയും കൊണ്ട് അങ്ങോട്ട് വിട്ടു.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വളരെ സ്ട്രിക്റ്റാണെന്ന് യാക്കോവേട്ടന്‍ പഠിതാക്കള്‍ക്ക് ക്ലൂ കൊടുത്തിരുന്നു.

ഇവരെ കണ്ട മാത്രയില്‍ തന്നെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 'H' എടുപ്പിക്കാനൊന്നും നിന്നില്ല. നേരെ റോഡില്‍ സ്ട്രൈറ്റ് ഡ്രൈവിങ്ങിനു പോയി. എന്തു സംഭവിച്ചാലും 30 – 35 റേഞ്ചില്‍ കൂടുതല്‍ സ്പീഡില്‍ ഓടിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന ലീന അങ്ങനെ പാസ്ഡ്.

അടുത്തത് റീമയുടെ ടെസ്റ്റ്.
റീമയെ ഡ്രൈവിങ് സീറ്റിലിരുത്തി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടെസ്റ്റിനു പോയി.
പോയി പത്തുമിനിട്ടിനകം തിരിച്ചു വന്നു യാക്കോവേട്ടന്റെ അടുത്ത് വണ്ടി ബ്രേയ്ക്കിട്ടു നിന്നു.

തിരിച്ച് വന്നപ്പോള്‍ ഡ്രൈവറ് സീറ്റില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍.

മധ്യവയസ്കനായ ആ മനുഷ്യന്‍ വിയര്‍ത്ത് കുളിച്ച് കാറില്‍ നിന്നിറങ്ങി വന്നു.

താനാണോ ഇവരെ ഡൈവിങ് പഠിപ്പിച്ചത് ?

അതെ സര്‍

ഇങ്ങനെയുള്ള പാര്‍ട്ടികളുമായി മേലില്‍ എന്റടുത്ത് വരരുത്..

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അന്നത്തെ ടെസ്റ്റിങ് നിര്‍ത്തി സ്ഥലം വിട്ടു.

സംഭവമെന്തെന്നറിയാതെ യാക്കോവേട്ടന് മിഴിച്ചു നിന്നു.‍... പിന്നീട് റീമ പറഞ്ഞാണ് സംഭവത്തിന്റെ ഒരു രൂപരേഖയായത്.

ടെസ്റ്റിനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അര കിലോമീറ്റര്‍ എത്തിയപ്പോള്‍ ഇന്‍സ്പെക്ടടുടെ മനസ്സുപറഞ്ഞു റീമയുടെ ഡ്രൈവിങ് കൊള്ളാമെന്ന് . പരീക്ഷണമെന്ന നിലയ്ക്ക് ബഥനി സ്കൂളിനടുത്തുള്ള നിരനിരയായുള്ള ഹമ്പിനടുത്തെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സ്പീഡില്‍ എടുക്കാന്‍ ഓര്‍ഡറിട്ടു. ഒരു വിധം സ്മൂത്തായി ഓടിക്കൊണ്ടിരുന്ന മാരുതി 800 ഹമ്പിനു മുകളിലൂടെ പറ പറന്നു.
യാക്കോവേട്ടന്റെ അമ്പാസിഡറില്‍ പഠിച്ച റീമയ്ക് ഹമ്പിനുമുകളിലൂടെ പറക്കാന്‍ നല്ല വൈദഗ്ദ്യം.

ബ്രേയ്ക്ക്.... വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചീറി.

ബ്രേയ്ക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍. വണ്ടി പിന്നെയും പറന്നു.

ഹാന്ഡ് ബ്രേയ്ക്കിട്ട് ഇന്‍സ്പെക്ടര്‍ വണ്ടി ഒരു വിധത്തില്‍ നിര്‍ത്തി. പിന്നെ ഒന്നും മിണ്ടാതെ റീമയെ മാറ്റി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വണ്ടി തിരിച്ചു. തിരിച്ചുള്ള വരവില്‍ ബഥനി സ്കൂളിനടുത്തെ കുരിശുപള്ളിയില്‍ കയറി നേര്‍ച്ചയിടാനും അയാള്‍ മറന്നില്ല.

തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ലീനയാണ് ഡ്രൈവ് ചെയ്തത് വിത്ത് ലൈസന്‍സ് ഏന്‍ഡ് സൈലന്‍സ്.. അടുത്ത ദിവസം വെഹിക്കിള്‍ ഇന്‍സ്പെക്ടറെ എങ്ങനെ ചാക്കിടാമെന്ന ചിന്തയില്‍ പിന്‍സീറ്റിലിരുന്നു യാക്കോവേട്ടന്‍. ശ്മശാന മൂകത വീടിനടുത്തെത്തുന്നതുവരെ തുടര്‍ന്നു. തനിക്ക് ലൈസന്‍സ് കിട്ടില്ലെന്നു 100 ശതമാനവും വിശ്വസിച്ചിരുന്ന ലീന ഡ്രൈവിങ്ങിനിടയില്‍ റീമയുടെ വീര്‍ത്തുകെട്ടിയ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. തന്റെ സന്തോഷം ആരെ അറിയിക്കാന്‍ ?

ആ സന്തോഷം, വീടിന്റെ ഗേറ്റിനു തൊട്ടുനില്‍ക്കുന്ന ടെലഫോണ്‍ പോസ്റ്റിലാണ് ലീന അറിയിച്ചത്. ബമ്പറും ഹെഡ് ലൈറ്റും തകര്‍ത്ത് ടെലഫോണ്‍ പോസ്റ്റ്, ആഫ്രിക്കക്കാരന്റെ ഒട്ടിയ വയറുമായി നിന്നു.

യാക്കോവേട്ടന്‍ ചാടി പുറത്തിറങ്ങി ചുറ്റും നോക്കി.

ഭാഗ്യത്തിനു റോഡില്‍ ആരുമില്ലായിരുന്നു. പിന്നെ, മാക്സിമം സ്പീഡില്‍ വണ്ടി തിരിച്ച് എടുത്ത് അളിയന്റെ വീട്ടില്‍ കൊണ്ടിട്ടിട്ടാണ് യാക്കോവേട്ടന്‍ നെടുവീര്‍പ്പിട്ടത്.

(വാല്‍ക്കഷണം. : പോസ്റ്റിലിടിച്ച കാര്യം പുറത്ത് പറയാതിരിക്കാന്‍ ചെലവായത് ഒരു ഫുള്‍ ബോട്ടില്‍. മാരുതി 800 റിപ്പയര്‍ .. അതൊരു വക. വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചാക്കിട്ട് അടുത്ത ടെസ്റ്റില്‍ റീമയെ പാസാക്കാന്‍ രണ്ടു കുപ്പി വേറേ...ഇനിയും എന്തൊക്കെ വേണമെന്ന് ഇപ്പോഴും അറിയില്ല. പ്രതികാര ദാഹവുമായി ആ ടെലഫോണ്‍ പോസ്റ്റ് ഇന്നും എന്റെ വീടിന്റെ ഗേറ്റിനടുത്ത് നില്‍ക്കുന്നു. ടെലഫോണ്‍ ഡിപ്പാര്‍ട്ടുമെന്റുകാരു ഇടയ്ക്കിടെ വന്ന് ആ പോസ്റ്റ് നോക്കി എന്തൊക്കെയോ സംസാരിക്കുന്നത് ലീന ജനലിലൂടെ കാണാറുണ്ടത്രേ..)

Tuesday, October 23, 2007

ഇടിവെട്ട് വാസു .....

ജന്മാവകാശമായി കിട്ടിയത് തെങ്ങുകയറ്റമാണെങ്കിലും വാസു തെങ്ങില്‍ കയറുന്നത് അപൂര്‍വ്വം. ഇടയ്ക്കൊക്കെ തേങ്ങ പെറുക്കി കൂട്ടാന്‍ കൂടുമെന്നല്ലാതെ ആരോഗ്യം കളഞ്ഞുള്ള ഒരു പണിക്കും വാസുവില്ല. നമ്മടെ ആരോഗ്യം നമുക്കുള്ളതല്ലേ. നാട്ടുകാര്‍ക്കിട്ട് പെരുമാറാ‍നുള്ളതല്ലല്ലോ. ചാരായ നിരോധനം വന്നതിനു ശേഷമാണ് വാസുവിന്റെ പേര് നാലാള് അറിഞ്ഞു തുടങ്ങിയത്.

പതിനെട്ടാം പടി കയറിയുള്ള ചന്ദ്രേട്ടന്റെ ചാരായ ഷാപ്പിലേക്ക്, കയറുന്ന പോലെ ഇറങ്ങാന്‍ പറ്റാത്തത് ഒന്നുകൊണ്ടുമാത്രമാണ് വാസു ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നുറങ്ങാറുള്ളത്. മാത്രമല്ല ചന്ദ്രേട്ടന്‍ സ്വന്തമായി വളര്‍ത്തുന്ന ലാലൂരിന്റെ മണമുള്ള ഒരു ചൊക്ലിപട്ടിയുള്ളപ്പോള്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ സേഫാണിവിടെയെന്ന് വാസു മനസ്സിലാക്കിയതില്‍ തെറ്റു പറയാന്‍ പറ്റില്ലല്ലോ. ഒരു തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ ആ തെങ്ങിന്റെ മണ്ടയ്ക്ക് ഇടിവെട്ടി കൂമ്പു കരിഞ്ഞിട്ടും കാലത്ത് ചന്ദ്രേട്ടന്‍ ഷാപ്പ് തുറന്നപ്പോള്‍ വാസു തെങ്ങിന്റെ ചുവട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു., വെറും പാമ്പായി.. അതിനു ശേഷമാണ് ചന്ദ്രേട്ടന്‍ വാസുവിനെ ഇടിവെട്ട് വാസുവായി സ്നാനപ്പെടുത്തിയത്.

ചാരായ നിരോധനം വാസുവിനെ നിരാശാകഞ്ചുകിതനാക്കി. ചന്ദ്രേട്ടന്‍ ഒറ്റക്കും തെറ്റയ്ക്കും തപ്പറമ്പിലെ മാട്ടത്ത് വാറ്റു തുടങ്ങിയപ്പോള്‍ മാത്രമാണ് വാസുവിനു ശ്വാസം നേരേ വീണത്. മനപ്പറമ്പിലെ ഓലയും മടലുമൊക്കെ സമയവും സൌകര്യവും നോക്കി വാസു മാട്ടത്തെത്തിക്കും. മറുതയും യക്ഷിയുമൊക്കെ യഥേഷ്ടം വാഴുന്ന ആ പ്രദേശത്തേക്ക് എക്സൈസുകാരു പോയിട്ട് ജീവനില്‍ കൊതിയുള്ളവരാരും തന്നെ പോകാറില്ല. വാറ്റി പാക്ക് ചെയ്ത് സോളാറ് ബാറിന്റെ സൈഡിലെ ഇടവഴിയിലെ ഓന്തു കൊച്ചപ്പന്റെ പറമ്പിലായിരുന്നു സെയിത്സ് കൌണ്ടര്‍.

കൊച്ചപ്പനെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായിരുന്നു. കാരണം, തലമുറകളായി ലാഭകരമായി നടത്തി വന്നിരുന്ന അലക്കു സോപ്പു വ്യാപാരം തന്റെ ഒരു മാസത്തെ മാര്‍ക്കറ്റിങ് കൊണ്ട് സ്വന്തം ചേട്ടനെ ആജീവനാന്ത കടക്കാരനാക്കിമാറ്റിയതിനു ശേഷമാണ് കൊച്ചപ്പനു രണ്ടുമാസത്തേക്ക് നാടുവിടേണ്ടി വന്നത്, ഇളയപ്പന്‍ പൌലോതിന്റെ ചേലക്കരയിലെ വീട്ടിലേക്ക്. പിന്നീട് തിരിച്ചു വന്ന് പൊന്തിയത് പാണ്ടിത്തോമയുടെ സെന്റ് ജോസഫ് ബാന്‍ഡ് സെറ്റ് കമ്പനിയില്‍ ക്ലാര്‍നെറ്റ് വായിക്കാനായിരുന്നു. അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. കടം. കടം കയറി ഗതികെട്ട് പാണ്ടിത്തോമ ബാന്‍ഡുകമ്പനി പൂട്ടുന്നതു വരെ കൊച്ചപ്പന്‍ വിടാതെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ശുഷ്കാന്തനും സത്യസന്ധനുമായിരുന്നു ഓന്ത് കൊച്ചപ്പന്‍. ഇത്രയൊക്കെയാണെങ്കിലും ഏതുകാര്യവും പറഞ്ഞ് ഫലിപ്പിക്കാന്‍ കൊച്ചപ്പനേക്കാള്‍ കഴിവുള്ളവര്‍ നാട്ടില്‍ വളരെ ചുരുക്കം.

വാറ്റുകച്ചവടം പൊടീപൊടിച്ചപ്പോള്‍ സോളാറിന്റെ സി.ഇ.ഒ യും പ്രധാന പങ്കാളിയും പ്രത്യുതാ ഒറ്റയിരിപ്പിനു ഒരു ഫുള്ള് ബോട്ടില്‍ ബ്രാന്‍ഡി, ബോണ്‍വിറ്റ കഴിക്കുന്ന ലാഘവത്തില്‍ അകത്താക്കുന്ന പൂളയ്ക്കല്‍ ഡേവീസേട്ടനു ഇരിക്കപ്പൊറുതിയില്ലാതായി. എക്സൈസ് കാരെ കൊണ്ടു വന്നാല്‍ തല്‍ക്കാലത്തേക്ക് ഒരു രക്ഷകിട്ടുമെങ്കിലും പിന്നീട് എക്സൈസുകാര്‍ ബാറിനു തന്നെ ഒരു മുതല്‍ക്കൂട്ടായി സ്ഥിരതാമസമാക്കുമെന്ന് ഭയന്നതുകൊണ്ടാണ് കൊച്ചപ്പനെ വിളിച്ച് കാര്യം പറഞ്ഞത്.

‘കാര്യൊക്കെ ശര്യന്നെ.. ഡേവീസേട്ടന്‍ മ്മടെ കഞ്ഞികുടി മുട്ടിക്കണ കാര്യണ് പറേണെ..’

‘ന്റെ കൊച്ചപ്പാ... ഒന്നൂല്ലെങ്കിലും മ്മള് സത്യക്രിസ്ത്യാനികളല്ലേ.. നെനക്ക് ന്താന്ന് ച്ചാ ചെയ്യാം.... ആ മൊതലിന്റെ പരിപാടി എങ്ങന്യെങ്കിലും അവിട്ന്ന് അവസാനിപ്പിക്കണം..’

അങ്ങനെ ഡെയിലി ഒരു പൈന്റും ചില്വാനവുമെന്ന വാഗ്ദാനത്തില്‍ കൊച്ചപ്പന്‍ വീണു. ഇടിവെട്ടിന്റെ സെയിത്സ് അവിടെ നിര്‍ത്തി. തല്‍ക്കാലം പിന്‍വലിഞ്ഞെങ്കിലും ജനകോടികളുടെ ആശയും ആവേശവുമായ ഇടിവെട്ടും ചന്ദ്രേട്ടനും മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചുതുടങ്ങി. അങ്ങനെ പൂര്‍വ്വാധികം ശക്തിയോടെ ബാറിന്റെ മുന്നിലൂടെ പോകുന്ന പുളിഞ്ചേരിപ്പടി വഴിയിലെ ഈന്തന്‍ കുരിയാക്കുവിന്റെ പറമ്പിലെ പൊട്ടക്കുളത്തിന്റെ വക്കത്ത് പിന്നെയും തുടങ്ങിയത്.

ഈസ്റ്ററും പള്ളിപ്പെരുന്നാളുമാണ് വരുന്നത്. ഡേവീസേട്ടന്‍ ഇടിവെട്ടിനെ തളയ്ക്കാന്‍ മാര്‍ഗങ്ങളന്വേഷിച്ചു. ഇതിനകം തന്നെ സോളാറിന്റെ ആരോമലായി കഴിഞ്ഞിരുന്ന കൊച്ചപ്പനെ വിളിച്ചു കാര്യങ്ങള്‍ ഡിസ്കസ് ചെയ്തു. സംഗതി അന്ന് ഒടക്കിപ്പിരിഞ്ഞതാണെങ്കിലും ചന്ദ്രേട്ടന്റെ വാറ്റിന്റെ ഏഴയലത്ത് വരില്ല ഡേവീസേട്ടന്റെ പൈന്റെന്ന് കൊച്ചപ്പനറിയാം. ഇടയ്ക്കൊക്കെ ഒളിച്ചാണെങ്കിലും ഇടിവെട്ടിന്റെവിടുന്ന് കൊച്ചപ്പന്‍ പലപ്പോഴും കവറ് വാങ്ങി അരയില്‍ വെച്ച് വീട്ടില്‍കൊണ്ടുപോയി വീശാറുണ്ട്.
‘ഡേവീസേട്ടന്‍ ഒരു കാര്യം ചെയ്യ്. അവന് ഇബടെ വല്ല പണിയും കൊടുക്ക്. അപ്പൊ പിന്നെ അവന്‍ അതിനു പൂവ്വില്ലല്ലോ..’
ഡേവീസേട്ടന്‍ അതിനു ഏന്നേ തയ്യാറായിരുന്നു. പക്ഷേ ഇടിവെട്ട് ഒന്ന് അടുക്കണ്ടേ. ഒടുവില്‍ ഇടിവെട്ടിനെ വശത്താക്കി ബാറില്‍ കൊണ്ടുവരാമെന്ന് കൊച്ചപ്പന്‍ ഡേവീസേട്ടനു വാക്കുകൊടുത്തു.

അന്ന് ഒരു ദുഖവെള്ളിയാഴ്ചയായിരുന്നു. ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെ പള്ളിയില്‍ കുരിശിന്റെ വഴിയുള്ളതുകൊണ്ട് വര്‍ഷത്തില്‍ അന്ന് മാത്രം ഡേവീസേട്ടന്‍ ആ സമയത്ത് സോളാര്‍ അടച്ചിടും. ആ ദുഖവെള്ളിയാഴ്ച നാലുമണിക്ക് ഇടിവെട്ടിനെ ബാറില്‍ കയറ്റി സല്‍ക്കരിക്കാമെന്നു കൊച്ചപ്പന്‍ പ്ലാനിട്ടു. കാലിയായ ബാറില്‍ ടച്ചിങ്സിനു അച്ചാറുമായി കൊച്ചപ്പന്‍ ഇടിവെട്ടിനെ സ്പെഷല്‍ റൂമില്‍ കയറ്റി. ഗ്ലാസുകള്‍ ചട പടേന്ന് ഒഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചപ്പനും അത്യാവശ്യം സേവിച്ചു. ഒടുവില്‍ വാസു ഫിറ്റായെന്ന് കൊച്ചപ്പനു തോന്നിയ നിമിഷം വിഷയം എടുത്തിട്ടു.

‘വാസുവേ.. മ്മക്ക് ഇബടെ തന്നെ കൂട്യാലോ വാസ്വേ ..’
‘ന്തൂട്ടണ്ട ശവ്യേ നീയ്യ് പറേണേ ? ‘
‘ഡേവീസേട്ടനോട് പറഞ്ഞ് ട്ട് നെനക്ക് ഞാന്‍ ഇബടെ ഒരു പണി ശര്യാക്കിത്തരാം .. എന്തേ..’
‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്നത് ..’ ഇടിവെട്ട് ചീറി.
‘ഹെയ്.. ഇതെന്താ വാസ്വേ ഇത്.. ദേ... ഇങ്ങട് നോക്ക്യേ...ഇബടയ്ക്ക്.. ’
‘ന്തൂട്ട് നോക്ക് ണു.. നീയ്യ് മിണ്ടരിക്ക്യോ..ച.. ച.. ചന്ദ്രേട്ടന്‍ യ്ക്ക് ദൈവാണ്ടാ #$3%$ മോനെ..‘ വാസു വികാരാധീനനായി. എഴുന്നേറ്റു നിന്നു.
പിന്നെ അച്ചാറ് തൊട്ട് നാവില്‍ വെച്ച് ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് മോന്തി .
‘ഫ് ര്‍ ര്‍ .. ...എന്നെ വെലക്കെടുക്കാന്ന് വെച്ചോടാ.. %%$$ ..’ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു.
കുരിശിന്റെ വഴിയും കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന നേരം. റോഡില്‍ തിരക്കും.
വേച്ച് വേച്ച് വാസു ബാറിന്റെ മുന്നില്‍ നിന്നു.
പിന്നെ ഡേവീസേട്ടനെയും കൊച്ചപ്പനെയുമൊക്കെ പൂരത്തെറി.
കൊച്ചപ്പന്‍ എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ അടുത്തുള്ള പോസ്റ്റില്‍ സെബസ്ത്യാനോസ് പുണ്യാളന്‍ നില്‍ക്കുന്ന പോലെ കാല് പിന്നിലേക്ക് പിണച്ചുവെച്ച് നിന്നു.
കുറച്ച് നേരത്തെ തെറിവിളിക്ക് ശേഷം വാസു കൊച്ചപ്പന്റെ അടുത്തെത്തി .
വാസുവിന്റെ ദേഹത്ത് ബാക്കിയുണ്ടായിരുന്ന മുണ്ട് അഴിച്ചെടുത്ത് കൊച്ചപ്പന്റെ മുഖത്തേക്കെറിഞ്ഞു.
പിന്നെ ബാറിന്റെ മുന്നില്‍ ‘ഒരു മുറൈ വന്ത് പാറായാ..’ തുടങ്ങി. ഇടിവെട്ട് ഇത്ര നന്നായി നടരാജ ബ്രേയ്ക്ഡാന്‍സ് കളിക്കുമെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയത് അന്നുമാത്രമാണ്.

ഈ സമയത്താണ് സ്ഥലം എസ്.ഐ. മിന്നല്‍ രാജപ്പന്‍ ജീപ്പുമായി അവിടെയെത്തിയത്. മിന്നലിനെ കണ്ടതും ഇടിവെട്ട് വാസു ബോധമണ്ടലത്തില്‍ തിരിച്ചെത്തി. മിന്നല്‍ ജീപ്പില്‍ നിന്നിറങ്ങിയതും വാസു നാലു വശവും നോക്കി.
ഓടിയിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായ വാസു നേരെ അടുത്ത തെങ്ങില്‍ പിടിച്ച് കയറി. ചെറിയ തെങ്ങായിരുന്നു. പെട്ടന്ന് തന്നെ അതിന്റെ മുകളിലെത്തി.
താഴെ പോലീസുകാര്‍. മുകളില്‍ ഇടിവെട്ട്.
ഭാഗ്യത്തിനു പോലീസുകാര്‍ക്ക് തെങ്ങുകയറ്റമറിയില്ലായിരുന്നു. ഒന്നു രണ്ടു വട്ടം കല്ലെടുത്തെറിഞ്ഞു. നോ രക്ഷ.

‘താഴെ ഇറങ്ങടാ.. %$ മോനെ..’ മിന്നല്‍ താഴെ നിന്ന് വിളിച്ചു.
‘ഉവ്വ് ..’
‘നീ താഴെ ഇറങ്ങണാ . അതാ ഞാന്‍ കേറി വരണാ..’
‘ഉവ്വൊവ്വെ..’ വാസു തെങ്ങിന്റെ കൊരലിലിരുന്ന് ഒരു ഉണങ്ങിയ കൊഴിഞ്ചില്‍ എടുത്ത് താഴേക്കെറിഞ്ഞു. തേങ്ങയില്ലാത്ത ഒരു ചമ്പത്തെങ്ങായിരുന്നു അത്.

‘ഫു.. .. മോനെ.. ധൈര്യണ്ടങ്ങെ താഴ്ത്ത് എറങ്ങടാ.. ‘ കൊച്ചപ്പന്‍ ടെലിഫോണ്‍ പോസ്റ്റില്‍ ചാരി നിന്ന് ആടി.
കുരിശിന്റെ വഴി കഴിഞ്ഞ് പോകുന്ന ഭക്ത ജനങ്ങള്‍ തെങ്ങിനു ചുറ്റും കൂടി. സംഗതി പന്തിയല്ലെന്ന് മിന്നലിന്റെ തലയിലോടി. നാണം കെടുന്നതിനുമുന്‍പ് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് മനസ്സിലായി.
‘നെന്നെ ഞാന്‍ എട്ത്തോളാം...’
‘ഒവ്വ്...’
പോകുന്ന പോക്കില്‍ പോസ്റ്റില്‍ ചാരിനിന്നിരുന്ന കൊച്ചപ്പനെയെടുത്ത് ജീപ്പിലിടാന്‍ മിന്നല്‍ മറന്നില്ല. ഒരു ‘നല്ലേ മാതാവ് ‘ പാടി കൊച്ചപ്പന്‍ സ്റ്റേഷനിലേക്ക്..
രണ്ട് കുപ്പി ഹണീബിയും ആവിയായി പോയ വാസു അധികം വൈകാതെ താഴെയിറങ്ങി ചന്ദ്രേട്ടന്റെ അടുത്തേക്കും മടങ്ങി.
ഹണീബിയുമായി സ്റ്റേഷനില്‍ പോയ കൊച്ചപ്പന്റെ ഹണീമൂണ്‍ ഡേവീസേട്ടന്‍ പിറ്റേന്ന് കാലത്ത് ചെല്ലുന്നതുവരെ തുടര്‍ന്നു.

Tuesday, October 09, 2007

ലങ്കാദഹനം - 2

കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന തത്വത്തെ മുറുകെ പിടിച്ചുകൊണ്ട് മി.പെരേര ദുബായ് വഴി കുവൈറ്റിലേക്ക് പുറപ്പെടുന്ന ശകടത്തിലേക്ക് കയറാനായി നടന്നു. പിന്നാലെ ഞാനും.
നേവിയിലായതുകൊണ്ട് ഇടയ്ക്കിടെ പല കപ്പലുകളിലും കയറാറുണ്ടെന്നും അവിടെ നടക്കുന്ന വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ മറ്റു ചില വിശേഷങ്ങളും മി. പെരേര ഇടമുറിയാതെ ഉരുവിട്ടുകൊണ്ടിരുന്നു. ഏതായാലും മി.പെരേര ഒരു സംഭവം തന്നെ എന്ന് എനിക്ക് തോന്നി.

ശകടത്തില്‍ കയറുന്നതിനു മുമ്പുള്ള അടുത്ത കാത്തിരിപ്പു മുറിയില്‍ പ്രവേശിച്ച് ഞങ്ങള്‍ ഇരിപ്പായി. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോളാണ് തൊട്ടപ്പുറത്തിരുന്ന ഒരുത്തന്‍ നല്ല കൂര്‍ക്കം വലി. കണ്ടിട്ട് ഒരു തെലുങ്കനാണെന്ന് തോന്നുന്നു. മുറുക്കിയിട്ട് വായില്‍ നിന്നും ചെറിയൊരു ഭാരതപ്പുഴ ഒലിച്ചിറങ്ങുന്നു.

ഉറക്കത്തിന്റെ ശക്തി മെല്ലെ കൂടിക്കൂടി കൂര്‍ക്കം വലിയുടെ ശബ്ദം ഒരു തരം വൃത്തികെട്ട സ്വരമായി മാറിക്കൊണ്ടിരുന്നു. ഞാന്‍ മി.പെരേരയെ നോക്കി.

മി.പെരേരയും അസ്വസ്ഥനാണ്. മി.പെരേര ഇടയ്ക്കിടെ തെലുങ്കന്റെ മുഖത്തേക്കു നോക്കും. പിന്നെ തലചൊറിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ... അവിടെ നിന്നും എഴുന്നേറ്റാല്‍ പിന്നെ ഫ്ലൈറ്റില്‍ കയറുന്നതുവരെ നില്‍ക്കണം. യാത്രക്കാര്‍ പലരും അവിടെ പല പോസിലുമായി നില്ക്കുകയാണ്. ശകടം എപ്പോള്‍ പുറപ്പെടുമെന്ന് ആര്‍ക്കും വലിയ രൂപമില്ല.
അല്പം കഴിഞ്ഞ് മി.പെരേര എന്റെ മുഖത്ത് നോക്കി. പിന്നെ കൂര്‍ക്കം വലിക്കാരന്റെ മുഖത്തേക്കും. അയാള് ഒന്ന് മനസ്സമാധാനത്തോടെ ഒന്ന് കൂര്‍ക്കം വലിച്ചുറങ്ങട്ടെയെന്നായിരുന്നു എനിക്ക്. ഈ തിരക്കിനിടയില്‍ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ..

പെട്ടന്നാണ് മി.പെരേര കൂര്‍ക്കം വലിക്കാരന്റെ കയ്യില്‍ ഒരു ചെറിയ തട്ടുകൊടുത്തത്.

‘ഫ് ര്‍.. ര്‍..’ എന്ന സ്വരം മാത്രമേ ഞാന്‍ കേട്ടുള്ളൂ. മി. പെരേരയുടെ മുഖത്തും കോട്ടിലും കൂര്‍ക്കം വലിക്കാരന്റെ മോഡേണ്‍ ആര്‍ട്ട്.

പിന്നെ, കൂര്‍ക്കം വലിക്കാരന്‍ ഒരു സോറി പറഞ്ഞ് മി.പെരേരയെയും കൂട്ടി ബാത്ത് റൂമന്വേഷിച്ച് പോകുന്നതു കണ്ടു. മോഡേണ്‍ ആര്‍ട്ടെല്ലാം കഴുകി കളഞ്ഞ് മി. പെരേരയും കൂര്‍ക്കം വലിക്കാരനും ചിരിച്ചുല്ലസിച്ച് തിരിച്ചു വന്നിരിക്കുന്നത് കണ്ടപ്പോള്‍ കൂര്ക്കം വലിക്കാരനൊരു സല്യൂട്ട് കൊടുക്കണമെന്ന് തോന്നി.

പുറപ്പെടുന്ന സമയത്തിനു അഞ്ചു മിനിട്ട് മുമ്പ് യാത്രക്കാരെയെല്ലാം ഫ്ലൈറ്റില്‍ കയറ്റി പറക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഒരു മെനു കാര്‍ഡ് , സാരിയുടുത്ത ശ്രീലങ്കന്‍ എയര്‍ഹോസ്റ്റസുമാര്‍ വിതരണം ചെയ്തു. ഒരു തുള്ളി ദാഹജലം പോലും തരാതെ ഇങ്ങനെ ഒരു മെനു കാര്‍ഡ് എന്തിനാണാവോ ?

അടുത്തിരിക്കുന്ന മി.പെരേര സ്പിരിറ്റ് മെനു കാണാപ്പാഠം പഠിക്കുന്നതിന്റെ തിരക്കിലാണ്. റം വേണോ വിസ്കി വേണോ ബ്രാന്‍ഡി വേണോ എന്ന സന്ദേഹത്തില്‍ മി.പെരേര മെനു കാര്‍ഡില്‍ വിരല്‍ അങ്ങോട്ടുമിങ്ങോട്ടും കറക്കിക്കൊണ്ടിരിക്കുന്നു. എയര്‍ ഹോസ്റ്റസ് കുപ്പിപ്പെട്ടിയും പ്രമാണവുമായി വന്നപ്പോഴും മി. പെരേര മെനുവില്‍ തന്നെ കണ്ണോടിക്കുകയായിരുന്നു.
‘വാട്ട് യു ലൈക് ടു ഡ്രിങ്ക്...?’
‘വിസ്കി..’ പെരേര ഉറപ്പിച്ചു.
‘വിത് ഐസ് / സോഡ / വാട്ടര്‍ ?’
‘വാട്ടര്‍..കാന്‍ ഐ ഹാവ് വണ്‍ മോര്‍ പ്ലീസ്..’
മി. പെരേര രണ്ട് ഗ്ലാസ് നിറച്ച് വിസ്കി വാങ്ങി.
അടുത്തത് എന്റെ ഊഴം. ഹോട്ട് ആയി എന്തെങ്കിലും കഴിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും അവര്‍ കൊണ്ടുവന്നിരിക്കുന്ന ബ്രാന്ഡുകള്‍ എനിക്ക് പരിചയമില്ലാത്തതുകൊണ്ടും വൈറ്റ് വൈന്‍ മതിയെന്ന് പറഞ്ഞു. ഈ കുപ്പിപ്പെട്ടിയില്‍ ആ സാധനമില്ലെന്നും കുറച്ചു കഴിഞ്ഞ് കൊണ്ടു തരാമെന്നും പറഞ്ഞ് ടി എയര്‍ ഹോസറ്റസ് അടുത്ത ഇരയുടെ അടുത്തേക്ക് നീങ്ങി. ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും ചോദിക്കാമായിരുന്നുവെന്ന പിന്നിടാണ് ബോധോദയമുണ്ടായത്. ഇനി ചിലപ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തിന്റെ പേരില്‍ വൈറ്റ് വൈന്‍ തന്നില്ലെങ്കിലോ ?
ഏതായാലും കാത്തിരിക്കുക തന്നെ.
മി. പെരേര തനിക്ക് കിട്ടിയ വിഹിതത്തില് നിന്നും‍ ഒരു ഗ്ലാസ് ലായനി കുറെശ്ശെ കടിച്ചിറക്കുന്നുണ്ടായിരുന്നു.
‘ഇത് ലോക്കല്‍ ബ്രാന്‍ഡാണെന്നു തോന്നുന്നു..’
‘അതെന്തേ ?’
‘പട്ടച്ചാരായത്തില്‍ കളര്‍ ചേര്‍ത്ത ടേസ്റ്റ്..’
ഇത് നേരത്തെ അറിയാവുന്നതുകൊണ്ടല്ലേ ഞാന്‍ വൈറ്റ് വൈന്‍ ചോദിച്ചതെന്ന് പറയണമെന്നുണ്ടായിരുന്നു. ഏതായാലും ഒരാളെ നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ലല്ലോ. അതും ഈ വക ലായനികളൊക്കെ നിരോധിച്ചിട്ടുള്ള കുവൈറ്റ് പോലൊരു രാജ്യത്തേക്ക് പോകുമ്പോള്‍..
മി. പെരേര ഒറ്റ വലിക്ക് ആ ഗ്ലാസ് കഴിച്ച് തീര്‍ത്ത് ജഗതി സ്റ്റൈലില്‍ മുഖമൊന്ന് വക്രിച്ചു.
പിന്നെ അടുത്ത ഗ്ലാസെടുത്ത് മുകളിലേക്ക് മെല്ലെ ഉയര്‍ത്തി.
ഞാന്‍ മി. പെരേരയെ ഒന്ന് നോക്കി.
ഇയാളെന്താ വല്ല കുര്‍ബാന ചെല്ലാനുള്ള പരിപാടിയാണോ ? അതോ ഈ പാനപാത്രം എന്നില്‍ നിന്നകറ്റേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണോ ?
അയാളുടെ പ്രാര്‍ത്ഥന കേട്ടതുകൊണ്ടാണോ എന്തോ ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു.
ഒപ്പം മി.പെരേരയുടെ ഗ്ലാസും. നല്ല ഉന്നം .. ഗ്ലാസ് നേരെ എന്റെ ഷര്‍ട്ടിലേക്ക് ..
ശെ.. . ഷര്‍ട്ടിന്റെ ഒരു വശം മുഴുവന്‍ പെരേരയുടെ വിസ്കി പരന്നു .
ഒരു സോറി പോലും പറയാതെ മി. പെരേര എയര്‍ ഹോസ്റ്റസിനോട് അടുത്ത ഗ്ലാസ് ചോദിച്ചു വാങ്ങുന്നു. എന്തു ചെയ്യാം മി.പെരേരയ്ക്ക് എന്നേക്കാള്‍ പ്രായമായിപ്പോയില്ലേ.. കശ്മലന്‍ !!
എയര്‍ ഹോസ്റ്റസ് വന്നപ്പോള്‍ എന്റെ വിഹിതത്തെ കുറിച്ച് ഞാനൊന്ന് ചോദിച്ചു. ടി. എയര്‍ ഹോസ്റ്റസ് എന്നെയും എന്റെ ഹോള്‍ഡറിലിരുന്ന മി.പെരേരയുടെ കാലിയായ ഗ്ലാസിലേക്ക് ഒന്ന് നോക്കി തിരിച്ചു പോയി.
പിന്നീട് ശാപ്പാടുമാ‍യി വന്നത് വേറൊരു എയര്‍ ഹോസ്റ്റസാ‍യിരുന്നതുകൊണ്ട് എന്റെ വൈറ്റ് വൈന്‍ സ്വാഹ.

ശാപ്പാട് കഴിഞ്ഞ് മി.പെരേര ഒരു സൈഡ് പിടിച്ച് കിടന്നുറങ്ങി. അടുത്ത തവണയെങ്കിലും ഒരു വൈറ്റ് വൈന്‍ നാട്ടില്‍ പോയി അടിക്കാമെന്ന ആഗ്രഹവും മനസ്സിലിട്ട് ഞാനും.

നീണ്ട ഒരു യാത്രയ്ക്ക് ശേഷം കുവൈറ്റില്‍ ഫ്ലൈറ്റിറങ്ങി.
എമിഗ്രേഷനും കഴിഞ്ഞ് ലഗ്ഗേജ് എടുത്ത് കസ്റ്റംസ് ക്ലിയറന്‍സ് ഏരിയയില്‍ അന്ന് പതിവില്ലാത്ത വിധം ചെക്കിങ്ങ്. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന മി.പെരേര കസ്റ്റം ക്ലിയറന്‍സ് കഴിഞ്ഞ് കൂളായി കടന്നു പോയി.
എന്റെ അടുത്തെത്തിയപ്പോള്‍ കസ്റ്റംസ് ഓഫീസര്‍ , ഒരു കാട്ടറബി ഒന്ന് നോക്കി. പിന്നെ കുറച്ചു കൂടി അടുത്തു വന്നു. മൂക്കൊന്ന് വിറപ്പിച്ചു.
‘യു ഡ്രിങ്ക് വിസ്കി..’
ഒരു നിമിഷം ഞാന്‍ പകച്ചു.
‘നൊ..’
‘ഡോണ്ട് ഫൂള്‍ മി.. ഓപ്പണ്‍ യുവര്‍ ലഗേജ്..’ കാട്ടറബി അലറി.
അയാളുടെ മുഖം ചുവന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞ് അയാളെ മനസ്സിലാക്കുന്നത് ശരിയല്ലെന്ന് മനസ്സിലായി.
എന്റെ ഒരേ ഒരു പെട്ടി തുറന്ന് എല്ലാം അയാള്‍ വലിച്ചിട്ടു.
അവസാനം ഗോവക്കാരന്‍ സുഹൃത്തിനു കൊടുക്കേണ്ട ടെല്‍മിസാറ്റ് എന്ന ഗുളികയുടെ പൊതി അയാള്‍ എടുത്തു. 200 ഓളം ടാബ്ലറ്റ് ഉണ്ടായിരുന്നു അതില്‍. തിരിച്ചും മറിച്ചും നോക്കി.
‘ഡു യു യൂസ് മേരിജോണ്‍..? ‘
ദൈവമേ.. ഏതു മേരിജോണിന്റെ കാര്യമാണ് ഇയാള്‍ പറയുന്നത്. രണ്ടു മേരി ജോണുമാരെയാണ് ജീവിതത്തില്‍ എനിക്കറിയാവുന്നത്. ഒന്ന് പുളിഞ്ചേരിപ്പടിയില്‍ കൊപ്രവെട്ടു നടത്തുന്ന പഞ്ചായത്ത് മെമ്പര്‍ പത്തന്‍പത് വയസ്സ് പ്രായമുള്ള മേരിജോണ്‍. മറ്റൊന്ന് കോലുക്കല്‍ പാലത്തിനടുത്ത് താമസിക്കുന്ന ചട്ടുകാലി മേരിജോണ്‍. ഇവരെയൊക്കെ ഈ കാട്ടറബി എങ്ങനെ അറിയും ? ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ സത്യമായിട്ടും വേറൊരു ബന്ധവുമില്ല.
‘നൊ ..’
‘കം വിത് മി. ..’ എന്റെ പാസ്പോര്‍ട്ടും ഗുളികകളുമായി അയാള്‍ നടന്നു. പിന്നാലെ ഞാനും.
കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന്റെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പുറത്ത് ഇരുന്നിരുന്ന മറ്റൊരു അറബിയോട് ഇയാള്‍ എന്തൊക്കെയോ അറബിയില്‍ പറഞ്ഞു.
അതിനിടയില്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എന്നെ കാത്ത് കമ്പനി ഡ്രൈവര്‍ രാജുവാണ്. മറുപടി പറയാനൊരുങ്ങവേ കാട്ടറബി എന്റെ മൊബൈല്‍ പിടിച്ചു വാങ്ങി ലൈന്‍ റിജെക്റ്റ് ചെയ്തു. എന്റെ ലഗ്ഗേജ് അവിടെ ഒരു സൈഡിലേക്ക് മാറ്റി വെച്ചു. എന്നിട്ട് അറബിയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു. തിരിച്ചു പറയാന്‍ അറിയില്ലെങ്കിലും പറഞ്ഞതില്‍ ചിലത് മനസ്സിലായി.

ഞാന്‍ കൊണ്ടുവന്നിരിക്കുന്ന ടാബ്ലറ്റ് എന്തോ മയക്കുമരുന്നാണെന്ന് സംശയമുണ്ട്. മുദീര്‍ (സൂപ്രണ്ട് ) പുറത്തെവിടെയോ പോയിരിക്കുകയാണ്. അയാള്‍ വന്നിട്ടേ എന്തെങ്കിലും തീരുമാനമെടുക്കു. എന്നെ ജയിലില്‍ അടക്കണോ അതോ വന്ന ഫ്ലൈറ്റില്‍ തന്നെ തിരിച്ച് വിടണോ എന്നൊക്കെ അയാള്‍ തീരുമാനിക്കും. റമദാന്‍ മാസത്തില്‍ കള്ളും കുടിച്ച് കേറി വന്നിരിക്കുന്നു.

പ്രിസ്ക്രിബ്ഷന്‍ ഉള്ള മരുന്നാണ്, സഹയാത്രികന്‍ കള്ള് എന്റെ മേല്‍ കമഴ്ത്തിയതാണെന്നൊക്കെ പറഞ്ഞു നോക്കി. കാട്ടറബിക്ക് യാതൊരു കുലുക്കവുമില്ല. അയാള്‍ കൂടുതല്‍ രോഷാകുലനാവുകയാണ് ചെയ്തത്.

പിന്നെ എന്റെ കയ്യില്‍ പിടിച്ച് അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലടി ചതുരമുള്ള ഒരു മുറി. മുനിഞ്ഞു കത്തുന്ന ഒരു 40 വാട്ടിന്റെ ബള്‍ബ്. പിന്നെയൊരു ശൂന്യത.
എന്നെ അതിനുള്ളിലാക്കി അയാള്‍ വാതില്‍ അടച്ചു. എന്തോ അറബിയില്‍ പറഞ്ഞ് അയാള്‍ പോയി.

കാര്യം മനസ്സിലായി. പ്രശ്നം ഗുരുതരമാണ്.

ഈ കാട്ടറബി, ഞാന്‍ അടിച്ച് പൂസായി വന്നുവെന്ന് വിചാരിച്ച് തലക്ക് പിടിച്ചിരിക്കുകയാണ്. നാളത്തെ പത്രത്തില്‍, കുറെ ഗുളികകള്‍ മുന്നില്‍ വെച്ച് വിഐപി വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന എന്റെ കളര്‍ ഫോട്ടൊ ഞാന്‍ മനസ്സില്‍ കണ്ടു. മാനം പോകുന്നതിനേക്കാള്‍ ആ ടാബ് ലറ്റുകളില്‍ വല്ല ഡ്രഗ്ഗിന്റെ അംശവും ഈ ചെകുത്താന്മാര്‍ കണ്ടുപിടിച്ചാല്‍ പിന്നെ... . അതോ ഇനി വേറെ വല്ലവരും കൊണ്ടുവന്ന ഡ്രഗ് എന്റെ തലയില്‍ കെട്ടിവെക്കുമോ ...സംശയങ്ങളും ആധികളും എന്നെ മൂടിക്കൊണ്ടിരുന്നു.

അടുത്ത മുറിയിലിരുന്ന് എന്റെ മൊബൈല്‍ ശബ്ദിക്കുന്നു.
റിംഗ് ടോണനുസരിച്ച് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്.
ഞാന്‍ ചെവി പൊത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു.
കണ്ടു കൊതിതീരാത്ത എട്ടുമാസം പ്രായമായ എന്റെ മകള്‍ മുന്നില്‍ നിന്ന് ‘പപ്പ’ യെന്ന് വിളിച്ചു. മൂത്ത മകള്‍ കഴുത്തിലൂടെ കയ്യിട്ട് പുറത്ത് കയറി. ഭാര്യയുടെ വിരലുകള്‍ ‍ എന്റെ വിവാഹ മോതിരത്തെ വെറുതെ തിരിച്ചു കൊണ്ടിരുന്നു.
എന്റെ കണ്ണടയില്‍ നാല്‍പ്പതു വാട്ടിന്റെ ബള്‍ബുകള്‍ ഒഴുകിയിറങ്ങി.

ആദ്യമായാണിങ്ങനെ.. അതും ചെയ്യാത്ത കുറ്റങ്ങള്‍ക്ക്, അറിയാത്ത തെറ്റുകള്‍ക്ക് ..ഇങ്ങനെ ഒരു ശിക്ഷ. കര്‍മ്മഫലമായിരിക്കും. സ്വയം ആശ്വസിച്ചു.
എന്റെ മൊബൈല്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ..

ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുകാണും അടുത്ത മുറിയില്‍ ആളനക്കം. വേറേ ഏതൊ അറബിയാണ്. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു അറബിയും ... അവര്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു അറബി വന്ന് എന്റെ വാതില്‍ തുറന്നു.
എന്നെയും കൊണ്ട് അടുത്ത മുറിയിലേക്ക്.

അവിടെ സൂപ്രണ്ടിന്റെ കസേരയില്‍ മറ്റൊരു അറബി. കണ്ടപ്പോള്‍ മാന്യനാണെന്ന് തോന്നി. എന്നോട് അവിടത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
പിന്നെ, എല്ലാം ചോദിച്ച് മനസ്സിലാക്കി. എന്റെ ബാഗിലിരുന്ന മരുന്നിന്റെ പ്രിസ്ക്രിപ്ഷന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു. പ്രിസ്ക്രിപ്ഷന്‍ വായിച്ചു നോക്കി.

എന്നെ ഇത്രയധികം ബുദ്ധിമുട്ടിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. നിസ്കാര സമയമായതുകൊണ്ട് എല്ലാവരും എന്നെ അവിടെ നിര്‍ത്തി പോയിരിക്കുകയായിരുന്നെന്നും എന്നെ അവിടെ മുറിയില്‍ പൂട്ടിയിട്ട അറബി ഒരു ‘പോഴ’നാണെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. ആ അരമണിക്കുര്‍ ഞാനനുഭവിച്ച വേദനയ്ക്ക് ഇതൊന്നും പകരമാവില്ലെങ്കിലും..

എന്റെ സാധനങ്ങളെല്ലാം അടുക്കി പെട്ടിയിലാക്കാന്‍ അദ്ദേഹം‍ സഹായിച്ചു. പാസ്പോര്‍ട്ടും മറ്റും തിരിച്ചു തന്നു. ട്രോളിയിലാക്കി പോകാന്‍ നേരം അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു
‘നെക്സ്റ്റ് ടൈം ഡോണ്ട് കം വിത്ത് മി.പെരേര..’
‘ഡണ്‍..’ ഞാനൊരു തംസ് അപ് കൊടുത്ത് പാര്‍കിങ് ഏരിയയിലേക്ക് നടന്നു.

വാല്‍ക്കഷണം. : മി. പെരേര തന്ന മൊബൈല്‍ നമ്പറ് മറ്റൊരു കാട്ടറബിയുടേതായിരുന്നു. മൂന്നാം തവണ വിളിച്ചപ്പോള്‍ അറബിയില്‍ എനിക്കറിയാത്ത പല തെറികളും ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലായി. എങ്കിലും ആ മേരിജോണ്‍ .. പിന്നീട് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ മേരി ജോണല്ല മാരിജുവാനയെന്ന മയക്കുമരുന്നാവാനേ സാധ്യതയുള്ളൂവെന്ന് മനസ്സ് പറഞ്ഞു.

Thursday, October 04, 2007

ലങ്കാദഹനം - 1

എയര്‍ ഇന്ത്യ , ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നീ ദേശീയ പക്ഷികളെ ഞാന്‍ അവഗണിച്ചുതുടങ്ങിയിട്ട് നാളേറേയായി. എന്നെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുകയെന്ന സിമ്പിള്‍ ഹമ്പിള്‍ സൊല്യൂഷന്‍ മാത്രമായിരുന്നില്ല ഇതിനു പിന്നില്‍.
ഈ ദേശീയ പക്ഷികളിലെ എയര്‍ ഹോസ്റ്റസുമാരുടെ മുടി‍ ഇത്രയധികം കറുത്തിരിക്കുന്നത് ഒറിജിനല്‍ ദേശീയ പക്ഷി(peacock ) യുടെ ബ്രാന്‍ഡ് അമ്പാ‍സിഡര്‍മാരായതുകൊണ്ടാണെന്ന വാസ്തവം , ഈയടുത്ത കാലത്ത് ബ്രഷും പിഞ്ഞാണവുമെടുത്ത് എന്റെ തലയില്‍ നിരങ്ങാനൊരുങ്ങിപ്പുറപ്പെട്ടപ്പോള്‍ മാത്രമാണ് എന്റെ ചെറിയ തലയില്‍ കയറിയത്. അതുമാത്രമോ, ഈ പക്ഷികള്‍ സമയ നിഷ്ഠ പാലിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഏഴു ദിവസത്തെ വെക്കേഷന്‍ നാട്ടിലെത്തി‍ മൂന്നും നാലും ദിവസമായി ചുരുക്കേണ്ടി വന്നത് രണ്ടു തവണയാണ്. അതുകൊണ്ടൊക്കെ തന്നെ മറ്റു പക്ഷികളെയാണ് ഇത്തവണത്തെ വെക്കേഷന്‍ യാത്രയ്ക്കും തെരെഞ്ഞെടുത്തത്.

വളരെ ശുഷ്കാന്തിയുള്ള ട്രാവല്‍ ഏജന്റായതുകൊണ്ട് എമിറേറ്റ്സ് എയര്‍ ലൈനില്‍ ഞാന്‍ ബുക്ക് ചെയ്ത ടിക്കറ്റ് പത്തുദിവസം മുമ്പു തന്നെ കാന്‍സല്‍ ചെയ്ത് കൃത്യസമയത്തു തന്നെ എന്നെ വിവരമറിയിച്ചിരുന്നു. അവസാ‍നം മറ്റൊരു ഏജന്റ് കനിഞ്ഞനുഗ്രഹിച്ചത് ശ്രീലങ്കന്‍ എയര്‍വേസിന്റെ ശകടം. ഓണക്കാലമായതുകൊണ്ട് ഇതു തന്നെ കിട്ടിയത് ഭാഗ്യമെന്ന ഏജന്റിന്റെ സമാധാനിപ്പിക്കല്‍ കൊണ്ടു മാത്രമാണ് ഈ എയര്‍ലൈനില്‍ തന്നെ പോകാമെന്ന്‍ വിചാരിച്ചത്. കൊച്ചിക്കുള്ള ശ്രീ‍ലങ്കന്‍ പക്ഷിയിലെ യാത്ര വളരെ സൌകര്യപ്രദമായിരുന്നു. ട്രാന്‍സിറ്റ് സമയം ഒന്നരമണിക്കൂറായതിനാല്‍ അധികം ബോറടിക്കേണ്ടി വന്നില്ല.

ഉദ്വേഗജനകമായ ഒരു വെക്കേഷന്‍ അവസാനിപ്പിച്ച് ,തിരിച്ചുള്ള യാത്രയ്ക്ക് പെട്ടിയൊതുക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . എന്റെ പെട്ടിക്ക് കൊണ്ടുപോകാവുന്ന ലിമിറ്റിനേക്കാള്‍ ഭാരം. പിന്നെ എല്ലാം ഇറക്കി താഴെ വെച്ച് ഓഡിറ്റിങ് തുടങ്ങി. ആദ്യം എന്റെ ഡ്രസ്സുകള്‍ ഓരോരോ കവറില്‍ ആക്കി മെല്ലെ പെട്ടിയില്‍. നാട്ടില്‍ നിന്നും എത്തിയാല്‍ പലര്‍ക്കുമായി വീതം വെക്കേണ്ട 3കിലോ ചിപ്സ്, 4 കിലോ ഹലുവ എന്നീ റേഷന്‍ സാധങ്ങളും. കൂടെ കുവൈറ്റിലെ ഗോവക്കാരനായ സുഹൃത്ത് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞ ടെല്‍മിസാറ്റ് എന്ന പ്രഷറിനുള്ള 200 ഗുളികനും. പിന്നെയുള്ളത് സുഹൃത്തിന്റെ അമ്മായ്മ്മ കൊടുത്തയച്ച ഒരു പൊതിയാണ്. അതു മാത്രം എടുത്ത് തൂക്കി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് .. ഇവനാണ് വില്ലന്‍. 12 കിലോ. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്. കുറച്ച് പലഹാരമാണെന്നാണ് അമ്മായിയമ്മ പൊതി കൊണ്ടുവരുമ്പോള്‍ പറഞ്ഞത്. പലഹാരത്തിന് ഇത്ര ഭാരമോ ?
അതോ വല്ല ബോംബോ മറ്റോ ആണോ. കാലം അത്ര പന്തിയല്ല. എന്റെ സമയവും.
എന്തായാലും ഒന്ന് തുറന്ന് നോക്കാം.

നല്ല അടച്ചൊറപ്പുള്ള പൊതി. 50 മാക്രോണിന്റെ പൊതി എന്റെ വില്‍കിന്‍സണ്‍ ബ്ലേഡിനു മുന്നില്‍ തലകുത്തി.

പത്ത് അവലോസുണ്ടയും മൂന്നു ‍ തേങ്ങയും.

സ്വന്തം മകള്‍ക്ക് കൊടുത്തയക്കുന്നത് അല്പം കനത്തിലായിക്കോട്ടെയെന്ന് കരുതിയാവും.....

പൊതിച്ച തേങ്ങയായത് എന്റെ ഭാഗ്യം. അല്ലെങ്കില്‍ കുവൈറ്റില്‍ പൊതിക്കാത്ത , മുഴുവന്‍ തേങ്ങ അന്വേഷിച്ച് ഞാന്‍ വലഞ്ഞേനെ. തേങ്ങ മാറ്റി വെച്ച് ബാക്കിയെല്ലാം ഒരു വിധത്തില്‍ പൊതിഞ്ഞു വെച്ചു. പിന്നെ മുഴുവന്‍ പുസ്തകങ്ങളാണ്. ഓരോ പുസ്തകവും ഇട്ട് ഭാരം നോക്കും. മുപ്പതായപ്പോള്‍ നിര്‍ത്തി. അതില്‍ കൂടുതല്‍ ഇട്ടാല്‍ ചിലപ്പോള്‍ എക്സസ് ബാഗേജ് കൊടുത്ത് അയല്‍ക്കാരുടെ എയര്‍ക്രാഫ്റ്റിനെ പരിപോഷിപ്പിക്കേണ്ടി വരും. എല്ലാം ഒതുക്കി മിച്ചം വന്ന തേങ്ങയുമായി കോവണിയിറങ്ങി താഴേയ്ക്ക് വന്നപ്പോള്‍ അമ്മയുടെ കമന്റ്
‘നീയെന്താ നട്ടപ്പാതിരയ്ക്ക് തെങ്ങുമ്മേ കയറാന്‍ പോയോ ? ‘

കാലത്ത് 7.50 നാണ് ശകടം യാത്ര ആരംഭിക്കുന്നത്. ലങ്ക വഴി ദുബായ് വഴി കുവൈറ്റ്. ഇടയ്ക്ക് ലങ്കയില്‍ 5 മണിക്കൂര്‍ സുഖവാസം. ആ അഞ്ചുമണിക്കൂര്‍ സുഖവാസം എന്ന ഓഫറും ലങ്കവഴി പോകാമെന്ന് വെച്ചതിനു ആക്കം കൂട്ടി. ട്രാന്‍സിറ്റില്‍ ഫ്രീ മസ്സാജ്, ബുഫെ ലഞ്ച് അങ്ങനെ പലതും.

പുലര്‍ച്ച നാലര മണിക്ക് തന്നെ സ്ഥിരം തേരാളി, ലോനപ്പേട്ടന്‍ തന്റെ അമ്പാസഡര്‍ ശകടവുമായി വീട്ടുമുറ്റത്ത്. ദൈവത്തിന്റ് സ്വന്തം നാട്ടിലെ റോഡായതുകൊണ്ട് ഒന്നരമണിക്കുറുകൊണ്ട് എയര്‍പോട്ടെത്തേണ്ടത് രണ്ടേ കാല്‍ മണിക്കൂറായിട്ടും അങ്കമാലിയെത്തിക്കാന്‍‍ ലോനപ്പേട്ടന്‍ പാടുപെട്ടു. ഗുരുവായൂരില്‍ നിന്നും കയറുമ്പോള്‍ കാസറ്റ് പ്ലെയറില്‍ ഇട്ട ‘രക്ഷകാ.. എന്റെ പാപ ഭാരമെല്ലാം.. ‘ എന്ന ഭക്തിഗാനം ലോനപ്പേട്ടന്‍ ഓരോ കുഴിയും വെട്ടിച്ച് എടുക്കുമ്പോഴും റിവൈന്റായി വന്ന് കൊടകര വരെ കൂടെയുണ്ടായിരുന്നു.

എമിഗ്രേഷന്‍ നൂലാമലകളൊക്കെ അല് കുല്ത്താക്കി ലോഞ്ചില്‍ വന്നിരുന്നപ്പോഴാണ് ഒരു ചെറിയ ഗ്രൂപ്പിനെ പരിചയപ്പെട്ടത്. ശ്രീലങ്കയിലേക്ക് വിനോദയാത്ര. ശ്രീലങ്കന്‍ ശകടം ഒരു ഓഫര്‍ കൊടുത്തിരുന്നു. പതിനായിരം രൂപക്ക് താമസവും തീറ്റയും കൊടുത്ത് നാലു ദിവസം കൊണ്ട് ലങ്ക മുഴുവന്‍ കറക്കി കൊണ്ടുവരുന്ന ഒരു പരിപാടി. അതിനു ടിക്കറ്റെടുത്ത ചിലരാണ്.. എല്ലാം മാരീഡ് ബാചിക്കുട്ടന്മാര്‍‍.

‘ചേട്ടാ, എന്താ ശ്രീലങ്ക തന്നെ തെരെഞ്ഞെടുത്തത് ? ‘
‘അവിടെ എന്തും ചീപ്പല്ലേ..’
‘എന്നാലും എല്‍.ടി.ടി.ഇ പ്രശ്നമൊക്കെ ഉള്ളപ്പോള്‍ ..’ എന്റെ ആധി മറച്ചുവെച്ചില്ല.
‘ഞങ്ങളെല്ലാം ബ്രോഡ് വേയിലെ കച്ചവടക്കാരാ.. ‘
അത് ശരി. എനിക്കതൊരു പുതിയ അറിവും കൂടിയായിരുന്നു.

എല്ലാവര്‍ക്കും ബ്രേക് ഫാസ്റ്റായി കേരള ഫുഡാണെന്ന് ഫ്ലൈറ്റില്‍ അറിയിപ്പ് വന്നു. കൊണ്ടുവന്നതോ, റവകൊണ്ടുള്ള ചൂടന്‍ ഇഡലിയും സാംബാറും. അകത്തേക്ക് പോയതിനേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് വരുമെന്ന ശങ്കയുള്ളതുകൊണ്ടാവാം ഒരു മരണവീടിന്റെ പ്രതീതിയായിരുന്നു പിന്നീട് ഫ്ലൈറ്റിനകം. നോണ്‍ സ്പീക്കിങ് ഫ്ലൈറ്റ്.

കൊളമ്പില്‍ ട്രാന്‍സിറ്റിലേക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് ഒരു ചെറിയ ക്യൂ.
ഇനി അഞ്ചു മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.. ക്യൂവെങ്കില്‍ ക്യൂ.

എന്തിനാണ് നില്ക്കുന്നതെന്നറിയില്ല. കൊച്ചിയില്‍ നിന്നു തന്നെ കുവൈറ്റ് വരെയുള്ള ബോര്‍ഡിങ് പാസ് കിട്ടിയതാണ്. എന്തായാലും ഞാനും നിന്നു. എം.ജി റോഡിലെ ട്രാഫിക്കിനേക്കാള്‍ ഭേദമാവുമല്ലോ.

രണ്ടു മിനിട്ടായിക്കാണും തൊട്ടുപിന്നില്‍ നിന്നും ആരുടേയോ വയറുകൊണ്ടൊരു ചെറിയൊരു തള്ള്. തിരിഞ്ഞു നോക്കി.
ഒരു മധ്യവയസ്കന്‍.
ചെറിയ ഒരു സ്യൂട്ട്കേസും കയ്യിലുണ്ട്. കോട്ടും സ്യൂട്ടുമിട്ട് തലയേക്കാള്‍ വലിയ കണ്ണാടിയും വെച്ച് നില്‍ക്കുന്നു. മലയാളി തന്നെ. ഒന്ന് പരിചയപ്പെട്ടാലോ..
‘ഹലോ..’
‘ഹലോ.’
‘എവിടേയ്ക്കാ ?’
‘കുവൈറ്റ്..’ ഓഹൊ. സേം പിച്ച്.
അപ്പോള്‍ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം.
‘ ഞാനും കുവൈറ്റിലേക്കാ.. എന്താ പേരു ?’
‘മിസ്റ്റര്‍ പെരേര..’ ആ പേരിനൊത്ത ഭാവം. കണ്ടിട്ട് ഒരു ഗ്രാന്‍ഡ് ജോസ് പ്രകാശ് ലുക് .
കുവൈറ്റ് നേവിയില്‍ 24 കൊല്ലമായി ജോലി. ഫോര്‍ട്ട് കൊച്ചി സ്വദേശം. ഭാര്യയും 2 കുട്ടികളും നാട്ടില്‍.
ടിക്കറ്റിലെ സീറ്റ് നമ്പര്‍ നോക്കി. 62 B . എന്റെത് 62 A. ആഹാ. തൊട്ടടുത്ത് തന്നെ.
ട്രാന്‍സിറ്റ് ക്യൂ അവസാനിച്ച കൌണ്ടറില്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ഒരു പേപ്പര്‍ കൂടെ കിട്ടി. ഫുഡ് കൂപ്പണാണ്. ബുഫെ ലഞ്ചിനുള്ളത്. ഭദ്രമായി പോക്കറ്റില്‍ തിരുകി.
ഞങ്ങള്‍ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് നടന്നു.
സംസാ‍രത്തിനിടയിലാണ് മി.പെരേര അതു പറഞ്ഞത്.
‘നല്ല വിശപ്പ്. കാലത്തെ ബ്രേക്ഫാസ്റ്റ് ഞാന്‍ കഴിച്ചില്ല. ഇനി ഫ്ലൈറ്റില്‍ കയറിയല്ലേ വല്ലതും കിട്ടൂ. .’
‘ഏയ്.. ഉച്ചക്ക് ബുഫെ ലഞ്ചില്ലെ..’
‘ഉവ്വോ ?’
‘ അപ്പോ മി.പെരേര കൂപ്പണ്‍ വാങ്ങിയില്ലെ ? ‘
‘എന്ത് കൂപ്പണ്‍ ? ‘
‘ബുഫെ ലഞ്ചിനുള്ള കൂപ്പണ്‍ ?’
‘ഓഹ്. അത് ഫുഡ് കൂപണായിരുന്നോ. ഞാന്‍ വേറെന്തോ കരുതി അത് വേസ്റ്റ് ബാസ്കറ്റില്‍ ഇട്ടു. .. ഇനി ചെന്നാല്‍ വേറെ കിട്ടുമോ ? ’
പെരേരയുടെ കുടപോലെയുള്ള വയറിലേക്ക് നോക്കി കൌണ്ടറിലിരുന്ന സിലോണിപ്പെണ്ണ് ഒരു ചെറുചിരിയോടെ മറ്റൊരു കൂപ്പണ്‍ കൂടി തന്നു.

ഇനി ഒരു കാത്തിരിപ്പാണ്. ഇതിനിടയില്‍, മി. പെരേര ഫ്രീ ആയി മസ്സാജ് ചെയ്യുന്ന സ്ഥലത്തെ പറ്റി അന്വേഷിച്ച് വന്നു. പെട്ടിയും പ്രമാണവുമെടുത്ത് അവിടേക്ക്... അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായത്. ഒരു കയ്യും കാലും ഒരുമിച്ച് മസ്സാജ് ചെയ്താല്‍ ഒരു കയ്യോ കാലോ ഫ്രീ ആയി മസ്സാജ് ചെയ്തു തരും. ഒരു കൈ മസ്സാജ് ചെയ്യാന്‍ 25 ഡോളര്‍. ഒരു ഗോള്‍ഡ് സ്കീം ഫുള്‍ ബോഡി മസ്സാജ് ചെയ്താല്‍ ഒരു സാധാ ബോഡി മസ്സാജ് ഫ്രീ. (സാധാ ബോഡി മസ്സാജ് ചെയ്യാന്‍ ഓരോരുത്തരും മറ്റു യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുമോ ? ). കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കി ഒരു ബ്രോഷറും വാങ്ങി തിരിച്ച് ട്രാന്‍സിറ്റ് ലോഞ്ചിലേക്ക്.

ഒരു കാന്‍ ബീയറും കഴിച്ച് പതിനൊന്നര വരെ കാത്തിരുന്നു. പതിനൊന്നരയ്ക്കാണ് ബുഫെ ലഞ്ച്. കൃത്യ സമയത്ത് തന്നെ റെസ്റ്റോറന്‍ഡ് തുറന്നു. കൌണ്ടറില്‍ ടോക്കണ്‍ കൊടുത്തു. എല്ലാ സാധനങ്ങളും നിരത്തി വെച്ചിട്ടുണ്ട്. പക്ഷേ പ്ലേറ്റ് മാത്രമില്ല. പിന്നെയാണ് മനസ്സിലായത് ബുഫെ എന്നാല്‍ ഫുഡ് കൌണ്ടറിലെ ഒരുത്തന്‍ ഒരു തവണ വിളമ്പിത്തരുന്നത് കഴിക്കുകമാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്ന്. വിശപ്പുള്ളതുകൊണ്ടാവാം പരിപ്പുകറിയ്ക്കും ബീന്‍സ് പുഴുങ്ങിയതിനും നല്ല ടേസ്റ്റ്. ഇതിനു ബുഫെയെന്ന് ഫുഡ് കൂപ്പണില്‍ എഴുതിയവനെ കണ്ടാല്‍ തൃശ്ശൂര്‍ പാലക്കാട് റോഡിലൂടെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി വിടണമെന്ന് തോന്നി.
പിന്നെ തിരിച്ച് ലോഞ്ചില്‍.

കുറച്ച് കഴിഞ്ഞപ്പോഴാണ് കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയറിന്റെ മറ്റൊരു ഫ്ലൈറ്റ് റെഡിയായെന്ന അറിയിപ്പ് വന്നത്. കുറച്ചകലെയാണ് അതിന്റെ ബോര്‍ഡിങ് കൌണ്ടര്‍. അതിനടുത്തു തന്നെയാണ് ടോയ് ലറ്റും.

കാത്തിരിപ്പിനിടയില്‍ മി.പെരേര ഒന്നു രണ്ടു വട്ടം ടോയ് ലറ്റില്‍ പോയി വരാമെന്ന് പറഞ്ഞ് പോകുന്നത് കണ്ടു. കാലത്തെ ഭക്ഷണം പിടിക്കാഞ്ഞിട്ടാവും.
എന്റെ കണ്ണുകളില്‍ ഉറക്കം ‍ തളം കെട്ടി നിന്നു. പാതി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോഴും മി.പെരേരയെ കാണുന്നില്ല. ബാഗേജ് എന്റെ അടുത്ത് വെച്ച് പുള്ളി വീണ്ടും ടോയ് ലറ്റില്‍.
കുവൈറ്റ് ഫ്ലൈറ്റിലേക്കുള്ള ബോര്‍ഡിങ് കൌണ്ടര്‍ തുറന്നു ബോര്‍ഡിങ് പാസ് നോക്കി യാത്രക്കാരെ അകത്താക്കി തുടങ്ങി. മി. പെരേര ഇനിയും വന്നിട്ടില്ല.
അങ്ങേരിനി ടോയ് ലറ്റില്‍ സ്ഥിരതാമസമാക്കിയോ. അതോ വേറെ എന്തെങ്കിലും .. മനുഷ്യന്റെ കാര്യമല്ലേ..
എനിക്ക് ഇരുപ്പുറച്ചില്ല.
മെല്ലെ ബാഗേജുകള്‍ എടുത്ത് ടോയ് ലറ്റിന്റെ അടുത്തേക്ക് നടന്നു.
അകലേ നിന്നേ കണ്ടു .. മി. പെരേര അവിടെ മെല്ലെ ഉലാത്തുകയാണ്. കൈകള്‍ പിന്നില്‍ കെട്ടി..
ആശ്വാസം.
‘ഹായ്.. എന്തുപറ്റി .. ?’
എന്നെ കണ്ടപ്പോള്‍ മി. പെരേര ഒരു നിമിഷം നിന്നു. പിന്നെ ചെറിയ വിഷമത്തോടെ പറഞ്ഞു.
‘കൊച്ചി ഫ്ലൈറ്റ് പോകാറായി..’
ങേ.. ഇയാളിനി കൊച്ചിക്ക് തിരിച്ച് പോകാനാവുമോ . എനിക്ക് സംശയമായി..
പാവം..നാട്ടില്‍ നിന്നും പോന്നതിന്റെ വിഷമമാവും.
അപ്പോഴാണത് ശ്രദ്ധിച്ചത്..
തൊട്ടടുത്ത് ഗ്ലാസ്സിനപ്പുറത്ത് കൊച്ചിയിലേക്കുള്ള യാത്രക്കാ‍രുടെ ലോഞ്ചില്‍ നല്ല തിരക്ക്.
മലയാളിയെന്നല്ല ഒരു ഇന്ത്യക്കാരന്‍ പോലും ആ കൂട്ടത്തിലില്ലായിരുന്നു. എല്ലാം അത്യാവശ്യത്തിനും അതില്‍ കുറവും മാത്രം വസ്ത്രങ്ങള്‍ കൈമുതലായുള്ള മദാമ്മമാരും അവരുടെ ബാഗേജ് താങ്ങി നില്‍ക്കുന്ന ചില സായിപ്പന്മാരും മാത്രം.

(തുടരും )


* peacock - മുടി കറുപ്പിക്കാനുള്ള പൊടി.

Wednesday, September 26, 2007

കിട്ടുണ്ണിയുടെ സ്വപ്നം.

മഴ മാറി നിന്ന ഒരു സുപ്രഭാതം. ഇന്ന് അതൊരു അപൂര്‍വ്വത തന്നെയാണല്ലോ. ജൂണില്‍ തുടങ്ങിയ മഴ ഇന്നും ശക്തിയായി പെയ്യുന്നു. കാലത്ത് ആറുമണിക്ക് എഴുന്നേറ്റ് ന്യൂസ് പേപ്പറുകാരനെ കാത്ത് കാര്‍പോര്‍ച്ചില്‍ നിന്നു. പേപ്പര്‍ വായിക്കുവാനുള്ള ജിജ്ഞാസയേക്കാള്‍ പേപ്പര്‍ ബോയിയെ ഒന്നു കാണുകയെന്നതായിരുന്നു ലക്ഷ്യം. എന്നും പേപ്പര്‍ കാറിന്റെ വൈപ്പറിന്റെ ഇടയില്‍ നിന്നാണ് എടുക്കുക. പേപ്പറുകാരന്റെ ബുദ്ധി കാറിന്റെ വൈപ്പറില്‍ വെച്ചാല്‍ പറന്നുപോകില്ലെന്നാണെങ്കില്‍ എന്റെ പ്രശ്നം എത്ര തവണ വൈപ്പര്‍ ശരിയാക്കിയിട്ടും ശരിയാവാത്തതെന്തേ എന്നായിരുന്നു. അതുകൊണ്ട് ഇന്ന് എന്തായാലും പേപ്പറുകാരനെ കയ്യോടെ പിടിച്ച് പേപ്പറിടുന്ന സ്ഥാനം മാറ്റണമെന്ന് കരുതി കാറിന്റെ അടുത്തു തന്നെ ചെന്നു നിന്നു. പേപ്പറുകാരന്‍ മണികിലുക്കി കൃത്യസമയത്തു തന്നെ സൈക്കിളില്‍ പാഞ്ഞു വന്നു. ഇരുട്ടു വിട്ടുമാറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിലേക്ക് ഞാന്‍ മെല്ലെ നടന്നു ചെന്നു. എന്നെ കണ്ടതുകൊണ്ടോ എന്തോ (ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്) അവന്‍ പേപ്പറിടാതെ തന്നെ പറ പറന്നു.

ശെ.. ഇന്നും അവന്‍ രക്ഷപ്പെട്ടു എന്ന സങ്കോചത്താല്‍ തിരിച്ചു കയറുമ്പോഴാണ് അത് കണ്ടത്.

കാറിന്റെ വൈപ്പറില്‍ മാതൃഭൂമി സുഖമായി ഇരുന്ന് വിശ്രമിക്കുന്നു.

സമ്മതിച്ചു തന്നിരിക്കുന്നു.
ഇനി ആ പേപ്പറുകാരനെ പകല്‍ വെളിച്ചത്തില്‍ കാണുകയാണെങ്കില്‍ നാസയിലോ വി.എസ്.എസിയിലോ വിവരമറിയിക്കണമെന്ന് മനസില്‍ തീരുമാനിച്ച് ഉമ്മറത്തെ കസേരയിലിരുന്ന് പൊട്ടിപൊളിഞ്ഞ റോഡുകളുടെ മനോഹരമായ കളര്‍ ഫോട്ടോകള്‍ നിരയായി കൊടുത്ത രണ്ടും മൂന്നും പേജുകള്‍ ആശ്വാസത്തോടെ വായിച്ചു. വീടിനു മുന്നിലെ ടാറിട്ട റോഡിലെ അഗാധമായ ഒരു ഗര്‍ത്തം കഴിഞ്ഞ ദിവസം രണ്ടു തമിഴന്മാരെ വിളിച്ച് കാനയിലെ മണ്ണും വീടിന്റെ പിന്നിലെ പൊളിഞ്ഞ ഇഷ്ടിക കഷണങ്ങളും കൊണ്ട് തൂര്‍ത്തത് രൂപ അഞ്ഞൂറെണ്ണിക്കൊടുത്തിട്ടായിരുന്നു. ആ ഗര്‍ത്തത്തില്‍ വീണ് ആരെങ്കിലും മരിച്ചാല്‍ സാക്ഷിയായി, അസുഖം ബാധിച്ച് കിടക്കുന്ന അച്ഛന്‍ കോടതി കയറിയിറങ്ങരുതല്ലോയെന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് നികത്താന്‍ ഞാന്‍ തയ്യാറായതു തന്നെ. അല്ലെങ്കില്‍ തന്നെ നാട്ടിലെ റോഡുകളിലെ കുഴി മൂടാന്‍ ഞാനാര് ? കിട്ടുണ്ണിയോ ?


അതെ, കിട്ടുണ്ണിക്ക് മാത്രമേ നാടിനെ കുറിച്ചും നാടിന്റെ ഭാവിയെ കുറിച്ചും അല്പമെങ്കിലും വേവലാതി കണ്ടിട്ടുള്ളൂ. കിട്ടുണ്ണി എവിടെനിന്നു വന്നു എന്നതിനെക്കുറിച്ചോ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ചോ എനിക്ക് അറിയില്ല. ആര്‍ക്കുമറിയില്ലെന്നു വേണമെങ്കില്‍ പറയാം.


തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയും വെച്ച് കിട്ടുണ്ണി നാടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നടക്കും. ടാറിട്ട റോഡിലാണെങ്കില്‍ അതിന്റെ നടുവിലൂടെയേ നടക്കൂ. കാരണം ചെരിഞ്ഞ പ്രതലത്തിലൂടെ ചലിക്കരുതെന്നാണ് ആര്‍ക്കിമിഡീസ് പറഞ്ഞിട്ടുള്ളതത്രെ. പിന്നില്‍ നിന്നും വരുന്ന വണ്ടി ഹോണടിച്ചാല്‍ കിട്ടുണ്ണി നടുറോഡില്‍ നിന്നും മാറി തരും. വണ്ടി പോയാല്‍ വീണ്ടും നടുറോഡിലേക്ക്. അറിയാവുന്ന ഡ്രൈവര്‍മാര്‍ അകലെ നിന്നേ ഹോണടിക്കും. എങ്കിലും ഇന്നുവരെയ്ക്കും കിട്ടുണ്ണിയെ ഒരു വാഹനവും ഇടിച്ചു തെറിപ്പിച്ചിട്ടില്ല. സ്പീഡില്‍ വരുന്ന ചില വാഹനങ്ങള്‍ കിട്ടുണ്ണിയുടെ മുന്നില്‍ ബ്രേക്കിട്ട് ചാലില്‍ പോകുന്നത് സ്ഥിരമായ ഒരു പ്രതിഭാസമാണ്. ഹോണടിക്കാത്തവരെ കിട്ടുണ്ണിക്ക് ദ്വേഷ്യമാണ്., പുച്ഛമാണ്. അവര്‍ ലോക വാഹന നിയമങ്ങള്‍ അറിയാത്തവരാണെന്നാണ് കിട്ടുണ്ണിയുടെ വാദം.

ലോകത്തെ എന്തിനെ കുറിച്ചും കിട്ടുണ്ണിക്കറിയാം .സ്നേഹമുള്ളവര്‍ കിട്ടുണ്ണിയെന്നും അല്ലാത്തവര്‍ ‘പ്രാന്തന്‍ കിട്ടുണ്ണി’യെന്നും വിളിക്കും. എന്ത് വിളിച്ചാലും കിട്ടുണ്ണി വിളിച്ചവനെ നോക്കി ഒന്നു പല്ലിളിക്കും. അതെന്തിനാണെന്ന് ചോദിച്ചാല്‍ ‘ഇടയ്ക്ക് പല്ലിളിക്കുന്നത് മോണകള്‍ക്ക് നല്ലതാണെന്ന’ തത്വം വിളമ്പും.

അമ്മക്ക് കിട്ടുണ്ണിയെ വലിയ കാര്യമാണ്. വലിയ ബുദ്ധിമാനാണെന്നാണ് അമ്മയുടെ കണ്ടുപിടിത്തം. സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കിട്ടുണ്ണി പറഞ്ഞു

‘ അതൊക്കെ അമേരിക്കന്റെ ഒരു കള്യല്ലേ.. സദ്ദാമിന്റെ ഡ്യൂപ്പിനെയാണവര് കൊന്നത്. ഒറിജിനല്‍ സദ്ദാം ഇപ്പോഴും അമേരിക്കയിലുണ്ട്..’ ഇതൊക്കെ വളരെ വിശദമായി പറഞ്ഞ് അമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തത്രേ.


ചില ദിവസങ്ങളില്‍ അമ്പി സാമിയുടെ പടി കടന്ന് വീടിന്റെ പിന്നിലൂടെ കിട്ടുണ്ണി ഒരു വരവുണ്ട്. എങ്ങനെയാണെന്നറിയില്ല കിട്ടുണ്ണി വരുന്ന ദിവസങ്ങളില്‍ കാലത്ത് വീടിനു പിന്നിലെ വരിക്ക പ്ലാവിലെ ഇടിയന്‍ ചക്ക കൊണ്ട് അമ്മ പുഴുക്കുണ്ടാക്കിയിരിക്കും. ചക്ക പുഴുക്ക് കിട്ടുണ്ണിക്ക് വളരെ ഇഷ്ടമാണെന്ന് അമ്മ പറയാറുണ്ട്. വന്നാല്‍, കയ്യലയുടെ അടുത്ത് കിട്ടുണ്ണി വന്ന് ഇരിക്കും. ആരെയും കണ്ടില്ലെങ്കില്‍ ഒന്ന് കൂവി വിളിക്കും. പിന്നെ, അമ്മ ചൂടുള്ള കഞ്ഞി ഒരു സ്റ്റീല്‍ കിണ്ണത്തിലാക്കി പുഴുക്കും കൂട്ടി കിട്ടുണ്ണിക്ക് കൊടുക്കും. കിട്ടുണ്ണി വളരെ സന്തോഷത്തോടെ കുടിക്കും. കിട്ടുണ്ണി കുടിക്കുന്നത് അമ്മ ഇങ്ങനെ നോക്കി നില്‍ക്കും. ഇതിനിടയിലാണ് കിട്ടുണ്ണി ലോക വിവരങ്ങള്‍ വിളമ്പുന്നത്. ചിക്കുന്‍ ഗുനിയയെ കുറിച്ചും പുതിയ ബസ്റ്റാന്‍ഡിനെ കുറിച്ചുമെല്ലാം വിശദമായി കിട്ടുണ്ണിക്കറിയാം. എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് കൈകഴുകി മെല്ലെ തന്റെ തുണി സഞ്ചിയുമായി കിട്ടുണ്ണി റോഡിലേക്ക് ഇറങ്ങും പോകും.


പത്ര വായന പകുതിയായപ്പോഴാണ് മതിലിനപ്പുറത്ത് ആരോ മൂളുന്ന ശബ്ദം കേട്ടത്. പത്രം മാറ്റി വെച്ച് നോക്കി. ആരെയൂം കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മൂളല്‍. ഇപ്പോള്‍ ശബ്ദത്തിന്റെ ഫ്രീക്വന്‍സി ഒന്നു കൂടിയിട്ടുണ്ട്. ആരെയും കാണുന്നില്ല. പിന്നെ പത്രം മാറ്റി വെച്ച് ഗേറ്റിലേക്ക് നടന്നു. കരിങ്കല്‍ മതിലിനപ്പുറത്തേക്ക് നോക്കി. ആരോ കൂനി ക്കൂടി ഇരിക്കുന്നു. അടുത്ത് ചെന്നു നോക്കി.

കിട്ടുണ്ണി.

ഒരു പപ്പായ തണ്ട് (പപ്പായുടെ ഇലയുടെ തണ്ട്) രണ്ടുഭാഗവും ചെത്തി ഒരു ഭാഗം മതിലിനു ചേര്‍ത്തു വെച്ച് മറുഭാഗത്തുകൂടി കിട്ടുണ്ണി നോക്കുന്നു. കയ്യില്‍ ഒരു ഈര്‍ക്കിലി ഉണ്ട്.
ഒരു നിമിഷം നോക്കി നിന്നു.

കിട്ടുണ്ണി പപ്പായ ത്തണ്ടിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. ചെറുതായി മൂളുന്നുണ്ട്. പിന്നെ ഈര്‍ക്കില്‍ പപ്പായ് തണ്ടിലൂടെ ഇറക്കി വലിക്കുന്നു.

‘ഉം... പോരില്ല ല്ലേ...’
‘ എന്താ കിട്ടുണ്ണ്യേ .. എന്താ നോക്കണേ ? ‘ അപ്പോഴാണ് കിട്ടുണ്ണി എന്നെ കണ്ടത്.
‘പോരിണില്യ ന്നേയ്..’
‘എന്ത് ? ‘
‘റോഡ്...’
‘എന്താ പ്രശ്നം കിട്ടുണ്യേ ..’
‘ദേ ഇതീക്കൂടെ ഒന്ന് നോക്ക്യേ... ന്യൂയോര്‍ക്കിലെ റോഡ് കണ്ടോ. എന്തൊരു ചന്താ കാണാന്‍....ഇപ്പ അബടെ രാത്ര്യാ.. ‘

ദൈവമേ.. പ്രശ്നം ഗുരുതരമാണ്.

‘ ദേ.. ഈ ഈര്‍ക്കിലി ഇട്ട് ഒരു പിടി പിടിച്ചാല്‍ ഇങ്ങട്ട് പോരും.. ‘

അത് ശരി. അപ്പോള്‍ രണ്ടും കല്പിച്ചാ വരവ്.

ഞാന്‍ കിട്ടുണ്ണിയെ ശല്യപ്പെടുത്താതെ മെല്ലെ വീട്ടിലേക്ക് കയറി., പത്തു നാല്പതു കൊല്ലം പഴക്കമുള്ള കരിങ്കല്ലു കൊണ്ടുള്ള മതില്‍ കിട്ടുണ്ണിക്ക് ഇളക്കാനാവില്ലെന്ന സമാധാനത്തോടെ..

പിന്നീട് അമ്മ പറഞ്ഞറിഞ്ഞു കിട്ടുണ്ണിക്ക് നൊസ്സ് ഇപ്പോള്‍ അല്പം കൂടുതലാണ്. ഒരു മാസം മുമ്പും വീടിന്റെ മതിലില്‍ ഒരു ഈര്‍ക്കില്‍ കുത്തിക്കയറ്റി പോയിരുന്നുവത്രെ. അന്ന് പറഞ്ഞത് ‘സെക്രട്ടറിയേറ്റിലേക്ക് ഒരു റോക്കറ്റ് ഈ വഴിക്ക് വിടാന്‍ പറ്റുമോയെന്ന്’ പരീക്ഷിച്ചതാണത്രേ. ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല്‍ കയറുന്നതുകൊണ്ട് കിട്ടുണ്ണി മറ്റൊരു ജോര്‍ജ്ജ് ബുഷാവുമോ എന്ന സംശയം ഈയിടെയായി എന്നില്‍ ബലപ്പെട്ടിട്ടുണ്ട്.

Monday, August 06, 2007

മണിയടി

മണികള്‍(ബെല്‍) പലതരത്തിലുണ്ട്. പ്രത്യേകിച്ച് സ്കൂള്‍ മണിയാവുമ്പോള്‍. കോളാമ്പി കമഴ്ത്തി വെച്ച പോലെയുള്ള മണി‍, വട്ടത്തിലുള്ള മണി, നീളത്തിലുള്ള മണി, വളയ രൂപത്തിലുള്ള മണി,അങ്ങനെ.. പലതരം മണികള്‍. കോളാമ്പി മണികള്‍ പലപ്പോഴും കൂടുതല്‍ വരുമാനമുള്ള വലിയ സ്കൂളുകളിലാണ് കണ്ടിട്ടുള്ളത്. ചില സ്കൂളുകളില്‍ വട്ടത്തിലുള്ള ലോഹമണിയായിരിക്കും. അതില്‍ ചുറ്റികകൊണ്ട് അടിക്കും. ചില സ്ഥലങ്ങളില്‍ റെയില് വേ ട്രാക്കിളക്കി കൊണ്ട് വന്ന് കെട്ടിയിട്ടടിക്കുന്ന മണികളും ധാരാളം. കേരളത്തിലെ റെയില് അപകടങ്ങളില്‍ സ്കൂളുകള്ക്ക് ഇങ്ങനെ ഒരു പങ്കും ?
എങ്കിലും കോളാമ്പി മണിക്കു തന്നെയാണ് നല്ല ശബ്ദം, ചന്തവും.

മണിയെക്കുറിച്ച് പറയുമ്പോ‍ള്‍ പലപ്പോഴും ഓര്‍മ്മ വരുന്നത് നാലാം ക്ലാസ്സിലെ സതീര്‍ത്ഥ്യനായ അജുവിനെയാണ്. അജുവും സത്യനും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത്. ആദ്യം മനപ്പടിക്കല്‍ എത്തുന്ന ആള്‍ അവിടെ വെച്ചിട്ടുള്ള ആണ്ട്രൂസ് വക്കീലിന്റെ ‘Adv. Andrews BABL' എന്ന ബോര്‍ഡിനിട്ട് ഒരു കല്ലെടുത്ത് മേടും. അതാണ് സിഗ്നല്‍. ഈ സിഗ്നല്‍ കേട്ടാല്‍ അഞ്ചു മിനിട്ടിനകം സംഘാങ്ങള്‍ അവിടെ എത്തിയിരിക്കണമെന്നാണ് നിയമം. എത്ര ഏറുകിട്ടിയാലും ആറുമാസത്തിലൊരിക്കല്‍ ആണ്ട്രൂസ് വക്കീല്‍ യാതൊരു പരാതിയുമില്ലാതെ പുതിയ ബോര്‍ഡ് വക്കും. (ആ ബോര്‍ഡ് ഇന്നും അവിടെയുണ്ട്. സൂട്ടും കോട്ടുമിട്ട് ബസില്‍ കയറിപ്പോകുന്ന ആണ്ട്രൂസ് വക്കീലും.)

വലിയ ഒരു നാലുകെട്ടുപോലെയാണ് പള്ളിസ്കൂള്‍. രണ്ടു ഭാഗത്തായി ക്ലാസുമുറികള്‍ . ഒരു ഭാഗത്ത് തുന്നല്‍ പരിശീലന കേന്ദ്രം. മറ്റൊരുഭാഗത്ത് പള്ളിയുടെ കുന്തവും കൊടച്ചക്രവുമൊക്കെ വെക്കാനുള്ള പത്തായം. ഫ്രെയിം മാത്രമുള്ള ഒരു വാതിലാണ് പത്തായത്തിനുള്ളതു. ആര്‍ക്കും ഏതു സമയവും കയറിച്ചെല്ലാവുന്ന പൂങ്കാവനം. അതിനുള്ളില്‍ പള്ളിയുടെ സാധനങ്ങളേക്കാള്‍ ഇഴജന്തുക്കളാണ് കൂടുതലെന്ന് പലരുടെ അനുഭവം. ആ പത്തായം അവിടെ ഉള്ളതുകൊണ്ടാവാം ഇംഗ്ലീഷ് ക്ലാസിനിടയില്‍ പലപ്പോഴും ‘A' എന്ന അക്ഷരം പറഞ്ഞാല്‍ ചിന്നമ്മ ടീച്ചര്‍ പിന്തിരിഞ്ഞു പത്തായം നില്‍ക്കുന്നിടത്തേക്ക് നോക്കുന്നത്. വല്ലതും കണ്ട് പേടിച്ചിട്ടുണ്ടാവുമെന്നാണ് കടാംകുളത്തിനടുത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള സത്യന്‍ പറയാറുള്ളത്.

ആ പത്തായത്തിന്റെ ഒരു വശത്താണ് അമ്മിണിചേച്ചി ഉച്ചക്ക് വേണ്ട ഉപ്പുമാവു ഉണ്ടാക്കുന്നത്. ഒരു പതിനൊന്നരയാവുമ്പോള്‍ നുറുങ്ങു ഗോതമ്പ് വേവുന്ന മണമടിച്ചാല്‍ പിന്നെ അജുവിനു ഇരിക്കപ്പൊറുതിയുണ്ടാവില്ല. ശാന്തടീച്ചറിന്റെ സാമൂഹ്യപാഠം ക്ലാസിലിരുന്ന് ഒന്നു രണ്ടുവട്ടമെങ്കിലും ടീച്ചറോട് സമയം ചോദിക്കും അവന്‍. ജനിച്ചപ്പോള്‍ മുതല്‍ ഡയറ്റിങ്ങായതുകൊണ്ട് കാലത്ത് ഒരു കട്ടന്‍ കാപ്പി മാത്രമേ അജു കഴിക്കാറുള്ളുവത്രേ. ഞങ്ങള്‍ക്കാണെങ്കില്‍ മിനിമം വലയിട്ട് പിടിക്കാന്‍ പാകത്തില്‍ വറ്റുള്ള ഒരു കലം പഴങ്കഞ്ഞിയും ഇരുമ്പാമ്പുളിയും കാന്താരിമുളകും ചതച്ച ചമ്മന്തിയെങ്കിലുമുണ്ട്. സമയം ചോദിക്കല്‍ ശക്തിയായപ്പോള്‍ ജോണിമാഷ് അജുവിനു പ്രമോഷന്‍ നല്‍കി . പതിനൊന്നുമണിയായാല്‍ അമ്മിണിചേച്ചിയുടെ അസിസ്റ്റന്റ്. മൂന്നാമത്തെ പിരിയഡ് ജോസ്മാഷ് ഗണിതശാസ്ത്രം അജുവിന്റെ ചന്തിയിലാണ് സാധാരണ തുടങ്ങാറ്. അതില്‍ നിന്നും രക്ഷപ്പെട്ടതുകൊണ്ട് ഞങ്ങള്‍ക്കവനോട് ചെറിയ അസൂയയും ഉണ്ടായിരുന്നു. കാരണം അജുവിന്റെ അടൂത്തിരുന്നത് സത്യനായിരുന്നു. ഗണിതശാസ്ത്രം അവന്‍ ശരിക്കും പഠിച്ചു.

പത്തായത്തിന്റെ ഒരു ഭാഗത്താണ് കഥാനായകനായ മണിയെ (കലാഭവന്‍ മണിയല്ല) കെട്ടിയിട്ടിരിക്കുന്നത്.
ഓരോ പിരിയഡിനും ബെല്ലടിക്കുന്നത് നാലാം ക്ലാസ് എ യിലേയും ബി യിലേയും ക്ലാസ് ലീഡര്‍മാരാണ്. ഒരാഴ്ച എ-യിലെ ലീഡറെങ്കില്‍ അടുത്തയാഴ്ച ബി. അങ്ങനെ. സ്കൂളിലെ മണിയടിക്കുകയെന്നത് ഒരു പ്രിവിലേജായിട്ടാണ് എല്ലാ കുട്ടികളും കണ്ടിരുന്നത്. പക്ഷേ ലീഡര്‍മാര്‍ക്കു മാത്രമേ മണിയടിക്കാന്‍ അവകാശമുള്ളൂ.

നാലാം ക്ലാസ് എ-യിലെ ലീഡര്‍ അന്ന് ഞാനായിരുന്നു. അതുകൊണ്ട് ജോണിമാഷില്ലാത്ത ദിവസങ്ങളില്‍ സത്യനും അജുവുമെല്ലാം എന്റെ കെയറോഫില്‍ മണിയടിക്കാറുണ്ടായിരുന്നു. പാവങ്ങള്‍ .. ഇടക്ക് കിട്ടുന്ന അവസരമല്ലേ എന്ന് കരുതി ഞാനും ..

അന്നൊരു ബുധനാഴ്ചയായിരുന്നു. മൂന്നാമത്തെ പിരിയഡ് കണക്ക്. ജോസ് മാഷ് കയറി വന്നപ്പോള്‍ തന്നെ മനസ്സിലായി ഒരു ഹിറ്റ്ലറുടെ മൂടാണെന്ന്. ഒരു പക്ഷേ ചിന്നമ്മടീച്ചര്‍ അപ്പുറത്തെ ക്ലാസില്‍ ഉള്ളതുകൊണ്ടായിരിക്കും. ചിന്നമ്മടീച്ചര്‍ ക്ലാസെടുക്കുന്നതിനേക്കാള്‍ നല്ലത് പള്ളിയില്‍ അരമണിക്കൂര്‍ നിര്‍ത്താതെ വെടിപൊട്ടിക്കുന്നതാണ്. അത്ര മധുരമനോജ്ഞമായ സ്വരമാണ്.

‘ഓള്‍ സ്റ്റാന്‍ഡ് അപ്..’ ജോസ് മാഷ് എല്ലാവരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
‘സിറ്റ് ഡൌണ്‍..’ .. അതൊരു രസത്തിന്...

കൊടുങ്കാറ്റിനുമുമ്പുള്ള നിശബ്ദത..

പിന്നെ ബോര്‍ഡില്‍ കണക്ക് എഴുതിത്തുടങ്ങി. ഇനി ഓരോരുത്തരോടായി ചോദ്യം.
ഏത് ഭാഗത്തു നിന്ന് തുടങ്ങുമെന്നറിയില്ല.
ഏതായാലും എനിക്കൊരു സമാധാനമുള്ളത് എന്റെ അപ്പുറത്ത് സത്യനാണ് ഇരിക്കുന്നത്. ആദ്യ വെടി സത്യനുള്ളതായിരിക്കും.
അതെ. ആദ്യം വിളിച്ചത് സത്യനെ..
‘ഒന്നേ ഗുണം ഒന്ന് എത്ര ?’
‘രണ്ടു’
‘ഇങ്ങ്ട് വാടാ.. ‘
സത്യന്‍ വിറച്ചു വിറച്ച് ബോര്‍ഡിനടുത്തേക്ക് പോയി.
ഒന്ന്.. രണ്ട്.. മൂന്ന്.. ജോസ്മാഷ് പൂശിക്കൊണ്ടേയിരുന്നു. നാലാമത്ത അടിക്ക് ചൂരലൊടിച്ചു. ജോസ് മാഷ്ക്ക് കലി കയറി നില്‍ക്കുകയാണ്.
‘പോയി ഓഫീസീന്ന് വേറെ ചൂരലെടുത്ത് വാടാ‍...’ ജോസ്മാഷ് എന്നെ നോക്കി പറഞ്ഞു.
ദൈവമേ...ന്യൂബോള്‍ എനിക്കിട്ടു തന്നെ.
ഓഫീസ് പൂട്ടീ ജോണിമാഷ് എ.ഇ.ഓ ഓഫീസിലേക്ക് പോണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ക്ലാസില്‍ നിന്നും മെല്ലെ ഇറങ്ങി.
വാതില്‍പ്പടി കടന്നതും ഉപ്പുമാവിന്റെ ടേസ്റ്റ് നോക്കിക്കൊണ്ടിരുന്ന അജു പാത്രമൊക്കെ അവിടെയെറിഞ്ഞ് നേരെ മണി കെട്ടിയിരിക്കുന്നിടത്തേക്ക് ഓടുന്നു. ഇവനിതെന്തുപറ്റി ?
അവിടെ ചെന്നു നിന്ന് മണിക്കോലെടുത്ത് ആവേശത്തോടെ കൂട്ടമണി അടിച്ചു.
ഹെയ്.. ഇന്നെന്താ ജോണിമാഷ് ഇവനോട് മണിയടിക്കാന്‍ പറഞ്ഞോ ?
എന്തായാലും രക്ഷപ്പെട്ടു.ഹാവൂ.. ഇന്നു ജോസ്മാഷുടെ അടികൊള്ളേണ്ടല്ലോ...
കുട്ടികളില്‍ ഒരു വിഭാഗം പുസ്തകങ്ങളെടുത്ത് ഉച്ചയൂണിനായി പുറത്തേക്ക് പാഞ്ഞു. ബാക്കിയുള്ളവര്‍ ഉപ്പുമാവിനായുള്ള വരിയില്‍ ചെന്നു നിന്നു.
ഉച്ചക്കഞ്ഞി കഴിച്ച് തിരിച്ച് സ്കൂളില്‍ വന്നപ്പോഴാണത് കണ്ടത്.

മണി കെട്ടിയിരിക്കുന്നതിന്റെ രണ്ടു മീറ്റര്‍ മാറി അജു നില്‍ക്കുന്നു. മണിക്കോലു കയ്യിലുണ്ട്. പിന്നില്‍ ജോസ് മാഷ് ചൂരലുമായി കസേരയിട്ടിരിക്കുന്നു. ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അജു വായുവില്‍ മണിക്കോലിട്ടടിച്ചുകൊണ്ടേയിരിക്കുന്നു.

പാവം അജു... ഞാനിറങ്ങി വന്നത് മണിയടിക്കാനാണെന്ന് വിചാരിച്ച് ഒരുമണിക്ക് അടിക്കേണ്ട ബെല്ല് പന്ത്രണ്ടേകാലിനു തന്നെ അടിച്ചു ചരിത്രം സൃഷ്ടിച്ചിരുന്നു.

Thursday, June 21, 2007

ടാര്‍സന്‍ ദി ഗ്രേറ്റ്

അമ്മമ്മയുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് കടച്ചക്ക കൊണ്ടുണ്ടാക്കുന്ന തോരനും കടച്ചക്ക വറുത്തരച്ചതും. അപ്പൂപ്പനറിയാതെ പശുവിനു കൊടുക്കാനായി വെക്കുന്ന ബാക്കി വന്ന കഞ്ഞിവെള്ളം അമ്മൂമ്മ സമയവും സന്ദര്‍ഭവും നോക്കി വെണ്ണൂറും പെരയുടെ അടുത്തുള്ള കടപ്ലാവിനു സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിക്കൊണ്ടു വന്നതുകൊണ്ടാണ് അതില്‍ നിറയെ ചക്കകളുണ്ടായിത്തുടങ്ങിയത്.

ഏപ്രില്‍ മെയ് മാസങ്ങളിലെ വെക്കേഷന്‍ കടന്നുപോകുന്നത് വളരെ പെട്ടന്നാണ്. വെക്കേഷന്‍ കാലത്ത് അമ്മായിയുടെയും ചെറിയ-വലിയച്ഛന്മാരുടെയും കുട്ടിപ്പടകളെക്കൊണ്ട് വീടും തൊടിയും നിറഞ്ഞിരിക്കും. കാലത്ത് എഴുന്നേറ്റാല്‍ പിന്നെ കാപ്പി പോലും കുടിക്കാതെ അമ്പി സാമിയുടെ കുളത്തിന്റെ അറ്റംവരെ നീണ്ടു കിടക്കുന്ന പറമ്പിലേക്കിറങ്ങുകയായി. സെന്ററിലെ ഫേന്‍സിലാന്‍ഡിന്റെ മുന്നില്‍ ഉഷച്ചേച്ചിയുടെ തുന്നല്‍ മെഷീനുമായിരിക്കുന്ന ബാലന്‍ നായര്‍ അവര്‍കളുടെ വെക്കേഷന്‍ സ്പെഷലായി തുന്നിക്കൂട്ടുന്ന വള്ളിയുള്ള ലൂസായ ട്രൌസറുമിട്ട് മാവായ മാവിലെല്ലം കൈക്കരുത്ത് കാണിച്ച് നടക്കുന്ന സമയം. ചെറിയഛനെ മാത്രമേ അല്പമെങ്കിലും ഭയമുള്ളൂ. അതും ആ കപ്പടാ മീശയുടെ ബലം ഒന്നുകൊണ്ടു മാത്രമാണ്. ബാക്കിയുള്ള കാരണവന്മാര്‍ അതിനു ശ്രമിച്ചിട്ട് പരാജയമടഞ്ഞതാണെന്ന് ചരിത്രം.


എങ്ങനെയൊക്കെയോ ഒന്‍പതാം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞിരിക്കുന്ന സമയം. വലിയച്ഛന്‍ മകന്‍ ബിജുക്കുട്ടന്‍ പത്താം തരം എഴുതിയിരിക്കുന്നു. വെക്കേഷനിലെ മൊത്ത കോറം 12 . കൂടെ അമ്പി സാമിയുടെ പെങ്ങ്ള് മദിരാശിയിലെ ശ്രീദേവി അക്കയുടെ സുന്ദരിക്കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സുലോചനയും. കഴിഞ്ഞ വെക്കേഷന്‍ തൊട്ടേ ബിജുക്കുട്ടന്‍ സുലോചനയുടെ കാര്യത്തിലെടുക്കുന്ന ശുഷ്കാന്തി, ബിജുക്കുട്ടന്റെ രണ്ടു കയ്യിലെയും മസിലുകളുടെ ശക്തി അനുഭവിച്ചറിഞ്ഞുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു. ഒരു പെണ്‍കുട്ടിക്ക് അല്പം സൌന്ദര്യമുണ്ടെന്നുകരുതി ഇങ്ങനെയും ഒരു മനുഷ്യനാവുമോ. അവളുടെ മുന്നില്‍ വെച്ച് പലപ്പോഴും ബിജുക്കുട്ടന്‍ എന്റെ മേല്‍ കൈക്കരുത്ത് കാണിക്കുക പതിവായി. അതുപോ‍ലെ, എന്തെങ്കിലും ഷോ ചെയ്യാന്‍ പറ്റിയ വിഷയങ്ങളാണെങ്കില്‍ ബിജുക്കുട്ടന്‍ തന്നെ ഏറ്റെടുക്കും. ഏതായാലും വിഷുകഴിഞ്ഞാല്‍ ബിജുക്കുട്ടന്‍ അവന്റെ അമ്മ വീട്ടില്‍ പോകുമല്ലോ എന്ന ഒറ്റ സമാ‍ധാനമായിരുന്നു എനിക്ക്. ഇങ്ങനെയുള്ള ഞെരമ്പു രോഗികള്‍ക്ക് ദൈവം കൂലികൊടുത്തോളുമെന്നും എന്റെ മനസ്സുപറഞ്ഞു.

ഒരു ദിവസം ഉച്ചകഴിഞ്ഞ സമയം . അമ്പസ്താനി കളിക്കുന്നതിന്റെ മൂര്‍ദ്ധന്യത്തിലാണ് ചെറിയച്ഛന്റെ വരവ്. ബിജുക്കുട്ടനെ അടുത്ത് വിളിച്ച് എന്തോ കുശു കുശുക്കല്‍. ഹാവൂ രക്ഷപ്പെട്ടു. ഇന്നവനെ എവിടെക്കെങ്കിലും വിടും . പിന്നെ ഈ പശങ്ങളെല്ലം എന്റെ കീഴില്‍ ..

പക്ഷേ ബിജുക്കുട്ടന്‍ എവിടെയും പോയില്ല. ചെറിയച്ഛനെ കണ്ട് വെണ്ണൂറും പുരയുടെ അപ്പുറത്തേക്ക് മാറി നിന്ന ഞങ്ങളുടെ അടുത്ത് വന്നു.

‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്ടിക്കണം. നിലത്ത് വീഴാണ്ട് നോക്കണന്നാ ചെറിയച്ഛന്‍ പറഞ്ഞേ..നീ പോയിട്ട് ആ വലയുള്ള തോട്ടി ഇങ്ങട് എടുത്തോണ്ടു വാ..’

ഉത്തരവ്. ഇവന്‍ വലത്തോട്ടിവെച്ച് കടച്ചക്ക പൊട്ടിക്കുന്നതൊന്ന് കാണണം. വലത്തോട്ടിയുമായി തിരിച്ചു വരുന്ന സമയത്ത് അതിന്റെ വല ഒന്ന് ലൂസാക്കി ഇട്ടുകൊടുത്തു.

പ്രതീക്ഷിച്ച പോലെ ബിജുക്കുട്ടന്‍ രജനി സ്റ്റൈലില്‍ സൈഡ് പിടിച്ചു നിന്നു ഒരു ചക്ക പൊട്ടിച്ചു. വല പൊട്ടി ചക്ക താഴെ വീണു. ഞാന്‍ വിരലിട്ട് ഒരു വിസിലടിച്ചു നിര്‍വൃതി കൊണ്ടു.

ബിജുക്കുട്ടന്‍ എന്നെ ഒന്ന് നോക്കി.

‘ഡാ ഈ വലത്തോട്ടികൊണ്ട് പൊട്ടിക്കാന്‍ പറ്റില്ലടാ. നല്ല ചക്കയൊക്കെ മൊകളിലാണ്. ‘

ആഹ. അപ്പൊ ലവന്‍ കയറിപ്പൊട്ടിക്കാനുള്ള പരിപാടിയാണ്. ഷൈന്‍ ചെയ്യാനുള്ള മറ്റൊരു തന്ത്രം.

‘ഞാന്‍ കയറാം. ന്ന്ട്ട് ഓരോന്നായി താഴ്ത്തേക്ക് ഇട്ട് തരാം. നീയ്യ് പിടിക്ക്വോ ? ‘

‘പിടിക്കൊക്കെ ചെയ്യാം. എന്നാലും ചക്ക താഴ്ത്ത് വീണാലോ ...’ അങ്ങനെ അവന്‍ ഷൈന്‍ ചെയ്യണ്ട.

‘എന്നാ ഒരു കാര്യം ചെയ്യ് .. നിയ്യ് കേറ്. ഞാന്‍ താഴ്ത്ത് നിന്ന് പിടിക്കാം..’

ങെ.. ഇത് വല്ല സ്വപ്നമായിരിക്കുമോ . അതോ എനിക്ക് മരത്തില്‍ കയറാനറിയില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള വല്ല സൂത്രപ്പണിയാണോ ? ഏതായാലും ദൌത്യം ഞാന്‍ മനസ്സാ ഏറ്റെടുത്തുകഴിഞ്ഞു.

ചുറ്റും നോക്കി. കോറം മുഴുവനുമുണ്ട്. സുലോചന തൊട്ടടുത്ത തെങ്ങില്‍ ചാ‍രി എല്ലാം നോക്കിക്കൊണ്ടു നില്‍ക്കുന്നു. കൈ മുകളിലേക്കൊന്ന് കുടഞ്ഞ് അതിശയനിലെപ്പോലെ മസിലെല്ലാം പെരുപ്പിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. പിന്നെ ബിജുക്കുട്ടനെ ഒന്ന് നോക്കി.

‘നീ ധൈര്യായിട്ട് കയറടാ.. ഞാന്‍ താഴ്ത്ത് ഉണ്ട്. .’

മെല്ലെ ഓരോ കൊമ്പും പിടിച്ച് ഞാന്‍ പ്ലാവിന്റെ മുകളിലേക്ക് കയറി. ചെറുതായി ഉറുമ്പുണ്ട്, അത്ര കാ‍ര്യമില്ല. പ്ലാവിന്റെ പകുതിയോളമെത്തിയപ്പോള്‍ ഉത്തരവ് വന്നു.

‘സൈഡിലുള്ള ചക്ക നോക്ക്യേഡാ..’ ഞാന്‍ താഴെയ്ക്ക് നോക്കി

ബിജുക്കുട്ടന്‍ സുലോചനയുടെ അടുത്തു ഉത്തരവിറക്കിക്കൊണ്ടു നില്ക്കുന്നു. ഒരു ചക്കപൊട്ടിച്ച് അവന്റെ തലക്കൊരു ഏറുകൊടുത്താലോ എന്ന് എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതാണ്. ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

‘ഈ ചക്ക മൂത്തട്ടില്ല...’ ങും. കടച്ചക്കയെക്കുറിച്ച് യാതൊരു ജെനറല്‍ നോളജുമില്ലെന്ന് ആരും പറയരുതല്ലോ.

‘ന്നാ നീ കൊറച്ചും കൂടി മോളില്‍ക്ക് കയറി നോക്ക്...’ . നീ പറയണ്ട്രാ.. ഞാന്‍ മോളില്‍ക്ക് കയറുകതന്നെയാണ്. അടുത്ത സ്റ്റെപ്പ് ചെറിയൊരു ചില്ലയിലാണ് കാല് വെച്ചത്. ഒരു സംശയം. കാലൊന്ന് അമര്‍ത്തിനോക്കി. ക് ര്‍.ര്‍.. ചില്ല ഒടിഞ്ഞു . എന്റെ ബാ‍ലന്‍സ് അതിന്റെ വഴിക്ക് പോയി. താഴെയുള്ള ചില്ലയില്‍ കയ്യിടിച്ചു. സ്കൈലാബിനേക്കാല്‍ സ്പീഡില്‍ താഴേക്ക്.

താഴെയെത്തുന്നതിനു മുന്‍പ് മറ്റൊരു ചില്ലയില്‍ കയ്യുടക്കി. പിന്നെ, രണ്ടു കയ്യുകൊണ്ടും മുറുകെ പിടിച്ചു.

താഴെയ്ക്ക് നോക്കി. താഴെ മറ്റു ചില്ലകളൊന്നുമില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ ശൂന്യാകാശത്ത് തത്തിക്കളിക്കുകയാണ്. ടാര്‍സന്റെ മറ്റൊരുപതിപ്പായി മരത്തില്‍ തൂങ്ങി ഞാനാടി.

‘ഡാ. നീ ചാടിക്കോ.. ഞാനിവിടെ ഉണ്ട്. ‘ ബിജുക്കുട്ടന്‍ അവിടെ നിന്ന് ഉത്തരവിറക്കി.

അതേടാ. ഞാന്‍ ചാടി എന്റെ കയ്യും കാലും ഒടിഞ്ഞ് കിടക്കുന്നത് നിനക്ക് കാണണം.

ദേഹത്ത് ചെറിയ വേദനയുണ്ട്. എവിടെയൊക്കെയോ cpm കാരും rss കാരും ഇടികൂടുന്നു.

എത്ര വലിയ ടാര്‍സസ്നായാലും ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് അത്ര വലിയ സുഖമുള്ള ഏര്‍പ്പാടാണെന്ന് തോന്നുന്നില്ല. ബാലന്‍സ് എപ്പോള്‍ വേണമെങ്കിലും അതിന്റെ വഴിക്ക് പോകാം.

പെട്ടന്നാണ് കാലില്‍ ഒരു ചെറിയ ഇക്കിളി. അതിങ്ങനെ അരിച്ചരിച്ച് മുകളിലേക്ക്. നോക്കിയപ്പോള്‍ ഒരു ചോണനുറുമ്പ് മല കയറി വരുന്നു. മുട്ടിന്റെ അടുത്തെത്തി. ചോണനുറുമ്പ് കടിച്ചാലുള്ള സ്ഥിതി ആലോചിച്ച് ഞാനൊന്നു ഞെട്ടി. ഞാന്‍ കാലിട്ടിളക്കി ഉറുമ്പിന്റെ തുരത്താന്‍ ഒരു ശ്രമം നടത്തി നോക്കി. ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്. കൂടുതല്‍ ശക്തിയോടെ മുകളിലേക്ക് തന്നെ. രണ്ടു കാലുകളുമിട്ട് ഉരസി നോക്കി. പിന്നെ ഒന്നു കുടഞ്ഞു.

കെട്ട് പൊട്ടി.

ഉറുമ്പ് താഴെ വീണു. കൂടെ ബാലന്‍ നായര്‍ സ്പെഷലായുണ്ടാക്കിയ വള്ളി ട്രൌസറും. കൃത്യമായി അടിയിലെ ചെളിവെള്ളത്തിലേക്ക് തന്നെ.

ദൈവമേ. ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. മഹാനായ ടാര്‍സനു പോലും ഒരിക്കല് പോ‍ലും ഈ ഗതി വന്നിട്ടില്ല.

എന്റെ കൈകളിലെ പിടി വിട്ടു. നേരെ താഴേക്ക്ക്.

ഹൌ .. ഒന്നും സംഭവിച്ചില്ല. ഞാന്‍ എഴുന്നേറ്റ് നിന്നു.

‘കുരുത്തം കെട്ടോനെ. പെങ്കുട്ട്യോള്‍ടെ മുമ്പിലാണോടാ മുണ്ടും കോണോം ഇല്ലാണ്ട് നിക്കണെ ‘ എന്ന ചെറിയച്ചന്റെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.

ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?

ഞാന്‍ ചുറ്റും നോക്കി. ബിജുക്കുട്ടന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

Saturday, June 16, 2007

ഇഞ്ചപ്പുര

മലകളായ മലകളൊക്കെ പീസ് പീസാക്കി നെല്‍പ്പാടങ്ങളെല്ലാം കുത്തി നിറക്കുന്നതിനുമുമ്പ് , 'നിറപറ'യും 'ഈസ്റ്റേണും ' കളത്തിലിറങ്ങുന്നതിനും മുമ്പ് ഗ്രാമങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇഞ്ചപ്പുരകള്‍ അഥവാ നെല്ലുകുത്തുമില്ലുകള്‍ .

തത്രത്തിലെ കുഞ്ഞുവറുദേട്ടനു തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് മനപ്പടിക്കലെ ഇഞ്ചപ്പുര. നാനൂറടി sq.ft -ല്‍ ശുദ്ധവായുവും വെളിച്ചവും കിട്ടാനായി വശങ്ങളില്‍ സാമാന്യം നല്ല വലിപ്പത്തിലുള്ള എയര്‍ ഹോളുകളാല്‍ സമൃദ്ധമാണ് ഇഞ്ചപ്പുര . കയ്യിലിരുപ്പു നന്നാതായതുകൊണ്ട് റൂഫിലെ ഓടുകള്‍ മാറ്റാനുള്ള ശ്രമം കുഞ്ഞുവറുദേട്ടന്‍ പണ്ടെ ഉപേക്ഷിച്ചതുകൊണ്ട് റൂഫില്‍ നിന്നും കാര്യമായ വെളിച്ചവും വായുവും ( ജല വൃഷ്ടിയും) സമ്രദ്ധിയായി കിട്ടും. ചരിത്രത്തിന്റെ നാഴികക്കല്ലുകളായി നില നില്‍ക്കുന്ന നെല്ലുകുത്തുന്ന രണ്ട് മെഷീനുകളാണ് ഇഞ്ചപ്പുരയിലുള്ളത് . ഒരു മൂലയ്ക്കായി ചെറിയ ഒരു ആപ്പിസ് മുറി.പ്രധാനമായും കുഞ്ഞുവറുദേട്ടനു നടുവു നിവര്‍ത്താനുള്ള ഒരു സെറ്റപ്പ് മാത്രമാണ് ആപ്പീസ് മുറി . കാലത്തു എട്ടുമണിക്കുതുറക്കുന്ന മില്ല് ഇരുട്ടാവുമ്പോള്‍ മാത്രമണ് അടയ്ക്കുന്നത് .

കുഞ്ഞുവറുദേട്ടനു രണ്ട് അരുമസന്താനങ്ങളാണ്. ലാസറും ലൂവീസും. മൂത്തവന്‍ ലാസര്‍. അഞ്ചാം ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള വൈക്ലബ്യം മാറ്റാന്‍ നാലുവര്‍ഷമെടുത്തപ്പോള്‍ കുഞ്ഞുവറുദേട്ടാന്‍ തന്റെ ശിഷ്യനാക്കി ലാസറിനെ മില്ലിലിരുത്തി . അതിനു ശേഷമാണ് ഉച്ചക്ക് 12 മണിയോടെ വാസുവിന്റെ ഷാപ്പിലേക്കുള്ള യാത്ര മനസ്സമാധാനമായി കുഞ്ഞുവറുദേട്ടന്‍ തുടങ്ങിയത് .

മൂന്നുമണിയാവുമ്പോഴേക്കും തിരിച്ചെത്തും. ആ സമയത്ത് പണി അല്പം കുറവാണ്. പക്ഷേ, കുറച്ചു നാളു കഴിഞ്ഞപ്പോഴാണ് കളക്ഷനില്‍ കാര്യമായ കുറവ് കുഞ്ഞുവറ്ദേട്ടന്‍ കണ്ടുപിടിച്ചത് . ലാസര്‍ ഗണിതശാസ്ത്രത്തില്‍ ‍ കേമനെന്ന് കുഞ്ഞുവറുദേട്ടന്‍ അന്ന് മനസ്സിലാക്കി. എന്തായാലും ലാസറിനെ ഉയിര്‍പ്പിക്കാ‍നുള്ള ശ്രമങ്ങള്‍ക്കായി കുഞ്ഞുവറുദേട്ടന്റെ തലപുകഞ്ഞു . സ്ഥിരം വരുന്ന ചില കസ്റ്റമേഴ്സിനെയാണ് കുറച്ചുകാലമായി കാണാത്തതെന്ന് കുഞ്ഞുവറുദേട്ടന്‍ ചികഞ്ഞെടുത്തു. കണ്ടാറുവിന്റെ മകള്‍ ശാന്ത , ധിക്കാരി അപ്പുട്ടന്റെ ഭാര്യ അമ്മിണി, കേശവന്‍ അന്തപ്പന്റെ പെങ്ങള്‍ ഏല്യാമ്മ എന്നീ ലലനാമണികളാണ് നഷ്ടപ്പെട്ട കസ്റ്റമേഴ്സെന്നും മനസ്സിലായി .

ഇവരൊക്കെ ഇപ്പോ എവിടെ പോയി ?

അതോ ലാസറ് വല്ല കുത്തിത്തിരിപ്പും ഉണ്ടാക്കിയോ ?

ഒരു മാസത്തെ ശ്രമഫലമായി കുഞ്ഞുവറുദേട്ടനു കാര്യങ്ങള്‍ ഒരു വിധം ക്ലിയറായി. ഒരു കസ്റ്റമറും തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും തന്റെ ഉച്ചക്കുള്ള ഷാപ്പുസന്ദര്‍ശന സമയത്ത് അമ്മിണിയും ഏല്യാമ്മയും ശാന്തയുമെല്ലാം കൃത്യം കൃത്യമായി ഇഞ്ചപ്പുരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ബാര്‍ട്ടര്‍ സമ്പ്രദായത്തിലധിഷ്ഠിതമായ സേവനമാണ് ലാസറ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മനസ്സിലാക്കി. ഈ പോക്ക് പോയാല്‍ തന്റെ ഇഞ്ചപ്പുര ദൌത്യസംഘം കയറിയ മൂന്നാറുപോലെയാകാന് ‍ വലിയ സമയമെടുക്കില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുവര്‍ദേട്ടന്‍ ലാസറിനെ ഉടലോലെ കോയമ്പത്തൂരില് ‍ വെറ്റിലക്കച്ചവടം നടത്തുന്ന അനിയന്‍ പ്രാഞ്ചിയുടെ അടുത്തേക്ക് പാക്ക് ചെയ്തു.

ദിവസങ്ങളങ്ങനെ തള്ളി നീക്കുമ്പോഴാണ് രണ്ടാമന്‍ ലൂവീസ് പള്ളിയിലെ വെടിക്കെട്ടുപുരയില്‍ നിന്നും വെടിമരുന്നെടുത്ത് പള്ളിസെമിത്തേരിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനകം ആനട്ടി കൊച്ചുതോമയുടെ മാര്‍ബിളില്‍ കൊത്തിയ ശവകുടീരം അമേരിക്കക്കാര്‍ കയറിയ ഇറാക്കു പോലെ ആയിരുന്നു, ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ ലൂവീസിന്റെ ദേഹത്തും. പള്ളി ആശുപത്രിയില്‍ ലൂവീസിന്റെ ഒടിയാത്ത എല്ലുകളുടെ എണ്ണമെടുക്കുമ്പോള്‍ ആദ്യമെത്തിയതും, ഒരാഴ്ചമുമ്പ് പൊട്ടാസ്യം നൈട്രേറ്റിന്റെ ഗുണഗണങ്ങള്‍ ഘോരഘോരം ലൂവീസിനെ പഠിപ്പിച്ച ഔസേപ്പുണ്ണി മാഷായിരുന്നു. എല്ലാം ഔസേപ്പുണ്യാളനില്‍ ഏല്‍പ്പിച്ച് ഔസേപ്പുണ്ണിമാഷ് ആശുപത്രിവിടുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു.. മേലില്‍ പൊട്ടാസ്യം നൈട്രേറ്റിനെക്കുറിച്ച് ഇത്രയും വിശദമായി ക്ലാസെടുക്കില്ലെന്ന്. അതിനും മുമ്പെ പ്രധാനാദ്ധ്യാപകനായ കൃഷ്ണനുണ്ണി മാഷ് , ലൂവീസ് ഇവിടെയൊന്നും പഠിക്കേണ്ടവനല്ലെന്ന സര്‍ട്ടിഫിക്കറ്റു പ്യൂണ്‍ പ്രതാപന്‍ വശം കുഞ്ഞുവര്‍ദേട്ടന്റെ വീട്ടിലേക്ക് കൊടുത്തു വിട്ടിരുന്നു.

രാമന്‍ വൈദ്യരുടെ ഒരു മാസത്തെ അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് ലൂവീസ് നിവര്‍ന്നു നില്‍ക്കാന്‍ പഠിച്ചു. മെല്ലെ മെല്ലെ കുഞ്ഞുവര്‍ദേട്ടന്‍ ലൂവിസിന്റെ മില്ലിന്റെ രക്ഷാധികാരിയാക്കി. ഇഞ്ചത്തിലെ ലൂവീസ് എന്ന നാമവും പേറി മനപ്പടിക്കലെ ഇഞ്ചപ്പുരയില്‍ ലൂവീസ് വാണു. പ്രായാധിക്യത്താല്‍ കുഞ്ഞുവര്‍ദേട്ടന്‍ മെല്ലെ മെല്ലെ വീട്ടിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.

കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ലാസറിനെ കുരുക്കിയ ദൌത്യസംഘം ലൂവീസിലും മെല്ലെ മെല്ലെ പിടിമുറുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടുമുതല്‍ മൂന്നു വരെയുള്ള വിശ്രമവേള ആനന്ദകരമായിത്തുടങ്ങാന്‍ ലൂവീസിനു അധികം സമയമെടുത്തില്ല. ജനശ്രദ്ധ മെല്ലെ മെല്ലെ ഇഞ്ചത്തിലെ ലൂവീസിലേക്ക് വീണ്ടും തിരിഞ്ഞു തുടങ്ങിയത് ലൂവീസ് അറിയാതെ പോയി.


* * *

പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ ബോമ്പെക്ക് പോയത് നാട്ടില്‍ കഴിഞ്ഞുകൂടാനുള്ള വകയില്ലാഞ്ഞിട്ടൊന്നുമല്ല. ഒരു പന്തിയില്‍ രണ്ടു വിളമ്പു വേണ്ട എന്ന മാര്‍ക്സിയന്‍ തത്വചിന്ത മുറുകെ പിടിക്കുന്ന പൈലപ്പേട്ടന്‍ രാത്രിക്കുരാത്രി ബോംബെക്ക് കയറ്റി വിട്ടതായിരുന്നു. പൈലപ്പേട്ടന്റെ സ്വന്തം പുസ്തകക്കടയില്‍ വെച്ച് മനോരമ വാരിക ചോദിച്ച നാടക നടി പണ്ടാറക്കാട് ശാന്തമ്മക്ക് പൈലപ്പേട്ടന്‍ സെക്യൂരിറ്റിലോക്കിട്ട് പൂട്ടിവെച്ച ചൂടന്‍ പുസ്തകങ്ങളിലൊന്നു ആന്റപ്പന്‍ ഗിഫ്റ്റായി നല്‍കിയെന്ന ഒരു നിസാര കാരണമായിരുന്നു അതിനു പിന്നില്‍.

മഹത്തായ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പള്ളിപ്പെരുന്നാളിന്റെ സന്ദര്‍ഭത്തിലാണ് ആന്റപ്പന്‍ പിന്നീട് നാട്ടിലെത്തുന്നത്. മെയ്ഡ് ഇന്‍ ഉല്ലാസ് നഗര്‍ റൈബാന്‍ കൂളിംഗ്ലാസും വെട്ടിരുമ്പ് ജീന്‍സുമിട്ട് ആന്റപ്പന്‍ നാട്ടില്‍ ചെത്തിനടന്നു. ഇതിനിടയില്‍ ചില കാരുണ്യപ്രവര്‍ത്തികളില്‍ പങ്കാളിയാവുകയും തന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തുകയും ചെയ്തുപോന്നു. ആന്റപ്പന്റെ ചെത്തില്‍ പങ്കാളികളായി ചിലര്‍ ഇതിനകം ആന്റപ്പന്‍ ഫാന്‍സ് അസോസിയേഷനില്‍ സ്ഥിരാംഗത്വം നേടിയിരുന്നു.

ഒരു ശനിയാഴ്ച കാലത്തായിരുന്നു ഇഞ്ചത്തിലെ ലൂവീസിന്റെ പ്രശ്നം ഫാന്‍സ് അസോസിയേഷന്‍ മെംബേഴ്സ് ആന്റപ്പനെ അറിയിക്കുന്നത്. ഈ സാമൂഹ്യപ്രശ്നത്തെ ഉന്മൂലനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് ഏവരും ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ ‘ഓപ്പറേഷന്‍ ഇഞ്ചപ്പുര‘ നിശ്ചയിച്ചു.

അന്ന് ഉച്ചക്ക് ലൂവീസ് മെഷീനുകള്‍ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആന്റപ്പന്‍ സംഘാംഗങ്ങളുമായി അവിടെ കയറി വന്നത്. വന്ന പാടെ വളരെ മാന്യതയോടെ ചോദ്യോത്തര വേള ആരംഭിച്ചു.

‘ലൂവീസേട്ടാ.. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..? ‘

‘എന്താ എല്ലാവരും കൂടി..? ‘

‘ഏയ്.. ഒന്നുമില്ല. വെറുതെ...’ സംഘാഗങ്ങള്‍ അക്ഷമരായി ഇഞ്ചപ്പുരയുടെ വാതില്‍ പടിയില്‍ തന്നെ നിന്നു.

‘ലൂവീസേട്ടാ.. ഞങ്ങള് പുറത്ത് നിന്നും പലതും കേള്‍ക്കുന്നു..’

‘എന്തൂട്ടാണ്ടാ ..’

‘ഇവിടെ ലൂവീസേട്ടന്‍ പല വൃത്തികേടുകളും നടത്തുന്നുവെന്ന് കേട്ടു..’

‘വൃത്തികേടാ.. ന്തൂട്ടാ നീ പറേണേ ആന്റപ്പാ..’

‘ലൂവീസേട്ടാ. ഞങ്ങള്‍ക്ക് ഇബടെ ഒന്ന് പരിശോധിക്കണം. ഇതിന്റെ അകത്ത് ..’ ആന്റപ്പന്റെ ശബ്ദത്തിന്റെ ഡെസിബല്‍ കുറച്ച് കൂടി. ലൂവീസിനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാന്‍ വലിയ താമസമെടുത്തില്ല.

‘ശരി.. ആന്റപ്പാ.. എല്ലാവരേയും കേറ്റി പരിശോധിപ്പിക്കാന്‍ പറ്റില്ല. വേണങ്കി നീ ഒറ്റക്ക് കേറി അന്വേഷിച്ചോ..’

ആന്റപ്പന്റെ സംഘത്തെ മുഴുവന്‍ ഒന്നു നോക്കി.

‘ശരി.. ആന്റപ്പേട്ടന്‍ മാത്രം പോയി നോക്ക്യാ മതി. ..’ എല്ലാവര്‍ക്കും ഒറ്റ സ്വരമായിരുന്നു.

ആന്റപ്പന്‍ അകത്തു പോയി .

പിന്നെ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.

‘ശരി.. ശരി.. ഇവിടെ ഒക്കെ ക്ലിയറാണ്.. നമുക്ക് പോകാം...’ ആന്റപ്പന്‍ തന്റെ സംഘത്തോടൊപ്പം നിഷ്ക്രമിച്ചു.

ലൂവീസ് ഒരു കാജാബീഡിക്ക് തീകൊളുത്തി.

പത്തുമിനിട്ടുകഴിഞ്ഞപ്പോള്‍ നീണ്ട ഒരു കോട്ടുവായിട്ടുകൊണ്ട്, കല്യാണം കഴിക്കതെ വീട്ടില്‍ നിന്നിരുന്ന ആന്റപ്പന്റെ ഒരേ ഒരു അമ്മായീ കൊച്ചുത്രേസ്യമ്മായി ഒരു നെല്ലുചാക്കുമായി ഇറങ്ങിപ്പോകുന്നത് ഫാന്‍സ് അസോസിയേഷനിലെ കുട്ടപ്പന്‍ ദൃക്‌സാക്ഷി ആയതിനു ആന്റപ്പനു ചെലവായത് രണ്ടു ഫുള്‍ബോട്ടിലായിരുന്നു.

Monday, May 14, 2007

കൊച്ചാപ്പേട്ടന്റെ വഴി

എന്റെ ചെറുപ്പകാലത്ത് ‘മാര്‍ക്കറ്റിങ്’ , ‘മാര്‍ക്കറ്റ് സെഗ്മെണ്ടേഷന്‍’ തുടങ്ങീ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പുളിഞ്ചേരിപ്പടി നിവാസികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. മാര്‍ക്കറ്റിങ് എന്നത് കുണ്ടുവക്കടവ് റോഡിലെ പുളിജോസിന്റെ പച്ചക്കറികടയുടെ മുന്‍പില്‍ പെട്ടിവണ്ടിയില്‍ കൊള്ളിക്കച്ചോടം നടത്തുന്ന കൊള്ളിവര്‍ക്കി, വെള്ളം കയറിയ ട്രാന്‍സ്പൊര്‍ട്ട് വണ്ടിയുടെ ഹോണടിക്കുന്ന പോലെ ‘ഉര്‍പ്പ്യക്ക് പത്ത് ഉര്‍പ്യക്ക് പത്ത് ‘ എന്നു വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കാനുള്ള മുസലി പവര്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്കുണ്ടായിരുന്നില്ല.

എങ്കിലും കൊച്ചാപ്പേട്ടന് പുളിഞ്ചേരി അമ്മയുടെ കൃപാകടാക്ഷം കൊണ്ടാകാം അത് കൊട്ടക്കണക്കിനു കിട്ടിയിട്ടുമുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ നൂതനമായ വിഷയങ്ങളില്‍ കൊച്ചാപ്പേട്ടന്‍ പലപ്പോഴും പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്.

കൊച്ചാപ്പേട്ടന്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്ക് ഒരു ആള്‍ ഇന്‍ വണ്‍ സൊല്യൂഷന്‍ പ്രൊവൈഡറായതിനാല്‍ കുടുംബസ്ത്രീകള്‍ക്കെല്ലാം ഇഷ്ട കഥാപാത്രമായിരുന്നു. അഞ്ചടി അഞ്ചിഞ്ച് പൊക്കവും അതിനൊത്ത കുടവയറും കയ്യില്ലാത്ത ബനിയനും നട്ടുച്ചക്കുള്ള നിഴലിന്റെ അഴകുമായാല്‍ കൊച്ചാപ്പേട്ടനായി. കൊച്ചാപ്പേട്ടന്‍ ചെയ്യാത്ത പണികളില്ല. പറമ്പ് പണിയും ഓലമെടയലും തൊട്ട് പുളിജോസിന്റെ കടയിലെ പച്ചക്കറി ഇറക്കുന്ന ചാക്കര്‍ക്കിയുടെ പണിവരെ കൊച്ചാപ്പേട്ടന്‍ ചെയ്യും. എങ്കിലും കുലത്തൊഴിലെന്നു പറയാനായുള്ളത് പൂര്‍വ്വികരായി പകര്‍ന്നു കിട്ടിയിട്ടുള്ള അറവു തന്നെ.കൊച്ചാപ്പേട്ടന്റെ അനിയന്‍ തങ്കച്ചനാണ് പ്രധാന അറവുകാരന്‍.
കൊച്ചാപ്പേട്ടന്‍ വിശേഷ അവസരങ്ങളില്‍ മാത്രമേ അറവുള്ളൂ. അതും പന്നിയെ മാത്രം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ശങ്കരാന്തിക്കുമെല്ലാം നല്ല ചെലവുള്ള പന്നിയെ അറുക്കുന്നതില്‍ കൊച്ചാപ്പേട്ടന്‍ കഴിഞ്ഞെ വേറെ ആരുമുള്ളൂ. സര്‍വ്വോപരി ഒരു ക്രോണിക് ബാച്ചിയായ കൊച്ചാപ്പേട്ടനെ രഹസ്യമായെങ്കിലും കുടുംബസ്ത്രീകള്‍ , പോര്‍ക്കുകൊച്ചാപ്പേട്ടന്‍ എന്ന് വിളിച്ചും തുടങ്ങിയിരുന്നു.

ആയിടെയാണ് ഗ്രാലന്‍ കുരിയാക്കു ബ്രോയിലര്‍ കോഴി കച്ചവടം തുടങ്ങുന്നത്. ഉത്സവ സീസണുകളില്‍ വിലകുറച്ച് കുരിയാക്കു പുളിഞ്ചേരിപ്പടിക്കാരെ മുഴുവന്‍ കോഴിത്തീറ്റക്കാരാക്കി മാറ്റി.പള്ളിപ്പെരുന്നാളിനും ഈസ്റ്ററിനുമെല്ലാം കോഴിക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ കൊച്ചാപ്പേട്ടന്‍ മാര്‍ക്കറ്റിലിരുന്ന് തുണ്ടം തുണ്ടമാക്കിയ പന്നിയെ നോക്കി ഈച്ചയെ ആട്ടിയിരിക്കുന്ന അവസ്ഥയിലേക്ക് ക്രമേണ മാറിക്കൊണ്ടിരുന്നു. കുരിയാക്കൂവിനെ നാലു പൂശ്യാലോ എന്ന വെളിപാട് മനസ്സില്‍ വരാഞ്ഞിട്ടല്ല, അവന്‍ പോയാലും വേറൊരാള്‍ അവന്റെ സ്ഥാനത്ത് വരുമെന്ന സിമ്പിള്‍ മാര്‍ക്കറ്റിങ് സ്റ്റ്രാറ്റജിക്കുമുമ്പില്‍ കൊച്ചാപ്പേട്ടന്‍ മറ്റൊരു സൊല്യൂഷനുവേണ്ടി ആലോചനാകുചേലനായി.

അന്നൊരു ദുഖവെള്ളിയാഴ്ചയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ ഈസ്റ്റര്‍. പള്ളികളിലെല്ലാം കുരിശിന്റെ വഴിയും അനുതാപ പ്രാര്‍ത്ഥനകളും അരങ്ങേറുന്ന ദിവസം. ഉച്ചകഴിഞ്ഞ് നാലുമണിയോടെ ഇടവകപ്പള്ളിയില്‍ കുരിശിന്റെ വഴി ആരംഭിക്കും. പള്ളിയുടെ മുന്‍ വശത്തുള്ള ഗ്രൌണ്ടിലാണ് അത് നടത്തുക. ഓരോ ഭാഗത്തും ഏഴുവീതം ഗ്രൌണ്ടില്‍ പതിനാലു കുരിശുകള്‍ സ്ഥാപിച്ച് ഭക്തജനങ്ങള്‍ കുരിശിന്റെ വഴി നടത്തും. ഏഴാമത്തെ കുരിശിനടുത്തു തന്നെയാണ് റോഡ് സൈഡിലെ കൊടിമരം. കുരിശിന്റെ വഴി ഏഴാംസ്ഥലത്ത് എത്തിയാല്‍ കൊടിമരത്തിനടുത്ത് വെച്ച് അച്ചന്‍ വേദപുസ്തകം വായിച്ച് ഒരു പ്രസംഗം നടത്തും.

അന്നും പതിവുപോലെ കുരിശിന്റെ വഴിയിലെ പകുതിയില്‍ അച്ചന്‍‍ വേദപുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. യൂദാസ് ഒറ്റിക്കൊടുക്കുന്ന ഭാഗം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായിച്ചുകൊണ്ടിരിക്കുന്ന സമയം.

ഗ്രൌണ്ടെല്ലാം നിശബ്ദമായ സമയത്താണ് ഒരു അലര്‍ച്ച കേട്ടത്..
എല്ലാ കണ്ണുകളും കാതുകളും അലര്‍ച്ച കേട്ട ഭാഗത്തേക്ക്..
ഭൂലോകം ഇടിഞ്ഞുവീണാലും കൊന്തയിലെ പിടി തെറ്റാത്ത കുഞ്ഞുമറിയച്ചേടത്തിയും തെല്ല് അസ്വസ്ഥയായി എഴുന്നേറ്റു നിന്നു ഒരു വിഹഗവീക്ഷണം നടത്തി.

ഒരു ഉന്തുവണ്ടിയില്‍ കൊവേന്തയിലെ മൂപ്പെത്താത്ത ഒരു ശീമപ്പന്നിയെയും കിടത്തി കൊച്ചാപ്പേട്ടനും തങ്കച്ചനും മന്ദം മന്ദം നടന്നടുക്കുന്നു. ദുഖവെള്ളിയുടെ മനസ്താപം മുഴുവന്‍ ചന്ദ്രന്റെ ചാരായഷാപ്പില്‍ സന്നിവേശിപ്പിച്ചതിന്റെ പ്രസാദഭാവം കൊച്ചാപ്പേട്ടനില്‍ ത്രസിച്ചു നില്‍ക്കുന്നു. ഉന്തുവണ്ടി വലിക്കുന്ന തങ്കച്ചനു കുരിശില്‍ കിടക്കുന്ന കര്‍ത്താവിന്റെ അതേ രൂപം.
ഈ നഗരികാണിക്കലില്‍ എനിക്കൊരു പങ്കുമില്ലെന്ന ഭാവം.

രണ്ട് ശീമപ്പന്നികളെ ഒന്നിച്ച് വലിക്കേണ്ട ഗതികേടു വന്നല്ലോ കര്‍ത്താവേ എന്ന് മനസ്സില്‍ പറയുന്നതുകൊണ്ടായിരിക്കണം തങ്കച്ചന്‍ ഭീമന്‍ രഘവിനെ പോലെ പല്ലിറുമ്മിക്കൊണ്ടായിരുന്നു ഉന്തുവണ്ടി വലിച്ചുകൊണ്ടിരുന്നത്.
കപ്പടാ മീശയും വെച്ച് ഉന്തുവണ്ടി തന്നെ എവിടേക്കെങ്കിലും കൊണ്ടുപോകട്ടെയെന്ന നിസംഗതയോടെ കൊച്ചാപ്പേട്ടന്‍ പിന്നില്‍..

പന്നി ഇടക്കിടെ ചെറുതായി മുരളുന്നുണ്ട്.

‘കൊച്ചാപ്പേട്ടാ, കുരിശിന്റെ വഴി നടക്കാണ്. ശബ്ദമുണ്ടാക്കാണ്ട് പോകണം ട്ടാ..’
ഭക്തിപുരസ്സരം, റോഡിലൂടെ പോകുന്ന കാറിന്റെയും ബസ്സിന്റെയും കണക്കെടുത്തുകൊണ്ട് കുരിശിന്റെ വഴിയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന കൊമ്പന്‍ ജോയി കൊച്ചാപ്പേട്ടനോട് പറഞ്ഞു.
‘ഫര്‍.. ര്‍.. ‘ കൊച്ചാപ്പേട്ടന്‍ ഒന്നു ചീറി പിന്നെ ‘മിണ്ടാണ്ടിരിക്ക് പോര്‍ക്കേ.. ‘ എന്നു പറഞ്ഞ് പന്നിയുടെ അത്യാവശ്യം വേണ്ട ഏതോ സ്ഥലത്ത് ‍ ഒരു ചവിട്ടും കൊടുത്തു.

ഏഴാം സ്വര്‍ഗ്ഗം കണ്ട പന്നി ദിഗന്ദങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ചു.

സുവിശേഷപ്രസംഗം നടത്തിയിരുന്ന അച്ചന്‍ അതു നിര്‍ത്തി.
‘ഹാവൂ..ഈസ്റ്ററായിട്ട് കൊച്ചാപ്പേട്ടന്‍ നല്ല ഉഷാറുള്ള പോര്‍ക്കിന്യാ വെട്ടണേ..’ പുരോഹിതന്റെ തൊട്ടുപുറകിലുണ്ടായിരുന്ന തങ്കമ്മയുടെ ആത്മഗതത്തിനു ഫ്രീക്വന്‍സികൂടിയോന്നൊരു സംശയം.

ആന്റോ സൌണ്ടിന്റെ കോളാമ്പി മൈക്കിലൂടെ തങ്കമ്മയുടെ മധുരമൊഴികള്‍ ആദ്യമായി പള്ളിഗ്രൌണ്ടിലെ അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നു.

കുരിശേന്തിയ ജനസഹസ്രം ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
പുളകിത ഗാത്രനായി, സുസ്മേര വദനനായി കൊച്ചാപ്പേട്ടന്‍ അകലെ ആ സ്വരത്തിന്റെ ഉടമയെ പരതുകയായിരുന്നു.
പിന്നെ തങ്കച്ചന്‍ ഉന്തുവണ്ടി പരമാവധി സ്പീഡില്‍ വലിച്ചുകൊണ്ട് തന്റെ ദൌത്യം പൂര്‍ത്തിയാക്കി.

വാല്‍ക്കഷണം :
1. ഈ സംഭവത്തിനു ശേഷം ഇടയ്ക്കുള്ള സുവിശേഷ പ്രസംഗം ഇടവകപ്പള്ളി എന്നന്നേക്കുമായി അവസാനിപ്പിച്ചു.
2. ഒന്നിനു പകരം രണ്ടു പന്നിയെ വെട്ടിയിട്ടും ആവശ്യക്കാര്‍ ബാക്കിയായ ആ ഈസ്റ്ററിനു അരക്കിലോ പന്നിയിറച്ചി കാലത്തു തന്നെ തങ്കമ്മയുടെ വീട്ടില്‍ കൊടുത്തുവിടാന്‍ കൊച്ചാപ്പേട്ടന്‍ തങ്കച്ചനെ പ്രത്യേകം ശട്ടം കെട്ടിയിരുന്നു.

Monday, May 07, 2007

പെണ്ണുകാണല്‍

സ്ഥലം മുടിവെട്ടുശിരോമണി ശ്രീമാന്‍ ഉണ്ണിനായര്‍ക്ക് ചൊവ്വാഴ്ച ദിവസങ്ങളിലെ മുടിവെട്ട് ഓര്‍മ്മത്തെറ്റുകൊണ്ട് വന്നുപെടുന്ന ഒരു പ്രശ്നം മാത്രമായിട്ടേ പാണ്ടിത്തോമേട്ടന്‍ കരുതാറുള്ളൂ. അല്ലെങ്കിലും ലോക ബാര്‍ബര്‍മാര്‍ക്ക് അന്നത്തെ ദിവസം ഓഫാണെന്നത് ദിവസവും ഓഫുവിട്ടെഴുന്നേല്‍ക്കുന്ന പത്തുമണിയുടെ സുപ്രഭാതത്തിലും ഉണ്ണിനായര്‍ക്ക് തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ചൊവ്വാഴ്ച ദിവസങ്ങളില്‍ ബാര്‍ബര്‍ ഷാപ്പ് തുറക്കരുതെന്ന നിയമം തെറ്റിക്കുന്നുണ്ടോയെന്നറിയാന്‍,കുപ്പി, പാട്ട & ഇരുമ്പുസാധനങ്ങള്‍ ‍ പെറുക്കുന്ന തമിഴന്മാരു പോലും റിട്ടേണ്‍ ഓര്‍ഡര്‍ അടിക്കുന്ന സൈക്കിളില്‍ ഊരു ചുറ്റുന്ന മണ്ഢലം ബാര്‍ബര്‍ അസോസ്സിയേഷന്‍ സെക്രട്ടറിയായ ചന്ദ്രേട്ടന്‍ ഇതികര്‍ത്തവ്യഥാമൂഢനായി ഉണ്ണിനായരുടെ കടയ്ക്കുമുന്നില്‍ വന്നു നില്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ചന്ദ്രേട്ടന്റെ അന്നത്തെ ദിവസം അശുഭമായിരിക്കുമെന്ന വിശ്വാസപ്രമാണം ചന്ദ്രേട്ടനെ തുടര്‍ നടപടികളില്‍ നിന്നും ഒഴിച്ചു നിര്‍ത്തും. കുറച്ച് നേരത്തെ പാര്‍ക്കിങിനു ശേഷം രാമന്‍ നായരുടെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് ചന്ദ്രേട്ടന്‍ സ്ഥലം വിടും.

ഇത്രയൊക്കെ പറഞ്ഞാലും ഉണ്ണിനായരെ ആരും കൈവച്ച ചരിത്രം ഉണ്ടായിട്ടില്ല. സ്ലിം ബ്യൂട്ടി കോണ്ടെസ്റ്റില്‍ ഒന്നാം സമ്മാനം വാങ്ങേണ്ട ആ രൂപലാവണ്യം കണ്ടാല്‍ കൈവെക്കാന്‍ പോയിട്ട് കൈയോങ്ങാന്‍ പോലും തോന്നില്ല

ഗ്രീക്ക്, ജര്‍മ്മന്‍ ദേവതകളുടെ നഗ്നരൂപങ്ങളാല്‍ അലംകൃതമായ തന്റെ ഷോക്കേസു കാരണമാണ് ചെറിയകുട്ടികള്‍ പോലും വാശിപിടിച്ച് ഈ ബാര്‍ബര്‍ഷാപ്പില്‍ കയറുന്നതെന്ന്‍ ഉണ്ണിനായര് പലപ്പോഴും രാമന്‍ നായരോട് തന്റെ വാരിയെല്ലുകള്‍ വിറപ്പിച്ച് നിന്നുകൊണ്ട് പറയാറുണ്ട്.

ഉണ്ണിനായരുടെ വിശ്രമകേന്ദ്രം തൊട്ടടുത്തു തന്നെയുള്ള രാമന്‍ നായരുടെ ചായക്കടയാണ്. പറപ്പൂക്കാരന്റെ തീയ്യറ്ററിലെ ഇന്റര്‍വെല്‍ സമയം കഴിഞ്ഞാല്‍ സമയം തെറ്റി ഓടുന്ന ട്രാന്‍സ്പോര്‍ട്ട് വണ്ടി പോലെ കാലിയായിരിക്കും രാമന്‍ നായരുടെ കട. രാമന്‍ നായരെ കൂടാ‍തെ ‘പപ്പ‘യാണ് കടയിലെ പ്രധാന കുശിനി ഓപ്പറേറ്റര്‍.

സ്നേഹം കൂടുമ്പോള്‍ രാമന്‍ നായര്‍ ‘ ^&$%% പപ്പേ ‘ എന്നുവിളിക്കുമെന്നല്ലാതെ ആരും ‘പപ്പ‘ യെ പദ്മനാഭന്‍ എന്നു വിളിച്ചു കേട്ടിട്ടില്ല. പപ്പയ്ക്കത് ആവശ്യവുമില്ലെന്നായിരിക്കും ചോദിച്ചാല്‍ പറയുക. എങ്കിലും ‘പിച്ചകൊച്ചപ്പേട്ട‘ന്റെ പലചരക്കുകടയില്‍ നിന്നും ക്രെഡിറ്റായി സാധനം വാങ്ങിക്കാന്‍ പപ്പയ്ക്കുള്ള കഴിവിനെ രാമന്‍ നായര്‍ പലപ്പോഴും ഉഴുന്നു വടയുടെ രൂപത്തിലും നെയ്യപ്പത്തിന്റെ രൂപത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പപ്പയ്ക്ക് രണ്ടു ബലഹീനതകളാണുള്ളത്. ഒന്ന് കോണ്‍ഗ്രസ്സുകാര് എവിടെയെങ്കിലും ഒരു ജാഥ വെച്ചാല്‍ അവിടെ പപ്പയുണ്ടായിരിക്കും.
അതുപോലെ തന്നെ മറ്റൊന്ന് ജയന്റെ സിനിമ. അതെവിടെയായാലും അന്ന് രാമന് നായരെ മൊഴിചൊല്ലിയാണെങ്കിലും പപ്പ അതിനു പോയിരിക്കും.

ഗോവിന്ദന്‍ നായരുടെ എണ്ണത്തില്‍ പെടുത്താത്ത മൂത്ത ഭാര്യയിലെ സന്താനമാണ് പപ്പ. വയസ്സു മുപ്പത്തിയഞ്ചായിട്ടും ക്രോണിക് ബാച്ചിയായി നില്‍ക്കുന്നു. പപ്പയെ ഒരു പെണ്ണുകെട്ടിച്ചു വിടാന്‍ ഗോവിന്ദന്‍ നായര്‍ ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല,പ്രത്യുത കാണാന്‍ പോകുന്ന പെണ്ണെല്ലാം ചായ കൊണ്ടുവന്നു വെച്ച് നിമിഷങ്ങള്‍ക്കകം അരൂപിയായി പോകുന്ന പ്രതിഭാസം മാത്രമാകുന്നു. അമ്പിസാമിയുടെ കുളത്തില്‍ മൂന്ന് കട്ട ലൈഫ് ബോയി തേച്ചുകുളിച്ചാലും പപ്പയുടെ ഗ്ലാമര്‍ പുറത്തേക്ക് വരില്ലെന്നു വെച്ചാല്‍ എന്താ ചെയ്യാ..

ആയിടെയാണ് സ്ഥലത്തെ പ്രധാന തേപ്പുകാരനും ജനകോടികളുടെ വിശ്വസ്ത ബ്ലേഡുകമ്പനി പിരിവുകാരനും അതിലുപരി ഒരു കല്യാണ ബ്രോക്കറുമായ പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലിരുന്ന് പപ്പയ്ക്ക് ഒരു ഓഫര്‍ കൊടുക്കുന്നത്.
‘പപ്പേ, ഒരു ക്ടാവ് വന്നു പെട്ടിട്ടുണ്ട്. നെനക്ക് നല്ല ചേര്‍ച്ച്യാ. ’
പരിപ്പുവട ഉണ്ടാക്കിക്കൊണ്ടിരുന്നിടത്തുനിന്നും പപ്പ പാഞ്ഞെത്തി.
....

‘പിന്നെ, ഈ കോലത്തിലൊന്നും പെണ്ണുകാണല് നടക്കില്ല. കൊറച്ച് വൃത്തിം വെടുപ്പൊക്കെയായിട്ട് വരണം. അങ്ങ്ന്യാണെങ്കി നാളെ ഉച്ചതിരിഞ്ഞ നമ്മക്ക് പൂവ്വാം..’
പപ്പ പുളകിത ഗാത്രനായി അടുക്കളയില്‍ പോയി ഒരു ഡബിള്‍ നെയ്യപ്പം സ്പെഷലായുണ്ടാകി പാണ്ടിത്തോമക്ക് സമര്‍പ്പിച്ചു. ഈ സമയം അവിടെ രാമന്‍ നായരില്ലാതിരുന്നത് എത്രനന്നായെന്ന് പപ്പയും പാണ്ടിത്തോമയും ഒരേ മനസ്സോടെ ചിന്തിച്ചു.

ഷാപ്പു സന്ദര്‍ശ്ശനവും ഉച്ചയുറക്കവും കഴിഞ്ഞ ഉണ്ണിനായര്‍ ബാര്‍ബര്‍ ഷാപ്പു തുറന്നാല്‍ രാമന്‍ നായരുടെ കടയിലെ കടുപ്പത്തിലെ ഒരു ചായ മുടക്കാറില്ല. കെട്ടിറങ്ങാന്‍ അതിനേക്കാള്‍ മികച്ച ബ്രാന്‍ഡ് വേറൊന്നുമില്ലെന്നാണ് ഉണ്ണിനായരുടെ വേദം.

‘ഉണ്ണ്യാരേ.. നമ്മടെ പപ്പക്ക് ഒരു ആലോചന വന്ന്ട്ട്ണ്ട്.. ‘ പാണ്ടിത്തോമ വിഷയമെടുത്തിട്ടു.
‘ഉവ്വാ.. എവ്ട്ന്നാ..’
‘അത് മ്മടെ മേച്ചേരിപ്പടീന്ന്.... ഒരു പ്രശ്നണ്ട്.. ഇവന്‍ ഈ കോലത്തില്‍ പോയാല്‍ പെണ്ണ് പെണ്ണിന്റെ വഴിക്ക് പോകും..’
‘അത് ശര്യ... പിന്നെ എന്താ ചെയ്യ്യാ..’
‘ഉണ്ണ്യാര് ഒരു കാര്യം ചെയ്യ് .. ഇവന്റെ മുടിയൊക്കെ ഒന്ന് വെട്ടി ഒന്ന് കുട്ടപ്പനാക്കി നിര്‍ത്ത് . നാളെ പറ്റിയാല്‍ കാലത്തു തന്നെ കൊണ്ടു പോകാം..’
‘അതിനെന്താ മാപ്ലെ പ്രശ്നം.. പപ്പേ നീയിങ്ങട് വാ..ഇപ്പ ശര്യാക്കിത്തരാം..’

സ്ഥിരമായി കുടിക്കുന്ന ചായപോലും ഒഴിവാക്കി പപ്പയെയും കൊണ്ട് ഉണ്ണിനായര്‍ തന്റെ ബാര്‍ബര്‍ ഷാപ്പ് ലക്ഷ്യമാക്കി ‘ഓപ്പറേഷന്‍ പപ്പ’ യ്ക്കായി നീങ്ങി.

മഹത്തായ രണ്ടാം വാരത്തിലേക്ക് ജയന്റെ ‘മീന്‍‘ കടന്നിരിക്കുന്നതുകൊണ്ട് തീയ്യറ്ററില്‍ നല്ല തിരക്കുണ്ട്. ഇന്റര്‍വെല്ലിനുമുന്‍പ് പപ്പയ്ക്ക് തിരിച്ചെത്തണം. രാമന് നായര്‍ അതിനുമുമ്പ് വരും.

‘ഉണ്ണ്യാരെ പെട്ടന്ന് തന്നെ ശര്യക്കി തരില്ലേ.. ‘ പപ്പ സംശയിച്ചു.
‘നീയ്യ് പേടിക്കണ്ട്രാ.. നെനക്ക് ഏത് സ്റ്റൈലാ വേണ്ടേ..’
‘യ്ക്ക് ജയന്റെ മതി..’
‘ഡാ.... ജയന്റെ സ്റ്റൈലില് ഞാന്‍ ഇതുവരെ വെട്ടീട്ടില്ല. നസീറിന്റെ മത്യാ..’
‘ഏയ്.. യ്ക്ക് ജയന്റെ മതി..’
‘ഉം...’

ഉണ്ണിനായരുടെ കറങ്ങുന്ന ഓപ്പറേഷന്‍ ചെയറിലിരുന്ന് പപ്പ ഗ്രീക്ക് ദേവതകളെയെല്ലാം ദര്‍ശിച്ച്
അങ്ങാടിയും മീനും ബെന്‍സുവാസുവും മൂര്‍ഖനും നായാട്ടുമെല്ലാം ഒറ്റ ഷോട്ടിലിട്ട് കണ്ടു നിര്‍വൃതിയടഞ്ഞു.

ഏറെ ശ്രമഫലമായി ഉണ്ണിനായര്‍ പപ്പയെ ഒരു ലെവലാക്കി എടുത്തു. കുട്ടിക്കൂറയിട്ട് കുട്ടപ്പനാക്കി പപ്പക്ക് ആ തിരു മോന്ത കണ്ണാടിയില്‍ കാണിച്ചുകൊടുത്തു . കുട്ടിക്കൂറയുടെ ആ ഗ്ലാമറില്‍ മയങ്ങി പപ്പ സംതൃപ്ത ക്ലപ്തനായി തിരിച്ച് ചായക്കടയിലേക്ക് നടന്നു.

രാമന്‍ നായര് ചായക്കടയുടെ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു.
‘ഡാ പപ്പെ, നീയ്യ് അടുത്താഴ്ച പോണന്ന് പറഞ്ഞ്ട്ട് ഇന്നു തന്നെ മുടിവെട്ടി വന്നാ..? ‘
‘ഏയ്.. ഞാന്‍ നാളെ പോകും.. പാണ്ടിത്തോമേട്ടന്റെ കൂടെ..’
‘പാണ്ടിത്തോമ്യാ...? ..‘
‘ങാ.. അയാള് വരാണ്ട്....’
‘ഡാ.. അയാള് എന്തിനാടാ പളനിക്ക് വരണേ. അയാള് മാപ്ലാരല്ലടാ...’
‘പളനിക്കാ.. ഇത് നാളെ മേച്ചേരിപ്പടീല് ഒരു പെണ്ണ് കാണാന്‍ പൂവ്വാന്‍ വേണ്ട്യാ ... ‘
‘നീയ്യ് പോയിട്ട് ആ മോന്ത തേച്ച് കഴ് കീട്ട് ആ കണ്ണാടീലൊന്ന് ചെന്ന് നോക്കടാ...’
അല്പം വിഷമത്തോടെയെങ്കിലും മുഖം കഴുകി പപ്പ കണ്ണാടിയെടുത്ത് നോക്കി.

ജയന്റെ സ്റ്റൈലില്‍ വെട്ടാന്‍ പറഞ്ഞിട്ട് ജയില്‍പ്പുള്ളി സ്റ്റൈലിലാണല്ലോ ദൈവമേ ഈ ഉണ്ണിനായര് വെട്ടിയിരിക്കുന്നതെന്ന നഗ്നസത്യത്തിന്റെ മോന്തക്ക് ഒരു പൂശു പൂശി.

അന്ന് മാറ്റിനിയുടെ ഇന്റര്‍വെല്ലിനു മുമ്പുതന്നെ ഉണ്ണിനായര് ഒരു വശം മാത്രം വീര്‍ത്ത മുഖത്തോടെ ബാര്‍ബര്‍ഷാപ്പ് അടച്ച് വീട്ടില്‍ പോകുകയും ഒരാഴ്ചത്തേക്ക് പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലേക്ക് എത്തിനോക്കുക പോലും ചെയ്തില്ലയെന്നത് ചരിത്രം.

Saturday, April 07, 2007

ടൈഗര്‍

വീട്ടിലെ മില്‍മ ബൂത്തായ അമ്മിണിയുടെ വെയര്‍ ഹൌസിലെ ഇക്കണോമിക് സ്റ്റോക്കും ഇന് വെന്ററി ഓണ്‍ ഹോള്‍ഡും സംതുലം പ്രാപിക്കാതെ വന്നപ്പോഴാണ് ഫാമിലി കറവക്കാരനായ കൃഷ്ണേട്ടന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചുതുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രനേതൃത്വം ആഡിറ്റ് ചെയ്തപ്പോള്‍ കുടുമ്മത്തിലെ പ്രജകളുടെ ഇന്‍പുട്ട് പഴയതിനേക്കാള്‍ കൂടിയും അമ്മിണിയുടെ എക്സ്പെക്റ്റഡ് ആനുവല്‍ ഇഷ്യു റേറ്റ് ദിനം പ്രതി കുറഞ്ഞുമിരിക്കുന്നതായി കണ്ടെത്തി.

ഇനിയുള്ള ഏക പോം വഴി പുറത്തുനിന്നും പാല്‍ ഇറക്കുമതി ചെയ്യുകയെന്നതുമാത്രമായിരുന്നു. അങ്ങനെയാണ് പറപ്പൂ‍ക്കാരന്റെ വീട്ടില്‍ നിന്നും പാല്‍ കൊണ്ടുവരാന്‍ ഒരു ഡീലുണ്ടാക്കിയത്.

സ്ഥലത്തെ പ്രധാന കാശുകാരനാണ് പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്‍. രണ്ടു സിനിമാ തീയ്യറ്ററും (ബിറ്റ് ഇടുന്ന ഒന്ന്, ബിറ്റിടാത്ത ഒന്ന്) ഏക്കറുകണക്കിന ഗ്രഹണി പിടിച്ച തെങ്ങിന്‍ പറമ്പും ആജാനബാഹുവായി നീണ്ടു നിവര്‍ന്നുകിടക്കുന്ന ഒരു വീടും സ്വന്തമായുള്ള വര്‍ഗ്ഗീസേട്ടന്റെ വീട്ടില്‍ മുന്തിയ ഇനം മൂന്നു പശുക്കളുമുണ്ട്. പാല്‍ ഇഷ്ടം പോലെയുണ്ടെങ്കിലും പുറത്ത് അങ്ങനെ വില്‍ക്കാറില്ല. പിന്നീട്, മൂത്തമകള്‍ ഉപരിപഠനാര്‍ത്ഥം ടൌണിലെ ട്യൂട്ടോറിയല്‍ കോളജില്‍ സ്ഥിരതാമസമാക്കിയപ്പോഴാണ് വീട്ടില്‍ പശുവിന്‍ പാല്‍ ഇത്രയധികം ബാക്കി വരുന്നകാര്യം വര്‍ഗ്ഗീസേട്ടന്‍ മനസ്സിലാക്കിയത്. കൃഷ്ണേട്ടന്‍ മുഖാന്തിരമാണ് ഇക്കാര്യമറിയുന്നത്. പിന്നെ കേന്ദ്രനേതൃത്വം ഇടപെട്ട് വര്‍ഗ്ഗീസേട്ടനുമായി ഡീലുണ്ടാക്കി.

അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. വള്ളിട്രൌസറില്‍ നിന്നും മുണ്ടിലേക്ക് എക്സ്ചേഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന സമയം.

ആദ്യ ദിവസങ്ങളില്‍ കൃഷ്ണേട്ടന്‍ തന്നെയാണ് പാല്‍ കൊണ്ടുവന്നിരുന്നത്. പിന്നീടൊരു ദിവസം കൃഷ്ണേട്ടന്‍ സുഖമില്ലാതായപ്പോഴാണ് ഹൈക്കമാ‍ന്റിന്റെ ഉത്തരവനുസരിച്ച് എന്റെ തലയില്‍ ആ ഉത്തരവാദിത്തം വീഴുന്നത്.

‘യ്ക്ക് പഠിക്കാണ്ട് ..’ എന്നൊക്കെ പറഞ്ഞു ആദ്യം ഒന്നൊഴിയാന്‍ നോക്കി. ഗുസ്തിക്കാരന്‍ ടെര്‍മിനേറ്ററുടെ മിനിയേച്ചറായ ചെറിയച്ചന്റെ നോട്ടത്തിനുമുന്‍പില്‍ ഞാന്‍ പണ്ടാറടങ്ങി.

എന്ത് പഠിപ്പ് .. കാലത്ത് ആറരക്ക് എഴുന്നേറ്റ് ആര്‍ക്കോ വേണ്ടി പല്ലും മുഖവും കഴുകി ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്ന് റബ്ബര്‍ ബാന്‍ഡില്‍ നിന്നും പുസ്തകങ്ങളെ മുക്തരാക്കി തെക്കോട്ടും വടക്കോട്ടും പോകുന്ന ബസ്സുകളുടെ കണക്കും കല്ലൊര കമ്പനിയിലേക്ക് പോകുന്ന ലലനാമണികളുടെ ടാബുലേഷന്‍ ജോലികളും തന്നെ. ഇടയ്ക്ക് ‘ഡാ..’ എന്ന് ചെറിയച്ചന്‍ വിളിക്കുമ്പോള്‍ അടുത്ത പേജ് മറിക്കും. ഒന്‍പതുമണിയോടെ വഴിനീളെ കാണുന്ന മൂവ്വാണ്ടന്‍, വളോര്‍, മുത്തുകുടിയന്‍ മാവുക്ളിലും കോഴി, പശു, എരുമ, നായ എന്നീ ജീവികളില്‍ ബൌളിങ് അഭ്യാസവും നടത്തി പത്തുമണിയോടെ പ്യൂണ്‍ ഔസേപ്പേട്ടന്‍ മൂന്നാം മണിയടിക്കുമ്പോഴാണ് ക്ലാസ്സിലെത്തുന്നത്. ഉച്ചകഴിഞ്ഞും തഥൈവ. വൈകീട്ട് രാവുണ്ണിനായരുടെ കടയില്‍ നിന്നും അന്‍പതു പൈസയ്ക്ക് കടുക് വാങ്ങാന്‍ പോയാല് പത്തുപൈസക്ക് കടുകും ബാക്കി പൈസക്ക് എനിക്ക് തോന്നിയതുമാണ് കണക്ക് (തോന്നിയതെന്നാല്‍ കപ്പലണ്ടി മുട്ടായിയും ചോന്ന മുട്ടായിയും മാത്രം) അത്രയ്ക്കും ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും മുറ്റിനിന്നിരുന്ന എന്നെയാണ് ചെറിയച്ചന്‍ ആസ്ഥാന പാല്‍ക്കാരനായി അവരോധിക്കുന്നത്.

ആദ്യ ദിവസം ആറരമണിയോടെ എല്ലാം ദൈവത്തിലര്‍പ്പിച്ച് ഞാന്‍ ജോലിക്കിറങ്ങി. ഒരു തുണി സഞ്ചിയില്‍ കല്യാണിയുടെ മൂന്ന് കാലിയായ ബോട്ടിലും അതിനു പറ്റിയ കോര്‍ക്കും.

വഴിയിലിറങ്ങിയപ്പോഴാണ് കൂരെറപ്പായിചേട്ടനും മറിയാമ്മചേടത്തിയാരുമടങ്ങുന്ന സംഘം ഏഴുമണിയുടെ കുര്‍ബാനയ്ക്ക് പ്രദക്ഷിണമായി ഇറങ്ങിയിരിക്കുന്നത് കാണുന്നത്.
‘എവ്ടേയ്ക്കാ കുട്ട്യേ കാലത്തന്നെ...’ കൂരേറപ്പായേട്ടന്‍ ചോദിച്ചു. സാധാരണ ആ സമയത്ത് അമ്മ പുണ്യാഹം തെളിക്കുന്ന ശബ്ദമാണല്ലോ കൂരെറപ്പായേട്ടന്‍ കേള്‍ക്കാറുള്ളതെന്നോര്‍ത്തു.

‘മ്മടെ പറപ്പൂക്കാരന്റെബടക്ക് ...പാല് വേടിക്കാനേയ്..’

പറപ്പൂക്കാരന്റെ വീടിന്റെ മുന്‍ വശം വിശാലമായ പൂന്തോട്ടമാണ്. അതിന്റെ ഒരു വശത്ത് ഒരു നടപ്പാതയുണ്ട്. അതിലൂടെയാണ് വീടിന്റെ പിന്നിലേക്ക് പോകുന്നത്. അങ്ങനെ നടന്നുപോകുമ്പോഴാണ് എന്റെ മനം കുളിര്‍പ്പിച്ചുകൊണ്ട് ഒരു കാഴ്ച കാണുന്നത്. മതിലിനോട് ചേര്‍ന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു ചാമ്പമരം, തൊട്ടടുത്ത് ഒരു ലൂവിക്കമരം പിന്നെ ഒരു നാരകം. അതിനുമപ്പുറത്ത് ചെറിയ ഒരു പ്രിയോര്‍ മാവ്.

ദൈവമേ നീ എന്നെ ഏദന്‍ തോട്ടത്തിലേക്കാണോ വിട്ടിരിക്കുന്നത് ?
പരിസരം ഒന്ന് പരതിയ ശേഷം മെല്ലെ ചാമ്പമരത്തിന്റെ അടുത്ത് ചെന്നു .
ചാമ്പക്കായ്കള്‍ എന്നെ മാടി മാടി വിളിക്കുന്നതായി തോന്നി.
ഒരു ചാമ്പക്കായ് പൊട്ടിക്കാനായി കയ്യുയര്‍ത്തിയപ്പോഴാണ് ഒരു മുരള്‍ച്ച കേട്ടത്.
തിരിഞ്ഞുനോക്കിയപ്പോഴാണ് അവന്‍ എന്നെ തന്നെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായത്.
ബുള്‍ഡോസര്‍ കണക്കെ ഒരു നായ.
ഒരു നാലടി പൊക്കവും അതിനൊത്തവണ്ണവുമുള്ള വെളുത്ത ചുള്ളന്‍. കൂട്ടിനകത്താണ്. സമാധാനം. എന്നാലും ഇതുവരെ മുരളാതെ ഞാനിത് പൊട്ടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു അവന്‍.

ഞാന്‍ വീണ്ടു ചാമ്പക്കായ് പൊട്ടിക്കാനായി കൈയുയര്‍ത്തി. പിന്നെ അവന്‍ മുരണ്ടില്ല.
കൂട്ടില്‍ നിന്ന നില്‍പ്പിലൊന്ന് ചാടി. പിന്നെ ചെവിപൊട്ടുമാറുച്ചത്തില്‍ ഒരു കുര .
ഒന്നുമറിയാത്ത ഭാവത്തില്‍ ഞാന്‍ തിരിച്ചു നടന്നു.
അപ്പോഴാണ് പിന്നില്‍ നിന്നും വര്‍ഗ്ഗീസേട്ടന്റെ മൂത്ത പുത്രന്‍ വരുന്നത് കണ്ടത്.
‘ടൈഗര്‍... ‘ എന്നുറക്കെ വിളിച്ചപ്പോള്‍ അവന്‍ കുര നിര്‍ത്തി. പിന്നെ എന്നെ നോക്കി ഒരു വികൃതമായ സ്വരമുണ്ടാക്കി.,
‘നിന്നെ പിന്നെ കണ്ടോളാം ..’ എന്നായിരിക്കുമോ ടൈഗര്‍ പറഞ്ഞത് ?
പിന്നെ കൂട്ടിനുള്ളില്‍ ‍ ഒന്നുവട്ടം തിരിഞ്ഞ് അവന്‍‍ അവിടെ കിടന്നു.
ദൈവമേ, ഈ നായ ഇനി ഇതൊക്കെ പറഞ്ഞ് പ്രശ്നമാക്കുമോയെന്ന സംശയവുമായി ഞാന്‍ പാലും വാങ്ങി അന്നത്തെ ടാസ്ക് ശുഭപര്യവസാനിപ്പിച്ചു.

അന്നു രാത്രി ഉറക്കത്തില്‍ , ഇങ്ങനെ ഏദന്‍ തോട്ടത്തിലൂടെ പഴങ്ങളൊന്നും പറിക്കാതെയുള്ള ഈ യാത്ര നിരര്‍ത്ഥകമാണെന്ന് പിശാച് എന്റെ മനോമുകുരത്തില്‍ കോറിയിട്ടു.

പിറ്റേന്നു കാലത്തും ‘ഓപ്പറേഷന്‍ ചാമ്പക്ക’ ക്കുള്ള രണ്ടാം ശ്രമത്തിലും ടൈഗര്‍ മുരണ്ടു. ഞാന്‍ പിന്‍ വലിഞ്ഞു. പിന്നെ കലി കയറി, ഒരു ചെറിയ കല്ലെടുത്ത് ഒരു ബൌളിംഗ് പ്രാക്റ്റീസ് നടത്താനും മറന്നില്ല. ടൈഗര്‍ ‘കൈ.. കൈ.. ‘ എന്ന മധുരമനോഹരമായ ഒരു പാട്ടു പാടി കുര പഴയതിനേക്കാള്‍ ശൌര്യത്തോടെ തുടര്‍ന്നു.

അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായി പിന്നിട്ടു.

ഈസ്റ്റര്‍ കഴിഞ്ഞ ഒരു തിങ്കളാഴ്ച ദിവസം.
പതിവുപോലെ കാലത്ത് പാല്‍ സഞ്ചിയുമായി മോണിംഗ് വാക്കിനിറങ്ങി. പറപ്പൂക്കാരന്റെ വീട്ടിലെത്തി ടൈഗറിന്റെ കൂടിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അവന്‍ ‍ കൂട്ടിലില്ല.
ഹാവൂ സമാധാനം.
മനസ്സമാധാനമായി ‘ഓപ്പറേഷന്‍ ചാമ്പക്ക’ നടത്താമല്ലോയെന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. മെല്ലെ ചാമ്പ മരത്തിന്റെ ആ സുഖ ശീതളിമയിലേക്ക് നടന്നടുത്തു.

അപ്പോഴാണ് ഓര്‍ത്തത് ചാമ്പക്ക പൊട്ടിച്ചാല്‍ തന്നെ എങ്ങനെ കടത്തും ? സഞ്ചിയിലിടാന്‍ പറ്റില്ല. പാല്‍ കുപ്പിയില്‍ നിറക്കുമ്പോള്‍ വര്‍ഗ്ഗീസേട്ടന്റെ പണിക്കാരാരെങ്കിലും കണ്ടാല്‍ നാണക്കേടാവും.
തലയില്‍ പല ഐഡിയകളും ഒരുമിച്ച് മിന്നി.

അങ്ങനെയാണ് മടക്കിക്കുത്തിയ മുണ്ടില്‍ ഇടാമെന്ന് തീരുമാനിച്ചത്. പിന്നെ മെല്ലെ ചാമ്പമരത്തിനടുത്തെത്തി . നിറയെ കായ്കകള്‍. ചുവന്നു തുടുത്തു നില്‍ക്കുന്നു. തൊട്ടുരിയാടാതെ ആദ്യത്തെ ചാമ്പക്കായ് പറിച്ചു.
എന്തൊരു ഭംഗി.
വര്‍ഗ്ഗീസേട്ടന്‍ ഇത് പൊട്ടിക്കാതെ നിര്‍ത്തിയിരിക്കുന്നത് എനിക്കുവേണ്ടിയായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി.
പെട്ടന്നാണ് അകലെ ഒരു മിന്നായം പോലെ ഒന്ന്. എന്തോ വെളുത്തുരുണ്ട് ഒരു സാധനം പറന്നു വരുന്നു.
ടൈഗറല്ലേ അത്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു മുരള്‍ച്ചയോടെ അവന്‍ പാഞ്ഞു വന്നു.
ഈ പിശാചിനെ കെട്ടിയിട്ടിരുന്നില്ലേ ..
പിന്നോട്ട് ഓടണോ എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു. പാല്‍ക്കുപ്പിയടങ്ങിയ തുണിസഞ്ചി താഴെയിട്ടു. പിന്നിലേക്ക് കുറെ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ളത് ചാമ്പ മരത്തിനടുത്തുള്ള മറ്റൊരു മരത്തിനടുത്തുള്ള ആറടി പൊക്കമുള്ള മതിലാണ്. ഞാന്‍ ഓടീ , പിന്നാലെ ടൈഗറും. ഞാന്‍ ഓടി മരത്തില്‍ കയറി. കയറിയപ്പോഴാണറിഞ്ഞത് ഇത് ആ നാരകത്തിന്റെ മരമല്ലേ. അവിടവിടെയായി മുള്ളുകള്‍. ഭാഗ്യത്തിന് ദേഹത്തൊന്നും കൊണ്ടില്ല. പിന്നെ സൈഡിലെ മതിലിലേക്ക് എങ്ങിനെയൊക്കെയോ വലിഞ്ഞു കയറി. അപ്പുറത്തേക്ക് ചാടുന്നതിനു മുന്‍പ് തിരിഞ്ഞു ഒന്ന് നോക്കി. ‍ ടൈഗറിനെ കാണുന്നില്ല.
എന്റെ മുണ്ടും.
ദൈവമേ..

സൂക്ഷിച്ച് നോക്കിയപ്പോള്‍ മരത്തിന്റെ മറുവശത്ത് ‍ ടൈഗറിന്റെ പിന്‍ കാലുകള്‍ കണ്ടു.
ഞാന്‍ മതിലില്‍ അള്ളിപ്പിടിച്ചിരുന്നു. തല ചെരിച്ച് ഒന്നുകൂടി നോക്കി.
വലതു കാലുകള്‍ കൊണ്ട് എന്റെ മുണ്ട് നിവര്‍ത്തുവാന്‍ ശ്രമിക്കുകയാണ് ടൈഗര്‍. ഇനി ഈ നായ മുണ്ടുടുക്കുന്ന നായയിരിക്കുമോ ?
അതോ ഞാന്‍ പൊട്ടിച്ചു വെച്ച ചാമ്പക്കായ തൊണ്ടിയായി എടുത്ത് കേസ് ചാര്‍ജ്ജ് ചെയ്യാനാവുമോ ?

ഒരു നിമിഷം ഞാന്‍ നിര്‍ന്നിമേഷനായി നോക്കി.
പിന്നെ ടൈഗര്‍ ‘ശ് ര്‍... ‘ എന്ന ശബ്ദത്തോടെ എന്റെ മുണ്ടിനെ പിച്ചി ചീന്തി.

എന്താ ഈ നായയ്ക്ക് തലക്ക് വട്ടായോ.

അതോ ഈ നായ മുന്‍ ജന്മത്തില്‍ വല്ല കോണ്‍ഗ്രസ്സുകാരനായിരുന്നോ എന്റെ ഈ ചുവന്ന മുണ്ട് ഇങ്ങനെ പീസ് പീസാക്കാന്‍.
ഇനിയും അവിടെ നിന്ന് എന്റെ മുണ്ടിനെ ഈ കശ്മലന്‍ നശിപ്പിക്കുന്നത് കാണാനുള്ള മനസ്സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് മതിലില്‍ നിന്നും അടുത്ത് ഇടവഴിയിലേക്കിറങ്ങി.

അപ്പൊഴാണ് ഓര്‍ത്തത് ഇനി എങ്ങനെ ഈ വഴിയിലൂടെ പോകും.
അവളുടെ രാവുകളിലെ പ്രമാദമായ ഒരു പൊസിഷനിലാണ്. വി.ഐ.പിയുടെ അണ്ടര്‍വെയറും കടന്ന് ഷര്‍ട്ട് താഴെക്കിറങ്ങിയിരിക്കുന്നു.
ചുറ്റും നോക്കി. ആരെയും കാണുന്നില്ല.
ഇനി ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. എത്രയും പെട്ടന്ന് വീടെത്തണം. സൂര്യന്‍ നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് റിട്ടേണ്‍ ടിക്കറ്റെടുക്കാനുള്ള ക്യൂവിലാണ്.

ഇങ്ങനെ ഓടുകയാണെങ്കില്‍ അണ്ടര്‍ വെയറില്ലാതെ ഓടുകയാണെന്ന് തോന്നിച്ചാലോ. പിന്നെ വേറൊന്നും ചിന്തിച്ചില്ല. പേരിനുമാത്രം കുടുക്കുകള്‍ ഉള്ള ഷര്‍ട്ട് അണ്ടര്‍വെയറിനകത്തേക്ക് ഇന്‍ ചെയ്തു വെച്ചു.

മില്‍ഖാസിങ്ങിനെ മനസ്സിലാവാഹിച്ചു വെച്ചു പിടിച്ചു. സൈഡ് പിടിച്ച് ഒരു ഓട്ടം.
പാതി വഴിയെത്തിയപ്പോഴാണ് കൂരെറപ്പായേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വരുന്നത്.
ഞാന്‍ സ്പീഡ് കൂട്ടി. അവരെങ്ങാനും എന്നെ തിരിച്ചറിഞ്ഞാല്‍ മാനം കപ്പലു കയറും.
പിന്നെ ഒന്നും നോക്കിയില്ല. ഒരു സൈഡിലേക്ക് തല ചെരിച്ചുപിടിച്ച് നാവു മൂക്കിലേക്ക് വളച്ച്, നെറ്റിചുളിച്ച് പിടിച്ച് ഞാന്‍ ഓടി. , അവരെ കടന്നു. പിന്നെ സ്പീഡ് കുറച്ചു.
സമാധാനം..
പിന്നെ, വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.

കൂരേറപ്പായേട്ടന്‍ തിരിഞ്ഞു നിന്ന് അന്തം വിട്ട് എന്റേ ഓട്ടം കണ്ടുകൊണ്ടിരിക്കുകയാണ്.
‘പിള്ളേര്ടെ ഓരോ രോ ഫാഷനേയ്..’ കൂരെറപ്പായേട്ടന്‍ കുഞ്ഞിമറിയത്തോട് വിശദീകരിക്കുന്നു.
ഹാവൂ. ഒരാള്‍ക്കെങ്കിലും എന്നെ മനസ്സിലാക്കാന്‍ പറ്റിയല്ലോയെന്ന ആശ്വാസത്തോടെ കൂരെറപ്പായേട്ടനു ഒരു ‘തംസ് അപ്പ്’ കൊടുത്ത് മെല്ലെ നെഞ്ചും വിരിച്ച് ഞാന്‍ വീട്ടിലേക്ക് നടന്നു.

അതിനു ശേഷം ചെറിയച്ഛന്‍ എന്നില്‍ നിന്നും ആസ്ഥാന പാല്‍ക്കാരനെന്ന പട്ടം തിരിച്ചു വാങ്ങുകയും ചുവന്ന മുണ്ട് എനിക്കൊരു അലര്‍ജ്ജിയാവുകയും ചെയ്തത് ചരിത്രം.

Saturday, March 31, 2007

കോഴിക്കൂട്

കുറുക്കന്‍, കുറുനരി, കറ്റാമ്പുലി എന്നീ വന്യമൃഗങ്ങളില്‍ നിന്നും, വളരെ അനുസരണയും ആത്മാര്‍ത്ഥതയുമുള്ള ടോമിയെന്ന വീട്ടുകാര്യം നോക്കുന്ന നായയില്‍ നിന്നും വീട്ടിലെ കോഴിപ്പടയെ രക്ഷിക്കാനുള്ള സെക്യുരിറ്റി അളവുകളൊന്നും തന്നെ ബില്‍റ്റ് ഇന്നായില്ലാത്ത ഒരു കോഴിക്കൂടായിരുന്നു വീട്ടിലുള്ളതെന്ന നഗ്നസത്യം ഗ്രഹനാഥനായ മുത്തച്ഛനോട് തലയിണമന്ത്രമായി എല്ലാവരും കേള്‍ക്കെ മുത്തച്ഛി ഓതുമ്പോള്‍ ടോമി പോലും തെക്കേതിലെ രാമന്‍ നായരുടെ പറമ്പ് ലക്ഷ്യമാക്കി പറന്നിരുന്നു.. 55 ഡെസിബെലില്‍ കൂടിയ ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിന്‍ ഹാനികരമാണെന്ന വാദമൊന്നും മുത്തച്ഛിക്ക് ബാധകമല്ല.

അന്ന് കാലത്ത് എണ്ണം പറഞ്ഞ രണ്ടു പൂവന്‍ കോഴികളുടെ ശരീര ഭാഗങ്ങളാ‍ണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കോഴിക്കൂടിന്റെ അടിയില്‍ നിന്നും മുത്തച്ഛി പെറുക്കിയെടുത്തത്. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു. സ്വന്തം ജേഷ്ഠന്റെ കാലൊടിഞ്ഞപ്പോള്‍ പോലും ഡെലിവറി ചെയ്യാത്ത മുത്തച്ഛിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത വെയര്‍ഹൌസിലെ കണ്ണുനീര്‍ത്തുള്ളികള്‍ അന്നാണ് തന്റെ മരുമക്കള്‍ക്ക് ദൃശ്യമാക്കിയത്.

പിറ്റേന്ന് കാലത്ത് ദന്തധാവനാതിശൌച്യകര്‍മ്മകള്‍ കഴിഞ്ഞയുടനെ മുത്തച്ഛന്‍ , ഫാമിലി ആശാരിയായ കറപ്പാശാരിയെ തിരക്കി ഇറങ്ങിയിരുന്നു. ഒന്നര നാഴിക അകലെയുള്ള വൈലിപ്പാടത്തിന്റെ അപ്പുറത്താണ് കറപ്പാശാരിയുടെ വീട്.

കറപ്പാശ്ശാരിയാണ് വീട്ടിലെ എല്ലാ വിധ അറ്റകുറ്റ പണികളും നടത്തുന്നത്. വളരെ ഉയരം കുറഞ്ഞ് മെലിഞ്ഞ് നല്ല കൂനുള്ള കറപ്പാശാരിയെ ചെവിയില്‍ ഒരു പെന്‍സില്‍ , കറുത്ത ഫ്രയിട്ട കണ്ണട,ചിത്രപ്പണികളുള്ള ഒരു ഊന്നുവടി എന്നിവയില്ലാതെ ദര്‍ശനം അപൂര്‍വ്വം. മുത്തച്ഛന്റെ വീക്ഷണത്തില്‍ കറപ്പാ‍ശ്ശാരി ഒരു ജീനിയസ്സാണ്. ശരിക്കും ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍. എല്ലാ കാര്യത്തിനും അങ്ങേര്‍ക്കൊരു ദര്‍ശനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു കട്ടിള പണിയാന്‍ കറപ്പാശാരിയെടുക്കുന്ന സമയം പത്തുദിവസമാണ്. മറ്റുള്ള ആശാരിമാര്‍ മൂന്നുദിവസം കൊണ്ട് പണിയുന്നിടത്താണ് കറപ്പാശ്ശാരി ഇത്രയും സമയമെടുക്കുന്നത്.

കറപ്പാശാരിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സമ്പൂര്‍ണ്ണ സസ്യാഹാരിയാണ്. കാലത്ത് കൃത്യം എട്ടുമണിക്ക് പണി ആരംഭിക്കും. അരമണിക്കൂര്‍ തന്റെ ആയുധങ്ങള്‍ രാകും. പിന്നെ മെല്ലെ മെല്ലെ ഓരോസാധനങ്ങളുമായി പണി തുടങ്ങാനിരിക്കും. പത്തുമണിക്ക് കാപ്പി പതിനൊന്നിനു മുറുക്കാന്‍. പന്ത്രണ്ടരക്ക് പള്ളിയിലെ വെടി പൊട്ടുമ്പോള്‍ പണി നിര്‍ത്തും . സാംബാറും രസവും കൂട്ടി വിശാലമായ ഒരു ഊണ്. പിന്നൊരു മുറുക്ക്. അതു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയക്കം. കൃത്യം രണ്ടരക്ക് വീണ്ടും അരമണിക്കൂര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടും. നാലുമണിക്ക് ചായ. അഞ്ചുമണിക്ക് സഞ്ചിയുമായി വീട്ടില്‍ പോകാന്‍ റെഡി.

ഈ കറപ്പാശാരിയെയാണ് മുത്തച്ഛന്‍ പുതിയ കോഴിക്കൂടുണ്ടാക്കന്‍ ഏല്‍പ്പിക്കുന്നത്. കറപ്പാശാരിക്ക് മുത്തച്ഛന്‍ കോഴിക്കൂടിനു വേണ്ട ഉപാധികള്‍ വിശദീകരിച്ചു. എല്ലാ കോഴികള്‍ക്കും സൌകര്യമനുസരിച്ച് ഇരുന്നും കിടന്നും ഉറങ്ങാനുള്ള സ്ഥലസൌകര്യം, ഉറപ്പുള്ള അടിഭാഗം. അടിയില്‍ നിന്നും കറ്റാന്‍പുലി മാന്തി കോഴികളെ എടുക്കാന്‍ സൌകര്യം കൊടുക്കരുത്., വാതില്‍ നല്ല ഉറപ്പുള്ളതായിരിക്കണം, സാധാരണ കുറുക്കന് വാതില്‍ തുറന്നാണ് കോഴികളെ പിടിക്കുന്നത്., അതിനാല്‍ കോഴിക്കൂടിന്റെ വാതിലിന്‍ ആവശ്യമായുള്ള എല്ലാ സെക്യൂരിടി അറെഞ്ചുമെന്റുകളും വേണം.

മഹത്തായ അഞ്ചാം വാരത്തില്‍ കറപ്പാശാരി ആ ചന്ദ്രയാന്‍ പ്രൊജക്റ്റ് അവസാനിപ്പിച്ച് മുത്തച്ഛനും മുത്തച്ഛിക്കും സമര്‍പ്പിച്ചു.

മുത്തച്ഛന്‍ പറഞ്ഞ എല്ലാം ഒത്തിണങ്ങിയ പത്തടി നീളവും മൂന്നടി വീതിയുമുള്ള ഒരു കോഴിക്കൂട്. കോഴിക്കുടിന്റെ വാതിലിന് ഒരു പ്രത്യേകതയുണ്ട്. സെക്യൂരിറ്റി ലോക്കിട്ടാല്‍ പിന്നെ വാതില്‍ തുറന്ന് കുറുക്കന്‍ കയ്യിട്ടാല്‍ കുറുക്കന്‍ കുടുങ്ങും. അങ്ങനെയാണ് കറപ്പാശ്ശാരി കോഴിക്കൂടിന്റെ വാതില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു പക്ഷേ കറപ്പാശ്ശാരി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പണികഴിഞ്ഞ് പോകുന്ന ദിവസം ഉച്ചകഴിഞ്ഞ സമയത്താണ് ഈ ഗുട്ടന്‍സ് മുത്തച്ഛനെ മാത്രം വിളിച്ച് കാണിച്ചുകൊടുക്കുന്നത്.

പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ കോഴിക്കൂട്ടില്‍ കയറിത്തുടങ്ങി. പുറത്തുനിന്നും നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകത്ത് അതിവിശാലമായ സൌകര്യങ്ങള്‍. അടയിരിക്കാന്‍ പിടക്കോഴികള്‍ക്ക് പ്രത്യേകം അറ. പൂവ്വന്‍ കോഴികള്‍ക്ക് തലയുയര്‍ത്തി ‘കൊക്കരക്കോ കോ.. ‘ വിളിക്കാന്‍ ഉയരം കൂടിയ മേല്‍ത്തട്ട്. രാത്രി ഭക്ഷണശേഷം അല്പം വെള്ളമടിക്കാന്‍ ഡിഷ് ഹോള്‍ഡര്‍. അങ്ങനെ കറപ്പാശ്ശാരിയുടെ തലയിലുദിച്ച എല്ലാ സൌകര്യങ്ങളുമുള്ള ആഷ് പോഷ് ഒരു കോഴിക്കൂട്.

കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. രാത്രിയാകുമ്പോള്‍ മുത്തച്ഛി അഭയാര്‍ത്ഥികളെ ഓരോന്നായി പിടിച്ച് പുറത്തിടുന്ന പരിപാടിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരു ത്രിസന്ധ്യക്ക് മുത്തച്ഛിയുടെ കര്‍ണ്ണകഠോരമായ ദീനാലാപം കേട്ടാണ് , പത്തായപ്പുരയുടെ മറയില്‍ ഒളിച്ചിരുന്ന് വലിക്കുകയായിരുന്ന കാജാബീഡി മുത്തച്ഛന്റെ കയ്യില്‍ നിന്നും താഴെ വീണത്. ഓടി വന്നു നോക്കുമ്പോള്‍ മരുമക്കളും മുത്തച്ഛിയും കൂടി കോഴിക്കൂടിനടുത്ത് അഭ്യാസപ്രകടനങ്ങള്‍. മുത്തച്ഛി അലമുറയിടുന്നു. മരുമക്കള്‍ ചുറ്റും അന്തം വിട്ടും നില്ല്കൂനു. മുത്തച്ഛിയുടെ ഒരു കൈ കോഴിക്കൂട്ടിലെ വാതിലിലെ സെക്യൂരിറ്റില്‍ ലോക്കില്‍ പിടിക്കപ്പെട്ടിരിക്കുന്നു. അകത്തു കയറിയ അടുത്ത വീട്ടിലെ കുക്കുടത്തെ പിടിച്ചിറക്കാന്‍ നോക്കുന്നതിനിടയിലാണ് കറപ്പാശ്ശാരിയുടെ സെക്യൂരിറ്റി ലോക്ക് മുത്തച്ഛിയുടെ കയ്യില്‍ വീഴുന്നത്. തിരിച്ചെടുക്കാനാവാതെ മുത്തച്ഛി നിലവിളിക്കുന്നു. ലോക്കിട്ട പലക ഒരു പ്രത്യേക രീതിയിലായതുകൊണ്ട് മറ്റുള്ള എതെങ്കിലും പലകയില്‍ പിടിച്ചാല്‍ ലോക്ക് കൂടുതല്‍ മുറുകുകയേ ഉള്ളൂ. ഇതൊന്നുമറിയാത്ത മൂത്ത മരുമകള്‍ ഒരു ശ്രമം നടത്തിയത് മുത്തച്ഛിയുടെ രോഷം വര്‍ദ്ദിപ്പിക്കാനേ സാധിച്ചുള്ളൂ.

‘ഹെയ് ഇതെന്തുപറ്റീ..’ എന്നു പറഞ്ഞുകൊണ്ട് മുത്തച്ഛന്‍ ആ ലോക്ക് തുറന്നു മുത്തച്ഛിയുടെ കൈ പുറത്തെടുത്തു.
‘ഹാവൂ..‘ മുത്തച്ഛി വേദനയുള്ള കൈകള്‍ തലോടുന്നുണ്ടായിരുന്നു. പ്രതികാര ദാഹികളായ പല കോഴിപ്രമാണികളും ഇതിനിടയില്‍ മുത്തച്ഛിയുടെ കയ്യില്‍ മുത്തമിട്ടിരുന്നു.
‘..നെങ്ങടെ ഒരു കറപ്പാശ്ശാരി.. അവനെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ ..’ മുത്തച്ഛിയുടെ രോഷം അണപൊട്ടി.
വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ കോഴിക്കൂട്ടിലെ പുതിയ സൌകര്യങ്ങളേ കുറിച്ച് അന്ന് പഠനമാരംഭിച്ചിരുന്ന മുത്തച്ഛന്‍ ഒന്നും മിണ്ടിയില്ല.

പാവം കറപ്പാശ്ശാരി, പിന്നെ ആ പ്രദേശത്ത് വന്നിട്ടില്ല.

Monday, March 12, 2007

അന്തപ്പന്റെ റീല്‍..

ഒന്നാം ക്ലാസ്സില്‍ മൂന്നുവര്‍ഷത്തെ ഉപരിപഠനം നടത്തിയ അന്തപ്പന് അക്ഷരങ്ങളേക്കാള്‍ അക്കങ്ങളോടായിരുന്നു ചതുര്‍ത്ഥി. നാരായണിടീച്ചര്‍ കൊന്നവടികൊണ്ട് ദിവസവും അന്തപ്പന്റെ കൈകളില്‍ എണ്ണം പഠിപ്പിക്കാറുണ്ടെങ്കിലും അന്തപ്പന് ഒന്ന് കഴിഞ്ഞാല്‍ മൂന്നും പിന്നെ ആറും തുടര്‍ന്ന് തോന്നിയ അക്കങ്ങളും. ‘നീ നന്നാവില്ലെടാ കുരുത്തം കെട്ടവനേ ‘ എന്ന് നാരായണിടീച്ചര്‍ ആശീര്‍വ്വദിക്കും വരെ ദിവസവും ഇതു തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരോ ക്ലാസ്സിലും നല്ല അടിത്തറ പാകിക്കൊണ്ട് അന്തപ്പന്‍ തന്റെ മഹത്തായ പതിനാറാം വയസ്സില്‍ നാലാം ക്ലാസ് പാസായി. പിന്നെ അപ്പനെന്നവകാശപ്പെടുന്ന കുഞ്ഞുവറുദുചേട്ടന്റെ ‍ അടക്ക കച്ചവടത്തില്‍ പങ്കാളിയായി സെന്ററിലെ കടയിലിരുപ്പായി. ഉച്ചകഴിഞ്ഞേ അടക്കയും കൊണ്ട് കൃഷിക്കാര്‍ കടയില്‍ വരൂ. അതുവരെ കുഞ്ഞുവറുദേട്ടനു സ്റ്റെപ്പിനിയായി ഇരിക്കുന്നത് അന്തപ്പനാണ്. കാലത്ത് കുളിച്ച് കുറി തൊട്ട് മഠത്തിലെ സ്കൂളില്‍ പോകുന്ന ഭാവി വാഗ്ദാങ്ങളുടെ സൂക്ഷ്മ നിരീക്ഷണപാടവത്തില്‍ എര്‍ത്തടിച്ച കുഞ്ഞുവറ്ദേട്ടന്‍ മടിച്ചു നില്‍ക്കാതെ കൂട്ടുങ്ങലിലെ കൂട്ടുകാരന്റെ അടുത്ത് അന്തപ്പനെ വാച്ച് നന്നാക്കുന്നത് പഠിപ്പിക്കാന്‍ വിട്ടു. ഗുരുവിനേക്കാള്‍ കൂടുതല്‍ ദക്ഷിണ ശിഷ്യന്‍ വാങ്ങിത്തുടങ്ങിയപ്പോള്‍ കുഞ്ഞുവറ്ദേട്ടന്‍ അന്തപ്പനെ കടയുടെ സൈഡില്‍ തന്നെ ഒരു ബഞ്ചും ഡസ്കും വെച്ച് കുടിയിരുത്തി. അന്തപ്പന് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു.

മലയത്തിപ്പെണ്ണ്, പാവം ക്രൂരന്‍ തുടങ്ങി പുണ്യപുരാണ ചിത്രങ്ങള്‍ മാത്രം ഇടുന്ന ഒരു കാലമുണ്ടായിരുന്നു പറപ്പൂക്കാരന്റെ തീയറ്ററിന്. ഭക്ത ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് സെലക്റ്റട് എപ്പിസോഡുകള്‍ മാത്രമായി സ്പെഷല്‍ ഷോയും തകൃതിയായി നടക്കുന്ന സമയം.

പ്രൊജക്റ്റര്‍ ‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ദേശുട്ടിച്ചേട്ടനാണ്. പറപ്പൂക്കാരന്‍, ദേശുട്ടിച്ചേട്ടനെ എറണാംകുളത്ത് വിട്ട് പഠിപ്പിച്ചെടുത്തതാണ് ഈ കുന്ത്രാണ്ടത്തിന്റെ ടെക്നിക്.
ദേശുട്ടിച്കേട്ടന്റെ ഇക്കാര്യത്തിലെ ഒരേ ഒരു പ്രവര്‍ത്തിപരിചയം അന്തപ്പന്റെ കടയില്‍ സഹായിയായി നിന്നുവെന്നതുമാത്രമാണ്.

എളവള്ളിക്കരനായ ദേശുട്ടിച്ചേട്ടന്‍ ഉച്ചക്ക് രണ്ടുമണിക്ക് വന്നാല്‍ പിന്നെ രാത്രി 12 മണിക്കേ തിരിച്ചു പോകുള്ളൂ. അതിനിടയില്‍ ഉണ്ണിനായരുടെ പരിപ്പുവടയും ചായയുമാണ് മുഖ്യഭക്ഷണം. ഫസ്റ്റ് ഷോ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു അരമണിക്കുര്‍ സമയത്തേക്ക് ഒന്ന് മുങ്ങും. ചന്ദ്രേട്ടന്റെ കുടല്‍ കത്തുന്ന ചാരായം നുണയാന്‍. സെക്കന്റ് ഷോ തുടങ്ങി രണ്ടു മൂന്നു റീലിട്ടുകഴിഞ്ഞാല്‍ ടിക്കറ്റു കീറുന്ന കൂച്ചാത്തിരാജുവും കടലജോസും വീട്ടില്‍ പോകും. പിന്നെ ദേശുട്ടിച്ചേട്ടന്‍ തനിച്ചാവും. ചില ദിവസങ്ങളില്‍ അന്തപ്പന്‍ കടയടപ്പ് കഴിഞ്ഞ് ദേശുട്ടിച്ചേട്ടന്റെ അടുത്ത് വന്നിരുന്ന് കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞ് ഇരിക്കും. ചിലപ്പോള്‍ ചന്ദ്രേട്ടന്റെ കടയിലെ ഒന്നോ രണ്ടോ ഫുള്‍ ബോട്ടിലും റീലുകള്‍ മാറ്റിയിടുന്നതിനിടയിലെ ഇടവേളകളില്‍ രണ്ടുപേരും കൂടി അവസാനിപ്പിക്കാറുണ്ട്. പ്രോജക്റ്റര്‍ മുറിയില്‍ ഇരുന്ന് വെള്ളമടിക്കരുതെന്ന പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്റെ വാര്‍ണിങ് മെസ്സേജുകളെല്ലാം അന്തപ്പന്‍ പുഷ്പം പോലെ തള്ളിക്കളയുമായിരുന്നു.

സൂപ്പര്‍ഹിറ്റായൊരു പുണ്യപുരാ‍ണ ചിത്രം ഓടിക്കൊണ്ടിരിക്കുന്ന ഒരു ദിവസം, സെക്കന്റ് ഷോ തുടങ്ങിയ സമയത്താണ് ദേശുട്ടിച്ചേട്ടന്റെ തലൈവി കുഞ്ഞിമറിയത്തിന് പ്രസവ വേദന തുടങ്ങിയെന്ന സന്ദേശവുമായി കൂച്ചാത്തി രാജു ഓടി വന്നത്. ഭാഗ്യത്തിന് അന്നും അന്തപ്പന്‍ ചന്ദ്രേട്ടന്റെ കടയില്‍ നിന്നും രണ്ടു ഫുള്ളും വാങ്ങി പ്രോജക്റ്റര്‍ മുറിയില്‍ ദേശുട്ടിച്ചേട്ടനുമായി പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പത്രസമ്മേളനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടു തന്നെ ദേശുട്ടിച്ചേട്ടന് അന്തപ്പനെ പ്രൊജക്റ്റര്‍ ഏല്‍പ്പിച്ചു വീട്ടില്‍ പോകാന്‍ ഉല്‍ക്കടമായ അഭിവാഞ്ജയുണ്ടായി.

‘അന്തപ്പോ,,ദേ ഈ റീല് കഴിഞ്ഞാല്‍ നമ്പറിട്ട് വെച്ചിരിക്കുന്ന ആ റീലുകള് ഓരോന്നായിട്ട് ഇടണം നമ്പറനുസരിച്ച്.. പതിനാലാമത്തെ റീല് വരെ..പറ്റ്വോ ?.’
‘നീ ധൈര്യായിട്ട് പൊയ്ക്കോടാ ദേശുട്ട്യെ.. ഞാനിവിടെ ഇല്ലെ...’
‘ എല്ലാം കഴിഞ്ഞ് ലൈറ്റ് എല്ലാം ഓഫാകി ഗേറ്റ് പൂട്ടീട്ട് വേണം പൂവ്വാന്‍ ട്ടാ..’
‘ഉം..’ അന്തപ്പന്‍ ഒന്നിരുത്തി മൂളി.
ഒരു ധൈര്യത്തിന് ദേശുട്ടിച്ചേട്ടന്‍‍ വെള്ളമൊഴിക്കാതെ രണ്ടു ഗ്ലാസുകൂടി അകത്താകി മെല്ലെ കൂച്ചാത്തി രാജുവിന്റെ സൈക്കിളില്‍ വീട്ടിലേക്ക് വിട്ടു.

തീയ്യറ്ററില്‍ സാമാന്യം ഭേദപ്പെട്ട കളക്ഷനുണ്ട് അന്ന്.
ഓരോ റീലും വാച്ചു നന്നാക്കുന്നത്ര സൂക്ഷ്മതയോടെ വിറയാര്‍ന്ന കൈകളോടെ അന്തപ്പന്‍ മാറ്റി മാറ്റിയിട്ടുകൊണ്ടിരുന്നു. ഇടവേളകളില്‍ ചന്ദ്രേട്ടന്റെ വെട്ടിരുമ്പ് സാധനങ്ങള്‍ കുറെശ്ശേ കുറെശ്ശെ അകത്താക്കലും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.


പുലര്‍ച്ച നാലുമണിക്ക് കൃഷ്ണേട്ടന്‍ പശുവിനെ കറക്കാന്‍ തീയ്യറ്ററിന്റെ അപ്പുറത്തുള്ള ഇല്ലത്തേക്ക് പോകുമ്പോഴാണ് ആ കാഴ്ചകണ്ടത്. തീയ്യറ്ററിന്റെ വാതിലുകളെല്ലാം തുറന്നുകിടക്കുന്നു. അകത്ത് കിലുക്കാമ്പെട്ടിയുടെ കിലു കിലുക്കം. പ്രധാന വില്ലന്‍ അടുത്ത ഊഴം കാത്ത് വെള്ളച്ചാട്ടത്തിനടുത്ത് ചുറ്റിനടക്കുന്നു. പുരാണ ചിത്രം തകര്‍ത്തുമുന്നേറുന്നു. ടി.ജി. രവിയുടെ ഫാന്‍സ് അസ്സോസിയേഷനില്‍ പെട്ട ചിലര്‍ മാത്രമുണ്ട് തീയ്യറ്ററില്‍. പ്രൊജക്റ്റര്‍ മുറിയില്‍ , റീല് തീരുന്നതിനു രണ്ടു മിനിട്ട് മുന്‍പ് കേള്‍ക്കുന്ന ‘ടിക്’ ശബ്ദത്തിന് കാതോര്‍ത്ത് അന്തപ്പന്‍ ജാഗരൂകനായിരിക്കുന്നു.

‘അന്തപ്പോ.. ‘ കൃഷ്ണേട്ടന്‍ മെല്ല വിളിച്ചു.
‘ങ്ങെ..കൃഷ്ണേട്ടനാ.. അപ്പൊ കൃഷ്ണേട്ടനും പടം കാണാന്‍ വന്ന്ട്ടുണ്ട് അല്ലേ..’ പ്രൊജക്റ്ററിന്റെ ഹാന്‍ഡിലില്‍ പിടിമുറുക്കിക്കൊണ്ട് അന്തപ്പന്‍.
‘ടാ അന്തപ്പാ .. നേരത്ര്യായ്ന്നറിയോ നെനക്ക്....’
‘കൃഷ്ണേട്ടാ, പതിനാറാം നമ്പ്ര് റീല് കാണാനില്ല. ദേശുട്ടിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട് പതിനാറാം നമ്പ്ര് റീല് വരെ മാറ്റി മാറ്റി ഇടാന്‍.. .’