Monday, November 27, 2006

1952 ഒരു ലവ് സ്റ്റോറി (?) പ്രീഡിഗ്രി വേര്‍ഷന്‍

പ്രേമത്തിന് കണ്ണില്ലെന്ന് മാത്രമല്ല വേറെ പലതും ഇഷ്ടമ്പോലെ കൂട്ടിക്കുഴച്ചു തരാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.

പെണ്‍പടയെ സമീപപ്രദേശങ്ങളിലൊന്നുമടുപ്പിക്കാത്ത കറുത്ത ളോഹയുമിട്ട് തിരിഞ്ഞാല്‍ ചവിട്ട് ചാടിയാല്‍ കുത്തെന്ന പ്രമാണവുമായി നടക്കുന്ന അച്ചന്മാരുടെ സ്കൂളായിരുന്നു ഞങ്ങളുടേത്.

പത്താം ക്ലാസ്സില്‍ കാര്‍ന്നന്മാരുടെ കവിടി നിരത്തിലില്‍ കണ്ട കണക്കിന്റെ മാര്‍ക്ക്, പൊട്ടാത്ത അമിട്ടിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായതുകൊണ്ട് അച്ഛന്റെ സുഹ്രുത്തായ ജോസ് മാഷുടെ ‘ഹൌസ് ഓഫ് നോളെജ്’ എന്ന ലാവിഷായി വിഞ്ജാ‍നമൊഴുക്കുന്ന സമാന്തര വിദ്യഭ്യാസശാലയില്‍ കണക്കിന് സ്പെഷല്‍ ഒരു കോച്ചിങിന് ചേര്‍ത്തു. ക്ലാസ് വിട്ട് നാലുമണിന് മുതല്‍ അഞ്ചുവരെ അവിടെ. സ്പെഷ്യല്‍ കോച്ചിങ് എന്നുപറഞ്ഞ് ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായിരുന്നു. 80 എണ്ണം ഒരു ക്ലാസ്സില്‍. അവിടെയും കാവ്യാ മാധവനെയും മീരാജാസ്മിനെയുമൊക്കെ ഒന്നാം നിലയിലും ഞങ്ങള്‍ പാവം ചില കുഞ്ചാക്കോ ബോബന്മാരെ രണ്ടാം നിലയിലും ഇരുത്തിയായിരുന്നു ക്ലാസ്സുകള്‍. അതുകൊണ്ട് പ്രേമം പോയിട്ട് ഒരു നോട്ടം, വേണ്ട, മനസ്സമാധാനത്തോടെ ഒരു ഏരോ വിടാനുള്ള വെയര്‍ ഹൌസ് പോലും പത്താം തരം വരെ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കോളജില്‍ ചേരുകയാണെങ്കില്‍ കേരള വര്‍മ്മയില്‍ മാത്രമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. അന്ന് ടൌണില്‍ കേരളവര്‍മ്മയെന്ന മഹാപ്രസ്ഥാനം മാത്രമേ എല്ലാ കോഴ്സുകളുമുള്ള മിക്സ് കൊളജുണ്ടായിരുന്നുള്ളൂ.

പത്താം ക്ലാസ്സിലെ റിസള്‍ട്ടറിഞ്ഞപ്പോള്‍ പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ മാത്രമില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കുണ്ടായിരുന്നു. ടൌണിലെ എല്ലാ കോളജിലെയും അപ്ലിക്കേഷന്‍ ഫോം കൊണ്ടുവന്ന് പിതാശ്രീയുടെ തിരുമുമ്പില്‍ ഒപ്പിക്കാനായി സമര്‍പ്പിച്ചു.

എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പിതാശ്രീ അതില്‍ നിന്നും കേരളവര്‍മ്മയുടെ ഫോമെടുത്ത് ചായതിളപ്പിച്ചു. അമ്മയുടെ സാരിത്തുമ്പില്‍ പെറ്റീഷനെഴുതിയിട്ടപ്പോഴാണ് അച്ചന്മാരുടെ കോളേജില്‍ മാത്രമേ എന്നെ ചേര്‍ക്കൂവെന്ന് പിതാശ്രീ ശപഥമെടുത്തകാര്യമറിയുന്നത്.

പിന്നെയുള്ളത് സെന്തോമാസ് . അവിടെ എന്തുവന്നാലും പോവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആണ്‍പടമാത്രം പഠിക്കുന്ന കോളജാണത്. (പിന്നീടാണ് സെന്റ്മേരീസ് അതിന്റെ പിന്നിലാണെന്ന അറിവ് കിട്ടുന്നത്. ). അങ്ങനെ നിരാശനായി നടക്കുന്ന സമയത്താണ് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നത്.

തൃശ്ശൂര്‍ നിന്നും നാലഞ്ചു കി.മീ മാറി അച്ചന്‍മാര്‍ തന്നെ നടത്തുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് മിക്സഡാക്കുന്നു.

പിറ്റേന്ന് കാലത്തു തന്നെ എല്‍ത്തുരുത്ത് ലക്ഷ്യമാക്കി സ്ഥലത്തെ പ്രഥാന ദിവ്യന്‍സ് വച്ചു പിടിച്ചു. ഒളരി മൂലയില്‍ നിന്നും രണ്ടു കിലേമീറ്റര്‍ നടരാജന്‍ സര്‍വ്വീസ് നടത്തിയാലെ ഈ തുരുത്തിലെത്തൂവെന്ന് അന്നാണ് മനസ്സിലായത്. ഏതായാലും മിക്സഡല്ലേയെന്ന ഒരു സമാധാനമുണ്ടായിരുന്നു. പിന്നെ ഒളരിയില്‍ നിന്നും രണ്ടു കിലൊമീറ്റര്‍ അകലെ കേരളവര്‍മ്മയുണ്ടല്ലോയെന്ന പ്രതീക്ഷയും.

അങ്ങനെ പിതാശ്രീയുടെ ശപഥവും എന്റെ ആശയും ഒപ്പം നിറവേറാനായി എല്‍ത്തുരുത്ത് തന്നെ ചേര്‍ന്നു.

ആദ്യദിവസത്തെ ഇന്വെന്ററിയില്‍ തന്നെ ഒന്ന് മനസ്സിലായി.
ഇവിടെ മീരാജാസ്മിനും കാവ്യാമാധവനുമൊന്നുമില്ല. എന്തിന്, കട്ടഞ്ചായയിലിടാനുള്ള പഞ്ചസാരയുടെയത്രയും പോലുമില്ല. ക്ലാസ്സില്‍ മൊത്തം 80 ല്‍ 20 പെണ്പട.
ഇതുകണ്ട് ടെന്‍ഷനടിച്ച ശ്രീവത്സന്‍ ഓരോന്നിനും ‘പുഴുപ്പല്ലി’,‘കോന്ത്രപ്പല്ലി’,‘കട്ടുറുമ്പ്’,‘വട്ടമോറി’, തുടങ്ങീ നാമകരണച്ചടങ്ങിലേക്ക് കടന്നിരുന്നു.
പക്ഷേ, ഓരോ ഇന്റര്‍വെല്ലുകളിലും സീനിയേഴ്സ് കടന്നുവന്ന് ശ്രീവത്സന്റെ പുഴുപ്പല്ലികളെ ‘ബുക്ഡ്’ എന്ന ചാപ്പ കുത്തിപോയപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു ശ്രമം നടത്താമെന്ന ആശയും വെടിയേണ്ടിവന്നു.

അങ്ങനെയാണ് അടുത്ത ക്ലാസ്സുകളിലേക്ക് ചൂണ്ടയുമായി നീങ്ങിയത്.
ചൂണ്ട കയ്യില്‍ തന്നെയിരുന്നു. അവിടെ ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഫയര്‍വാളുകളായിരുന്നു പിടിപ്പിച്ചിരുന്നത്. അടുത്ത ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നിന്നാല്‍ പോലും ബൌണ്‍സ് ചെയ്യുന്ന അവസ്ഥ.

അങ്ങനെ നിരാശയോടെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.

ബസ്റ്റാന്‍ഡിലെ മറ്റു ബസ്സുകള്‍ക്ക് ചില്ലറപ്പൈസ സ്വരൂപിക്കാന്‍ മാത്രമായി എല്‍ത്തുരുത്തിലേക്ക് സര്‍വ്വീസ നടത്തുന്ന ‘ഡിബിന്‍’,‘ചിറമ്മല്‍’ തുടങ്ങിയ ബസുകളുടെ ചില്ലിന്റെ ശക്തി ഞങ്ങളില്‍ ചിലര്‍ പരീക്ഷിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഒളരിമൂല വരെ ഞങ്ങളോടൊപ്പം മറ്റുള്ളവരും നടരാജന്‍ സര്‍വ്വീസില്‍ മെമ്പര്‍ഷിപ്പെടുത്തു.

അങ്ങനെയൊരു ദിവസമാണ് മൂന്നരയുടെ ‘അന്നപൂര്‍ണേശ്വരി‘ പിടിക്കാനുള്ള അഞ്ചലോട്ടത്തിന്റെ സെന്റര്‍പോയിന്റ്റായ അരണാട്ടുകരയിലേക്കുള്ള കിണറിന്റെ സ്റ്റോപ്പില്‍ വെച്ച് അവളെ കണ്ടത്.

പേരിനൊരു പൊട്ടും ആര്‍ക്കോവേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സൊന്നുമില്ലാതെ ഒരു ശാലീന സുന്ദരി. അതും രണ്ടു തോഴിമാരാല്‍ എന്ക്രിപ്റ്റ് ചെയ്തൊരു അന്നനട. ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ തലതിരിഞ്ഞ ആ നോട്ടത്തിലൊന്നു പതറിയതുകൊണ്ടാവണം മൃദുഹൃദയനായ എന്നിലേക്കവള്‍ ഒരു നോട്ടമെറിഞ്ഞത്. അത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനത്തു ചെന്നു തറച്ച് നിലകൊണ്ടു. ‘ഇങ്ങട് നടക്കടാ’ എന്നുള്ള അന്നപൂര്‍ണ്ണേശ്വരിയിലേക്കുള്ള വിളിയാണ് എന്നെ അവളില്‍നിന്നുമൊരു വിടുതലൊരുക്കിയത്.

ആദ്യ ദൃഷ്ടിയില്‍ തന്നെ പ്രണയമെന്നൊക്കെ പറയുന്ന പോലൊരു ഇത്..

കൂടുതലുല്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ മുഴുവന്‍ ഡീറ്റെയിത്സ് കിട്ടിയത്. സയന്‍സ് ഗ്രൂപ്പ് ബി യിലെ മെംബറാണ്. പേര് ‘ശാലിനി’. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നപോലെ അവള്‍ ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന പുതിയ അറിവും.

ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം. മിനിമം ഒരു ‘ഐ ലവ് യു’ വെങ്കിലുമില്ലെങ്കില്‍ എന്ത് പ്രേമമെന്ന ന്യൂട്രലിന്റെ സിദ്ധാന്തമാണെനിക്ക് ഓര്‍മ്മ വന്നത്.

രാത്രി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് ആദ്യത്തെ ലേഖനം എഴുതി.

പിറ്റേന്നുമുതല്‍ അവളുടെ ക്ലാസ്സിന്റെ വരാന്തകളില്‍ മിടിക്കുന്ന ഹൃദയത്തോടെ കറങ്ങി നടന്നു. ഓരോ തവണയും ഓരോരൊ സ്പാംഫില്‍ട്ടറുകള്‍ അടുത്തുണ്ടാവും. അതുകൊണ്ട് ഇന്‍ബോക്സിലേക്കിടാന്‍ വലിയ പാട്.

രണ്ടാഴ്ച കഴിഞ്ഞ് ഒരു സമര ദിവസമാണ് പിന്നീട് എനിക്കവളെ കാണാനായത്. അതും ആളൊഴിഞ്ഞ ലൈബ്രറിയിലേക്കുള്ള വഴിയില്‍. ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ട് കയ്യില്‍. നീലപ്പാവാടയും ഇളം മഞ്ഞ ബ്ലൌസുമാണ് വേഷം.

ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
അകത്ത് തമ്പോറടിക്കുന്ന സ്വരത്തില്‍ ഹൃദയകവാടങ്ങള്‍ തകര്‍ക്കുന്നു. കാലുകളില്‍ ചെറിയ വിറയല്‍.
പോക്കറ്റില്‍ വെച്ച ലേഖനം കാണുന്നില്ല.
പാന്റ്സിന്റെ പോക്കറ്റില്‍ തപ്പുന്നതുകണ്ട് അവള്‍ ഒരു നിമിഷം എന്നെ നോക്കി.
അവള്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയായപ്പോള്‍ ലേഖനം സേര്‍ച്ച് എഞ്ചിനില്‍ സ്റ്റോപ് ബട്ടണമര്‍ത്തി കാണാതെയിരുന്നു പഠിച്ച വാക്കുകള്‍ക്കായി പരതി.
‘ഹ് ഹ് ‘ എന്നുമാത്രമേ വരുന്നുള്ളൂ.
ഈ വെപ്രാളം കണ്ടിട്ടാവണം, അവള്‍ ഒരു നിമിഷം നിന്നു.
പിന്നെ നേരിയൊരു മന്ദസ്മിതം ചൊരിഞ്ഞ് നടന്നകന്നു.
സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.
ഭാഗ്യം.. ആശ്വാസാ‍യി...

ഒരു പക്ഷേ ലേഖനം കൊടുത്താല്‍ കിട്ടുന്ന ഔട്ട്പുട്ട് എങ്ങനെയാണെന്നറിയാത്തതുകൊണ്ട് ഇതൊരു കമ്പൈലിനു മുന്‍പുള്ള ഡീബഗ്ഗായതു നന്നായി.

നീണ്ട ഒരു നെടുവീര്‍പ്പുമിട്ട് കാന്റീനില്‍ ചെന്ന് ശേഖരേട്ടന്റെ കടുപ്പം കൂടിയ കട്ടന്‍ ചായ മൊത്തിക്കുടിക്കുമ്പോഴാണ് ലേഖനം അന്നു കൊണ്ടുവരാന്‍ മറന്ന കാര്യം ഓര്‍മ്മവന്നത്.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.
അതിനിടയ്ക്ക് പലപ്പോഴും ശാലിനിയെ ഒറ്റയ്ക്ക് സമാഗമിക്കാന്‍ പല അവസരങ്ങളും അന്വേഷിച്ചു നടന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ പ്രമാണം. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പഴയ ഒരു മന്ദസ്മിതം മാത്രമായിരുന്നു.

ആ ഒരു മന്ദസ്മിതം മാത്രമായിരുന്നു എന്റെ പ്രതീക്ഷയും.

മധ്യവേനലവധിക്ക് കോളജ് അടച്ചു. ഫസ്റ്റ് ഇയര്‍ എക്സാമിനേഷന്‍ തുടങ്ങി.
എല്ലാവരും പല ക്ലാസ്സുകളിലായാണ് എഴുത്ത്.

ഹാള്‍ ടിക്കറ്റ് കിട്ടി. 1952 എന്ന റോള്‍ നമ്പര്‍, നല്ല ഭാഗ്യമുള്ളതെന്ന് ആദ്യ രണ്ടു പരീക്ഷകള്‍ എളുപ്പമായപ്പോള്‍ ഉറപ്പിച്ചു.

ഓരോ പരീക്ഷയും ഓരോരൊ ക്ലാസ് മുറികളിലായിരുന്നു.

ഫിസിക്സിന്റെ പരീക്ഷയുടെ അന്ന് കാലത്ത് ക്ലാസിലെത്തി. സീറ്റില്‍ വന്നിരുന്നു.
രാത്രി മുഴുവന്‍ കഷ്ടപ്പെട്ട് ഫോര്‍മുലകളെല്ലാം കുനുകുനാ അക്ഷരത്തില്‍ ലോഗരിതം ടേബിളില്‍ കുത്തിക്കുറിച്ചതിന്റെ ലൊക്കേഷനുകള്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

എന്റെ ഇടതുവശത്തെ മൂന്നാമത്തെ വരിയില്‍ അവളിരിക്കുന്നു. ശാലിനി.
വലിയ പഠിപ്പിസ്റ്റാണെന്നു തോന്നുന്നു. നോട്ട് ബുക്കില്‍ പ്രോബ്ലംസെല്ലാം ഇരുന്ന് സോള്‍വ് ചെയ്യുന്നു. ടെക്സ്റ്റ് മറിച്ചു നോക്കുന്നു. അങ്ങനെ ജഗപൊഗ

പതിവിലും നേരത്തെ തന്നെ ഇന്വിജിലേറ്ററായ സ്റ്റീഫന്‍ സാര്‍‍ ക്ലാസ്സിലേക്ക് കടന്നു വന്നു.
സ്റ്റാറ്റിസ്റ്റിക്സ് വിഷയ നിപുണനായ സ്റ്റീഫന്‍ സാര്‍ ഒരു ചൂടനാണെന്ന് കേട്ടിട്ടുണ്ട്.

എല്ലാവരും ക്ലാസ്സില്‍ നിശബ്ദ്മായിരുന്നു.

‘എല്ലാവരും ലോഗരിതം ടേബിളെടുക്കൂ..’ സ്റ്റീഫന്‍ സാര്‍ മൃദുവായി മൊഴിഞ്ഞു.
‘ഇനി ആരെങ്കിലും ലോഗരിതം ടേബിള്‍ വല്ല പേപ്പറുകൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊതിഞ്ഞിരിക്കുന്ന പേപ്പറ് എടുത്ത് വെയ്സ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയിടൂ..’

ദൈവമേ.. ഇന്നലെ രാത്രിയിലെ പ്രയത്നഫലത്തിന്റെ 70 ശതമാനം ഇതാ പോകുന്നു.

‘ഇനി എല്ല്ലാവരും അവരവരുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ മാത്രം വലിയ അക്ഷരത്തില്‍ ആദ്യപേജില്‍ എഴുതൂ. എന്നിട്ട് ഇവിടെ കൊണ്ടുവരൂ...’

ബാക്കി 30 ശതാമാനവും ദാ പോകുന്നു.

റമ്മികളിക്കായി ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതുപോലെ സ്റ്റീഫന്‍ സാര്‍ എല്ലാ ലോഗരിതം ടേബിളുകളും കലക്കി കടുകുവറുത്തു രണ്ട് കിങ്കര സമഷം വിതരണം ചെയ്യാനാരംഭിച്ചു.

‘ആര്‍ക്കെങ്കിലും സ്വന്തം ലോഗരിതം കിട്ടിയിട്ടുണ്ടോ ?’

ആരും ഒന്നും മിണ്ടിയില്ല.

‘ഇനി, എല്ലാവരും ആ ടേബിള്‍ ഒന്ന് പരിശോധിച്ചേ.. ആരുടെയൊക്കെ ടേബിളിലാണ് കോപ്പിയടിക്കാനായി എഴുതിയിരിക്കുന്നതെന്ന് കണ്ടാല്‍ അവര്‍ കൈ പൊക്കുക’

എന്റെ ദൈവമേ.. എന്റെ കാലിലെ പെരുവിരല്‍ തൊട്ട് ഒരു വിറ. അതിങ്ങനെ കുറെശ്ശേയായി മുകളിലേക്ക് ഇരച്ചു കയറുന്നതുപോലെ..

ദേ.. ഒന്ന്.. രണ്ട് .. മൂന്ന് .. ആറു കൈകള്‍ ആകാശത്ത് പാറിക്കളിക്കുന്നു.

അതിലൊന്ന് എന്റെ ഹൃദയത്തിലൊരു തീപ്പൊരി പാറിച്ച ശാലിനിയുടേതും.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. സ്റ്റീഫന്‍ സാര്‍ ആദ്യം തന്നെ ശാലിനിയുടെ ലോഗരിതം ടേബിളെടുത്ത് നമ്പര്‍ ഉറക്കെ വായിക്കുന്നു.

റോള്‍ നമ്പര്‍ 1952 സ്റ്റാന്ഡ് അപ്പ്..

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വിളിവരുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കയ്പുനീരിന്റെ ആ പാനപാത്രം എനിക്കുമാത്രമുള്ളതാണെന്നതുകൊണ്ടും ഞാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു.

ശാലിനി ഒന്ന് തിരിഞ്ഞു നോക്കി.


ദുഷ്ടാ, എന്റെ പിന്നില്‍ കയ്യും കാലും കാണിച്ച് നടന്നത് ഇതിനായിരുന്നോ അതോ മിടുക്കന്‍ മിടുമിടുക്കന്‍ എന്ന അഭിനന്ദനവാക്കുകള്‍ ചൊരിയാനായിരുന്നുവോ എന്ന് ഇന്നുമെനിക്കറിയില്ല.

അതറിയാന്‍ ശ്രമിക്കുന്നതിനു മുന്‍പു തന്നെ അടുത്ത വര്‍ഷത്ത പുതിയ ബാച്ചിലെ ഐശ്വര്യാറായിമാരെ തേടി ഞാന്‍ അലഞ്ഞു തുടങ്ങിയിരുന്നു.

Wednesday, November 22, 2006

ഇളയതും ചില കുപ്പി വിശേഷങ്ങളും

നാട്ടിലെ കല്യാണാ‍ടിയന്തരാദികള്‍ക്ക് ഇളയതിന്റെ സേവനം തേടാത്തവര്‍ ചുരുക്കമാണ്. വാസുദേവന്‍ ഇളയതെന്ന് മുഴുവന്‍ പേര്. പണി ദേഹണ്ണം തന്നെ. രുചിയുടെ കാര്യത്തില്‍ കേമാന്നങ്ങട് കൂട്ടിക്കോളൂ. എരിശ്ശേരി, കാളന്‍, കൂട്ടുകറി തുടങ്ങിയ നാടന്‍ വിഭവങ്ങളില്‍ അഗ്രഗണ്യനാണ് ഇളയത്. ഇളയത് സഹായിയായി കൂടെ കൂട്ടുന്നത് തെക്കെപ്പാട്ടെ അമ്മുക്കുട്ടിയമ്മയെയാണ്. അമ്മുക്കുട്ടിയമ്മയാണെങ്കില്‍ കഠിനദ്ധ്വാനിയായതിനാല്‍ ഇളയതിന്റെ മൊശടന്‍ സ്വഭാവത്തിന് നന്നേ ചേരും. അമ്മുക്കുട്ടിയമ്മ ഇന്നും വിവാഹം കഴിച്ചിട്ടില്ലെന്നത് ചരിത്രരേഖകളിലെ തങ്കപ്പെട്ട മറ്റൊരു അദ്ധ്യായവും.

ഇളയതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ദേഹണ്ണം തുടങ്ങിയാല്‍ പിന്നെ ഭക്ഷണ പാനീയങ്ങളൊന്നുമില്ല., ചാരായമൊഴിച്ച്. ഇരുപത്തിനാലുമണിക്കൂറിന്റെ ദേഹണ്ണ പണിക്ക് മൂന്നുകുപ്പിയാണ് കണക്ക്. പിന്നെ പണി തുടങ്ങിയാല്‍ അധികം സംസാരമില്ല. അമ്മുക്കുട്ടിയമ്മയോടും മറ്റു സഹായികളോടും ആഗ്യാഭിനയം മാത്രമേയുള്ളൂ.

സംഭവം നടക്കുന്നത് ഏകദേശം 20 വര്‍ഷം മുന്‍പ് , അപ്പൂപ്പന്റെ അടിയന്തിര സദ്യയ്ക്ക്.
എരിശ്ശേരി,കാളന്‍, കൂട്ടുകറി, പരിപ്പ്, ഓലന്‍, ഉപ്പേരികള്‍, മാമ്പഴ പുളിശ്ശേരി, ഉപ്പിലിട്ടത്,രസം, പ്രഥമന്‍ തുടങ്ങി പതിനെട്ടു തരം കറികള്‍.

മാങ്ങയില്ലാത്ത കാലമായതുകൊണ്ട് ഇളയത് അന്ന് പൈനാപ്പിള്‍ കൊണ്ടായിരുന്നു പുളിശ്ശേരി ഉണ്ടാക്കിയത്. അന്ന് കാലത്ത് പൈനാപ്പിള്‍ കൊണ്ട് ഒരു കറിവെക്കുകയെന്നത് തന്നെ ഒരു പുതുമയാണ്.

തലേന്ന് കാലത്തു തന്നെ ഇളയതും അമ്മുക്കുട്ടിയമ്മയും വീട്ടില്‍‍ ഹാജര്‍.

ആദ്യപരിപാടി കഷണങ്ങളരിയാന്‍ തുടങ്ങുകയാണ്. ചേന, ചേമ്പ്, മുരിങ്ങയ്ക്ക, വെണ്ടയ്ക്കാ‍ദികള്‍ ഓരോരൊ ഡിപ്പാര്‍ട്ടുമെന്റിനെ ഏല്‍പ്പിക്കും. പിന്നീടാണ് ഇളയത് മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നത്. പത്തായപ്പുരയുടെ ഇടതുവശത്തുള്ള പന്തലിലാണ് ഇളയതിന്റെ കുശിനിപ്പുര.

ഇളയതിന്റെ റേഷനായ മൂന്നു കുപ്പി സാധനം(അന്തോണിച്ചന്‍ നിര്‍ത്തിച്ച സാധനം തന്നെ) ചെറിയച്ഛന്‍ നേരത്തെ തന്നെവാങ്ങി പത്തായപ്പുരയില്‍ വെച്ചിരുന്നു. ചില നിബന്ധനകളോടെ ഇതിന്റെ സപ്ലെയറായി എന്നെയാണ് നിയമിച്ചിരിക്കുന്നത്.

ഈ സാധനം വേറോരാളുമറിയാതെ ഇളയതിന്റെ ആവശ്യാനുസരണം ഗ്ലാസ്സിലാക്കി മാത്രമേ കൊടുക്കാവൂവെന്നും ഞാനത് മണത്തുപോലും നോക്കരുതെന്നുമുള്ള ചെറിയച്ഛന്റെ വാണിങ്ങ് മെസ്സേജുള്ളതുകൊണ്ടും ആ മൂന്നുകുപ്പിയും വെച്ചിരിക്കുന്ന പത്തായത്തിലെ എലിപ്പെട്ടിയുടെ പിന്‍ഭാഗം ഒരു പൂജാമുറിയുടെ പരിശുദ്ധിയോടെ കാക്കേണ്ട ചുമതലയുള്ളതുകൊണ്ടും മുല്ലപ്പെരിയാറിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ ജാഗ്രതയായിരുന്നു എനിക്ക്.

കഷണങ്ങളരിയുന്നതിന് മുന്‍പ് തന്നെ ഇളയത് കാല്‍ കുപ്പിയോളം സാധനം വെള്ളം ചേര്‍ക്കാതെ അടിച്ചു. പിന്നെയും ചോദിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞ് വളരെ സൌമനസ്യത്തോടെ ഞാന്‍ വിലക്കി. മനസ്സില്ലാ മനസ്സോടെ ഇളയത് പണി തുടര്‍ന്നു.
പണിയുടെ ഇടവേളകളില്‍ മുല്ലപ്പെരിയാറിലേക്ക് മന്ത്രിമാരെത്തിനോക്കുന്നതു പോലെ സാധനം അവിടെ തന്നെയില്ലേയെന്നും അളവില്‍ വല്ല പ്രശ്നവുമുണ്ടോയെന്നും ഞാനിടക്കിടെ ചെന്നു നോക്കും.

ഉച്ചകഴിഞ്ഞ് പെട്ടന്നൊരു ആവശ്യത്തിന് ചെറിയച്ഛന്‍ എന്തോ സാധനം വാങ്ങാനായി എന്നെ മാര്‍ക്കറ്റിലേക്ക് വിട്ടു. തിരികെ വന്ന് പത്തായത്തിലെത്തി നോക്കിയപ്പോള്‍ മൂന്നുകുപ്പിയില്‍ ഒരെണ്ണം ഗോപി. മൂന്നെണ്ണത്തിന്റെ സ്ഥാനത്ത് രണ്ടെണ്ണം മാത്രം.
ദൈവമേ.. മൂക്കത്ത് ശുണ്ഠിയുള്ള, എന്നെ മാത്രം വിശ്വസിച്ചേല്‍പ്പിച്ച ചെറിയച്ഛനോട് ഞാനെന്തു സമാധാനം പറയും ?
ഞാനവിടെ മുഴുവന്‍ നോക്കി. ഒരു രക്ഷയുമില്ല.
കാളനുണ്ടാക്കിക്കൊണ്ടിരുന്ന ഇളയതിന്റെ സമീപപ്രദേശങ്ങളില്‍ ചെന്നു നോക്കി. ഒരു രക്ഷയുമില്ല.
പിന്നെ രണ്ടും കല്‍പ്പിച്ച് ഇളയതിനോട് ചോദിച്ചു.
ഇളയത് എന്നെ രൂക്ഷമായൊന്ന് നോക്കി.
‘ഹൌ എന്തൊരു ചൂട്’ എന്നും പറഞ്ഞ് ഞാന്‍ പിന്‍ വലിഞ്ഞു.
ഒടുവില്‍ ചെറിയച്ഛനോട് സംഭവം അവതരിപ്പിച്ചു.
ചെറിയച്ഛന്‍ എന്നെ ആസകലം ഒന്നുഴിഞ്ഞു നോക്കി.
പിന്നെ മാറ്റി നിര്‍ത്തി, പുഴയ്ക്കല്‍ പാടത്ത് കാറും ബൈക്കും തടഞ്ഞു നിര്‍ത്തി എസ്.ഐ. ലോനപ്പന്‍ സ്മാളടിച്ചവരെ ഊതിയ്ക്കുന്ന പോലെ എന്നൊട് ഊതാന്‍ പറഞ്ഞു.
ഞാന്‍ ഊതി.
ഒന്നിരുത്തി മൂളി ചെറിയച്ഛന്‍ പന്തലിലേക്ക് പോയി.
ഇനി ഇപ്പൊ ഞാനാര്‍ക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാവുമെന്നായിരിക്കും പുള്ളി വിചാരിച്ചിരിക്കുക ?
ഇപ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സദ്യ കഴിഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പൊക.

സദ്യ ഗംഭീരമായിരുന്നു. എല്ലാ കറികളും ഉഗ്രനായെന്ന് ജനതതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
എന്നിരുന്നാലും ചിലരുടെ ഒരാശങ്ക ചര്‍ച്ചയ്ക്ക് വിധേയമായി. മാങ്ങാ അച്ചാറിന്റെ ടേയ്സ്റ്റിനൊരു വല്ലായ്ക. പലരും പല അഭിപ്രായങ്ങളും പറഞ്ഞു; മാങ്ങയുടെ കുഴപ്പമാണെന്നും അതല്ല ഇളയതിന്റെ പുതിയ പരീക്ഷണമാണെന്നുമൊക്കെ
എല്ലാവര്‍ക്കും ഇളയതിനോട് ചോദിക്കാനൊരു മടി.
അവസാനം ചെറിയച്ഛനത് ചോദിച്ചു.
‘എളേയ്തെ , മാങ്ങാച്ചാറിന്റെ രുചിയ്ക്ക് എന്താ ഒരു പ്രത്യേകത തോന്നീലോ..’
‘എങ്ങന്യാ ഇല്ല്യാണ്ടിരിക്ക്യ.. അതില് ചൊറുക്ക(വിനാഗിരി)യ്ക്ക് പകരം പട്ടച്ചാരയല്ലേ ഒഴിച്ചത്...’

സംഭവം ഇങ്ങനെയാണ്.

ഞാന്‍ മാര്‍ക്കറ്റില്‍ പോയ സമയത്ത് ഇളയത് ഒരു കുപ്പി അടിച്ചുമാറ്റിയിരുന്നു. ഇളയത് അതെടുത്ത് വെച്ചത് വിനാഗിരിയുടെ കുപ്പിയുടെ വൃഷ്ടിപ്രദേശത്ത്. അങ്ങനെ മാങ്ങാ അച്ചാറില്‍ ഇളയത് വിനാഗിരിക്കു പകരം പൂശിയത് എന്റെ കാണാതെ പോയ ആത്മാവിനെയായിരുന്നു.

Wednesday, November 15, 2006

സെബാസ്ത്യന്‍ മാഷും കുട്ട്യോളും.

ഒരു മൂവന്തിക്ക് കോട്ടയത്തുനിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കുഞ്ഞുമാണി, ദിവാന്‍ ജി മൂലയില്‍ നിന്ന് മൂരി നിവര്‍ന്നപ്പോള്‍ കണ്ടത് താഴെയുള്ള അരമന ബാറും ഒന്നാം നിലയിലെ അള്‍സ് ചിത്രശാലയുമായിരുന്നു. ‘അള്‍സി’ന്റെ അര്‍ത്ഥമെന്തന്ന് ആലോചിച്ച് സഫയറിലെ ബിരിയാണിക്കുമുന്‍പില്‍ തലകുനിക്കുമ്പോഴാണ് ഖദറിട്ട മറ്റൊരു മുഖത്തെ കണ്ടുമുട്ടുന്നത്.
അള്‍സ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന എ.എല്‍.സെബാസ്റ്റ്യന്‍ മാസ്റ്റര്‍.
അള്‍സ് ചിത്രശാലയുടെ മാനേജിങ് കം മാര്‍ക്കറ്റിംഗ് കം മുഖ്യ പെയിന്റടിക്കാരന്‍ തന്നെയായ അള്‍സ്. കോണ്‍ഗ്രസ്സുകാര്‍ക്കും തരംകിട്ടിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സൌകര്യം പോലെ പരസ്യമെഴുതുന്ന ഒരു സെറ്റപ്പ്.

സഫയറിലെ ബിരിയാണിയിലെ മസാലയുടെ മണം കൊണ്ടോ അരമനയിലെ താക്കോലിന്റെ ശൌര്യം കൊണ്ടോയെന്നറിയില്ല, കുഞ്ഞുമാണി തീറാധാരമായി തന്റെ പാര്‍ട്ടിയുടെ, കേ.കോ(മാണി) തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനം സെബാസ്ത്യന്‍ മാസ്റ്റര്‍ക്ക് കൊടുത്തു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ സെബാസ്റ്റ്യന്‍ മാഷ് ആ താക്കോല്‍‍ ഇന്നുവരെ ആര്‍ക്കും കൈമാറിയിട്ടുമില്ല.

അന്ന് അങ്ങനെ കേ.കോ (മാണി)യെ ജില്ലയില്‍ പരിപോഷിപ്പിക്കേണ്ട ചുമതല സെബാസ്ത്യന്‍ മാഷ്ക്ക് കൈവന്നു. കുന്ദംകുളം, പേരാമംഗലം, പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിലൊഴികെ അതിന് വെള്ളമൊഴിക്കാന്‍ പോയിട്ട് ഒരു പോസ്റ്ററൊട്ടിക്കാന്‍ വരെ അണികളില്ലാത്ത അവസ്ഥ.

ഇതിനൊരു തടയിടാന്‍ അടുത്തു വരുന്ന തെരെഞ്ഞെടുപ്പില്‍ ജില്ലയിലൊരു സീറ്റ് വേണമെന്ന മാണിയുടെ ഇംഗിതത്തിന് കരുണാകരന്‍ വഴങ്ങി. അങ്ങനെ ലോനപ്പന്‍ നമ്പാടനെന്ന ഒറ്റയാന്‍ മേഞ്ഞിരുന്ന ഇരിഞ്ഞാലക്കുട കേ.കോ. മാണിക്ക് അനുവദിച്ചു കിട്ടി. അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിക്ക് വേറോരാളെ തിരയേണ്ടതില്ലല്ലോ..

അങ്ങനെ ലോനപ്പന്‍ നമ്പാടന്‍ മാഷെ പിടിച്ചുകെട്ടുകയെന്ന ടാസ്കുമായി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പാങ്ങിലെ തന്റെ വസതിയിലിരുന്നു കൂലങ്കുഷമായി പാര്‍ട്ടി അണികളുമായി ആലോചിക്കുന്നു.സിമന്റ് റപ്പായിച്ചേട്ടന്‍, വലിയ ജോസുമാഷ്, ചെറിയ ജോസുമാഷ്, രാമചന്ദ്രന്‍ ഡോക്ടര്‍, ചൊക്ലിവര്‍ഗ്ഗിസ്, ഉണ്ണീഷ്ണന്‍,....പിന്നെ നമ്മുടെ വേലായിയും.

വേലായിക്ക് വലിയ റോളൊന്നുമില്ല. രാത്രിയാകുമ്പോള്‍ ചര്‍ച്ചചെയ്ത് ക്ഷീണിക്കുന്ന അണികള്‍ക്ക് വാസുവിന്റെ ഷാപ്പിലെ ബാക്കിവന്ന സാധനം സന്തോഷത്തോടെ പകര്‍ന്നു നല്‍കുക. അതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെയെന്ന് ഉണ്ണിനായരുടെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ച് വേലായി വീമ്പിളക്കാറുണ്ട്.

ക്രൈസ്റ്റ് കോളേജിന്റെ പിന്നാമ്പുറത്തുള്ള ജാക്സേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിലേക്ക് സാധനസാമഗ്രികളുമായി സംഘം താമസം മാറ്റുന്നു.

തെരെഞ്ഞെടുപ്പ് ചൂട് കുറെശ്ശെ മുറുകുന്നു.
സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകരണങ്ങളും മുറുകുന്നു.
ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയിരിക്കുന്ന സെബാസ്റ്റ്യന്‍ മാസ്റ്ററും കുട്ട്യോളും ജാക്സേട്ടന്റെയും വര്‍ക്കിച്ചേട്ടന്റെയുമൊക്കെ കോണ്‍ഗ്രസ്സ് തറവാടില്‍ മേഞ്ഞു നടക്കുന്നു.


മാപ്രാണം പൊറുത്തിശ്ശേരി വഴിയിലുള്ള നാരാ‍യണേട്ടന്റെ ചായക്കടയാണ് അടുത്ത സ്വീകരണം.
പ്രധാന പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് സ്ഥാനാ‍ര്‍ത്ഥിയുടെ പ്രസംഗത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചില്‍ പ്രകടനം.
‘ജയ് ജയ് കേരളാ കോണ്‍ഗ്രസ്’
‘ജയ് ജയ് കെ.എം. മാണി’
‘ജയ് ജയ് സെബാസ്റ്റ്യന്‍ മാഷ്’
‘ജയ് ജയ് നമ്മടെ മാഷ്’.
‘നമ്മടെ മാഷ് കീ ജെയ്..’
അതുകഴിഞ്ഞേ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയുള്ളൂ.
കൊട്ടും കുരവയുമായി തെരെഞ്ഞെടുപ്പ് കഴിഞ്ഞു.
പിറ്റേന്ന് ജാക്സേട്ടന്റെ പത്തായപ്പുരയില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്ന കൂടിച്ചേരല്‍.
ഇതിനിടയില്‍ ജാക്സേട്ടന്‍ ഒരു പ്രഖ്യാപനം.
‘ഓരോ പ്രസംഗവും കഴിഞ്ഞിട്ട് ആരാണ്ടാ ജയ് വിളിച്ചിരുന്ന മഹാന്മാര്‍ ?’
വേലായിയടങ്ങുന്ന പട സന്തോഷത്തോടെ കൈപൊക്കി.
‘നിങ്ങളോടാരാ നമ്മടെ മാഷ്ക്ക് ജെയ്, നമ്മടെ മാഷ്ക് ജെയ് എന്ന് വിളിക്കാന്‍ പറഞ്ഞെ ? ‘
‘നമ്മടെ മാഷല്ലെങ്കി.. പിന്നാരുടെ മാഷാ..?‘
‘ഇബടെ നമ്മടെ മാഷ് ന്ന് പറഞ്ഞാല്‍ നമ്പാടന്‍ മാഷ് ന്നാ.. അല്ലാണ്ട് ഇന്നലെ കേറി വന്ന സെബാസ്റ്റ്യന്‍ മാഷല്ല... ഇനിപ്പോ ഒന്നേ അറിയാന്‍ ബാക്കിയുള്ളൂ. നമ്പാടന്‍ മാഷ്ക്ക് എത്ര ഭൂരിപക്ഷം കിട്ടീന്ന് ..’
ഇനിയത്തെ കുളി പാങ്ങില്‍ ചെന്നാവാമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
വോട്ടെണ്ണാന്‍ കാത്തുനില്‍ക്കാതെ രാത്രിക്ക് രാത്രി സംഘം ജാക്സേട്ടന്റെ പത്തായമൊഴിഞ്ഞു കൊടുത്തു.
അത്തവണ നമ്പാടന്‍ മാഷ് ഭൂരിപക്ഷം ഇരട്ടിയാക്കിയെന്ന് കേരള ചരിത്രം.
സെബാസ്ത്യന്‍ മാഷ് പിന്നെ ഇരിങ്ങാലക്കുടയ്ക്ക് പോയിട്ടില്ല.
വേറൊരു മാഷല്ലാത്ത ഉണ്ണിയാടനെ മാണി പിന്നത്തെ തവണ ഇറക്കുമതി ചെയ്ത് അവിടെ ജയിപ്പിച്ചെടുക്കുകയും ചെയ്തു.

Sunday, November 05, 2006

മറിയച്ചേടത്തിയുടെ വ്യാകുലതകള്‍

കാലത്ത് അഞ്ചര മണിക്ക് തന്നെ വറുതുണ്ണിച്ചേട്ടന്‍ തന്റെ ക്യാമ്പില്‍ നിന്നും യാത്ര തിരിക്കും. കയ്യിലൊരു വടി, ഇളം തവിട്ടു നിറത്തിലുള്ള പാന്റ്, വെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, സന്തത സഹചാരിയായ തൊപ്പി എന്നീ സാമഗ്രികളുമായാണ് വറുതുണ്ണിച്ചേട്ടന്‍ തന്റെ എല്ലാ പ്രയാണങ്ങളും ആരംഭിക്കുന്നത്.

വറുതുണ്ണിചേട്ടന്‍ മുന്‍പ് പട്ടാളത്തിലായിരുന്നു. മേജര്‍ വര്‍ഗ്ഗീസ് എന്നാണ് വറുതുണ്ണിച്ചേട്ടന്‍ സ്വയം വിളിക്കുന്ന പേര്. ഇടക്ക് നാട്ടുകാരെ ഈ പേര് ഓര്‍മ്മപ്പെടുത്താനും വറുതുണ്ണിച്ചേട്ടന്‍ ശ്രമിക്കാറുണ്ട്. ആ ശ്രമം കൊണ്ട് നാട്ടുകാര്‍ ഈ പേര് തന്നെ വിളിക്കില്ലെന്ന് വറുതുണ്ണിച്ചേട്ടനും നാട്ടുകാര്‍ക്കും നന്നായറിയാം. സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പ് സായിപ്പിന്റെ പട്ടാ‍ളത്തിലായിരുന്നു വറുതുണ്ണിച്ചേട്ടന്‍. സായിപ്പ് കൊടുത്ത തൊപ്പിയാണ് വറുതുണ്ണിച്ചേട്ടന്‍ സായിപ്പിനെപ്പോലെ വച്ചു നടക്കുന്നത്. സായിപ്പിന്റെ തൊപ്പി വറുതുണ്ണിച്ചേട്ടന്‍ അടിച്ചുമാറ്റിയതാണെന്ന് രാവുണ്ണി നായരുടെ ചായക്കടയില്‍ അത്ര രഹസ്യമല്ലാത്ത പരസ്യമാണ്.

വടിയും സായിപ്പിന്റെ തന്നെ. ഈ വേഷം കണ്ടാല്‍ ഏതു നായയുമൊന്നു കുരച്ചു പോകുമെന്നതുകൊണ്ട് വറുതുണ്ണിച്ചേട്ടന് വടി കയ്യിലില്ലാത്ത സമയവും കുറവാണ്.

കാലത്ത് അഞ്ചരക്കുള്ള വറുതുണ്ണിച്ചേട്ടന്റെ യാത്ര പള്ളിയിലേക്കാണ്.
ഗൊവേന്ത പള്ളിയിലെ ആറരക്കുള്ള കുര്‍ബാനക്ക്.

ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പള്ളിയിലേക്കുള്ള യാത്രയില്‍ സഹയാത്രികരായി ആലുക്ക കുഞ്ഞുവറീതേട്ടന്‍, ഭാര്യ ഇറ്റ്യേനം, വയനാടന്‍ പത്രോസ്, ഭാര്യ അന്നമ്മ, കുണ്ടയിലെ ചാക്കപ്പന്‍, പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടന്‍, ഭാര്യ കുഞ്ഞി മറിയവുമാണുള്ളത്. കുരിശിന്റെ വഴി പോലെ ഒരോ സ്ഥലത്തും നിര്‍ത്തി നിര്‍ത്തിയാണ് ഈ സംഘം പള്ളിയിലെത്തുന്നത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ നിപുണനായ വറുതുണ്ണി ചേട്ടനും മനസ്സു മുഴുവന്‍ തേങ്ങാക്കച്ചവടം മാത്രമായി നടക്കുന്ന വയനാടന്‍ പത്രോസേട്ടനും മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുന്ന മക്കളുടെ പഴമ്പുരാണം മാത്രം കൈമുതലായുള്ള കുണ്ടയിലെ ചാക്കപ്പനും നയിക്കുന്ന ജാഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂട്ടാ‍യുള്ളത് കുശുമ്പും കുമ്പസാരവും മാത്രം.

‘അന്നാ പെസഹ.. ‘ യും കഴിഞ്ഞ് വേദപുസ്തക വായനയിലേക്ക് അച്ചന്‍ ഒറ്റയടിവെച്ച് കയറുമ്പോഴായിരിക്കും ഈ സംഘം എന്നും പള്ളിയിലെത്തുന്നത്.

കാലത്തിന്റെ കുത്തൊഴുക്കില്‍ സംഘാംഗങ്ങള്‍ക്കെല്ലാം 75 – 85 വയസ്സിന്റെ രേഞ്ച് പിടിച്ചപ്പോള്‍ ‍ ആദ്യ നറുക്കു വീണത് കുഞ്ഞു വറീതേട്ടനായിരുന്നു.
ചെറിയൊരു തലകറക്കം. ഒപ്രീശുമ(അന്ത്യകൂദാശ)ക്ക് പോലും സമയം കൊടുക്കാതെ പള്ളിക്കാരുടെ ഉന്തുവണ്ടിയുടെ ഉത്ഘാടനവും നടത്തി കുഞ്ഞുവറീതേട്ടന്‍ സംഘത്തിലെ മെമ്പര്‍ഷിപ്പ് കട്ട് ചെയ്തു.

പിന്നാലെ പത്രോസേട്ടനും കുണ്ടയിലെ ചാക്കപ്പേട്ടനും കൂടെ പോയതോടെ അംഗസംഖ്യയില്‍ കാര്യമായ വ്യതിയാനമുണ്ടായി. അവസാനം പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനുമായി അത് അവശേഷിച്ചു. ഒരു ദിവസം ദേശുട്ടിച്ചേട്ടന് പ്രഷറ് കൂടി കാലത്തെ പള്ളിയാത്രയും നിര്‍ത്തി. അതിനു ശേഷം കുഞ്ഞി മറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനും മാത്രമായി സംഘം ചുരുങ്ങി.

വറുതുണ്ണിച്ചേട്ടന്‍ ലോകത്തെ എല്ലാറ്റിനെക്കുറിച്ചും പറയും. പിന്നില്‍ നടന്നുകൊണ്ട് കുഞ്ഞിമറിയച്ചേടത്തി ഇടക്കിടെ മൂളിക്കൊടുക്കും. അതിന്റെ ആവേശത്തില്‍ വറുതുണ്ണിച്ചേട്ടന്‍ തേങ്ങാക്കച്ചവടം മുതല്‍ അന്താരാഷ്ട്ര എണ്ണക്കച്ചവടം വരെ കുഞ്ഞി മറിയച്ചേടത്തിക്ക് വിളമ്പിക്കൊടുക്കും.

ഒരു ദിവസം ഉച്ചക്ക് ഊണുകഴിഞ്ഞുള്ള വിശാലമായ മുറുക്കിന്റെ സമയത്താണ്, പ്രഷറടിച്ച് കാര്യമായ യാത്രയെല്ലാം കുറച്ച് വീട്ടില്‍ തന്നെയിരിക്കുന്ന ദേശുട്ടിച്ചേട്ടനോട് കുഞ്ഞി മറിയച്ചേടത്തി അത് പറയുന്നത്.

‘നമ്മടെ വര്‍ദുണ്യേട്ടന് ഇന്ന് പറയ്യാ.. പൊറത്തൊക്കെ എണ്ണക്ക് നല്ല വെല്യാന്ന്..മ്മടെ മില്ലീന്ന് ആ പാണ്ടിലോറീക്കാര്‍ക്ക് ഇത്ര കാശ് കൊറച്ച് കൊടുക്കണേക്കാള്‍ നല്ലത് വര്‍ദുണ്യേട്ടനോട് ഒന്ന് ചോയ്ച്ച്ട്ട് പൊറ്ത്തെവിടെങ്കിലും കൊടുത്തൂടേ ..’

കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..

‘ഏയ്.. ഞാനൊന്നും പറഞ്ഞില്യ..ങ്ഹും...’ ഒന്നു നീട്ടി മൂളി ചേടത്തി മച്ചിന്നകത്തേക്ക് പോയി.

മറ്റൊരു ദിവസം
‘ഇന്ന് നമ്മടെ വര്‍ദുണ്യേട്ടന്‍ പറയ്യാ...‘

ചേടത്തി പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ് തന്നെ, സൈമണ്‍ ഡോക്ടറുടെ മരുന്നിന്റെ പുറത്ത് ഒറ്റടി വെച്ച് ഉമ്മറത്ത് നടത്തം തുടങ്ങിയിരുന്ന ദേശുട്ടിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് മറിയക്കുട്ടിയുടെ മുന്നിലെത്തി..

‘ഇനി ആ $%## മോനെ ക്കുറിച്ച് ഒരു വാക്ക് പറഞ്ഞാന്‍ നെന്നെ ഞാന്‍ തല്ലിക്കൊല്ലും ‍.. നാളെത്തൊട്ട് ആറരക്കുര്‍ബാനക്ക് ഞാന്നൂണ്ട്..’

‘നെങ്ങക്കെന്താ മനുഷ്യാ വട്ടായാ .. ‘

ദേശുട്ടിച്ചേട്ടന്‍ മറ്റൊരു ബാഷയായതുകൊണ്ട് പിറ്റേന്ന് കാലത്ത് അഞ്ചേമുക്കാലിന്, വര്‍ദുണ്യേട്ടന്‍ കുഞ്ഞുമറിയച്ചേടത്തിക്ക് ടെലിഫോണ്‍ പോസ്റ്റില്‍ വടികൊണ്ടടിച്ച് വാണിങ്ങ് മെസ്സേജിടുമ്പോള്‍‍ ഗേറ്റില്‍ റെഡിയായി നിന്നു.

‘ങാ.. ഇന്ന് ദേശുട്ടീം ഇണ്ടാ..’

‘ഉം.. ഉം.. ‘ കുഞ്ഞുമറിയച്ചേടത്തിയുടെ തോളില്‍ പിടിച്ച് നടക്കുന്നതിനിടയില്‍ ദേശുട്ടിച്ചേട്ടന്‍ ഒന്നിരുത്തി മൂളി.

ഗ്രാലന്‍ കുര്യാക്കുവിന്റെ വീടിന്റെ മുമ്പിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്.
കുര്യാക്കുവിന്റെ വീട്ടിലെ മുത്തുക്കുടിയന്‍ മാവിലെ ഒരു പഴുത്ത മാങ്ങ കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശുട്ടി ചേട്ടന് അടിതെറ്റി.
ഒരിക്കലും തീരാത്ത റോഡുപണിയ്ക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയിലേക്ക്.. പിന്നെ ഒന്നും ഓര്‍മ്മയില്ല.

പള്ളി ആസ്പത്രിയില്‍ സൈമണ്‍ ഡോക്ടര്‍ കുഞ്ഞുമറിയച്ചേടത്തിയെ നിര്‍ത്തിപ്പൊരിക്കുമ്പോഴായിരുന്നു ദേശുട്ടിച്ചേട്ടന്‍ കണ്ണ് പാതി തുറക്കുന്നത്.
അപ്പോള്‍ മാത്രമാണ് കുഞ്ഞു മറിയച്ചേടത്തിക്ക് ശ്വാസം നേരെ വീണതും.

പിന്നീട് ആസ്പത്രി വിടുന്നതിന്റെ തലേന്നാണ് കുഞ്ഞുമറിയച്ചേടത്തി അത് പറയുന്നത്..

‘ആ വര്‍ദുണ്യേട്ടന് 78 കഴിഞ്ഞിട്ടും എന്താ ബലം.. നെങ്ങളന്ന് വീണട്ട് വര്‍ദുണ്യേട്ടന്‍ ഒറ്റക്കാണ് നിങ്ങളെ എടുത്ത്ട്ട് ആശോത്രീലെത്തിച്ചത്....അന്ന് വര്‍ദുണ്യേട്ടന്‍ കൂടെ ണ്ടായിരുന്നില്ലെങ്കില്.. എനിക്കാലോചിക്കാന്‍ കൂടി വയ്യെന്റെ വ്യാകുലമാതാവേ.....’

ദേശുട്ടിച്ചേട്ടന്‍ ദയനീയമായി കുഞ്ഞുമറിയച്ചേടത്തിയെ ഒന്ന് നോക്കി..
പിന്നീട് ദേശുട്ടിച്ചേട്ടന്‍ ആറരയ്ക്കുള്ള കുര്‍ബാനക്ക് പോയിട്ടില്ല., കുഞ്ഞിമറിയച്ചേടത്തിയും....