Thursday, June 21, 2007

ടാര്‍സന്‍ ദി ഗ്രേറ്റ്

അമ്മമ്മയുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് കടച്ചക്ക കൊണ്ടുണ്ടാക്കുന്ന തോരനും കടച്ചക്ക വറുത്തരച്ചതും. അപ്പൂപ്പനറിയാതെ പശുവിനു കൊടുക്കാനായി വെക്കുന്ന ബാക്കി വന്ന കഞ്ഞിവെള്ളം അമ്മൂമ്മ സമയവും സന്ദര്‍ഭവും നോക്കി വെണ്ണൂറും പെരയുടെ അടുത്തുള്ള കടപ്ലാവിനു സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിക്കൊണ്ടു വന്നതുകൊണ്ടാണ് അതില്‍ നിറയെ ചക്കകളുണ്ടായിത്തുടങ്ങിയത്.

ഏപ്രില്‍ മെയ് മാസങ്ങളിലെ വെക്കേഷന്‍ കടന്നുപോകുന്നത് വളരെ പെട്ടന്നാണ്. വെക്കേഷന്‍ കാലത്ത് അമ്മായിയുടെയും ചെറിയ-വലിയച്ഛന്മാരുടെയും കുട്ടിപ്പടകളെക്കൊണ്ട് വീടും തൊടിയും നിറഞ്ഞിരിക്കും. കാലത്ത് എഴുന്നേറ്റാല്‍ പിന്നെ കാപ്പി പോലും കുടിക്കാതെ അമ്പി സാമിയുടെ കുളത്തിന്റെ അറ്റംവരെ നീണ്ടു കിടക്കുന്ന പറമ്പിലേക്കിറങ്ങുകയായി. സെന്ററിലെ ഫേന്‍സിലാന്‍ഡിന്റെ മുന്നില്‍ ഉഷച്ചേച്ചിയുടെ തുന്നല്‍ മെഷീനുമായിരിക്കുന്ന ബാലന്‍ നായര്‍ അവര്‍കളുടെ വെക്കേഷന്‍ സ്പെഷലായി തുന്നിക്കൂട്ടുന്ന വള്ളിയുള്ള ലൂസായ ട്രൌസറുമിട്ട് മാവായ മാവിലെല്ലം കൈക്കരുത്ത് കാണിച്ച് നടക്കുന്ന സമയം. ചെറിയഛനെ മാത്രമേ അല്പമെങ്കിലും ഭയമുള്ളൂ. അതും ആ കപ്പടാ മീശയുടെ ബലം ഒന്നുകൊണ്ടു മാത്രമാണ്. ബാക്കിയുള്ള കാരണവന്മാര്‍ അതിനു ശ്രമിച്ചിട്ട് പരാജയമടഞ്ഞതാണെന്ന് ചരിത്രം.


എങ്ങനെയൊക്കെയോ ഒന്‍പതാം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞിരിക്കുന്ന സമയം. വലിയച്ഛന്‍ മകന്‍ ബിജുക്കുട്ടന്‍ പത്താം തരം എഴുതിയിരിക്കുന്നു. വെക്കേഷനിലെ മൊത്ത കോറം 12 . കൂടെ അമ്പി സാമിയുടെ പെങ്ങ്ള് മദിരാശിയിലെ ശ്രീദേവി അക്കയുടെ സുന്ദരിക്കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സുലോചനയും. കഴിഞ്ഞ വെക്കേഷന്‍ തൊട്ടേ ബിജുക്കുട്ടന്‍ സുലോചനയുടെ കാര്യത്തിലെടുക്കുന്ന ശുഷ്കാന്തി, ബിജുക്കുട്ടന്റെ രണ്ടു കയ്യിലെയും മസിലുകളുടെ ശക്തി അനുഭവിച്ചറിഞ്ഞുവെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു. ഒരു പെണ്‍കുട്ടിക്ക് അല്പം സൌന്ദര്യമുണ്ടെന്നുകരുതി ഇങ്ങനെയും ഒരു മനുഷ്യനാവുമോ. അവളുടെ മുന്നില്‍ വെച്ച് പലപ്പോഴും ബിജുക്കുട്ടന്‍ എന്റെ മേല്‍ കൈക്കരുത്ത് കാണിക്കുക പതിവായി. അതുപോ‍ലെ, എന്തെങ്കിലും ഷോ ചെയ്യാന്‍ പറ്റിയ വിഷയങ്ങളാണെങ്കില്‍ ബിജുക്കുട്ടന്‍ തന്നെ ഏറ്റെടുക്കും. ഏതായാലും വിഷുകഴിഞ്ഞാല്‍ ബിജുക്കുട്ടന്‍ അവന്റെ അമ്മ വീട്ടില്‍ പോകുമല്ലോ എന്ന ഒറ്റ സമാ‍ധാനമായിരുന്നു എനിക്ക്. ഇങ്ങനെയുള്ള ഞെരമ്പു രോഗികള്‍ക്ക് ദൈവം കൂലികൊടുത്തോളുമെന്നും എന്റെ മനസ്സുപറഞ്ഞു.

ഒരു ദിവസം ഉച്ചകഴിഞ്ഞ സമയം . അമ്പസ്താനി കളിക്കുന്നതിന്റെ മൂര്‍ദ്ധന്യത്തിലാണ് ചെറിയച്ഛന്റെ വരവ്. ബിജുക്കുട്ടനെ അടുത്ത് വിളിച്ച് എന്തോ കുശു കുശുക്കല്‍. ഹാവൂ രക്ഷപ്പെട്ടു. ഇന്നവനെ എവിടെക്കെങ്കിലും വിടും . പിന്നെ ഈ പശങ്ങളെല്ലം എന്റെ കീഴില്‍ ..

പക്ഷേ ബിജുക്കുട്ടന്‍ എവിടെയും പോയില്ല. ചെറിയച്ഛനെ കണ്ട് വെണ്ണൂറും പുരയുടെ അപ്പുറത്തേക്ക് മാറി നിന്ന ഞങ്ങളുടെ അടുത്ത് വന്നു.

‘ഡാ അമ്മായി നാളെ പൂവ്വാത്രെ. കുറച്ച് കടച്ചക്ക പൊട്ടിക്കണം. നിലത്ത് വീഴാണ്ട് നോക്കണന്നാ ചെറിയച്ഛന്‍ പറഞ്ഞേ..നീ പോയിട്ട് ആ വലയുള്ള തോട്ടി ഇങ്ങട് എടുത്തോണ്ടു വാ..’

ഉത്തരവ്. ഇവന്‍ വലത്തോട്ടിവെച്ച് കടച്ചക്ക പൊട്ടിക്കുന്നതൊന്ന് കാണണം. വലത്തോട്ടിയുമായി തിരിച്ചു വരുന്ന സമയത്ത് അതിന്റെ വല ഒന്ന് ലൂസാക്കി ഇട്ടുകൊടുത്തു.

പ്രതീക്ഷിച്ച പോലെ ബിജുക്കുട്ടന്‍ രജനി സ്റ്റൈലില്‍ സൈഡ് പിടിച്ചു നിന്നു ഒരു ചക്ക പൊട്ടിച്ചു. വല പൊട്ടി ചക്ക താഴെ വീണു. ഞാന്‍ വിരലിട്ട് ഒരു വിസിലടിച്ചു നിര്‍വൃതി കൊണ്ടു.

ബിജുക്കുട്ടന്‍ എന്നെ ഒന്ന് നോക്കി.

‘ഡാ ഈ വലത്തോട്ടികൊണ്ട് പൊട്ടിക്കാന്‍ പറ്റില്ലടാ. നല്ല ചക്കയൊക്കെ മൊകളിലാണ്. ‘

ആഹ. അപ്പൊ ലവന്‍ കയറിപ്പൊട്ടിക്കാനുള്ള പരിപാടിയാണ്. ഷൈന്‍ ചെയ്യാനുള്ള മറ്റൊരു തന്ത്രം.

‘ഞാന്‍ കയറാം. ന്ന്ട്ട് ഓരോന്നായി താഴ്ത്തേക്ക് ഇട്ട് തരാം. നീയ്യ് പിടിക്ക്വോ ? ‘

‘പിടിക്കൊക്കെ ചെയ്യാം. എന്നാലും ചക്ക താഴ്ത്ത് വീണാലോ ...’ അങ്ങനെ അവന്‍ ഷൈന്‍ ചെയ്യണ്ട.

‘എന്നാ ഒരു കാര്യം ചെയ്യ് .. നിയ്യ് കേറ്. ഞാന്‍ താഴ്ത്ത് നിന്ന് പിടിക്കാം..’

ങെ.. ഇത് വല്ല സ്വപ്നമായിരിക്കുമോ . അതോ എനിക്ക് മരത്തില്‍ കയറാനറിയില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള വല്ല സൂത്രപ്പണിയാണോ ? ഏതായാലും ദൌത്യം ഞാന്‍ മനസ്സാ ഏറ്റെടുത്തുകഴിഞ്ഞു.

ചുറ്റും നോക്കി. കോറം മുഴുവനുമുണ്ട്. സുലോചന തൊട്ടടുത്ത തെങ്ങില്‍ ചാ‍രി എല്ലാം നോക്കിക്കൊണ്ടു നില്‍ക്കുന്നു. കൈ മുകളിലേക്കൊന്ന് കുടഞ്ഞ് അതിശയനിലെപ്പോലെ മസിലെല്ലാം പെരുപ്പിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. പിന്നെ ബിജുക്കുട്ടനെ ഒന്ന് നോക്കി.

‘നീ ധൈര്യായിട്ട് കയറടാ.. ഞാന്‍ താഴ്ത്ത് ഉണ്ട്. .’

മെല്ലെ ഓരോ കൊമ്പും പിടിച്ച് ഞാന്‍ പ്ലാവിന്റെ മുകളിലേക്ക് കയറി. ചെറുതായി ഉറുമ്പുണ്ട്, അത്ര കാ‍ര്യമില്ല. പ്ലാവിന്റെ പകുതിയോളമെത്തിയപ്പോള്‍ ഉത്തരവ് വന്നു.

‘സൈഡിലുള്ള ചക്ക നോക്ക്യേഡാ..’ ഞാന്‍ താഴെയ്ക്ക് നോക്കി

ബിജുക്കുട്ടന്‍ സുലോചനയുടെ അടുത്തു ഉത്തരവിറക്കിക്കൊണ്ടു നില്ക്കുന്നു. ഒരു ചക്കപൊട്ടിച്ച് അവന്റെ തലക്കൊരു ഏറുകൊടുത്താലോ എന്ന് എന്റെ മനോമുകുരത്തില്‍ തെളിഞ്ഞതാണ്. ജീവിതകാലം മുഴുവന്‍ പ്ലാവിന്റെ മുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടാവരുതല്ലോയെന്ന ഒറ്റക്കാരണം കൊണ്ട് അതു വേണ്ടെന്നുവെച്ചു..

‘ഈ ചക്ക മൂത്തട്ടില്ല...’ ങും. കടച്ചക്കയെക്കുറിച്ച് യാതൊരു ജെനറല്‍ നോളജുമില്ലെന്ന് ആരും പറയരുതല്ലോ.

‘ന്നാ നീ കൊറച്ചും കൂടി മോളില്‍ക്ക് കയറി നോക്ക്...’ . നീ പറയണ്ട്രാ.. ഞാന്‍ മോളില്‍ക്ക് കയറുകതന്നെയാണ്. അടുത്ത സ്റ്റെപ്പ് ചെറിയൊരു ചില്ലയിലാണ് കാല് വെച്ചത്. ഒരു സംശയം. കാലൊന്ന് അമര്‍ത്തിനോക്കി. ക് ര്‍.ര്‍.. ചില്ല ഒടിഞ്ഞു . എന്റെ ബാ‍ലന്‍സ് അതിന്റെ വഴിക്ക് പോയി. താഴെയുള്ള ചില്ലയില്‍ കയ്യിടിച്ചു. സ്കൈലാബിനേക്കാല്‍ സ്പീഡില്‍ താഴേക്ക്.

താഴെയെത്തുന്നതിനു മുന്‍പ് മറ്റൊരു ചില്ലയില്‍ കയ്യുടക്കി. പിന്നെ, രണ്ടു കയ്യുകൊണ്ടും മുറുകെ പിടിച്ചു.

താഴെയ്ക്ക് നോക്കി. താഴെ മറ്റു ചില്ലകളൊന്നുമില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ ശൂന്യാകാശത്ത് തത്തിക്കളിക്കുകയാണ്. ടാര്‍സന്റെ മറ്റൊരുപതിപ്പായി മരത്തില്‍ തൂങ്ങി ഞാനാടി.

‘ഡാ. നീ ചാടിക്കോ.. ഞാനിവിടെ ഉണ്ട്. ‘ ബിജുക്കുട്ടന്‍ അവിടെ നിന്ന് ഉത്തരവിറക്കി.

അതേടാ. ഞാന്‍ ചാടി എന്റെ കയ്യും കാലും ഒടിഞ്ഞ് കിടക്കുന്നത് നിനക്ക് കാണണം.

ദേഹത്ത് ചെറിയ വേദനയുണ്ട്. എവിടെയൊക്കെയോ cpm കാരും rss കാരും ഇടികൂടുന്നു.

എത്ര വലിയ ടാര്‍സസ്നായാലും ഇങ്ങനെ തൂങ്ങിക്കിടക്കുന്നത് അത്ര വലിയ സുഖമുള്ള ഏര്‍പ്പാടാണെന്ന് തോന്നുന്നില്ല. ബാലന്‍സ് എപ്പോള്‍ വേണമെങ്കിലും അതിന്റെ വഴിക്ക് പോകാം.

പെട്ടന്നാണ് കാലില്‍ ഒരു ചെറിയ ഇക്കിളി. അതിങ്ങനെ അരിച്ചരിച്ച് മുകളിലേക്ക്. നോക്കിയപ്പോള്‍ ഒരു ചോണനുറുമ്പ് മല കയറി വരുന്നു. മുട്ടിന്റെ അടുത്തെത്തി. ചോണനുറുമ്പ് കടിച്ചാലുള്ള സ്ഥിതി ആലോചിച്ച് ഞാനൊന്നു ഞെട്ടി. ഞാന്‍ കാലിട്ടിളക്കി ഉറുമ്പിന്റെ തുരത്താന്‍ ഒരു ശ്രമം നടത്തി നോക്കി. ഇനി ഈ ഉറുമ്പും വല്ല ഞെരമ്പു രോഗിയാണോ ദൈവമേ. മറുമൊഴിയും പിന്മൊഴിയും നോക്കാതെയുള്ള ഒരു വരവാണ്. കൂടുതല്‍ ശക്തിയോടെ മുകളിലേക്ക് തന്നെ. രണ്ടു കാലുകളുമിട്ട് ഉരസി നോക്കി. പിന്നെ ഒന്നു കുടഞ്ഞു.

കെട്ട് പൊട്ടി.

ഉറുമ്പ് താഴെ വീണു. കൂടെ ബാലന്‍ നായര്‍ സ്പെഷലായുണ്ടാക്കിയ വള്ളി ട്രൌസറും. കൃത്യമായി അടിയിലെ ചെളിവെള്ളത്തിലേക്ക് തന്നെ.

ദൈവമേ. ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. മഹാനായ ടാര്‍സനു പോലും ഒരിക്കല് പോ‍ലും ഈ ഗതി വന്നിട്ടില്ല.

എന്റെ കൈകളിലെ പിടി വിട്ടു. നേരെ താഴേക്ക്ക്.

ഹൌ .. ഒന്നും സംഭവിച്ചില്ല. ഞാന്‍ എഴുന്നേറ്റ് നിന്നു.

‘കുരുത്തം കെട്ടോനെ. പെങ്കുട്ട്യോള്‍ടെ മുമ്പിലാണോടാ മുണ്ടും കോണോം ഇല്ലാണ്ട് നിക്കണെ ‘ എന്ന ചെറിയച്ചന്റെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.

ഭാഗ്യം ആ കോണകമിട്ടില്ലായിരുന്നെങ്കിലെന്തായിരുന്നേനെ ?

ഞാന്‍ ചുറ്റും നോക്കി. ബിജുക്കുട്ടന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

Saturday, June 16, 2007

ഇഞ്ചപ്പുര

മലകളായ മലകളൊക്കെ പീസ് പീസാക്കി നെല്‍പ്പാടങ്ങളെല്ലാം കുത്തി നിറക്കുന്നതിനുമുമ്പ് , 'നിറപറ'യും 'ഈസ്റ്റേണും ' കളത്തിലിറങ്ങുന്നതിനും മുമ്പ് ഗ്രാമങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇഞ്ചപ്പുരകള്‍ അഥവാ നെല്ലുകുത്തുമില്ലുകള്‍ .

തത്രത്തിലെ കുഞ്ഞുവറുദേട്ടനു തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് മനപ്പടിക്കലെ ഇഞ്ചപ്പുര. നാനൂറടി sq.ft -ല്‍ ശുദ്ധവായുവും വെളിച്ചവും കിട്ടാനായി വശങ്ങളില്‍ സാമാന്യം നല്ല വലിപ്പത്തിലുള്ള എയര്‍ ഹോളുകളാല്‍ സമൃദ്ധമാണ് ഇഞ്ചപ്പുര . കയ്യിലിരുപ്പു നന്നാതായതുകൊണ്ട് റൂഫിലെ ഓടുകള്‍ മാറ്റാനുള്ള ശ്രമം കുഞ്ഞുവറുദേട്ടന്‍ പണ്ടെ ഉപേക്ഷിച്ചതുകൊണ്ട് റൂഫില്‍ നിന്നും കാര്യമായ വെളിച്ചവും വായുവും ( ജല വൃഷ്ടിയും) സമ്രദ്ധിയായി കിട്ടും. ചരിത്രത്തിന്റെ നാഴികക്കല്ലുകളായി നില നില്‍ക്കുന്ന നെല്ലുകുത്തുന്ന രണ്ട് മെഷീനുകളാണ് ഇഞ്ചപ്പുരയിലുള്ളത് . ഒരു മൂലയ്ക്കായി ചെറിയ ഒരു ആപ്പിസ് മുറി.പ്രധാനമായും കുഞ്ഞുവറുദേട്ടനു നടുവു നിവര്‍ത്താനുള്ള ഒരു സെറ്റപ്പ് മാത്രമാണ് ആപ്പീസ് മുറി . കാലത്തു എട്ടുമണിക്കുതുറക്കുന്ന മില്ല് ഇരുട്ടാവുമ്പോള്‍ മാത്രമണ് അടയ്ക്കുന്നത് .

കുഞ്ഞുവറുദേട്ടനു രണ്ട് അരുമസന്താനങ്ങളാണ്. ലാസറും ലൂവീസും. മൂത്തവന്‍ ലാസര്‍. അഞ്ചാം ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള വൈക്ലബ്യം മാറ്റാന്‍ നാലുവര്‍ഷമെടുത്തപ്പോള്‍ കുഞ്ഞുവറുദേട്ടാന്‍ തന്റെ ശിഷ്യനാക്കി ലാസറിനെ മില്ലിലിരുത്തി . അതിനു ശേഷമാണ് ഉച്ചക്ക് 12 മണിയോടെ വാസുവിന്റെ ഷാപ്പിലേക്കുള്ള യാത്ര മനസ്സമാധാനമായി കുഞ്ഞുവറുദേട്ടന്‍ തുടങ്ങിയത് .

മൂന്നുമണിയാവുമ്പോഴേക്കും തിരിച്ചെത്തും. ആ സമയത്ത് പണി അല്പം കുറവാണ്. പക്ഷേ, കുറച്ചു നാളു കഴിഞ്ഞപ്പോഴാണ് കളക്ഷനില്‍ കാര്യമായ കുറവ് കുഞ്ഞുവറ്ദേട്ടന്‍ കണ്ടുപിടിച്ചത് . ലാസര്‍ ഗണിതശാസ്ത്രത്തില്‍ ‍ കേമനെന്ന് കുഞ്ഞുവറുദേട്ടന്‍ അന്ന് മനസ്സിലാക്കി. എന്തായാലും ലാസറിനെ ഉയിര്‍പ്പിക്കാ‍നുള്ള ശ്രമങ്ങള്‍ക്കായി കുഞ്ഞുവറുദേട്ടന്റെ തലപുകഞ്ഞു . സ്ഥിരം വരുന്ന ചില കസ്റ്റമേഴ്സിനെയാണ് കുറച്ചുകാലമായി കാണാത്തതെന്ന് കുഞ്ഞുവറുദേട്ടന്‍ ചികഞ്ഞെടുത്തു. കണ്ടാറുവിന്റെ മകള്‍ ശാന്ത , ധിക്കാരി അപ്പുട്ടന്റെ ഭാര്യ അമ്മിണി, കേശവന്‍ അന്തപ്പന്റെ പെങ്ങള്‍ ഏല്യാമ്മ എന്നീ ലലനാമണികളാണ് നഷ്ടപ്പെട്ട കസ്റ്റമേഴ്സെന്നും മനസ്സിലായി .

ഇവരൊക്കെ ഇപ്പോ എവിടെ പോയി ?

അതോ ലാസറ് വല്ല കുത്തിത്തിരിപ്പും ഉണ്ടാക്കിയോ ?

ഒരു മാസത്തെ ശ്രമഫലമായി കുഞ്ഞുവറുദേട്ടനു കാര്യങ്ങള്‍ ഒരു വിധം ക്ലിയറായി. ഒരു കസ്റ്റമറും തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും തന്റെ ഉച്ചക്കുള്ള ഷാപ്പുസന്ദര്‍ശന സമയത്ത് അമ്മിണിയും ഏല്യാമ്മയും ശാന്തയുമെല്ലാം കൃത്യം കൃത്യമായി ഇഞ്ചപ്പുരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ബാര്‍ട്ടര്‍ സമ്പ്രദായത്തിലധിഷ്ഠിതമായ സേവനമാണ് ലാസറ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മനസ്സിലാക്കി. ഈ പോക്ക് പോയാല്‍ തന്റെ ഇഞ്ചപ്പുര ദൌത്യസംഘം കയറിയ മൂന്നാറുപോലെയാകാന് ‍ വലിയ സമയമെടുക്കില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുവര്‍ദേട്ടന്‍ ലാസറിനെ ഉടലോലെ കോയമ്പത്തൂരില് ‍ വെറ്റിലക്കച്ചവടം നടത്തുന്ന അനിയന്‍ പ്രാഞ്ചിയുടെ അടുത്തേക്ക് പാക്ക് ചെയ്തു.

ദിവസങ്ങളങ്ങനെ തള്ളി നീക്കുമ്പോഴാണ് രണ്ടാമന്‍ ലൂവീസ് പള്ളിയിലെ വെടിക്കെട്ടുപുരയില്‍ നിന്നും വെടിമരുന്നെടുത്ത് പള്ളിസെമിത്തേരിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനകം ആനട്ടി കൊച്ചുതോമയുടെ മാര്‍ബിളില്‍ കൊത്തിയ ശവകുടീരം അമേരിക്കക്കാര്‍ കയറിയ ഇറാക്കു പോലെ ആയിരുന്നു, ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ ലൂവീസിന്റെ ദേഹത്തും. പള്ളി ആശുപത്രിയില്‍ ലൂവീസിന്റെ ഒടിയാത്ത എല്ലുകളുടെ എണ്ണമെടുക്കുമ്പോള്‍ ആദ്യമെത്തിയതും, ഒരാഴ്ചമുമ്പ് പൊട്ടാസ്യം നൈട്രേറ്റിന്റെ ഗുണഗണങ്ങള്‍ ഘോരഘോരം ലൂവീസിനെ പഠിപ്പിച്ച ഔസേപ്പുണ്ണി മാഷായിരുന്നു. എല്ലാം ഔസേപ്പുണ്യാളനില്‍ ഏല്‍പ്പിച്ച് ഔസേപ്പുണ്ണിമാഷ് ആശുപത്രിവിടുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു.. മേലില്‍ പൊട്ടാസ്യം നൈട്രേറ്റിനെക്കുറിച്ച് ഇത്രയും വിശദമായി ക്ലാസെടുക്കില്ലെന്ന്. അതിനും മുമ്പെ പ്രധാനാദ്ധ്യാപകനായ കൃഷ്ണനുണ്ണി മാഷ് , ലൂവീസ് ഇവിടെയൊന്നും പഠിക്കേണ്ടവനല്ലെന്ന സര്‍ട്ടിഫിക്കറ്റു പ്യൂണ്‍ പ്രതാപന്‍ വശം കുഞ്ഞുവര്‍ദേട്ടന്റെ വീട്ടിലേക്ക് കൊടുത്തു വിട്ടിരുന്നു.

രാമന്‍ വൈദ്യരുടെ ഒരു മാസത്തെ അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് ലൂവീസ് നിവര്‍ന്നു നില്‍ക്കാന്‍ പഠിച്ചു. മെല്ലെ മെല്ലെ കുഞ്ഞുവര്‍ദേട്ടന്‍ ലൂവിസിന്റെ മില്ലിന്റെ രക്ഷാധികാരിയാക്കി. ഇഞ്ചത്തിലെ ലൂവീസ് എന്ന നാമവും പേറി മനപ്പടിക്കലെ ഇഞ്ചപ്പുരയില്‍ ലൂവീസ് വാണു. പ്രായാധിക്യത്താല്‍ കുഞ്ഞുവര്‍ദേട്ടന്‍ മെല്ലെ മെല്ലെ വീട്ടിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.

കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ലാസറിനെ കുരുക്കിയ ദൌത്യസംഘം ലൂവീസിലും മെല്ലെ മെല്ലെ പിടിമുറുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടുമുതല്‍ മൂന്നു വരെയുള്ള വിശ്രമവേള ആനന്ദകരമായിത്തുടങ്ങാന്‍ ലൂവീസിനു അധികം സമയമെടുത്തില്ല. ജനശ്രദ്ധ മെല്ലെ മെല്ലെ ഇഞ്ചത്തിലെ ലൂവീസിലേക്ക് വീണ്ടും തിരിഞ്ഞു തുടങ്ങിയത് ലൂവീസ് അറിയാതെ പോയി.


* * *

പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ ബോമ്പെക്ക് പോയത് നാട്ടില്‍ കഴിഞ്ഞുകൂടാനുള്ള വകയില്ലാഞ്ഞിട്ടൊന്നുമല്ല. ഒരു പന്തിയില്‍ രണ്ടു വിളമ്പു വേണ്ട എന്ന മാര്‍ക്സിയന്‍ തത്വചിന്ത മുറുകെ പിടിക്കുന്ന പൈലപ്പേട്ടന്‍ രാത്രിക്കുരാത്രി ബോംബെക്ക് കയറ്റി വിട്ടതായിരുന്നു. പൈലപ്പേട്ടന്റെ സ്വന്തം പുസ്തകക്കടയില്‍ വെച്ച് മനോരമ വാരിക ചോദിച്ച നാടക നടി പണ്ടാറക്കാട് ശാന്തമ്മക്ക് പൈലപ്പേട്ടന്‍ സെക്യൂരിറ്റിലോക്കിട്ട് പൂട്ടിവെച്ച ചൂടന്‍ പുസ്തകങ്ങളിലൊന്നു ആന്റപ്പന്‍ ഗിഫ്റ്റായി നല്‍കിയെന്ന ഒരു നിസാര കാരണമായിരുന്നു അതിനു പിന്നില്‍.

മഹത്തായ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പള്ളിപ്പെരുന്നാളിന്റെ സന്ദര്‍ഭത്തിലാണ് ആന്റപ്പന്‍ പിന്നീട് നാട്ടിലെത്തുന്നത്. മെയ്ഡ് ഇന്‍ ഉല്ലാസ് നഗര്‍ റൈബാന്‍ കൂളിംഗ്ലാസും വെട്ടിരുമ്പ് ജീന്‍സുമിട്ട് ആന്റപ്പന്‍ നാട്ടില്‍ ചെത്തിനടന്നു. ഇതിനിടയില്‍ ചില കാരുണ്യപ്രവര്‍ത്തികളില്‍ പങ്കാളിയാവുകയും തന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തുകയും ചെയ്തുപോന്നു. ആന്റപ്പന്റെ ചെത്തില്‍ പങ്കാളികളായി ചിലര്‍ ഇതിനകം ആന്റപ്പന്‍ ഫാന്‍സ് അസോസിയേഷനില്‍ സ്ഥിരാംഗത്വം നേടിയിരുന്നു.

ഒരു ശനിയാഴ്ച കാലത്തായിരുന്നു ഇഞ്ചത്തിലെ ലൂവീസിന്റെ പ്രശ്നം ഫാന്‍സ് അസോസിയേഷന്‍ മെംബേഴ്സ് ആന്റപ്പനെ അറിയിക്കുന്നത്. ഈ സാമൂഹ്യപ്രശ്നത്തെ ഉന്മൂലനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് ഏവരും ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ ‘ഓപ്പറേഷന്‍ ഇഞ്ചപ്പുര‘ നിശ്ചയിച്ചു.

അന്ന് ഉച്ചക്ക് ലൂവീസ് മെഷീനുകള്‍ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആന്റപ്പന്‍ സംഘാംഗങ്ങളുമായി അവിടെ കയറി വന്നത്. വന്ന പാടെ വളരെ മാന്യതയോടെ ചോദ്യോത്തര വേള ആരംഭിച്ചു.

‘ലൂവീസേട്ടാ.. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..? ‘

‘എന്താ എല്ലാവരും കൂടി..? ‘

‘ഏയ്.. ഒന്നുമില്ല. വെറുതെ...’ സംഘാഗങ്ങള്‍ അക്ഷമരായി ഇഞ്ചപ്പുരയുടെ വാതില്‍ പടിയില്‍ തന്നെ നിന്നു.

‘ലൂവീസേട്ടാ.. ഞങ്ങള് പുറത്ത് നിന്നും പലതും കേള്‍ക്കുന്നു..’

‘എന്തൂട്ടാണ്ടാ ..’

‘ഇവിടെ ലൂവീസേട്ടന്‍ പല വൃത്തികേടുകളും നടത്തുന്നുവെന്ന് കേട്ടു..’

‘വൃത്തികേടാ.. ന്തൂട്ടാ നീ പറേണേ ആന്റപ്പാ..’

‘ലൂവീസേട്ടാ. ഞങ്ങള്‍ക്ക് ഇബടെ ഒന്ന് പരിശോധിക്കണം. ഇതിന്റെ അകത്ത് ..’ ആന്റപ്പന്റെ ശബ്ദത്തിന്റെ ഡെസിബല്‍ കുറച്ച് കൂടി. ലൂവീസിനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാന്‍ വലിയ താമസമെടുത്തില്ല.

‘ശരി.. ആന്റപ്പാ.. എല്ലാവരേയും കേറ്റി പരിശോധിപ്പിക്കാന്‍ പറ്റില്ല. വേണങ്കി നീ ഒറ്റക്ക് കേറി അന്വേഷിച്ചോ..’

ആന്റപ്പന്റെ സംഘത്തെ മുഴുവന്‍ ഒന്നു നോക്കി.

‘ശരി.. ആന്റപ്പേട്ടന്‍ മാത്രം പോയി നോക്ക്യാ മതി. ..’ എല്ലാവര്‍ക്കും ഒറ്റ സ്വരമായിരുന്നു.

ആന്റപ്പന്‍ അകത്തു പോയി .

പിന്നെ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.

‘ശരി.. ശരി.. ഇവിടെ ഒക്കെ ക്ലിയറാണ്.. നമുക്ക് പോകാം...’ ആന്റപ്പന്‍ തന്റെ സംഘത്തോടൊപ്പം നിഷ്ക്രമിച്ചു.

ലൂവീസ് ഒരു കാജാബീഡിക്ക് തീകൊളുത്തി.

പത്തുമിനിട്ടുകഴിഞ്ഞപ്പോള്‍ നീണ്ട ഒരു കോട്ടുവായിട്ടുകൊണ്ട്, കല്യാണം കഴിക്കതെ വീട്ടില്‍ നിന്നിരുന്ന ആന്റപ്പന്റെ ഒരേ ഒരു അമ്മായീ കൊച്ചുത്രേസ്യമ്മായി ഒരു നെല്ലുചാക്കുമായി ഇറങ്ങിപ്പോകുന്നത് ഫാന്‍സ് അസോസിയേഷനിലെ കുട്ടപ്പന്‍ ദൃക്‌സാക്ഷി ആയതിനു ആന്റപ്പനു ചെലവായത് രണ്ടു ഫുള്‍ബോട്ടിലായിരുന്നു.