Sunday, November 11, 2007

ഡ്രൈവിങ് ലൈസന്‍സ്

ഒരേയൊരു പെങ്ങളെ തോളൂരുള്ള പേരുകേട്ട തറവാട്ടിലേക്ക് കെട്ടിച്ചു വിടുമ്പോള്‍ മോഹങ്ങളുടെ ഒരു കൂമ്പാ‍രവുമായാണവള്‍ അങ്ങോട്ട് കെട്ടിയെടുത്തതെന്നും ബാലന്‍സായുള്ള മോഹങ്ങള്‍ ഓരോരോ പാരയായി ഇങ്ങോട്ട് തന്നെ തിരിച്ചുവരുമെന്നുമുള്ള തിരിച്ചറിവ് ഉണ്ടായത് ,എല്ലാം കഴിഞ്ഞ ശേഷം മാത്രമായിരുന്നു. അല്ലെങ്കിലും വരാനുള്ളത് ഒന്നും തന്നെ വഴിയില്‍ തങ്ങാറില്ലല്ലോ .

അതിലൊരു മോഹമായിരുന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നതെന്ന് ഒരു നാള്‍ എന്റെ നല്ലപാതി ലീന പൊടിപ്പും തൊങ്ങലും വെച്ച് കാതിലോതിയപ്പോ‍ള്‍‍ 'അവളായി അവളുടെ കെട്ട്യോനായി ' എന്ന ലൈനില്‍ ഞാന്‍ പിടിച്ച് നിന്നത് വെറുതെ . പിറ്റേന്ന് കാലത്തു തന്നെ ലീനയെ സോപ്പിട്ട് പെങ്ങള്‍ റീമ ഒരു കമ്പയിന്റ് സ്റ്റഡിക്കുള്ള കുടുക്കിട്ടു. ' എന്തിനാണ്ടീ നീ ഡ്രൈവിങ് പടിക്കണേ ' എന്ന എന്റെ ചോദ്യത്തിനു ബസ്സില്ലാത്ത ദിവസം സ്കൂളില്‍ പോകാനെന്ന് മറുപടി. തോളൂരു നിന്നും കൊടകര ഡോണ്‍ബോസ്കോ സ്കൂളിലേക്ക് ബന്ദുള്ള ദിവസം ഡ്രൈവ് ചെയ്താലുണ്ടാവുന്ന അവസ്ഥ , അളിയന്റെ മാരുതി 800 നു നമോവാകം.

കാറുപോയിട്ട് ഒരു കുട്ടിസൈക്കിള്‍ പോലും ഓടിക്കണമെന്ന് ജന്മത്തില്‍ പോലും ആഗ്രഹിക്കാത്ത ലീന, റീമയുടെ സോപ്പില്‍ പതഞ്ഞ് എന്നോട് വിഷയമവതരിപ്പിച്ചു. ജനാധിപത്യമല്ലേ.. ഭൂരിപക്ഷാഭിപ്രായത്തിനല്ലേ മുന്‍ തൂക്കം കൊടുക്കേണ്ടത്. അതുകൊണ്ട് പിറ്റേന്ന് തന്നെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിന്റെ പ്രൊപ്രൈറ്റര്‍ കം പ്രധാനാധ്യാപകനായ യാക്കോവേട്ടനോട് കാര്യം പറഞ്ഞു.

ഇവരുടെ ചിരകാലാഭിലാഷമാണ് ചേട്ടാ.. എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്ത് കൊടുക്കണം .

അതിനെന്താ നാളെത്തൊട്ട് തന്നെ പോന്നോട്ടെ.

യാക്കോവേട്ടന്‍ റെഡി.

പിറ്റേന്ന് കാലത്ത് പത്തുമണിക്ക് തന്നെ ലീന റെഡിയായി.

കാലത്ത് തന്നെ കുളിച്ച് കുറിയും തൊട്ട് യാക്കോവേട്ടന്റെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിനു മുന്നിലേക്ക്.
വീട്ടില്‍ നിന്നും തോളൂരിലേക്ക് ലീന ഡ്രൈവ് ചെയ്യും. അവിടെനിന്നും റീമയെ വണ്ടിയില്‍ കയറ്റി അരമണിക്കൂര്‍ പഠനം . തിരിച്ച് ഇങ്ങോട്ടും ലീന ഡ്രൈവര്‍ സീറ്റില്‍. അത്ര്യേ ഉള്ളൂ സംഭവം.

ആദ്യ ദിവസത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം റീമ രണ്ടു ദിവസം കൊണ്ടു തന്നെ ഡ്രൈവിങ് പഠിച്ചടക്കുമെന്ന് യാക്കോവേട്ടനു സംശയം തോന്നി. അറുപതിലും എഴുപതിലുമാണ് റീമ ഡ്രൈവ് ചെയ്യുന്നത്.

ലീനയാവട്ടെ ഇരുപത് കി.മി. സ്പീഡ് വിട്ട് എങ്ങോട്ടുമില്ല . ഡീസലിനു പകരം പച്ചവെള്ളം ഒഴിച്ചാലും ഏഴു കിലോമീറ്ററോളം യാക്കോവേട്ടന്‍ ഇതെങ്ങനെ സഹിക്കുന്നു ?

ഓരോ ദിവസവും നല്ല ഇമ്പ്രൂവ് മെന്റ്. ഡിഗ്രി പരീക്ഷക്കുപോലും രണ്ടാള്‍ക്കും ഇത്ര ശുഷ്കാന്തി ഉണ്ടായിരുന്നോവെന്നത് സംശയമാണ് .

ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഡ്രൈവിങ്ങിലെ നാഴികക്കല്ലായ 'H' എടുക്കാനുള്ള ഓര്‍ഡറായി . അതിനിടയില്‍ ലേണേഴ്സ് ടെസ്റ്റ് എങ്ങനെയൊക്കെയോ കടന്നു കൂടിയിരുന്നു.

പറമ്പന്തള്ളി അമ്പലത്തിനടുത്ത് മുല്ലശ്ശേരി ഗവര്‍മെന്റ് സ്കൂളിന്റെ അനാഥമായ ഗ്രൌണ്ടിലാണ് യാക്കോവേട്ടന്‍ 'H' ഇടാന്‍ പഠിപ്പിക്കുന്നത്. മെയിന്‍ റോഡില്‍ നിന്നും ഒന്നൊന്നര കിലോമീറ്ററുണ്ട് അവിടേയ്ക്ക്. ബസ് റൂട്ടില്ല. ചരിത്രാതീതകാലത്ത് ടാറിട്ട തോടാണ്. ഒരു ചന്തത്തിനു അവിടവിടെയായി ടാറ് കാണാം.

KLH രെജിസ്റ്റ്രേഷനുള്ള ഒരു കറുത്ത അമ്പാസഡറാണ് യാക്കോവേട്ടന്റെ ശകടം. തലമുറ തലമുറ കൈമാറി കിട്ടിയ സ്വത്താണ്. പാങ്ങിലെ കുട്ടപ്പേട്ടന്റെ വര്‍ക്ഷാപ്പ് നിലനിന്നു പോകുന്നതു തന്നെ ഇതുപോലെയുള്ള വണ്ടികളുടെ നിര്‍ലോഭമായ സഹകരണമുള്ളതൊന്നുകൊണ്ടുമാത്രമാണ്. . എങ്കിലും ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വരുകയോ മറ്റു വലിയ പ്രശ്നങ്ങളോ ഈ ശകടത്തിനു ഉണ്ടായിട്ടില്ല. റോഡിനു പറ്റിയ വണ്ടി തന്നെ.

'H' എടുക്കുന്ന പരിപാടി അല്പം കടുത്തതാണെന്ന് യാക്കോവേട്ടന്‍ മുന്‍ കൂട്ടി രണ്ടാളോടും പറഞ്ഞിരുന്നു. അതുകൊണ്ട് എക്സ്ട്രാ ഹോര്‍ലിക്സും ബൂസ്റ്റൊക്കെ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോയത്.

ഗ്രൌണ്ടില്‍ 'H' ആകൃതിയില്‍ വെച്ചിരിക്കുന്ന കൊന്ന വടികള്‍ക്കിടയിലൂടെ ശകടം ഓടിക്കണം .
'H' ന്റെ ആദ്യ ശ്രമത്തില്‍ തന്നെ വെച്ചിരുന്ന എല്ലാ വടികളും താഴെ. വണ്ടി മുന്നിലേക്കെടുക്കാന്‍ പ്രശ്നമില്ല. ബാക്ക് എടുക്കുമ്പോഴാണ് എല്ലാ പ്രശ്നവും. വണ്ടിയുടെ പകുതി എത്തിയാല്‍ മാത്രമേ സ്റ്റീയറിങ് ഒടിക്കാവൂ എന്ന് യാക്കോവേട്ടന്‍ പുറത്ത് നിന്ന് വിളിച്ചു പറയും. ലീന എങ്ങനെ ഒടിച്ചാലും കുറ്റിയില്‍ തട്ടും .

ക്ലച്ചിനു പകരം ആക്സലറേറ്റര്‍ അമര്‍ത്തുകയാണ്. റീമയുടെ പ്രശ്നം. പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് യാക്കോവേട്ടന്‍ വണ്ടിയുടെ അടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

രണ്ടും മൂന്നും ദിവസങ്ങള്‍ സംഭവ ബഹുലമല്ലാതെ കടന്നു പോയി.

'H' പഠനത്തിന്റെ നാലാം ദിവസം ഒരു വേള, ലീന ക്ലച്ചില്‍ കാലമര്‍ത്തിയപ്പോള്‍ അതു വെറുതെയാണെന്ന് മനസ്സിലാവാന്‍ സമയമെടുത്തു. പിന്നിട് യാക്കോവേട്ടന്‍ തന്റെ കയ്യിലുള്ള സാധനസാമഗ്രികള്‍ കൊണ്ട് ശകടത്തില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോള്‍ മാത്രമാണ് ഗിയര്‍ ബോക്സ് പീസ് പീസായി കിടക്കുകയാണെന്ന് മനസ്സിലായത്.

അന്ന് നട്ടുച്ചക്ക് ഗിയര്‍ ബോക്സിന്റെ മനസ്സിലാവാത്ത ഭാഗങ്ങള്‍ തലയില്‍ വെച്ച് രണ്ടു പെണ്ണുങ്ങളുമായി ദുഖം കടിച്ചമര്‍ത്തി യാക്കോവേട്ടന്‍ നടന്നു പോകുന്നത് പറമ്പന്തള്ളിയിലേക്കുള്ള വഴിയിലെ കുടുംബങ്ങള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു .

എത്രകഴിച്ചാലും ഫിറ്റാവാത്ത യാക്കോവേട്ടന്‍ അന്ന് വൈകിട്ട് ഫുള്‍ വീലായി വീട്ടില്‍ കയറിവന്നു. എന്റെ മുന്നില്‍ സാഷ്ടാംഗപ്രണാ‍മം നടത്തി .

മോനെ..എന്നെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കി തരണം. നിങ്ങള്‍ വേറേ ഏതെങ്കിലും ഡ്രൈവിങ് സ്കൂളില്‍ പോയി പഠിച്ചോ..

ഞാന്‍ വിഷമ വൃത്തത്തിലായി. സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞാല്‍ ടീച്ചറായ റീമയ്ക്ക് സ്കൂളില്‍ പോകണം . ജൂണില്‍ ലീനയ്ക്ക് ഗള്‍ഫിലേക്ക് തിരിച്ചു വരുകയും വേണം. വേറെ ഡ്രൈവിങ് സ്കൂളില്‍ ചെന്നാലും ഇതൊക്കെ തന്നെയാവും സ്ഥിതി . യാക്കോവേട്ടനാണെങ്കില്‍ അറിയാവുന്ന ആളാണ്.

എന്തു വന്നാലും എന്റെ വണ്ടിയില്‍ പഠിപ്പിക്കാന്‍ പറ്റില്ല.

യാക്കോവേട്ടന്‍ സ്ട്രെയ്റ്റാണ്. വെട്ടൊന്ന് മുറി രണ്ട്. യാതൊരു കോമ്പ്രമൈസും ഇല്ല.

പിന്നെ എന്റെ ഓടിച്ചു കൊതിമാറാത്ത പുതിയ സ്കോര്‍പിയോ ഇവര്‍ക്ക് ഗിയര്‍ബോക്സ് പൊളിക്കാന്‍ കൊടുക്കണോ ? അത് പള്ളീല് പോയി പറഞ്ഞാല്‍ മതി.

ആ മോഹം അവിടെ കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അളിയന്‍ തന്റെ മാരുതി 800 ശകടവുമായി പിറ്റേന്ന് കാലത്ത് ലാന്‍ഡ് ചെയ്യുന്നത്. 'H' എടുക്കാന്‍ ആ കാര്‍ നിരുപാധികം യാക്കോവേട്ടനു വിട്ടുകൊടുത്തുകൊണ്ടുള്ള ഓര്‍ഡര്‍.

യാക്കോവേട്ടന്‍ സസന്തോഷം ആ ഓഫര്‍ സ്വീകരിച്ചു. നാലു ദിവസം കൊണ്ട് 'H' പഠനം പൂര്‍ത്തിയാക്കി.

പ്രതീക്ഷയോടെയിരുന്ന ടെസ്റ്റ് ദിവസം വന്നെത്തി. കുന്ദംകുളത്താണ് ടെസ്റ്റ്. കാലത്ത് ആറുമണിക്കു തന്നെ യാക്കോവേട്ടന്‍ മാരുതിയുമായി രണ്ടിനേയും കൊണ്ട് അങ്ങോട്ട് വിട്ടു.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വളരെ സ്ട്രിക്റ്റാണെന്ന് യാക്കോവേട്ടന്‍ പഠിതാക്കള്‍ക്ക് ക്ലൂ കൊടുത്തിരുന്നു.

ഇവരെ കണ്ട മാത്രയില്‍ തന്നെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 'H' എടുപ്പിക്കാനൊന്നും നിന്നില്ല. നേരെ റോഡില്‍ സ്ട്രൈറ്റ് ഡ്രൈവിങ്ങിനു പോയി. എന്തു സംഭവിച്ചാലും 30 – 35 റേഞ്ചില്‍ കൂടുതല്‍ സ്പീഡില്‍ ഓടിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന ലീന അങ്ങനെ പാസ്ഡ്.

അടുത്തത് റീമയുടെ ടെസ്റ്റ്.
റീമയെ ഡ്രൈവിങ് സീറ്റിലിരുത്തി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടെസ്റ്റിനു പോയി.
പോയി പത്തുമിനിട്ടിനകം തിരിച്ചു വന്നു യാക്കോവേട്ടന്റെ അടുത്ത് വണ്ടി ബ്രേയ്ക്കിട്ടു നിന്നു.

തിരിച്ച് വന്നപ്പോള്‍ ഡ്രൈവറ് സീറ്റില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍.

മധ്യവയസ്കനായ ആ മനുഷ്യന്‍ വിയര്‍ത്ത് കുളിച്ച് കാറില്‍ നിന്നിറങ്ങി വന്നു.

താനാണോ ഇവരെ ഡൈവിങ് പഠിപ്പിച്ചത് ?

അതെ സര്‍

ഇങ്ങനെയുള്ള പാര്‍ട്ടികളുമായി മേലില്‍ എന്റടുത്ത് വരരുത്..

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അന്നത്തെ ടെസ്റ്റിങ് നിര്‍ത്തി സ്ഥലം വിട്ടു.

സംഭവമെന്തെന്നറിയാതെ യാക്കോവേട്ടന് മിഴിച്ചു നിന്നു.‍... പിന്നീട് റീമ പറഞ്ഞാണ് സംഭവത്തിന്റെ ഒരു രൂപരേഖയായത്.

ടെസ്റ്റിനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അര കിലോമീറ്റര്‍ എത്തിയപ്പോള്‍ ഇന്‍സ്പെക്ടടുടെ മനസ്സുപറഞ്ഞു റീമയുടെ ഡ്രൈവിങ് കൊള്ളാമെന്ന് . പരീക്ഷണമെന്ന നിലയ്ക്ക് ബഥനി സ്കൂളിനടുത്തുള്ള നിരനിരയായുള്ള ഹമ്പിനടുത്തെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സ്പീഡില്‍ എടുക്കാന്‍ ഓര്‍ഡറിട്ടു. ഒരു വിധം സ്മൂത്തായി ഓടിക്കൊണ്ടിരുന്ന മാരുതി 800 ഹമ്പിനു മുകളിലൂടെ പറ പറന്നു.
യാക്കോവേട്ടന്റെ അമ്പാസിഡറില്‍ പഠിച്ച റീമയ്ക് ഹമ്പിനുമുകളിലൂടെ പറക്കാന്‍ നല്ല വൈദഗ്ദ്യം.

ബ്രേയ്ക്ക്.... വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചീറി.

ബ്രേയ്ക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍. വണ്ടി പിന്നെയും പറന്നു.

ഹാന്ഡ് ബ്രേയ്ക്കിട്ട് ഇന്‍സ്പെക്ടര്‍ വണ്ടി ഒരു വിധത്തില്‍ നിര്‍ത്തി. പിന്നെ ഒന്നും മിണ്ടാതെ റീമയെ മാറ്റി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വണ്ടി തിരിച്ചു. തിരിച്ചുള്ള വരവില്‍ ബഥനി സ്കൂളിനടുത്തെ കുരിശുപള്ളിയില്‍ കയറി നേര്‍ച്ചയിടാനും അയാള്‍ മറന്നില്ല.

തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ലീനയാണ് ഡ്രൈവ് ചെയ്തത് വിത്ത് ലൈസന്‍സ് ഏന്‍ഡ് സൈലന്‍സ്.. അടുത്ത ദിവസം വെഹിക്കിള്‍ ഇന്‍സ്പെക്ടറെ എങ്ങനെ ചാക്കിടാമെന്ന ചിന്തയില്‍ പിന്‍സീറ്റിലിരുന്നു യാക്കോവേട്ടന്‍. ശ്മശാന മൂകത വീടിനടുത്തെത്തുന്നതുവരെ തുടര്‍ന്നു. തനിക്ക് ലൈസന്‍സ് കിട്ടില്ലെന്നു 100 ശതമാനവും വിശ്വസിച്ചിരുന്ന ലീന ഡ്രൈവിങ്ങിനിടയില്‍ റീമയുടെ വീര്‍ത്തുകെട്ടിയ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. തന്റെ സന്തോഷം ആരെ അറിയിക്കാന്‍ ?

ആ സന്തോഷം, വീടിന്റെ ഗേറ്റിനു തൊട്ടുനില്‍ക്കുന്ന ടെലഫോണ്‍ പോസ്റ്റിലാണ് ലീന അറിയിച്ചത്. ബമ്പറും ഹെഡ് ലൈറ്റും തകര്‍ത്ത് ടെലഫോണ്‍ പോസ്റ്റ്, ആഫ്രിക്കക്കാരന്റെ ഒട്ടിയ വയറുമായി നിന്നു.

യാക്കോവേട്ടന്‍ ചാടി പുറത്തിറങ്ങി ചുറ്റും നോക്കി.

ഭാഗ്യത്തിനു റോഡില്‍ ആരുമില്ലായിരുന്നു. പിന്നെ, മാക്സിമം സ്പീഡില്‍ വണ്ടി തിരിച്ച് എടുത്ത് അളിയന്റെ വീട്ടില്‍ കൊണ്ടിട്ടിട്ടാണ് യാക്കോവേട്ടന്‍ നെടുവീര്‍പ്പിട്ടത്.

(വാല്‍ക്കഷണം. : പോസ്റ്റിലിടിച്ച കാര്യം പുറത്ത് പറയാതിരിക്കാന്‍ ചെലവായത് ഒരു ഫുള്‍ ബോട്ടില്‍. മാരുതി 800 റിപ്പയര്‍ .. അതൊരു വക. വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചാക്കിട്ട് അടുത്ത ടെസ്റ്റില്‍ റീമയെ പാസാക്കാന്‍ രണ്ടു കുപ്പി വേറേ...ഇനിയും എന്തൊക്കെ വേണമെന്ന് ഇപ്പോഴും അറിയില്ല. പ്രതികാര ദാഹവുമായി ആ ടെലഫോണ്‍ പോസ്റ്റ് ഇന്നും എന്റെ വീടിന്റെ ഗേറ്റിനടുത്ത് നില്‍ക്കുന്നു. ടെലഫോണ്‍ ഡിപ്പാര്‍ട്ടുമെന്റുകാരു ഇടയ്ക്കിടെ വന്ന് ആ പോസ്റ്റ് നോക്കി എന്തൊക്കെയോ സംസാരിക്കുന്നത് ലീന ജനലിലൂടെ കാണാറുണ്ടത്രേ..)