Monday, October 30, 2006

അടുത്ത ഒരു ബെല്ലോടു കൂടി...

പ്രാഞ്ചിയേട്ടനും വിപഞ്ചികയുമൊക്കെ പ്രാകി പ്രാകി പെരുമ്പറ കൊട്ടി, ചുവരെഴുത്തുകളുമായി നടക്കുന്ന കാലം.

അന്ത കാലത്ത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഈയുള്ളവനും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വല്യച്ഛന്റെ മൂത്ത സന്താനഗോപാലനായ ബിജുക്കുട്ടനും ഒന്നിച്ചായിരുന്നു ഷ്കോളില്‍ പോയിരുന്നത്. തലേന്നത്തെ സാമ്പാറും(ചിലപ്പോള്‍ കാന്താരിമുളക് ചുട്ടതും പുളിയും ചുവന്നുള്ളിയും അരച്ച ചമ്മന്തി) കഞ്ഞിയുമാണ് ബ്രേക്ഫാസ്റ്റ്. രണ്ടാളും നല്ല സഹകരണമുള്ളതു കൊണ്ട് ഒരു കലത്തില്‍ കഞ്ഞിയെടുത്ത് രണ്ട് പ്ലാവില ടീസ്പൂണ്‍ ഓരൊരുത്തരുടെ കയ്യിലും കൊടുത്ത് അമ്മൂമ്മ ഒരു പച്ച ഈര്‍ക്കിലുമായി മുന്‍പിലിരിക്കും. ഒരു സമയം ഒരു ടീസ്പൂണ്‍ മാത്രമേ കലത്തിലിടാവു. എണ്ണം പറഞ്ഞ ചോറുവറ്റുകള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട് ഫസ്റ്റ് കിക്കെടുക്കുന്ന ആള്‍ക്കാണ് കൂടുതല്‍ വറ്റു കിട്ടുന്നത്. ആദ്യത്തെ കിക്ക് തീരുമാനിക്കുന്നത് റഫറിയായ അമ്മൂമ്മയാണ്. അത് അമ്മൂമ്മയുടെ അപ്പോഴത്തെ മനസ്ഥിതി അനുസരിച്ചിരിക്കും. കൂടുതല്‍ തവണയും എനിക്കാണ് ആദ്യം കിക്കെടുക്കാന്‍ ഭാഗ്യമുണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ട് വിഷുവിന് ഓലപ്പടക്കം അടുപ്പിലിട്ട് കഞ്ഞിക്കലം തകര്‍ത്ത ഓപ്പറേഷന്‍ നടത്തിയത് ബിജുക്കുട്ടനായതുകൊണ്ട് അവനെ അമ്മൂമ്മക്ക് അത്ര പിടുത്തമില്ല. അഞ്ചു മിനിട്ട് കൊണ്ട് കഞ്ഞികുടി കഴിച്ച് കയ്യില്‍ കിട്ടിയ പുസ്തകങ്ങളുമായി സ്കൂളിലേക്കിറങ്ങും. സ്കൂളിലേക്ക് ഒരു കിലോമീറ്ററോളമുണ്ടാവും ദൂരം. പറപ്പൂക്കാരന്റെ വീട്ടിലെ ചാമ്പമരവും ദേശുട്ടിച്ചേട്ടന്റെ പറമ്പിലെ മൂവ്വാണ്ടന്‍ മാവും ഞങ്ങളെ കാണുമ്പോഴേ വിറച്ചു തുടങ്ങും. കാദര് മാപ്ലയാണ് റോഡിലെ ടാറിടലിന്റെ കോണ്ട്രാക്റ്റെന്നതുകൊണ്ട് കല്ലുകള്‍ക്ക് യാതൊരു ക്ഷാമവും ഒരു കാലത്തുമുണ്ടായിട്ടില്ല.

പത്തുമണിയുടെ മൂന്നാം ബെല്ല് ഇയ്യുണ്ണിച്ചേട്ടന്‍ തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിക്കുമ്പോള്‍ ഞങ്ങള്‍ സ്കൂള്‍ ഗേറ്റിലെത്തിയിട്ടേ ഉണ്ടാവൂ. ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടു വരുമ്പോള്‍ ദിവസവും ഒരുമണിക്കുര്‍ റോഡ്സൈഡിലെ ഇന്‍വെന്ററിയെടുത്തിട്ടാണ് വീട്ടിലെത്തുന്നത്. വീട്ടില്‍ ചെന്നിരുന്നിട്ട് സ്വാശ്രയകോളേജ് പ്രശ്നമൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ

ചില ദിവസങ്ങളില്‍ വല്യച്ഛന്‍ സാധനങ്ങള് വാങ്ങാന്‍ ബിജുക്കുട്ടനെയും എന്നെയും സെന്ററിലേക്ക് വിടും. ആ സമയത്താണ് വിപഞ്ചികയുടെയും കൊച്ചുമാത്തേട്ടന്റെയും സിംബലടി തകൃതിയായി നടക്കുന്നത്.

ഇതു കണ്ട് രോമാഞ്ച കഞ്ചുകനായി ഒരു ദിവസം ബിജുക്കുട്ടന് ആ വെളിപാടുണ്ടാകുന്നു. നമുക്കും ഇതുപോലെ ഒരു നാടകം സംഘടിപ്പിക്കണം. കടപ്ലാവിന്റെ ചുവട്ടിലിരുന്ന് ബിജുക്കുട്ടന് ചിന്തിച്ചുകൂട്ടി.

പിന്നീട് അതിനെക്കുറിച്ച് പറമ്പിന്റെ പിന്നിലെ വരിക്കപ്ലാവിന്റെ കടയ്ക്കലിരുന്ന് ബിജുക്കുട്ടന്റെയും എന്റയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലേയും നേതാക്കന്മാര്‍ ഒരു ശനിയാഴ്ച ഉച്ചകോടി (ഉച്ചക്കഞ്ഞികുടി വരെയുള്ള പരിപാടി) നടത്തി.

നായകന്‍ ബിജുക്കുട്ടനായും നായികയായി അമ്മായിയുടെ മകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന രേഷ്മ. പിന്നെ സഹനടന്മാരായി വടക്കേപറമ്പിലെ രാമുവും കുട്ടനും. വില്ലനായി നിശ്ചയിച്ചത് തെക്കെപ്പാട്ടെ രാവുണ്ണിനായരുടെ ആറാമത്തെ സന്താനം രവിയെയാണ്.

ആറടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും ഓണത്തിന് മാവേലിയാക്കാന്‍ മാത്രം കുടവയറുമുള്ള രാവുണ്ണി നായര്‍ പണ്ട് ഇന്ത്യാ-പാക് യുദ്ധത്തില്‍ അരിവെപ്പുകാരനായി പോയിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍. രാവുണ്ണി നായരുടെ ട്രേഡ് മാര്‍ക്കായിരുന്നു ആ വീരപ്പന്‍ ശൈലിയിലുള്ള മീശ. പട്ടാള സേവനം കഴിഞ്ഞ് ഭാര്യവീട്ടില്‍ സസുഖം വാഴുകയാണ് ചുള്ളന്‍. ദിവസവും ഉച്ചകഴിഞ്ഞ് നാലുമണിയാകുമ്പോള്‍ ദേഹമാസകലം എണ്ണ തേച്ച് രാവുണ്ണി നായര്‍ വീടിനു ചുറ്റും നടക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടില്‍ ഭയങ്കര പട്ടാള ചിട്ടയാണെന്ന് രവി പറയാറുണ്ട്. അതുകൊണ്ടൊക്കെയാവണം രവിക്ക് ഒരു തീവൃവാദി ശൈലിയുണ്ട്.. ഇതൊക്കെ കൊണ്ട് തന്നെ രവി തന്നെയായിരുന്നു വില്ലന്‍ വേഷത്തിന് തികച്ചും യോഗ്യന്‍.

ബിജുക്കുട്ടന്‍ പഴയ നോട്ടുപുസ്തകത്തില്‍ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങി.

വിഷുവിന് റിലീസ് ചെയ്യാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. വിഷുവിനാവുമ്പോള്‍ എല്ലാ പടയുമുണ്ടാവും. മുത്തച്ഛന്റെയും മുത്തച്ഛിയുടെയും മറ്റും വളരെ അകന്ന ബന്ധുക്കളെല്ലാം വിഷുകഴിഞ്ഞ് നാട്ടിലെ പേരുകേട്ട പള്ളിപ്പെരുന്നാളും കഴിഞ്ഞേ തിരിച്ചു പോകൂ. പത്തായത്തിന്റെ കോണിപ്പടിയുടെ താഴെ വേദിയായി നിശ്ചയിച്ചു.

അതിനപ്പുറത്തെ ചായ്പ് മുറിയില്‍ നടീനടന്മാരുടെ അണിയറ.
പ്രാക്റ്റീസും തുടങ്ങി.

ഇനി സാധനങ്ങളെല്ലാം സംഘടിപ്പിക്കണം. അത് ഓരോരുത്തര്‍ക്കുമായി വീതം വെക്കുന്നു. ഞാന്‍ ഡ്രം , രാമു സിംബല്‍ , രവി മൌത്ത് ഓര്‍ഗന്‍, കുട്ടന്‍ കര്‍ട്ടനും കൊണ്ടുവരാമെന്ന് ഏറ്റു.

അതിനിടയിലാണ് പടിഞ്ഞാറെ പറമ്പിലെ പ്രിയോര് മാവിന്റെ അവിടെ വെച്ച് ഒരു മാങ്ങക്ക് വേണ്ടി കുട്ടനും രവിയും കൂടി അടിച്ച് പിരിയുന്നത്.

നാടകത്തെക്കുറിച്ചു ഏറെ വേവലാതിയുള്ള ബിജുക്കുട്ടന്‍ രണ്ടുപേരെയും വിളിച്ചിരുത്തി സന്ധിസംഭാഷണം നടത്തി കാര്യങ്ങളെല്ലാം സെറ്റില്‍ ചെയ്തു.

അങ്ങനെ റിലീസ് ദിവസം വന്നു ചേര്‍ന്നു.

ബിജുക്കുട്ടന്‍ കാണികളെയെല്ലാം തമ്പോറടിച്ച് വിവരമറിയിച്ചു.

ഉച്ചതിരിഞ്ഞ് അഞ്ചുമണിക്കാണ് പരിപാടി.

എല്ലാവരും നല്ല ഉത്സാഹത്തില്‍ കാര്യങ്ങളെല്ലാം അടുപ്പിച്ചു കൊണ്ടുവന്നു. ഡ്രമ്മും സിംബലും മൌത്ത് ഓര്‍ഗനുമെല്ലാം റെഡി. പക്ഷേ കര്‍ട്ടന്‍ മാത്രം കിട്ടിയിട്ടില്ല.

ബിജുക്കുട്ടന്‍ കുട്ടനുമായി മാറിനിന്ന് കൂലങ്കുഷമായി ആലോചിക്കുന്നു.
കുട്ടന്‍ കൊണ്ടുവരാമെന്ന് ഏറ്റിരുന്നത് ബാര്‍ബറായ ഉണ്ണ്യാരുടെ കവറോളായി ഉപയോഗിക്കുന്ന സ്പെയര്‍ മുണ്ടായിരുന്നു. സാധാരണ അത് കൊണ്ടു പോകാറില്ല. ആ ദിവസം ഉണ്ണ്യാര് ആ സ്പെയര്‍ മുണ്ട് കടയില്‍ കൊണ്ടു പോയി..

കുറച്ചു സമയത്തെ ആലോചനക്കു ശേഷം കുട്ടന്‍ ‘ഇപ്പ ശര്യാക്കിത്തരാമെ’ന്നും പറഞ്ഞ് അവിടെ നിന്നും പോയി പത്തുമിനിട്ടിനകം കര്‍ട്ടനുമായി മടങ്ങി വന്നു.

‘ കുട്ടാ ഇതെവ്ട് ന്നാണ്ടാ..?’ നല്ല പുതിയ കാവി മുണ്ട് കണ്ട് ബിജുക്കുട്ടന്‍ ചോദിച്ചു. ‘അതൊക്കെ ഇണ്ട്രാ.. പരിപാടി കഴിച്ച് പെട്ടന്നന്നെ കൊണ്ട് കൊടക്കണം.’ കുട്ടന്‍ പറഞ്ഞു. പെട്ടന്നു തന്നെ കര്‍ട്ടനെല്ലാം കെട്ടി

നടീ നടന്മാര്‍ അണിയറയില്‍ ഉഷാറായി. കാണികള്‍ കര്‍ട്ടനു മുന്നില്‍ അണി നിരന്നു. ആദ്യത്തെ ബെല്ലടിച്ചു.

‘അടുത്ത ഒരു ബെല്ലോടുകൂടി ഈ നാടകം ആരംഭിക്കുന്നു. ...... നാടക രചന സംവിധാനം ബിജുക്കുട്ടന്‍...’ ബിജുക്കുട്ടന്‍ അനൌണ്‍സ്മെന്റ് തുടങ്ങി.

ആ സമയത്തായിരുന്നു വേദിയില്‍ ഒരു ഗര്‍ജ്ജനം കേട്ടത്.

‘ഏത് -#%$$%$ മോനാണ്ടാ കുളിമുറീന്ന് എന്റെ ഉടുമുണ്ടെടുത്ത് ഇവിടെ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത് ?’

ഞങ്ങള്‍ നടീനടന്മാര്‍ അണിയറയുടെ ചെറിയ പഴുതിലൂടെ നോക്കുമ്പോള്‍ വേദിയില്‍ നേരിയ നനഞ്ഞ തോര്‍ത്തുമുണ്ടുമുടുത്ത് ‘മലയത്തിപ്പെണ്ണ്’ പോസില്‍ രാവുണ്ണി നായര്‍.

പിന്നെ, ഒറ്റ വലിക്ക് കര്‍ട്ടനഴിച്ചെടുത്ത് രാവുണ്ണി നായര്‍ ഉടുക്കുന്നു.

കാണികള്‍ അന്തം വിട്ടു നില്‍ക്കുന്നു.

വീട്ടിലെ സ്ഥിരം മെമ്പറായ ടോമി അപ്പുറത്ത് നിന്ന് ഘോര ഘോരം കുരക്കുന്നു. പിന്നെ, അതിനെ ഓടിക്കാന്‍ രാവുണ്ണിനായര്‍ കഥകളി നടത്തുന്നു.

ഞാന്‍ തിരിഞ്ഞു നോക്കി.

കുട്ടന്റെയും രവിയുടെയും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..

കാണികള്‍ ഒരാരവത്തോടെ നിഷ്ക്രമിക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുല്ലുവില മാത്രം കല്‍പ്പിക്കുന്ന വല്യച്ഛനുമുന്നില്‍ ആ ദുരന്ത നാടകം സംവിധായകന്റെ കണ്ണീരും കിനാവുമായി അവശേഷിച്ചു.

Monday, October 16, 2006

ഹണിബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും

പൂര്‍വ്വികരായി ദേശത്ത് ഒരുക്കൂട്ടിവെച്ച സ്വത്ത് കാജാബീഡിക്കും കള്ളിനും പിന്നെ വേറെ പല ജീവനുള്ളതും ഇല്ലാത്തതുമായ പലതിനുവേണ്ടിയും ടക്കര്‍ സ്വീറ്റ്സില്‍ ബര്‍ഫി കട്ട് ചെയ്യുന്ന ലാഘവത്തോടെ ഗോവിന്ദമേനൊന്‍ പീസ് പീസ് ആക്കി തൂക്കി വിറ്റു. അതില്‍ കൂടുതല്‍ പീസുകള്‍ കിട്ടിയത് ബ്രാന്‍ഡി മാഷ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു. വാസുവിന്റെ നാറ്റനടിച്ച് മാത്രം നടന്നിരുന്ന നാട്ടുകാര്‍ക്ക്‍ ബ്രാന്‍ഡി എന്ന സാധനം ഇണ്ട്രഡ്യൂസ് ചെയ്ത മഹാനായതുകൊണ്ടാണ് പ്രാഞ്ചിയേട്ടനെ ബ്രാന്‍ഡിമാഷാക്കിയത്.
കള്ളും കാര്‍ത്ത്യായനിയുമില്ലാത്ത ഏതൊ നേരത്ത് ഗോവിന്ദമേനൊന്‍ ചെയ്ത ഒരേയൊരു പുണ്യമായിരുന്നു എല്ലാമക്കള്‍ക്കും പത്തുസെന്റ് സ്ഥലം എഴുതിവെച്ചത്. ആ പത്തു സെന്റ് സ്ഥലമാണ് അച്ഛന്റെ ആസ്തി. ഓര്‍മ്മ വെച്ച കാലം മുതലേ നാട്ടില്‍ സൂര്യനും ചന്ദ്രനും (സോളാര്‍ & മൂണ്‍ ബാര്‍) ഉള്ളതുകൊണ്ട് പഴയതെല്ലാം വെട്ടിപ്പിടിക്കണമെന്ന അച്ഛന്റെ ആഗ്രഹം മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്ന കരുണാകരന്റേതു മാത്രമായി അവശേഷിച്ചു.

ഉസ്മാനിക്ക നാട്ടിലെ ഒരു കാശുകാരനായ ഗള്‍ഫുകാരനാണ്. മൂപ്പര്‍ക്ക് ദോഹയില് ഏതൊ റെന്റല്‍ കാറിന്റെ ബിസിനസ്സും മറ്റെന്തൊക്കെയോ ഉണ്ട്. അച്ഛന്റെ ഒരു സുഹ്രുത്തുമാണ്. കാശ്മീര്‍ റോഡിന്റെ അടുത്തുള്ള് 13 ഏക്കര്‍ സ്ഥലത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ പോലുള്ള വീടും അത് നോക്കി നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ടു സെക്യൂരിട്ടിക്കാരുമുണ്ട്. നാട്ടിലെ പറമ്പുകള്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയുമാണ് ഉസ്മാനിക്കയുടെ ഒരു പ്രധാന വിനോദം.
ഒരു തവണ ഉസ്മാനിക്ക വെക്കേഷനു വന്നപ്പോഴാണ് താമരപ്പിള്ളിയിലെ രണ്ടേക്കര്‍ തെങ്ങിന്‍ പറമ്പ് വില്‍ക്കണമെന്ന് അച്ഛനോട് പറയുന്നത്. അച്ഛന്റെ പഴയ ആഗ്രഹം അവിടെയാണ് തലപൊക്കുന്നത്. എനിക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു.
രണ്ടു മാസത്തിനു ശേഷം കാച്ചിക്കുറുക്കിയ 20 ദിവസത്തെ ലീവിന് ഞാന്‍ നാട്ടിലെത്തുന്നു.
പുതുതായി വാങ്ങിയ പറമ്പിലേക്ക് പോകുന്നു.
നല്ല പച്ചപ്പുള്ള സ്ഥലം. തെങ്ങുകളെല്ലാം കുട്ടപ്പന്മാരായി നില്‍ക്കുന്നു.
ഈ പറമ്പില്‍ സ്ഥിരമായി തെങ്ങുകയറിയിരുന്ന വാസുവിനെ അവിടെ വെച്ചാണ് കാണുന്നത്.
‘മേന്നെ ഇവ്ടത്തെ തെങ്ങ് കേറ്റം നമുക്കല്ലേ ..?’
‘വാസ്വേ.. അച്ഛന്‍ വേറാര്‍ക്കോ കൊടുത്തൂന്നാ പറഞ്ഞേ..’ . വാസുവിനൊരു വൈക്ലബ്യം.
‘അത് സാരല്യ....ഇഷ്ടം പോലെ തേങ്ങകിട്ടുന്ന പറമ്പാ..’

വാസു ഇതു പറഞ്ഞപ്പോള്‍ എന്റെ കൈത്തണ്ടയിലെ എണ്ണം പറഞ്ഞ രോമങ്ങള്‍ എഴുന്നു നിന്നു.
അപ്പോള്‍ കാശിറക്കിയത് മോശമായില്ല.

വെറുതെ ഒന്ന് കണക്കുകൂട്ടി. 150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി.

അതിന്റെ സന്തോഷം കൊണ്ട് ഇളയച്ഛന്റെ മകനായ ബിജുക്കുട്ടനെയും കൂട്ടി മുല്ലശ്ശേരി ബ്ലോക്കിന്റെ അടുത്തുള്ള ബി.കോപ്പിന്റെ ഷാപ്പില്‍ ക്യൂ നിന്ന് രണ്ട് ഹണീബി വാങ്ങി നേരെ പറമ്പിലേക്ക് വിട്ടു. അപ്പുറത്തെ കുമാരേട്ടന്റെ കള്ളു ഷാപ്പില്‍ നിന്ന് രണ്ട് ബീഫ് ഫ്രൈയും വാങ്ങി ഒരു തെങ്ങിന്റെ കടയ്ക്കല്‍ നങ്കൂരമിട്ടു.
ഒരു പ്രശ്നം.
ഹണീബിയിലൊഴിക്കാന്‍ വെള്ളമില്ല.
അപ്പോഴാണ് ബിജുക്കുട്ടന്റെ ബുദ്ധിതെളിഞ്ഞത്. ഹണീബീക്ക് ഇളനീര് നല്ല കോമ്പിനേഷനാണത്രേ. ..

മിക്കതും ചെറിയ തെങ്ങുകളാണ്. എങ്കിലും എല്ലാറ്റിലും മൂന്ന് നാല് തേങ്ങയെങ്കിലും കാണുന്നുണ്ട്.
ബിജുക്കുട്ടന്‍ രണ്ട് തെങ്ങുകളില്‍ വളരെ ലാഘവത്തോടെ കയറി രണ്ട് പാകമായ ഇളനീരിട്ടു.

ചെറുപ്പത്തില്‍ ഒരു മാവില്‍ പോലും കയറാത്ത ബിജുക്കുട്ടന്‍ ഇത്ര ലാഘവത്തോടെ എങ്ങനെയാണ് ഈ തെങ്ങില്‍ കയറുന്നതെന്ന സംശയം എന്റെ തലയില്‍ ഒരു നൂറുവാട്ടിന്റെ ബള്‍ബു പോലെ മിന്നി.
എങ്കിലും ചോദിച്ചില്ല.
പിന്നെ കുമാരേട്ടന്റെ ഷാപ്പില്‍ പോയി ബിജുക്കുട്ടന്‍ ഒരു കത്തിയുമായി വന്നു.
ഇളനീര്‍ വെട്ടി രണ്ടു ഗ്ലാസ്സിലും പകുതിയോളം ഒഴിച്ചു. ബാക്കി തേനീച്ചയും
വീര്യം കുറവാണെങ്കിലും കുഴപ്പമില്ല.
ആ സമയത്താണ് അപ്പുറത്ത് തോടിന്റെ കരയിലൂടെ ഒരാള്‍ നടന്നു പോകുന്നത്.
‘പുതിയ ടീമാ അല്ലേ.. അലമ്പുണ്ടാക്കാണ്ട് പോയാല്‍ നെങ്ങക്ക് നല്ലത്..’ അതും പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.
‘എന്താ ബിജുക്കുട്ടാ അയാള് അങ്ങനെ പറഞ്ഞേ..’ എനിക്കൊരു കണ്‍ഫ്യൂഷന്‍.
‘നീയൊന്ന് നോക്ക്യെ.. എന്താ ഇവടത്തെ ഒരു സീനറി. ..’
ഞാന്‍ ചുറ്റും നോക്കി. നല്ല പച്ചപ്പുള്ള പറമ്പ്. ഒരു വശത്ത് വലിയൊരു തോടും. ഇനിയൊരു ഫാം ഹൌസിന്റെ പോരായ്മകൂടിയേ ഉള്ളൂ. സ്മാളടിക്കാന്‍ പറ്റിയ സ്ഥലം.
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.
തലയില്‍ നൂറുവാട്ടിന്റെ നാലഞ്ച് ബള്‍ബ് ഒന്നിച്ച് മിന്നി.
ഞങ്ങള്‍ കഷ്ടപ്പെട്ട് തെങ്ങില്‍ കയറി രണ്ട് ഇളനീരേ വെട്ടിയിട്ടുള്ളൂ.
പക്ഷേ അവിടവിടെയായി പിന്നെയും കുറെ ഇളനീര് വെട്ടി അതിന്റെ തൊണ്ടുകള്‍ കിടക്കുന്നു.
എനിക്ക് എന്തൊ ഒരു പന്തികേടു തോന്നി.
‘എന്താ ബിജുക്കുട്ടാ ഇവിടെ നെറച്ച് ഇളനീര് വെട്ടിയതിന്റെ തൊണ്ടുകള്‍ കിടക്കുന്നത് ?’
‘ഡാ.. നെനക്കറിയ്യൊ ..ഞങ്ങള് ഇടക്കിടക്ക് വന്നിരിക്കണ പറമ്പാ ഇത്..’ ബിജുക്കുട്ടന്റെ വെളിപാട്.
കഴിച്ച ഹണീബീ ഒരു മൂളിപ്പാട്ടും പാടി പറന്നു പോയി.
പിന്നെ അധികസമയം അവിടെ ഇരുന്നില്ല. മൂലക്കുരുവുള്ള മൂക്കന്നൂരെ മൂപ്പന്‍ മൂടും പൊത്തി പാഞ്ഞുവെന്നു പറഞ്ഞതുപോലെ ഞാന്‍ ഗേറ്റിലേക്ക് നീങ്ങി.
ഗേറ്റെന്നത് ഒരു ചന്തത്തിന് വെച്ചിരിക്കുന്നുവെന്നേയുള്ളൂ. സര്‍ക്കരോഫീസില്‍ പത്തുമണിക്കുള്ള ഹാജര്‍ പോലെ കമ്പിവേലി അവിടവിടെയായി ഞങ്ങളിവിടെത്തന്നെയുണ്ടെന്ന് ഹാജര്‍വെച്ചിട്ടുണ്ടെന്നു മാത്രം. ഗേറ്റുപൂട്ടുമ്പോഴാണ് വാസുവിനെ വീണ്ടും കണ്ടത്.
വാസു മൊത്തത്തിലൊരു വീക്ഷണം നടത്തി, കൂടെ ഒരു സിമ്പിള്‍ അഡ്വൈസും.
‘ആരെക്കൊണ്ടാണെങ്കിലും മേന്നെ ഒന്ന് തെങ്ങ് കയറ്റിച്ചോളൂ..’
‘എന്ത്യേ വാസുവേ..’
‘ഒരു ആറുമാസായിട്ട് ണ്ടാവും ഇപ്പൊ ഇവടെ തെങ്ങ് കേറീട്ടേയ്.. വല്ല ഒണക്ക മടലോ കൊതുമ്പോ കിട്ടിയാല് അതായില്യേ...’
ഞാന്‍ ദയനീയമായി വാസുവിനെ നോക്കി. വാസു ഒരു മൂളിപ്പാട്ടും പാടി ഞങ്ങളെയും കടന്നുപോയി.
വാസു പാടിയ മൂളിപ്പാട്ട് ‘ചെകുത്താന്‍ കയറിയ വീ‍ട്.....’ എന്നായിരുന്നുവോയെന്ന് ഇന്നും എനിക്ക് സംശയം.

Monday, October 09, 2006

പ്രാഞ്ചിയേട്ടനും വിപഞ്ചികയും

വടുക്കൂട്ടെ പ്രാഞ്ചിയേട്ടന്‍, ‘വിപഞ്ചിക’ തീയറ്റേഴ്സിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കഥ, സംഭാഷണം മുതല്‍ പ്രധാന നടനും, സൌകര്യം കിട്ടിയാല്‍ നാഷണല്‍ ഹൈവെയില്‍ വെള്ളക്കുമ്മായമടിച്ച് കറുപ്പിലും ചുവപ്പിലുമായി ‘വിപഞ്ചികയുടെ അടുത്ത നാടകം മോഹങ്ങളെ വിട തരൂ..’ എഴുതുന്നതു വരെ പ്രാഞ്ചിയേട്ടനാണ്.

ഒരു തവണ ഇങ്ങനെ ഒരു എഴുത്തിനിരിക്കുമ്പോഴാണ് നാഷണല്‍ ഹൈവെയിലെ മതിലായ മതിലെല്ലാം ‘35 എം.എം. സിനിമ, കഥാപ്രസംഗം, നാടകം എന്നിവയ്ക്ക് സമീപിക്കുക.. പൂനം റഹിം’ എന്ന് ചറപറാ എഴുതി നടക്കുന്ന പൂനം റഹിമിന്റെയും സംഘത്തിന്റെയും കൈക്കരുത്ത് അറിഞ്ഞത്. ഒഴിവുള്ള മതില് കിട്ടാതാവുന്ന മുറക്ക് പൂനത്തിനെ ചുവരെഴുത്തുകള്‍ക്ക് മീതെ ‘വിപഞ്ചിക‘യുടെ പക്ഷിക്കൂട്ടം കാഷ്ടിച്ചു കൂട്ടിയാല്‍ പൂനത്തിന് പൂശാതെ വയ്യല്ലോയെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാവാം പ്രാഞ്ചിയേട്ടന്‍ ചുമരെഴുത്തിനിരിക്കല് നിര്‍ത്തി. പിന്നീടത് കൈക്കരുത്തും മെയ്ക്കരുത്തുമുള്ള കൂച്ചാത്തി രാജു സ്വയം ഏറ്റെടുത്ത് നടത്തി. കൂച്ചാത്തി രാജു നാലാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. പക്ഷെ എഴുത്തില്‍ മിടുക്കനായിരുന്നു. അതുകൊണ്ടു തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനടുത്ത് വിപഞ്ചികയുടെ ചുവരെഴുത്ത് ഇങ്ങനെയായിരുന്നു.
‘വിപഞ്ചിക തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ നാകടം മോഹങ്ങളേ വടി തരൂ...’. ഇതു തിരുത്തിയെഴുതാന്‍ പോയ പ്രാഞ്ചിയേട്ടന് രണ്ടു ദിവസം പേരാമംഗലം സ്റ്റേഷനില്‍ എസ്.ഐ. ചാക്കപ്പന്റെ മുന്നില്‍ ഒറ്റക്ക് ആ നാടകം മുഴുവന്‍ കളിക്കേണ്ടി വന്നുവെന്നത് മറ്റൊരു കഥ.

വിപഞ്ചികയുടെ ഓഫീസ് കം പ്രാക്റ്റീസ്, സ്കൂളിന്റെ മുന്നിലെ കൊച്ചുമാത്തേട്ടന്റെ ചായപ്പീടികയുടെ മുകളിലാണ്. പള്ളിക്കാരുടെ ഒരു പഴയ കെട്ടിടമാണത്. കൊച്ചുമാത്തേട്ടന്റെ ചായപ്പീടികകൂടാതെ ഒരു ചെരിപ്പുകടയുമുണ്ട് അതില്‍. അതിന്റെ മുകളിലാണ് പള്ളിയിലെ പല പുരാതനവസ്തുക്കളും എടുത്തുവച്ചിരിക്കുന്നത്. അതിന്റെ ബാക്കി സ്ഥലമാണ് വിപഞ്ചികയുടെ ബുക്കിങ് ഓഫീസ് കം പ്രാക്ടീസ്. സാധാരണ നാടകപ്രാക്ടീസ് തുടങ്ങുന്നത് വൈകീട്ട് ഒരു അഞ്ച് അഞ്ചരയോടെയാണ്. ഇതു തുടങ്ങിയാല്‍ പിന്നെ കൊച്ചുമാത്തേട്ടന് പിശാചിനെ കണ്ട കുട്ടിച്ചാത്തന്റെ സ്വഭാവമാണ്. വിപഞ്ചികയുടെ ഓരോ ഡയലോഗിനും സിംബലടിക്കും കൊച്ചുമാത്തേട്ടന്റെ ചായയിലും പരിപ്പുവടയിലുമെല്ലാം കെട്ടിടത്തിന്റെ ശക്തിയുള്ള കുമ്മായമാണ് പള്ളീലച്ചന്‍ അന്നീതവെള്ളം തെളിച്ചുകൊണ്ടുപോകുന്നതു പോലെ വിതറുന്നത്.

‘ഡാ.. നിര്‍ത്തടാ നിന്റെ കോ.. ലെ നാടകം.. %#$#$$ മോനെ ഇറങ്ങിവാടാ താഴ്ത്ത്..’
കൊച്ചുമാത്തേട്ടന്‍ പുറത്തിറങ്ങി നിന്നു കീറും.

ഈ വിളികേട്ടാല്‍ അനുസരണയുള്ള ഒരു %#$#$$ മോന്‍ താഴെയിറങ്ങും.
‘എന്താ അപ്പാ..’ എന്നും പറഞ്ഞ് കൊച്ചുമാത്തേട്ടന്റെ സ്വന്തം വിത്ത്.
തോമാസേട്ടന്‍.

സ്വന്തം മകന്‍ ഇങ്ങനെയ്ങ്കിലുമൊന്ന് രക്ഷപ്പെടട്ടെയെന്ന് വിചാരിച്ചായിരിക്കണം കൊച്ചുമാത്തേട്ടന്‍ പിന്നെ ഒന്നും മിണ്ടാതെ വളരെ മനസ്സമാധാനത്തോടെ അടുത്ത ചായക്കുള്ള കാര്യങ്ങള്‍ നോക്കാന്‍ പോകും. കൊച്ചുമാത്തേട്ടന്റെ തത്വമസിയനുസരിച്ച് തോമാസേട്ടന്‍ നാടകത്തിലെ പ്രധാന നടനെന്നാണ്. ഭുമിയില്‍ കണ്ടാണശ്ശേരി ലീലാമ്മയുള്ളിടത്തോളം കാലം പ്രാഞ്ചിയേട്ടനായിരിക്കും നായകന്‍.
പിന്നെ സഹനടന്മാര്‍ . അതിന് അക്ഷരശുദ്ധിയുള്ള ആണ്‍പിള്ളേര്‍ വേറെയുള്ളപ്പോള്‍ തോമാസേട്ടന് കര്‍ട്ടന്‍ പണി തന്നെ. ഒരു തവണ മാത്രമേ അതിനൊരു മാറ്റം വന്നുള്ളൂ.
അന്ന് നായികയുടെ അച്ഛനായി അഭിനയിക്കേണ്ട വാറുണ്ണിച്ചേട്ടന്‍ വേറെ എന്തോ അത്യാവശ്യകാര്യത്തിന് പോകാനുള്ളതുകൊണ്ട് വരാനായില്ല. അന്ന് കാലത്ത് പ്രാഞ്ചിയേട്ടന്‍ വെന്തുരുകി കൊച്ചുമാത്തേട്ടന്റെ ചായക്കടയിലിരുന്ന് കട്ടന്‍ ചായ വണ്‍ ബൈ വണ്ണായി വലിച്ച് കേറ്റിക്കൊണ്ടിരുന്നു.
അപ്പോഴാണ് കൊച്ചുമാത്തേട്ടന്‍ തന്റെ ഐഡിയ അറിയിച്ചത്.
‘നീയ്യെന്തിനാണ്ടാ പ്രാഞ്ചിയേ വിഷമിക്കണത് . ന്റ മോന്‍ തോമാസുട്ടീ ഇല്ലേ.. നീയവന് കൊടുക്ക് വാറുണ്ണീടെ ഡയലോഗ്..’
ചൂരക്കാട്ടുകര അമ്പലമാണ് സ്റ്റേജ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈക്കരുത്ത് കാണിക്കുന്ന നാടാണ്. അഡ്വാന്‍സും വാങ്ങി നാടകം നടന്നില്ലെങ്കില്‍ നേരം വെളുക്കുന്നതിനു മുന്‍പ് നാടുവിടേണ്ട അവസ്ഥയാണ്.
ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പ്രാഞ്ചിയേട്ടന്‍ കൊച്ചുമാത്തേട്ടന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു.
പ്രാഞ്ചിയേട്ടനും തോമാസേട്ടനു സ്ക്രിപ്റ്റുമായി മുകളിലേക്ക് പോയി. നാലോ അഞ്ചോ ഭാഗത്തേ തോമാസേട്ടന് റോളുള്ളൂ. പത്തൂം പന്ത്രണ്ടും തവണ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചു.

അന്ന് അവസാനത്തെതിനു രണ്ടു രംഗം മുന്‍പുള്ള രംഗത്തില്‍ ,സ്റ്റേജില്‍ നിന്ന് തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു.
‘എടി മാധവീ... ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം..’
കരഞ്ഞുകൊണ്ട് തോമാസേട്ടന്റെ മുന്നില്‍ മാപ്പുപറയേണ്ട നായികയായ ലീല പൊട്ടിച്ചിരിച്ച് മൂക്കുകുത്തി.

അതുതന്നെയായിരുന്നു തോമാ‍സേട്ടന്റെ അവസാനത്തെ സ്റ്റേജും.

വാല്‍ക്കഷണം : ദുബായിലെ ജെബല്‍ അലിയില്‍ കുന്തോം കൊടച്ചക്രോം ഉണ്ടാക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ഇതും വായിച്ച് എന്റെ മെക്കിട്ട് കയറാന്‍ വന്നാല്‍ ബാക്കിയുള്ള കഥകളും ഇതുപോലെ വറുത്ത് പൊടിച്ച് മുഖത്തേക്കെറിയും. ജാഗ്രതൈ.