Saturday, April 30, 2011

പ്ലസ് പോയിന്റ്


ഗള്‍ഫീന്നു പോരുമ്പോള്‍ ആര്‍ക്കും കിട്ടാവുന്ന ചില മൊതലുകളുണ്ട്. അങ്ങനെയുള്ള ചില മൊതലുകളെ അടക്കിയൊതുക്കി നേരെചൊവ്വെ നടക്കണമെങ്കില്‍ കാലത്ത് ഒരു മുക്കാല്‍ മണിക്കുറെങ്കിലും എക്സൈസ് ചെയ്യണം.

അങ്ങനെ ഗള്‍ഫീന്ന് പോന്നതിനു ശേഷം എല്ലാ ഗള്‍ഫന്മാരും ചെയ്യുന്ന പോലെ സ്കൂള്‍ ഗ്രൌണ്ടില്‍ കറുത്ത ഹാഫ് പാന്റും വെള്ള ബനിയനുമിട്ട് കശുമാങ്ങയില്‍ നിന്നും അണ്ടി മാറിനില്‍ക്കുന്നതുപോലെ ദേഹത്തു നിന്നും സമദൂര സിദ്ധാന്തം പാലിക്കുന്ന വയറിനെ കണ്ട്രോള്‍ ചെയ്തുകൊണ്ടു കൈകള്‍ വീശി നടക്കുമ്പോഴുള്ള ആ സുഖം ഈയുള്ളവനും അനുഭവിച്ചു പോരുകയായിരുന്നു. തിരിച്ച് വീട്ടിലോട്ടുള്ള മുക്കാല്‍ കിലോമീറ്റരും നല്ല സ്പീഡില്‍ തന്നെയാണു നടക്കുക. ആ നടപ്പിന്റെ സ്പീഡ് അല്പം കുറക്കുന്നത് അന്തോണിയേട്ടന്റെ വീടിന്റെ അടുത്ത് വെച്ചാണു. അന്തോണിയേട്ടനോടുള്ള ബഹുമാനം കൊണ്ടുമാത്രമല്ല സ്പീഡ് കുറയ്ക്കുന്നത് ..അതിനു തൊട്ടപ്പുറത്തുതന്നെയാണു ബസ്റ്റോപ്പ്. ബസ് കാത്തു നില്‍ക്കുന്നവര്‍ എന്നെക്കാണുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് ഒന്നു രണ്ടുവട്ടം കണ്ടതിനു ശേഷവുമായിരിക്കാം എന്റെ അന്ത:കടാഹത്തിനുള്ളിലെ പെരുപ്പ് കലശലായതും ഇങ്ങനെയൊരു സൊല്യൂഷനിലെത്തിയതും.

ഈ അന്തോണിയേട്ടന്‍. മൂപ്പരു എസ്.ഐ ആയി പോലീസില്‍ നിന്നും പിരിഞ്ഞതാണു. സര്‍വ്വീസിലിരിക്കെ ഒരു മാടപ്രാവായിരുന്നു. ആരോടും ഒന്ന് ദ്വേഷ്യപ്പെടുകപോലുമില്ല. പിരിഞ്ഞതിനു ശേഷം ചേട്ടനു പെട്ടന്ന് ദേഷ്യം വരും. ദേഷ്യം വന്നാല്‍ പിന്നെ എന്താ പറയുക, ചെയ്യുക എന്നൊന്നും ആര്‍ക്കും നൊ ഐഡിയ. റിട്ടയര്‍ ചെയ്തതിനു ശേഷമാണു അങ്ങേര്‍ക്ക് ശൌര്യമേറിയതെന്ന് നാട്ടുകാര്‍ പറയുമെങ്കിലും ഭാര്യ കൊച്ചുമേരിയെയും പിറകിലിരുത്തി ആറുമണിയ്ക്ക് ബജാജ് ചേതക്കില്‍ വെള്ളമുണ്ടും ഫുള്‍ക്കൈ ഷര്‍ട്ടുമിട്ട് എന്നും പള്ളിയില്‍ പോകുന്ന കണ്ടാല്‍ അഭിപ്രായം മാറ്റേണ്ടി വരും.

കുറച്ച നാള്‍ മുമ്പ് ഒരു ദിവസം ഇങ്ങനെ വരുമ്പോഴാണത് കണ്ടത് ...അന്തോണിയേട്ടന്റെ വീടിനെ ശത്രുക്കളുടെയും തീവ്രവാദികളുടെയും ഒസാമ ബിന്‍ലാദിന്റെയും ആക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ കെട്ടിയിരിക്കുന്ന വെള്ളയടിച്ച ആറടി പൊക്കമുള്ള മതിലിന്റെ സൈഡില്‍ ഒരുത്തന്‍ ഇരുന്ന് എന്തോഎഴുതുന്നു. ഈ സുപ്രഭാതത്തില്‍ ആരാണു മതിലിന്മേല്‍ പണി ?
അടുത്ത് ചെന്നപ്പോഴാണു എഴുതുന്ന ആളെ കണ്ടത്. തെങ്ങുകയറുന്ന ബാലന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന ചെക്കനാണു.
- ഡാ.. ന്തൂട്ടണ്ടാ അവടെ ചെയ്യണെ..
അവന്‍ ഓടാന്‍ നോക്കി.ആളെ മനസ്സിലായെന്ന് അവനു 100 ശതമാനം ഉറപ്പായപ്പോ അവിടെ നിന്നു.
എഴുതിയത് നോക്കി. കരിക്കട്ടകൊണ്ട് വളരെ കലാപരമായി..
GEETHA +
ഹൌ.. എന്താ മൊതല്‍. വയസ്സ് പത്തായിട്ടേയുള്ളു. ഇപ്പത്തന്നെ എഴുത്തും തുടങ്ങി. ഇവന്റെ അച്ഛന്‍ ബാലന്‍ പണ്ട് മനയ്ക്കല്‍ പണിക്കു നിന്നിരുന്ന ദേവകിയേച്ചിയെ ഇങ്നനെ കൊറെ പ്ലസ്സ് വരപ്പിച്ച് നമ്പൂരി അവനെ കൊറെ ക്ഷ വരപ്പിച്ചിട്ടുണ്ട്. .
- ഡാ .. നീയാ ബാലന്റെ ചെക്കനല്ലേ ?.. എന്തൂട്ടാ നീയ്യീ എഴുതിയേക്കണെ..
- ചേട്ടനു വായ്ക്കാന്‍ അറീല്ലേ..
- അതു ശരി .. അപ്പൊ നീയ്യ് രണ്ടും കല്പിച്ച് എറങ്യേക്കാ ല്ലേ.. ആ അന്തോണ്യേട്ടന്‍ കണ്ടാല്‍ എന്താ ചെയ്യാന്നറിയോ... നെന്നെയൊന്നും പറഞ്ഞിട്ട് കാര്യല്ല. .. ഏതാണ്ടാ ഈ ഗീത ?
- അവള്‍ എന്റെ ക്ലാസില്യാണു..
- നെനക്ക് എന്താ... അവളെ ഇഷ്ടാ..
- ഏയ്..
- പിന്നെന്തൂട്ടിനാണ്ടാ ഇങ്ങനെ എഴുതി വെച്ചേക്കണേ..
- ടീച്ചറ് പറഞ്ഞിട്ട്
- ടീച്ചറ് എന്തൂട്ട് പറഞ്ഞു ?
- മ്മടെ ക്ലാസിലെ ഗീതേനെ നോക്കി പഠിക്കണം. എത്ര നല്ല കുട്ട്യാ അവളു..എപ്പോഴും അവള്‍ടെ പ്ലസ് പോയിന്റുകള്‍ ശ്രദ്ധിക്കണം ന്നൊക്കെ പറയും.
- അതിന്‍ നീയ്യൂന്തിട്ടിനാടാ അന്തോണിയേട്ടന്റെ മതിലിമ്മെ ഇതൊക്കെ എഴുതണത്
- ഞാറായ്ച്ച ക്ലാസണ്ടാ ?
- ഇല്ല്യ..
- അപ്പോ ഞാനെങ്ങന്യാ ഗീതേരെ പ്ലസ്സ് പോയിന്റുകള് പഠിക്ക്യാ.. സാധനങ്ങളു വാങ്ങിക്കാന്‍ പീടികേ പോണത് ഇതീക്കുട്യാണു.. അപ്പൊ എനിക് വായീച്ചൂടെ..
- നീയാള് കൊള്ളാലോ.. അധികം ആലോചിക്കാണ്ട് ആ എഴുതീത് മാച്ച് കളയാന്‍ നോക്ക് ട്ടാ..
- ശരി ചേട്ടാ
എന്നു പറഞ്ഞതും സഞ്ചിയുമായി അവന്‍ ഓടിയതും മതിലിന്റെ അപ്പുറത്ത് നിന്നും അന്തോണിയേട്ടന്‍ തലയുയര്‍ത്തി നോക്കിയതും ഒരുമിച്ചായിരുന്നു.

- എന്തറോ അവിടെ കുറെ നേരായീലോ നില്‍ക്ക്ണു...
- ഒന്നൂല്യ അന്തോണ്യേട്ടാ എന്നും പറഞ്ഞ് ഞാന്‍ പരമാവധി സ്പീഡില്‍ നടന്നു.

അന്തോണിയേട്ടന്റെ മുഖത്തിനു അപ്പോള്‍ ഏതോ കുട്ടിപ്പിശാചിന്റെ രൂപമായിരുന്നുവോ ?

വീടിന്റെ ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ അന്തോണ്യേട്ടന്‍ മതിലില്‍ എഴുതിയത് നോക്കി താടിക്ക് കൈകൊടുത്ത് നില്‍ക്കുന്നു.

ഈ സംഭവത്തിനു ശേഷം എന്താണെന്നറിയില്ല കുറച്ചുകാലമായി അന്തോണിയേട്ടനെ വഴിയില്‍ കാണുമ്പോള്‍ എന്റെ ബൈക്കിന്റെ ആസ്കിലേറ്റര്‍ ആട്ടോമാറ്റിക്കായി റേസ് ചെയ്തുകൊണ്ടിരിക്കുന്നു.