Monday, February 11, 2008

ബീഡി സ്പെഷല്‍

റവാടിത്തം നാലാളോട് പറഞ്ഞ് ആളാവാന്‍ അപ്പൂപ്പന്‍ കഴിഞ്ഞേ വേറെയാരെയെങ്കിലും ഞാന്‍ കണ്ടിട്ടുള്ളൂ..‘ഞാന്‍ ആ വകയിലെയാണ്.. ഈ വകയിലെയാണെന്നൊക്കെ‘ പറഞ്ഞ് ഇന്ദിരാഗാന്ധിയെ വരെ , വകയിലെ പേരപ്പന്റെ മോളാക്കിത്തരും അപ്പൂപ്പന്‍

നടയലകത്തിരുന്നു മുറുക്കാനിടിക്കുന്ന അമ്മൂമ്മയ്ക്ക് ഇത് കേട്ടാല്‍ ഇടിക്കുന്നതിന്റെ ഫ്രീക്വന്‍സിയും ഡെസിബെലും 100 – 100 റേഞ്ചിലേക്ക് പോകും. അത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനുള്ള സിഗ്നലാണെന്ന് അപ്പൂപ്പനു ആരും പറഞ്ഞു കൊടുക്കേണ്ട. അവിടെ നിര്‍ത്തിക്കോളും. അല്ലെങ്കില്‍ മുറുക്കാന്‍ വായിലേക്ക് കുത്തിക്കയറ്റുന്നതിനുമുമ്പ് ഉമ്മറത്തേക്ക് ഒരു വരവുണ്ട്. അത് താങ്ങാനുള്ള ശേഷി തനിക്കില്ലെന്ന കാര്യം അപ്പൂപ്പനു രണ്ടുമൂന്നു തവണ ലൈവ് ഡെമൊണ്‍സ്ട്രേഷനിലൂടെ അമ്മൂമ്മ വിശദീകരിച്ചുകൊടുത്തിട്ടുള്ളതുമാണ്. ദ്വേഷ്യം വന്നാല്‍ അമ്മൂമ്മയ്ക്ക് ശ്രീശാന്തിന്റെ മുഖച്ഛായയാണ്.

ഇനിയും അവിടെ അധികം ഇരിക്കുന്നത് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ശരിയായ സമീപനമല്ലെന്നറിയാവുന്ന അപ്പൂപ്പന്‍ മെല്ലെ പുറത്തേക്കിറങ്ങി ഒരു ബീഡിയ്ക്ക് തീകൊളുത്തും. എല്ലാ പ്രശ്നങ്ങളും ആവിയാക്കി കളയാന്‍ ബീഡിയ്ക്കുള്ള സാധ്യതയെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്.

ആദ്യ കാലങ്ങളില്‍ പനാമയും സിസേര്‍സുമൊക്കെ വലിച്ചിരുന്ന അപ്പൂപ്പന് മക്കളുടെ കാപിറ്റല്‍ റീസ്ട്രക്ചറിങ്ങില്‍ സിഗരറ്റിന്റെ ബജറ്ററി പെര്‍സെന്റേജ് കുറച്ചപ്പോഴാണ് ബീഡിയിലേക്ക് തിരിഞ്ഞത്. ചാവക്കാട് കാജാ ബീഡിക്കമ്പനിയില്‍ നിന്നും റോ മെറ്റീരിയത്സ് വാങ്ങി സ്വന്തമായി വീട്ടിലിരുന്ന് തെറുക്കുകയായിരുന്നു പിന്നീട്. കാലത്തെ കഞ്ഞികുടി കഴിഞ്ഞാല്‍ മെയ്യനങ്ങി എന്തെങ്കിലും ചെയ്യണമെന്ന്‍ അമ്മൂമ്മയുടെ നിര്‍ബന്ധമുള്ളതുകൊണ്ടാണ് ബീഡി തെറുപ്പിലേക്ക് നീങ്ങിയതെന്ന് സന്തത സഹചാരിയും സിസേര്‍സിനേക്കാള്‍ നല്ലത് ബീഡിയാണെന്ന വിശ്വാസം ചാര്‍ജ്ജ് ചെയ്ത കൂരി എറപ്പായിച്ചേട്ടനോട് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയുന്നത് കേട്ടിട്ടുണ്ട്. ഇരുന്ന ഇരുപ്പില്‍ ഒരു മണിക്കുറോളം തെറുക്കും. കറപ്പാശാരി സ്പെഷലായുണ്ടാക്കിക്കൊടുത്ത ഒരു മരപ്പെട്ടിയിലാണ് തെറുപ്പിനുള്ള സാമഗ്രികളും തെറുത്ത ബീഡികളും വെയ്ക്കുന്നത്. ആ മരപ്പെട്ടി സുരക്ഷിതമായി അപ്പൂപ്പന്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയുടെ ഇറയത്താണ് വെയ്ക്കുന്നത്. ബീഡിയ്ക്ക് വീടിനകത്ത് അമ്മൂമ്മ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉമ്മറത്തുപോലുമിരുന്ന് വലിക്കുന്നത് അമ്മൂമ്മയ്ക്കിഷ്ടമില്ല. അബദ്ധവശാല്‍ വീട്ടിനകത്ത് കയറിയാല്‍ അന്നത്തെ ദിവസം അപ്പൂപ്പനൊരു ഡയറിക്കുറിപ്പിനുള്ള വക കിട്ടും.

വര്‍ഷാവസാനപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടിയ സമയം.

മാവായ മാവും പ്ലാവായ പ്ലാവും കയറി നടക്കുന്ന കാലം.
ബിജുക്കുട്ടന്‍, എന്നേക്കാള്‍ രണ്ടു മൂന്നു വയസ്സ് മൂപ്പുണ്ടവനു, വലിയച്ഛന്റെ മകന്‍.
വെക്കേഷന്‍ സമയത്താണ് പോന്നോരു സ്ഥിര താമസമാക്കിയിട്ടുള്ള ബിജുക്കുട്ടന്‍ തറവാട്ടിലേക്ക് ആഗതനാകുന്നത്.

വെറുതെ നില്‍ക്കുകയാണെങ്കില്‍ പോലും രണ്ടു നിലയുള്ള ഓടിട്ട തറവാടിന്റെ മുകളിലേക്ക് ഒരു രസത്തിനു ഉരുളന്‍ കല്ലെടുത്ത് കീഞ്ചുക, വെള്ളത്തില്‍ നിന്നാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞ് അലുമിനിയം കലത്തില്‍ വെള്ളം നിറച്ച് കേബിളിട്ട് മെയിന്‍സ്വിച്ചിലേക്ക് കൊടുത്ത് ഫ്യൂസ് കളയുക, കുല വരാറായ വാഴയുടെ മുകളില്‍ കയറി വാഴയുടെ നടുവൊടിക്കുക എന്നീ ഗവേഷണപരമായും അല്ല്ലാതെയുമുള്ള നൈസര്‍ഗ്ഗിക വാസനകളില്‍ ബിജുക്കുട്ടന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതുകൊണ്ട് അപ്പൂപ്പനു അവനെ വലിയ പിടുത്തമില്ല. എല്ലാ കൊത്രംകൊള്ളിപരിപാടിക്കും അവനാണ് പ്രധാന ആസൂത്രകന്‍ എന്നാണ് അപ്പൂപ്പന്റെ വിചാരം. സത്യം എനിക്കല്ലേ അറിയാവൂ..നിസാര കാര്യങ്ങങള്‍ക്കുപോലും അപ്പൂപ്പന്‍ അവനെ വഴക്കുപറയും. അതിന്റെ ബാക്കി എനിക്കും കിട്ടും. അതൊന്നും പോരാതെ രാത്രി അവരവരുടെ അച്ഛന്മാര്‍ വരുമ്പോള്‍ അപ്പൂപ്പന്‍ അന്നന്നത്തെ ഗവേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ ഫെല്ലോഷിപ്പുകള്‍ നല്‍കിപ്പോരുകയും ചെയ്തു.

അതുകൊണ്ട് അപ്പൂപ്പനുമായി ഞങ്ങള്‍ ഒബാ‍മ – ഹില്ലരി സൌഹ്രദമായിരുന്നു നിലനിന്നു പോന്നിരുന്നത്.

അപ്പൂപ്പന്റെ അധിനിവേശത്തിനെതിരെ ബിജുക്കുട്ടന്റെ ചോര തിളച്ചു. ഇതിനെതിരെ പ്രതികരിച്ചേ പറ്റൂവെന്ന് അവന്‍ രക്ത പ്രതിജ്ഞയെടുത്തു.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സൂപ്പര്‍ ത്യൂസ്ഡെ. വിഷു കഴിഞ്ഞ് പിറ്റേ ദിവസം.

ഉച്ചയ്ക്ക് അപ്പൂപ്പന്‍ പള്ളിയുറക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ബിജുക്കുട്ടന്‍ ആലോചനാകുചേലനായത്. പെട്ടന്ന് ഐഡിയ ഫ്ലാഷായി അവന്റെ മരോട്ടിത്തലയില്‍ മിന്നി.

ബീഡി ഓപ്പറേഷന്‍.

തലേന്ന് ബാക്കി വന്ന എലിവാണത്തിന്റെ മരുന്നെടുത്ത് അപ്പൂപ്പന്റെ ബീഡിയില്‍ നിറയ്ക്കുക. അപ്പൂപ്പന്‍ ബീഡി വലിക്കുമ്പോള്‍ ചീറ്റിപ്പോകണം.

കൂടുതല്‍ ചിന്തിച്ചില്ല. ഇതെന്താ ആറ്റംബോംബുണ്ടാക്കുകയാണോ ഇത്രയധികം ചിന്തിക്കാന്‍.
നേരെ പോയി ബീഡിപെട്ടി എടുത്തു. തുറന്നു നോക്കിയപ്പോള്‍ നാലഞ്ചു ബീഡിയേ ഉള്ളൂ.
അതേതായാലും നന്നായി.

ഓരോന്നായി എടുത്ത് ശ്രദ്ധിച്ച് തല ഭാഗം തുറന്ന് ബീഡിപ്പൊടി കുറച്ച് പുറത്തെടുത്ത് ആ ഭാഗത്ത് വെടിമരുന്നു നിറച്ചു. നേരെ ചൊവ്വെ മടങ്ങിയിരിക്കാതായപ്പോള്‍ അല്പം വെള്ളം തൊട്ടു മടക്കി വെച്ചു. പെട്ടി കൃത്യസ്ഥലത്തു തന്നെ വെച്ച് ഹെയ്ഡന്റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിനെപ്പോലെ വിജയശ്രീലാളിതനായി സ്റ്റൂളില്‍ നിന്നുമിറങ്ങി വന്നു ബിജുക്കുട്ടന്‍.

സാധാരണ നാലുമണിയുടെ ചായ കുടി കഴിഞ്ഞാലാണ് അപ്പൂപ്പന്‍ ബീഡി വലിക്കുന്നത്.
ഞാനും ബിജുക്കുട്ടനും അന്ന് മറ്റു ഗവേഷണങ്ങളൊന്നും നടത്താതെ വൃഷ്ടിപ്രദേശത്ത് കറങ്ങി നടന്നു.

അങ്ങനെ നാലുമണിയായി. അപ്പൂപ്പന്‍ ബീഡി പെട്ടിയെടുത്ത് ഒരു ബീഡിയും തീപ്പെട്ടിയുമായ് മുറ്റത്ത്‍ ചാരുകസേരയില്‍ വന്നിരുന്നു. പ്രതികാര ദാഹവുമായി ബിജുക്കുട്ടനും ഞാനും കുറച്ചു മാറി നിന്ന് രംഗം വീക്ഷിച്ചു.
ബീഡി ചുണ്ടില്‍ വെച്ചു.
തീപ്പെട്ടി ഉരച്ചു.
ബീഡിയില്‍ കൊളുത്തി.
ദാ.. ഇപ്പൊ ചീറ്റും..
ആ.. ആ‍ാ..
ഇല്ല. കത്തുന്നില്ല.

ബിജുക്കുട്ടന്‍ എന്നെ നോക്കി. എന്താ ഞാനിനി വല്ല കരിങ്കാലിപ്പണി ചെയ്തോവെന്നാണോ അവന്‍ വിചാരിച്ചിരിക്കുക. ഏയ്.. ഞാനങ്ങനത്തെ ആളല്ല എന്ന മട്ടില്‍ ദയനീയമായി തിരിച്ചു നോക്കി.

അപ്പൂപ്പന്‍ മെല്ലെ എഴുന്നേറ്റു. അകത്തേക്ക് നടക്കുന്നു.
ഞങ്ങള്‍ തെക്കിനി വഴിക്ക് ഉള്ളിലോട്ടു പാഞ്ഞു.
അപ്പൂപ്പന്‍ അടുക്കളയിലേക്കാണ്.
നിര്‍ന്നിമേഷരായി അടുക്കളയുടെ ഒരു സൈഡിലുള്ള പലകയടിച്ച ജനലിലൂടെ ഞങ്ങള്‍ നോക്കി.
അടുപ്പില്‍ രാത്രിയിലേക്കുള്ള മീന്‍ കറി തിളച്ചുകൊണ്ടിരിക്കുന്നു.
അമ്മൂമ്മ കുളിമുറിയിലാണ്.
അപ്പൂപ്പന്‍ അടുപ്പിനടുത്തെത്തി. രണ്ടു ബീഡിയെടുത്ത് അടുപ്പിന്ടെ സൈഡില്‍ ചൂടക്കാന്‍ വെച്ചു.
ഒന്നെടുത്ത് തീയിലേക്ക് കാണിച്ചു.
പെട്ടന്ന് ഒരു പുകയും ചീറ്റലും.
അടുപ്പിന് മുകളില്‍ ചിമ്മിനിഭാഗത്ത് പള്ളിയുറക്കത്തിലിരുന്ന കണ്ടന്‍ പൂച്ച നേരെ താഴേക്ക്.
കൃത്യമായി തിളച്ചുകൊണ്ടിരുന്ന മീന്‍കറി ചട്ടിയിലേക്ക്. ഒന്നും വ്യക്തമല്ല.
‘പോ പൂച്ചെ..’ അപ്പൂപ്പന്‍ പൂച്ചയെ ഓടിക്കുന്നു.പൂച്ച ജീവനും കൊണ്ടോടി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ പൊട്ടിയ ചട്ടിയുടെ കഷണവുമായി അപ്പൂപ്പന്‍ അന്തം വിട്ടു നിന്നു.
ഈ ശുഭ മുഹൂ‍ര്‍ത്തത്തിലാണ് ഈറനുടുത്ത് അമ്മൂമ്മ അടുക്കളയിലേക്ക് കടന്നു വരുന്നത്.
അതു കണ്ടതും ബിജുക്കുട്ടന്‍ പിന്തിരിഞ്ഞോടിയതും ഒരുമിച്ചായിരുന്നു. പിന്നാലെ ഞാനും.
കൂടുതല്‍ ആകര്‍ഷകമായ മറ്റു രംഗങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്ന വിഷമത്തോടെ..

(ഡിസ്ക്കൈമള്‍ : ഈ കഥ മുമ്പ് പോസ്റ്റി ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചതായിരുന്നു. )