Saturday, March 31, 2007

കോഴിക്കൂട്

കുറുക്കന്‍, കുറുനരി, കറ്റാമ്പുലി എന്നീ വന്യമൃഗങ്ങളില്‍ നിന്നും, വളരെ അനുസരണയും ആത്മാര്‍ത്ഥതയുമുള്ള ടോമിയെന്ന വീട്ടുകാര്യം നോക്കുന്ന നായയില്‍ നിന്നും വീട്ടിലെ കോഴിപ്പടയെ രക്ഷിക്കാനുള്ള സെക്യുരിറ്റി അളവുകളൊന്നും തന്നെ ബില്‍റ്റ് ഇന്നായില്ലാത്ത ഒരു കോഴിക്കൂടായിരുന്നു വീട്ടിലുള്ളതെന്ന നഗ്നസത്യം ഗ്രഹനാഥനായ മുത്തച്ഛനോട് തലയിണമന്ത്രമായി എല്ലാവരും കേള്‍ക്കെ മുത്തച്ഛി ഓതുമ്പോള്‍ ടോമി പോലും തെക്കേതിലെ രാമന്‍ നായരുടെ പറമ്പ് ലക്ഷ്യമാക്കി പറന്നിരുന്നു.. 55 ഡെസിബെലില്‍ കൂടിയ ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിന്‍ ഹാനികരമാണെന്ന വാദമൊന്നും മുത്തച്ഛിക്ക് ബാധകമല്ല.

അന്ന് കാലത്ത് എണ്ണം പറഞ്ഞ രണ്ടു പൂവന്‍ കോഴികളുടെ ശരീര ഭാഗങ്ങളാ‍ണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കോഴിക്കൂടിന്റെ അടിയില്‍ നിന്നും മുത്തച്ഛി പെറുക്കിയെടുത്തത്. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു. സ്വന്തം ജേഷ്ഠന്റെ കാലൊടിഞ്ഞപ്പോള്‍ പോലും ഡെലിവറി ചെയ്യാത്ത മുത്തച്ഛിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത വെയര്‍ഹൌസിലെ കണ്ണുനീര്‍ത്തുള്ളികള്‍ അന്നാണ് തന്റെ മരുമക്കള്‍ക്ക് ദൃശ്യമാക്കിയത്.

പിറ്റേന്ന് കാലത്ത് ദന്തധാവനാതിശൌച്യകര്‍മ്മകള്‍ കഴിഞ്ഞയുടനെ മുത്തച്ഛന്‍ , ഫാമിലി ആശാരിയായ കറപ്പാശാരിയെ തിരക്കി ഇറങ്ങിയിരുന്നു. ഒന്നര നാഴിക അകലെയുള്ള വൈലിപ്പാടത്തിന്റെ അപ്പുറത്താണ് കറപ്പാശാരിയുടെ വീട്.

കറപ്പാശ്ശാരിയാണ് വീട്ടിലെ എല്ലാ വിധ അറ്റകുറ്റ പണികളും നടത്തുന്നത്. വളരെ ഉയരം കുറഞ്ഞ് മെലിഞ്ഞ് നല്ല കൂനുള്ള കറപ്പാശാരിയെ ചെവിയില്‍ ഒരു പെന്‍സില്‍ , കറുത്ത ഫ്രയിട്ട കണ്ണട,ചിത്രപ്പണികളുള്ള ഒരു ഊന്നുവടി എന്നിവയില്ലാതെ ദര്‍ശനം അപൂര്‍വ്വം. മുത്തച്ഛന്റെ വീക്ഷണത്തില്‍ കറപ്പാ‍ശ്ശാരി ഒരു ജീനിയസ്സാണ്. ശരിക്കും ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍. എല്ലാ കാര്യത്തിനും അങ്ങേര്‍ക്കൊരു ദര്‍ശനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു കട്ടിള പണിയാന്‍ കറപ്പാശാരിയെടുക്കുന്ന സമയം പത്തുദിവസമാണ്. മറ്റുള്ള ആശാരിമാര്‍ മൂന്നുദിവസം കൊണ്ട് പണിയുന്നിടത്താണ് കറപ്പാശ്ശാരി ഇത്രയും സമയമെടുക്കുന്നത്.

കറപ്പാശാരിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സമ്പൂര്‍ണ്ണ സസ്യാഹാരിയാണ്. കാലത്ത് കൃത്യം എട്ടുമണിക്ക് പണി ആരംഭിക്കും. അരമണിക്കൂര്‍ തന്റെ ആയുധങ്ങള്‍ രാകും. പിന്നെ മെല്ലെ മെല്ലെ ഓരോസാധനങ്ങളുമായി പണി തുടങ്ങാനിരിക്കും. പത്തുമണിക്ക് കാപ്പി പതിനൊന്നിനു മുറുക്കാന്‍. പന്ത്രണ്ടരക്ക് പള്ളിയിലെ വെടി പൊട്ടുമ്പോള്‍ പണി നിര്‍ത്തും . സാംബാറും രസവും കൂട്ടി വിശാലമായ ഒരു ഊണ്. പിന്നൊരു മുറുക്ക്. അതു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയക്കം. കൃത്യം രണ്ടരക്ക് വീണ്ടും അരമണിക്കൂര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടും. നാലുമണിക്ക് ചായ. അഞ്ചുമണിക്ക് സഞ്ചിയുമായി വീട്ടില്‍ പോകാന്‍ റെഡി.

ഈ കറപ്പാശാരിയെയാണ് മുത്തച്ഛന്‍ പുതിയ കോഴിക്കൂടുണ്ടാക്കന്‍ ഏല്‍പ്പിക്കുന്നത്. കറപ്പാശാരിക്ക് മുത്തച്ഛന്‍ കോഴിക്കൂടിനു വേണ്ട ഉപാധികള്‍ വിശദീകരിച്ചു. എല്ലാ കോഴികള്‍ക്കും സൌകര്യമനുസരിച്ച് ഇരുന്നും കിടന്നും ഉറങ്ങാനുള്ള സ്ഥലസൌകര്യം, ഉറപ്പുള്ള അടിഭാഗം. അടിയില്‍ നിന്നും കറ്റാന്‍പുലി മാന്തി കോഴികളെ എടുക്കാന്‍ സൌകര്യം കൊടുക്കരുത്., വാതില്‍ നല്ല ഉറപ്പുള്ളതായിരിക്കണം, സാധാരണ കുറുക്കന് വാതില്‍ തുറന്നാണ് കോഴികളെ പിടിക്കുന്നത്., അതിനാല്‍ കോഴിക്കൂടിന്റെ വാതിലിന്‍ ആവശ്യമായുള്ള എല്ലാ സെക്യൂരിടി അറെഞ്ചുമെന്റുകളും വേണം.

മഹത്തായ അഞ്ചാം വാരത്തില്‍ കറപ്പാശാരി ആ ചന്ദ്രയാന്‍ പ്രൊജക്റ്റ് അവസാനിപ്പിച്ച് മുത്തച്ഛനും മുത്തച്ഛിക്കും സമര്‍പ്പിച്ചു.

മുത്തച്ഛന്‍ പറഞ്ഞ എല്ലാം ഒത്തിണങ്ങിയ പത്തടി നീളവും മൂന്നടി വീതിയുമുള്ള ഒരു കോഴിക്കൂട്. കോഴിക്കുടിന്റെ വാതിലിന് ഒരു പ്രത്യേകതയുണ്ട്. സെക്യൂരിറ്റി ലോക്കിട്ടാല്‍ പിന്നെ വാതില്‍ തുറന്ന് കുറുക്കന്‍ കയ്യിട്ടാല്‍ കുറുക്കന്‍ കുടുങ്ങും. അങ്ങനെയാണ് കറപ്പാശ്ശാരി കോഴിക്കൂടിന്റെ വാതില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു പക്ഷേ കറപ്പാശ്ശാരി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പണികഴിഞ്ഞ് പോകുന്ന ദിവസം ഉച്ചകഴിഞ്ഞ സമയത്താണ് ഈ ഗുട്ടന്‍സ് മുത്തച്ഛനെ മാത്രം വിളിച്ച് കാണിച്ചുകൊടുക്കുന്നത്.

പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ കോഴിക്കൂട്ടില്‍ കയറിത്തുടങ്ങി. പുറത്തുനിന്നും നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകത്ത് അതിവിശാലമായ സൌകര്യങ്ങള്‍. അടയിരിക്കാന്‍ പിടക്കോഴികള്‍ക്ക് പ്രത്യേകം അറ. പൂവ്വന്‍ കോഴികള്‍ക്ക് തലയുയര്‍ത്തി ‘കൊക്കരക്കോ കോ.. ‘ വിളിക്കാന്‍ ഉയരം കൂടിയ മേല്‍ത്തട്ട്. രാത്രി ഭക്ഷണശേഷം അല്പം വെള്ളമടിക്കാന്‍ ഡിഷ് ഹോള്‍ഡര്‍. അങ്ങനെ കറപ്പാശ്ശാരിയുടെ തലയിലുദിച്ച എല്ലാ സൌകര്യങ്ങളുമുള്ള ആഷ് പോഷ് ഒരു കോഴിക്കൂട്.

കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. രാത്രിയാകുമ്പോള്‍ മുത്തച്ഛി അഭയാര്‍ത്ഥികളെ ഓരോന്നായി പിടിച്ച് പുറത്തിടുന്ന പരിപാടിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരു ത്രിസന്ധ്യക്ക് മുത്തച്ഛിയുടെ കര്‍ണ്ണകഠോരമായ ദീനാലാപം കേട്ടാണ് , പത്തായപ്പുരയുടെ മറയില്‍ ഒളിച്ചിരുന്ന് വലിക്കുകയായിരുന്ന കാജാബീഡി മുത്തച്ഛന്റെ കയ്യില്‍ നിന്നും താഴെ വീണത്. ഓടി വന്നു നോക്കുമ്പോള്‍ മരുമക്കളും മുത്തച്ഛിയും കൂടി കോഴിക്കൂടിനടുത്ത് അഭ്യാസപ്രകടനങ്ങള്‍. മുത്തച്ഛി അലമുറയിടുന്നു. മരുമക്കള്‍ ചുറ്റും അന്തം വിട്ടും നില്ല്കൂനു. മുത്തച്ഛിയുടെ ഒരു കൈ കോഴിക്കൂട്ടിലെ വാതിലിലെ സെക്യൂരിറ്റില്‍ ലോക്കില്‍ പിടിക്കപ്പെട്ടിരിക്കുന്നു. അകത്തു കയറിയ അടുത്ത വീട്ടിലെ കുക്കുടത്തെ പിടിച്ചിറക്കാന്‍ നോക്കുന്നതിനിടയിലാണ് കറപ്പാശ്ശാരിയുടെ സെക്യൂരിറ്റി ലോക്ക് മുത്തച്ഛിയുടെ കയ്യില്‍ വീഴുന്നത്. തിരിച്ചെടുക്കാനാവാതെ മുത്തച്ഛി നിലവിളിക്കുന്നു. ലോക്കിട്ട പലക ഒരു പ്രത്യേക രീതിയിലായതുകൊണ്ട് മറ്റുള്ള എതെങ്കിലും പലകയില്‍ പിടിച്ചാല്‍ ലോക്ക് കൂടുതല്‍ മുറുകുകയേ ഉള്ളൂ. ഇതൊന്നുമറിയാത്ത മൂത്ത മരുമകള്‍ ഒരു ശ്രമം നടത്തിയത് മുത്തച്ഛിയുടെ രോഷം വര്‍ദ്ദിപ്പിക്കാനേ സാധിച്ചുള്ളൂ.

‘ഹെയ് ഇതെന്തുപറ്റീ..’ എന്നു പറഞ്ഞുകൊണ്ട് മുത്തച്ഛന്‍ ആ ലോക്ക് തുറന്നു മുത്തച്ഛിയുടെ കൈ പുറത്തെടുത്തു.
‘ഹാവൂ..‘ മുത്തച്ഛി വേദനയുള്ള കൈകള്‍ തലോടുന്നുണ്ടായിരുന്നു. പ്രതികാര ദാഹികളായ പല കോഴിപ്രമാണികളും ഇതിനിടയില്‍ മുത്തച്ഛിയുടെ കയ്യില്‍ മുത്തമിട്ടിരുന്നു.
‘..നെങ്ങടെ ഒരു കറപ്പാശ്ശാരി.. അവനെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ ..’ മുത്തച്ഛിയുടെ രോഷം അണപൊട്ടി.
വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ കോഴിക്കൂട്ടിലെ പുതിയ സൌകര്യങ്ങളേ കുറിച്ച് അന്ന് പഠനമാരംഭിച്ചിരുന്ന മുത്തച്ഛന്‍ ഒന്നും മിണ്ടിയില്ല.

പാവം കറപ്പാശ്ശാരി, പിന്നെ ആ പ്രദേശത്ത് വന്നിട്ടില്ല.

24 comments:

Joymon | ജോയ് മോന്‍ | ஜோய் மோன் said...

ആ ലോക്ക് ഗുട്ടന്‍സ് ഒന്നു പറഞ്ഞു തരുമോ..ഞങ്ങളുടെ വീട്ടിലും കോഴിമോഷണം കൂടുതലാ...ഒന്നു പരീക്ഷിച്ചു നോക്കാനാ...

വിശാല മനസ്കന്‍ said...

"പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ കോഴിക്കൂട്ടില്‍ കയറിത്തുടങ്ങി. പുറത്തുനിന്നും നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകത്ത് അതിവിശാലമായ സൌകര്യങ്ങള്‍. അടയിരിക്കാന്‍ പിടക്കോഴികള്‍ക്ക് പ്രത്യേകം അറ. പൂവ്വന്‍ കോഴികള്‍ക്ക് തലയുയര്‍ത്തി ‘കൊക്കരക്കോ കോ.. ‘ വിളിക്കാന്‍ ഉയരം കൂടിയ മേല്‍ത്തട്ട്. രാത്രി ഭക്ഷണശേഷം അല്പം വെള്ളമടിക്കാന്‍ ഡിഷ് ഹോള്‍ഡര്‍. അങ്ങനെ കറപ്പാശ്ശാരിയുടെ തലയിലുദിച്ച എല്ലാ സൌകര്യങ്ങളുമുള്ള ആഷ് പോഷ് ഒരു കോഴിക്കൂട്"

എന്തൊരു സെറ്റപ്പ്. അതിന്റെ ഉള്ളില്‍ കിടന്നുറങ്ങാന്‍ വരെ എനിക്ക് തോന്നിപ്പോയി. എന്തൊരു ഒബ്സെര്‍വേഷന്‍!!

വളരെ രസായിട്ടുണ്ട് മേന്ന നെ.

:)

കുറുമാന്‍ said...

കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു - ഇത് കലക്കി മേന്നെ. എന്നാലും കറപ്പാശാരി R & D ചെയ്യുന്നതില്‍ ഉസ്താദാണല്ലോ.

ഏറനാടന്‍ said...

ഈ കറപ്പാശാരി കോഴിപുരയുടെ പുതിയ ഓര്‍ഡറെടുക്കുന്നുണ്ടോ? എന്നാപിന്നെ കോഴികള്ളന്മാരുടെ അടിയെപ്പകിട്ടീന്നും കിട്ടിയതിനു ശേഷം എണ്ണിതിട്ടപ്പെടുത്താനും എണ്ണയിട്ടുഴിയാനുമേ മൂപ്പര്‍ക്ക്‌ നേരമുണ്ടാവൂ.

കൊള്ളാം കഥ. (അതോ സംഭവിച്ചതോ?)

sandoz said...

മേനോന്‍ കഥകള്‍ നാലെണ്ണം വന്നാല്‍ അതില്‍ ഒരെണ്ണം കോഴിക്കഥ ആയിരിക്കും....അതെന്താ മേനനേ നിങ്ങളും കോഴികളും ആയി ഇത്ര ബന്ധം...

കോഴിമേനനേ....സോറി ..കുട്ടന്‍ മേനനേ...ആശാരി കൊള്ളാട്ടോ.....എനിക്കാ ആശാരീടെ റ്റയിം ടേബില്‍ അങ്ങട്‌ പിടിച്ചു.....

തറവാടി said...

:)

ikkaas|ഇക്കാസ് said...

കോഴിക്കൂടിനുള്ളിലെ ട്രാപ്പ് അടിപൊളിയായി. അതേപോലെ തന്നെ ബ്ലാക്കാശാരീടെ ടൈം ടേബിളും. ഹഹഹ

സതീശ് മാക്കോത്ത് | sathees makkoth said...

നന്നായിട്ടുണ്ട്.
നല്ല രസിച്ചു വായിച്ചു വരികയായിരുന്നു. പെട്ടെന്ന് നിര്‍ത്തികളഞ്ഞതു പോലെ തോന്നുന്നു അവസാനം.

SAJAN | സാജന്‍ said...

സതീശിന്റെ തങ്കപ്പനാശാരിയും.. കുട്ടന്‍‌മേനൊന്റെ കറുപ്പാശാരിയും..
ഇതെന്താ (പ്രഗത്ഭന്മാരായ) ആശാരിമാരുടെ സംസ്ഥാനസമ്മേളനമോ?
:)

അഗ്രജന്‍ said...

“...തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു...”

ആ അന്താളിച്ചുള്ള കൊക്കികൊക്കിയുള്ള ഇറക്കത്തില്‍ കയറ്റിയ വിരഹവേദന ഉഷാര്‍... :)

രസികന്‍ പോസ്റ്റ് മേന്ന്നേ

venu said...

കറുപ്പാശാരിയുടെ ആയു്ധങ്ങളുടെ മൂര്‍ച്ച...എന്‍‍താപ്പോ.?.രാവിലെയും ഉച്ചയ്ക്കും മൂര്‍ച്ചയീട്ടു മൂര്‍ച്ചയിട്ടു്, മുറുക്കിയിരിക്കുന്ന കറുപ്പാശാരിമാരെ കിട്ടാന്‍‍ എന്താ പ്രയാസം. കോഴിയാലയം നന്നായി മേനോനെ.:)

Kiranz..!! said...

ഹ..ഹ..കുട്ടന്മേന്നേ..താങ്കളുടെ എല്ലാക്കഥകള്‍ക്കും ഒരു സിഗ്നേച്ചര്‍ കാണും,ഐടി പ്രയോഗങ്ങള്‍ കോഴിക്കൂട്ടിലുമെത്തിപ്പിച്ചു :)കൊള്ളാം..

kaithamullu - കൈതമുള്ള് said...

മേന്‍‌ന്നേ, ആ ടോമീന്റെ കാര്യെന്തായി? കറപ്പാശാരിയുമായി വല്ല എന്‍‌കൌണ്ടറും?

അപ്പു said...

കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു.

നല്ല വിവരണം മേന്‍‌നേ

കുട്ടന്മേനൊന്‍::KM said...

സാന്ഡോസേ, മിന്നുന്നതെല്ലാം പൊന്നല്ല..:)

ആവനാഴി said...

കുട്ടന്‍ മേന്‍‌നേ,

ആ കോഴിക്കൂടിന്റെ വിവരണം വളരെ നന്നായിരിക്കുന്നു.

ഒരു ഫ്രെഡറിക് ഫോറ്സൈത് ശൈലി. വളരെ വളരെ ഖേമമായിരിക്കുന്നു.കെന്‍‌ഖേമം. മേന്‍‌ന് കോഴിക്കറി മാത്രമല്ല കോഴിക്കു വസിക്കാനുള്ള മാളികയും രൂപകല്പന ചെയ്യുന്നതില്‍ ബഹു സാമര്‍ത്ഥ്യം എന്നു സംശയം വിനാ തെളിയിക്കപ്പെട്ടിരിക്കുന്നു.

പോരട്ടെ ഇനിയും പുതിയ കതിനകള്‍.

സസ്നേഹം
ആവനാഴി

പ്രിയംവദ said...

കോഴികൂടു പ്രോജക്ട്‌ 'ചന്ദ്രയാന്‍' പോലെ സങ്കീര്‍ണം :)
qw_er_ty

G.manu said...

തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു. സ്വന്തം ജേഷ്ഠന്റെ കാലൊടിഞ്ഞപ്പോള്‍ പോലും ഡെലിവറി ചെയ്യാത്ത മുത്തച്ഛിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത വെയര്‍ഹൌസിലെ കണ്ണുനീര്‍ത്തുള്ളികള്‍ അന്നാണ് തന്റെ മരുമക്കള്‍ക്ക് ദൃശ്യമാക്കിയത്.


lock kahani....kalakki menne

തമനു said...

മേന്‍‌നേ ..

ഈ ആശാരി ഞങ്ങടെ കമ്പനിയില്‍ ജോലി ചെയ്തിരുന്നോ എന്നൊരു സംശയം. ആ ടൈം ടേബിള്‍ കണ്ടിട്ട്‌ തോന്നിയതാ..

കഥ കൊള്ളാം

സൂര്യോദയം said...

കുട്ടന്‍ മേന്‍നേ... കൊള്ളാം...

സു | Su said...

കോഴിക്കൂട് പാകത്തിന് നിര്‍മ്മിച്ചുവെച്ചിട്ടുണ്ടേ :)

പടിപ്പുര said...

ഇത്‌ കാണാന്‍ വൈകി.
കോഴിക്കൂട്‌ കൊള്ളാലോ

ചക്കര said...

:)

കുട്ടന്മേനൊന്‍::KM said...

കോഴിക്കൂട് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.