Tuesday, August 29, 2006

വേലായി ചരിതം ഒന്നാം ഖണ്ഡം

വേലായുധന്‍, വേല്‍ ആയുധമായിട്ടുള്ളവന്‍ ആകുന്നു, അല്ലാതെ വേല ആയുധമായിട്ടുള്ളവനല്ല. പക്ഷേ ഈ പറയുന്ന വേലായുധന് അഥവാ വേലായിക്ക് ഇതു രണ്ടുമില്ല.
പ്രത്യേകിച്ച് ഒരു പണിയില്ല. ഒഴിവുള്ളപ്പോള്‍ തോടു വക്കിലിരുന്നു കുറച്ച് മീന്‍ പിടിക്കും. അത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം വാസ്വേട്ടന്റെ ഷാപ്പിലെ‍ കണക്ക് തീര്‍ക്കാന്‍. പിന്നെ നാടന്‍ പാട്ടുകളുടെയും കഥകളുടെയു കമനീയ ശേഖരത്തിനുടമയുമാണ് വേലായി. ഓണക്കാലത്ത് കുമ്മാട്ടിയായി വേഷം കെട്ടുന്നതുകൊണ്ട് കുമ്മാട്ടി വേലായി എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട് കൂടെ വേലായിയുടെ ഏതൊക്കെയൊ ഭാഗത്ത് ചില അക്ഷരപിശകുള്ള കാര്യവും.

വേലായിയുടെ ദിനചര്യയിലൊന്നാണ് ഗോവിന്ദന്‍ നായരുടെ കടയിലെ ചായ കുടി.
കാലത്ത് ആറുമണിയോടെ വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് നടന്ന് പോയിയാണ് ചായ കുടിക്കുന്നത്. പോകുന്ന വഴിയില്‍ കാണുന്ന ആരോടും വേലായി വിശേഷങ്ങള്‍ ചോദിക്കും.
‘എന്താ മേന്നനെ .. സുഖല്ലെ..’
‘സുഖന്ന്യാ വേലായിയേ..’
‘മേനന്റെ ഭാര്യക്ക്യോ ?’
‘ഭാര്യക്കും സുഖം’
‘ഭാര്യ ആര്ട്യോ കൂടെ ഓടിപ്പോയീന്ന് കേട്ടുലൊ’
‘വേലായിയെ.. വെറുതെ കാലത്തന്നെ ഓരോന്ന്..’
‘അപ്പൊ മേനന്റെ ഭാര്യ പോയിട്ട് ല്ല്യാ.. ലേ.. എന്റെ ഭാര്യ ഇന്നലെ കാലത്ത് ഓടിപ്പോയി .. വൈന്നേരാവുമ്പൊ തിരിച്ച് വന്നൂട്ടാ‍..’
ഇതാണ് വേലായിയുടെ ശൈലി. നാട്ടുകാരല്ലാത്തവരുടെ കയ്യില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ വേലായിക്ക് അത്യാവശ്യത്തിനൊക്കെ കിട്ടിയിട്ടുണ്ട്.
ഗോവിന്ദന്‍ നായരുടെ ചായക്കടയില്‍ വേലായിക്ക് ചായ ഫ്രീയാണ്. ഒന്ന് ഒന്നര മണിക്കുര്‍ ഓരോന്ന് പറഞ്ഞ് ആളുകളെ കടയില്‍ പിടിച്ചിരുത്താന്‍ വേലായിക്കുള്ള മിടുക്കു കൊണ്ടാ‍ണ് ഗോവിന്ദന്‍ നായര്‍ ഈ സൌജന്യം വേലായിക്ക് കൊടുത്തിട്ടുള്ളത്. ഒരു തരം മാര്‍ക്കറ്റിംഗ് തന്ത്രം.

അങ്ങനെയുള്ള വേലായിക്ക് ജീവിതത്തില്‍ ഒരാളെ മാത്രമേ അല്പമെങ്കിലും പേടിയുള്ളൂ.
വാസന്തിയെ.

വാസന്തി സുന്ദരിയായിരുന്നു., സുശീലയായിരുന്നു.
വേലായിയുടെ വീട്ടിലേക്കുള്ള വഴിയിലെ രാവുണ്ണി നായരുടെ പറമ്പിലെ മാവില്‍ ഒരു ദിവസം വാസന്തി തൂങ്ങി. നാട്ടില്‍ പണിക്ക് വന്ന ഏതൊ പാണ്ടി പിഴപ്പിച്ചു മുങ്ങിയതില്‍ മനം നൊന്താണ് വാസന്തി ഈ കടും കൈ ചെയ്തത്.
വാസന്തിയെ കുറിച്ച് പറയാനാണെങ്കില്‍ വേലായിക്ക് നൂറ് നാവാണ്. ജീവിച്ചിരിക്കുമ്പൊള്‍ വാസന്തിയെ വേലായിക്ക് ചെറിയ നോട്ടമുണ്ടായിരുന്നെന്ന് ചില വിവരദോഷികള്‍ പറയും.
രാത്രി വീട്ടിലേക്ക് പോകുമ്പൊള്‍ മിക്കവാറും വേലായി വാസന്തിയെ കാണും.
വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ പ്രേതങ്ങള്‍ക്ക് സുഖപ്രദമെന്ന അടിസ്ഥാനപ്രമാണമറിയുന്ന വേലായി രാവുണ്ണിനായരുടെ പറമ്പിന്റെ അടുത്തെത്തിയാല്‍ കയ്യിലെ ചൂട്ടു കുത്തിക്കെടുത്തും.
വെളുത്ത സാരിയും ചുവന്ന ബ്ലൌസുമിട്ട് തേട്ടയും കാണിച്ച് വാസന്തി അപ്പൊള്‍ പ്രവേശിക്കും. പിന്നെ വേലായിയുടെ ചില സ്ഥിരം ചോദ്യങ്ങളുണ്ട്.
‘വാസന്ത്യേ.. സുഖ ല്ലേ..’
‘ഞാന്‍ നേരം വൈക്യൊന്നും ല്ല്യാലൊ ?’
അവസാനത്തെ ചോദ്യം
‘ആ പാണ്ടി ഇന്നും വന്നില്ല്യ ലേ..’
ആ ചോദ്യം കേള്‍ക്കുമ്പൊള്‍ വാസന്തി നിരാശയോടെ തിരിച്ചു പോകും.

ഒരു ദിവസം രാത്രി വേലായി, വാസുവേട്ടന്റെ ഷാപ്പില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പൂരം അടുത്ത ദിവസമായതുകൊണ്ട് ഷാപ്പില്‍ ആളു കുറച്ച് കൂടുതലായിരുന്നു.വേലായിയുടെ വീതം കൊടുക്കാന്‍ അന്ന് വാസുവേട്ടന്‍ അല്പം വൈകി. ആളുകൂടിയാല്‍ വീര്യം കൂട്ടാനായി വാസുവേട്ടന്‍ കള്ളില്‍ ചില പ്രയോഗങ്ങള്‍ നടത്തും. അന്ന് വേലായിക്ക് കിട്ടിയത് വാസുവേട്ടന്റെ വീര്യം കൂടിയ സാധനമായിരുന്നു.
ഒരു ചൂട്ടുമായി നാടന്‍ പാട്ടും പാടി വേലായി രാവുണ്ണി നായരുടെ പറമ്പിലെത്തി.
സ്ഥിരമായി വാസന്തി നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പൊള്‍ വേലായി ചൂട്ട് ഒന്നുകൂടി വീശി ഒരു വശത്ത് കുത്തിക്കെടുത്തി.
പെട്ടന്ന് ഒരു അലര്‍ച്ച.
ഭൂമി കുലുങ്ങന്നത് പോലെ.

കാലത്ത് രാവുണ്ണി നായരുടെ പറമ്പിലെ തെങ്ങിന്‍ ചുവട്ടിലായിരുന്നു വേലായിയുടെ സുപ്രഭാതം.
ഗോവിന്ദന്‍ നായരുടെ കടയില്‍ ചെന്നപ്പോള്‍ അല്പം വൈകിയിരുന്നു.
‘എന്താ വേലായിയേ ഇന്ന് നേരം വൈക്യൊ..’
‘ന്തൂട്ട് പറയാനാ എന്റെ ഗോവിന്ദാരേ.. ഇന്നലെ രാത്രി നമ്മടെ വാസൂന്റെ അവ്ട്ന്ന് അന്തി അടിച്ച് വര്വായ് ര് ന്നു. മ്മടെ രാവുണ്ണ്യാര് ടെ പറമ്പില് എത്ത്യേപ്പൊ..’
‘എത്ത്യെപ്പൊ..’
‘നമ്മള് സാധാര്ണ വാസന്ത്യായ്ട്ട് വര്‍ത്താനം പറഞ്ഞ് ട്ടല്ലെ പൂവ്വാ.. ‘
‘ങാ..’
‘ഇന്നലെ അവള്‍ക്ക് ഭയങ്കര ദ്വേഷ്യം... ഞാന്‍ ചൂട്ട് കുത്തികെട്ത്തലും അവള്‍ ഒറ്റ അടി. അതോടെ നമ്മള് തെങ്ങിന്റെ ചോട്ടില്‍ക്ക് വീണു. പിന്നെ ഇന്ന് കാലത്താ കണ്ണ് തൊറക്കണത്..’
‘വേലായി എവിട്യാ ചൂട്ട് കുത്തിക്കെട്ത്ത്യെന്ന് അറ്യോ ?’
‘ആ മാവിന്റെ അവ്ടെ..’
‘ഏയ്.. ആ പൂരത്തിന് കൊണ്ടു വന്ന്‍ രാവുണ്ണ്യാര്ടെ പറമ്പില് കെട്ടിയിരുന്ന ആനേരെ ചന്തിക്കാ നീയ്യ് ചൂട്ട് കുത്തീത്..ആ ആന ഇന്നലെ രാത്രി വിജയന്‍ നായര്ടെ പറമ്പിലെ വാഴ മുഴുവന്‍ നശിപ്പിച്ചു... രാത്രി എത്ര കഷ്ടപ്പെട്ട് ട്ടാ അതിനെ തെളച്ചേന്ന് അറിയോ നെനക്ക് ? ’

18 comments:

asdfasdf asfdasdf said...

വേലായി ചരിതം ഒന്നാം ഖണ്ഡം ഇവിടെ ചേര്‍ക്കുന്നു. രണ്ടാം ഖണ്ഡം വഴിയെ..

വല്യമ്മായി said...

വേലായിമാരെല്ലാം വിദ്വാന്മാരാ അല്ലേ,നന്നായി എഴുതിയിരിക്കുന്നു

Rasheed Chalil said...

മേനോനേ ഈ വേലായി കൊള്ളാമല്ലോ.. നമ്മുടെ ആനവാരി രാമന്‍ നായരെപോലെ.

പിന്നെ ഞങ്ങടെ നട്ടിലും ഇങ്ങിനെ ഒരു കഥാപാത്രമുണ്ട്. പേര് വേലു, അറിയപ്പെടാറുള്ളത് ഊക്കന്‍ വേലു. പേരുകിട്ടിയത് 2 കിലോ ഈന്തപ്പഴവും 1 കിലോ ചുട്ട ഉണക്കമീനും സമം ചേത്ത് ഒറ്റയിരുപ്പിന് കഴിച്ച് തീര്‍ത്തതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍ക്കറിയാം. എങ്കിലും വേലു ഇപ്പോഴും ഊക്കന്‍ വേലുതന്നെ.

മനോജ് കുമാർ വട്ടക്കാട്ട് said...

പ്രിയ മേനോന്‍,
പറഞ്ഞാലും പറഞ്ഞാലും തീരാത്ത നാട്ടിന്‍പുറത്തെ കഥകള്‍ കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ..

സൂര്യോദയം said...

കലക്കീട്ടിണ്ട്‌ ട്ടാ... :-)

അരവിന്ദ് :: aravind said...

ഹഹഹ..കലക്കി മേന്‍‌നേ...
തീരെ പ്രതീക്ഷിച്ചില്ല, ക്ലൈമാക്സ്...ഒത്തിരി ചിരിച്ചു.:-)

myexperimentsandme said...

അരവിന്ദന്റെ കമന്റ് കണ്ടുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. വേലായി അടിപൊളിയായി. വേലായീടെ കുശലാന്വേഷണം ബെസ്റ്റ്. കളിമാക്സി തകര്‍ത്തു.

താങ്കളുടെ നാടന്‍ ടച്ചുള്ള കഥകള്‍ വായിക്കാന്‍ ഒരു പ്രത്യേക രസമുണ്ട്.

ലിഡിയ said...

ഇത് കലക്കീന്ന് പറയാണ്ടിരിക്കാന്‍ പറ്റണില്ലല്ലോ...
എന്റെ ശിവനേ..

-പാര്‍വതി.

Visala Manaskan said...

അതലക്കി കുട്ടമേന്നന്നേ..
നാടിന്റെ വിവരണങ്ങള്‍ വായിക്കാനെന്താ ഒരു സുഖം!
സത്യന്‍ അന്തിക്കാട് മാരുടെ അയിര് കളിയാ ബ്ലോഗില്‍ ല്ലേ?? നൈസ്.

മുല്ലപ്പൂ said...

അതു സൂപ്പര്‍

സു | Su said...

ഹായ്... വേലായുധന്മാരൊക്കെ വല്യ വല്യ ചരിത്രം സൃഷ്ടിക്കുന്നുണ്ടല്ലോ. വല്യമ്മായീം വേലായുധചരിതം എഴുതീര്‍ന്നൂ.

Mubarak Merchant said...

എന്റെ കുട്ടമേന്നേ, ഇതാണ് കഥ. ആനേടെ ചന്തിക്ക് കത്തുന്ന ചൂട്ടുകൊണ്ട് കുത്തിയപ്പോളുണ്ടായ ഭൂകമ്പം.. ഹെന്റമ്മോ.. അടിപൊളി.

Unknown said...

കുട്ട മേനോഞ്ചേട്ടാ,
രസിച്ചു... രസിച്ചു....

അവസാനം സൂപ്പറായി. രണ്ടാം ഭാഗം ഇറങ്ങട്ടെ വേഗം.

asdfasdf asfdasdf said...

വല്യമ്മായി : വേലായി ഒരു വിദ്വാനൊന്നുമല്ല. മനസ്സില്‍ നന്മയുള്ള യാതൊരു വേവലാതികളുമില്ലാ‍ത്ത മനുഷ്യന്‍.
പടിപ്പൂര : ഈ സീരിസ് കഥകള്‍ ഇപ്പൊള്‍ കുറഞ്ഞു വരുന്നു.
വിശാല: വേറെ ആരെ വേണമെങ്കില്‍ ഉപമിച്ചൊ. സത്യന്‍ അന്തിക്കാടിനെ തൊട്ടാല്‍ വിവരമറിയും.:)
കമന്റിയ ഇത്തിരി വെട്ടത്തിനും സൂര്യൊദയത്തിനും അരവിന്ദനും വക്കാരിക്കും പാര്‍വതിക്കും മുല്ലപൂവിനും സൂചേച്ചിക്കും ഇക്കാസിനും ദില്‍ബുവിനുമെല്ലാം നന്ദ്രി..അടുത്ത ഭാഗം വഴിയില്‍ കിടക്കുന്നു. അടുത്തു തന്നെ പോസ്റ്റാം..

കരീം മാഷ്‌ said...

പറഞ്ഞാലും പറഞ്ഞാലും തീരാത്ത നാട്ടിന്‍പുറത്തെ കഥകള്‍ കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ.
നാടിന്റെ വിവരണങ്ങള്‍ വായിക്കാനെന്താ ഒരു സുഖം!
മേനോന്‍ മനസ്സില്‍ നന്മയുള്ള മനുഷ്യന്‍.
സൂപ്പര്‍.സൂപ്പര്‍ .

asdfasdf asfdasdf said...

കരീം മാഷേ.. പതപ്പിക്കല്ലേ.. സോപ്പ് തേഞ്ഞില്ല്ലാണ്ടാവും..

ആഷ | Asha said...

ഹ ഹ
ഇതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.
ഞാന്‍ കരുതി ഇനി വല്ല അമിട്ടിലുമായിരിക്കും ചൂട്ട് കുത്തിയതെന്നാണ്.

Sathees Makkoth | Asha Revamma said...

വേലായി വാഴ്ക വാഴ്ക!
മേന്‍‌നേ സൂപ്പര്‍.