Sunday, July 30, 2006

കിളിരൂര്‍ കേസിലെ പിടികിട്ടാപ്പൂള്ളി...

ഇന്നു കാലത്ത് ഏഷ്യാനട്ട് ടിവിയുടെ റിപ്പോര്‍ട്ടര്‍ റപ്പായി മാലാഖയൊഴിച്ചുള്ള സകലമാന കപിലച്ചാനലൂകളിലെയും റിപ്പോര്‍ട്ടര്‍മാര്‍ സ്കൂപ്പായി വിട്ട കിടിലന്‍ വാര്‍ത്ത ഇതായിരുന്നു.
‘കിളിരൂര്‍ കേസിലെ ഇനിയും പിടികിട്ടാനുണ്ടായിരുന്ന ഒരു പ്രതിയെക്കൂടി പോലീസ് പിടികൂടി‘
കിളിരൂര്‍ കേസിലെ പ്രതിയായ ഗുരുവായൂര്‍ ഡിപ്പൊയിലെ കണ്ടക്ടര്‍ മനോജിനു രാത്രികാലങ്ങളില്‍ ഓംലൈറ്റടിച്ചു കൊടുത്തിരുന്ന ഡിപ്പൊക്ക് മുന്നിലെ തട്ടുകട നടത്തുന്ന കുഞ്ഞുവറീത് ചേട്ടനെ തികച്ചും സാഹസികമായി സ്വന്തം കക്കൂസിലിരുന്ന് ദിവാസ്വപനം ക്ണ്ടുകൊണ്ടിരുന്ന അവസ്ഥയീല്‍ പൊലീസ് പിടികൂടിയത്.
കുഞ്ഞുവറീത് ചേട്ടന്റെ തട്ടുകടയിലെ സ്ഥിരം കസ്റ്റമറായ റപ്പായി മാലാഖ തന്റെ കൂറും വിശ്വസ്തതയും പരിപാലിച്ചു.
ഗുരുവായൂര്‍ ഡിപ്പൊയീലെ സ്റ്റേഷന്‍ മാഷായ കൊച്ചന്തോണിയുടെ ആജീവനാന്ത പരിശ്രമവും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
സോപാനത്തിലെ ഹണീബിയുടെ കരുത്ത് മുഴുവന്‍ ഉള്‍ക്കൊണ്ട് നട്ടപ്പാതിരായ്ക്ക് “നല്ലേമാ‍താവേ” പാടി തന്റെ സംഗീത പരിജ്ഞാനം വെളിവാക്കുമ്പോള്‍ ത്രേസ്യാമ്മചേടത്തിയുടെ കുറ്റിച്ചൂല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം കാവസാ‍ക്കിയില്‍ സ്റ്റേഷനുമുന്നില്‍ നിന്നും ഒരു ബോട്ടി ഫ്രൈ അടിക്കാമെന്നു വിചാരിച്ച കൊച്ചന്തോണിയെ കുഞ്ഞുവറീത് ചേട്ടന്‍ നിരാശനാക്കിയതിന്റെ വൈരാഗ്യമുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.
കൈരളിയിലെ പോക്കര്‍ ഹാജി തട്ടുകടയുടെ അടുത്തു നിന്നും ലൈവായി ഘോരഘോരം കുഞ്ഞുവറീത് ചേട്ടന്റെ വിശേഷണങ്ങള്‍ കേട്ട് പത്തന്‍സ് ഹോട്ടലിലെ പുതിയ വിലവിവരപ്പട്ടിക നോക്കിയിരിക്കുന്ന ആന്റപ്പന്റെ മുഖമാണ് ഓര്‍മ്മ വരുന്നത്.
താമരയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കന്‍പനിപ്പടിക്ക് സമീപമുള്ള കുഞ്ഞുവറീതേട്ടന്റെ വീട്ടില്‍ സഹധര്‍മ്മിണി റോസചേടത്തി പള്ളികളായ പള്ളികളിലേക്കൊക്കെ വെടി വഴിപാടു നേരുന്ന തിരക്കിലായിരുന്നു.
മരുമകള്‍ സെലിന ബോട്ടി കഴുകുന്ന പണി നിര്‍ത്തി പുതിയ മംഗളത്തിലെ ലാലച്ചന്റെ കിനാവിലേക്ക് കടന്നിരിക്കുന്നു.

“കുഞ്ഞു വറീത് ചേട്ടന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നൊ?” തൊട്ടടുത്തെ ടാക്സി സ്റ്റാന്റിലെ കുട്ടപ്പന്‍ ചേട്ടന്‍ അദ്ഭുതം മറച്ചു വെച്ചില്ല. പലരും ചോദിച്ച ചോദ്യമായിരുന്നു.

സ്റ്റേഷനിലെത്തിയ കുഞ്ഞുവറീതിന് ആദ്യം കിട്ടിയത് ഒരു കട്ടന്‍ കാപ്പി.
പിന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജപ്പന്റെ വക നാഭിക്കിട്ടൊരു തട്ടും. കുഞ്ഞുവറീതേട്ടന്‍ എവിടെയൊക്കെയോ പൊത്തിപ്പിടിച്ച് നിലത്തിരുന്നു പോയി. പിന്നെ എസ്.ഐ. അവറാന്റെ ഊഴമായിരുന്നു.
“എന്താടാ നിന്റെ പണി ?”
“തട്ടുകട നടത്താണേ ഏമാന്നെ.”
“നെനക്ക് മനോജിനെ അറിയാമോടാ ?”
“അറിയാമേ..”
“എങ്ങനെ അറിയാം ?”
“മനോജ് എന്റെ കടയില്‍ നിന്നാ ഓം ലൈറ്റ് കഴിക്കാറുള്ളത്..”
“നീ എന്തിനാ മനോജിന് ഓം ലൈറ്റ് ഉണ്ടാക്കി കൊട്ക്കണത് ?”
“ങ്ങെ..”
“എന്താടാ ചെവിട് കേള്‍ക്കില്ലെ..”
കുഞ്ഞുവറീത്‍ മുകളിലേക്ക് നോക്കി. ഇണചേര്‍ന്ന രണ്ട് പല്ലികള്‍ പിരിഞ്ഞു പോകുന്നു.

പിറ്റേന്ന് കാലത്ത് കുഞ്ഞുവറീതേട്ടനെ സ്റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടു.
‘ഗരുഡ’ന്റെ മുന്നിലെത്തിയപ്പോഴാണ്‍ കുഞ്ഞുവറീതേട്ടന്‍ ആ കാഴ്ച്ച കണ്ടത്.
തന്റെ തട്ടുകട ഒടിച്ചു മുറിച്ച് നഗരസഭയുടെ ലോറിയില്‍ എങ്ങോട്ടോ കൊണ്ടുപോകുന്നു.

Saturday, July 29, 2006

ഓസിലൊരു യാത്ര.

ബ്യുക്ക് കാറുകള്‍ ഇന്ന് ഒരു ഓര്‍മ്മയായി നിരത്തുകളില്‍ നിന്നും ഒഴിഞ്ഞുകൊണ്ടിരിക്കുന്നു.
എങ്കിലും ബ്യുക്ക് കാറ് കാണുമ്പോള്‍ എനിക്ക് ഒരാളെ ഓര്‍മ്മവരും.
മുജീബ്.
സ്വദേശം ഏറണാംകുളം. പൊക്കിള്‍കൊടി ബന്ധം അബുദാബിയില്‍. അഡ്നോക്കില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് മുജീബിന്ടെ അച്ഛന്‍.നാടുമായി അത്ര വലിയ ബന്ധമൊന്നുമില്ല. പഠിച്ചത് മുംബയില്‍. 24 വയസ്സ്. പരോപകാരി.
അന്നത്തെ SAP implementation team ല്‍ ഏറ്റവും ജൂനിയറായിരുന്നു മുജീബ്. മലയാളം കൊരച്ച് കൊരച്ചേ അറിയൂ. മുംബയിലെ പഠനകാലത്ത് ഒരുമാതിരി ഭേദപ്പെട്ട മരുന്നുകളെല്ലാം കഴിച്ച് രസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഉറക്കം തൂങ്ങി style ലാണ് നടപ്പ്.പക്ഷെ ബുദ്ധിയുടെ കാര്യത്തില്‍ നേരെ തിരിച്ചും. പ്രോജക്റ്റ് മാനേജറായ സായിപ്പ് മുജീബിനെ data migration section നിലാണ് ഇട്ടത്.

മുജീബിണ്ടെ ഒരു വീക്നെസ് ക്ലാസിക് കാറുകളോടാണ്. ആദ്യ ശംബളമായ ആറായിരം റിയാലുമായി ഒന്നരമാസം സനയ്യകളില്‍ തപ്പി നടന്നാണ് മുജീബിന് ആ ബ്യുക് കാറ് കണ്ടെത്താനായത്. 1980 മോഡല്‍ ആ ബ്യുക്ക് വ്യദ്ധനായ ഒരു അറബിയുടെതയിരുന്നു. ഒരിക്കലും വിറ്റുപോകില്ലെന്ന് ഉറപ്പിച്ച കാറ് 5500 റിയാലിന് വിറ്റുപോയപ്പൊള്‍ തന്റെ ഒരു പഴയ മര്‍ഫി റേഡിയൊയും അയാള്‍ മുജീബിനു സമ്മാനമായി കൊടുത്തു.
“സീ മൈ ബ്യൂട്ടിഫുള്‍ കാര്’ എന്നും പറഞ്ഞ് ഈ ശകടമായിട്ട് മുജീബ് ഒലയയിലെ ബാച്ചലേഴ്സ് വില്ലക്കു മുന്നില്‍ ഒരു ദിവസം ബ്രെയ്ക്കിട്ടു നിറ്ത്തി. “
നീ വല്ല ഭിക്ഷക്കാരുടെ വണ്ടിയാണൊ അടിച്ചുമാറ്റിയതെന്ന്” എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. എന്ടെ പല്ലിനു പണിയാക്കണ്ടല്ലോയെന്നു കരുതി വേണ്ടെന്നു വെച്ചു.

ഒന്നര കി.മീ. മൈലേജുള്ള ആ വണ്ടി മിക്കവാറും ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ മലാസിലെ കുട്ടപ്പന്‍ ചേട്ടന്റെ വര്‍ക്ക്ഷാപ്പില്‍ പിന്നിടുള്ള ദിവസങ്ങളില്‍ കാണാമായിരുന്നു. കൂടെ മുജീബ് ഒരു റൊത്ത്മാന്‍സും പിടിപ്പിച്ച് ഡിക്കിക്കു മുകളില്‍ ആസനസ്ഥനായിരിക്കും.

പുലര്‍ച്ച മൂന്നിനും നാലിനുമിടയിലുള്ള് ശുഭമുഹൂര്‍ത്തത്തിലാണു മുജീബ് സ്ഥിരമായി വില്ലയിലെത്തിയിരുന്നത്. ഇതു തുടര്‍ന്നപ്പൊള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുജീബിനെ വില്ലയില്‍ നിന്നും പുറത്താക്കി. മുജീബ് സസന്തോഷം തന്ടെ പെട്ടിയും പ്രമാണവുമെടുത്ത് ബ്യുക്കിണ്ടെ ഡിക്കിയില്‍ കയറ്റി.
ഇവന്‍ ഇത്ര വലിയ ഡിക്കിയുള്ള വണ്ടി വാങ്ങിയതിണ്ടെ ഔചിത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്. പിന്നീട് കിടപ്പും ഉറക്കവുമെല്ലാം മുജീബ് അതില്‍ തന്നെയാക്കി. കുട്ടപ്പന്‍ ചേട്ടനു പെരുത്ത് സന്തോഷം.

പുലര്‍ച്ച വര്‍ക് ഷാപ്പു പൂട്ടി പോയാല്‍ കസ്റ്റമേഴ്സ് വന്നാല്‍ വിളിക്കനൊരാ‍ളായല്ലൊ.
ഞാന്‍ ഒരു തവണയേ ആ വണ്ടിയില്‍ കയറിയിട്ടുള്ളൂ. അത് കയറിയതല്ല., കയറേണ്ടി വന്നു എന്നു വേണമെങ്കില്‍ പറയാം.

അത് ഒരു വ്യാഴാഴ്ച്ചയായിരുന്നു. ഒരു ഡെമൊണ്‍സ്ട്രേഷനു വേണ്ടി ഉച്ചകഴിഞ്ഞ് അഞ്ചുമണിയുടെ സൌദി എയര്‍ലൈന്‍സില്‍ ജോഹനാസ്ബര്‍ഗിലേക്കു പോകണം. വില്ലയില്‍ നിന്നും 60 കി.മി യുണ്ട് എയര്‍പോര്‍ട്ടിലേക്ക്. കമ്പനി ഡ്രൈവര്‍ സലിം രണ്ടരയോടെ വരാമെന്ന് പറഞഞതുകൊണ്ട് വില്ലയുടെ ഗേറ്റില്‍ ഞാന്‍ കാത്തു നിന്നു. സമയം മൂന്നായിട്ടും സലിം വന്നില്ല. ഒന്നര മണിക്കുറ് മുന്‍പെങ്കിലും ബോര്‍ഡിങ് പാ‍സെടുക്കണം. ഏതുവിധേനെയും എയര്‍പോര്‍ട്ടിലെത്തണം. വെള്ളിയാഴ്ച കാലത്താണ് ഡെമൊണ്‍സ്ട്രെഷന്‍. അന്ന് ആഴ്ചയില്‍ രണ്ടു ഫ്ലൈറ്റേ ജൊഹനസ്ബര്‍ഗിലേക്കുള്ളു. ഇത് കിട്ടിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാവും.

സമയം 3.10. സലിം ഇനിയും വന്നിട്ടില്ല. കമ്പനി മുടക്കമായതുകൊണ്ട് സലീമിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു നിവ്ര്ത്തിയുമില്ല.മൊബൈല്‍ ഫോണ്‍ സുലഭമല്ലാത്ത കാലം.വല്ലയിടത്തും കറങ്ങി നടക്കുകയാവും. വേഗം തന്നെ കാള്‍ ടാക്സി വിളിക്കാ‍ന്‍ ഒരുങ്ങുന്‍പോഴാണ് പിന്നില്‍ ഒരു കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയത്.
“hey..man.. where are u going ?"
കറുത്ത കണ്ണടയും വെച്ച് ചെത്ത് ടി-ഷര്‍ട്ടുമിട്ട് മുജീബ് തന്ടെ ശകടവുമായി മുന്നില്‍.
“ ഞാന്‍ എയര്‍പോര്‍ട്ടിലേക്കാ. ആ സലീമിനൊട് വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നതാ. ഇതുവരെ വന്നില്ല.”
“Does'nt matter. Get in. i will drop you "
"ഓ .. നിനക്ക് ബുദ്ധിമുട്ടാവില്ലെ. ഐ വില്‍ മാനേജ്” വെറുതെ ഒരു ഭംഗിവാ‍ക്ക് പറഞ്ഞതാണ്. എന്റെ അപ്പോഴത്തെ അവസ്ഥ എനിക്കല്ലെ അറിയൂ. പോരാത്തതിന് ജൂലായ് മാസത്തെ കടുത്ത ചൂടും കൊണ്ട് വഴിയരികില്‍ നില്‍ക്കേണ്ടി വരുകയെന്നത് ചെറിയ കാര്യമല്ല.
മുജീബ് അതിനിടയില്‍ തന്നെ വണ്ടിയില്‍ നിന്നിറങ്ങി എന്ടെ ട്രോളി ബാഗ് വണ്ടിയുടെ ബാക്ക് സീറ്റില്‍ വെച്ചിരുന്നു.
അങ്ങനെ ഞാന്‍ മുജീബിന്റെ ബ്യുക്കില്‍ ആദ്യമായി കയറി. നല്ല വീതിയുള്ള സീറ്റ്. എ.സിയുടെ തണുപ്പ് പോര.
വണ്ടിയുടെ മ്യൂസിക് സെറ്റില്‍ ‘സന്താന’ തകര്‍ക്കുന്നു.
വണ്ടി ഗള്‍ഫ് ബ്രിഡ്ജും കടന്ന് ട്രാഫിക്കിനിടയിലൂടെ 60-70 സ്പീഡില്‍ പോകുകയാണു.
“man.. how is this car ?"
"Good." എനിക്കെങ്ങനെയെങ്കിലും എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി.
ഹൈവെയിലെത്തിയപ്പൊള്‍ തേര്‍ഡ് ട്രാക്കിലെ ട്രെയിലറുകള്‍ക്കിടയിലയിരുന്നു ഈ വണ്ടി.
മൈക്കിള്‍ ജാക്സന്‍ സാത്താന്റെ പാട്ടുമായി ബ്യുക്കില്‍ മുജീബ് തകര്‍ത്തു തുടഞ്ഞിയിരുന്നു.
‍ വണ്ടി ഹൈവെയിലെ തികച്ചും വിജനമായ മരുഭൂവിലൂടെ മന്ദം മന്ദം ഒഴുകുകയാണു. ഇങ്ങനെ പോയാല്‍ അഞ്ചുമണിക്കു മുന്‍പ് എയര്‍പോര്‍ട്ടിലെത്തുന്ന കാര്യം സംശയാമാണ്.
“മുജീബെ കുറച്ച് സ്പീഡില്‍ പോയാല്‍ നന്നായിരുന്നു. എനിക്ക് 4 മണിക്കു മുന്‍പെങ്കിലും റിപ്പൊര്‍ട്ട് ചെയ്യണം”
“oh. sorry man" എന്നും പറഞ്ഞു ബ്യുക്ക് ഫസ്റ്റ് ട്രാ‍ക്കിലൂടെ 130 റേയ്ഞ്ജില്‍ പാഞ്ഞു തുടങ്ങി.
ഓ. സമാധാനം.
ഏകദേശം നാലു മിനിട്ടോളമായിക്കാണും ഡാഷ്ബോര്‍ഡിലെ ചുവന്ന് ലൈറ്റ് മിന്നിത്തുടങ്ങി.
വണ്ടിയുടെ സ്പീഡു കുറഞ്ഞു.
“എന്തു പറ്റീ മുജീബേ.”
“nothing...its ok man"
അതും പറഞ്ഞ് മുജീബ് സര്‍വീസ് റോഡിലേക്ക് വണ്ടി ഒതുക്കിയിട്ടു.
“എന്താ വല്ല കമ്പ്ലയിന്റ് ഉണ്ടോ വണ്ടിക്ക്”
“No man.. the fuel tank is empty. you just wait here." എന്നും പറഞ്ഞ് മുജീബ് ഡിക്കി തുറന്ന് ഒരു കന്നാസുമായി റോഡ് ക്രോസ് ചെയ്ത് നടന്നു തുടങ്ങിയിരുന്നു.
എന്ടെ വായില്‍ ഒരു മുഴുത്ത തെറിയാണ് വന്നത്. എന്തു ചെയ്യാം.
ഞാന്‍ പുറത്തിറങ്ങി. റോഡ് തിളച്ചുകൊണ്ടിരിക്കുന്നു. വണ്ടികള്‍ റോഡില്‍ കുറവായിരുന്നു.
അപ്പുറത്ത് 1500 മീറ്ററകലെ പെട്രോള്‍ പമ്പുള്ളതിന്റെ ബോര്‍ഡ് കണ്ടു. അത് നോക്കി മുജീബ് വച്ചു പിടിക്കുന്നു

വാല്‍ക്കഷണം : കൃത്യം ഒരു വര്‍ഷത്തിനു ശേഷം നമ്പര്‍പ്ലേറ്റില്ലാതെ അല്‍-ഖര്‍ജ് റോഡില്‍ സ്ക്രാപ്പ് കൊണ്ടുപോകുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു ബ്യുക്ക് കാറ് കിടക്കുന്നുണ്ടായിരുന്നു.

Wednesday, July 26, 2006

ആളൂര്‍ ഷാപ്പൂം ചില ‘മുക്കാല’ വിശേഷങ്ങളും

“ഗോമതീ.. ഞാനൊന്നു കുന്ദംകുളത്ത് പോയിട്ട് വരാംട്ടാ..”
വെറുതെ ഒരു കള്ളം.
“ആരാ കൂടെ ?”
“ഇല്യ.. ആരും ഇല്യാ..”
വീണ്ടും കള്ളം. ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ ഗോമതിക്ക് പിന്നെ സംശയത്തോട് സംശയം. പിന്നെ ഷുഗറിന്റെയും കൊളസ്റ്റട്രോളിന്റെയും കണക്കു മാത്രമായിരിക്കും.

ഈ ഉച്ചതിരിഞ്ഞ് നാലുമണി നേരത്ത് ഹീറോ ഹോണ്ടയും കൂടെ രാമന്നായരും ഉണ്ടെങ്കില്‍ ഏഴുമണിക്ക് കുളിച്ച് ഈറനുടുത്തു വരുന്ന ഗോമതിക്കുമുന്നില്‍ ശതാവരിക്കിഴങ്ങും കടിച്ച് പറിച്ച് ഈ ഞാന്‍ ഹാജര്‍.(ടിപ്സ് : ശതാവരിക്കിഴങ്ങ് കഴിച്ചാല്‍ കള്ളിന്ടെ മണം പമ്പ കടക്കും). എന്തൂട്ട് തേങ്ങ്യായാലും ഗോമതി എങ്ങനെയെങ്കിലും കള്ളു കുടിച്ച കാര്യം കണ്ടുപിടിക്കും.

രാമന്‍ നായരെ ചായക്കടയുടെ അടുത്തെ സ്റ്റോപ്പില്‍ നിന്നു പിന്നില്‍ കയറ്റി കേച്ചെരി വരെ 60 -70 സ്പീഡില്‍ ഹീറൊ ഹോണ്ട പാഞ്ഞു. രാ‍മന്‍ നായര്‍ ,എന്ടെ സഹപാഠിയാണ്. നാട്ടില്‍ അല്ലറ ചില്ലറ കണ്‍സ്ട്രക്ഷന്‍ വര്‍ക്കും നഗരസഭയുടെ ഒരിക്കലും അവസാ‍നിക്കാത്ത ടെണ്ടറുകള്‍ ഏതു വിധേനെയും കയ്ക്കലാക്കാനുള്ള മിടുക്കുമുള്ള ഒരു സാധാ മനുഷ്യന്‍. രാമന്‍ നായര് കള്ളു മാത്രമേ കുടിക്കു. വിദേശിക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നു. കുടിച്ചാല്‍ നാലു തെറിപറയുമെന്ന ഒരു കുറ്റം മാത്രമേ ആള്‍ക്ക് ഉള്ളു. സമാജത്തിന്ടെ ആള്‍ക്കാര്‍ രാമന്‍ നായരെ മുഴുക്കുടിയനാക്കി. കഴിഞ്ഞ ദിവസം ചായക്കടയില്‍ വെച്ച് നമ്പീശന്‍ രാമന്‍ നായരെ ഉപദേശിക്കുന്നത് കേട്ടു.
“എന്തിനാ രാമന്‍ നായരേ ഇങനെ കുടിച്ച് കൂമ്പു വാട്ടണത് ?”
“ഞാന്‍ കുടിക്ക്യെ കുടിക്കാതിരിക്ക്യെ ചെയ്യും..നമ്പീശന്‍ നമ്പീശന്റെ കാര്യം നോക്ക്..”
“പോത്തിന്റെ ചെവീല് വേദമൊതീട്ട് ഒരു കാര്യും ഇല്യ..”
നമ്പീശന്‍ സുല്ലു പറഞ്ഞു.
ആ രാമന്‍ നായരാണ് ഇന്ന് എന്റെ കൂട്ട്.
കേച്ചേരി നാലും കൂടിയ വഴിയില്‍ നിന്നും പടിഞ്ഞാറ് മാറിയാണ് പ്രസിദ്ധമായ ആളൂര്‍ ഷാപ്പ്. ആളൂര് പാലത്തിനോടും കേച്ചേരിപ്പുഴയോടും ചേറ്ന്ന് കിടക്കുന്ന വരമ്പിലാണ് പ്രേമേട്ടന്റെ ഷാപ്പ്. ഷാപ്പില്‍ രണ്ടു മുറികളാണ് ഉള്ളത്. ഒന്ന് വലിയ മുറി. പിന്നെ ചായ്പ് ചെരിച്ചെടുത്ത മറ്റൊരു മുറി. ഇവിടത്തെ കള്ളും കറികളുമാണ് പ്രസിദ്ധി. കാലത്ത് പത്ത് മണിക്ക് പ്രേമേട്ടന്റെ സന്തത സഹചാരിയായ അശോകന്‍ ഷാപ്പു തുറന്നാ‍ല്‍ പിന്നെ തിരക്കൊഴിഞ്ഞ നേരം വളരെ കുറവാണ്. കാലത്ത് ചെത്തുന്ന കള്ള് ആദ്യം കുറച്ച് സ്ഥിരം കുറ്റികള്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ ബാക്കി എടുത്തു വെക്കും. പിന്നെ കൊടക്കുന്നതെല്ലാം വരവ് കള്ളാണ്. അന്തികാട് റേഞ്ചിലെ ജീപ്പ് പതിനൊന്നുമണിക്ക് തന്നെ എത്തും. കാലത്ത് എടുത്ത് വെക്കുന്ന കള്ള് ഉച്ചതിരിഞ്ഞാണ് ഉപയോഗിക്കുക. അതുകൊണ്ടു തന്നെ അല്പം വീര്യം കൂടും. അന്തിക്കള്ള് വരുന്നത് വരെ ഈ കള്ള് കിട്ടും. അതുകൊണ്ടുതന്നെയാണ് ഉച്ചകഴിഞ്ഞ് നാലു മുതല്‍ ആറുവരെയുള്ള സമയം ഞങ്ങള്‍ തെരെഞ്ഞെടുത്തതും. പിന്നെ തിരക്കും കുറവായിരിക്കും.
ഇന്ന് തിരക്ക് വളരെ കുറവാണ്. നാ‍ട്ടുകാരാരെന്കിലും ഉണ്ടാകുമെന്ന് പേടിച്ച് സാധാരണ ഞാന്‍ പിന് വശത്തുകൂടെയാണ് ഷാപ്പില്‍ കയറുന്നത്.രാമന്‍ നായര്‍ക്കത് ഇഷ്ടമില്ലാത്തകാര്യമാണ്. വശത്തെ ചായ്പ് മുറിയിലെ ബഞ്ചിലിരിക്കുന്‍പൊഴേക്കും അശോകന്‍ ഓടിയെത്തി.
“രാമേട്ടാ രണ്ട് കുട്ക്ക എട്ക്ക്വല്ലെ..”
‘ആയ്ക്കോട്ടെ.. “
“ആദ്യം മുതിര ഉപ്പേരി എട്ക്കാം ല്ലേ..”
ഇവിടത്തെ മുതിര ഉപ്പേരി കള്ളിന്ടെ കൂടെ നല്ല കൂട്ടാണ്. പിന്നെ പല തരം കറികളും. നല്ല എരുവുള്ള താറാവുറോസ്റ്റും തവളക്കാല്‍ പൊരിച്ചതും ഇവിടത്തെ പ്രത്യേകതയാണ്.
രണ്ടാമത്തെ ഗ്ലാസ് ഒഴിക്കുമ്പോഴായിരുന്നു പ്രധാന മുറിയില്‍ നിന്നും ഒരു അശരീരി.
“മുകാലാ.. മുക്കാബുലാ..ലൈല..ഓ..”
ഏതൊ ഒരുത്തന് പിടിച്ചു കൊണ്ടിരിക്കുന്നു.
“ഇതേതാ അശോകാ..”
“ഇതൊരു പുതിയ ഗഡിയാ സാറെ.. മൂന്നു ഗ്ലാസ് കഴിഞ്ഞാല്‍ പിന്നെ ഗെഡി പാട്ടു തുടങ്ങും. പിന്നെ ഒരു ഗുണമുള്ളത് തിരക്കില്ലാത്ത സമയത്താണ് പുള്ളിരെ വരവും ഗാനമേളയും”
രണ്ടുമിനിട്ട് കഴിഞ്ഞു . വീണ്ടും അശരീരി.
“മുക്കാലാ.. മുക്കാബുലാ. ലൈല..ഓ..”. അടുത്ത മുറിയിലായതുകൊണ്ട് ആളെ കാണാന്‍ പറ്റില്ല.
“മുഴുവന്‍ പാടടാ. പെ.. മോനെ..”
രാമന്‍ നായറ്ക്ക് കലി കയറിത്തുടങ്ങിയിരിക്കുന്നു.
“രാമന്‍ നായര് ക്ഷമിക്ക്. അയാള് പാടിപ്പഠിക്കണ് ല്ലേ ഉള്ളു..” ഞാന്‍ രാമന്‍ നായരെ അനുനയിപ്പിച്ചു.
അശോകന്‍ രണ്ടാമത്തെ കുടുക്ക നിറച്ചു.
വീണ്ടും അശരീരി.
ഇത്തവണ രാമന്‍ നായര്‍ക്ക് സഹികെട്ടു.
“ ആ പെ.. മോന് മുഴുവന്‍ പാടാന്‍ പറ്റില്ലെ. ഞാന്‍ പഠിപ്പിച്ചു തരാടാ.. @#$3@#!$”
രാമന്‍ നായര് മുണ്ടുമടക്കിക്കുത്തി ബഞ്ചില്‍ നിന്നും എഴുന്നേറ്റു. തലയൊന്നു വെട്ടിച്ച് നേരെ അടുത്ത മുറിയിലേക്ക് ഒരു പാച്ചിലാണ്.
ഞാന്‍ പിന്നാ‍ലെ പിടിച്ചു.വല്ല അതിക്രമം കാണിച്ചാലോ..
പെട്ടന്ന് സഡന്‍ ബ്രേക്കിട്ടപോലെ രാമന്‍ നായര് മുറിയുടെ മുന്നില്‍ നിന്നു.
മുന്നില്‍ ഒരു വളിച്ച ചിരിയുമായി നമ്പീശന്‍ !!!

Friday, July 21, 2006

കുറ്റിച്ചൂ‍ടാന്‍

കുറ്റിച്ചൂടാന്റെ ‘ഹൂവ്വാ... ഹൂവ്വാ..’ വിളികള്‍ ഗോവിന്ദന്‍ നായര്‍ക്കൊരു ഹരമായിരുന്നു. കുറ്റിച്ചൂടാന്‍ അഥവാ കാലന്‍ കോഴി സാധാരണ രാത്രിയാവുന്നതൊടെയാണ് അതിന്റെ ജോലി തുടങ്ങുന്നത്. അടുത്തു തന്നെ മരിക്കാ‍ന്‍ പോകുന്നവരുടെ വീട്ടിലേക്കു നോക്കിയിട്ടാണ് അത് സാധാരണ ശബ്ദിക്കുന്നത്. അപ്പോള്‍ അമ്മൂമ്മ പുറത്തിറങി നിന്നു പറയും.
“ പൂവ്വാ... പൂവ്വാ....ഇന്നു തെക്കൊട്ട് നോക്കീട്ടാ വിളി. കുഞ്ഞിഷ്ണന്റെ സമയായീന്നാ തോന്ന്ണെ.”
ആ വെളിപാടില്‍ സാധാരണ വലിയ വ്യത്യാസമുണ്ടാവാറില്ല.
പക്ഷെ ഗോവിന്ദന്‍ നായര്‍ക്ക് കുറ്റിച്ചൂടാന്‍ ദേവതുല്യനായിരുന്നു.
കാരണം, ഗോവിന്ദന്‍ നായര് സ്ഥലത്തെ പ്രധാന വിറക് കൊണ്ട്രാക്ടറായിരുന്നു. നാട്ടിലെ പേരുകേട്ട മാവുകളുടെ അന്ധകനെന്നും അതുകൊണ്ടുതന്നെ ഗോവിന്ദന്‍ നായറ്ക്ക് ചാര്‍ത്തിക്കിട്ടിയിരുന്നു. നാട്ടിലെ ഭേദപ്പെട്ട മാവുകളെല്ലാം ഗോവിന്ദന്‍ നായരുടെ കോടാലിക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയഭാജനമായിരുന്ന മനക്കലെ കിളിച്ചുണ്ടന്‍ മാവിന്റെ അന്തകനും മറ്റാരുമായിരുന്നില്ല. ആ മാവിന്റെ മാങ്ങയുടെ രുചി ഇന്നും നാവിലുണ്ട്. മനക്കലെ കാരണവരായിരുന്ന പരമേശ്വരന്‍ നമ്പൂതിരി മരിച്ചപ്പൊഴായിരുന്നു ആ മാവ് വെട്ടിയത്. പരമേശ്വരന്‍ നമ്പൂതിരിയുടെ മരണത്തേക്കാള്‍ മാവിന്റെ കൊലപാതകമായിരുന്നു നാട്ടിലെ പ്രധാ‍ന വാര്‍ത്ത. ഞങങള്‍ കുട്ടികള്‍ കാലത്ത് മാങ്ങ പെറുക്കാന്‍ പോയിരുന്നത് ആ മാവിന്‍ ചുവട്ടിലായിരുന്നു. പകല്‍ സമയത്ത് അവിടെ പോകാന്‍ ബുദ്ധിമുട്ടായിരുന്നു. പരമേശ്വരന്‍ നമ്പൂതിരി തന്റെ വലിയ ചാരുകസേരയുമിട്ട് മാവിന്റെ ചുവട്ടില്‍ ഒരു കാലന്‍ കുടയുമായി ഇരിക്കും. എന്നാല്‍ കുട്ടികളെ കണ്ടാല്‍ നന്‍പൂതിരിയുടെ ഭാവം മാറും.
“അശ്രീകരങ്ങള് .. പോ വ്ട്ന്ന്..” എന്നൊരു ആട്ടും ചിലപ്പൊള്‍ കിട്ടും.നമ്പൂതിരിക്ക് ‘ശപ്പന്‍ നമ്പൂതിരി’ എന്ന ഇരട്ടപ്പേരും നാട്ടിലുണ്ട്.
അതുകൊണ്ടു തന്നെ നമ്പൂതിരി മരിച്ചപ്പൊള്‍ ആ മാവ് മുറിക്കുമെന്ന് ഞങ്ങള്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല. നമ്പൂതിരി ഒരു പുത്രതുല്യമായി കൊണ്ടുനടന്നിരുന്ന ആ മാവു തന്നെ നമ്പൂതിരിയുടെ ശവദാഹത്തിനു എടുക്കുന്നത് പലറ്ക്കും ദഹിച്ചിരുന്നില്ല. മാത്രവുമല്ല, നമ്മുടെ കഥാപാത്രമായ കുറ്റിച്ചൂടാന്ടെ ആവാസ കേന്ദ്രവും മറ്റൊന്നായിരുന്നില്ല. നമ്പൂതിരി മരിക്കുന്നതിന്റെ തലേന്നും കുറ്റിച്ചൂടാന്ടെ ‘പൂവ്വാ.. പൂ‍വ്വാ ..’വിളികള്‍ ഉണ്ടായിരുന്നു. പിന്നീട് കുറ്റിച്ചൂടാന്‍ മനയുടെ പാമ്പിന്‍ കാവിലേക്ക് തന്റെ ആവാസകേന്ദ്രം മാറ്റി. എങ്കിലും പ്രദേശത്തെ ജനങള്‍ക്ക് തണ്ടെ സേവനം കൊടുക്കാന്‍ കുറ്റിച്ചൂടാന് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കുറ്റിച്ചൂടാന്‍ അപ്രത്യക്ഷമായി. ഗോവിന്ദന്‍ നായരുടെ മുന്നൊരുക്കങ്ങള്‍ക്ക് കുറ്റിച്ചൂടാന്റെ തിരോധാനം തെല്ലൊന്നുമല്ല അലട്ടിയത്. അപ്പുനായരുടെ ചായക്കടയില്‍ കാലത്തെ ചായക്കിടയില്‍ ഗോവിന്ദന്‍ നായരത് മറച്ചു വെക്കാറില്ല.
“ആ കുറ്റിച്ചൂടാന്‍ ള്ള്പ്പൊ എന്തൊരു സുഖാര്ന്നു. തലേസം തന്നെ എല്ലാം ശരിയാക്കാമായിരുന്നു”
അങ്ങനെ മാസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.
ഒരു സന്ധ്യക്ക് കുറ്റിച്ചൂടാന്‍ വീണ്ടും വന്നു. സാധാരണയില്‍ കവിഞ്ഞ സ്വരത്തില്‍ അത് ‘പൂവ്വാ..’ വിളികള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
പിറ്റേന്ന് കാലത്ത് തികച്ചു ദുരൂഹമായി മനയുടെ പിന്നിലെ വരിക്കപ്ലാവില്‍ ഗോവിന്ദന്‍ നായരുടെ ജഡം ആടിക്കൊണ്ടിരുന്നു.

Wednesday, July 19, 2006

തേര്‍വാഴ്ച്ച

കാലത്തെ പത്രവായനയ്ക്കിടക്കാണു അമ്മ ഒരു വാര്‍ത്തയുമായി വരുന്നത്.
“കുട്ടാ‍.. നീയ്യ് അറിഞ്ഞ്വൊ .. മ്മ്ടെ വാമനന്‍ നമ്പൂരി പോയി..”
“ആര് ?”
“നീയ്യ് മറന്ന്വോ.. നമ്മടെ കൂത്ത്രത്തെ മനക്കലെ വാമനന്‍ നമ്പൂരിയെ...”
ഇല്ല. മറന്നിട്ടില്ലെ. പ്രത്യേകിച്ചും ആ രൂപം പെട്ടന്ന് മറക്കാനാവില്ല. സാധാരണ വീടിനടുത്തെ നമ്പൂതിരിമാരെല്ലാം വെളുത്തു സുന്ദരക്കുട്ടപ്പന്മാരാണു. ഒരു പൂണൂലുമിട്ട് മാറുമറക്കാതെ കോടിമുണ്ടുടുത്ത് നടക്കുന്ന നമ്പൂതിരിമാര്‍ പണ്ടൊക്കെ സുലഭം. സാധാരണ ഉച്ചകഴിഞ്ഞ് അഞ്ചുമണിയോടെ ഈവനിങ് വാക്ക് കം ക്ഷേത്ര ദര്‍ശനം പതിവാക്കിയിട്ടൂ‍ള്ള മധ്യവയ്സ്കരാ‍യ നമ്പൂതിരിമാരെപ്പറ്റി അമ്മൂമയുടെ പൊടിപ്പും തൊങലും വെച്ചൂള്ള വര്‍ണ്ണനകള്‍ കേട്ട് അപ്പൂപ്പനടക്കമുള്ള ആണുങള്‍ക്കു കലികയറുന്നത് അന്നൊക്കെ സാധാരണമായിരുന്നു. അതിനൊരപവാ‍ദമായിരുന്നു വാമനന്‍ നമ്പൂതിരി.
കറുത്തു തടിചു ഏകദേശം ആറടിയിലേറെ പൊക്കം. നല്ലൊരു കുടവയറും. വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് വാമനന്‍ നമ്പൂതിരിയുടെ ഇല്ലം. ചെറുതന മനക്കലെ കുടുംബ ക്ഷേത്രത്തില് പൂജാരിയായിരുന്നു നമ്പൂതിരി. കീഴ്ജാതിക്കാര്‍ക്ക് അവിടെ കയറാനാവില്ല.
അപൂര്‍വ്വമായെ നമ്പൂതിരിയെ എനിക്ക് കാണാനായിട്ടുള്ളൂ. അമ്മൂമ്മക്ക് നമ്പൂതിരിയോട് ചെറിയ അലര്‍ജ്ജിയുള്ളതായി തോന്നിയിട്ടുണ്ട്. മറ്റു നമ്പൂതിരികളെ അപേക്ഷിച്ച് വാമനന്‍ നമ്പൂതിരിക്ക് ഗ്ലാമര്‍ അല്പം പോലുമില്ലായിരുന്നുവെന്നത് ഒരു കാ‍രണം. പിന്നെ അമ്മൂമയെ പറമ്പിലെങാനും വെച്ച് കണ്ടാല്‍ നമ്പൂതിരി ഒരു വിളിയുണ്ട്.
“എന്താ മേനോത്ത്യെ.. സുഖല്ലെ..”
ആ മേനോത്തി എന്ന വിളി അമ്മൂമ്മക്ക് അത്ര പിടിക്കാറില്ല. മറുപടിയൊന്നും പറഞില്ലെങ്കിലും തിരിച്ച് വീട്ടില്‍ കയറിയാല്‍ അമ്മൂമ്മക്ക് അന്ന് കലിയാണ്.
അമ്മൂമ്മയെ എല്ലാവര്‍ക്കും ചെറിയ പേടിയാണു. വളരെ കണിശ്ശക്കരിയാണ് അമ്മൂമ്മ. അവര് പറയുന്ന പോലെ എല്ലാവരും കേള്‍ക്കണം. പോരാത്തതിനു ചില ദുര്‍വാശികളും.
എന്നാല്‍ ഞങള് കുട്ടികളെ വലിയ കാര്യമാണ് അമ്മൂമ്മക്ക്. രാത്രി നാമം ജപിക്കാനും മറ്റും കൂടെയിരിക്കും. കുട്ടികള്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ പേടിപ്പിക്കാനായി അമ്മൂയുടെ ഒരു പ്രയോഗമുണ്ട്. അതാണ് ‘തേര്‍വാഴ്ച്ച’.
“പറഞ്ഞ്ത് കേട്ടില്ലെങ്കി.. തേര്‍വാഴ്ച പിടിച്ചോണ്ട് പൂവ്വും ട്ടാ..”
അപ്പൊള്‍ എല്ലാവരും ശാന്തമാകും. പക്ഷെ ഈ തേര്‍വാഴ്ച എന്താണെന്ന് ഞങള്‍ അമ്മൂമ്മയോട് ചോദിക്കാറില്ലായിരുന്നു. പക്ഷെ ഒരു ദിവസം മറ്റുകുട്ടികളുടെ സമ്മര്‍ദ്ദത്തിനു വഴങി എനിക്കത് ചോദിക്കേണ്ടി വന്നു.
“ഈ തേര്‍വാഴ്ച്ച എന്താ അമ്മൂമ്മെ ?”
“അത് പിള്ളേരെ പിടിക്കുന്ന സാധനാണ്. പറഞ്ഞത് കേട്ടില്ലെങ്കില് അത് വന്ന് പിടിച്ചോണ്ട് പോകും.”
“അതിന് ഞങള് സമ്മതിക്കില്ല്ല്ല്ലല്ലൊ ..”
“നെന്റെ സമ്മതമൊന്നും വേണ്ട. അത് രാത്രി വന്നു പിടിച്ചോണ്ട് പോകും. കുട്ട്യോള്ടെ ചോര്യാ അത് നു ഭയങ്ക്ര ഇഷ്ടം. “
“അമ്മൂമ്മ നൊണ പറയാ.. അമ്മൂമ അതിനെ കണ്ട്ട്ട്ണ്ടാ ?”
“പിന്നെ. .. രാത്രിയാവ്മ്പൊ പട്ടലും കൂടിന്റെ അടുത്തുകൂടെ എന്നും നടന്നു പോകുന്നത് ഞാന്‍ കണ്ട്ട്ട് ള്ള തെല്ലെ..”
“ഉവ്വൊ.. അങനെയാണെങ്കി ഞങള്‍ക്ക് കൂടി ഒന്നു കാണിച്ച് തര്വൊ.”
“ഏയ് പിള്ളേരൊന്നും കാണാന്‍ പാടില്ല. പേടിപറ്റും.”
അമ്മൂമ്മ ഞങളെ നിരുത്സാഹപ്പെടുത്തി. ഇനി ഒരു നിവ്ര്ത്തിയുമില്ല.
എനിക്കും മുകേഷിനും , മുകേഷ് ഇളയച്ച്ന്റെ മകനാണ്., എങനെയെന്കിലും തേര്‍വാഴ്ച്ചയെ കാണണമെന്ന് വലിയ ആഗ്രഹം.
ഒരു ദിവസം ഞങള്‍ അത് തീരുമാനിച്ചു. ഇന്നു രാത്രി തന്നെ നമുക്കു ശ്രമിക്കാം. ആരും അറിയാതെ വേണം. തെക്കെ മുറിയില്‍ കയറിയാല്‍ മതി. മുറിയുടെ ജനല്‍ തുറന്നാല്‍ മുളങ്കൂട് കാണാം. അമ്മൂമയുടെ കണക്കു വെച്ച് മുളങ്കൂടിനരികിലൂടെയാണ് തേര്‍വാഴ്ച പോകുന്നത്. തെക്കെ മുറിയില്‍ ആരും കിടക്കാറില്ല.
അന്നു രാത്രി എല്ലാവരും കിടന്ന് കഴിഞ് ഞാ‍നും മുകേഷും കൂടി തെക്കെ മുറിയില്‍ കയറി. ചിമ്മിണിയുടെ വെളിച്ചത്തില്‍ മുറിയില്‍ കയറി കതക് ചാരിയിട്ടു. ജനലിന്റെ അടുത്ത് ചെന്ന്‍ മെല്ലെ ശബ്ദമുണ്ടാക്കാതെ ജനല്‍പാളി ചെറുതായി തുറന്നു. ചെറിയ കാറ്റടിക്കുന്നുണ്ട്. കാറ്റിന്റെ ശക്തിയില്‍ ചിമ്മിണി കെട്ടു. കൂരാകൂരിരുട്ട്.
“കുട്ടേട്ടാ എന്ക്ക് പേട്യാവ്ണ്ണ്ട് ട്ടാ..”
“മിണ്ടാണ്ടിരിക്കടാ..” ഞാന്‍ ഇല്ലാത്ത ധെര്യം കാണിച്ചു പറഞ്ഞു.
മുളങ്കൂടിനരികില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കാറ്റില്‍ മുളകള്‍ ആടുന്നുണ്ട്. അതിന്റെ ചെറിയ ഞെരക്കങളും കേള്‍ക്കുന്നുണ്ട്. മുളങ്കൂടിനപ്പുറത്ത് ചെറിയ വഴിയാണ്. മഴക്കാലത്ത് തോടാവുന്ന വഴി. സമയം ഇഴഞ്ഞു നീങ്ങുന്നു.
“കുട്ടേട്ടാ.. അമ്മൂമ്മ വെറുതെ പറഞ്ഞതാവും.”
“അല്ലട..”
എത്ര നേരമിരുന്നാലും ഇന്ന് അതിനെ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ എന്നാണ് എന്റെ വാശി.
കാറ്റിന്റെ ശക്തി കൂടി വരുന്നു. മുളകളുടെ ഞരക്കങളും.
മുളകളുടെ അടുത്ത് ചെറിയ വെളിച്ചം. ഒരു ചന്ദ്രക്കല പോലെയുള്ള വെളിച്ചം പടിഞ്ഞാറോട്ട് നീങ്ങുന്നു. വളരെ വേഗത്തിലാണു അത് നീങ്ങുന്നത്.
അതെ, തേര്‍വാഴ്ച തന്നെ .
“കുട്ടേട്ടാ ..” മുകേഷിനു കരച്ചില്‍ പൊട്ടി വരുന്നു.
“മിണ്ടാണ്ടിരിക്കടാ..”
എന്റെ കാലിനടിയില്‍ ചൂടുള്ള ഒരു നനവ്..
പിറ്റേന്ന് ഞാനും മുകേഷും അമ്മയും ഇളയമ്മയും രാമന്‍ വയ്ദ്യരുടെ പരിശോധനമുറിയില്‍ കാലത്തു തന്നെ ഹാജര്‍. എങ്കിലും തേര്‍വാഴ്ചയെ കാണാന്‍ പറ്റിയ സന്തോഷം ഞങ്ങള്‍ക്കുണ്ടായിരുന്നു.
പക്ഷെ ഒരു ദിവസം മുകേഷ് ആ സന്തോഷം പൊളിച്ചു.
അവന്‍ എല്ലാം അമ്മൂമയൊട് തുറന്നു പറഞ്ഞു.
നല്ല അടി പ്രതീക്ഷിച്ചിരുന്ന ഞങളുടെ വിളറിയ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മൂമ്മ പറഞ്ഞു..
“ടാ പൊട്ടന്‍പിള്ളേരെ.. അത് നമ്മ്ടെ വാമനന്‍ നമ്പൂരി രാത്രി പൂജ കഴിഞ്ഞ്ട്ട് റാന്തലായ്ട്ട് പോണതല്ലെ..”

Friday, July 14, 2006

സുപ്രഭാതം.

“എന്താ‍ മേനനേ കാലത്ത് ന്നെ.കാലൊറൊക്ക് ഇട്ട്”
തിരിഞു നോക്കിയപ്പോള്‍ രാമേട്ടനായിരുന്നു.

കറവക്കരന്‍ രാമേട്ടന്‍. പത്തറുപത്ത്ഞ്ചു വയസ്സയി രാമേട്ടന്. മനയ്കലെ കറവക്കാരനായിരുന്നു. മനക്കാര് മില്‍മ പാലു വാങ്ങിത്തുടങ്ങിയപ്പൊള്‍ പശുവിനെ വിറ്റു. ഇപ്പോള്‍ കറവയില്ല. ചില ചില്ലറ പണികളുമായി രാമേട്ടന്‍ നടക്കുന്നു.

“ ആ രാമേട്ടനോ .. ഡോക്ടറ് പറഞ്ഞു കൊളസ്ട്രൊള് കുറച്ച് കൂടുതലാന്ന്. കാലത്ത് 4 കിലോമീറ്ററെ‍ങ്കിലും ഓടാനാ പറഞ്ഞെക്കണെ.”
“മേനനു ഇഷ്ടം പോലെ പറമ്പില്ലെ. കാലത്ത് എഴുന്നെറ്റ് കുറച്ച് കിളച്ചാല്‍ മതീല്ലെ.”
“ആ.. എന്താ ചെയ്യാ.. ഗോമതി പറഞ്ഞത് നെങ്ങള് ഓടിയാലെ ശരിയാവുള്ളുന്നാ. പിന്നെ ഈ പുലര്‍ച്ച അഞ്ചു മണിക്കന്നെ രാമേട്ടന്‍ എങ്ങട്ടാ ?”
“പച്ചക്കറി വാങ്ങാന്‍ പൂവ്വാ. “
“ഇത്ര കാലത്താ ?”
“നേര്‍ത്തെ ചെന്നാല് നല്ല പച്ചക്കറി കിട്ടും. അല്ലെങ്കി ആ മാപ്ല തോന്നീത് തരും.”
“ഇപ്പൊ അഞ്ചു മണിയായിട്ടല്ലെ ഉള്ളു. പുളി ജോസ് ഇപ്പൊ തൊറക്കോ ?”
“പിന്നെ..”
രാമേട്ടനോട് തര്‍ക്കിക്കുന്നത് കാലത്ത് തന്നെ ശരിയാവില്ലെന്ന് കണ്ട് ഞാന്‍ എന്റെ ഓട്ടം തുടര്‍ന്നു.
ചെറിയ തണുപ്പുണ്ട്. ഇന്നലെ പെയ്ത മഴയുടെതാവണം. കവലയിലേക്കിനി അര കിലോ മീറ്ററെങ്കിലും കാണും.
എന്നാലും.. ഒരു സംശയം.

കവലയില്‍ നാലഞ്ചു കടകളെ ഉള്ളു. അതെല്ലാം സാധാരണ കാലത്ത് ഏഴു കഴിഞ്ഞെ തുറക്കുള്ളു. പിന്നെ എങ്ങനെ പുളിജോസു മാത്രം തുറക്കുന്നത് ?
കവലയിലെത്തിയപ്പൊള്‍ എല്ലാ കടകളും അടഞ്ഞു തന്നെ കിടന്നു
പുളി ജോസിന്റ കടയുടെ അടുത്ത് ഒരു വെളിച്ചം പോലുമില്ല. തൊട്ടടുത്ത് കുറെ ചൊക്ലി പട്ടികള്‍ നടക്കുന്നു. കടയുടെ വരാന്തയില്‍ തലേന്നത്തെ ബാക്കി വന്ന കാബേജും തക്കാളിയും കൂട്ടിയിട്ടിട്ടുണ്ട്.
ഓട്ടത്തിനു വേഗത കൂടിയൊ എന്നു സംശയം. കുറെശെ വിയര്‍ക്കുന്നു.
ആറര കഴിഞെ തിരിച്ചെത്താവൂ എന്നാണു ഗോമതിയുടെ ഉത്തരവ്.
അങ്ങനെയെങ്കില്‍ സെന്റര്‍ വരെ ഓടി വരാം.
ഈയിടെയായി നായ്ക്കളുടെ ശല്യം കൂടിവരുന്നുണ്ട്. സ്പെഷ്യല്‍ പഞ്ചായത്തായി മാറ്റിയിട്ടും നായ് ശല്യം അതു പോലെ തന്നെയുണ്ട്.

സെന്ററിലും കടകളൊന്നും തുറന്നിട്ടില്ല.

ഏതായാലും അഞ്ചു മിനിട്ട് ഇരുന്നിട്ടാവാം തിരിച്ച് ഓട്ടം. രണ്ട് കിലൊ മീറ്ററ് ഓടാനുള്ളതല്ലെ.
പത്ര വണ്ടികള് വരുന്നതെയുള്ളു. റഹ്മാനിയ ചായക്കടയില്‍ ലെയ്റ്റ്ണ്ട്. സമോവറിനു തീ പിടിപ്പിക്കുന്ന തിരക്കിലായിരിക്കും. അവിടത്തെ കോഴിക്കറിയും പൊറൊട്ടയും പേരുകേട്ടതാണു. കുറെശ്ശെ പ്രകാശം വന്നു തുടങിയിരിക്കുന്നു.

സമയം പോയതറിഞില്ല.
വന്ന വഴിക്കു തന്നെ തിരിച്ച് ഓടാം.

റോഡിലാരുമില്ല.

കവലയും കടന്ന് ദാമോദരന്റ വീടിനടുത്തെ വളവു കഴിഞപ്പോഴാണ് അകലെ ആരോ നടന്നു പോകുന്നു.
അതെ രാമേട്ടന്‍ തന്നെ. ഒരു വലിയ സഞ്ചിയുമുണ്ട് കയ്യില്‍.
“ങാ .. രാമേട്ട്ന്‍ മട്ങ്ങ്യൊ ?”
“ങാ.. മേനനും മട്ങ്ങില്ലെ..”
ഞാന്‍ സഞ്ചിയിലേക്ക് സൂക്ഷിച്ചു നോക്കി.
നിറയെ പച്ചക്കറികളാണു.
കാബേജും തക്കാളികളും.
രാമേട്ടനെയും കടന്നു ഞാന്‍ ഓടിക്കൊണ്ടേയിരിന്നു.