Saturday, September 23, 2006

വേലായി ചരിതം മൂന്നാം ഖണ്ഡം.

വേലായിയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് മുന്‍ലക്കങ്ങളില്‍ പ്രതിപാദിച്ചിരുന്നു.
വേലായിയുടെ സന്തത സഹചാരിയാണ് ഓടക്കുഴല്‍. അതുകൊണ്ട് വേലായുധന്, ശ്രീകൃഷണന്റെ തനതാ‍യ സ്വഭാവഗുണങ്ങളുണ്ടെന്ന് പറയാനാവില്ല. എങ്കിലും ആ ശരീരവും ശാരീരവും നാലാള്‍ കൂടുന്നിടത്ത് വേലായിക്ക് പേരുണ്ടാക്കിക്കൊടുത്തിരുന്നു.ഓടക്കുഴലില്‍ വേലായി പല രാഗങ്ങളും വായിക്കും. പ്രസിദ്ധരായ സംഗീതജ്ഞന്മാര്‍ക്കാര്‍ക്കും വേലായിയുടെ സംഗീതം ഇതുവരെ പിടി കൊടുത്തിട്ടില്ല. വേലായി എവിടെപ്പോയാലും ഓടക്കുഴലും കൂടെ കാണും. പൂ‍രങ്ങള്‍ക്കും പറയെടുപ്പിനും ഉത്സവങ്ങള്‍ക്കും എന്തിന് വാസുവേട്ടന്റെ ഷാപ്പില്‍ പോകുമ്പോള്‍ വരെ വേലായിയുടെ കൈയ്യില്‍ ഓടക്കുഴലുണ്ടായിരിക്കും. കാലത്ത് ഗോവിന്ദന്‍ നായരുടെ ചായക്കടയിലെ വിശാലമായ ചായകുടിയ്ക്കിടയില്‍ ഇടക്കിടെ വേലായി ഓടക്കുഴലെടുത്ത് വായിക്കും. ഓരോ വായന കഴിയുമ്പോഴും വായിച്ച പാട്ട് ഏതാണെന്ന് വേലായി തന്നെ വെളിപ്പെടുത്തും. അതല്ലേ അതിന്റെ ഒരു ശരിയെന്ന് പറയുന്നതാവും അതിന്റെ ഒരു ശരി.
തോട്ടുവക്കില്‍ ചൂണ്ടയിടാന്‍ പോകുമ്പോഴും വേലായിയുടെ സഹചാരി അടുത്തുണ്ടാവും. വാസുവേട്ടന്റെ ഷാപ്പിലെ പറ്റുകുറക്കാന്‍ വേലായിക്ക് ചൂണ്ടയിടാതെ യാതൊരു വഴിയുമില്ല.
‘വേലായിയേ.. മീനൊന്നും കിട്ടീല്ലെ..?’
‘ദേ ഞാന്‍ കുഴല് വായിക്കണ കണ്ടില്ലേ.. പിന്നെങ്ങിന്യാ മീന്‍ പിടിക്ക്യാ..’
‘അതിന് ചൂണ്ട ഇടണ്ടേ..'
‘മേന്ന് എന്താ കണ്ണ് കാണില്ലേ.. ചൂണ്ട ഇട്ടേക്കണ കണ്ടില്ല്യേ ...’
‘ന്ന് ട്ട് ന്താ മീന്‍ കിട്ടാത്തെ ?'
‘മീനൊക്കെ ന്റെ പാട്ട് കേട്ട് ട്ട് ഇങ്ങനെ നിക്ക്വല്ലേ.. പിന്നെങ്ങിന്യാ ചൂണ്ടേമ്മെ കൊത്ത്വാ..ഇനി പാട്ട് കഴിയുമ്പോ ഓരോന്നായി വന്ന് കൊത്തു..’
‘വാസ്വേട്ടന്റെ കയ്യീന്ന് കിട്ടും നെനക്ക്....’
അങ്ങനെ സംഗീതം കൊണ്ട് രോഗം ഭേദമാക്കാമെന്ന ധാരണയുടെ മുകളില്‍ മീനും പിടിക്കാമെന്ന വേലായിയുടെ തത്വമസി.
ഒരു തവണ വേലായി ചെമ്പൈ സംഗീതൊത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് . അന്ന് ദേവസ്വം ബോര്‍ഡ് ഓഫീസ്സില്‍ തന്റെ പ്രാവിണ്യം തെളിയിക്കാന്‍ പോയി സഫലമാവാതെ സത്രംഹാളിനു പുറത്തിരുന്ന് തന്റെ ഓടക്കുഴല്‍ കച്ചേരി നടത്തി നാട്ടുകാരുടെ കയ്യൂക്ക് ശരിക്കും അനുഭവിച്ചിട്ടുണ്ട് വേലായി.

സെന്തോമാസ് ബാന്റ് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ കം പ്രധാന പീപ്പി വിളിക്കാരനാണ് (ക്ലാര്‍നെറ്റ്) പാണ്ടിത്തോമേട്ടന്‍. മുണ്ടൂര്‍, പാലയൂര്‍, പാവറട്ടി, പറപ്പൂര്‍, ഏനമ്മാവ്, വരന്തരപ്പിള്ളി, പുതുക്കാട് മുതലായ പള്ളിപ്പെരുന്നാളുകളില്‍ സജീവസാന്നിദ്ധ്യമാണ് സെന്തോമാസ് ബാന്റ് കമ്പനി.പള്ളിയുടെ കിഴക്കുവശത്തെ സെമിത്തേരിയുടെ സമീപത്താണ് ഇതിന്റെ ആപ്പീസ്. ആത്മാക്കളുടെ പ്രതിഷേധം മാത്രമേയുള്ളുവെന്ന ധൈര്യവും തോമേട്ടന്‍ അവിടെ തന്നെ ഓഫീസാക്കിയതെനെന്ന് അസൂയാലുക്കള്‍ പറയാറുണ്ട്.
സീസണല്ലാത്ത കാലത്ത് തോമേട്ടന് തേപ്പുകാരന്റെ വേഷമാണ്. പിന്നെ, പറപ്പൂക്കാരന്റെ തീയ്യറ്ററില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന തോമുണ്ണിച്ചേട്ടന്‍ ലീവെടുക്കുമ്പോള്‍ പകരക്കാരനാവും. അറ്റകൈക്ക് പഞ്ഞമാസങ്ങളില്‍ തീയ്യറ്ററില്‍ കടല വില്‍ക്കുന്ന ജോസിനെ സഹായിക്കാനും നില്‍ക്കും.
സെന്തോമസ് ബാന്റ് കമ്പനിയില്‍ ചില സ്ഥിരം അംഗങ്ങളുണ്ട്. ട്രമ്പെറ്റ്- പടിഞ്ഞാറേലെ ദേശുട്ടിചേട്ടന്‍, പൂത്താങ്കീരി രാഘവന്‍, മങാട്ടെ ചന്ദ്രന്‍ . ഡ്രം - കൊട്ട ജോസപ്പേട്ടന്‍, കോരമ്പത്തെ അച്ചുവേട്ടന്‍. ക്ലാര്‍നെറ്റ് - പാണ്ടിത്തോമേട്ടന്‍, കുണ്ട പറിഞ്ചുവേട്ടന്‍. സിംബല്‍ - ആണ്ടാത്തെ കൊച്ചുണ്ണി പിന്നെ ഒഴിവുള്ളപ്പോള്‍ വേലായിയും. തോമേട്ടന്റ ബാന്റ് സെറ്റിന്റെ കൂടെ പോകുമ്പോഴാണ് വേലായി പാന്റ്സിടുന്നത്. ചുവന്ന പാന്റ്സും വെള്ള ഷര്‍ട്ടും തൊപ്പിയും വെച്ചാല്‍ വേലായിയെ തിരിച്ചറിയാന്‍ പ്രയാസം. പരിപാടിയും കഴിഞ്ഞ് വാസ്വേട്ടന്റെ അവിടുന്ന് ചെറുതായി മിനുങ്ങി ഓടക്കുഴലും വായിച്ച് ഒരു വരവുണ്ട്. അതൊരു ഒന്നൊന്നര വരവു തന്നെയാണ്.

സിംബലടിക്കാന്‍ വേലായി മിടുക്കനാണെങ്കിലും വേലായിയുടെ വീക്ക് നസ്സ് പാണ്ടിത്തോമേട്ടന്റെ ക്ലാര്‍നെറ്റാണ്.തോമേട്ടന്റെ സ്വന്തം ക്ലാര. എന്നാല്‍ തോമേട്ടന്‍ തന്റെ പൊന്നുംകുടത്തെ വേറൊരാള്‍ക്കും തൊടാന്‍ പോലും കൊടുക്കില്ല. തോമേട്ടന്റെ തത്വമസിയനുസരിച്ച് ക്ലാര്‍നെറ്റിലാണ് പാട്ടിന്റെ പാലാഴിയിരിക്കുന്നത്.
തോമേട്ടന്‍ ഇല്ലാത്ത സമയത്ത് വേലായി അതെടുത്ത് ഒന്ന് ഊതി നോക്കും.
‘ടാ.. അബടെ വെക്കടാ അത്.. തോമേട്ടന്‍ കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.
ആയിടക്കാണ് പറപ്പൂര്‍ പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യവാളന്റെ അമ്പ് പെരുന്നാള് വരുന്നത്. പാണ്ടിത്തോമേട്ടനും വരന്തരപ്പിള്ളി പൊറിഞ്ചുചേട്ടനും കൂടി മൊത്തമായി ബാന്റിന്റെ ക്വട്ടേഷന്‍ എടുത്തിട്ടുണ്ട്. ഉച്ചക്ക് പള്ളിയിലെ പ്രദക്ഷിണം കഴിഞ്ഞാലാണ് പണവും പ്രതാപവുമുള്ള വീടുകളില്‍ നിന്നും അമ്പ് ബാന്റു മേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുന്നത്. പുത്തൂര്‍ ജോസുമാഷുടെ വീട്ടിലെ ബാന്റ് എടുത്തിരിക്കുന്നത് പാണ്ടിത്തോമേട്ടനാണ്. കൂടെ ഫുള്‍ ടീമും.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജോസുമാഷ് സ്ഥിരമായി ഒഴിച്ചുകൊടുക്കുന്ന മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് വേലായിയൊഴിച്ചുള്ള ടീമംഗങ്ങ്ള് മാര്‍ച്ചിങിന് റെഡിയായി. വേലായിക്ക് ലോകനായകരൊന്നും പിടിക്കില്ലല്ലോ.

ആദ്യം തോമേട്ടന്റെ മാസ്റ്റര്‍പീസാ‍യ ‘നന്മ നേരുമമ്മ..’ കഴിഞ്ഞാണ് പള്ളിയിലേക്ക് പുറപ്പെടുന്നത്. ഒരു ഭക്തി ഗാനം, പിന്നൊരു തമിഴ് , ഹിന്ദി, മലയാളം പിന്നെ വീണ്ടുമൊരു ഭക്തി ഗാനം. ഈ കണക്കിലാണ് തോമേട്ടന്റെ ബാന്‍ഡ് സൈക്കിള്‍.
ഏഴു പട്ടുകുടയും ബാന്‍ഡു സെറ്റുമടങ്ങുന്ന പ്രദക്ഷിണം ജോസ് മാഷുടെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ സമയം മൂന്നുമണി. മാഷിന്റെ മൂത്ത പുത്രക്കല്ല് റോബിന്‍,‍ അമ്പും മലരും രണ്ട് കോഴിമുട്ടയുമടങ്ങുന്ന പ്ലേയ്റ്റുമായി ഭക്തിപൂര്‍വ്വം പട്ടുകുടകളിലെ കേമനായ ഒരു ചുവപ്പന്‍ പട്ടുകുടയ്ക്കുകീഴിലായി നിന്നു.
‘ഞങ്ങള് വീട്ടുകാരൊക്കെ ചന്തപ്പടി വഴി പോകാം. നിങ്ങള് അമ്പായി സെന്റര്‍ വഴി വന്നാ മതി..മെല്ലെ പോന്നാമതി... സെന്ററില് രണ്ടു പാട്ടെങ്കിലും പാടണം’
റോഡിലേക്ക് കടന്നപ്പോള്‍ ജോസുമാഷ് പറഞ്ഞു.
ജോസുമാഷുടെ മൂന്നാം ലോകത്തിന്റെ ബലത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ നല്ല ഫോമിലാണ്. പാട്ടിനിടവേളകളിലുള്ള സമയം കുറഞ്ഞു വരുന്നു.
സെന്ററെത്തുന്നതിനുമുമ്പായിട്ടുള്ള സുരേഷിന്റെ കള്ളുഷാപ്പിനുമുന്നില്‍ വെച്ചാണ് ‘ഖുര്‍ബാനി ഖുര്‍ബാനി’ എന്ന പാട്ട് കൃത്യമായി അവസാനിച്ചത്.
‘തോമേട്ടാ ഭയങ്കര ക്ഷീണം.. നമുക്കൊരു ഗ്ലാസ്സടിച്ചിട്ട് പോയാലൊ..’ വേലായിയുടെ ഐഡിയയാണ്.
‘ശര്യാ തോമേട്ടാ.. ഇത് കഴിഞ്ഞിട്ട് മൂന്നു സ്ഥലത്തെ അമ്പ് നമ്മളന്നെ കൊട്ടണ്ടേ..’ പൂത്താങ്കീരി രാഘവന്‍ വേലായിയെ സപ്പോര്‍ട്ട് ചെയ്തു.
ഇനി എന്തെന്ന അടുത്ത ചോദ്യത്തിനു മുന്‍പുതന്നെ കുടകള്‍ പിടിച്ചിരുന്ന കുഞ്ഞിക്കുട്ടന്മാരും അമ്പ് പിടിച്ച ജോസ്മാഷ്ടെ മോനുമൊഴിച്ചുള്ള സംഘം ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു.
‘എന്റമ്മേ.. ചതിച്ചെടാ.. ’
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലിരുന്ന സുരേഷ് ഒരു സംഘം യൂണിഫോമുകാര്‍ കയറി വരുന്നത് കണ്ട് അന്തം വിട്ടുകൊണ്ട് വിളിച്ചു.
‘സമയമില്ല.. സാധനം വേഗം എടുക്ക്..’ എന്നു പറഞ്ഞ് യൂണിഫോമിട്ട തോമേട്ടന്റെ ടീം ദാഹം തീര്‍ത്ത് പുറത്തിറങ്ങി.
അടുത്തപാട്ടായ ‘നിത്യസഹായ മാതാവ്..’ കൊട്ടിത്തീരുന്നതിന് മുന്‍പുതന്നെ ഡ്രമ്മടിക്കുന്ന ജോസപ്പേട്ടന്‍ വെയിലുകൊള്ളാതിരിക്കാന്‍ ഒരു പട്ടുകുടയുടെ കീഴിലേക്ക് മാറിനിന്നു. ഒരു കൈ കുടയുടെ പിടിയിലും ഒരു കൈയില്‍ ഡ്രംസ്റ്റിക്കും. എന്നിട്ടും പട്ടുകുടക്ക് റിമിടോമിയുടെ പാട്ടിന്റെ പോലെയുള്ള ഒരു ഇളക്കം.
പറപ്പൂര്‍ സെന്റര്‍ കഴിഞ്ഞ് അടുത്ത പാട്ട് പാടുമ്പോഴായിരുന്നു., പാണ്ടിത്തോമേട്ടന് ഒരു പരവേശം പോലെ. കുറച്ച് നേരം അടുത്തുള്ള പോസ്റ്റില്‍ ചാരിനിന്ന് തന്റെ ക്ലാരയില്‍ ഈണമിട്ടു.
പിന്നെ സൈഡിലുള്ള പീടികയുടെ അടുത്തേക്ക് മാറി നിന്നു.
‘എന്തു പറ്റി തോമേട്ടാ‍..’ സിംബലടിച്ചുകൊണ്ടിരുന്ന വേലായി ചോദിച്ചു.
‘എന്തൊ എന്റെ ക്ലാരയില് ശബ്ദം വരാത്ത പോലെ..’
‘ഞാന്‍ കുറച്ച് നേരായി ചോദിക്കണ്ന്ന് വിചാരിക്കുന്നു.. നോക്കട്ടെ..’
തോമേട്ടന്‍ ക്ലാര്‍നെറ്റ് വേലായിക്ക് കൊടുത്തു. വേലായി അത് തിരിച്ചും മറിച്ചും നോക്കി.
‘തോമേട്ടന്‍ ഈ ഓടക്കൊയല് ഒന്ന് വിളിച്ച് നോക്ക്യെ.. ശബ്ദം ണ്ടോന്ന് നോക്ക്..’
തോമേട്ടന്‍ ഓടക്കുഴലെടുത്ത് ഊതി നോക്കി.
‘എയ്.. ഇതിന് നല്ല ശബ്ദം ണ്ടല്ലോ....’
‘എന്നാപിന്നെ തോമേട്ടന്‍ അതന്നെ എട്ക്ക്. ഞാന്‍ എങ്ങന്യങ്കിലും ഇത് ഊതിക്കോളാം..’

അങ്ങനെ വേലായി ക്ലാര്‍നെറ്റും പാണ്ടിത്തോമേട്ടന്‍ ഓടക്കുഴലുമായി വളരെ മനസ്സമാധാനത്തോടെ അമ്പ് പള്ളിയിലെത്തിച്ചു.

പിന്നീട് ഇന്നു വരെ വേലായിക്ക് സെന്തോമസ് ബാന്ഡ് സെറ്റില്‍ സിംബലടിക്കേണ്ടി വന്നിട്ടില്ല., ജോസ്മാഷ് സെന്തോമാസ് ബാന്‍ഡ് സെറ്റിനെ വിളിച്ചിട്ടുമില്ല.

19 comments:

asdfasdf asfdasdf said...
This comment has been removed by a blog administrator.
asdfasdf asfdasdf said...

വേലായി ചരിതം മൂന്നാം ഖണ്ഡം ചേര്‍ക്കുന്നു. പാണ്ടിത്തോമേട്ടനും വേലായിയും പിന്നെ ചില ക്ലാര്നെറ്റ് വിശേഷങ്ങളും..

ഇടിവാള്‍ said...

മേന്ന്നേ.. വേലായി ആളൊരു ജില്ലനാണല്ലോ !

ഫ്ലൂട്ടും , ഫിഷിങ്ങും, നാറ്റനടിയും, അമ്പും .. എല്ലാം കലക്കി !

മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് ... ഇതു രസിച്ചു കേട്ടോ !

Rasheed Chalil said...

ടാ.. അബടെ വെക്കടാ അത്.. തോമേട്ടന്‍ കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.


മേനോനേ വേലായി ചരിതം കലക്കി കെട്ടോ. വരട്ടേ അടുത്ത എപ്പിസോഡുകള്‍.

Unknown said...

കുട്ടമേനോഞ്ചേട്ടാ,
ഈ എപ്പിസോഡും കലക്കി.
അടുത്ത പോരട്ടെ.

പുള്ളി said...

വേലായി ചിലപ്പോള്‍ എഴുത്തഛന്‍ പത്തിലെ പാഠപുസ്തകത്തില്‍ എഴുതിയത്‌ വായിച്ചിട്ടുണ്ടാകും...
"ആനായര്‍കോന്‍ തന്റെ ഗാനത്തേ കേട്ടപ്പോള്‍ ആനന്ദം പൂണ്ടങ്ങുമീനങ്ങളും
മെല്ലെ കരയേറീ നല്ലോരു വാലൂന്നി ചെല്ലെത്തുടങ്ങീ തന്മുന്നിലപ്പോള്‍"

അതു പണ്ടു കേട്ടപ്പോള്‍ ഇങ്ങിനെ ചുളുവില്‍ മീന്‍ പിടിയ്ക്കന്‍ പറ്റിയിരുന്നെങ്കില്‍ കൃഷ്ണനെന്തിനാ വെറുതെ ഇടയനായത്‌ എന്നു ഞാനും ചിന്തിച്ചിട്ടുണ്ട്‌.

സ്നേഹിതന്‍ said...

വേലായി ചരിതം ഒന്ന് മുതല്‍ മൂന്ന് വരെ വായിച്ചു. ഒന്നും രണ്ടും കൂടുതല്‍ ഇഷ്ടപ്പെട്ടു.

മൂന്നാം ഖണ്ഡത്തിലെ അമ്പു പെരുന്നാള്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി.

ചരിതങ്ങള്‍ ഇനിയും വരട്ടെ.

asdfasdf asfdasdf said...

ഇടിമേന്നെ, ഇത്തിരി,പുള്ളീ കമന്റിയതിന് നന്ദി.
ദില്‍ബു,സ്നേഹിതാ: അടുത്തത് പോരുന്നതിനുമുമ്പ് ഒന്നു ചോദിച്ചോട്ടെ., പണ്ട് ജോളി എബ്രഹാമിനോട് ‘once more' പറഞ്ഞ പോലെയല്ലല്ലൊ ?

ഇടിവാള്‍ said...

അതും കലക്കി മേന്‍ന്നേ !
അതു ജോളി എബ്രഹാമായിരുന്നോ ? അതോ മാര്‍ക്കോസോ ??

കുട്ടമേന്‍ന്റെ മണ്ണിന്റെ മണമുള്ള കഥകള്‍, എന്തായാലും, എനിക്കിഷ്ടാ !

asdfasdf asfdasdf said...

ഇടിവാളെ..നിങ്ങളുടെ ഓര്‍മ്മ ശക്തി അപാരം തന്നെ. മാര്‍ക്കോ‍സ് തന്നെ. ഇപ്പൊ കൂറച്ചുകാലമായി ഒരു സംശയം തന്മാത്രയായോന്ന്.. പ്രത്യേകിച്ചും ഫാമിലിയോടൊപ്പം ആലുക്കാസിലും ഡാമാസിലുമൊക്കെ കയറേണ്ടിവരുമ്പോള്‍..

തറവാടി said...

വേലായി ചരിതം കലക്കീട്ടോ മേന്ന്നേ

കണ്ണൂരാന്‍ - KANNURAN said...

തകര്‍പ്പനായിട്ടുണ്ട്.... ഇനിയും പോരട്ടെ മണ്ണിന്റെ മണമുള്ള കഥകള്‍... സത്യത്തില്‍ ഇന്നു മലയാളത്തിലെ കുലപതികളെന്നൊക്കെ പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന സാഹിത്യകാരന്മാരുടെ രചനകളേക്കാളും എന്തുകൊണ്ടും മുന്നിലാണ് ഈ പോസ്റ്റ്... തലക്കെട്ടു മാത്രം ശരിയായില്ല.. ആ മൂന്നാം ഖണ്ഡം വേണ്ടായിരുന്നു..

വല്യമ്മായി said...

നാട്ടിലെ അമ്പുപെരുന്നാളു കാണാന്‍ പോയ പോലെയായി കുറച്ചു നേരം.പറപ്പൂരാണോ സ്വദേശം?

asdfasdf asfdasdf said...

കരിന്തിരി, വേലായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. തോടും പുഴകളുമെല്ലാം വേലികെട്ടിത്തിരിച്ചപ്പൊള്‍ പാങ്ങിലെ(പൂവ്വത്തൂര്‍ - ഗുരുവായൂരടുത്ത്) ആലിക്കക്കുളത്തിലാണ് ഇപ്പോള്‍ വേലായി മീന്‍ പിടിക്കുന്നത്, ഓടക്കുഴലുമായി. ഒഴിവുള്ളപ്പൊള്‍ ആ വഴിക്കൊക്കെ എറങ്ങ്.

സ്വാര്‍ത്ഥന്‍ said...

അമ്പുപെരുന്നാളൊക്കെ വല്ലാത മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇതേതായാലും വളരെ ആശ്വാസമായി, നന്ദി :)

വാളൂരാന്‍ said...

അമ്പുപെരുന്നാളെന്ന്‌ പറഞ്ഞാ എന്താ ഒര്‌ ഇത്‌...! തല ഒരു അല്‍പം കുനിച്ചാല്‍ നാടന്‍ പുറത്തുവരുന്ന അവസ്ഥയിലായിരിക്കും ഭൂരിഭാഗവും. എന്നാലും അമ്പിന്റെയൊരു തിമിര്‍പ്പുണ്ടല്ലോ, അത്‌ അപാരമാണ്‌. വേലായി നന്നായിട്ടുണ്ട്‌ മേന്‍നേ......

ശെഫി said...

വരട്ടെ വേലായിയുടെ ചരിതങ്ങള്‍

Sathees Makkoth | Asha Revamma said...

ഈ വേലായിയെ ഒന്ന് നേരിട്ട് കാണാന്‍ പറ്റുമോ?

ആഷ | Asha said...

ഇതെനിക്ക് അവസാനം ശരിക്കും മനസ്സിലായില്ല. :(