Sunday, September 03, 2006

വേലായി ചരിതം രണ്ടാം ഖണ്ഡം.

ങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ വേലായി വളര ശുഷ്കാന്തി കാണിക്കാറുണ്ട്.
ചില ദിവസങ്ങളില്‍ വറുതുണ്ണിചേട്ടന്റെ പലചരക്കു കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കാറുണ്ട്. എല്ലാ ദിവസവും വേലായിയെ അതിന് കിട്ടില്ല. അല്പം സമയക്കുറവുണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. പൂരങ്ങളും പറയെടുപ്പും പെരുന്നാളുകളുമെല്ലാമൊഴിഞ്ഞ തികച്ചും ശാന്തമായ ഒരന്തരീക്ഷത്തിലായിരിക്കും വേലായി വറുതുണ്ണി ചേട്ടന്റെ പലചരക്ക് കടയില്‍ വരുന്നത്.

വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട, നാലും കൂടിയ സ്ഥലത്താണ്. അവിടെ വറുതുണ്ണി ചേട്ടന്റെ കട കൂടാതെ ഗോവിന്ദന്‍ നായരുടെ ചായക്കട, ഉണ്ണി നായരുടെ മുടിവെട്ടുശാല, അന്തപ്പേട്ടന്റെ റേഷന്‍ കട പിന്നെ ഒരു ക്ലബും. ക്ലബെന്ന് പറഞ്ഞാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു സംഗമ വേദി.

കടയില്‍ വറുതുണ്ണി ചേട്ടന്‍ ഉള്ളപ്പോള്‍ മാത്രമേ വേലായിയെ അവിടെ നിര്‍ത്താന്‍ വറുതുണ്ണിച്ചേട്ടന് ധൈര്യമുള്ളൂ.. അല്ലെങ്കില്‍ കപ്പലണ്ടി മിഠായി, ചുവന്ന മിഠായി, ദശമൂലാരിഷ്ടം എന്നിവയ്ക്ക് അളവില്‍ കാര്യമാ‍യ വ്യത്യാസമുണ്ടാവും.

എങ്കിലും വേലായി എന്തെടുത്താലും അത് വറുതുണ്ണി ചേട്ടനോട് ഉള്ള പോലെ തന്നെ പറയും
‘വറുതുണ്ണി മാപ്ലേ.. ഞാന്‍ രണ്ട് കപ്പലണ്ടി മുട്ടായി എട്ത്ത്ട്ട് ണ്ട് ട്ടാ..’
‘നിന്നെക്കൊണ്ട് തോറ്റുവെന്റെ വേലായിയെ..’

പഞ്ഞ മാസങ്ങളില്‍, അതായത് വാസുവേട്ടന്റ ഷാപ്പില്‍ പറ്റു കൂടുമ്പോള്‍, വറുതുണ്ണി ചേട്ടന്റെ കടയിലെ ദശമൂലാരിഷ്ടമാണ് വേലായിക്കുള്ള രക്ഷ. പനം ചൊറുക്കയും ചേര്‍ത്ത് കണ്ണടച്ച് നാല് പിടി പിടിക്കും. തൊണ്ടയിലൂടെ ഒഴുകിയിറങ്ങുന്നത് ശരിക്കും അറിയാം. അതിന് നേരവും കാലവുമൊന്നു നോക്കാറില്ല. എപ്പോഴാണ് തോന്നുന്നത് അപ്പൊ പൂശും. ചെറുതും വലുതായിട്ടുള്ള കുപ്പികളില്‍ വറുതുണ്ണി ചേട്ടന്‍ രാമചന്ദ്രന്‍ വൈദ്യരുടെ വീട്ടില്‍ നിന്നു വാങ്ങിക്കൊണ്ടു വരുന്ന ദശമൂലാരിഷ്ടം നിറച്ച് വെക്കും. രാമചന്ദ്രന്‍ വൈദ്യരുടെ ഒരു ഫ്രാഞ്ചസി തന്നെയായിരുന്നു വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട.

അരിയും പലവ്യഞനങ്ങളും വീടുകളിലെത്തിക്കാന്‍ ചിലപ്പോള്‍ വറുതുണ്ണി ചേട്ടന്‍ വേലായിയെ പറഞ്ഞു വിടാറുണ്ട്. ക്രത്യമായി സാധനങ്ങളെല്ലാം വേലായി കൊണ്ടു കൊടുക്കുക തന്നെ ചെയ്യും. പിന്നെ അന്തപ്പേട്ടന്റെ റേഷന്‍ കടയില്‍ സാധങ്ങള്‍ ഇറക്കാനും സഹായിക്കും. എത്ര ഭാരമുള്ള സാധനവും വേലായി വലിയ പ്രയാസം കൂടാതെ തന്നെ ഇറക്കും. മണ്ണെണ്ണയുടെ ഡ്രമ്മെല്ലാം വേലായി കൈകൊണ്ട് അമ്മാന മാടുന്നത് പലപ്പോഴും കാണാം.

വേലായി ഒരിക്കലും കണക്കു പറഞ്ഞ് പൈസ വാങ്ങില്ല. കിട്ടിയത് മതി. ആ ഒരു ലൈനാണ്. എങ്കിലും ന്യായമായുള്ളത് എല്ലാവരും കൊടുക്കും.

അങ്ങനെയിരിക്കെ രണ്ടു മൂന്നു ദിവസത്തേക്ക് വേലായിയെ കാണ്മാനില്ല.

‘ഉണ്ണ്യാരെ വേലായിനെ കുറച്ചു ദിവസായിട്ട് കാണാനില്ലല്ലോ..’
‘ഞാനും അത് ഇന്നലെ പറഞ്ഞ്വള്ളോ എന്റെ വറ്താപ്ലെ..’
‘ഈ മഴക്കാലത്ത് പൂരൊം പെരുന്നാളൊന്നുമില്ലല്ലൊ . പിന്നെ എവിടെ പോയി ആവൊ ..മിനിഞ്ഞാന്ന് അവനെ അവിടെ ഇരുത്തി ഗോവിന്ദാര്ടെ അവ്ട്ന്ന് ഒരു ചായ കുടിക്കാന്‍ പോയി തിരിച്ച് വരുമ്പൊ കടേം തൊറന്ന് ഇട്ട്ട്ട് വേലായി എവ്ടെക്കൊ പോയേക്ക്ണു...’

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേലായി വീണ്ടും പ്രത്യക്ഷപ്പെട്ടു.

‘എന്താ വേലായിയേ.. എവിട്യാര്‍ന്നു. കൊറ്ച്ച് ദിവസായിട്ട് കാണാണ്ടാര്‍ന്നില്ല്യാലോ ..’
‘ന്തൂട്ട് പറയാനാ എന്റ ഉണ്ണ്യാരെ.. ആ വറുതുണ്ണി മാപ്ല ഇങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചില്ല..’
‘വറ്തുണ്ണി മാപ്ല എന്തൂട്ടാ ചെയ്തെ ?’
‘എന്റെ ഉണ്ണ്യാരെ ഞാന്‍ എടക്ക് വറുതുണ്ണീ മാപ്ലേടെ അവ്ട്ന്ന് ആസവം കഴിക്കാറില്ലേ..’
‘ഉവ്വ്. ദശമൂലാരിഷ്ടല്ലേ..’
‘അതന്നെ.. ഇന്നാള് ഞാനത് കുടിക്കാണ്ടിരിക്കാന്‍ വറുതുണ്ണി മാപ്ല അതില് വിഷം കലക്കി വെച്ചേക്ക്ണു‘
‘വെഷം കലക്കേ..ന്ന്ട്ടാ‍..’
‘ക്ക് അറിയൊ.. ഞാനത് എട്ത്ത് കുടിച്ചു ന്റെ ഉണ്ണ്യാരെ...’
‘ന്ന്ട്ടാ..’
‘വയറ്റീന്ന് പോക്കന്നെ വയറ്റീന്ന് പോക്ക്.. അവസാനം ഡാക്കിട്ടറെ കണ്ട് മര്ന്ന് കഴിച്ച്ട്ടാ മാറീത്. നാലു ദിവസം വീട്ടില്‍ ഒറ്റ കെടപ്പായ് രുന്നു..’
‘എനിക്ക് തോന്ന് ണില്ല്യ..വറുതുണ്ണി മാപ്ല അങ്ങനെ ചെയ്യുവോ വേലായിയെ ..’
‘ചെയ്യാണ്ട് പിന്നെ.. ‘
അപ്പോഴാണ് വറുതുണ്ണിചേട്ടന്‍ ആഗതനാകുന്നത്.
‘ആ .. വേലായി വന്നാ..’
‘ഉം..ഞാന്‍ ചത്തൂന്ന് വിചാരിച്ചൂ ല്ലെ..’
‘നിന്നെ ഞാനൊന്ന് കാണാന്‍ ഇരിക്ക്വാരുന്നു....’
‘എന്തിനാ..’
‘ആ മേശേമ്മെ അടിക്കാന്‍ കുപ്പീലാക്കി വെച്ചിരുന്ന വാര്‍ണിഷ് എട്ത്ത്ട്ട് നിയ്യ് എന്തൂട്ടാ ചെയ്തെ വേലായിയെ..?’
..

15 comments:

asdfasdf asfdasdf said...

വേലായി ചരിതം രണ്ടാം ഖണ്ഡം ഇതോടൊപ്പം പൂശുന്നു..

Rasheed Chalil said...

മേനോനേ... വേലായീ ചരിതം ചൂടോടെ വായിച്ചു. വേലായിയുടെ ലീലാവിലാസങ്ങള്‍ അസ്സലായി... അവസാനവരി വായിച്ചു അറിയാതെ ചിരിച്ചു.

വേലായി ചരിതം രണ്ടാം ഖണ്ഡം അസ്സലായി.. അടുത്ത ഖണ്ഡം വരട്ടേ. വിതൌട്ട് വാര്‍ണ്ണീ‍ഷ്

Unknown said...

കുട്ടമേനോഞ്ചേട്ടാ,
കലക്കി!

ഇത് പോലെ വീട് പെയിന്റിങ്ങിനിടയില്‍ തിന്നര്‍ എടുത്ത് വീശിയിരുന്ന ഓരാളെ കണ്ട് കണ്ണ് തള്ളിയിട്ടുണ്ട്.പിന്നീട് ഒരു ദിവസം ഒരു സുഹൃത്തിന് ആളെ കാണിച്ച് കൊടുക്കാന്‍ ചെന്നപ്പോഴേക്കും ആളെ കാലന്‍ മീനേറ്റിവണ്ടിയില്‍ ഡബിള്‍സ് വെച്ച് മണ്ണൂര്‍ക്ക് ഉള്ളിക്കച്ചോടത്തിന് കൊണ്ടു പോയിരുന്നു.

പുള്ളി said...

അതു കലക്കി! അപ്പൊ വാര്‍ണിഷ്‌ ശോധനക്കു നല്ലതാണ്‌ ല്ലേ...

വല്യമ്മായി said...

പാവം വേലായി.
നല്ല വിവരണം

kusruthikkutukka said...

കോളയെക്കാലള്‍ നല്ലതു വാര്‍ണീഷ് എന്നു അങ്ങിനെ ആ വേലായി തെളിയിചു അല്ലെ....
വേലായിയുടെ ജീവചരിത്രകാരാ പോരട്ടെ മുഴുവനായി.......

ദേവന്‍ said...

ഇന്നലെ കേട്ട ഹോം മേഡ്‌ മിമിക്രി.
ന്യൂസ്‌ റിപ്പോര്‍ട്ടര്‍ നാണിത്തള്ള
" തങ്കപ്പന്‍ ചേട്ടാ, താങ്കള്‍ കോള വാങ്ങാറുണ്ടോ?

ത: " എന്റേല്‍ ചാള വാങ്ങാല്‍ കാശില്ല, പിന്നാ കോള. എഴിച്ചു പോ തള്ളേ, ഓരോ ചോദ്യവുമായി ഇറങ്ങിക്കോളും"

അനംഗാരി said...

വേലായിക്ക് വേല വെക്കണോ കുട്ടന്‍‌മേനോനേ. കലക്കി!.

വേണു venu said...

വേലമേല്‍ വേലായുധനെയും കടത്തി വെട്ടിയിരിക്കുന്നു എന്‍റെ മേനോനെ.
വേണു.

asdfasdf asfdasdf said...

ടെമ്പ്ലേറ്റില്‍ ചില പ്രശനങ്ങളുണ്ടായിരുന്നു. അതിനാലാണ് വീണ്ടും പോസ്റ്റിയത്. ഇത് പഴയ പോസ്റ്റൂ തന്നെയാണ്.

asdfasdf asfdasdf said...

ദില്ലൂ : ഒരു ഡിസ് ക്ലൈമറ് ഇടണമെന്നു വിചാരിച്ചതാണ്. വാര്‍ണിഷടിച്ച് വല്ല ബ്ലോഗര്‍മാരും ആശുപത്രിയിലായാല്‍ എന്റെ ജന്മം കട്ടപ്പൊക.
പുള്ളി : ശോധനക്ക് വേറെ പലതും നല്ലതാണ്.
കുസ്രുതി കുടുക്ക : ഇനി ചെക്ക് പോസ്റ്റില് സ്പിരിട്ട് പിടിക്കുന്ന പോലെ ഇത്ര കെയ്സ് കോള പിടിച്ചൂന്ന് ഒക്കെ കേള്‍ക്കാം.
ദേവ : നാണിത്തള്ളയെ എവിടെയൊ കേട്ട പരിചയം
കുടിയന്‍ : കുടിയന്റെ കഥകള്‍ നന്നാവുന്നുണ്ട്. (വിശ്വേട്ടന്‍ പറഞ്ഞതു പോലെ പേരു മാറ്റിയാല്‍ നന്നായിരിക്കും.)
ഇത്തിരി , വല്ല്യമ്മായി , കൈത്തിരി ,വേണു,etc കമന്റുകള്‍ക്ക് നന്ദി..

ഇടിവാള്‍ said...

മേന്‍‌ന്നേ !
വേലായി ഒന്നും രണ്ടും ഖണ്ഡങ്ങള്‍ ഒരുമിച്ചു വാ‍ായിച്ചു ! അസ്സലായി കേട്ടോ ! ശരിക്കും രസിച്ചു ! ബാക്കി വീര കഥകള്‍ പോരട്ടേ !!

asdfasdf asfdasdf said...

ഇടിവാളെ അടുത്ത കഥ വേണം ല്ലേ.. ഇപ്പ ശര്യാക്കിത്തരാം.

ആഷ | Asha said...

ചരിതം രണ്ടാം ഖണ്ഡവും വായിച്ചു.
ആ അവസാനവരിയെന്നെ ചിരിപ്പിച്ചു കളഞ്ഞു.
വേലായി ചരിതം അടുത്തഖണ്ഡത്തിലേയ്ക്ക് പോവട്ടെ.

Sathees Makkoth | Asha Revamma said...

മേന്‍‌നേ, വേലായിക്ക് എന്റെ വക ഒരു കുപ്പി കള്ള് വാങ്ങിച്ചു കൊടുത്തേക്കണേ. പാവം എന്തോരം കഷ്ടപ്പെട്ടു.