Saturday, September 30, 2006

അമ്മിണിയും സത്യനും പിന്നെ ഞാനും.

LKG യും UKG യുമൊന്നുമില്ലാത്ത കാലം. അഥവാ ഉണ്ടെങ്കില്‍ തന്നെ ആറുമണിയുടെ RMS ഉം എട്ടരയുടെ PAB ബസുമെല്ലാം സമയമായി എടുക്കുന്ന ഞങ്ങളുടെ ഓണം കയറാമൂലയില്‍ നഴ്സറിക്ലാസില്‍ പോകുന്നവന് ബെന്റ്ലി ആര്‍നേജില്‍ ജോലിക്ക് പോകുന്നവന്റ പവറാണ്. അതുകൊണ്ട് എന്റെ നേഴ്സറിപഠനം ഇളയച്ഛന്‍ പഠിപ്പിക്കുന്ന പള്ളിസ്കൂളിലെ ഒന്നാം ക്ലാസില്‍ രണ്ട് വര്‍ഷക്കാലം പഠിക്കുകയെന്നതു തന്നെയായിരുന്നു

രണ്ടാം ക്ലാസ്സിലെ ഉയരമുള്ള അമിതാബ് ബച്ചന്മാരില്‍ ഒരാളായിരുന്നു സത്യന്‍. ഒന്നാം ക്ലാസ്സില്‍ മൂന്ന് വിജയകരമായ വര്‍ഷക്കാലം പിന്നിട്ടിട്ടാണ് ചുള്ളന്‍ രണ്ടിലെത്തിയിരിക്കുന്നത്. രണ്ടാം ക്ലാസ്സില്‍ ഇത് രണ്ടാമത്തെ വര്‍ഷക്കാലം.
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സമയം(ഇന്നും വലിയ വ്യത്യാസമില്ല). സ്കൂള് വിട്ടു വരുമ്പോള്‍ പുളിഞ്ചേരിപ്പടിക്കലെ പെട്ടിക്കടയുടെ അടുത്ത് ഒട്ടിച്ചു വച്ചിരുന്ന കൂലി സിനിമയുടെ പോസ്റ്ററിലെ ബച്ചന്റെ പടം കാണിച്ച് സത്യന്‍ പറഞ്ഞു
‘ ടാ കുട്ടാ.. ഇതാരാന്ന് അറിയ്യോ ..’
‘ ആരാ..’ അമിതാബച്ചന്‍ പോയിട്ട് നസീറിനെ വരെ ശരിക്കറിയാത്ത പ്രായം.
‘ഇത് എന്റെ ബോംബെലെ മാമനല്ലേ..’
‘ഏയ് നൊണ..’
‘നീയ്യ് ന്തൂട്ടാ വിചാരിച്ചേ.. ന്റെ ശങ്കുട്ടിമാമന്‍ പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’
ശങ്കുട്ടി മാമന്റെ കഥകള്‍ പലതും ബേബിടീച്ചറിന്റെ സയന്‍സ് ക്ലാസിനിടക്ക് ‘കുണു കുണു’ ശബ്ദത്തില്‍ സത്യന്‍ എന്റെ ചെവിയില്‍ ഓതിയിട്ടുണ്ട്. (പെണ്ണുങ്ങള് കുളിക്കുന്നിടത്ത് എത്തിനോക്കിയതിന് നാട്ടുകാരുടെ മൃഷ്ടാനമുണ്ടിട്ടാണ് ശങ്കുട്ടി മാമന്‍ രായ്കുരാമാനം നാടു വിട്ടതെന്ന് ജയനെയും നസീറിനെയുമൊക്കെ വേര്‍ത്തിരിച്ച് മനസ്സിലായിത്തുടങ്ങിയപ്പൊള്‍ ഞാന്‍ മനസ്സിലാക്കിയ കഥ.)

അങ്ങനെ സത്യന്‍ സത്യം മാത്രമേ പറയുള്ളൂവെന്ന വിശ്വാസം എന്റെ മനസ്സില്‍ പൈലിട്ടുറപ്പിച്ചിരിക്കുന്ന സമയം.

സത്യന്റെ വീട് വൈലിപ്പാടത്തിനെ അടുത്ത് ദിവകരേട്ടന്റെ പറമ്പിനടുത്തുള്ള തോടിനടുത്താണ്. വര്‍ഷക്കാലത്ത് തോട് നിറഞ്ഞൊഴുകും. ആ തോട്ടിലൂടെ പാമ്പും ബ്രാലും(വരാല്‍) ഒരുമിച്ചൊഴുകും. ഈ തോട് കടന്ന് വേണം സത്യന് സ്കൂളിലേക്ക് വരാന്‍. അങ്ങനെയുള്ള ഈ വര്‍ഷക്കാലത്ത് സത്യന്‍ എങ്ങിനെയാണ് സ്കൂളില്‍ വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല.

ഇനി ഒരുപക്ഷേ കര്‍ത്താവ് വെള്ളത്തിന്റെ മീതെ നടന്നതുപോലെ വല്ല പരിപാടിയും ഉണ്ടോയെന്ന് സംശയിച്ചിരിക്കുമ്പോഴാണ് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യന്‍ ആ സത്യം പുറത്ത് വിടുന്നത്.
‘ഡാ.. ഞാനിപ്പൊ പോത്തിന്റെ പുറത്താ സ്കൂളില്‍ വരണത് ... അറിയ്യൊ..? ‘
'ങെ..’ ഇന്നസെന്റ് ‘കിലുക്ക’ത്തില്‍ ലോട്ടറിയടിച്ചപ്പൊള്‍ പറഞ്ഞ പോലെ ഞാന്‍ അന്തംവിട്ടു.
'നെനക്കറിയില്ലേ ദിവാകരേട്ടന് കൊറെ പോത്ത്ണ്ട് ന്നു. അതിലൊരു പോത്ത് തോടിന്റെ അബടെ നിക്ക്ണ്ണ്ടാവും. എന്നെക്കണ്ടാല് പോത്ത് തോട്ടിലേക്ക് എറങ്ങും. പിന്നെ ഞാന്‍ അതിന്റെ കൊമ്പുമ്മെ പിടിച്ച് കാല് അപ്രത്ത്ക്കും ഇപ്രത്തക്കും ഇട്ടട്ട് ഒരു ഇരുപ്പിരിക്കും.
നമ്മള് വിമാനത്തില് ഇരിക്കണ പോല്യാണത്. എന്താ ഒരു പവറ് .. പിന്നെ പോത്ത് എന്നെം കൊണ്ട് നീന്തി അപ്രത്ത്ക്ക് കടക്കും. ന്ന്ട്ട് ഞാന്‍ ഇങ്ങട് പോരും. പോത്ത് തിരിച്ച് പോവും.’
‘ഏയ് നിയ്യ് നൊണ പറയ്യ്യാ..’
‘നിന്നൊട് ഞാന്‍ എന്തിനാ നൊണ പറയണത്.. നീയ്യിന്ന് എന്റെ കൂടെ വന്നാല്‍ കാണിച്ചു തരാം..’
‘ഏയ് .. അതൊന്നും വേണ്ട..’
പുളിഞ്ചേരിപ്പടി കഴിഞ്ഞാല്‍ സത്യന്‍ തിരിഞ്ഞ് പോകും. എനിക്ക് മെയിന്‍ റോഡിലൂടെ തന്നെയാണ് പോകേണ്ടത്. പിന്നെ സത്യന്‍ പോകുന്ന വഴിയില്‍ ചാത്തനേറും പൂഴിക്കടകനും മറ്റ് പണ്ടാറടങ്ങിയ പല വകുപ്പുകളും ഉണ്ടെന്ന് അത്ര പാവമല്ലാത്ത എന്റെ മുത്തശ്ശി എന്റെ ചെവിയില്‍ ഓതി തന്നിട്ടുണ്ട്.
എന്നാലും ഇവന്‍ പറയുന്നത് ശരിയാവുമൊ ?
അഥവാ ശരിയാണെങ്കില്‍ തന്നെ പോത്തിന്റെ പുറത്തിരുന്നാല്‍ വിമാനത്തില്‍ പോകുന്നതുപോലെയാവുമോ ?

നാലുമണിക്ക് ക്ലാസ് വിട്ട് വന്ന് വടക്കേപ്പുറത്തെ മാവിന്റെ ചുവട്ടിലിരുന്ന് ഞാന്‍ കൂലങ്കുഷമായി ആലോചിച്ചുതുടങ്ങി.

ആ സമയത്താണ് കറവക്കാരന്‍ കൃഷ്ണേട്ടന്‍ തൊഴുത്തില്‍ നിന്നും ഞങ്ങളുടെയെല്ലാം ആരോഗ്യരഹസ്യമായ അമ്മിണിയുമായി ഇറങ്ങിവരുന്നത്. തെറ്റിദ്ധരിക്കേണ്ട., അമ്മിണിയെന്നത് പൂവാലിപ്പശുവിന് അപ്പൂപ്പനിട്ട പേരാണ്.

കൃഷ്ണേട്ടന്‍ കറവ കഴിഞ്ഞ് പാലൊക്കെ എത്തിക്കേണ്ടിടത്തെല്ലാം എത്തിച്ച് സെന്ററില്‍ നിന്നും സാധനങ്ങളെല്ലാം വാങ്ങി വീട്ടില്‍ പോയി ഒരു അഞ്ചുമണിയോടെയാണ് വീണ്ടും വരുന്നത്. ഈ വരവിലെ ടാസ്ക് പശുവിനെ കുളിപ്പിക്കുകയും മാറ്റിക്കെട്ടുകയെന്നതാണ്. അമ്മിണിയെ തെങ്ങിന്റെ കടയ്ക്കല്‍ നിര്‍ത്തി കൃഷ്ണേട്ടന്‍ വീണ്ടും തൊഴുത്തില്‍ കയറി. അടുത്ത പത്തുമിനിട്ട് ടാസ്ക് തൊഴുത്ത് വൃത്തിയാക്കുകയാണ്.

അവിടെ എനിക്ക് പുതിയ ബോധോദയമുണ്ടാകുന്നു.

പോത്തില്ലെങ്കില്‍ വേണ്ട, അമ്മിണിയെ വെച്ച് ഒരു ട്രയല്‍ നോക്കിയാലോ..

ചുറ്റും നോക്കി. ആണിരോഗത്തിന് ബീഡിപ്പുകകൊണ്ടാല്‍ നല്ലതാണെന്ന് ഏതൊ കുബുദ്ധികള്‍ പറഞ്ഞതനുസരിച്ച് കെട്ടുകണക്കിന് കാജാബീഡി മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ ചാരുകസേരയിലിരുന്നു വലിച്ചുകൂട്ടുന്ന തിരക്കിലാണ് അപ്പൂപ്പന്‍.

സൈഡില്‍ വെച്ചിരുന്ന ഇന്ധനം വേണ്ടാത്ത യെസ്ഡി മോട്ടൊര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത്
നേരെ അമ്മിണിയുടെ അടുത്തേക്ക്..

‘ക്രീ.....ട് ര്‍ ട് ര്‍.....’
സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. സൈഡില്‍ സ്റ്റാന്‍ഡിലിട്ടു.
ഒന്നുകൂടി ഉമ്മറത്തേക്ക് നോക്കി. അപ്പൂപ്പന്‍ കാല് പൊക്കി വെച്ച് ആണിപ്പഴുതുകളില്‍ ഊതിക്കളിക്കുകയാണ്.

അമ്മിണിയുടെ കയറ് സെക്യൂരിറ്റിയായി കൃഷ്ണേട്ടന്‍ തെങ്ങില്‍ കെട്ടിയത് സ്വര്‍ണ്ണപ്പണിക്കാരുടെ ശ്രദ്ധയോടെ അഴിച്ചുമാറ്റി. സെക്യുരിറ്റി കേബിളഴിക്കുന്നതൊന്നും അറിയാത്ത ഭാവത്തില്‍ കാടി വെള്ളത്തില്‍ തലതാഴ്ത്തി ചിന്തിച്ച് നില്‍ക്കുകയാണ് അമ്മിണി. ഒരു കയ്യില്‍ സെക്യുരിറ്റി കേബിള്‍ പിടിച്ച് അമ്മിണിയെ ആകെപ്പാടെ ഒന്നു വീക്ഷിച്ചു. സത്യന്‍ പറഞ്ഞതു പോലെ പോത്തിന്റേതു പോലെയുള്ള ഹാന്‍ഡില്‍ അമ്മിണിക്കില്ല. എന്നാല്‍ നല്ല ചെവിയുണ്ട്. അതു തന്നെ ധാരാളം. ഞാന്‍ ചെവിയൊന്ന് പിടിച്ച് നോക്കി.
കുഴപ്പമില്ല.
ഇനി ഇതിന്റെ മുകളില്‍ കയറിയിരുന്നൊന്നു നോക്കണം.

മാവിന്റെ മുകളില്‍ കയറിയുള്ള പരിചയം വെച്ച് രണ്ടും കല്പിച്ച് കൈകള്‍ രണ്ടും അമ്മിണിയുടെ പുറത്ത് ബലമായി പിടിച്ച് കയറിയിരുന്നു.

സത്യന്‍ പറഞ്ഞതില്‍ പകുതി കാര്യമുണ്ടെന്ന് മനസ്സിലായി.

പോത്തിന്റെ പുറത്തല്ലെങ്കിലും പശുവിന്റെ പുറത്തെങ്കിലും കയറിയല്ലോയെന്ന ആത്മസംതൃപ്തിയോടെയിരിക്കുന്ന ശുഭമുഹൂര്‍ത്തത്തിലാണ് വീടിന്റെ സെക്യൂരിറ്റിക്കാരനായ ടോമിയെന്ന നായ ഒരു കോഴിയെ ഓടിച്ചു വരുന്നത്.

ടോമിയുടെ മുജ്ജന്മ ശത്രുവാണ് പടിഞ്ഞാറെ വീട്ടിലെ കൊച്ചുമോന്റെ വീട്ടിലെ കറുത്ത ചാത്തന്‍ കോഴി. വീടിന്റെ പരിസരത്തെത്തിയാല്‍ പിന്നെ ചുള്ളന് അവനെ ബൌണ്ടറികടത്തിയിട്ടേ മനസ്സമാധാനമുണ്ടാവൂ. അമ്മിണിക്ക് ടോമിയെ അത്ര പിടുത്തമില്ല. ടോമിയെ കൂട്ടിലാക്കിയിട്ടേ കൃഷ്ണേട്ടന്‍ അമ്മിണിയെ പുറത്തിറക്കാറുള്ളൂ.

കൃഷ്ണേട്ടന്‍ മറന്നിട്ടുണ്ടാകും.

ടോമി അടുത്തെത്തിയതും കാടിവെള്ളം വെച്ച പാത്രമെല്ലാം തട്ടിത്തെറിപ്പിച്ച് അമ്മിണി ഒന്നു കുതിച്ചു. ആ കുതിപ്പില്‍ ഞാന്‍ അമ്മിണിയുടെ കഴുത്തിലേക്ക് വീണു.

സത്യന്‍ പറഞ്ഞതു പോലെ ഹാന്‍ഡിലില്‍ പിടിക്കാന്‍ അമ്മിണിക്കതില്ലല്ലോ. ഞാന്‍ സൈഡിലേക്ക് നോക്കി. ആരുമില്ല.

എന്റെ തൊണ്ടയില്‍ ഒരു തുള്ളി വെള്ളമില്ല. ‘ഹ് ഹ്’ ‘ എന്നുമാത്രമേ പുറത്തേക്കു വരുന്നുള്ളൂ.

ടോമിക്ക് രസം കയറി.
അവന്‍ കുരച്ചുകൊണ്ട് അമ്മിണിയുടെ പിന്നാലെ.

വീടിന്റെ മുന്‍ വശത്തുള്ള മരത്തിന്റെ ഗേറ്റും തകര്‍ത്ത് മുന്നേറുന്നതിനിടയില്‍ അമ്മിണി ഒന്നു കുതറി.
മുകളിലുള്ള ബാണ്ടക്കെട്ട് താഴെ.
പോരാത്തതിന് പിന്‍ കാലുകൊണ്ട് ഒരു ചവിട്ടും.
അത് വളരെ കൃത്യമായി എന്റെ വളരെ അത്യാവശ്യമുള്ള ഘടകകക്ഷികളില്‍ തന്നെ.
ഞാന്‍ വീണിടത്ത് കിടന്ന് ചുറ്റും നോക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു നിന്നു.
കൃഷ്ണേട്ടന്‍ പാഞ്ഞു വരുന്നുണ്ട്. പിന്നാലെ ആണിക്കാലുമായി അപ്പൂപ്പന്‍ അടിവെച്ചടിവെച്ച് വരുന്നു.
ടോമി രസം വിടാതെ റോഡിലൂടെ അമ്മിണിയെ പറത്തിക്കൊണ്ടിരിക്കുകയാണ്.
‘കുട്ടനെന്തെങ്കിലും പറ്റിയോ..’ കൃഷ്ണേട്ടന്‍ ചോദിച്ചു.
‘ഏയ് ഒന്നുല്യ..’ ഞാന്‍ മസിലു പിടിച്ച് പറഞ്ഞു.
ഭാഗ്യത്തിന് കളറ് പോയിട്ടില്ല.
കൃഷ്ണേട്ടന്‍ അമ്മിണിയുടെ പിന്നാലെ ഓടുകയാണ്.
അപ്പൂപ്പന്‍ പിന്നില്‍ നിന്ന് ‘ടോമി.. ടോമി.. ‘ എന്നലറുന്നുണ്ട്.

ഞാന്‍ മെല്ലെ ബാത്ത് റൂമിലേക്ക് ഇന്‍വെന്ററിയെടുക്കാന്‍ പോയി.
ഏയ് . വലിയ പ്രശ്നമൊന്നുമില്ല. ഇന്‍വെന്ററി ഓണ്‍ ഹാന്റും എക്കണോമിക് സ്റ്റോക്കുമെല്ലാം ടാലിയാവുന്നുണ്ട്. ബാക്കിയെല്ലാം ഇനി ഓര്‍ഡര്‍ പോളിസിയനുസരിച്ചിരിക്കുമെന്ന ആശ്വാസത്തില്‍
മുഖമൊക്കെ കഴുകി തിരിച്ച് ഉമ്മറത്തെത്തിയപ്പോഴാണ് കൃഷ്ണേട്ടന്‍ അമ്മിണിയുമായി തിരിച്ചെത്തുന്നത്.

കൃഷ്ണേട്ടന്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ട്.

‘എന്താ കൃഷ്ണാ ഇത്.. ടോമിനെ കെട്ടിയിട്ടിട്ട് മതി അമ്മിണിനെ പുറത്തെറക്കാന് ന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ട്ണ്ട് നെന്നോട്..’

കൃഷ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല.

ഭാഗ്യം.

ഏതായാലും ഞാന്‍ അമ്മിണിയുടെ പുറത്ത് കയറിയത് ആരും കണ്ടിട്ടില്ല.

‘ശരി ശരി.. ന്ന് ട്ട് എവ്ട് ന്നാ നെനക്ക് ഇതിനെ പിടിക്കാന്‍ പറ്റിയേ..?’
‘ഇത് ബ് ട് ന്ന് ഓടീട്ട് നേരെ പറപ്പൂക്കാരന്റെ അടുത്ത് ക്കല്ലേ പോയത്. ‘
‘ന്ന് ട്ടാ..’
‘മാറ്റിനി കഴിഞ്ഞിട്ടില്ല. അമ്മിണി നേരെ ബഞ്ചിന്റെ വാതിലിന്റെ അവടക്കാ പോയത്. ശബ്ദം കേട്ടിട്ട് ടിക്കറ്റ് കീറണ കുരിയാക്കുവേട്ടന്‍ അതിന്റെ ഉള്ളീന്ന് പൊറത്തേക്ക് വന്നു. കുരിയാക്കേട്ടനെ കണ്ടേപ്പൊ അമ്മിണി ബ്രേയ്ക്കിട്ട പൊലെ ഒറ്റ നില്പാ. പിന്നെ ഞാന്‍ മൂക്കു കയറ് പിടിച്ച് ഇങ്ങ്ട്ട് കൊണ്ടോന്നു..’

കൃഷ്ണേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

പിറ്റേന്ന് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യനോട് ഞാന്‍ വള്ളി പുള്ളി വിടാതെ സംഭവം വിശദീകരിച്ചു. സ്ലേറ്റ് പെന്‍സില്‍ കൊണ്ട് ചെവിക്ക് പിറകില്‍ ചൊറിഞ്ഞു കൊണ്ട് ബുജി ശൈലിയില്‍ ആലോചിച്ചുകൊണ്ടു സത്യന്‍ എന്നൊട് ചോദിച്ചു.
‘പറപ്പൂക്കാരന്റെ തീയറ്ററില്‍ ഏതാ പടം ന്ന് നെനക്കറിയൊ ?‘
‘ഏതാ ?’
‘ജയന്റെം സീമേടം പടാ.. അങ്ങാടി. ‘
‘അതിന് ‘
‘വെറുത്യല്ല പശു അബടെ ബ്രേയ്ക്കിട്ട പോലെ നിന്നത്.’
‘അതെന്താ..’
‘അതങ്ങന്യ... ‘
ഞാന്‍ അതെക്കുറിച്ച് കുറെ ആലോചിച്ചു.
ചെറിയ ക്ലുവെല്ലാം കിട്ടിയെങ്കിലും ഇന്നും എനിക്ക് അതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല.

****
കടപ്പാട് : ഈ പോസ്റ്റെഴുതാന്‍ ഉത്തേജകമായത് വിശാലന്റെ സില്‍ക്ക് എന്ന പോസ്റ്റാണ്.

Saturday, September 23, 2006

വേലായി ചരിതം മൂന്നാം ഖണ്ഡം.

വേലായിയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് മുന്‍ലക്കങ്ങളില്‍ പ്രതിപാദിച്ചിരുന്നു.
വേലായിയുടെ സന്തത സഹചാരിയാണ് ഓടക്കുഴല്‍. അതുകൊണ്ട് വേലായുധന്, ശ്രീകൃഷണന്റെ തനതാ‍യ സ്വഭാവഗുണങ്ങളുണ്ടെന്ന് പറയാനാവില്ല. എങ്കിലും ആ ശരീരവും ശാരീരവും നാലാള്‍ കൂടുന്നിടത്ത് വേലായിക്ക് പേരുണ്ടാക്കിക്കൊടുത്തിരുന്നു.ഓടക്കുഴലില്‍ വേലായി പല രാഗങ്ങളും വായിക്കും. പ്രസിദ്ധരായ സംഗീതജ്ഞന്മാര്‍ക്കാര്‍ക്കും വേലായിയുടെ സംഗീതം ഇതുവരെ പിടി കൊടുത്തിട്ടില്ല. വേലായി എവിടെപ്പോയാലും ഓടക്കുഴലും കൂടെ കാണും. പൂ‍രങ്ങള്‍ക്കും പറയെടുപ്പിനും ഉത്സവങ്ങള്‍ക്കും എന്തിന് വാസുവേട്ടന്റെ ഷാപ്പില്‍ പോകുമ്പോള്‍ വരെ വേലായിയുടെ കൈയ്യില്‍ ഓടക്കുഴലുണ്ടായിരിക്കും. കാലത്ത് ഗോവിന്ദന്‍ നായരുടെ ചായക്കടയിലെ വിശാലമായ ചായകുടിയ്ക്കിടയില്‍ ഇടക്കിടെ വേലായി ഓടക്കുഴലെടുത്ത് വായിക്കും. ഓരോ വായന കഴിയുമ്പോഴും വായിച്ച പാട്ട് ഏതാണെന്ന് വേലായി തന്നെ വെളിപ്പെടുത്തും. അതല്ലേ അതിന്റെ ഒരു ശരിയെന്ന് പറയുന്നതാവും അതിന്റെ ഒരു ശരി.
തോട്ടുവക്കില്‍ ചൂണ്ടയിടാന്‍ പോകുമ്പോഴും വേലായിയുടെ സഹചാരി അടുത്തുണ്ടാവും. വാസുവേട്ടന്റെ ഷാപ്പിലെ പറ്റുകുറക്കാന്‍ വേലായിക്ക് ചൂണ്ടയിടാതെ യാതൊരു വഴിയുമില്ല.
‘വേലായിയേ.. മീനൊന്നും കിട്ടീല്ലെ..?’
‘ദേ ഞാന്‍ കുഴല് വായിക്കണ കണ്ടില്ലേ.. പിന്നെങ്ങിന്യാ മീന്‍ പിടിക്ക്യാ..’
‘അതിന് ചൂണ്ട ഇടണ്ടേ..'
‘മേന്ന് എന്താ കണ്ണ് കാണില്ലേ.. ചൂണ്ട ഇട്ടേക്കണ കണ്ടില്ല്യേ ...’
‘ന്ന് ട്ട് ന്താ മീന്‍ കിട്ടാത്തെ ?'
‘മീനൊക്കെ ന്റെ പാട്ട് കേട്ട് ട്ട് ഇങ്ങനെ നിക്ക്വല്ലേ.. പിന്നെങ്ങിന്യാ ചൂണ്ടേമ്മെ കൊത്ത്വാ..ഇനി പാട്ട് കഴിയുമ്പോ ഓരോന്നായി വന്ന് കൊത്തു..’
‘വാസ്വേട്ടന്റെ കയ്യീന്ന് കിട്ടും നെനക്ക്....’
അങ്ങനെ സംഗീതം കൊണ്ട് രോഗം ഭേദമാക്കാമെന്ന ധാരണയുടെ മുകളില്‍ മീനും പിടിക്കാമെന്ന വേലായിയുടെ തത്വമസി.
ഒരു തവണ വേലായി ചെമ്പൈ സംഗീതൊത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് . അന്ന് ദേവസ്വം ബോര്‍ഡ് ഓഫീസ്സില്‍ തന്റെ പ്രാവിണ്യം തെളിയിക്കാന്‍ പോയി സഫലമാവാതെ സത്രംഹാളിനു പുറത്തിരുന്ന് തന്റെ ഓടക്കുഴല്‍ കച്ചേരി നടത്തി നാട്ടുകാരുടെ കയ്യൂക്ക് ശരിക്കും അനുഭവിച്ചിട്ടുണ്ട് വേലായി.

സെന്തോമാസ് ബാന്റ് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ കം പ്രധാന പീപ്പി വിളിക്കാരനാണ് (ക്ലാര്‍നെറ്റ്) പാണ്ടിത്തോമേട്ടന്‍. മുണ്ടൂര്‍, പാലയൂര്‍, പാവറട്ടി, പറപ്പൂര്‍, ഏനമ്മാവ്, വരന്തരപ്പിള്ളി, പുതുക്കാട് മുതലായ പള്ളിപ്പെരുന്നാളുകളില്‍ സജീവസാന്നിദ്ധ്യമാണ് സെന്തോമാസ് ബാന്റ് കമ്പനി.പള്ളിയുടെ കിഴക്കുവശത്തെ സെമിത്തേരിയുടെ സമീപത്താണ് ഇതിന്റെ ആപ്പീസ്. ആത്മാക്കളുടെ പ്രതിഷേധം മാത്രമേയുള്ളുവെന്ന ധൈര്യവും തോമേട്ടന്‍ അവിടെ തന്നെ ഓഫീസാക്കിയതെനെന്ന് അസൂയാലുക്കള്‍ പറയാറുണ്ട്.
സീസണല്ലാത്ത കാലത്ത് തോമേട്ടന് തേപ്പുകാരന്റെ വേഷമാണ്. പിന്നെ, പറപ്പൂക്കാരന്റെ തീയ്യറ്ററില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന തോമുണ്ണിച്ചേട്ടന്‍ ലീവെടുക്കുമ്പോള്‍ പകരക്കാരനാവും. അറ്റകൈക്ക് പഞ്ഞമാസങ്ങളില്‍ തീയ്യറ്ററില്‍ കടല വില്‍ക്കുന്ന ജോസിനെ സഹായിക്കാനും നില്‍ക്കും.
സെന്തോമസ് ബാന്റ് കമ്പനിയില്‍ ചില സ്ഥിരം അംഗങ്ങളുണ്ട്. ട്രമ്പെറ്റ്- പടിഞ്ഞാറേലെ ദേശുട്ടിചേട്ടന്‍, പൂത്താങ്കീരി രാഘവന്‍, മങാട്ടെ ചന്ദ്രന്‍ . ഡ്രം - കൊട്ട ജോസപ്പേട്ടന്‍, കോരമ്പത്തെ അച്ചുവേട്ടന്‍. ക്ലാര്‍നെറ്റ് - പാണ്ടിത്തോമേട്ടന്‍, കുണ്ട പറിഞ്ചുവേട്ടന്‍. സിംബല്‍ - ആണ്ടാത്തെ കൊച്ചുണ്ണി പിന്നെ ഒഴിവുള്ളപ്പോള്‍ വേലായിയും. തോമേട്ടന്റ ബാന്റ് സെറ്റിന്റെ കൂടെ പോകുമ്പോഴാണ് വേലായി പാന്റ്സിടുന്നത്. ചുവന്ന പാന്റ്സും വെള്ള ഷര്‍ട്ടും തൊപ്പിയും വെച്ചാല്‍ വേലായിയെ തിരിച്ചറിയാന്‍ പ്രയാസം. പരിപാടിയും കഴിഞ്ഞ് വാസ്വേട്ടന്റെ അവിടുന്ന് ചെറുതായി മിനുങ്ങി ഓടക്കുഴലും വായിച്ച് ഒരു വരവുണ്ട്. അതൊരു ഒന്നൊന്നര വരവു തന്നെയാണ്.

സിംബലടിക്കാന്‍ വേലായി മിടുക്കനാണെങ്കിലും വേലായിയുടെ വീക്ക് നസ്സ് പാണ്ടിത്തോമേട്ടന്റെ ക്ലാര്‍നെറ്റാണ്.തോമേട്ടന്റെ സ്വന്തം ക്ലാര. എന്നാല്‍ തോമേട്ടന്‍ തന്റെ പൊന്നുംകുടത്തെ വേറൊരാള്‍ക്കും തൊടാന്‍ പോലും കൊടുക്കില്ല. തോമേട്ടന്റെ തത്വമസിയനുസരിച്ച് ക്ലാര്‍നെറ്റിലാണ് പാട്ടിന്റെ പാലാഴിയിരിക്കുന്നത്.
തോമേട്ടന്‍ ഇല്ലാത്ത സമയത്ത് വേലായി അതെടുത്ത് ഒന്ന് ഊതി നോക്കും.
‘ടാ.. അബടെ വെക്കടാ അത്.. തോമേട്ടന്‍ കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.
ആയിടക്കാണ് പറപ്പൂര്‍ പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യവാളന്റെ അമ്പ് പെരുന്നാള് വരുന്നത്. പാണ്ടിത്തോമേട്ടനും വരന്തരപ്പിള്ളി പൊറിഞ്ചുചേട്ടനും കൂടി മൊത്തമായി ബാന്റിന്റെ ക്വട്ടേഷന്‍ എടുത്തിട്ടുണ്ട്. ഉച്ചക്ക് പള്ളിയിലെ പ്രദക്ഷിണം കഴിഞ്ഞാലാണ് പണവും പ്രതാപവുമുള്ള വീടുകളില്‍ നിന്നും അമ്പ് ബാന്റു മേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുന്നത്. പുത്തൂര്‍ ജോസുമാഷുടെ വീട്ടിലെ ബാന്റ് എടുത്തിരിക്കുന്നത് പാണ്ടിത്തോമേട്ടനാണ്. കൂടെ ഫുള്‍ ടീമും.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജോസുമാഷ് സ്ഥിരമായി ഒഴിച്ചുകൊടുക്കുന്ന മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് വേലായിയൊഴിച്ചുള്ള ടീമംഗങ്ങ്ള് മാര്‍ച്ചിങിന് റെഡിയായി. വേലായിക്ക് ലോകനായകരൊന്നും പിടിക്കില്ലല്ലോ.

ആദ്യം തോമേട്ടന്റെ മാസ്റ്റര്‍പീസാ‍യ ‘നന്മ നേരുമമ്മ..’ കഴിഞ്ഞാണ് പള്ളിയിലേക്ക് പുറപ്പെടുന്നത്. ഒരു ഭക്തി ഗാനം, പിന്നൊരു തമിഴ് , ഹിന്ദി, മലയാളം പിന്നെ വീണ്ടുമൊരു ഭക്തി ഗാനം. ഈ കണക്കിലാണ് തോമേട്ടന്റെ ബാന്‍ഡ് സൈക്കിള്‍.
ഏഴു പട്ടുകുടയും ബാന്‍ഡു സെറ്റുമടങ്ങുന്ന പ്രദക്ഷിണം ജോസ് മാഷുടെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ സമയം മൂന്നുമണി. മാഷിന്റെ മൂത്ത പുത്രക്കല്ല് റോബിന്‍,‍ അമ്പും മലരും രണ്ട് കോഴിമുട്ടയുമടങ്ങുന്ന പ്ലേയ്റ്റുമായി ഭക്തിപൂര്‍വ്വം പട്ടുകുടകളിലെ കേമനായ ഒരു ചുവപ്പന്‍ പട്ടുകുടയ്ക്കുകീഴിലായി നിന്നു.
‘ഞങ്ങള് വീട്ടുകാരൊക്കെ ചന്തപ്പടി വഴി പോകാം. നിങ്ങള് അമ്പായി സെന്റര്‍ വഴി വന്നാ മതി..മെല്ലെ പോന്നാമതി... സെന്ററില് രണ്ടു പാട്ടെങ്കിലും പാടണം’
റോഡിലേക്ക് കടന്നപ്പോള്‍ ജോസുമാഷ് പറഞ്ഞു.
ജോസുമാഷുടെ മൂന്നാം ലോകത്തിന്റെ ബലത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ നല്ല ഫോമിലാണ്. പാട്ടിനിടവേളകളിലുള്ള സമയം കുറഞ്ഞു വരുന്നു.
സെന്ററെത്തുന്നതിനുമുമ്പായിട്ടുള്ള സുരേഷിന്റെ കള്ളുഷാപ്പിനുമുന്നില്‍ വെച്ചാണ് ‘ഖുര്‍ബാനി ഖുര്‍ബാനി’ എന്ന പാട്ട് കൃത്യമായി അവസാനിച്ചത്.
‘തോമേട്ടാ ഭയങ്കര ക്ഷീണം.. നമുക്കൊരു ഗ്ലാസ്സടിച്ചിട്ട് പോയാലൊ..’ വേലായിയുടെ ഐഡിയയാണ്.
‘ശര്യാ തോമേട്ടാ.. ഇത് കഴിഞ്ഞിട്ട് മൂന്നു സ്ഥലത്തെ അമ്പ് നമ്മളന്നെ കൊട്ടണ്ടേ..’ പൂത്താങ്കീരി രാഘവന്‍ വേലായിയെ സപ്പോര്‍ട്ട് ചെയ്തു.
ഇനി എന്തെന്ന അടുത്ത ചോദ്യത്തിനു മുന്‍പുതന്നെ കുടകള്‍ പിടിച്ചിരുന്ന കുഞ്ഞിക്കുട്ടന്മാരും അമ്പ് പിടിച്ച ജോസ്മാഷ്ടെ മോനുമൊഴിച്ചുള്ള സംഘം ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു.
‘എന്റമ്മേ.. ചതിച്ചെടാ.. ’
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലിരുന്ന സുരേഷ് ഒരു സംഘം യൂണിഫോമുകാര്‍ കയറി വരുന്നത് കണ്ട് അന്തം വിട്ടുകൊണ്ട് വിളിച്ചു.
‘സമയമില്ല.. സാധനം വേഗം എടുക്ക്..’ എന്നു പറഞ്ഞ് യൂണിഫോമിട്ട തോമേട്ടന്റെ ടീം ദാഹം തീര്‍ത്ത് പുറത്തിറങ്ങി.
അടുത്തപാട്ടായ ‘നിത്യസഹായ മാതാവ്..’ കൊട്ടിത്തീരുന്നതിന് മുന്‍പുതന്നെ ഡ്രമ്മടിക്കുന്ന ജോസപ്പേട്ടന്‍ വെയിലുകൊള്ളാതിരിക്കാന്‍ ഒരു പട്ടുകുടയുടെ കീഴിലേക്ക് മാറിനിന്നു. ഒരു കൈ കുടയുടെ പിടിയിലും ഒരു കൈയില്‍ ഡ്രംസ്റ്റിക്കും. എന്നിട്ടും പട്ടുകുടക്ക് റിമിടോമിയുടെ പാട്ടിന്റെ പോലെയുള്ള ഒരു ഇളക്കം.
പറപ്പൂര്‍ സെന്റര്‍ കഴിഞ്ഞ് അടുത്ത പാട്ട് പാടുമ്പോഴായിരുന്നു., പാണ്ടിത്തോമേട്ടന് ഒരു പരവേശം പോലെ. കുറച്ച് നേരം അടുത്തുള്ള പോസ്റ്റില്‍ ചാരിനിന്ന് തന്റെ ക്ലാരയില്‍ ഈണമിട്ടു.
പിന്നെ സൈഡിലുള്ള പീടികയുടെ അടുത്തേക്ക് മാറി നിന്നു.
‘എന്തു പറ്റി തോമേട്ടാ‍..’ സിംബലടിച്ചുകൊണ്ടിരുന്ന വേലായി ചോദിച്ചു.
‘എന്തൊ എന്റെ ക്ലാരയില് ശബ്ദം വരാത്ത പോലെ..’
‘ഞാന്‍ കുറച്ച് നേരായി ചോദിക്കണ്ന്ന് വിചാരിക്കുന്നു.. നോക്കട്ടെ..’
തോമേട്ടന്‍ ക്ലാര്‍നെറ്റ് വേലായിക്ക് കൊടുത്തു. വേലായി അത് തിരിച്ചും മറിച്ചും നോക്കി.
‘തോമേട്ടന്‍ ഈ ഓടക്കൊയല് ഒന്ന് വിളിച്ച് നോക്ക്യെ.. ശബ്ദം ണ്ടോന്ന് നോക്ക്..’
തോമേട്ടന്‍ ഓടക്കുഴലെടുത്ത് ഊതി നോക്കി.
‘എയ്.. ഇതിന് നല്ല ശബ്ദം ണ്ടല്ലോ....’
‘എന്നാപിന്നെ തോമേട്ടന്‍ അതന്നെ എട്ക്ക്. ഞാന്‍ എങ്ങന്യങ്കിലും ഇത് ഊതിക്കോളാം..’

അങ്ങനെ വേലായി ക്ലാര്‍നെറ്റും പാണ്ടിത്തോമേട്ടന്‍ ഓടക്കുഴലുമായി വളരെ മനസ്സമാധാനത്തോടെ അമ്പ് പള്ളിയിലെത്തിച്ചു.

പിന്നീട് ഇന്നു വരെ വേലായിക്ക് സെന്തോമസ് ബാന്ഡ് സെറ്റില്‍ സിംബലടിക്കേണ്ടി വന്നിട്ടില്ല., ജോസ്മാഷ് സെന്തോമാസ് ബാന്‍ഡ് സെറ്റിനെ വിളിച്ചിട്ടുമില്ല.

Sunday, September 10, 2006

പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക

സെന്ററിലെ കണ്ണായ സ്ഥലത്താണ് പൈലപ്പേട്ടന്റെ മുറുക്കാന്‍ കട വിരാജിക്കുന്നത്.
നാന, വെള്ളി നക്ഷത്രാദികള്‍ തൂങ്ങിക്കിടക്കുന്ന പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയില്‍ സന്ധ്യാ നേരത്ത് അതിനേക്കാള്‍ ചൂടുകൂടിയ നക്ഷത്രങ്ങളും കിട്ടാറുണ്ടെന്നത് നാട്ടുകാര്‍ക്ക് മനപ്പാഠം. ഇനി ആരെങ്കിലും കാലത്തു തന്നെ ഇതൊന്നും വായിക്കാതെ ജോലിക്ക് പോകേണ്ടി വന്നാലുള്ള അവസ്ഥയാലോചിച്ചായിരിക്കാം കാലത്ത് ആറരക്ക് പള്ളിയിലെ കുര്‍ബാന കഴിഞ്ഞാലുടന്‍ പൈലപ്പേട്ടന്‍ കട തുറക്കുന്നത്.

ഈ പൈലപ്പേട്ടന് മൂന്ന് പുത്രക്കല്ലുകളാണുള്ളത്.

മൂത്തവന്‍ വര്‍ഗ്ഗീസ്.. പത്തം ക്ലാസെന്ന കടമ്പ കടക്കാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ മൂന്നാം സെമസ്റ്ററിനു പഠിക്കുന്നു.
രണ്ടാമന്‍ ലാസര്‍.. ബസ്റ്റോപ്പിലെ ആളുകളുടെ കണക്കെടുക്കാന്‍ ക്വട്ടേഷന്‍ എടുത്ത് നടക്കുന്നു.
മൂന്നാമത്തേത് ആന്റപ്പന്‍ അഥവാ ആന്റൊ.എട്ടാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്നു ആന്റപ്പന്‍.

മറ്റു പുത്രക്കല്ലുകളില്‍ നിന്നും എല്ലാകാര്യത്തിലും അല്പം ശുഷ്കാന്തിയും തന്ടേടവും ആന്റപ്പന്‍ കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ..

എട്ടാം ക്ലാസിലെ മൂന്നാം സെമസ്റ്ററില്‍ ഉണ്ടക്കണ്ണന്‍ ജോണ്‍ മാഷുടെ അണ്ടര്‍വെയറിന്റെ കളറ് അന്വേഷിച്ച് കണ്ടുപിടിച്ച് ചരിത്രമെഴുതിയവന്‍, പറപ്പൂക്കാരന്റെ തീയറ്ററിലെ ചൊവ്വാഴ്ചപ്പടങ്ങളുടെ വാള്‍പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡ് കത്രികകള്‍ സസൂഷ്മം തിരുത്തി എഴുതുന്നവന്‍, വികാരിയച്ചന്റെ കണ്ണു തെറ്റിച്ച് പള്ളി സെമിത്തേരിയിലെ മൂവ്വാണ്ടന്‍ മാവിന്മേല്‍ കയറി അസ്ഥിക്കുഴിയിലേക്ക് മൂക്കും കുത്തി വീണവന്‍, റോഡു പണി കോണ്ട്രാക്ടര്‍ കാദരു മാപ്ലയുടെ രണ്ടു വീപ്പ ടാറ് രാ‍ത്രിക്ക് രാത്രി അടിച്ചുമാറ്റി കാദരുമാപ്ലക്കു തന്നെ മറിച്ചു വിറ്റവന്‍ ,
തുടങ്ങി വിശേഷണങ്ങള്‍ നെറ്റിയിലും നെഞ്ചത്തുമെല്ലാം കുത്തിക്കൊണ്ടു നടക്കുന്നതിനിടയിലാണ് ആന്റപ്പന്റെ ജീവിതത്തില്‍ മറക്കാനാവാത്ത് ഒരു സംഭവം നടക്കുന്നത്.

പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയുടെ ചാര്‍ജ്ജ് ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെ ആന്റപ്പന്റെ കയ്യിലാണ്. രണ്ടുമണിക്ക് പൈലപ്പേട്ടന്‍ മുറുക്കാന്‍ കട ആന്റപ്പനെ ഏല്‍പ്പിച്ച് ഉണ്ണാന്‍ പോകും. ഈ സമയത്താണ് ആന്റപ്പന്‍, പൈലപ്പേട്ടന്റെ ചൂടന്‍ പുസ്തകങ്ങളില്‍ തന്റെ വായനാശീലം വളര്‍ത്തിയെടുക്കുന്നത്. പൈലപ്പേട്ടന്‍ ആരും കാണാതെ മേശവലിപ്പിന്റെ താഴെ മറ്റൊരു വലിപ്പില്‍ പൂട്ടി ബന്തവസ്സാക്കി വെച്ച പുസ്തകസമാഹാരമാണ് ആന്റപ്പന്‍ കള്ളപ്പൂട്ടിട്ട് തുറക്കുന്നത്.

ഒരു ദിവസം മനോരമ വാരിക ചോദിച്ചു വന്ന നാട്ടിലെ പേരുകേട്ട നാടക നടി പണ്ടാറക്കാ‍ട് ശാന്തമ്മക്ക് ആന്റപ്പന്‍ ഒരു ചൂടന്‍ പുസ്തകം വച്ചു നീട്ടി.

‘പ്ഫ $oE%$3*@3$## ന്റെ മോനെ...’ എന്നു പറഞ്ഞ് ശാന്തമ്മ ചീറി.

റേഷന്‍ കട നടത്തുന്ന മത്തായിചേട്ടന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് കൂടുതല്‍ പ്രശങ്ങളൊന്നുമില്ലാതെ അത് ഒത്തുതീര്‍ന്നു.

ഇനിയൊരു പരീക്ഷണത്തിന് ത്രാണിയില്ലാത്തതുകൊണ്ടോ ശാന്തമ്മക്ക് പുതിയ റോളുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന ബുദ്ധിമുട്ട് നേരത്തെ തന്നെ കണക്കു കൂട്ടിയതു കൊണ്ടൊ ആന്റപ്പനെ എങ്ങനെയങ്കിലും നാടുകടത്താന്‍ തന്നെ പൈലപ്പേട്ടന്‍ തീരുമാനിച്ചു.

ഒരാഴ്ച്ചക്കുള്ളില്‍ പൈലപ്പേട്ടന്‍ ബോംബെക്ക് ഇളന്നിര്‍ കച്ചവടത്തിനായി പോകുന്ന കണ്ടാറുവിന്റെ മോന്‍ രവിയുടെ കൂടെ ആന്റപ്പനെ കയറ്റി വിട്ടു.

മൂന്നാം വര്‍ഷം ആന്റപ്പന്‍ നാട്ടില്‍ വെക്കേഷന് വന്നു.

അങ്ങോട്ട് പോയ ആ‍ന്റപ്പനല്ല ഈ ആന്റപ്പന്‍.
റൈബാന്‍ കൂളിങ് ഗ്ലാസും (ഉല്ലാസ് നഗര്‍ മൈഡ്) അടിപൊളി ജീന്‍സും ടീഷര്‍ട്ടുമിട്ട് നാട്ടിലവന്‍ ചെത്തി നടന്നു. ബോംബെയില്‍ നിന്നും കൊണ്ടുവന്ന വാറ്റ് 69 (പിന്നെയാണറിയുന്നത് ബോംബെയിലെ നാടന്‍ വാറ്റ് കളറ് ചേര്‍ത്ത് കുപ്പിയിലാക്കി ലേബലൊട്ടിച്ചതാണെന്ന്) സുഹ്രുത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ലാവിഷായി ഒഴുക്കി.
ബോംബെയില്‍ ഇതിനേക്കാള്‍ ലാവിഷാണെന്നും ചോട്ടാ രാ‍ജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ ആന്റപ്പന്‍ തകര്‍ത്തു വിട്ടു.അതിനു ശേഷമാണ് നാട്ടുകാര്‍ ആന്റപ്പെനെ ദാദ എന്നു കൂടി ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്.
ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് സിനിമക്ക് പോകാന്‍ ഒരു രണ്ടു രൂപ കിട്ടാന്‍ നാലുദിവസം അച്ഛന്റ പിന്നാലെ നടക്കേണ്ട അവസ്ഥയിലാണ് ആന്റപ്പന്റെ ഈ കളി.

‘ഈ രണ്ട് അമിട്ടൂകള്‍ പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക..’
പെരുന്നാളിന് അനൌണ്‍സ്മെന്റ് നടത്തിയിരുന്ന വടക്കന്‍ ജോസേട്ടന്‍ എന്‍.എഫ് . വര്‍ഗ്ഗീസിന്റെ സ്വരത്തില്‍ മൊഴിഞ്ഞു.

നാട്ടുകാര്‍ ആന്റപ്പന്റ വീരകഥകള്‍ പാടി നടന്നു.
ഒന്നരമാസത്തെ ചെത്തിനുശേഷം ആന്റപ്പന്‍ ബോംബെയിലെക്ക് തിരിച്ച് പോയി.
* * * * *
ഞാന്‍ ഡിഗ്രികഴിഞ്ഞ് ടൌണ്‍ഹാളില്‍ നിന്നും നെഹ്രുപാര്‍ക്കിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിക്കൊണ്ട് പുര നിറഞ്ഞു നില്‍ക്കുന്ന സമയം. എങ്ങിനെയെങ്കിലും വല്ല പി.എസ്.സി എഴുതി വല്ല ജോലികിട്ടിയാല്‍ മതിയെന്ന് എനിക്കില്ലെങ്കിലും വീട്ടുകാര്‍ ഏറെ വേവലാതിപ്പെടുന്ന നേരം. അപ്പോഴാണ് ബോംബെയിലെ അമ്മാവന്‍ എന്നെ കൊണ്ടു പോകാമെന്ന് എന്റെ അമ്മയോട് വാക്കു പറയുന്നത്.

അങ്ങനെ മൂന്നരയുടെ ജയന്തിക്ക് ഞാനും ബോംബെയ്ക്ക് യാത്രയാവുന്നു.

അമ്മാവന് എന്നിലുള്ള വിശ്വാസം കൊണ്ടാവാം ബോംബെയിലെത്തി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് വേണ്ടി ബാച്ചിലേഴ്സ് റൂം അന്വേഷിച്ചു തുടങ്ങി.

അങ്ങനെയാണ് സാക്കിനാക്കയിലേക്ക് പെട്ടിയും പ്രമാണവുമായി ഞാന്‍ യാത്രയാവുന്നത്.
സാക്കിനാക്ക, അന്ധേരി- കുര്‍ള റോഡിലെ മലയാളികളുടെ ഒരു താവളമാണ്. സാക്കിനാക്കയിലെ കിരീടം വെക്കാത്ത രാജാവാണ് ജോസേട്ടന്‍. ജോസേട്ടന് സ്വന്തമായി ഇരുന്നൂറോളം മുറികള്‍ അന്നുണ്ട്. കൂടാതെ അവിടത്തെ ഹഫ്ത പിരിക്കുന്നതും ജോസേട്ടനാണ്. ജോസേട്ടന്റെ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ജോസേട്ടന്റെ പലചരക്കു കടയിലാണ്. പലചരക്ക് കട കൂടാതെ കാളന്‍ നെല്ലായിയുടെ ഒരു ഫ്രാഞ്ചെസിയും ഒരു ഹോട്ടലും ജോസേട്ടനുണ്ട്. എല്ലാം അടുത്തടുത്ത് തന്നെ.
എന്റെ അമ്മാവന്റെ ഒരു സുഹ്രുത്തുകൂടിയാണ് ജോസേട്ടന്‍. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞ്ങ്ങള്‍ ജോസേട്ടന്റ കടയിലേക്ക് ചെന്നു.
ഒരു ആര്‍നോള്‍ഡ് ഷ്വാസ്നറെ പോലെയുണ്ടാവുമെന്ന് വിചാരിച്ചിരുന്ന ജോസേട്ടനെ കണ്ട് ഞാന്‍ അന്തം വിട്ടു. ഒരു സ്ഥൂലശരീരി..കുറെ അരി, കടല, ഉഴുന്നു,പരിപ്പു ചാക്കുകള്‍ക് പിന്നില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടൊക്കടിയില്‍ ഇട്ടിരിക്കുന്ന കസേരയിലാണ് ജോസേട്ടന്‍ ഇരിക്കുന്നത്.
‘ങ്ങാ നീയ്യാ..ഇപ്പൊ ഇവ്ടെക്കൊന്നും കാണാറില്ലല്ലോ..’
‘കുറച്ച് പണിത്തെരക്ക് ഉണ്ടായിരുന്നു ജോസേട്ടാ... പിന്നെ, ഇത് നമ്മടെ ചെറുക്കനാ.. ഇവനു ഒരു റൂം വേണം..’
‘ഇപ്പൊ റൂമൊക്കെ ഫുള്ളാ മാഷെ.. ‘
‘ന്നാലും ജോസേട്ടന്‍ വിചാരിച്ചാല്‍ കിട്ടില്ലെ.. ‘
‘നോക്കട്ടെ....’
‘ടാ റോബ്യെ... വല്ല റൂമും ഒഴിവുണ്ട്രാ..?’ ജോസേട്ടന്‍ ഡോള്‍ബി സ്വരത്തില്‍ ഹോട്ടലിലേക്ക് മൊഴിഞ്ഞു.
‘ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടെ ഒരെണ്ണണ്ട് ജോസേട്ടാ‍..’
‘ആര്ട്യാ..’
‘നമ്മടെ സത്യന്റെ ..’
‘റോബ്യെ നീയ്യൊരു കാര്യം ചെയ്യ് ...ഈ ചെക്കനെ ആ റൂമൊന്ന് കാണ്ച്ച് കൊട്ക്ക്..’
‘ഞാന്‍ ഇവ്ടെ നല്ല തെരക്കാ ജോസേട്ടാ. ഞാന്‍ ഇബ്ട്ന്നു നമ്മടെ പുട്ടൂരാനെ വിടാം..’
‘ശരി.. ഒരു മിനിട്ട് നിക്ക് ആ ചെക്കന്‍ ഇപ്പൊ വരും . അവന്‍ കാണിച്ച് തരും റൂമ്..’
ഞങ്ങള്‍ ജോസേട്ടന്റെ കടയില്‍ ചില്ലിട്ട് വച്ചിരിക്കുന്ന, ജോസേട്ടന്‍ പ്രേംനസീറിന്റെയും മധുവിന്റെയും കരുണാകരന്റെയുമൊക്കെ കൂടെ നില്‍ക്കുന്ന പടങ്ങള്‍ നോക്കി നിന്നു. അപ്പൊ ജോസേട്ടന്‍ ആള് ചില്ലറക്കാരനല്ല. ക്രിഷ്ണന്‍ നായരുടെ ഹോട്ടലില്‍ (ദി.ലീല) സ്ഥിരമായി ഒരു റൂം ജോസേട്ടനുണ്ട്.അവിടെ നാട്ടില്‍ നിന്നും ലോക്കലുമായുള്ള ചില പുലികളെ സല്‍ക്കരിക്കാറുണ്ടെന്ന് അമ്മാവന്‍ മുന്‍പുതന്നെ പറഞ്ഞിരുന്നു.
അപ്പോള്‍ ഒരാള്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.
‘ദാ.. പുട്ടുരാന്‍ വന്നു. നിങ്ങള്‍ അവന്റെ കൂടെ പോയാല്‍ മതി..’
ഞാന്‍ ആഗതനെ സൂക്ഷിച്ച് നോക്കി
വിയര്‍ത്ത് കുളിച്ച് മുഷിഞ്ഞ കറുത്ത ബെനിയനും ട്രൌസറുമിട്ട ആ‍ളെ എവിടെയോ കണ്ട നല്ല പരിചയം. ഇവനെ പുട്ടൂരാന്‍ എന്നല്ല, പുട്ടുറുമീസ് എന്നാണ് വിളിക്കേണ്ടത്.
അതെ., ഇത് നമ്മുടെ ആന്റപ്പന്‍ തന്നെ.
‘ടാ ആന്റപ്പാ .. നീയെന്താ ഇബടെ..’
‘ഇവന്‍ ഇബട്യല്ലാണ്ട് പിന്നെ എവ്ട്യ ണ്ടാവാ... ഇവ്ടെ കൊല്ലങ്ങളായിട്ട് അടുക്കളേല് ഉഴുന്നാട്ടുന്നത് ഇവനാണ്..... ടാ..നോക്കി നിക്കാണ്ട് ഇവരെ ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടത്തെ റൂം കാണിച്ചു കൊടുക്കടാ..’ ജോസേട്ടന്‍ തന്റെ സ്വതസിദ്ധമായ ഡോള്‍ബി സിസ്റ്റത്തില്‍ ആന്റപ്പനോട് പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി, ആന്റപ്പന്‍ ഒന്നും മിണ്ടാതെ മുന്നിലും ഞങ്ങള്‍ പിന്നിലുമായി റൂമിലേക്ക് നടന്നു.

Sunday, September 03, 2006

വേലായി ചരിതം രണ്ടാം ഖണ്ഡം.

ങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ വേലായി വളര ശുഷ്കാന്തി കാണിക്കാറുണ്ട്.
ചില ദിവസങ്ങളില്‍ വറുതുണ്ണിചേട്ടന്റെ പലചരക്കു കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കാറുണ്ട്. എല്ലാ ദിവസവും വേലായിയെ അതിന് കിട്ടില്ല. അല്പം സമയക്കുറവുണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. പൂരങ്ങളും പറയെടുപ്പും പെരുന്നാളുകളുമെല്ലാമൊഴിഞ്ഞ തികച്ചും ശാന്തമായ ഒരന്തരീക്ഷത്തിലായിരിക്കും വേലായി വറുതുണ്ണി ചേട്ടന്റെ പലചരക്ക് കടയില്‍ വരുന്നത്.

വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട, നാലും കൂടിയ സ്ഥലത്താണ്. അവിടെ വറുതുണ്ണി ചേട്ടന്റെ കട കൂടാതെ ഗോവിന്ദന്‍ നായരുടെ ചായക്കട, ഉണ്ണി നായരുടെ മുടിവെട്ടുശാല, അന്തപ്പേട്ടന്റെ റേഷന്‍ കട പിന്നെ ഒരു ക്ലബും. ക്ലബെന്ന് പറഞ്ഞാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു സംഗമ വേദി.

കടയില്‍ വറുതുണ്ണി ചേട്ടന്‍ ഉള്ളപ്പോള്‍ മാത്രമേ വേലായിയെ അവിടെ നിര്‍ത്താന്‍ വറുതുണ്ണിച്ചേട്ടന് ധൈര്യമുള്ളൂ.. അല്ലെങ്കില്‍ കപ്പലണ്ടി മിഠായി, ചുവന്ന മിഠായി, ദശമൂലാരിഷ്ടം എന്നിവയ്ക്ക് അളവില്‍ കാര്യമാ‍യ വ്യത്യാസമുണ്ടാവും.

എങ്കിലും വേലായി എന്തെടുത്താലും അത് വറുതുണ്ണി ചേട്ടനോട് ഉള്ള പോലെ തന്നെ പറയും
‘വറുതുണ്ണി മാപ്ലേ.. ഞാന്‍ രണ്ട് കപ്പലണ്ടി മുട്ടായി എട്ത്ത്ട്ട് ണ്ട് ട്ടാ..’
‘നിന്നെക്കൊണ്ട് തോറ്റുവെന്റെ വേലായിയെ..’

പഞ്ഞ മാസങ്ങളില്‍, അതായത് വാസുവേട്ടന്റ ഷാപ്പില്‍ പറ്റു കൂടുമ്പോള്‍, വറുതുണ്ണി ചേട്ടന്റെ കടയിലെ ദശമൂലാരിഷ്ടമാണ് വേലായിക്കുള്ള രക്ഷ. പനം ചൊറുക്കയും ചേര്‍ത്ത് കണ്ണടച്ച് നാല് പിടി പിടിക്കും. തൊണ്ടയിലൂടെ ഒഴുകിയിറങ്ങുന്നത് ശരിക്കും അറിയാം. അതിന് നേരവും കാലവുമൊന്നു നോക്കാറില്ല. എപ്പോഴാണ് തോന്നുന്നത് അപ്പൊ പൂശും. ചെറുതും വലുതായിട്ടുള്ള കുപ്പികളില്‍ വറുതുണ്ണി ചേട്ടന്‍ രാമചന്ദ്രന്‍ വൈദ്യരുടെ വീട്ടില്‍ നിന്നു വാങ്ങിക്കൊണ്ടു വരുന്ന ദശമൂലാരിഷ്ടം നിറച്ച് വെക്കും. രാമചന്ദ്രന്‍ വൈദ്യരുടെ ഒരു ഫ്രാഞ്ചസി തന്നെയായിരുന്നു വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട.

അരിയും പലവ്യഞനങ്ങളും വീടുകളിലെത്തിക്കാന്‍ ചിലപ്പോള്‍ വറുതുണ്ണി ചേട്ടന്‍ വേലായിയെ പറഞ്ഞു വിടാറുണ്ട്. ക്രത്യമായി സാധനങ്ങളെല്ലാം വേലായി കൊണ്ടു കൊടുക്കുക തന്നെ ചെയ്യും. പിന്നെ അന്തപ്പേട്ടന്റെ റേഷന്‍ കടയില്‍ സാധങ്ങള്‍ ഇറക്കാനും സഹായിക്കും. എത്ര ഭാരമുള്ള സാധനവും വേലായി വലിയ പ്രയാസം കൂടാതെ തന്നെ ഇറക്കും. മണ്ണെണ്ണയുടെ ഡ്രമ്മെല്ലാം വേലായി കൈകൊണ്ട് അമ്മാന മാടുന്നത് പലപ്പോഴും കാണാം.

വേലായി ഒരിക്കലും കണക്കു പറഞ്ഞ് പൈസ വാങ്ങില്ല. കിട്ടിയത് മതി. ആ ഒരു ലൈനാണ്. എങ്കിലും ന്യായമായുള്ളത് എല്ലാവരും കൊടുക്കും.

അങ്ങനെയിരിക്കെ രണ്ടു മൂന്നു ദിവസത്തേക്ക് വേലായിയെ കാണ്മാനില്ല.

‘ഉണ്ണ്യാരെ വേലായിനെ കുറച്ചു ദിവസായിട്ട് കാണാനില്ലല്ലോ..’
‘ഞാനും അത് ഇന്നലെ പറഞ്ഞ്വള്ളോ എന്റെ വറ്താപ്ലെ..’
‘ഈ മഴക്കാലത്ത് പൂരൊം പെരുന്നാളൊന്നുമില്ലല്ലൊ . പിന്നെ എവിടെ പോയി ആവൊ ..മിനിഞ്ഞാന്ന് അവനെ അവിടെ ഇരുത്തി ഗോവിന്ദാര്ടെ അവ്ട്ന്ന് ഒരു ചായ കുടിക്കാന്‍ പോയി തിരിച്ച് വരുമ്പൊ കടേം തൊറന്ന് ഇട്ട്ട്ട് വേലായി എവ്ടെക്കൊ പോയേക്ക്ണു...’

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേലായി വീണ്ടും പ്രത്യക്ഷപ്പെട്ടു.

‘എന്താ വേലായിയേ.. എവിട്യാര്‍ന്നു. കൊറ്ച്ച് ദിവസായിട്ട് കാണാണ്ടാര്‍ന്നില്ല്യാലോ ..’
‘ന്തൂട്ട് പറയാനാ എന്റ ഉണ്ണ്യാരെ.. ആ വറുതുണ്ണി മാപ്ല ഇങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചില്ല..’
‘വറ്തുണ്ണി മാപ്ല എന്തൂട്ടാ ചെയ്തെ ?’
‘എന്റെ ഉണ്ണ്യാരെ ഞാന്‍ എടക്ക് വറുതുണ്ണീ മാപ്ലേടെ അവ്ട്ന്ന് ആസവം കഴിക്കാറില്ലേ..’
‘ഉവ്വ്. ദശമൂലാരിഷ്ടല്ലേ..’
‘അതന്നെ.. ഇന്നാള് ഞാനത് കുടിക്കാണ്ടിരിക്കാന്‍ വറുതുണ്ണി മാപ്ല അതില് വിഷം കലക്കി വെച്ചേക്ക്ണു‘
‘വെഷം കലക്കേ..ന്ന്ട്ടാ‍..’
‘ക്ക് അറിയൊ.. ഞാനത് എട്ത്ത് കുടിച്ചു ന്റെ ഉണ്ണ്യാരെ...’
‘ന്ന്ട്ടാ..’
‘വയറ്റീന്ന് പോക്കന്നെ വയറ്റീന്ന് പോക്ക്.. അവസാനം ഡാക്കിട്ടറെ കണ്ട് മര്ന്ന് കഴിച്ച്ട്ടാ മാറീത്. നാലു ദിവസം വീട്ടില്‍ ഒറ്റ കെടപ്പായ് രുന്നു..’
‘എനിക്ക് തോന്ന് ണില്ല്യ..വറുതുണ്ണി മാപ്ല അങ്ങനെ ചെയ്യുവോ വേലായിയെ ..’
‘ചെയ്യാണ്ട് പിന്നെ.. ‘
അപ്പോഴാണ് വറുതുണ്ണിചേട്ടന്‍ ആഗതനാകുന്നത്.
‘ആ .. വേലായി വന്നാ..’
‘ഉം..ഞാന്‍ ചത്തൂന്ന് വിചാരിച്ചൂ ല്ലെ..’
‘നിന്നെ ഞാനൊന്ന് കാണാന്‍ ഇരിക്ക്വാരുന്നു....’
‘എന്തിനാ..’
‘ആ മേശേമ്മെ അടിക്കാന്‍ കുപ്പീലാക്കി വെച്ചിരുന്ന വാര്‍ണിഷ് എട്ത്ത്ട്ട് നിയ്യ് എന്തൂട്ടാ ചെയ്തെ വേലായിയെ..?’
..