Monday, August 06, 2007

മണിയടി

മണികള്‍(ബെല്‍) പലതരത്തിലുണ്ട്. പ്രത്യേകിച്ച് സ്കൂള്‍ മണിയാവുമ്പോള്‍. കോളാമ്പി കമഴ്ത്തി വെച്ച പോലെയുള്ള മണി‍, വട്ടത്തിലുള്ള മണി, നീളത്തിലുള്ള മണി, വളയ രൂപത്തിലുള്ള മണി,അങ്ങനെ.. പലതരം മണികള്‍. കോളാമ്പി മണികള്‍ പലപ്പോഴും കൂടുതല്‍ വരുമാനമുള്ള വലിയ സ്കൂളുകളിലാണ് കണ്ടിട്ടുള്ളത്. ചില സ്കൂളുകളില്‍ വട്ടത്തിലുള്ള ലോഹമണിയായിരിക്കും. അതില്‍ ചുറ്റികകൊണ്ട് അടിക്കും. ചില സ്ഥലങ്ങളില്‍ റെയില് വേ ട്രാക്കിളക്കി കൊണ്ട് വന്ന് കെട്ടിയിട്ടടിക്കുന്ന മണികളും ധാരാളം. കേരളത്തിലെ റെയില് അപകടങ്ങളില്‍ സ്കൂളുകള്ക്ക് ഇങ്ങനെ ഒരു പങ്കും ?
എങ്കിലും കോളാമ്പി മണിക്കു തന്നെയാണ് നല്ല ശബ്ദം, ചന്തവും.

മണിയെക്കുറിച്ച് പറയുമ്പോ‍ള്‍ പലപ്പോഴും ഓര്‍മ്മ വരുന്നത് നാലാം ക്ലാസ്സിലെ സതീര്‍ത്ഥ്യനായ അജുവിനെയാണ്. അജുവും സത്യനും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത്. ആദ്യം മനപ്പടിക്കല്‍ എത്തുന്ന ആള്‍ അവിടെ വെച്ചിട്ടുള്ള ആണ്ട്രൂസ് വക്കീലിന്റെ ‘Adv. Andrews BABL' എന്ന ബോര്‍ഡിനിട്ട് ഒരു കല്ലെടുത്ത് മേടും. അതാണ് സിഗ്നല്‍. ഈ സിഗ്നല്‍ കേട്ടാല്‍ അഞ്ചു മിനിട്ടിനകം സംഘാങ്ങള്‍ അവിടെ എത്തിയിരിക്കണമെന്നാണ് നിയമം. എത്ര ഏറുകിട്ടിയാലും ആറുമാസത്തിലൊരിക്കല്‍ ആണ്ട്രൂസ് വക്കീല്‍ യാതൊരു പരാതിയുമില്ലാതെ പുതിയ ബോര്‍ഡ് വക്കും. (ആ ബോര്‍ഡ് ഇന്നും അവിടെയുണ്ട്. സൂട്ടും കോട്ടുമിട്ട് ബസില്‍ കയറിപ്പോകുന്ന ആണ്ട്രൂസ് വക്കീലും.)

വലിയ ഒരു നാലുകെട്ടുപോലെയാണ് പള്ളിസ്കൂള്‍. രണ്ടു ഭാഗത്തായി ക്ലാസുമുറികള്‍ . ഒരു ഭാഗത്ത് തുന്നല്‍ പരിശീലന കേന്ദ്രം. മറ്റൊരുഭാഗത്ത് പള്ളിയുടെ കുന്തവും കൊടച്ചക്രവുമൊക്കെ വെക്കാനുള്ള പത്തായം. ഫ്രെയിം മാത്രമുള്ള ഒരു വാതിലാണ് പത്തായത്തിനുള്ളതു. ആര്‍ക്കും ഏതു സമയവും കയറിച്ചെല്ലാവുന്ന പൂങ്കാവനം. അതിനുള്ളില്‍ പള്ളിയുടെ സാധനങ്ങളേക്കാള്‍ ഇഴജന്തുക്കളാണ് കൂടുതലെന്ന് പലരുടെ അനുഭവം. ആ പത്തായം അവിടെ ഉള്ളതുകൊണ്ടാവാം ഇംഗ്ലീഷ് ക്ലാസിനിടയില്‍ പലപ്പോഴും ‘A' എന്ന അക്ഷരം പറഞ്ഞാല്‍ ചിന്നമ്മ ടീച്ചര്‍ പിന്തിരിഞ്ഞു പത്തായം നില്‍ക്കുന്നിടത്തേക്ക് നോക്കുന്നത്. വല്ലതും കണ്ട് പേടിച്ചിട്ടുണ്ടാവുമെന്നാണ് കടാംകുളത്തിനടുത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള സത്യന്‍ പറയാറുള്ളത്.

ആ പത്തായത്തിന്റെ ഒരു വശത്താണ് അമ്മിണിചേച്ചി ഉച്ചക്ക് വേണ്ട ഉപ്പുമാവു ഉണ്ടാക്കുന്നത്. ഒരു പതിനൊന്നരയാവുമ്പോള്‍ നുറുങ്ങു ഗോതമ്പ് വേവുന്ന മണമടിച്ചാല്‍ പിന്നെ അജുവിനു ഇരിക്കപ്പൊറുതിയുണ്ടാവില്ല. ശാന്തടീച്ചറിന്റെ സാമൂഹ്യപാഠം ക്ലാസിലിരുന്ന് ഒന്നു രണ്ടുവട്ടമെങ്കിലും ടീച്ചറോട് സമയം ചോദിക്കും അവന്‍. ജനിച്ചപ്പോള്‍ മുതല്‍ ഡയറ്റിങ്ങായതുകൊണ്ട് കാലത്ത് ഒരു കട്ടന്‍ കാപ്പി മാത്രമേ അജു കഴിക്കാറുള്ളുവത്രേ. ഞങ്ങള്‍ക്കാണെങ്കില്‍ മിനിമം വലയിട്ട് പിടിക്കാന്‍ പാകത്തില്‍ വറ്റുള്ള ഒരു കലം പഴങ്കഞ്ഞിയും ഇരുമ്പാമ്പുളിയും കാന്താരിമുളകും ചതച്ച ചമ്മന്തിയെങ്കിലുമുണ്ട്. സമയം ചോദിക്കല്‍ ശക്തിയായപ്പോള്‍ ജോണിമാഷ് അജുവിനു പ്രമോഷന്‍ നല്‍കി . പതിനൊന്നുമണിയായാല്‍ അമ്മിണിചേച്ചിയുടെ അസിസ്റ്റന്റ്. മൂന്നാമത്തെ പിരിയഡ് ജോസ്മാഷ് ഗണിതശാസ്ത്രം അജുവിന്റെ ചന്തിയിലാണ് സാധാരണ തുടങ്ങാറ്. അതില്‍ നിന്നും രക്ഷപ്പെട്ടതുകൊണ്ട് ഞങ്ങള്‍ക്കവനോട് ചെറിയ അസൂയയും ഉണ്ടായിരുന്നു. കാരണം അജുവിന്റെ അടൂത്തിരുന്നത് സത്യനായിരുന്നു. ഗണിതശാസ്ത്രം അവന്‍ ശരിക്കും പഠിച്ചു.

പത്തായത്തിന്റെ ഒരു ഭാഗത്താണ് കഥാനായകനായ മണിയെ (കലാഭവന്‍ മണിയല്ല) കെട്ടിയിട്ടിരിക്കുന്നത്.
ഓരോ പിരിയഡിനും ബെല്ലടിക്കുന്നത് നാലാം ക്ലാസ് എ യിലേയും ബി യിലേയും ക്ലാസ് ലീഡര്‍മാരാണ്. ഒരാഴ്ച എ-യിലെ ലീഡറെങ്കില്‍ അടുത്തയാഴ്ച ബി. അങ്ങനെ. സ്കൂളിലെ മണിയടിക്കുകയെന്നത് ഒരു പ്രിവിലേജായിട്ടാണ് എല്ലാ കുട്ടികളും കണ്ടിരുന്നത്. പക്ഷേ ലീഡര്‍മാര്‍ക്കു മാത്രമേ മണിയടിക്കാന്‍ അവകാശമുള്ളൂ.

നാലാം ക്ലാസ് എ-യിലെ ലീഡര്‍ അന്ന് ഞാനായിരുന്നു. അതുകൊണ്ട് ജോണിമാഷില്ലാത്ത ദിവസങ്ങളില്‍ സത്യനും അജുവുമെല്ലാം എന്റെ കെയറോഫില്‍ മണിയടിക്കാറുണ്ടായിരുന്നു. പാവങ്ങള്‍ .. ഇടക്ക് കിട്ടുന്ന അവസരമല്ലേ എന്ന് കരുതി ഞാനും ..

അന്നൊരു ബുധനാഴ്ചയായിരുന്നു. മൂന്നാമത്തെ പിരിയഡ് കണക്ക്. ജോസ് മാഷ് കയറി വന്നപ്പോള്‍ തന്നെ മനസ്സിലായി ഒരു ഹിറ്റ്ലറുടെ മൂടാണെന്ന്. ഒരു പക്ഷേ ചിന്നമ്മടീച്ചര്‍ അപ്പുറത്തെ ക്ലാസില്‍ ഉള്ളതുകൊണ്ടായിരിക്കും. ചിന്നമ്മടീച്ചര്‍ ക്ലാസെടുക്കുന്നതിനേക്കാള്‍ നല്ലത് പള്ളിയില്‍ അരമണിക്കൂര്‍ നിര്‍ത്താതെ വെടിപൊട്ടിക്കുന്നതാണ്. അത്ര മധുരമനോജ്ഞമായ സ്വരമാണ്.

‘ഓള്‍ സ്റ്റാന്‍ഡ് അപ്..’ ജോസ് മാഷ് എല്ലാവരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
‘സിറ്റ് ഡൌണ്‍..’ .. അതൊരു രസത്തിന്...

കൊടുങ്കാറ്റിനുമുമ്പുള്ള നിശബ്ദത..

പിന്നെ ബോര്‍ഡില്‍ കണക്ക് എഴുതിത്തുടങ്ങി. ഇനി ഓരോരുത്തരോടായി ചോദ്യം.
ഏത് ഭാഗത്തു നിന്ന് തുടങ്ങുമെന്നറിയില്ല.
ഏതായാലും എനിക്കൊരു സമാധാനമുള്ളത് എന്റെ അപ്പുറത്ത് സത്യനാണ് ഇരിക്കുന്നത്. ആദ്യ വെടി സത്യനുള്ളതായിരിക്കും.
അതെ. ആദ്യം വിളിച്ചത് സത്യനെ..
‘ഒന്നേ ഗുണം ഒന്ന് എത്ര ?’
‘രണ്ടു’
‘ഇങ്ങ്ട് വാടാ.. ‘
സത്യന്‍ വിറച്ചു വിറച്ച് ബോര്‍ഡിനടുത്തേക്ക് പോയി.
ഒന്ന്.. രണ്ട്.. മൂന്ന്.. ജോസ്മാഷ് പൂശിക്കൊണ്ടേയിരുന്നു. നാലാമത്ത അടിക്ക് ചൂരലൊടിച്ചു. ജോസ് മാഷ്ക്ക് കലി കയറി നില്‍ക്കുകയാണ്.
‘പോയി ഓഫീസീന്ന് വേറെ ചൂരലെടുത്ത് വാടാ‍...’ ജോസ്മാഷ് എന്നെ നോക്കി പറഞ്ഞു.
ദൈവമേ...ന്യൂബോള്‍ എനിക്കിട്ടു തന്നെ.
ഓഫീസ് പൂട്ടീ ജോണിമാഷ് എ.ഇ.ഓ ഓഫീസിലേക്ക് പോണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ക്ലാസില്‍ നിന്നും മെല്ലെ ഇറങ്ങി.
വാതില്‍പ്പടി കടന്നതും ഉപ്പുമാവിന്റെ ടേസ്റ്റ് നോക്കിക്കൊണ്ടിരുന്ന അജു പാത്രമൊക്കെ അവിടെയെറിഞ്ഞ് നേരെ മണി കെട്ടിയിരിക്കുന്നിടത്തേക്ക് ഓടുന്നു. ഇവനിതെന്തുപറ്റി ?
അവിടെ ചെന്നു നിന്ന് മണിക്കോലെടുത്ത് ആവേശത്തോടെ കൂട്ടമണി അടിച്ചു.
ഹെയ്.. ഇന്നെന്താ ജോണിമാഷ് ഇവനോട് മണിയടിക്കാന്‍ പറഞ്ഞോ ?
എന്തായാലും രക്ഷപ്പെട്ടു.ഹാവൂ.. ഇന്നു ജോസ്മാഷുടെ അടികൊള്ളേണ്ടല്ലോ...
കുട്ടികളില്‍ ഒരു വിഭാഗം പുസ്തകങ്ങളെടുത്ത് ഉച്ചയൂണിനായി പുറത്തേക്ക് പാഞ്ഞു. ബാക്കിയുള്ളവര്‍ ഉപ്പുമാവിനായുള്ള വരിയില്‍ ചെന്നു നിന്നു.
ഉച്ചക്കഞ്ഞി കഴിച്ച് തിരിച്ച് സ്കൂളില്‍ വന്നപ്പോഴാണത് കണ്ടത്.

മണി കെട്ടിയിരിക്കുന്നതിന്റെ രണ്ടു മീറ്റര്‍ മാറി അജു നില്‍ക്കുന്നു. മണിക്കോലു കയ്യിലുണ്ട്. പിന്നില്‍ ജോസ് മാഷ് ചൂരലുമായി കസേരയിട്ടിരിക്കുന്നു. ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അജു വായുവില്‍ മണിക്കോലിട്ടടിച്ചുകൊണ്ടേയിരിക്കുന്നു.

പാവം അജു... ഞാനിറങ്ങി വന്നത് മണിയടിക്കാനാണെന്ന് വിചാരിച്ച് ഒരുമണിക്ക് അടിക്കേണ്ട ബെല്ല് പന്ത്രണ്ടേകാലിനു തന്നെ അടിച്ചു ചരിത്രം സൃഷ്ടിച്ചിരുന്നു.