Wednesday, May 07, 2008

ലോനപ്പേട്ടന്റെ യോഗം

ചാലക്കുടിക്കാരനായ ലോനപ്പേട്ടന്‍ ഗള്‍ഫില്‍ വന്നത് കൊറെ കാശുണ്ടാക്കുക, നാട്ടില്‍ പോയി ഇഷ്ടമ്പോലെ ബ്രാന്‍ഡി കുടിക്കുക , സൌകര്യം കിട്ടിയാല്‍ നാട്ടിലുള്ള കെട്ട്യോളെ നാലു തെറിവിളിക്കുക എന്നീ ജീവിതാഭിലാഷങ്ങള്‍ക്കുമാത്രമായിരുന്നു. ഗള്‍ഫിലെ മേസ്തിരിപ്പണി കഴിഞ്ഞ് മിച്ചം കിട്ടിയത് പ്രഷറും കൊളസ്ട്രോളും മാത്രമാണ്. രാത്രി ഒരു ഡസന്‍ ഗുളികകളും അത് ദഹിക്കാനായി രണ്ട് പെഗ് ജാക്സനും (ആഫ്റ്റര്‍ ഷേവ് ലോഷന്‍. മിക്കവരും ഇതടിച്ചാണ് മദ്യനിരോധനമുള്ള ചില ഗള്‍ഫു നാടുകളില്‍ പൂസാവുന്നത്) അടിച്ചിട്ടാണ് ലോനപ്പേട്ടന്‍ കഴിഞ്ഞു പോന്നത്.

ഒരു ദിവസം മാര്‍ക്കറ്റില്‍ വെച്ചാണ് അത് കാണുന്നത്. ക്ലാ ക്ലാ ക്ലീ ക്ലീ അതാ ഇരിക്കുന്നു ഒരു ബോര്‍ഡ്.

'പ്രഷറും കൊളസ്ട്രോളും പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ യോഗ . 3 ദിവസം ഫ്രീ ട്രെയിനിങ് . ട്രെയിനര്‍ - വിനോദിനി അയ്യര്‍ . സ്ഥലം അബ്ബാസിയ. പ്രവേശനം ആദ്യത്തെ അന്‍പതു പേര്‍ക്ക് മാ‍ത്രം. സംഘാടനം : ട്രാക്കി (Trichur Association of Kuwait Youngsters)'


കൊളസ്ട്രോളിന്റെ ഡസന്‍‍ കണക്കിനു ഗുളികകള്‍ കഴിക്കുന്ന ലോനപ്പേട്ടന്റെ ഹൃദയം ഇതു കണ്ട് ഇരുമ്പുലക്ക പോലെ മേലേക്കും കീഴേക്കും കുതിച്ചു. ആനന്ദലബ്ദിക്കിനി എന്തു വേണം. യോഗ ചെയ്താല്‍ പ്രഷറും കൊളസ്ട്രോളും കുറയുമെന്ന്. ഏതായാലും 3 ദിവസത്തെ കാര്യമല്ലേ അതും ഒരു കിളിപോലത്തെ പട്ടരു പെണ്‍കുട്ടി. പോരാത്തതിനു മ്മടെ തൃശ്ശൂക്കാരുടെ പരിപാട്യല്ലേ. രെജിസ്റ്റര്‍ ചെയ്തേക്കാം.

വീട്ടിലെത്തി ആദ്യം തന്നെ ലോനപ്പേട്ടന്‍ ട്രാക്കിയുടെ ആപ്പീസിലേക്ക് വിളിച്ചു.

ഹലോ
ഹലോ .. അതെ ലവളുതന്നെ.
ട്രാക്കിയുടെ ആപ്പീസല്ലേ
യെസ്. മേ ഐ ഹെല്പ് യു .
യോഗ ട്രെയിനിങ്ങിനു രെജിസ്റ്റര്‍ ചെയ്യാനാ.
നീങ്ക പേര് ?
ലോനപ്പന്‍
ലോണ്അപ്പനോ
അല്ല ലോനപ്പന്‍. L O N A P P A N. മനസ്സിലായോ .
വയസ്സ് എവളാ ?
52
ടെലിഫോണ്‍ നമ്പര്‍
- - -
വ്യാഴാഴ്ച മുതല്‍ മൂന്നു നാള്‍ പരിപാടി. രാത്രി ഏളു മണി ടൈം.
ശരി
ഏളു മണിക്ക് ഒരു മണിക്കൂര്‍ മുന്നാടി തണ്ണിയടിക്കണം. അപ്പറം ഒന്നുമേ ശാപ്പിടാത്.
ശരി. ജാക്സന്‍ മത്യോ ?
ജാക്സന്‍.. .. എന്നാ‍ പുതു ബ്രാണ്ടാ‍ ? മസാഫി പോതും.. താങ്ക്യു.

ലോനപ്പേട്ടനു അത് പുതിയ അറിവായിരുന്നു. മസാഫി കമ്പനിയും ജാക്സന്റെ പോലെ തണ്ണി ഇറക്കി തുടങ്ങിയോ ? യോഗ ക്ലാസിനു മുമ്പ് തണ്ണിയടിക്കണമെന്ന കാര്യവും പുതിയ അറിവാണ്. അപ്പൊ മൊത്തത്തില്‍ സംഗതി കൊള്ളാം. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന്.

വ്യാഴാഴ്ച പതിവിലും നേരത്തെ ജോലി കഴിച്ച് റൂമിലെത്തി, ലോനപ്പേട്ടന്‍ റെഡിയായി. അറിയാവുന്ന സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ മസാഫിയുടെ ആഫ്റ്റര്‍ ഷേവ് അന്വേഷിച്ചു. കിട്ടിയില്ല. പിന്നെ രണ്ടും കല്പിച്ച് കൃത്യം ആറുമണിക്ക് തന്നെ സാധാരണ കഴിക്കുന്നതിനേക്കാള്‍ ഒരു പെഗ് കൂടുതല്‍ ജാക്സന്‍ ഒരു ഗ്ലാസിലെടുത്തു. രൂപക്കൂടിലേക്ക് നോക്കി അന്തോനീസ് പുണ്യാളനെ സാക്ഷിയാക്കി ഒറ്റവലിക്ക് കുടിച്ചവസാനിപ്പിച്ചു. പിന്നെ ടാക്സി പിടിച്ച് ട്രാക്കി പറഞ്ഞ അബ്ബാസിയയിലേക്ക് വെച്ചു പിടിച്ചു.

കൃത്യം ഏഴുമണിക്ക് തന്നെ യോഗാ ക്ലാസില്‍ ചെന്നു. ക്ലാസ് നടക്കുന്ന റൂമിലേക്ക് പാളിനോക്കി. അന്‍പതു പേര്‍ക്ക് നില്‍ക്കാന്‍ കഷ്ടിച്ച് സ്ഥലമുള്ള റൂമില്‍ നൂറോളം പേരുണ്ട്. എല്ലാം മധ്യവയസ്സു പിന്നിട്ട ചെറുപ്പക്കാര്‍. പലരും പുല്‍പ്പായയൊക്കെയായാണ് വന്നിരിക്കുന്നത്. ഇനി കിടപ്പും ഇവിടെയാവുമോ ? മൂട്ടകള്‍ അതിരു തിരിച്ച് പെയിന്റിങ് നടത്തി അടുക്കളയുടെ മൂലയ്ക്കല്‍ കുത്തിച്ചാരി നിര്‍ത്തിയ ആ പഴയ പായ എടുക്കാതെ വന്നതില്‍ ലോനപ്പേട്ടന്‍ കുണ്ഠിതപ്പെട്ടു.

ലോനപ്പേട്ടന്‍ ഒരു സൈഡ് പിടിച്ച് ചാരി നിന്നു. കൂടിനിന്നവര്‍ പലരും യോഗയുടെ ഗുണഗണങ്ങളെപ്പറ്റിയും രോഗശാന്തിയെപ്പറ്റിയും സംസാരിക്കുന്നു. യോഗ ചെയ്ത് ഒരാളുടെ ചൊറിച്ചില്‍ ഒരാഴ്ചകൊണ്ട് മാറിയതും യോഗ ചെയ്തതിനു ശേഷം പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നതും ഒരു മാസം കൊണ്ട് എയ്ഡ്സ് മാറിയതുമെല്ലാം കൂലങ്കഷമായി ചര്‍ച്ച ചെയ്തു.

എല്ലാം കഴിഞ്ഞ് ഏഴുമണിക്ക് തുടങ്ങേണ്ട ക്ലാസ് തുടങ്ങിയപ്പോള്‍ ഏഴരയായി.

മുറിയുടെ ഏറ്റവും മുന്നിലായി ഒരു മേശ ഇട്ടിരുന്നു. മുഖത്ത് അരക്കിലോ കുട്ടിക്കുറയും നെറ്റിയില്‍ പപ്പടവട്ടത്തില്‍ കുങ്കുമവും പൂശി ടീഷര്‍ട്ടും ട്രാക്ക് സൂട്ടുമിട്ട് അന്‍പതു പിന്നിട്ട ഒരു മഹതി ആ മേശയ്ക്കു മുന്നില്‍ വന്നു നിന്നു.

ട്രെയിനര്‍ വിനോദിനി അയ്യര്‍.
വന്നപാടെ മേശയില്‍ കയറി ‍ ഇരുന്നു. ഏതോ റിട്ടയര്‍ ചെയ്ത ടീച്ചറാണെന്ന് തോന്നുന്നു.
ലോനപ്പേട്ടന്റെ മുഖം പാമ്പിനെ കണ്ട വെരുകിനെപ്പോലെയായി.
ആള്‍ സ്റ്റാന്‍ഡ് അപ്പ്
സിറ്റ് ഡൌണ്‍.
എവിടെ ഇരിക്കാന്‍. ചിലര്‍ നിന്നു. ചിലര്‍ ഇരുന്നു.
ആദ്യം ശവാസനമാണ്.
പായ കൊണ്ടുവന്നവര്‍ തിക്കി തിരക്കി പായയിട്ടു.
സമാധാനം. ആദ്യം കണ്ട പായില്‍ കയറി ലോനപ്പേട്ടന്‍ കിടന്നു.
എല്ലാവരും നിവര്‍ന്ന് കിടക്കൂ.. കണ്ണുകള്‍ അടച്ച്.. കൈകാലുകള്‍ ഫ്രീയാക്കിയിടണം. .. ശ്വാ‍സം മുകളിലോട്ട് എടുക്കണം. ലോനപ്പേട്ടന്‍ ശ്വാസമെടുത്തു.

പുലര്‍ച്ച കണ്ണു തുറന്നു നോക്കുമ്പോള്‍ മാത്രമാണ് താന്‍ കിടന്നിരുന്നത് ഏതോ ഫ്ലാറ്റിന്റെ വരാന്തയിലാണെന്ന് ലോനപ്പേട്ടനു മനസ്സിലായത്. ട്രാക്കിയുടെ യോഗ ക്ലാസ്സിന്റെ ഫ്ലെക്സ് ബോര്‍ഡിന്റെ ഒരു കഷണം കൊണ്ട് കഴുത്തുമുതല്‍ കാലു വരെ തണുപ്പടിക്കാതിരിക്കാന്‍ ആരോ മൂടിയിട്ടിരുന്നു..

അതിനു ശേഷം ദിവസവും കിടക്കുന്നതിനു കൃത്യം ഒരു മണിക്കുര്‍ മുമ്പ് ജാക്സന്‍ രണ്ട് പെഗ് കഴിക്കുകയും ശവാസനത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ലോനപ്പേട്ടന്‍ ശീലമാക്കി. ഇപ്പോള്‍ കൊളസ്ട്രോളിനും പ്രഷറിനും നല്ല കുറവുണ്ടത്രേ ..