Wednesday, August 06, 2008

പ്രഷര്‍

എന്തായാലും ഇത്തവണ വേലായിയുടെ വേലത്തരങ്ങളിലൊന്നും തന്നെ തോറ്റുകൊടുക്കരുതെന്ന ഉറച്ച വാശിയോടെത്തന്നെയാണ് പാങ്ങു സെന്ററില്‍ അയ്മുട്ടിമാപ്പിള മീങ്കച്ചോടം നടത്തുന്നതിന്റെ അടുത്ത് വേലായി ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടപ്പോഴും ഒഴിഞ്ഞുമാറാതെ അവിടെ തന്നെ നിന്നത്.
എന്നെ കണ്ടതും വേലായി ഓടി അടുത്തു വന്നു. ചിലപ്പോള്‍ വേലായി അങ്ങനെയാണ് .. ചക്കയുടെ മൊളിഞ്ഞീന്‍ പോലെ ഒരു ഒട്ടലുണ്ട്.
അടുത്തെത്തിയപ്പോഴാണ് തുറുപ്പ് ചീട്ട് മനസ്സിലായത്. കയ്യില്‍ ഒരു ബ്രാലിന്റെ (വരാല്‍) കുട്ടിയുണ്ട്. രണ്ട് വിരലിന്റെ നീളമേയുള്ളൂ..
'ദേ... പെടയ്ക്കണ മൊതല് കണ്ടാ..'
വേലായി കയ്യിലെ മീനെടുത്ത് പൊന്തിച്ച് പിടിച്ച് ഒന്ന് വിറപ്പിച്ചു..
'ഉവ്വ് .. ഉവ്വ്..'
'എന്റെ വേലായിയേ.. ഒന്നൊന്നര മണിക്കൂറായി നീയ്യീ മീനും കയ്യീപ്പിടിച്ച് ഇവിടെ കറങ്ങാന്‍ തൊടങ്ങീട്ട്.. ഒന്നോലെ കിട്ട്യേ വെലയ്ക്ക് അദിനെ വിറ്റട്ട് സ്ഥലം കാല്യാക്കാന്‍ നോക്ക്വ.. അല്ലെങ്കില്‍ ആ മീനെ എട്ത്ത് ട്ട് ആ തോട്ടില്‍ക്ക് ഇട്ട് നീയ് സ്ഥലം കാല്യാക്കാന്‍ നോക്ക്.. '
'ഞാനീ മീനും കൊണ്ടിരിക്കണേന് അയ്മുട്ട്യാപ്ലയ്ക്ക് എന്താ ..'
'നീയ്യീ പീക്കുര്‍ണി മീനും കൊണ്ടിരിക്കുന്നതല്ല പ്രശ്നം..എന്റെ കഷ്ടമേഴ്സിനെയാണ് നീയ്യ് അതുമിതും പറഞ്ഞ് മീന്‍ വേടിപ്പിക്കാണ്ട് വിടണത്. '
'രണ്ടാഴ്ചയായ മീനല്ലേ അയ്മുട്ട്യാപ്ല ഇങ്ങനെ പെടയ്ക്കണ മീനേ.. പെടയ്ക്കണ മീനേ ന്ന് പറഞ്ഞ് വില്‍ക്കണെ..'
'മീന്‍ വെട്ടണ കത്ത്യാന്നൊന്നും ഞാന്‍ നോക്കില്ല.. എണീറ്റ് പോടാവ്ട്ന്ന്..'
'ഒവ്വ് .. താന്‍ കോപ്പുണ്ടാക്കും.. 'വേലായി മീനെടുത്ത് ഒന്നുകൂടി തുള്ളി.
'വേലായേ . ഇപ്പ എന്താ പ്രശ്നം ?.. നീയിപ്പൊ മീങ്കച്ചോടോം തൊടങ്ങ്യാ..?'
'എന്തൂട്ടാ ചെയ്യാ .. ഞാനൊരു മണിക്കൂറ് ചൂണ്ട യിട്ട് കിട്ടീതാ ഈ മൊതലിനെ.. ഒരെണ്ണം വാങ്ങിക്കില്യാന്ന് വെച്ചാ...'
'നീയതിനു താങ്ങാന്‍ പറ്റാത്ത വെലയല്ലേ പറയണെ..?'
'ന്തൂട്ട്.. ദേ ഈ സാധനം ഒരു ഒന്നൊന്നര കിലോ കാണും.എനിക്കൊരു നൂറ്റന്‍പത് കിട്ട്യാ അപ്പ കൊടുക്കും..'
'പിന്നെ.. ഇത് ഒരു കാല്‍ക്കിലോനു മേലെ ണ്ടാവില്ല..'
'താന്‍ വേടിക്കണ്ട്രോ അയ്മുട്ട്യാപ്ലെ..'
'ഇപ്പൊ വാസ്വേട്ടന്റെ അവിട്യൊന്നും കൊണ്ട് കൊടുക്കാറില്ലേ ? '
'ഏയ്..വാസേട്ടനു ഇപ്പ് ഞാന്‍ കൊണ്ട് കൊടക്കണ മീന്‍ വേണ്ടാന്നാ പറയണെ.. ഇപ്പൊ ഷാപ്പില് ചെലവും കൊറവാത്രേ.. അപ്പ ഞാന്‍ ന്താ ചെയ്യാ....രാത്ര്യാവുമ്പോ ന്തൂട്ടെങ്കിലും വായേല് വെക്കണ്ടേ... '
'അത് വേണം..'
'പോരാത്തേന് ഇപ്പൊ കൊറേശ്ശെ പ്രഷറും ണ്ട്ന്നാ സൈമന്‍ ഡോക്ടറ് പറയണെ..'
'ങാ ഹ.. അതു ശരി.. അപ്പോ വേലായിക്കും പ്രഷറ് ഉണ്ടാ ? എന്ന് കിട്ടീ..?'
'കഴിഞ്ഞേന്റെ മുമ്പത്തെ മാസം വെറുതെ ഒരു പനി.. പനികൂട്യേപ്പൊ ദിവാകരേട്ടന്‍ പറഞ്ഞു ചെലപ്പൊ എലിപ്പന്യാവുന്നു.. ഒന്ന് ഡോക്ടറെ കണ്ടോളാന്‍ പറഞ്ഞു... സൈമന്‍ ഡോക്ടറ് കണ്ടെപ്പൊ തന്നെ പറഞ്ഞു ഇത് എലിപ്പന്യോന്നല്ലാന്ന്. പിന്നെ എന്റെ കയ്യിമ്മെ ഒരു ഊരാങ്കുടുക്ക് പോലത്തെ സാധനം കെട്ടീട്ട് ന്തൂട്ടൊക്ക്യാ ചെയ്തു. ന്ന് ട്ടാ പറഞ്ഞെ എനിക്ക് പ്രഷറ് ഉണ്ട്ന്ന്..'
'എത്ര്യയുണ്ട് ?'
'ഇപ്പൊ കാല്‍ കിലോ ഉണ്ടത്രേ..'
'കാല്‍ കിലോയോ ? '
'അതേന്ന്.. ഇപ്പൊ കാല്‍ക്കിലോ ണ്ട്. അരകിലോ ആയാല്‍ പൂച്ചക്കൂന്നത്തേക്ക് കൊണ്ടോക്കോളാന്ന് പറഞ്ഞു..'
(പൂച്ചക്കുന്ന്.. പൊതുശ്മശാനം.)
'മരുന്നൊന്നും ഇല്യേ ?'
'പിന്നെ.. മൂന്ന് നേരം ണ്ട്.. ഇപ്പൊ പ്രഷറ് എല്ലാര്‍ക്കും ണ്ട്ന്നാ പറേണേ.. മ്മടെ പ്രധാനമന്ത്രിക്ക് വരെ പ്രഷറുണ്ടത്രെ..'
'പ്രധാനമന്ത്രിക്കോ ? '
'അദേന്ന്.. ആവണക്കെണ്ണ വേണന്ന് ഒരു കൂട്ടര്‍.. വേണ്ടാന്ന് വേറൊരു കൂട്ടര്.. പ്രധാനമന്ത്രിക്ക് പ്രഷറ് വരാന്‍ വേറെ വല്ലതും വേണാ ? മ്മടെ കുര്യാക്കേട്ടന്റെ പറമ്പില് എന്തോരം ആവണക്കുരുവാണ് ആരും നോക്കാണ്ട് ഇങ്ങനെ വീണു പോണത്.. കൊറച്ച് അവിട്ന്ന് പറക്കീയിട്ട് ആ ഇഞ്ചത്തില് കൊണ്ടോയി ആട്ടി എണ്ണ്യാക്കി വേണ്ടോര്‍ക്ക് അതാ കൊടുത്തൂടെ ..'
'എന്റെ വേലായേ.. ആവണക്കെണ്ണ്യല്ല. ആണവക്കരാര്‍..'
'ന്തൂട്ട് തേങ്ങ്യായാലും സംഗതി ആവണക്കെണ്ണ്യല്ലേ...'

ഇനിയും അവിടെ നിന്നാല്‍ ആരും വാങ്ങാത്ത ആ ബരാല് വേലായി എന്റെ തലയില്‍ കെട്ടിവെക്കുമെന്ന സംശയം ... എത്രയും പെട്ടന്ന് സ്കൂട്ടായി..

Wednesday, May 07, 2008

ലോനപ്പേട്ടന്റെ യോഗം

ചാലക്കുടിക്കാരനായ ലോനപ്പേട്ടന്‍ ഗള്‍ഫില്‍ വന്നത് കൊറെ കാശുണ്ടാക്കുക, നാട്ടില്‍ പോയി ഇഷ്ടമ്പോലെ ബ്രാന്‍ഡി കുടിക്കുക , സൌകര്യം കിട്ടിയാല്‍ നാട്ടിലുള്ള കെട്ട്യോളെ നാലു തെറിവിളിക്കുക എന്നീ ജീവിതാഭിലാഷങ്ങള്‍ക്കുമാത്രമായിരുന്നു. ഗള്‍ഫിലെ മേസ്തിരിപ്പണി കഴിഞ്ഞ് മിച്ചം കിട്ടിയത് പ്രഷറും കൊളസ്ട്രോളും മാത്രമാണ്. രാത്രി ഒരു ഡസന്‍ ഗുളികകളും അത് ദഹിക്കാനായി രണ്ട് പെഗ് ജാക്സനും (ആഫ്റ്റര്‍ ഷേവ് ലോഷന്‍. മിക്കവരും ഇതടിച്ചാണ് മദ്യനിരോധനമുള്ള ചില ഗള്‍ഫു നാടുകളില്‍ പൂസാവുന്നത്) അടിച്ചിട്ടാണ് ലോനപ്പേട്ടന്‍ കഴിഞ്ഞു പോന്നത്.

ഒരു ദിവസം മാര്‍ക്കറ്റില്‍ വെച്ചാണ് അത് കാണുന്നത്. ക്ലാ ക്ലാ ക്ലീ ക്ലീ അതാ ഇരിക്കുന്നു ഒരു ബോര്‍ഡ്.

'പ്രഷറും കൊളസ്ട്രോളും പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ യോഗ . 3 ദിവസം ഫ്രീ ട്രെയിനിങ് . ട്രെയിനര്‍ - വിനോദിനി അയ്യര്‍ . സ്ഥലം അബ്ബാസിയ. പ്രവേശനം ആദ്യത്തെ അന്‍പതു പേര്‍ക്ക് മാ‍ത്രം. സംഘാടനം : ട്രാക്കി (Trichur Association of Kuwait Youngsters)'


കൊളസ്ട്രോളിന്റെ ഡസന്‍‍ കണക്കിനു ഗുളികകള്‍ കഴിക്കുന്ന ലോനപ്പേട്ടന്റെ ഹൃദയം ഇതു കണ്ട് ഇരുമ്പുലക്ക പോലെ മേലേക്കും കീഴേക്കും കുതിച്ചു. ആനന്ദലബ്ദിക്കിനി എന്തു വേണം. യോഗ ചെയ്താല്‍ പ്രഷറും കൊളസ്ട്രോളും കുറയുമെന്ന്. ഏതായാലും 3 ദിവസത്തെ കാര്യമല്ലേ അതും ഒരു കിളിപോലത്തെ പട്ടരു പെണ്‍കുട്ടി. പോരാത്തതിനു മ്മടെ തൃശ്ശൂക്കാരുടെ പരിപാട്യല്ലേ. രെജിസ്റ്റര്‍ ചെയ്തേക്കാം.

വീട്ടിലെത്തി ആദ്യം തന്നെ ലോനപ്പേട്ടന്‍ ട്രാക്കിയുടെ ആപ്പീസിലേക്ക് വിളിച്ചു.

ഹലോ
ഹലോ .. അതെ ലവളുതന്നെ.
ട്രാക്കിയുടെ ആപ്പീസല്ലേ
യെസ്. മേ ഐ ഹെല്പ് യു .
യോഗ ട്രെയിനിങ്ങിനു രെജിസ്റ്റര്‍ ചെയ്യാനാ.
നീങ്ക പേര് ?
ലോനപ്പന്‍
ലോണ്അപ്പനോ
അല്ല ലോനപ്പന്‍. L O N A P P A N. മനസ്സിലായോ .
വയസ്സ് എവളാ ?
52
ടെലിഫോണ്‍ നമ്പര്‍
- - -
വ്യാഴാഴ്ച മുതല്‍ മൂന്നു നാള്‍ പരിപാടി. രാത്രി ഏളു മണി ടൈം.
ശരി
ഏളു മണിക്ക് ഒരു മണിക്കൂര്‍ മുന്നാടി തണ്ണിയടിക്കണം. അപ്പറം ഒന്നുമേ ശാപ്പിടാത്.
ശരി. ജാക്സന്‍ മത്യോ ?
ജാക്സന്‍.. .. എന്നാ‍ പുതു ബ്രാണ്ടാ‍ ? മസാഫി പോതും.. താങ്ക്യു.

ലോനപ്പേട്ടനു അത് പുതിയ അറിവായിരുന്നു. മസാഫി കമ്പനിയും ജാക്സന്റെ പോലെ തണ്ണി ഇറക്കി തുടങ്ങിയോ ? യോഗ ക്ലാസിനു മുമ്പ് തണ്ണിയടിക്കണമെന്ന കാര്യവും പുതിയ അറിവാണ്. അപ്പൊ മൊത്തത്തില്‍ സംഗതി കൊള്ളാം. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന്.

വ്യാഴാഴ്ച പതിവിലും നേരത്തെ ജോലി കഴിച്ച് റൂമിലെത്തി, ലോനപ്പേട്ടന്‍ റെഡിയായി. അറിയാവുന്ന സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ മസാഫിയുടെ ആഫ്റ്റര്‍ ഷേവ് അന്വേഷിച്ചു. കിട്ടിയില്ല. പിന്നെ രണ്ടും കല്പിച്ച് കൃത്യം ആറുമണിക്ക് തന്നെ സാധാരണ കഴിക്കുന്നതിനേക്കാള്‍ ഒരു പെഗ് കൂടുതല്‍ ജാക്സന്‍ ഒരു ഗ്ലാസിലെടുത്തു. രൂപക്കൂടിലേക്ക് നോക്കി അന്തോനീസ് പുണ്യാളനെ സാക്ഷിയാക്കി ഒറ്റവലിക്ക് കുടിച്ചവസാനിപ്പിച്ചു. പിന്നെ ടാക്സി പിടിച്ച് ട്രാക്കി പറഞ്ഞ അബ്ബാസിയയിലേക്ക് വെച്ചു പിടിച്ചു.

കൃത്യം ഏഴുമണിക്ക് തന്നെ യോഗാ ക്ലാസില്‍ ചെന്നു. ക്ലാസ് നടക്കുന്ന റൂമിലേക്ക് പാളിനോക്കി. അന്‍പതു പേര്‍ക്ക് നില്‍ക്കാന്‍ കഷ്ടിച്ച് സ്ഥലമുള്ള റൂമില്‍ നൂറോളം പേരുണ്ട്. എല്ലാം മധ്യവയസ്സു പിന്നിട്ട ചെറുപ്പക്കാര്‍. പലരും പുല്‍പ്പായയൊക്കെയായാണ് വന്നിരിക്കുന്നത്. ഇനി കിടപ്പും ഇവിടെയാവുമോ ? മൂട്ടകള്‍ അതിരു തിരിച്ച് പെയിന്റിങ് നടത്തി അടുക്കളയുടെ മൂലയ്ക്കല്‍ കുത്തിച്ചാരി നിര്‍ത്തിയ ആ പഴയ പായ എടുക്കാതെ വന്നതില്‍ ലോനപ്പേട്ടന്‍ കുണ്ഠിതപ്പെട്ടു.

ലോനപ്പേട്ടന്‍ ഒരു സൈഡ് പിടിച്ച് ചാരി നിന്നു. കൂടിനിന്നവര്‍ പലരും യോഗയുടെ ഗുണഗണങ്ങളെപ്പറ്റിയും രോഗശാന്തിയെപ്പറ്റിയും സംസാരിക്കുന്നു. യോഗ ചെയ്ത് ഒരാളുടെ ചൊറിച്ചില്‍ ഒരാഴ്ചകൊണ്ട് മാറിയതും യോഗ ചെയ്തതിനു ശേഷം പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നതും ഒരു മാസം കൊണ്ട് എയ്ഡ്സ് മാറിയതുമെല്ലാം കൂലങ്കഷമായി ചര്‍ച്ച ചെയ്തു.

എല്ലാം കഴിഞ്ഞ് ഏഴുമണിക്ക് തുടങ്ങേണ്ട ക്ലാസ് തുടങ്ങിയപ്പോള്‍ ഏഴരയായി.

മുറിയുടെ ഏറ്റവും മുന്നിലായി ഒരു മേശ ഇട്ടിരുന്നു. മുഖത്ത് അരക്കിലോ കുട്ടിക്കുറയും നെറ്റിയില്‍ പപ്പടവട്ടത്തില്‍ കുങ്കുമവും പൂശി ടീഷര്‍ട്ടും ട്രാക്ക് സൂട്ടുമിട്ട് അന്‍പതു പിന്നിട്ട ഒരു മഹതി ആ മേശയ്ക്കു മുന്നില്‍ വന്നു നിന്നു.

ട്രെയിനര്‍ വിനോദിനി അയ്യര്‍.
വന്നപാടെ മേശയില്‍ കയറി ‍ ഇരുന്നു. ഏതോ റിട്ടയര്‍ ചെയ്ത ടീച്ചറാണെന്ന് തോന്നുന്നു.
ലോനപ്പേട്ടന്റെ മുഖം പാമ്പിനെ കണ്ട വെരുകിനെപ്പോലെയായി.
ആള്‍ സ്റ്റാന്‍ഡ് അപ്പ്
സിറ്റ് ഡൌണ്‍.
എവിടെ ഇരിക്കാന്‍. ചിലര്‍ നിന്നു. ചിലര്‍ ഇരുന്നു.
ആദ്യം ശവാസനമാണ്.
പായ കൊണ്ടുവന്നവര്‍ തിക്കി തിരക്കി പായയിട്ടു.
സമാധാനം. ആദ്യം കണ്ട പായില്‍ കയറി ലോനപ്പേട്ടന്‍ കിടന്നു.
എല്ലാവരും നിവര്‍ന്ന് കിടക്കൂ.. കണ്ണുകള്‍ അടച്ച്.. കൈകാലുകള്‍ ഫ്രീയാക്കിയിടണം. .. ശ്വാ‍സം മുകളിലോട്ട് എടുക്കണം. ലോനപ്പേട്ടന്‍ ശ്വാസമെടുത്തു.

പുലര്‍ച്ച കണ്ണു തുറന്നു നോക്കുമ്പോള്‍ മാത്രമാണ് താന്‍ കിടന്നിരുന്നത് ഏതോ ഫ്ലാറ്റിന്റെ വരാന്തയിലാണെന്ന് ലോനപ്പേട്ടനു മനസ്സിലായത്. ട്രാക്കിയുടെ യോഗ ക്ലാസ്സിന്റെ ഫ്ലെക്സ് ബോര്‍ഡിന്റെ ഒരു കഷണം കൊണ്ട് കഴുത്തുമുതല്‍ കാലു വരെ തണുപ്പടിക്കാതിരിക്കാന്‍ ആരോ മൂടിയിട്ടിരുന്നു..

അതിനു ശേഷം ദിവസവും കിടക്കുന്നതിനു കൃത്യം ഒരു മണിക്കുര്‍ മുമ്പ് ജാക്സന്‍ രണ്ട് പെഗ് കഴിക്കുകയും ശവാസനത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ലോനപ്പേട്ടന്‍ ശീലമാക്കി. ഇപ്പോള്‍ കൊളസ്ട്രോളിനും പ്രഷറിനും നല്ല കുറവുണ്ടത്രേ ..

Saturday, March 29, 2008

കൊച്ചന്തോണിച്ചേട്ടന്റെ വിധി

മുംബയിലെ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചന്തോണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നത് സ്വന്തമായുള്ള ഒരേയൊരു സമ്പാദ്യമായ ഭാര്യ കത്രീനയുമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്ന് തറവാട്ടുവകയായി കിട്ടിയ ഭൂമിയില്‍ ഒരു വീട് വെച്ച് താമസിക്കണമെന്നു മാത്രമായിരുന്നു. ഉണ്ടായിരുന്ന രണ്ടു പെമ്പിള്ളാരെ കെട്ടിച്ചുവിട്ടപ്പോള്‍ തന്നെ കൊച്ചന്തോണിച്ചേട്ടന്‍ വിചാരിച്ചു തുടങ്ങിയതാ‍ണ്. കത്രീനകൈഫിന്റെ അത്ര ഗ്ലാമറില്ലെങ്കിലും കൊച്ചന്തോണിച്ചേട്ടനേക്കാള്‍ ഉയരമുള്ള കത്രീനച്ചേടത്തിയ്ക്ക് മുംബെ വിട്ടുപോരാന്‍ ഒരു മടി. മുംബെയില്‍ ഒരു കോണ്‍ വെന്റ് സ്കൂളില്‍ ടീച്ചറായതോണ്ടായിരിക്കും മലയാളത്തില്‍ സംസാരിക്കുന്നത് തന്നെ ചേടത്തിക്ക് അലര്‍ജ്ജിയാണ്.

കുരിയച്ചിറയില്‍ കൊള്ളിവിറ്റു നടന്നിരുന്ന കൊള്ളിത്തോമയുടെ മൂത്ത മോളായ കത്രുവിനെ, ‘കത്രീന ആന്റണി, എം.എ. ബി.എഡ്’ എന്ന നെയിം ബോര്‍ഡ് ബോര്‍വിലിയിലെ അവരുടെ അപ്പാര്‍ട്ടുമെന്റില്‍ തൂക്കിയിടാന്‍ പാകത്തിലാക്കിയെടുക്കാന്‍ കൊച്ചന്തോണിച്ചേട്ടന്‍ പെട്ടപാട് നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല.

അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍, കൊച്ചന്തോനിച്ചേട്ടന്‍ തന്റെ തറവാടുവക സ്ഥലത്ത് കത്രീനച്ചേടത്തിക്ക് ഇഷ്ടമില്ലാഞ്ഞിട്ടുപോലും സാമാന്യം ഭേദപ്പെട്ട ഒരു മാളിക പണിതു. ചേടത്തിയെ അല്പം നിര്‍ബന്ധിച്ചിട്ടാണെങ്കിലും മുംബെയില്‍ നിന്നും കൊണ്ടു വന്നു താമസം തുടങ്ങി.

അതുവരെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധം ശ്വസിച്ചു തുടങ്ങിയപ്പോഴാണ് കൊച്ചന്തോണിച്ചെട്ടനു പല കാര്യങ്ങളും മനസ്സിലായിത്തുടങ്ങിയത്.

മുംബെയില്‍ ഉള്ളപ്പോള്‍ കത്രീനച്ചേടത്തിക്ക് ഉച്ചക്ക് ഉണ്ടില്ലെങ്കിലും നിര്‍ബന്ധമായിരുന്ന ഒരു കാര്യം, കാലത്ത് കൊച്ചന്തോണിച്ചേട്ടനുമായി ബോര്‍വിലിയിലെ തബേലകളുടെ സുഗന്ധവുമാസ്വദിച്ച് ഒരുമണിക്കുര്‍ ജോഗിങ്. മെയ്യനങ്ങി കാര്യമായൊന്നും ചെയ്യാത്ത ചേടത്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഈ ജോഗിങ്ങായിരുന്നു.

നാട്ടില്‍ വന്ന് പിറ്റേന്നു കാലത്തു തന്നെ ട്രാക് സ്യൂട്ടുമിട്ട് ചേട്ടനെ നിര്‍ബന്ധിച്ച് കര്‍മ്മരംഗത്തിറക്കി. ആ പറമ്പില്‍ തന്നെ നാലു റൌണ്ടടിച്ചാല്‍ മതിയെന്ന് കൊച്ചന്തോണിച്ചേട്ടന്‍ പലപ്രാവശ്യം പറഞ്ഞതാണ്. ചേടത്തിക്ക് മെയിന്‍ റോഡിലൂടെ തന്നെ ഈ വേഷത്തില്‍ ജോഗിങ് നടത്തണമെന്ന് നിര്‍ബന്ധം. ‘എന്താ എനിക്ക് റോഡിലൂടെ ഓടിയാലെ’ന്ന് മണിച്ചിത്രത്താഴ് ശൈലിയില്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ പല പഴയ കാര്യങ്ങളും ഓര്‍ത്ത് ചേടത്തിയുടെ കൂടെ റോഡിലിറങ്ങി.

ഏഴുമണിയുടെ കുര്‍ബാനയ്ക്ക് വടിയും കുത്തിപ്പിടിച്ച് പോയിരുന്ന എറപ്പായിച്ചേട്ടനാണ് ആദ്യം ഇവരെ കണ്ടത്.
‘മൂത്തമോള് എന്നാ വന്നേ കൊച്ചന്തോണ്യേ ?’
ഒന്നും മിണ്ടാതെ കൊച്ചന്തോണിച്ചേട്ടന്‍ ചേടത്തിയെ ഒന്ന് നോക്കി ഓട്ടം തുടര്‍ന്നു.
‘കണ്ടോ.. ഇവിടെയുള്ള ആള്‍ക്കാര്‍ക്കൊക്കെ വിവരം വെച്ചു തുടങ്ങി..’ യെന്ന് ചേടത്തി.
ഉവ്വ്.. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന ചിന്തയിലായിരുന്നു കൊച്ചന്തോണിച്ചേട്ടന്‍.

മുംബെയില്‍ അടുക്കളപ്പണിക്ക് ഒരു സെര്‍വന്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് കൊച്ചന്തോണിച്ചേട്ടന്‍ പട്ടിണികിടക്കാതെ ജീവിച്ചുപോന്നതെന്നു പറയാം. അടുക്കളപ്പണി ചേടത്തിയ്ക്ക് അത്ര പോര. അതോ ചേട്ടന്‍ എല്ലാം ഉണ്ടാക്കി മേശപ്പുറത്തെത്തിക്കുമെന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ടോ...

നാട്ടിലെത്തിയപ്പോളാണ് വീട്ടിലെ പണിക്ക് ഒരാളെ കിട്ടാന്‍ മുംബെയിലെ പോലെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായത്. വഴിയില്‍ കണ്ടവരോടൊക്കെ ചേട്ടന്‍ തന്റെ ആവശ്യം പറഞ്ഞു. ഒടുവില്‍ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഒരുത്തിയെ കിട്ടിയത്. പാങ്ങ് സെന്ററിലെ യൂണിയങ്കാരന്‍ (ചുമടെടുപ്പ് തൊഴിലാളി) കുഞ്ഞാപ്പുവിന്റെ രെജിസ്റ്റ്രേഡ് ഭാര്യ ശാന്ത. പേരുപോലെ തന്നെ ശാന്തപ്രകൃതി. കാലത്തുമുതല്‍ ഉച്ചവരെ ആത്മാര്‍ത്ഥതയോടെയും ശുഷ്കാന്തിയോടെയും ശാന്ത വീട്ടുപണികള്‍ ചെയ്തു പോന്നു. കൊച്ചന്തോണിച്ചേട്ടന്‍ ഹാപ്പി. ചേടത്തി അതിനേക്കാള്‍ ഹാപ്പി.

അങ്ങനെ ഒരു ദിവസം കാലത്ത്, കൊച്ചന്തോണിച്ചേട്ടന്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരുന്നപ്പോഴാണ് ചേടത്തിയ്ക്ക് ബോറഡിച്ചു തുടങ്ങിയത്. കേബിള്‍ ലൈനില്‍ പ്രശനമുള്ള കാരണം ടിവി പണിമുടക്കിലും.

ശാന്ത ടിവി റും തുടയ്ക്കുമ്പോഴാണ് ചേടത്തി അതു പറഞ്ഞത്.
‘ശാന്തേ.. എനിക്ക് ബോറഡിക്കുന്നു.. ‘
ശാന്ത ഒന്ന് ചിരിച്ചു.
‘ശാന്തേ.. നമുക്ക് ആ സോളാറില്‍ക്ക് ഒന്ന് പോയാലോ .. ‘
ശാന്ത തുടയ്ക്കലു നിര്‍ത്തി നിവര്‍ന്ന് നിന്ന് ചേടത്തിയെ ഒന്ന് നോക്കി.
‘അതേടി ശാന്തേ.. നമുക്ക് ആ സോളാറ് ബാറിലൊന്ന് പൂവ്വാം .. കുറച്ച് നാളായി ഒരു സ്മാളടിച്ചിട്ട്...കൊച്ചന്തോണിച്ചേട്ടന്‍ പ്രഷറുകാരണം സ്മാളടി നിര്‍ത്ത്യേക്കാ. ‘
ശാന്ത പൊട്ടിച്ചിരിച്ചു.
‘ഈ ചേട്ത്ത്യാര്‍ക്കെ എന്തെ.. ‘
‘ഒരു സ്മാളടിച്ചൂന്ന് വെച്ചിട്ട് ഒന്നുണ്ടാവാന്‍ പോണില്ലേറീ..നീയൊരു കമ്പനിയ്ക്ക് വന്നാ മദി.. ബാക്ക്യൊക്കെ ഞാനേറ്റു..’
‘ഏയ്.. ഞാനൊന്നുല്യ...‘
‘നമ്മടെ നാട് നന്നാവില്ല....’ ചേടത്തിയുടെ ആത്മഗതം.

അന്ന് രാത്രി കുഞ്ഞാപ്പു ഫിറ്റായി വന്ന് റേഷന്‍ വിഹിതമായി ശാന്തയ്ക്ക് കൊടുക്കുന്ന തെറിവിളിയും കലമേറും വാളുവെപ്പും കഴിഞ്ഞ് സസുഖം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ശാന്ത ശാന്തമായതു പറഞ്ഞത്.
‘ഇന്ന് മ്മടെ കത്രീനേട്ത്തിയാരു പറയാ.. സോളാറില്‍ക്ക് എന്നോട് കൂടെ വരാന്‍ പറ്റ്വോന്ന്..’
കുഞ്ഞാ‍പ്പുവിന്റെ കെട്ടെല്ലാം വിട്ടു. പായില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ഒരു ബീഡിയ്ക്ക് തീകൊളുത്തി തിണ്ണയിലിരുന്നു.
നേരം കുറെയായിട്ടും കുഞ്ഞാപ്പു തിരിച്ച് വന്ന് കിടക്കാത്തതുകൊണ്ട് ശാന്ത എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.
‘ആ മഞ്ഞത്തിരിക്കാണ്ട് വന്ന് കെട്ക്കാ‍ന്‍ നോക്ക് മനുഷ്യാ...’
കുഞ്ഞാപ്പു വിദൂരതയിലേക്ക് നോക്കി ഇതികര്‍ത്തവ്യഥാമൂഢനായി അങ്ങനെ ഇരിക്കുകയാണ്. പന്തികേട് തോന്നിയ ശാന്ത അടുത്തു ചെന്നു.
‘എന്തുപറ്റി കുഞ്ഞാപ്പേട്ടാ..‘കുഞ്ഞാപ്പുവിന്റെ താടി പിടിച്ചു സ്നേഹത്തോടെ ശാന്ത ചോദിച്ചു.
‘ഞാനിങ്ങനെ ആലോചിക്ക്യ...’
‘എന്ത്..’
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്‍ക്ക് ആരുണ്ട് ? ‘

പിറ്റേന്ന് തന്നെ ശാന്ത, ശാന്തമായി കൊച്ചന്തോണിച്ചേട്ടന്റെ വീട്ടിലെ പണി നിര്‍ത്തി.

Wednesday, March 05, 2008

ദാസപ്പന്റെ ഫ്രന്റ്

ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള കാലം. ഉച്ചവരെ തെക്കുവടക്കും ശേഷം കിഴക്കു പടിഞ്ഞാറും മാറി മാറി നടക്കുന്ന സമയത്താണ് മുംബൈ മഹാനഗരം ആലപ്പുഴയിലെ വിദ്യാധരന്റെ ലോട്ടറിവില്‍ക്കുന്ന കാറില്‍ 'കടന്നുവരൂ കടന്നു വരൂ.. നാളെയാണ്.. നാളെയാണ്. ലക്ഷാധിപതിയാവൂ ' യെന്ന പോലെ എന്നെ മാടി മാടി വിളിച്ചത്. 'ദാ നിനക്കിരിക്കട്ടെ ഒരു പതിനായിരം രൂപ പോക്കറ്റ് മണി' യെന്നൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ഒരാള്‍ പോലുമില്ലാതിരുന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

രാഗത്തിലെ പതിനൊന്നുമണിയിലെ കിടിലന്‍ ഇംഗ്ളീഷ് പടങ്ങളും ഗിരിജയിലെ ഒരുമണിയിലെ പുണ്യപുരാണ ചിത്രങ്ങളും കൃത്യം മൂന്നരയ്ക് പബ്ലിക് ലൈബ്രറിയില്‍ വരുന്ന എം.ടി.ഐയില്‍ പഠിക്കുന്ന നീരജയുമെല്ലാം നഷ്ടപ്പെടുമെന്ന വ്യാധിയാണ് പലപ്പോഴും മുംബൈ യാത്രയ്ക്ക് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നത്. പക്ഷെ ആ ഓണത്തിനു മുംബയിലെ ഇളയമ്മയുടെ ലാസ്റ്റ് വാണിങ് മെസ്സേജ് വന്നപ്പോള്‍ പിന്നെ അധികമൊന്നും ചിന്തിക്കാതെ ജയന്തിയില്‍ ടിക്കറ്റെടുത്തു.

മുംബെയില്‍ എത്തി മൂന്നാം ദിവസം തന്നെ അന്ധേരി - ചര്‍ച്ച് ഗേറ്റ് റെയില്‍വേ പാസ്സെടുത്തു തരികയാണ് ഇളയമ്മ ചെയ്ത ആദ്യ പരിപാടി. ‘മോനെ നിനക്ക് ജോലി കണ്ടുപിടിക്കലോ നിന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കലൊന്നുമല്ല എന്റെ പണി. . നീയ്യായി നെന്റെ പാടായി’ എന്നൊന്നും പറഞ്ഞില്ലെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി. രണ്ടുമൂന്നു ദിവസം മറാഠി പഠിക്കാനെന്ന് പറഞ്ഞ് ഇളയമ്മയുടെ വീട്ടിലെ ടിവി ഫുള്‍ വോള്യത്തില്‍ രാത്രിയും പകലുമില്ലതെ വെച്ചിരുന്നാല്‍ ആരും ചെയ്തുപോകുന്നതേ ഇളയമ്മയും ചെയ്തിട്ടുള്ളൂ.

ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞ് ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടതാണ് ആമ്പല്ലൂര്‍ക്കാരന്‍ ആന്റപ്പനെ. അവനെ കണ്ടമാത്രയില്‍ തന്നെ നാട്ടിലെ പള്ളിയിലെ കപ്യാര് എവുജിനെയാണ് ഓര്‍മ്മവന്നത്. നാലാള് കാണ്‍കെ കൊന്ത കഴുത്തിലിട്ട് ‘എന്നെ വിശുദ്ധനായി പ്രഖ്യാപിക്കാത്തതെന്തെന്ന്’ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന മുഖഭാവം. പക്ഷേ പത്തുമിനിട്ടുകൊണ്ടു തന്നെ ഈ ആന്റപ്പന്‍ ഈയുള്ളവനെ ഇളയമ്മയുടെ വീട്ടില്‍ നിന്നും മാറിത്താമസിക്കാനുള്ള എല്ലാ പദ്ധതികളും ഓരോന്നായി വിശദീകരിച്ചു തന്നു. മാസവാടകയുടെ ആളോഹരി കുറയ്ക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ അവന്റെ മുറിയിലേക്ക് ഒരു മെമ്പര്‍ഷിപ്പ് തരാനുണ്ടായ ശുഷ്കാന്തിയെന്നത് പിന്നീടാണ് മനസ്സിലായത്.

അങ്ങനെയാണ് അന്ധേരിയിലെ ഷേര്‍-എ-പഞ്ചാബ് കോളനിയില്‍ താമസമാരംഭിക്കുന്നത്. പഞ്ചാബികളുടെ കോളനിയാണെങ്കിലും മദ്രാസികള്‍ ഇഷ്ടമ്പോലെ. ഹൌസ് ഓണര്‍ ആന്റപ്പനെ കൂടാതെ മൂന്നുപേരു കൂടി റൂമിലുണ്ട്. ഒഴിവുസമയം ആനന്ദദായകമാക്കാനായി തൊട്ടപ്പുറത്തെ പഞ്ചാബിയുടെ മുറിയിലേക്ക് മാത്രം നോക്കിയിരിക്കുന്ന ബെന്നി, ഷേര്‍-എ-പഞ്ചാബ് കോളനിയിലെ ഓണ്‍ലൈന്‍ ചിട്ടിക്കാരനായ രത്നാകരന്‍, ജീവിതത്തിലെ ഏക സന്തോഷം തിന്നുക എന്നതു മാത്രമാണെന്ന് എപ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഓനിഡ ടീവിയില്‍ ജോലിയുള്ള അനൂപ്.

ഇവര്‍ക്കെല്ലാമുള്ള ഒരേയൊരു ഗുണം റൂമിനുള്ളില്‍ കാര്യമായ സംസാരമില്ലെന്നതാണ്. ഒരു അവാര്‍ഡ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് പലപ്പോഴും റൂമില്‍. ഇതിനൊരു മാറ്റം വരുന്നത് രത്നഗിരിയില്‍ താമസിക്കുന്ന ആന്റപ്പന്റെ കൂട്ടുകാരന്‍ ദാസപ്പന്‍ രണ്ടുമാസം കൂടുമ്പോള്‍ റൂമിലെത്തുമ്പോഴാണ്. രത്നഗിരിയില്‍ ഏതോ കെമിക്കല്‍ പ്ലാന്റിലാണ് ദാസപ്പന് ജോലി. ഇടയ്ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ മുട്ടുമ്പോള്‍ ലീവെടുത്ത് ഇങ്ങോട്ട് വരും.

ദാസപ്പന്‍ വന്നാല്‍ വീട്ടില്‍ പാട്ടായി. ലിറ്ററിനു 56 രൂപ മാത്രം വിലയുള്ള ദേശി ചാരായത്തിന്റെ കടുത്ത ആരാധകനാണ് ദാസപ്പന്‍. ഒരു വിധത്തില്‍ ഞങ്ങളെ ചാരാ‍യം കുടി പരിശീലിപ്പിക്കാനാണ് ദാസപ്പന്‍ രണ്ടു മാസം കൂടുമ്പോള്‍ ഇവിടെ വരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒഴിയാത്ത ഗ്ലാസും അച്ചാറുകുപ്പിയുമായി മാത്രമേ ദാസപ്പനെ റൂമില്‍ കാണൂ. കാലത്ത് എല്ലാവരും ജോലിക്കു പോയതിനു ശേഷം മാത്രമേ ദാസപ്പന്‍ എഴുന്നേല്‍ക്കൂ. രത്നഗിരിയിലേക്ക് വരുന്നതിനു മുമ്പ് കൊടകര അങ്ങാടിയിലെ ഏതോ പലചരക്കുകടയിലായിരുന്നു ദാസപ്പനു ജോലി. വെള്ളമടിച്ചുതുടങ്ങിയാല്‍ ആദ്യം നാട്ടിലെ കഥകള്‍. പിന്നെ പാട്ട്, അവസാനം ആന്റപ്പനെ പിടിച്ച് നാലഞ്ച് മുത്തം കൊടുക്കും. ഇത്രയും കഴിഞ്ഞാല്‍ ആന്റപ്പന്‍ മെല്ലെ ദാസപ്പനെ താങ്ങിയെടുത്ത് മോറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് മൂത്രമൊഴിപ്പിച്ച് പായയില്‍ കൊണ്ടു കിടത്തും. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാതെ ഒരു തവണ മാത്രമാണ് ദാസപ്പന്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുള്ളു. അന്ന് പുലര്‍ച്ച കോഴി കൂവുന്നതിനു മുമ്പ് രത്നാകരന്‍ ദാസപ്പനെ പായയില്‍ പൊതിഞ്ഞ് ഭദ്രമായി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ കൊണ്ടു വെച്ചിരുന്നു.

‘ആന്റപ്പാ, എന്റെ ഒരു ഫ്രന്‍ഡ് , കൊറച്ച് നാളായി ബോംബെ ഒക്കെ ഒന്ന് കാണണം ന്ന് പറയ്ണു.. ‘ ദാസപ്പന്‍ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതം.
‘അതിനെന്താ.. നീയിങ്ങട് കൊണ്ടൊന്നോടാ.. നാലഞ്ചു ദിവസമല്ലേ.. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം..’
അന്നൊരു ശനിയാഴ്ചയായിരുന്നു. കാലത്ത് എല്ലാവരും ജോലിക്ക് പോകുന്നതിനു മുമ്പ് വളരെ നേരത്തെ തന്നെ ദാസപ്പന്‍ ഉണര്‍ന്നിരുന്നു.
‘ഇന്ന് എന്റെ ഫ്രന്ഡ് വരും.. രാത്രി ഒന്നു കൂടണം ട്ടാ..’ എല്ലാവരോടുമായി ദാസപ്പന്‍ പ്രഖ്യാപിച്ചു.
അന്ന് രാത്രി ആദ്യം റൂമിലെത്തിയത് ഞാനായിരുന്നു.
റൂമിന്റെ വാതിലില്‍ തട്ടുമ്പോള്‍ അകത്തു നിന്നും മുല്ലപ്പൂവിന്റെ മണം.
എന്റമ്മേ..
ഇനി ദാസപ്പന്‍ ഫ്രന്‍ഡാണെന്ന് പറഞ്ഞ് വല്ല പെമ്പിള്ളേരെയാണോ കൊണ്ടുവന്നിരിക്കുന്നത് . ബാച്ചികള്‍ മാത്രമുള്ള ഈ റൂമിന്റെ വെര്‍ജിനിറ്റി നഷ്ടപ്പെട്ടതോര്‍ത്ത് എത്ര പേരുടെ കൂട്ടക്കരച്ചില്‍ കാണണം ..

ദാസപ്പന്‍ തന്നെയാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ അകത്ത് വേറെ ആരേയും കാണാനില്ല.
അടുക്കളയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വെള്ളം കോരിവീഴ്ത്തുന്ന സ്വരം.
‘ഫ്രന്‍ഡ് ഉച്ചക്ക് വന്നു...കുളിക്ക്യാണ്.’ ഞാന്‍ ചോദിക്കുന്നതിനു മുമ്പ് ദാസപ്പന്‍ പറഞ്ഞു.
പെട്ടന്ന് വെള്ളമൊഴിക്കുന്ന ശബ്ദം നിലച്ചു.
‘യാരിത് ? ‘ അകത്തു നിന്നും ഒരു സ്വരം.
ഹാവൂ.. സമാധാനം ഒരു ആണിന്റെ സ്വരമാണ്. എന്നാലും ഒരു ‘മണിച്ചിത്രത്താഴ്‘ ശൈലിയിലുള്ള ചോദ്യം..
‘നീയ്യ് വേഗം കുളിച്ചിട്ട് ഇങ്ങട് വായോ..ഇത് ഈ റൂമിലെ ആളാ‍..’ ദാസപ്പന്‍ അടുത്ത ഗ്ലാസ് കാലിയാക്കി.
വീണ്ടും വെള്ളമൊഴിക്കുന്ന ശബ്ദം.
‘നീയിതെവിടേയ്ക്കാ പോണേ...’
ഒരു ഗ്ലാസ് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ദാസപ്പന്‍ എന്നെ പിടിച്ച് അടുത്ത കസേരയിലിരുത്തി.
‘നീയിതൊരു പിട്യാ പിടിച്ചെ..’ എന്നു പറഞ്ഞ് ഒരു ഗ്ലാസ് എനിക്ക് നീട്ടി.
‘ഏയ്.. ഇന്ന് രാത്രി എനിക്ക് എളേമ്മെരെ വീട്ടീ പോകാനുള്ളതാ... അടിച്ചാല്‍ നേരെയാവില്ല..’ ഞാന്‍ ഒഴിഞ്ഞു മാറി.
‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’ അടുക്കളയുടെ ഭാഗത്തുനിന്നും അശരീരി പോലെ മുഴങ്ങുന്ന ഒരു സ്വരം.
നീല ബ്ലൌസും വെളുത്ത പാവടയുമുടുത്ത് വെള്ളമിറ്റിറ്റ് വീഴുന്ന കാര്‍ക്കൂന്തലുമായി ആ ആള്‍ രൂപം ഇറങ്ങി വന്നു. കമലഹാസനെ കരി ഓയിലൊഴിച്ച പോലെയുള്ള ക്ലീന്‍ഷേവ് മുഖം.
അവനോ അതോ അവളോ..
ഇതാണോ ദാസപ്പാ നീ കൊണ്ടുവന്ന ഫ്രന്‍ഡ് ? നിനക്ക് വേറെ ഒന്നിനെയും കിട്ടിയില്ലെ ? രത്നഗിരി ഇത്രയും ശുഷ്കിച്ചതാണോ എന്നൊക്കെ ചോദിക്കണമെന്ന് തോന്നി ഞാന്‍ ദാസപ്പനെ നോക്കി.
അവന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
ഇന്നു രാത്രി ഇവിടെ തങ്ങുന്നത് മാനസികമായും ശാരീരികമായും ഒട്ടും യോജിച്ചതല്ലെന്ന് എന്റെ ഉപബോധമനസ്സ് പറഞ്ഞതനുസരിച്ച് ഞാന്‍ എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കി.


വാല്‍ക്കഷണം :
അന്നു രാത്രി ദാസപ്പന്‍ ഒരു ബാഗ് തലയില്‍ വെച്ച് സാരിയുടുത്ത ഒരു ഹിജഡയുമായി ഷേര്‍-എ-പഞ്ചാബ് കോളനിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്നത് അടുത്ത റൂമുകളിലുള്ള പഞ്ചാബികള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു. പിന്നീട് ഒരിക്കലും ദാസപ്പന്‍ ഷേര്‍-എ-പഞ്ചാബ് കോളനിയിലേക്ക് വന്നിട്ടില്ല. മാത്രമല്ല, ആന്റപ്പന്‍ ഇത്രയധികം തെറി എവിടെയാണ് സ്വരൂപിച്ച് വെച്ചിരുന്നതെന്ന് അനൂപ് പലപ്പോഴും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുമുണ്ട്.

Monday, February 11, 2008

ബീഡി സ്പെഷല്‍

റവാടിത്തം നാലാളോട് പറഞ്ഞ് ആളാവാന്‍ അപ്പൂപ്പന്‍ കഴിഞ്ഞേ വേറെയാരെയെങ്കിലും ഞാന്‍ കണ്ടിട്ടുള്ളൂ..‘ഞാന്‍ ആ വകയിലെയാണ്.. ഈ വകയിലെയാണെന്നൊക്കെ‘ പറഞ്ഞ് ഇന്ദിരാഗാന്ധിയെ വരെ , വകയിലെ പേരപ്പന്റെ മോളാക്കിത്തരും അപ്പൂപ്പന്‍

നടയലകത്തിരുന്നു മുറുക്കാനിടിക്കുന്ന അമ്മൂമ്മയ്ക്ക് ഇത് കേട്ടാല്‍ ഇടിക്കുന്നതിന്റെ ഫ്രീക്വന്‍സിയും ഡെസിബെലും 100 – 100 റേഞ്ചിലേക്ക് പോകും. അത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനുള്ള സിഗ്നലാണെന്ന് അപ്പൂപ്പനു ആരും പറഞ്ഞു കൊടുക്കേണ്ട. അവിടെ നിര്‍ത്തിക്കോളും. അല്ലെങ്കില്‍ മുറുക്കാന്‍ വായിലേക്ക് കുത്തിക്കയറ്റുന്നതിനുമുമ്പ് ഉമ്മറത്തേക്ക് ഒരു വരവുണ്ട്. അത് താങ്ങാനുള്ള ശേഷി തനിക്കില്ലെന്ന കാര്യം അപ്പൂപ്പനു രണ്ടുമൂന്നു തവണ ലൈവ് ഡെമൊണ്‍സ്ട്രേഷനിലൂടെ അമ്മൂമ്മ വിശദീകരിച്ചുകൊടുത്തിട്ടുള്ളതുമാണ്. ദ്വേഷ്യം വന്നാല്‍ അമ്മൂമ്മയ്ക്ക് ശ്രീശാന്തിന്റെ മുഖച്ഛായയാണ്.

ഇനിയും അവിടെ അധികം ഇരിക്കുന്നത് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ശരിയായ സമീപനമല്ലെന്നറിയാവുന്ന അപ്പൂപ്പന്‍ മെല്ലെ പുറത്തേക്കിറങ്ങി ഒരു ബീഡിയ്ക്ക് തീകൊളുത്തും. എല്ലാ പ്രശ്നങ്ങളും ആവിയാക്കി കളയാന്‍ ബീഡിയ്ക്കുള്ള സാധ്യതയെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്.

ആദ്യ കാലങ്ങളില്‍ പനാമയും സിസേര്‍സുമൊക്കെ വലിച്ചിരുന്ന അപ്പൂപ്പന് മക്കളുടെ കാപിറ്റല്‍ റീസ്ട്രക്ചറിങ്ങില്‍ സിഗരറ്റിന്റെ ബജറ്ററി പെര്‍സെന്റേജ് കുറച്ചപ്പോഴാണ് ബീഡിയിലേക്ക് തിരിഞ്ഞത്. ചാവക്കാട് കാജാ ബീഡിക്കമ്പനിയില്‍ നിന്നും റോ മെറ്റീരിയത്സ് വാങ്ങി സ്വന്തമായി വീട്ടിലിരുന്ന് തെറുക്കുകയായിരുന്നു പിന്നീട്. കാലത്തെ കഞ്ഞികുടി കഴിഞ്ഞാല്‍ മെയ്യനങ്ങി എന്തെങ്കിലും ചെയ്യണമെന്ന്‍ അമ്മൂമ്മയുടെ നിര്‍ബന്ധമുള്ളതുകൊണ്ടാണ് ബീഡി തെറുപ്പിലേക്ക് നീങ്ങിയതെന്ന് സന്തത സഹചാരിയും സിസേര്‍സിനേക്കാള്‍ നല്ലത് ബീഡിയാണെന്ന വിശ്വാസം ചാര്‍ജ്ജ് ചെയ്ത കൂരി എറപ്പായിച്ചേട്ടനോട് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയുന്നത് കേട്ടിട്ടുണ്ട്. ഇരുന്ന ഇരുപ്പില്‍ ഒരു മണിക്കുറോളം തെറുക്കും. കറപ്പാശാരി സ്പെഷലായുണ്ടാക്കിക്കൊടുത്ത ഒരു മരപ്പെട്ടിയിലാണ് തെറുപ്പിനുള്ള സാമഗ്രികളും തെറുത്ത ബീഡികളും വെയ്ക്കുന്നത്. ആ മരപ്പെട്ടി സുരക്ഷിതമായി അപ്പൂപ്പന്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയുടെ ഇറയത്താണ് വെയ്ക്കുന്നത്. ബീഡിയ്ക്ക് വീടിനകത്ത് അമ്മൂമ്മ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉമ്മറത്തുപോലുമിരുന്ന് വലിക്കുന്നത് അമ്മൂമ്മയ്ക്കിഷ്ടമില്ല. അബദ്ധവശാല്‍ വീട്ടിനകത്ത് കയറിയാല്‍ അന്നത്തെ ദിവസം അപ്പൂപ്പനൊരു ഡയറിക്കുറിപ്പിനുള്ള വക കിട്ടും.

വര്‍ഷാവസാനപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടിയ സമയം.

മാവായ മാവും പ്ലാവായ പ്ലാവും കയറി നടക്കുന്ന കാലം.
ബിജുക്കുട്ടന്‍, എന്നേക്കാള്‍ രണ്ടു മൂന്നു വയസ്സ് മൂപ്പുണ്ടവനു, വലിയച്ഛന്റെ മകന്‍.
വെക്കേഷന്‍ സമയത്താണ് പോന്നോരു സ്ഥിര താമസമാക്കിയിട്ടുള്ള ബിജുക്കുട്ടന്‍ തറവാട്ടിലേക്ക് ആഗതനാകുന്നത്.

വെറുതെ നില്‍ക്കുകയാണെങ്കില്‍ പോലും രണ്ടു നിലയുള്ള ഓടിട്ട തറവാടിന്റെ മുകളിലേക്ക് ഒരു രസത്തിനു ഉരുളന്‍ കല്ലെടുത്ത് കീഞ്ചുക, വെള്ളത്തില്‍ നിന്നാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞ് അലുമിനിയം കലത്തില്‍ വെള്ളം നിറച്ച് കേബിളിട്ട് മെയിന്‍സ്വിച്ചിലേക്ക് കൊടുത്ത് ഫ്യൂസ് കളയുക, കുല വരാറായ വാഴയുടെ മുകളില്‍ കയറി വാഴയുടെ നടുവൊടിക്കുക എന്നീ ഗവേഷണപരമായും അല്ല്ലാതെയുമുള്ള നൈസര്‍ഗ്ഗിക വാസനകളില്‍ ബിജുക്കുട്ടന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതുകൊണ്ട് അപ്പൂപ്പനു അവനെ വലിയ പിടുത്തമില്ല. എല്ലാ കൊത്രംകൊള്ളിപരിപാടിക്കും അവനാണ് പ്രധാന ആസൂത്രകന്‍ എന്നാണ് അപ്പൂപ്പന്റെ വിചാരം. സത്യം എനിക്കല്ലേ അറിയാവൂ..നിസാര കാര്യങ്ങങള്‍ക്കുപോലും അപ്പൂപ്പന്‍ അവനെ വഴക്കുപറയും. അതിന്റെ ബാക്കി എനിക്കും കിട്ടും. അതൊന്നും പോരാതെ രാത്രി അവരവരുടെ അച്ഛന്മാര്‍ വരുമ്പോള്‍ അപ്പൂപ്പന്‍ അന്നന്നത്തെ ഗവേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ ഫെല്ലോഷിപ്പുകള്‍ നല്‍കിപ്പോരുകയും ചെയ്തു.

അതുകൊണ്ട് അപ്പൂപ്പനുമായി ഞങ്ങള്‍ ഒബാ‍മ – ഹില്ലരി സൌഹ്രദമായിരുന്നു നിലനിന്നു പോന്നിരുന്നത്.

അപ്പൂപ്പന്റെ അധിനിവേശത്തിനെതിരെ ബിജുക്കുട്ടന്റെ ചോര തിളച്ചു. ഇതിനെതിരെ പ്രതികരിച്ചേ പറ്റൂവെന്ന് അവന്‍ രക്ത പ്രതിജ്ഞയെടുത്തു.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സൂപ്പര്‍ ത്യൂസ്ഡെ. വിഷു കഴിഞ്ഞ് പിറ്റേ ദിവസം.

ഉച്ചയ്ക്ക് അപ്പൂപ്പന്‍ പള്ളിയുറക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ബിജുക്കുട്ടന്‍ ആലോചനാകുചേലനായത്. പെട്ടന്ന് ഐഡിയ ഫ്ലാഷായി അവന്റെ മരോട്ടിത്തലയില്‍ മിന്നി.

ബീഡി ഓപ്പറേഷന്‍.

തലേന്ന് ബാക്കി വന്ന എലിവാണത്തിന്റെ മരുന്നെടുത്ത് അപ്പൂപ്പന്റെ ബീഡിയില്‍ നിറയ്ക്കുക. അപ്പൂപ്പന്‍ ബീഡി വലിക്കുമ്പോള്‍ ചീറ്റിപ്പോകണം.

കൂടുതല്‍ ചിന്തിച്ചില്ല. ഇതെന്താ ആറ്റംബോംബുണ്ടാക്കുകയാണോ ഇത്രയധികം ചിന്തിക്കാന്‍.
നേരെ പോയി ബീഡിപെട്ടി എടുത്തു. തുറന്നു നോക്കിയപ്പോള്‍ നാലഞ്ചു ബീഡിയേ ഉള്ളൂ.
അതേതായാലും നന്നായി.

ഓരോന്നായി എടുത്ത് ശ്രദ്ധിച്ച് തല ഭാഗം തുറന്ന് ബീഡിപ്പൊടി കുറച്ച് പുറത്തെടുത്ത് ആ ഭാഗത്ത് വെടിമരുന്നു നിറച്ചു. നേരെ ചൊവ്വെ മടങ്ങിയിരിക്കാതായപ്പോള്‍ അല്പം വെള്ളം തൊട്ടു മടക്കി വെച്ചു. പെട്ടി കൃത്യസ്ഥലത്തു തന്നെ വെച്ച് ഹെയ്ഡന്റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിനെപ്പോലെ വിജയശ്രീലാളിതനായി സ്റ്റൂളില്‍ നിന്നുമിറങ്ങി വന്നു ബിജുക്കുട്ടന്‍.

സാധാരണ നാലുമണിയുടെ ചായ കുടി കഴിഞ്ഞാലാണ് അപ്പൂപ്പന്‍ ബീഡി വലിക്കുന്നത്.
ഞാനും ബിജുക്കുട്ടനും അന്ന് മറ്റു ഗവേഷണങ്ങളൊന്നും നടത്താതെ വൃഷ്ടിപ്രദേശത്ത് കറങ്ങി നടന്നു.

അങ്ങനെ നാലുമണിയായി. അപ്പൂപ്പന്‍ ബീഡി പെട്ടിയെടുത്ത് ഒരു ബീഡിയും തീപ്പെട്ടിയുമായ് മുറ്റത്ത്‍ ചാരുകസേരയില്‍ വന്നിരുന്നു. പ്രതികാര ദാഹവുമായി ബിജുക്കുട്ടനും ഞാനും കുറച്ചു മാറി നിന്ന് രംഗം വീക്ഷിച്ചു.
ബീഡി ചുണ്ടില്‍ വെച്ചു.
തീപ്പെട്ടി ഉരച്ചു.
ബീഡിയില്‍ കൊളുത്തി.
ദാ.. ഇപ്പൊ ചീറ്റും..
ആ.. ആ‍ാ..
ഇല്ല. കത്തുന്നില്ല.

ബിജുക്കുട്ടന്‍ എന്നെ നോക്കി. എന്താ ഞാനിനി വല്ല കരിങ്കാലിപ്പണി ചെയ്തോവെന്നാണോ അവന്‍ വിചാരിച്ചിരിക്കുക. ഏയ്.. ഞാനങ്ങനത്തെ ആളല്ല എന്ന മട്ടില്‍ ദയനീയമായി തിരിച്ചു നോക്കി.

അപ്പൂപ്പന്‍ മെല്ലെ എഴുന്നേറ്റു. അകത്തേക്ക് നടക്കുന്നു.
ഞങ്ങള്‍ തെക്കിനി വഴിക്ക് ഉള്ളിലോട്ടു പാഞ്ഞു.
അപ്പൂപ്പന്‍ അടുക്കളയിലേക്കാണ്.
നിര്‍ന്നിമേഷരായി അടുക്കളയുടെ ഒരു സൈഡിലുള്ള പലകയടിച്ച ജനലിലൂടെ ഞങ്ങള്‍ നോക്കി.
അടുപ്പില്‍ രാത്രിയിലേക്കുള്ള മീന്‍ കറി തിളച്ചുകൊണ്ടിരിക്കുന്നു.
അമ്മൂമ്മ കുളിമുറിയിലാണ്.
അപ്പൂപ്പന്‍ അടുപ്പിനടുത്തെത്തി. രണ്ടു ബീഡിയെടുത്ത് അടുപ്പിന്ടെ സൈഡില്‍ ചൂടക്കാന്‍ വെച്ചു.
ഒന്നെടുത്ത് തീയിലേക്ക് കാണിച്ചു.
പെട്ടന്ന് ഒരു പുകയും ചീറ്റലും.
അടുപ്പിന് മുകളില്‍ ചിമ്മിനിഭാഗത്ത് പള്ളിയുറക്കത്തിലിരുന്ന കണ്ടന്‍ പൂച്ച നേരെ താഴേക്ക്.
കൃത്യമായി തിളച്ചുകൊണ്ടിരുന്ന മീന്‍കറി ചട്ടിയിലേക്ക്. ഒന്നും വ്യക്തമല്ല.
‘പോ പൂച്ചെ..’ അപ്പൂപ്പന്‍ പൂച്ചയെ ഓടിക്കുന്നു.പൂച്ച ജീവനും കൊണ്ടോടി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ പൊട്ടിയ ചട്ടിയുടെ കഷണവുമായി അപ്പൂപ്പന്‍ അന്തം വിട്ടു നിന്നു.
ഈ ശുഭ മുഹൂ‍ര്‍ത്തത്തിലാണ് ഈറനുടുത്ത് അമ്മൂമ്മ അടുക്കളയിലേക്ക് കടന്നു വരുന്നത്.
അതു കണ്ടതും ബിജുക്കുട്ടന്‍ പിന്തിരിഞ്ഞോടിയതും ഒരുമിച്ചായിരുന്നു. പിന്നാലെ ഞാനും.
കൂടുതല്‍ ആകര്‍ഷകമായ മറ്റു രംഗങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്ന വിഷമത്തോടെ..

(ഡിസ്ക്കൈമള്‍ : ഈ കഥ മുമ്പ് പോസ്റ്റി ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചതായിരുന്നു. )

Monday, January 07, 2008

കരടി

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂളിലേക്ക്‍ ഉച്ചയ്ക്ക് ചോറ് കൊണ്ടു പോയിത്തുടങ്ങിയത്. അതുവരെ ഒരു കിലോമീറ്റര്‍ അകലെ മാത്രമുള്ള വീട്ടിലേക്ക് ഉച്ചക്ക് ഉണ്ണാന്‍ നടന്നു പോകുന്ന പരിപാടിയായിരുന്നു. ഒരു വിധത്തില്‍ അതായിരുന്നു ഇഷ്ടം. റോഡ് സൈഡിലുള്ള മാവ് അല്ലെങ്കില്‍ ഏതെങ്കിലും വീട്ടില്‍ കെട്ടിയിട്ടിരിക്കുന്ന നായ ഇത്യാദി ജീവനുള്ളതും അല്ല്ലാത്തതുമായ വസ്തുക്കളെ നാലു കല്ലെടുത്ത് കീഞ്ചാതെയുള്ള ഉച്ചയൂണ് അത്ര എയിമില്ലാത്തതാണെങ്കിലും ‘അമ്പസ്താനി’ കളിക്കാന്‍ പുതിയ ടീമിനെ കിട്ടിയപ്പോള്‍ ചോറുകൊണ്ടുപോകുകയാണ് ഭേദമെന്ന സൊലൂഷനില്‍ എത്തിച്ചേര്‍ന്നു. ‘ചെക്കനു വീട്ടില്‍ വന്ന് ഊണുകഴിക്കാന്‍ പോലും സമയമില്ല. ഇഷ്ടമ്പോലെ പഠിക്കാണ്ട്’ എന്ന് ചുളുവില്‍ വീട്ടുകാര്‍ കരുതിക്കോട്ടെയെന്നൊന്നും തോന്നിയിട്ടില്ല. സത്യം.

അമ്പസ്താനി കളിക്കാനായി മൂന്നു ഗ്രൂപ്പാണ് ഏഴാംക്ലാസില്‍ . അതുകൊണ്ട് കേരളാ കോണ്‍ഗ്രസ്സുപോലെ ഒരു ഗ്രൂപ്പ് വിട്ടാല്‍ അടുത്തതില്‍ ചേക്കേറാമെന്ന സൌകര്യവുമുണ്ട്. കൂടാതെ ഐക്യ അമ്പസ്താനി ഗ്രൂപ്പ് എന്ന മറ്റൊരു ഗ്രൂപ്പും നിലവിലുണ്ട്. അത് ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടതിനു ശേഷമോ സമരമുള്ള ദിവസങ്ങളിലോ മാത്രമാണ് ആക്റ്റീവാവുന്നത്. ഇതിലെ പ്രധാന ഗ്രൂപ്പ് ‘കടു‘ വിന്റെ നേതൃത്വത്തിലുള്ളതാണ്. ‘കടു’വിന്റെ ശരിക്കുള്ള പേരു ബെന്നി. ഉയരം കുറഞ്ഞ് അല്പം തടിച്ചവനാണ് കടു. എതിരാ‍ളികളെ കോമ്പസുകൊണ്ടു മര്‍മ്മ സ്ഥാനങ്ങളില്‍ പെരുമാറുന്നതുകൊണ്ടാണ് അവനു ‘കടു‘ (മുശി) യെന്ന പേരു കിട്ടിയത്.

‘കടു‘വിന്റെ അസിസ്റ്റന്റ് ‘കൂരി’. ഹാജറ് വിളിക്കുമ്പോള്‍ അവന്റെ ശരിക്കുള്ള പേരു വിളിച്ചാലും അവന്‍ കൈപൊക്കാതെയിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ‘ഡാ കൂരി , കൈയ്യ് പൊക്കറാ..’ എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാലേ അവന്‍ കൈപൊക്കൂ.

അങ്ങനെ ക്ലാസ്സിലെ ജഗജില്ലികള്‍ക്കെല്ലാം രണ്ടുമൂന്നക്ഷരങ്ങളിലൊതുങ്ങുന്ന ചില ഇരട്ടപ്പേരുകളുണ്ട്. അതുപോലെ തന്നെ മാഷുന്മാര്‍ക്കും ഇരട്ടപ്പേരുകളുണ്ട്. ഓന്ത് തോമ, മൂര്‍ഖന്‍, നഖന്‍, സുന്ദരക്കുട്ടപ്പന്‍, ചക്കച്ചൊള, എരുമ, കൂരച്ചന്‍ , ഹനുമാന്‍,... ഇതൊന്നും വെറുതെ ഇടുന്ന പേരല്ല. ഇവരെയൊക്കെ കണ്ടാല്‍ ഇതവരുടെ ശരിയായ പേരുതന്നെയല്ലേയെന്ന് ആരുമൊന്ന് സംശയിച്ചുപോകും. ഓന്ത് തോമ ക്ലാസിനു പുറത്ത് വെച്ചുകണ്ടാല്‍ എല്ലാ പിള്ളേരോടും വളരെ സൌഹാര്‍ദ്ദമായാണ് സംസാരിക്കുക. ക്ലാസില്‍ കയറിയാല്‍ പുലിയാണ്. ‘നഖന്‍‘ നീണ്ട നഖമുള്ള മാഷാണ്. ശിക്ഷ മുഴുവന്‍ ആ നഖം കൊണ്ടാണെന്നു മാത്രം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് ‘കരടി‘. കണക്കാണ് ഇഷ്ടന്റെ ഇഷ്ട വിഷയം. ദേഹം മുഴുവന്‍ രോമങ്ങളുള്ളതുകൊണ്ടും ക്ലാസ്സില്‍ വന്നിരുന്നു ആദ്യം രണ്ടുമൂന്നു തവണ മേലോട്ടും കീഴോട്ടും നോക്കി സാമാന്യം ഭേദപ്പെട്ട ഡെസിബലില്‍ കീഴ്വായു അല്ലെങ്കില്‍ മേല്‍വായു റിലീസ് ചെയ്തിരുന്നതുകൊണ്ടുമാണ് ആ പേരു പിള്ളേരു കനിഞ്ഞനുഗ്രഹിച്ചത്. ദൈവം ചൂരലു കണ്ടുപിടിച്ചത് ‘കരടി’യ്ക്കു വേണ്ടി മാത്രമാണെന്നു പോലും പലപ്പോഴും ചിന്തിച്ചിരുന്നു. അമ്പു പെരുന്നാളിന്റെ മേളത്തിലെ ഇലത്താളമടിക്കുന്ന പോലെ നിര്‍ത്തി നിര്‍ത്തിയാണ് കരടി പെടയ്ക്കുക.


അമ്പസ്താനി കളിക്കുമ്പോള്‍ സെക്യൂരിറ്റി ലൂപ്പ് ഹോള്‍സ് കണ്ടുപിടിച്ച് ഒളിച്ചിരിക്കുന്നതില്‍ മിടുക്കനാണ് കൂരി. വിശാലമായ സ്കൂള്‍ കോമ്പൌണ്ടൊന്നും പോരാതെ ഗൊവേന്തയിലെ അച്ചന്മാരുടെ സ്ഥലത്തിന്റെ പിന്നാമ്പുറത്തെ ഗേറ്റുകടന്നും ‍ പോകാറുണ്ട്.

പിന്നിലെ ഗേറ്റ് കടന്ന് ചെന്നാല്‍ പേരയ്ക്കയും മാവുമൊക്കെയുള്ള ഒരു ഏദന്‍ തോട്ടം തന്നെയാണ്. ഒളിച്ചിരിക്കാന്‍ ഇഷ്ടം പോലെ പോയിന്റുകള്‍. ഏതെങ്കിലും പേരയുടെ മുകളില്‍ കയറി പേരയ്ക്ക പൊട്ടിക്കാം. പന്നിക്കൂടും പശുത്തൊഴുത്തും അവിടെയാണ്. നാലോ അഞ്ചോ പന്നികള്‍ എപ്പോഴും കൂട്ടിലുണ്ടായിരിക്കും. പന്നികളുടേയും പശുക്കളുടെയും കസ്റ്റോഡിയനായ ദേശുട്ടിച്ചേട്ടന്‍ ഊണുകഴിക്കാന്‍ പോകുന്ന സമയമായതുകൊണ്ട് വേറെ ആരെയും പേടിക്കാതെ നടക്കാം. പക്ഷേ, കുട്ടികള്‍ക്ക് ഈ പ്രദേശം വിലക്കപ്പെട്ടതാണെന്ന് ഹെഡ് മാഷായ മൂര്‍ഖന്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.

ഇതൊന്നും പക്ഷേ കൂരി അധികം മുഖവിലയ്ക്കെടുക്കാറില്ലായിരുന്നു.അതുകൊണ്ട് പലപ്പോഴും അമ്പസ്താനി കളിക്കുമ്പോള്‍ ഏറ്റവും അവസാനം മാത്രമേ കൂരിയെ പിടിക്കാന്‍ പറ്റൂ. സെക്യൂരിറ്റി വാണിങുള്ളതുകൊണ്ട് ആ ഏരിയയില്‍ പോകാന്‍ ആരുമൊന്നു മടിക്കും. പക്ഷേ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത് ‘കടു‘വാണെങ്കീല്‍ ആദ്യം തന്നെ കൂരിയെ പിടിക്കാനേ അവന്‍ നോക്കൂ. കാരണം അവനെപിടിച്ചാല്‍ പിന്നെ ബാക്കിയുള്ളവരെ അവന്‍ തന്നെ പിടിച്ചോളും. കടുവിനു കുറച്ച് പൈപ്പുവെള്ളം കുടിച്ച് വിശ്രമിക്കാമല്ലോ.

അന്നും കൂരി പതിവുപോലെ വിലക്കപ്പെട്ട ഏദന്‍ തോട്ടത്തില്‍ തന്നെ ഒളിക്കാന്‍ തീരുമാനിച്ചു. ‘കടു’വാണ് ഇന്നത്തെ ടെര്‍മിനേറ്റര്‍ എന്നറിഞ്ഞ കൂരി ‍ സുരക്ഷിത പോയിന്റെ തേടി അലഞ്ഞു. പല സ്ഥലങ്ങളും ‘കടു’വിനു അറിയുന്നതാണ്. പന്നിക്കൂടിനടുത്ത് അധികം പോകാറില്ല. അച്ചന്മാരുടെ വേസ്റ്റാണ് പന്നികള്‍ മടമടാന്ന് വെട്ടുന്നതെങ്കിലും കുന്തിരിക്കത്തിന്റെ മണമുണ്ടാവില്ലല്ലോ.

രണ്ടും കല്പിച്ച് കൂരി പന്നിക്കൂടിനു സൈഡിലേക്ക് ഓടി. സൈഡില്‍ നിന്നാല്‍ ഗേറ്റില്‍ നിന്നേ കാണാന്‍ പറ്റും. അത് ശരിയാവില്ല. അങ്ങനെ കൂടിന്റെ പിന്നിലേക്ക് പാഞ്ഞു.

‘ച്ലിം..’ എന്ന ഒരു ശബ്ദം മാത്രമേ കേട്ടുള്ളൂ.

‘കടു’ ഗേറ്റിലേക്കെത്തിയപ്പോള്‍ കാണുന്നത് ഒരു കറുത്ത ജീവി പന്നിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്നതാണ്.

‘ഡാ.. ഇത് ഞാനാണ്ടാ.. കൂരി..’

പേടിച്ച് പിന്തിരിയുന്നതിനിടയില്‍ കടു ആ പരിചിത സ്വരം കേട്ടു.

‘നീ വല്ലോട്ത്തും വീണാ.. എന്താണ്ടാ മേത്ത് മുഴുവന്‍..’

‘ഒന്നും പറയണ്ട...നടക്കാനും വയ്യ. ചന്തിയൊക്കെ പണ്ടാറ വേദന..’

ദേശുട്ടിച്ചേട്ടന്‍ തെങ്ങിനു അഭിഷേകം ചെയ്യാ‍നായി ചാണകം , പന്നിക്കാഷ്ടം എന്നീ അമൂല്യ ചേരുവകളും യഥേഷ്ടം വെള്ളവും മിക്സ് ചെയ്ത് വെച്ച ഒരു കുഞ്ഞു ടാങ്കിലേക്കാണ് കൂരി ഓട്ടത്തിനിടയില്‍ കാല്‍ വഴുതി വീണത്.
ഇങ്ങനെ ഒരു സെറ്റപ്പ് അവിടെയുള്ള കാര്യം കൂരി സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ചാടി എഴുന്നേറ്റ് നിന്നപ്പോള്‍ ദേശുട്ടിച്ചേട്ടന്റെ ആ പുണ്യാഹം പുരളാത്ത ഒരിഞ്ച് സ്ഥലം പോലും ദേഹത്തില്ലെന്ന് മനസ്സിലായി. മെല്ലെ സമീപ്രദേശത്ത് വെള്ളമുണ്ടോയെന്ന് സേര്‍ച്ച് ചെയ്തു. ആ സമയത്താണ് പ്രകാശത്തിന്റെ വെള്ളിവെളിച്ചവുമായി കടു ഗേറ്റുകടന്നു വരുന്നത് കണ്ടത്.

മെല്ലെ സ്കൂളിലെ പൈപ്പിന്റെ ചോട്ടിലേക്ക് വേച്ചു വേച്ചു നടക്കുന്നതിനിടയില്‍ പിള്ളേരെല്ലാം കൂരിയുടെ കൂടെ കൂടി.
‘നെന്നെ കണ്ടാല്‍ ഇപ്പോ ഒരു കരടി യാണെന്നേ തോന്നൂ..’
ഇതിനിടയില്‍ കടു‍ അറിയാതെ പറഞ്ഞു പോയി.. അത് പിള്ളേരെല്ലാം ഏറ്റുപിടിച്ചു.

പിള്ളേരെല്ലാം ‘കരടി’ .. ‘കരടി’... എന്ന് ഉറക്കെ ഈണത്തില്‍ വിളിച്ച് പിന്നാലെ കൂടാന്‍ അധികം നേരം വേണ്ടി വന്നില്ല. ജാഥ പൈപ്പിന് ചോട്ടിലേക്ക് അടിവെച്ച് നീങ്ങി.

ഈ സമയത്താണ് ഉച്ചയൂണും കഴിഞ്ഞ കരടി മാഷ് തന്റെ ആജീവനാന്ത വാഹനമായ സൈക്കിളില്‍ ആഗതനാകുന്നത്.
പരസ്യമായി പിള്ളേര് ‘കരടി’യെന്ന് അലറിവിളിച്ചു വരുന്ന പിള്ളേര്‍ക്കുമുന്നില്‍ കരടി മാഷിന്റെ സൈക്കിള്‍ അറിയാതെ ബ്രേയ്ക്കിട്ടു നിന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ക്ലാസ് കൂടിയപ്പോള്‍ ഞാനടക്കമുള്ള കടുവിന്റെ ഗ്രൂപ്പ് മെമ്പേഴ്സിനെ ഹെഡ് മാഷും കരടി മാഷും കൂടി പല രൂപത്തിലും ഭാവത്തിലും നിര്‍ത്തിയും ഇരുത്തിയും തായമ്പകയും പാഞ്ചാരിയും ശിങ്കാരിമേളവും ഒരുമിച്ച് നടത്തി ധന്യരായി.

പിറ്റേന്നു മുതല്‍ ഉച്ചയ്ക്ക് ചോറു കൊണ്ടുപോകുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും ഉച്ചസമയത്ത് രണ്ടു കിലോമീറ്റര്‍ നടക്കുന്നത് ആരോഗ്യത്തിനു എന്തുകൊണ്ടും നല്ലതാണെന്നുമുള്ള തിരിച്ചറിവുണ്ടായിയെന്നത് ചരിത്രം.


Note the point : അമ്പസ്താനിക്ക് ഒളിച്ചുകളി, ഓടിപ്രാന്തി എന്നീ പേരുകളും നിലവിലുണ്ട്.
കടു - ഒരു തരം മീന്
കൂരി - ഒരു തരം മീന്‍. (cat fish) വര്‍ഗത്തില്പെടും.