Wednesday, December 06, 2006

വീണ്ടും ചില ചീപ്പു വിശേഷങ്ങള്‍

ചാത്തുണ്ണിയുടെ ഷാപ്പിലെ ലൈഫ് റ്റൈം മെംബറായ കൂരെറപ്പായിചേട്ടന്, തന്റെ ജീവിതചക്രത്തിലൊരിക്കലെങ്കിലും മിസ്റ്റര്‍ റപ്പായിയെന്നാരെങ്കിലും വിളിക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ല. വൃശ്ചികക്കാറ്റിലെന്നല്ല ഒരു കാറ് ചീറിപ്പാഞ്ഞാല്‍പ്പോലും കൂരെറപ്പാ‍യേട്ടന്‍ ആടുന്നത് കാണാം, അതിന് ഘൃതുഭേദമില്ല. എന്നൊക്കെയാണെങ്കിലും ഏത് ആനമയക്കി കഴിച്ചാലും കൂരെറപ്പായേട്ടനെ റോഡ് സൈഡിലോ മറ്റോ വീണുകിടക്കുന്നത് ആരും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചാത്തുണ്ണിയുടെ പല ടെസ്റ്റ് ഡോസുകളും ഫ്രീയായി ഇവാലുവേറ്റ് ചെയ്യുന്നത് കൂരെറപ്പായിച്ചേട്ടനായിരുന്നു.

കൂരെറപ്പായേട്ടന്റെ പ്രധാന തൊഴില്‍, അങ്ങനൊന്നില്ല എന്നുവേണമെങ്കില്‍ പറയാം. എങ്കിലും കൊച്ചൌസേപ്പേട്ടന്റെ കൂടെ വല നെയ്യാനും തുലാവര്‍ഷം കഴിഞ്ഞാല്‍ വൈലിപ്പാടത്ത് മത്ത, കുമ്പളം, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ നട്ടുപിടിപ്പിക്കാനും കൂടാറുണ്ട്. അതല്ലാത്ത സമയങ്ങളില്‍ കുണ്ടേലെ റോസേട്ത്ത്യാരുടെ അടുത്തും രാവുണ്ണിനായരുടെ ചായക്കടയിലും ഗോസിപ്പിന്റെ റീട്ടെയില്‍ കച്ചവടവും.

മേടത്തിലെ പെരുന്നാളും എട്ടാം പെരുന്നാളും കഴിഞ്ഞ്, വീട്ടിലെത്തിയ എല്ലാ അഭയാര്‍ത്ഥികളും സ്ഥലം വിട്ടതിനുശേഷമാണ് കൊച്ചൌസേപ്പേട്ടന്‍ വല നെയ്യുന്നതിന് ഹരിശ്രീ കുറിക്കുന്നത്.

കാലവര്‍ഷം തുടങ്ങി ആദ്യമഴ കഴിഞ്ഞാല്‍ വൈലിപ്പാടത്തെ മുല്ലപ്പെരിയാറായ കോഴിത്തോട്ടിലെ ചീപ്പിന്റെ അടുത്ത് ചെറിയ ഒഴുക്കുള്ള സ്ഥലങ്ങളില്‍, കുളങ്ങളില്‍ നിന്നും ബൌണ്ടറികടന്നുവരുന്ന വരാല്‍, മുശു, കല്ലുത്തി, പരല്‍ തുടങ്ങിയ ചെറുതും വലുതുമായ ധാരാളം മീനുകളു‍ണ്ടാകും. അത് പിടിക്കാനാണ് കൊച്ചൌസേപ്പേട്ടന്‍ വല നെയ്യുന്നത്. കൂടെ കൂരെറപ്പായേട്ടനുമുണ്ടാവും. കാലത്ത് പത്തുമണിക്ക് കൊച്ചൌസേപ്പേട്ടന്‍ നെയ്തുതുടങ്ങും. കൂരെറപ്പായേട്ടന്‍ നെയ്തുകാരനല്ല. വെറുതെ അതിന്റെ ഓരോ അറ്റം പിടിച്ചുകൊടുക്കാനും പിന്നെ അല്പം ഗോസിപ്പും.

പന്ത്രണ്ട് മണിയാകുമ്പോള്‍ ബ്രേയ്ക്ക്. പിന്നെ മൂന്നുമണിക്ക് വീണ്ടും തുടങ്ങും. അത് ആറുമണിവരെ തുടരും പിന്നെ ആറുമണിക്ക് രണ്ടുപേരും ചാത്തുണ്ണിയുടെ ഷാപ്പില്‍. രാത്രി എട്ടുമണിയോടെ മനപ്പറമ്പിലെ സകല ഭൂതപ്രേതാദികളെയും തെറിവിളിച്ച് തിരിച്ച് വീട്ടിലെത്തുന്നു. ഇതാണ് രണ്ടുപേരുടെയും അക്കാലത്തെ ദിനചര്യ.

ഒരു കാലവര്‍ഷാരംഭം .

മഴ തിമിര്‍ത്ത് പെയ്യുന്നു.

കൊച്ചൌസേപ്പേട്ടനും കൂരെറപ്പായേട്ടനും ഉച്ചയോടെ വലയുമായി ചീപ്പിന്റെ അടുത്തേക്ക് പോയി. വലയെല്ലാം ഫിറ്റ് ചെയ്ത് തിരിച്ചു പോന്നു. ഇനി വൈകീട്ട് പോയി വല എടുക്കണം. വൈകീട്ട് ചില ദിവസങ്ങളിലേ കൂരെറപ്പായേട്ടന്‍ കൂടെ പോകാറുള്ളൂ. ചാത്തുണ്ണിയുടെ അവിടെ തിരക്കു കൂടിയാല്‍ ചില ദിവസങ്ങളില്‍ കൂരെറപ്പായിച്ചേട്ടന്‍ സഹായിക്കാന്‍ നില്‍ക്കും.

കൊച്ചൌസേപ്പേട്ടന്‍ തെക്കേലെ യാക്കോവും കൂത്രാടന്‍ വാസുവുമൊക്കെയായാണ് വല കേറ്റാന്‍ പോകുന്നത്. രാത്രി ചീപ്പില്‍ വല വെക്കുന്നത് അത്ര ബുദ്ധിയല്ലെന്നാണ് കൊച്ചൌസേപ്പേട്ടന്റെ മനശ്ശാസ്ത്രം. മഴ കൂടിയാല്‍ വല പിന്നെ അതിന്റെ വഴിക്ക് പോകും.

അന്ന് കൊച്ചൌസേപ്പേട്ടനും കൂത്രാടന്‍ വാസുവുമാണ് വല കയറ്റാന്‍ പോയത്. ഏകദേശം ഏഴുമണിയായിക്കാണും.
പോക്രാം തവളകളുടെയും ചീവിടുകളുടെയും ശബ്ദം മാത്രം.
മനപ്പറമ്പിനു പിന്നിലായതുകൊണ്ട് നല്ല ശൌര്യം കൂടിയ ഇഴജാതികളുള്ളതുകൊണ്ട് ഒരു പെട്രോമാക്സിന്റെ പ്രകാശത്തിലാണ് പ്രയാണം.
കൂരാക്കൂരിരുട്ട്. കൊച്ചൌസേപ്പേട്ടന്റെ കയ്യില്‍ മീനിടാനുള്ള കൂടയുമുണ്ട്.
വാസു ചീപ്പിന്റെ അപ്പുറത്തെ ഭാഗത്തേക്ക് കടന്ന് വല കെട്ടിയിട്ടിരിക്കുന്ന മുള ഒരു ഭാഗത്ത് നിന്ന് പിടിച്ചു.

പെട്ടന്നാണ് ഒരു ആടു കരയുന്ന പോലൊരു സ്വരം കേട്ടത്.
‘കൊച്ചൌസേപ്പേട്ടാ.. ഇന്ന് നല്ല കോളായീന്നാ തോന്നണേ.. ‘
‘എന്തണ്ടാ..’
‘എവ്ട്ന്നാങ്ങ് ട് ഒര് ആട് വലേല് കുടുങ്ങീണ്ട്ന്നാ തോന്നണേ..’
‘അപ്പൊ എന്റെ വല നാലോട്ത്താവൂലോ കര്‍ത്താവേ.. കഴിഞ്ഞാഴ്ചയാ അത് ശരിയാക്കിയത്.’
വാസു കുറെശ്ശേയായി വല മുകളിലേക്ക് വലിച്ചുകൊണ്ടിരുന്നു, കൊച്ചൌസേപ്പേട്ടന്റെ കൂടെ.
വീണ്ടും ശബ്ദം..
ഇപ്പോള്‍ ശബ്ദത്തിനൊരു വ്യത്യാസം.
‘കൊച്ചൌസേപ്പേട്ടോ ഇത് തള്ളാടാന്നാ തോന്നണെ.. ശബ്ദത്തിനൊരു മാറ്റംണ്ട് ട്ടാ..’
വാസുവും കൊച്ചൌസേപ്പേട്ടനും കൂടി വലയെടുത്ത് ചീപ്പിന്റെ കൈവരിയിലേക്ക കയറ്റി.
വലയിലെ ശബ്ദം കുറച്ചുകൂടി വ്യക്തമായി.
‘അയ്യോ...എന്റമ്മേ...’
‘ഇത് ആടല്ല.. ആളാന്നാ തോന്നണേ..എവിട്യോ കേട്ട് പരിചയള്ള ശബ്ദം..’ വാസു ചെറിയ ഒരു വിറയലോടെ പറഞ്ഞു.
പെട്രോമാക്സെടുത്ത് വലയുടെ അടുത്തേക്ക് വെച്ചു.

വലയില്‍ ചുറ്റിവരിഞ്ഞ് ഒരാള്‍ രൂപം.

കൊച്ചൌസേപ്പേട്ടന്‍ മെല്ലെ വലയുടെ ഒരു ഭാഗം തുറന്നു.
‘ഡാ വാസ്വേ.. ഇത് നമ്മടെ കൂരെറപ്പായിയാണ്ടാ..’
‘ങേഹ്..’

വരാലുകളാലും നീര്‍ക്കോലിക്കാളാലും ചുറ്റപ്പെട്ട് കൂരെറപ്പായിച്ചേട്ടന്‍ വലയില്‍ ചുരുണ്ടു കൂടി കിടക്കുന്നു. ചെറുതായൊന്നു മൂളുന്നുണ്ട്.

ദേഹത്ത് ചൂട് പിടിപ്പിച്ച് വാസുവിന്റെ അരയിലുണ്ടായിരുന്ന നാടനൊരിത്തിരി വായിലേക്കൊറ്റിയപ്പോഴാണ് കൂരെറപ്പായേട്ടന് സ്ഥലകാലബോധമുണ്ടായത്.

‘പറ്റിപ്പോയെന്റെ കൊച്ചൌസേപ്പേട്ടാ..ഇനിങ്ങന്യൊന്നുണ്ടാവില്ല..’ കൂരെറപ്പായേട്ടന്‍ വിങ്ങി വിങ്ങി പറഞ്ഞു.

‘എന്താ പറ്റ്യേടാ..’
‘ആ ചാത്തുണ്ണി പറഞ്ഞ്ട്ടാ...പറ്റ് തീര്‍ക്കാന്‍ കാശില്ലേങ്കി പോയി വല്ല മീനും പിടിച്ച് കൊണ്ട് വരാന്‍ പറ്ഞ്ഞു..ഞാനിബടെ ആരൂല്യാത്ത സമയത്ത് വലേന്ന് കൊറച്ച് മീന് എടുത്തോണ്ട് പൂവ്വാന്ന് വെച്ട്ടാ വന്നത്..’
‘ന്ന് ട്ടാ..’
‘തോട്ടില്‍ക്ക് ഒരു ഭാഗ്ത്തൂടെ ഞാന്‍ എറങ്ങി വല മെല്ലെ ഒരു ഭാഗം വലിച്ചപ്പോ ദാ കെട്ക്കുണൂ....’ കൂരെറപ്പായേട്ടന്‍ ഒരു നിശ്വാസത്തോടെ പറഞ്ഞു.
‘ഹാവൂ ഭാഗ്യം.. വലേം കൂടി ഉണ്ടായിരുന്നില്ലെങ്കി കാണാരുന്നു പൂരം.. ’ കീറിയ വലകള്‍ ചുരുട്ടിക്കൂട്ടുന്നതിനിടയില്‍ വാസു പറഞ്ഞു.
കൊച്ചൌസേപ്പേട്ടന്‍ വാസുവിനെ രൂക്ഷമായൊന്ന് നോക്കി.
പിന്നെ മീന്‍ കൊണ്ടു പോകുന്ന കൊട്ടയില്‍ കൂരെറപ്പായേട്ടനെ കയറ്റിയിരുത്തി രണ്ടു പേരും വൈലിപ്പാടുത്തുകൂടെ നടന്നു തുടങ്ങി.

പിന്നീടൊരിക്കലും കൂരെറപ്പായേട്ടന്‍ ഒറ്റക്ക് ചീപ്പിന്റെ അടുത്ത് പോയിട്ടില്ല.

* ചീപ്പ് = തടയണ