Monday, February 26, 2007

പാര ലോനപ്പന്‍

പേരു സൂചിപ്പിക്കുന്നതു പോലെ ലോനപ്പന്‍ ഒരു പാരയാണോ അതോ പാര ലോനപ്പനെ പുല്‍കിയതാണോയെന്ന സന്ദേഹം അവിടെ നില്‍ക്കട്ടെ. എങ്കിലും തൃശ്ശൂര്‍ക്കാരനായ ലോനപ്പന്, മറ്റു മലയാളികള്‍ പാരമ്പര്യമായി കൊണ്ടു നടക്കുന്ന പാരവെപ്പ് തുലോം കുറവാണെന്നു പറയാം( തൃശ്ശൂര്‍ക്കാര്‍ക്ക് പാരവെക്കാനറിയില്ലെന്ന് മറ്റു ദേശക്കാര്‍ പറയുന്നത് തൃശൂര്‍ക്കാര്‍ക്കൊരപമാനമാണോയെന്ന ചോദ്യം ഇത്തരുണത്തില്‍ തികച്ചും പ്രസക്തം) . തൃശൂര്‍ നഗരത്തിലെ വിഖ്യാതമായ എം.ടി.ഐയില്‍ നിന്നും ഇലക്ട്രോണിക്സില്‍ ഡിപ്ലോമയെടുത്ത് ഗള്‍ഫിലെത്തി കമ്പനികളില്‍ പലതിലും ട്രയല്‍ റണ്‍ നടത്തിയാണ് ലോനപ്പന്‍ ഈ കെമിക്കല്‍ കമ്പനിയിലെത്തിയത്.

ആറടിക്ക് ഒരിഞ്ച് കുറവ്, 24 കാരട്ട് ചാര്‍ക്കോള്‍ നിറം, നാലുമാസം ഷേവ് ചെയ്യാതെ നടന്നാലും മുഖത്ത് അനിക്സ്പ്രേയുടെ തിളക്കം, പഴയ സിനിമകളിലെ ഇന്ദ്രന്‍സിനെ തോല്‍പ്പിക്കുന്ന നെഞ്ചുവിരിവ് ഇതൊക്കെയാണ് ലോനപ്പന്‍. ഭാര്യ സാറാമ്മയുടെ കൂടെ ഷോപ്പിംഗിനു പോകുമ്പോഴാണ് ആ ഗ്ലാമര്‍ ശരിക്കും മനസ്സിലാകുന്നത്. അങ്ങനെ ഐശ്വര്യ റായിയും വടിവേലുവും സന്ധിച്ചതുകൊണ്ടായിരിക്കണം കുട്ടികള്‍ രണ്ടും ബ്ലാക് & വൈറ്റ് അനുപാതത്തിലായത്.

മലയാളികളോട് പൊതുവെ ‘ഡേര്‍ട്ടി ഫെല്ലോസ്’ എന്ന മനസ്ഥിതിയാണ് ലോനപ്പനുള്ളത്. അതുകൊണ്ടു തന്നെ ലോനപ്പന്റെ കൂട്ടുകാ‍ര്‍ മിക്കവരും അറബികളാണ്. അതും ഇംഗ്ലീഷില്‍ ‘ഗുഡ് മോണിങ്’ മാത്രമറിയുന്നവര്‍. അറബി (ഇംഗ്ലീഷും ?) അറിയാത്ത ലോനപ്പനും ഇംഗ്ളീഷറിയാത്ത അറബികളും എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന ചോദ്യത്തിനു വടിവേലുവും ഐശ്വര്യ റായിയും സാക്ഷി.

പ്ലാന്റ് ഓപ്പറേഷനിലെ ഭൂരിപക്ഷമായ ഫിലിപ്പീനി പിള്ളേരെ ഷിഫ്റ്റില്‍ മേയ്ക്കുകയെന്ന മഹത്തായ കര്‍മ്മമാണ് ലോനപ്പന്. ഫിലിപ്പീന്‍സില്‍ മീന്‍ പിടിക്കാന്‍ നടന്നിരുന്നവരെയൊക്കെ കെമിക്കല്‍ എഞ്ചിനീയറാക്കി അവരോധിച്ച ഒരു കമ്പനി മാനേജ്മെന്റിനോട് ലോനപ്പന്‍ കൂറും വിശ്വസ്ഥതയും അതിരുകവിഞ്ഞ് പുലര്‍ത്തുന്നത് ഫിലിപ്പീനികള്‍ക്ക് സഹിക്കുന്നില്ലെങ്കിലും 26ആം തീയതി ശംബളം കൃത്യമായി കിട്ടുന്നതുകൊണ്ട് അവരത് കാര്യമാക്കാറില്ല. അതുകൊണ്ടു തന്നെ ലോനപ്പനെ സുഹൃത്തായി പറൈ ലോനപ്പന്‍ (ഫിലിപ്പീനി ഭാഷയില്‍ പറൈ എന്നാല്‍ സുഹൃത്തെന്നോ മറ്റോ ആണ്. ) എന്നാണവര്‍ വിളിക്കുന്നത്. പിന്നീടത് ലോനപ്പന്റെ ഇനീഷ്യലിനു തുല്യമായി ചാര്‍ത്തിക്കിട്ടി. പക്ഷേ ഫിലിപ്പീനികളുടെ പറൈ ലോനപ്പന്‍ ലോപിച്ച് ലോപിച്ച് മലയാളത്തിലെ മുഴുത്ത ഒരു തെറി( %^$$$% ?) ആയപ്പോള്‍ കമ്പനിയിലെ മറ്റു മലയാളി സുഹൃത്തുക്കള്‍ സൌകര്യത്തിനു വേണ്ടി പാര ലോനപ്പനെന്നാക്കി. നിരാകരിക്കാന്‍ സാധിക്കാത്ത ആ സ്നേഹപ്രകടനത്തിനു മുന്‍പില്‍ ലോനപ്പന് വഴങ്ങേണ്ടി വന്നു.

കമ്പനിയെ നന്നാക്കാനുറുച്ച തീരുമാനവുമായി നടന്നിരുന്ന ലോനപ്പന്‍, കണ്ട്രോള്‍ റൂമിലിരുന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിനു പകരം പ്ലാന്റ്റിലും തന്റെ അധികാരപരിധിയില്‍ പെടാത്ത വെയര്‍ഹൌസില്‍ പോലും കറങ്ങിത്തിരിഞ്ഞ് നടക്കും. ഭൂതപ്രേതാതികള്‍ അലസഗമനം നടത്തുന്നുവെന്നാരോപിക്കപ്പെടുന്ന cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ പോലും ലോനപ്പന്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കറങ്ങി നടക്കും. ജോലിചെയ്യാത്തവരെ കുത്തിനു പിടിച്ച് ജോലിചെയ്യിപ്പിക്കും. സൌകര്യം കിട്ടീയാള്‍ കണ്ട്രോള്‍ റൂമിലെ മൈക്കിലൂടെ ജോലിചെയ്യാത്തവരെ പരസ്യമായി തെറിവിളിക്കും. മറ്റു ഡിപ്പാര്‍ട്ടുമെന്റിലുള്ളവരുടെ തെറ്റുകള്‍ മാനേജ്മെന്റിന്റെ മുന്നില്‍ അക്കമിട്ടു നിരത്തും. പ്രത്യേകിച്ചും ഫിലിപ്പീനികളുടെ. അതുകൊണ്ടു തന്നെയാണ് ഫിലിപ്പീനികളുടെ എല്ലാ സ്നേഹാദരങ്ങളും പിടിച്ചുപറ്റാനും ലോനപ്പനു കഴിഞ്ഞതും ലോനപ്പനെ കുടുക്കാന്‍ ഫിലിപ്പീനികള്‍ അവസരം കാത്തു നടന്നതും.

cw93 കെമിക്കല്‍ വെയര്‍ ഹൌസില്‍ പകല്‍ പോലും പലര്‍ക്കും കയറാന്‍ മടിയാണ്. ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായ രാജു ഒരു തവണ പലര്‍ക്കും പോകാന്‍ മടിയുള്ള cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ കയറി രാത്രി സുഖമായി കിടന്നുറങ്ങി. പിന്നെ,ആരോ കഴുത്തിനു പിടിച്ച് ഞെക്കുന്ന അനുഭവവുമായി മൂന്നു ദിവസം അവന്‍ പനിച്ചു കിടന്നു. ജെറാര്‍ദ് എന്ന ഫിലിപ്പീനി പയ്യന്‍ മെറ്റീരിയല്‍ സാമ്പിളെടുക്കാനായി കയറിയപ്പോള്‍ ഒരു സ്ത്രീരൂപം നടന്നുപോകുന്നതായി കണ്ടു. അങ്ങനെ cw93 കെമിക്കല്‍ വെയര്‍ഹൌസ് കമ്പനിയിലെ പ്രേതഭൂമിയായി മാറിയിരുന്നു. അതിനു ശേഷമാണ് cw93 കെമിക്കല്‍ വെയര്‍ഹൌസില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിച്ചത്.

ഒരു ദിവസം നൈറ്റ് ഷിഫ്റ്റിലെ മേലാളനായ ലോനപ്പന് ഉറക്കം വന്നു. സാധാരണ നൈറ്റ് ഷിഫ്റ്റില്‍ ഇങ്ങനെ ഉണ്ടാവാത്തതാണ്. പ്രൊഡക്ഷന്‍ ഷഡൌണല്ലാതെയിരുന്നിട്ടും അന്നെങ്ങനെയോ ലോനപ്പന് കലശ്ശലായ ഉറക്കം വന്നു. കണ്ട്രോള്‍ റൂമിലിരുന്ന് ഉറങ്ങിയാല്‍ പലരും പാരവെക്കുമെന്നറിയാവുന്നതുകൊണ്ട് ലോനപ്പന്‍ പ്ലാന്റില്‍ കറങ്ങി നടന്നു. അങ്ങനെയാണ് ആരും അധികം ശ്രദ്ധകേന്ദ്രീകരിക്കാത്ത ഒരു സ്ഥലത്തെ കുറിച്ച് ആലോചിച്ചത്.

വേറൊന്നും ചിന്തിക്കാതെ ലോനപ്പന്‍ പിന്നെ കെമിക്കല്‍ വെയര്‍ഹൌസിലേക്ക് നടന്നടുത്തു. കെമിക്കല്‍ ബാഗുകള്‍ക്കിടയിലെ ഗാപ്പ് നോക്കി രണ്ട് കാലി ബാഗെടുത്തിട്ട് നീണ്ടു നിവര്‍ന്നു കിടന്നു. കിടന്നതും ലോനപ്പന്‍ ഉറങ്ങിപ്പോയി.

എന്തോ ആവശ്യത്തിന് ലോനപ്പനെ അന്വേഷിച്ച ഫിലിപ്പീനികള്‍ക്ക് ലോനപ്പനെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നെ കണ്ട്രോള്‍ റൂമിലിരുന്ന് എല്ലാ കാമറകളിലൂടെയും ലോനപ്പനെ തപ്പി. ഏറെ നേരത്തിനു ശേഷമാണ് ലോനപ്പനെ കെമിക്കല്‍ വെയര്‍ ഹൌസില്‍ നിന്നും സൂം ചെയ്ത് എടുത്തത്. അവസരം മുതലാക്കാന്‍ തന്നെ ഫിലിപ്പീനികള്‍ തീരുമാനിച്ചു. പിന്നെ, സ്ക്രീന്‍ ഷോട്ടെടുത്ത് മെമ്മറിയില്‍ വെച്ചു.

ലോനപ്പനറിയാതെ ഫിലിപ്പീനികള്‍ പിറ്റേന്ന് മാനേജ് മെന്റില്‍ വിവരമറിയിച്ചു. പ്രൂഫെവിടെയെന്ന് മാനേജ്മെന്റ്. പ്രൂഫിനാണോ പ്രശ്നം. കമ്പ്യൂട്ടറില്‍ ‍ പ്രിന്റൌട്ടെടുക്കാന്‍ ഫയല്‍ തുറന്നപ്പോഴാണ് ഫിലിപ്പീനികള്‍ ഒന്നടങ്കം ഞെട്ടിയത്. സൂം ചെയ്തെടുത്ത പടത്തില്‍ ലോനപ്പനെ ഒരു വിധത്തിലും തിരിച്ചറിയില്ല. തലയുടെയും ഐഡിയുടെയും സ്ഥലം ഒരു വെളുത്ത പുക മാത്രം. ആത്മാവിന്റെ ഒരു മിന്നലാട്ടം പോലെ.

അങ്ങനെ പാര ലോനപ്പന്‍ ഇന്നും കമ്പനിയില്‍ തലയുയര്‍ത്തിപ്പിടിച്ച് ഫിലിപ്പീനികളെ മേയിച്ച് നടക്കുന്നു. ജ്ഞാനികള്‍ പറയുന്നത് ലോനപ്പന് ദിവ്യ ദൃഷ്ടിയുണ്ടെന്നും ഫിലിപ്പീനികള്‍ ലോനപ്പനെ സൂം ചെയ്യുന്നത് ലോനപ്പന്‍ അകക്കണ്ണുകൊണ്ട് കണ്ട് അതിനെ ഭസ്മമാക്കിക്കളഞെന്നുമാണ്. വിജ്ഞാനികള്‍ പറയുന്നത് ലോനപ്പന്റെ സ്ക്രീഷോട്ടെടുത്ത് സേവ് ചെയ്യാന്‍ ഫിലിപ്പീനികള്‍ ഇനിയും പഠിച്ചിട്ടില്ലെന്നും. മലയാളികള്‍ വിലയിരുത്തുന്നത് ഒന്നുകില്‍ ചാത്തന്‍ സ്വാമിയുടെ അനുഗ്രഹം അല്ലെങ്കില്‍ 24 കാരറ്റ് കറുപ്പ് കണ്ട് കാമറ അന്തംവിട്ടിട്ടുണ്ടാവുമെന്നും..

Sunday, February 11, 2007

മീന്‍ കച്ചവടം ..

തുടര്‍ച്ചയായി ഡക്കിനു പുറത്തുപോകുന്ന ബാറ്റ്സ്മാന്റെ മനോനിലയിലായ താവുണ്ണിമാഷ്ക്ക് മൂന്നു തവണ തുടര്‍ച്ചയായി ഏല്യാമ്മ പെണ്‍ തരികളെ സമ്മാനിച്ചതിനുശേഷം, ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ കുന്തം കണ്ട് അന്തം വിട്ടു നിന്നു പ്രാര്‍ത്ഥിച്ചിട്ടാ‍ണ് ഒരു ആണ്‍ തരിയുണ്ടാകുന്നത്. ഇടപ്പള്ളി പള്ളിയില്‍ കോഴിയെ പറത്തി ജോര്‍ജ്ജുകുട്ടിയെന്ന് പേരിട്ടതിനാലാവാം തുടക്കം മുതല്‍ തന്നെ പക്ഷി മൃഗാദികളോട് ജോര്‍ജ്ജുകുട്ടീക്ക് ഒരു വല്ലാത്ത ഇഷ്ടം. തത്ഫലമായി വീട്ടിലെ കോഴികളുടെയും താറാവിന്റെയുമൊക്കെ എണ്ണം നാള്‍ക്കു നാള്‍ കൂടി വന്നു. ഈ നിലക്ക് പോയാല്‍ താവുണ്ണിമാഷെന്ന തന്നെ ‘കോഴിമാഷെ‘ന്ന് വിളിക്കാനധികം സമയം വേണ്ടിവരില്ലെന്ന് മുന്‍ കൂട്ടി കണ്ടതുകൊണ്ടാവണം തുടര്‍ന്നുവന്ന നൊയമ്പു വീടലിനു കോഴിയും താറാവുമെല്ലാം താവുണ്ണിമാഷ് വീട്ടിലെയും അടുത്ത ബന്ധുക്കളുടെയും മേശപ്പുറത്തെത്തിച്ചു.


അതുകൊണ്ട് ജോര്‍ജ്ജുകുട്ടി പത്താം തരം ലാവിഷായി പാസായി സര്‍ട്ടിറ്റും വാങ്ങി ടൌണിലെ കോളജില്‍ അഡ്മിഷനും നേടി. സെക്കന്റ് ഗ്രൂപ്പെടുത്ത് മൈലിപ്പാടത്തെ തവളപിടുത്തവും (സൌകര്യം കിട്ടിയാല്‍ കുറച്ച് മീനും ) പിസി തോമാസിന്റെ എന്റ്രന്‍സിലെത്തിനോട്ടവും കിഴക്കുമ്പാട്ടുകരയിലെ ഷാപ്പുസന്ദര്‍ശനവും കഴിഞ്ഞപ്പോള്‍ പ്രീഡിഗ്രി ലാവിഷായി തോറ്റു. അവിടെ താവുണ്ണി മാഷ് അടിയറവ് പറഞ്ഞു. പിന്നെ നീയ്യായി നിന്റെ പാടായി എന്ന ലൈനിട്ടു.

അഞ്ചേക്കര്‍ തെങ്ങിന്‍പറന്‍പുള്ള താവുണ്ണിമാഷുടെ തൊടി, ജോര്‍ജ്ജ് കുട്ടിയെ ‘മടിച്ചു നില്‍ക്കാതെ കടന്നുവരൂ കടന്നു വരൂ’ യെന്ന് മാടി വിളിച്ചു. തെങ്ങുകള്‍ക്കിടയിലെ ഇടച്ചാലില്‍ ജോര്‍ജ്ജുകുട്ടി മീന്‍ വളര്‍ത്തല്‍ തുടങ്ങി. ഇടയില്‍ കാര്‍ഷിക വാഴ്സിറ്റിയില്‍ നിന്നും മീന്‍ വളര്‍ത്തലില്‍ ഒരു ഡിഗ്രിയും എടുത്തു. മീന്‍ വളര്‍ത്തല്‍ പറമ്പ് മുഴുവനായി, പേരെടുത്തു. അങ്ങനെ മന്ദം മന്ദം താവുണ്ണിമാഷുടെ മകന്‍ എന്ന നിലയില്‍ നിന്നും ‘മീന്‍കാരന്‍ ജോര്‍ജ്ജുട്ടി’ എന്നതിലേക്ക് വളര്‍ന്നു.

ഈ ജോര്‍ജ്ജുകുട്ടിയുടെ അടുത്തേക്കാണ് തന്റെ അസിസ്റ്റന്റെ കം പ്രധാന പറമ്പ് കിളക്കാരനായ കോന്നപ്പന്‍ വശം കൊച്ചുറോമേട്ത്തിയാര് തന്റെ ഹൈ പ്രയോറിട്ടി മെയില്‍ കൊടുത്തയച്ചത്. സന്ദേശം വായിച്ച് ജോര്‍ജ്ജുട്ടി സന്ദേഹത്തോടെ നിന്നു. കൊച്ചുറോമേട്ത്തിക്ക് കുറച്ച് മീന്‍ കുഞ്ഞുങ്ങളെ വേണം. തന്നെ എന്നും കുറ്റം പറയാറുള്ള കൊച്ചുറോമേട്ത്തിക്ക് ഇന്നെന്തുപറ്റി.

കൊച്ചുറോമേട്ത്തിക്ക് ഒരാണ്‍ തരിയും രണ്ടു പെണ് തരിയുമാണുള്ളത്. ആണ്‍ തരിക്ക് പ്രശ്നങ്ങളുണ്ടാക്കാതിരിക്കാന്‍ പെണ്‍ തരികള്‍ രണ്ടിനേയും ദുബായിക്കാരെക്കൊണ്ട് കെട്ടിച്ച് നാടുകടത്തി. അപ്പന്‍ ബ്ലേഡ് നടത്തിയുണ്ടാക്കിയ കാശുകൊണ്ട് ജോസുകുട്ടി പ്ലാസ്റ്റിക് കമ്പനി തുടങ്ങി. പത്രാസൊന്നും കുറയ്ക്കാതിരിക്കാന്‍ വലിയ ഷെഡും മെഷിനറിയും കൊണ്ടുകയറ്റി. വെള്ളത്തിന് രണ്ടു വലിയ ടാങ്കും പണിതു. മൂന്നാം മാസം വന്ന ഇലക്ട്രിസിറ്റി ബില്ല് കണ്ട് കൊച്ചുറോമേട്ത്തിയാരും ജോസുകുട്ടിയും സീറ്റും കാറ്റും പോയ സൈക്കിളില്‍ കയറിയിരുന്ന മൂഡിലായി. പ്ലാസ്റ്റിക് കമ്പനി ഇത്രയും ഇലക്ട്രിസിറ്റി വലിച്ചൂറ്റുമെന്ന് അന്നാണ് മനസ്സിലായത്. അടുത്ത മൂന്നുമാസം എലികള്‍ പ്ലാസ്റ്റിക്കു കമ്പനി തിന്നുതീര്‍ത്തു. ബാങ്കുകാര്‍ വീടിനുമുന്നില്‍ ലക്ഷമണ രേഖ വരച്ചപ്പോള്‍ ജോസുകുട്ടിയെ പെങ്ങന്മാര്‍ ദുബായിക്ക് പൊക്കി.

അങ്ങനെ കൊച്ചുറോമേട്ത്തിയാരും ജോസിന്റെ കെട്ടിയോളും കുടുമ്മത്ത് കുറ്റിയടിച്ചിരിക്കുമ്പോഴായിരുന്നു കൊച്ചുറോമേട്ത്തിക്ക് വിളിതോന്നിയത്.

ഫ്ലാറ്റായി കിടക്കുന്ന വെള്ളടാങ്കില്‍ എന്തുകൊണ്ട് മീന്‍ കൃഷി തുടങ്ങിക്കൂടാ ? എങ്ങനെയെങ്കിലും അമ്മായിയമ്മയെ മെയ്യനപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന മരുമോളും, മരുമോളെ സീരിയലു കാണിപ്പിക്കില്ലെന്ന വാശിയുള്ള കൊച്ചുറോമേട്ത്തിയാരും അങ്ങനെയാണ് ഈ വിഷയത്തില്‍ ഒരു വട്ടമേശ സമ്മേളനം നടത്തിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ അന്‍പത് മുശുക്കുഞ്ഞുങ്ങളെ മീന്‍കാരന്‍ ജോര്‍ജുട്ടിയുടെ കയ്യില്‍ നിന്നും വാങ്ങാം. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മാര്‍ക്കറ്റ് അനാലിസിസിന് അടുത്ത വീട്ടിലെ തങ്കമ്മയ്ക്ക് പ്രോജക്റ്റ് റിപ്പോര്‍ട്ട് കൈമാറി. അന്‍പത് മീനിന് ചെലവ് 10 രൂപ. വലുതായാല്‍ കിലോക്ക് 100 രൂപവെച്ച് ഒരു മീനിന് 200 രൂപയെങ്കിലും കിട്ടും. 50 എണ്ണത്തിന് പതിനായിരം.

ഡിങ്കി ഡിങ്കാ..

തങ്കമ്മ സമീപത്തെ വീടുകളില്‍ സര്‍വെ നടത്തി അടുത്ത നൊയമ്പു വീടലിന് മീന്‍ പിടിക്കാവുന്ന തരത്തില്‍ ഷെഡ്യൂളുണ്ടാക്കി കൊച്ചുറോമേട്ത്തിക്ക് കൈമാറി തന്റെ കണ്‍സള്‍ട്ടന്‍സി ഫീസും വാങ്ങി.
പത്തു ദിവസം പ്രായമായ അന്‍പത് മുശുക്കുഞ്ഞുങ്ങളെ കൊച്ചുറോമേട്ത്തി‍ വാങ്ങി ടാങ്കിലിട്ടു. വളരെ സ്നേഹത്തോടെ അവ ടാങ്കില്‍ വാണു.

ഒരു ദിവസം തീറ്റ കൊടുക്കുമ്പോഴാണ് കൊച്ചുറോമേട്ത്തിയാരുടെ കൈ അറിയാതെ ടാങ്കിലെ വെള്ളത്തില്‍ തൊട്ടത്. എന്തു കൊടുത്താലും അവ വെട്ടിവിഴുങ്ങിക്കൊള്ളുമെന്ന വിലപ്പെട്ട ടിപ് കൊച്ചുറോമേട്ത്തിക്ക് ലഭിച്ചതും അന്നുതന്നെയായിരുന്നു. ഒരാഴ്ചയെടുത്തു കയ്യിലെ മുറിവ് ഉണങ്ങിക്കിട്ടാന്‍.

പിറ്റേന്ന് മുതല്‍ കോന്നപ്പന്‍ ഇറച്ചിക്കടയില്‍ നിന്നും ബോട്ടിയും മറ്റ് വിറ്റാമിനുള്ള സാധനങ്ങളും ലോഡുകണക്കിന് കൊണ്ടു വന്ന് കൊച്ചുറോമേട്ത്തിയാരുടെ ഉമ്മറത്ത് ചൊരിഞ്ഞു തുടങ്ങി.
കൊച്ചുറോമേട്ത്തിയാരും മരുമോളും അതുമുഴുവന്‍ വൃത്തിയാക്കി വെട്ടിക്കൂട്ടി മീനുകള്‍ക്ക് സപ്ലൈ ചെയ്യും. മീനുകള്‍ ബീഫും മട്ടനുമടിച്ച് യാതൊരു ഡയറ്റ് കണ്ട്രോളുമില്ലാതെ കുട്ടപ്പന്മാരായി വളര്‍ന്നു. ഓരൊന്നും 2 കിലോക്ക് മേലെ തൂക്കവുമായി.

ക്രിസ്തുമസ് അടുത്തുതുടങ്ങി. കൊച്ചുറോമേട്ത്തി കോന്നപ്പനെയും തങ്കമ്മയെയും പബ്ലിസിറ്റിക്ക് വിട്ടു, 24ആം തീയതി എല്ലാ മീനിനെയും പിടിച്ച് വില്‍ക്കുന്നതായിരിക്കും എന്ന് വിളംബരം ചെയ്തു.

24-ആം തീയതി കട്ടിയും ത്രാസുമായി കാലത്ത് തന്നെ കോന്നപ്പന്‍ ഹാജരായി. പതിനൊന്നുമണിയായിട്ടും ആരും വന്നില്ല. അറ്റ്ലീസ്റ്റ് സെയിത്സ് പ്രമോട്ടറായ തങ്കമ്മ പോലും വന്നില്ല. രണ്ടും കല്‍പ്പിച്ച് കൊച്ചുറോമേട്ത്തി തങ്കമ്മയുടെ വീട്ടിലെത്തിയപ്പോഴാണറിയുന്നത് തങ്കമ്മ മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരിക്കുകയാണെന്ന്.

ഇങ്ങനെ ഒരു കരിങ്കാലിപ്പണി ചെയ്യുമെന്ന് കൊച്ചുറോമേട്ത്തിയാരുടെ കുരുത്തം കെട്ട ഒരു സ്വപ്നത്തിലും കണ്ടിട്ടുണ്ടായിരുന്നില്ല. റാപ്പ് താളത്തില്‍ നാലഞ്ച് തെറികള്‍ ഘോരഘോരം എറിഞ്ഞിട്ടുകൊടുത്ത് കൊച്ചുറോമേട്ത്തി സമാധാനം കൊണ്ടു.


തിരിച്ച് വന്നപ്പോഴാണ് കോന്നപ്പന്‍ തന്റെ വെളിപാട് അയവിറക്കുന്നത്, ഒന്നര കിലോയേക്കാള്‍ കൂടുതലുള്ള മുശുവിന് ടേസ്റ്റുണ്ടാവില്ലെന്നും അത് കഴിച്ചാല്‍ പെട്ടന്ന് വണ്ണം വെക്കുമെന്നും തലേന്ന് തന്നെ തങ്കമ്മ അയല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പബ്ലിസിറ്റി നടത്തിയിരുന്നെന്ന്.

പിന്നെ കൊച്ചുറോമേട്ത്തി,‍ മുശുവിനുള്ള ഡയറ്റ് മീലന്വേഷിച്ച് മീന്‍ കാരന്‍ ജോര്‍ജ്ജുട്ടിയുടെ ഫോണ്‍ കറക്കി.

Friday, February 02, 2007

ഹെര്‍കുലീസ് ജോസേട്ടന്‍...

പള്ളിനടയിലെ ഈവനിങ് കോണ്‍ഫറന്‍സുകളില്‍ മൂന്നു വിഭാ‍ഗം കുടിയന്മാരാണുണ്ടായിരുന്നത്.

ഒന്ന് കൊമ്പന്‍ ജോര്‍ജ്ജേട്ടന്റെ നേതൃത്വത്തില്‍ മിലിട്ടറിസാധനവും നാടന്‍ ഫോറിനും മാത്രം കഴിച്ച് വയറും വീര്‍പ്പിച്ച് നടക്കുന്ന കാശുള്ള ടീം. പിന്നൊന്ന് , പണികഴിഞ്ഞ് വരുന്ന വഴിയില്‍ ചന്ദ്രന്റെ ചാരായഷാപ്പില്‍ കയറി വീലായി, ബുദ്ധിയുള്ള സൈക്കിളിന്റെ ബലം കൊണ്ട് മാത്രം വീട്ടിലെത്തുന്ന ‘ഹെര്‍ക്കുലീസ് ജോസേ‘ട്ടനെ പോലെയുള്ളവര്‍. മറ്റൊരു കൂട്ടര്‍ വേലായിയെപ്പോലെ വാസൂവിന്റെ ഷാപ്പി‍ലെ നാറ്റനടിച്ചു കിറുങ്ങി നടക്കുന്നവര്‍.

അമ്മാവന്റെ സ്വത്തായ കോട്ടപ്പടിയിലെ മരമില്ലില്‍ സഹായിയായി കൂടി, ഇല്ലാത്ത കണക്കുകളില്‍ കളിച്ച് കളിച്ച് അമ്മാവനോട് ‘പൂയ്.. ‘എന്നും വിളിച്ച് മരമില്ല് സ്വന്തം പേരിലാക്കിയവനാണ് കൊമ്പന്‍ ജോര്‍ജ്ജേട്ടന്‍. കൂടെ ഗുരുവായൂരമ്പലത്തിന്റെ മൂലയ്ക്കിരിക്കുന്ന ഒരു പാട് രാധമാരും കൃഷ്ണന്മാരും മേഞ്ഞു നടക്കുന്ന പാച്ചന്‍സ് ലോഡ്ജിലെ ഒരു സ്വകാര്യ മുറിയും.

ഇത്യാതി ഗുണഗണങ്ങളുടെ ഉടമയായ കൊമ്പന്‍ ജോര്‍ജ്ജേട്ടന്, പള്ളിനട മുഴുവന്‍ പോട്ടയിലെ അച്ചന്മാര്‍ പന്തല് കെട്ടി ധ്യാനം തുടങ്ങിയത് അത്ര രസിച്ചില്ല. ഒരു പക്ഷേ, സ്ഥിരമായി കോണ്‍ഫറന്‍സ് നടത്തുന്ന സ്ഥലം കുറച്ച് ദിവസത്തേക്ക് നഷ്ടപ്പെടുന്നതിനേക്കാള്‍ മദ്യപാനം നിര്‍ത്തുക എന്ന അച്ചന്മാരുടെ ഹിഡന്‍ അജണ്ടയായിരുന്നിരിക്കാം ജോര്‍ജ്ജേട്ടന് ധ്യാനപ്പരിപാടിയോട് അലര്‍ജ്ജി തോന്നാന്‍ കാരണം.

ആദ്യ ദിവസത്തെ ധ്യാനത്തിന്റെ അവസാന മണിക്കൂറില്‍ ആത്മാവ് വന്ന് നിറയാനായി ഒരു പ്രാര്‍ത്ഥനയുണ്ട്. വിശ്വാസികള്‍ അലമുറയിട്ടു നില്‍ക്കുമ്പോള്‍ പെട്ടന്നാണ് ലൈറ്റ് ഓഫ് ചെയ്യുന്നത്. ആ സമയം എല്ലാവരും നിശബ്ദമായി.

ആ ധന്യ മുഹൂര്‍ത്തത്തിലാണ് ജോര്‍ജ്ജേട്ടന് ഉള്‍വിളി വരുന്നത്
പന്തലിനു പിന്നില്‍ നിന്ന് , മീന്‍ കാരന്‍ ഐമുട്ടിയാപ്ല വിളിക്കുന്ന പോലെ ‘പൂ ഹേയ് .. ‘ എന്ന് ഒന്നു നീട്ടി വിളിച്ചു. കൂടെ മറ്റു കുടിയന്മാരും.

എല്ലാവരും പിന്നിലേക്ക് നോക്കി.
‘സാത്താന്റെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതിരിപ്പാന്‍ വേണ്ടി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍... അവന്‍ അവിടെ തന്നെ നില്‍ക്കുകയാണ്...’ അച്ചന്‍ വിളിച്ചു പറഞ്ഞു.
വിശ്വാസികള്‍ കൈകളുയര്‍ത്തി കൈയടിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
വിശ്വാസികളുടെ ആരവത്തിനിടയില്‍ ജോര്‍ജ്ജേട്ടന്റെ തുടര്‍ന്നുള്ള പൂവിളികള്‍ മുങ്ങി.

പിന്നെ ജോര്‍ജ്ജേട്ടന്‍ മുങ്ങി.
മൂന്നാം ദിവസം പൊങ്ങി.
ധ്യാനത്തിലെ സ്റ്റേജിന്റെ മുന്നില്‍ കണ്ണീരും കിനാവുമായിട്ടായിരുന്നെന്ന് മാത്രം.

ധ്യാനം കഴിഞ്ഞ് പിറ്റേന്ന് ജോര്‍ജ്ജേട്ടന്‍ തന്റെ സന്തത സഹചാരിയായ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ ലഗേജ് പെട്ടിയില്‍ ‘മദ്യം വിഷമാണ്’ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവെച്ച് ചാവക്കാടും പരിസരത്തും കറങ്ങി നടന്നു.
ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് ജോര്‍ജ്ജേട്ടന്‍ പള്ളിയില്‍ പോകാന്‍ നേരത്തായിരുന്നു കിഴക്കേവീട്ടിലെ ‘ഹെര്‍ക്കുലീസ് ജോസി’ന്റെ പ്രിയതമയായ ത്രേസ്യാ‍മ്മ ഒരു കണിയായി മുന്നില്‍ വന്നത്.

‘ജോര്‍ജ്ജേട്ടന്‍ കള്ളുകുടി നിര്‍ത്തീ അല്ലേ ?’
‘നിര്‍ത്തി. കഴിഞ്ഞ ധ്യാനത്തിന് സാക്ഷ്യവും പറഞ്ഞു.’
‘എന്റെ കെട്ട്യോന്റ് കുടിം ഇങ്ങനൊന്ന് നിര്‍ത്തിച്ചു തര്വ്വൊ എന്റെ ജോര്‍ജ്ജേട്ടാ‍..ഒരു ഗതീല്ലാണ്ടാ. എന്നും കുടിച്ചിട്ട് വന്ന് വഴക്കുണ്ടാക്കും. മനസ്സമാധാനല്യ വീട്ടില്..’ കരഞ്ഞു കലങ്ങിയ കണ്ണുകളോടേ ത്രേസ്യാമ്മ അപേക്ഷിച്ചു.
‘നോക്കട്ടെ...’
ജോര്‍ജ്ജേട്ടന്‍ ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നതിനു ശേഷം പ്രതിവചിച്ചു.

ഗ്രീക്ക് ദേവനാണ് ഹെര്‍ക്കുലീസെങ്കില്‍ ചാരായം ദേവനായി ഭജിക്കുന്നവനാണ് ഹെര്‍ക്കുലീസ് ജോസേട്ടന്‍. ബ്രേയ്ക്കും ബെല്ലും എന്തിന് ചെയിന്‍ പോലുമില്ലാ‍ത്ത ഒരു പഴയ ഹെര്‍ക്കുലീസ് സൈക്കിളാണ് ജോസേട്ടന്റെ വാഹനം. സൈക്കിള്‍ ഉന്തിക്കൊണ്ടല്ലാതെ സിമന്റ് പണിക്കാരനായ ജോസേട്ടനെ കാണുന്നത് അപൂര്‍വ്വം. കാരിയറിന്റെ സൈഡില്‍ പിടിപ്പിച്ചിട്ടുള്ള കറുത്ത തുരുമ്പെടുത്ത ഇരുമ്പു പെട്ടിയിലാണ് ജോസേട്ടന്റെ പണിയായുധങ്ങള്‍. രാത്രി തിരിച്ചു വരുമ്പോള്‍ ചന്ദ്രന്റെ ഷാപ്പില്‍ നിന്നുമിറങ്ങിയാല്‍ ജോസേട്ടനെ വീഴാതെ വീട്ടിലെത്തിക്കുന്നതും ഈ ഹെര്‍ക്കുലീസാണ്. ഞായറാഴ്ച മാത്രമാണ് ഇതിനൊരപവാദം. അന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി കുര്‍ബാനയും കഴിഞ്ഞ് ആദ്യം കാണുന്ന ബസ്സില്‍ ജോസേട്ടന്‍ പറപ്പൂര്‍ക്ക് പോകും. ജോസേട്ടന്റെ അമ്മവീട് പറപ്പൂരടുത്തുള്ള തോളൂരാണ്. അന്നൊരു ദിവസം ഉച്ച മുതല്‍ തോളൂരെ രാഘവന്റെ ഷാപ്പിലാണ് പൊറുതി. എന്തൊക്കെ സംഭവിച്ചാലും അന്ന്, ‘ഗ്ലാസ്സ് .. ഹാന്‍ഡില്‍ വിത്ത് കെയര്‍ ‘ എന്നെഴുതിയ പാഴ്സല്‍ ഡി.എച്.എല്‍ കാരെടുത്തു വെക്കുന്ന പോലെ സെന്ററിലെ ബസ്റ്റോപ്പിലെ തിണ്ണയിലേക്ക് ജോസേട്ടനെ എടുത്തുവെക്കുന്നത് രാത്രി അവസാനത്തെ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും ചുമതലയാണ്.

ആ ജോസേട്ടനെ നന്നാക്കാനാണ് ത്രേസ്യമ്മയുടെ അപേക്ഷ.

പള്ളിനടയില്‍ കോണ്‍ഫറന്‍സിനു പോകുന്ന പരിപാടി നിര്‍ത്തിയിരുന്ന ജോര്‍ജ്ജേട്ടന്‍ പിറ്റേന്ന് തന്നെ പള്ളിനടയില്‍ പോയി ജോസേട്ടനെ കണ്ട് ഉപദേശിച്ചു തുടങ്ങി.
തുടര്‍ച്ചയായുള്ള ഉപദേശം കൊണ്ട് ജോര്‍ജ്ജേട്ടന്റെ സ്വന്തം ചെലവില്‍ ജോസേട്ടനെ പോട്ടയില്‍ അവിടെ കൊണ്ടുപോയി.

ഭാഷാവരം, പ്രാര്‍ത്ഥനാവരം, അരൂപി വരം അങ്ങനെ കയ്യില്‍ കിട്ടാവുന്നത്ര വരങ്ങളുമായി ജോസേട്ടന്‍ കുടിനിര്‍ത്തി നല്ല കുഞ്ഞാടായി തിരിച്ച് നാട്ടില്‍ ലാന്‍ഡ് ചെയ്തു.

പിന്നെ ജോര്‍ജ്ജേട്ടനെ അനുകരിച്ച് തന്റെ സൈക്കിളിന്റെ കാരിയറിന്റെ സൈഡില്‍ പിടിപ്പിച്ചിട്ടുള്ള കറുത്ത ഇരുമ്പു പെട്ടിയില്‍ ‘മദ്യപാനം മഹാ വിപത്ത്’ എന്ന് വെണ്ടയ്ക്ക വലിപ്പത്തിലും ‘മദ്യപാനി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല’ യെന്ന് ഈര്‍ക്കില്‍ വലിപ്പത്തിലും എഴുതിവെച്ച്, മുന്‍പ് ആവശ്യമില്ലാതിരുന്ന ചെയിനും ബ്രേയ്ക്കൂം സൈക്കിളില്‍ പിടിപ്പിച്ച് ജോസേട്ടന്‍ ഗ്രാമവീഥികളില്‍ പാറിപ്പറന്നു.

പിന്നീട് വന്ന ദു:ഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ ജോര്‍ജ്ജേട്ടന്‍ ഇറങ്ങാനായി മുറ്റത്തെത്തിയപ്പോഴാണ് ജോസിന്റെ പ്രിയതമയായ ത്രേസ്യാ‍മ്മ വീണ്ടും വഴി മുടക്കി മുന്നില്‍.

‘എന്താ ത്രേസ്യാമ്മേ.. ജോസ് ധ്യാനം കൂടി ഇപ്പോ നല്ല മനുഷ്യനായില്ലേ ?‘
‘ജോര്‍ജ്ജേട്ടാ.. ഈ ചതി എന്നോട് വേണ്ടായിരുന്നു..’
‘ഏയ്.. എന്താ ത്രേസ്യാമ്മേ അങ്ങനെ പറേണേ ? ..’
‘കള്ളുകുടിക്കണ കാലത്ത് അങ്ങേര് കുടിച്ച് കഴിഞ്ഞ് ബാക്കി കാശ് എനിക്ക് തന്നിരുന്നു. ഞാന്‍ പണിക്ക് പോകുന്നതുകൊണ്ട് കിട്ടുന്നതും അങ്ങേരുടെ കാശും കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചു പോന്നിരുന്നത്. ഇന്നിപ്പോ പണിക്ക് പോവ്വാണ്ട് നാടായ നാടൊക്കെ സൈക്കിളിന്മേല്‍ കറങ്ങി നടന്ന് കണ്ട ചുമരുമ്മെ ഒക്കെ മദ്യപാനം നിര്‍ത്തണമെന്ന് എഴുതി നടക്കുന്നു. ഒന്നും പോരാണ്ട് ഇപ്പോ ഞാന്‍ കൂലിപ്പണിക്കു പോയി കിട്ടണ കാശോണ്ട് പെയിന്റും വേടിച്ച് കൊടുക്കേണ്ട അവസ്ഥയായി.. ..’
ജോര്‍ജ്ജേട്ടന്‍ ദയനീയമായി ത്രേസ്യാമ്മയെ നോക്കി.
പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി., വേദപുസ്തകമെടുത്ത് വായന തുടങ്ങി.
***********************************************************************

വാല്‍ക്കഷണം :

( ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ ജോസേട്ടനെ കണ്ടു. പള്ളി നടയ്ക്കല്‍ വെച്ചു തന്നെ. സുഖവിവരങ്ങള്‍ ആരാഞ്ഞു. ജോസേട്ടനെക്കുറിച്ച് ഞാന്‍ ഇങ്ങനെ ബ്ലോഗില്‍ ഒന്നെഴുതുന്നുണ്ടെന്ന് പറഞ്ഞു. ‘ നീയെഴുതട ചെക്കാ..’ എന്നു പെര്‍മിഷനും വാങ്ങി. പിന്നെ, ചെയിനില്ലാത്ത ഹെര്‍ക്കുലീസ് സൈക്കിള്‍ ജോസേട്ടനെയും കൊണ്ടു മെല്ലെ നീങ്ങി. )

കുറുമാന്റെ ഭാഷാവരം എന്ന പോസ്റ്റാണിതിനു പ്രചോദകമായത്. ജോസേട്ടനു വിഷമമില്ലാത്ത സ്ഥിതിക്ക് ഇനി വേറെ ആര്‍ക്കും വിഷമമുണ്ടാവില്ലെന്ന് പ്രത്യാശിക്കുന്നു.