Saturday, September 30, 2006

അമ്മിണിയും സത്യനും പിന്നെ ഞാനും.

LKG യും UKG യുമൊന്നുമില്ലാത്ത കാലം. അഥവാ ഉണ്ടെങ്കില്‍ തന്നെ ആറുമണിയുടെ RMS ഉം എട്ടരയുടെ PAB ബസുമെല്ലാം സമയമായി എടുക്കുന്ന ഞങ്ങളുടെ ഓണം കയറാമൂലയില്‍ നഴ്സറിക്ലാസില്‍ പോകുന്നവന് ബെന്റ്ലി ആര്‍നേജില്‍ ജോലിക്ക് പോകുന്നവന്റ പവറാണ്. അതുകൊണ്ട് എന്റെ നേഴ്സറിപഠനം ഇളയച്ഛന്‍ പഠിപ്പിക്കുന്ന പള്ളിസ്കൂളിലെ ഒന്നാം ക്ലാസില്‍ രണ്ട് വര്‍ഷക്കാലം പഠിക്കുകയെന്നതു തന്നെയായിരുന്നു

രണ്ടാം ക്ലാസ്സിലെ ഉയരമുള്ള അമിതാബ് ബച്ചന്മാരില്‍ ഒരാളായിരുന്നു സത്യന്‍. ഒന്നാം ക്ലാസ്സില്‍ മൂന്ന് വിജയകരമായ വര്‍ഷക്കാലം പിന്നിട്ടിട്ടാണ് ചുള്ളന്‍ രണ്ടിലെത്തിയിരിക്കുന്നത്. രണ്ടാം ക്ലാസ്സില്‍ ഇത് രണ്ടാമത്തെ വര്‍ഷക്കാലം.
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സമയം(ഇന്നും വലിയ വ്യത്യാസമില്ല). സ്കൂള് വിട്ടു വരുമ്പോള്‍ പുളിഞ്ചേരിപ്പടിക്കലെ പെട്ടിക്കടയുടെ അടുത്ത് ഒട്ടിച്ചു വച്ചിരുന്ന കൂലി സിനിമയുടെ പോസ്റ്ററിലെ ബച്ചന്റെ പടം കാണിച്ച് സത്യന്‍ പറഞ്ഞു
‘ ടാ കുട്ടാ.. ഇതാരാന്ന് അറിയ്യോ ..’
‘ ആരാ..’ അമിതാബച്ചന്‍ പോയിട്ട് നസീറിനെ വരെ ശരിക്കറിയാത്ത പ്രായം.
‘ഇത് എന്റെ ബോംബെലെ മാമനല്ലേ..’
‘ഏയ് നൊണ..’
‘നീയ്യ് ന്തൂട്ടാ വിചാരിച്ചേ.. ന്റെ ശങ്കുട്ടിമാമന്‍ പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’
ശങ്കുട്ടി മാമന്റെ കഥകള്‍ പലതും ബേബിടീച്ചറിന്റെ സയന്‍സ് ക്ലാസിനിടക്ക് ‘കുണു കുണു’ ശബ്ദത്തില്‍ സത്യന്‍ എന്റെ ചെവിയില്‍ ഓതിയിട്ടുണ്ട്. (പെണ്ണുങ്ങള് കുളിക്കുന്നിടത്ത് എത്തിനോക്കിയതിന് നാട്ടുകാരുടെ മൃഷ്ടാനമുണ്ടിട്ടാണ് ശങ്കുട്ടി മാമന്‍ രായ്കുരാമാനം നാടു വിട്ടതെന്ന് ജയനെയും നസീറിനെയുമൊക്കെ വേര്‍ത്തിരിച്ച് മനസ്സിലായിത്തുടങ്ങിയപ്പൊള്‍ ഞാന്‍ മനസ്സിലാക്കിയ കഥ.)

അങ്ങനെ സത്യന്‍ സത്യം മാത്രമേ പറയുള്ളൂവെന്ന വിശ്വാസം എന്റെ മനസ്സില്‍ പൈലിട്ടുറപ്പിച്ചിരിക്കുന്ന സമയം.

സത്യന്റെ വീട് വൈലിപ്പാടത്തിനെ അടുത്ത് ദിവകരേട്ടന്റെ പറമ്പിനടുത്തുള്ള തോടിനടുത്താണ്. വര്‍ഷക്കാലത്ത് തോട് നിറഞ്ഞൊഴുകും. ആ തോട്ടിലൂടെ പാമ്പും ബ്രാലും(വരാല്‍) ഒരുമിച്ചൊഴുകും. ഈ തോട് കടന്ന് വേണം സത്യന് സ്കൂളിലേക്ക് വരാന്‍. അങ്ങനെയുള്ള ഈ വര്‍ഷക്കാലത്ത് സത്യന്‍ എങ്ങിനെയാണ് സ്കൂളില്‍ വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല.

ഇനി ഒരുപക്ഷേ കര്‍ത്താവ് വെള്ളത്തിന്റെ മീതെ നടന്നതുപോലെ വല്ല പരിപാടിയും ഉണ്ടോയെന്ന് സംശയിച്ചിരിക്കുമ്പോഴാണ് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യന്‍ ആ സത്യം പുറത്ത് വിടുന്നത്.
‘ഡാ.. ഞാനിപ്പൊ പോത്തിന്റെ പുറത്താ സ്കൂളില്‍ വരണത് ... അറിയ്യൊ..? ‘
'ങെ..’ ഇന്നസെന്റ് ‘കിലുക്ക’ത്തില്‍ ലോട്ടറിയടിച്ചപ്പൊള്‍ പറഞ്ഞ പോലെ ഞാന്‍ അന്തംവിട്ടു.
'നെനക്കറിയില്ലേ ദിവാകരേട്ടന് കൊറെ പോത്ത്ണ്ട് ന്നു. അതിലൊരു പോത്ത് തോടിന്റെ അബടെ നിക്ക്ണ്ണ്ടാവും. എന്നെക്കണ്ടാല് പോത്ത് തോട്ടിലേക്ക് എറങ്ങും. പിന്നെ ഞാന്‍ അതിന്റെ കൊമ്പുമ്മെ പിടിച്ച് കാല് അപ്രത്ത്ക്കും ഇപ്രത്തക്കും ഇട്ടട്ട് ഒരു ഇരുപ്പിരിക്കും.
നമ്മള് വിമാനത്തില് ഇരിക്കണ പോല്യാണത്. എന്താ ഒരു പവറ് .. പിന്നെ പോത്ത് എന്നെം കൊണ്ട് നീന്തി അപ്രത്ത്ക്ക് കടക്കും. ന്ന്ട്ട് ഞാന്‍ ഇങ്ങട് പോരും. പോത്ത് തിരിച്ച് പോവും.’
‘ഏയ് നിയ്യ് നൊണ പറയ്യ്യാ..’
‘നിന്നൊട് ഞാന്‍ എന്തിനാ നൊണ പറയണത്.. നീയ്യിന്ന് എന്റെ കൂടെ വന്നാല്‍ കാണിച്ചു തരാം..’
‘ഏയ് .. അതൊന്നും വേണ്ട..’
പുളിഞ്ചേരിപ്പടി കഴിഞ്ഞാല്‍ സത്യന്‍ തിരിഞ്ഞ് പോകും. എനിക്ക് മെയിന്‍ റോഡിലൂടെ തന്നെയാണ് പോകേണ്ടത്. പിന്നെ സത്യന്‍ പോകുന്ന വഴിയില്‍ ചാത്തനേറും പൂഴിക്കടകനും മറ്റ് പണ്ടാറടങ്ങിയ പല വകുപ്പുകളും ഉണ്ടെന്ന് അത്ര പാവമല്ലാത്ത എന്റെ മുത്തശ്ശി എന്റെ ചെവിയില്‍ ഓതി തന്നിട്ടുണ്ട്.
എന്നാലും ഇവന്‍ പറയുന്നത് ശരിയാവുമൊ ?
അഥവാ ശരിയാണെങ്കില്‍ തന്നെ പോത്തിന്റെ പുറത്തിരുന്നാല്‍ വിമാനത്തില്‍ പോകുന്നതുപോലെയാവുമോ ?

നാലുമണിക്ക് ക്ലാസ് വിട്ട് വന്ന് വടക്കേപ്പുറത്തെ മാവിന്റെ ചുവട്ടിലിരുന്ന് ഞാന്‍ കൂലങ്കുഷമായി ആലോചിച്ചുതുടങ്ങി.

ആ സമയത്താണ് കറവക്കാരന്‍ കൃഷ്ണേട്ടന്‍ തൊഴുത്തില്‍ നിന്നും ഞങ്ങളുടെയെല്ലാം ആരോഗ്യരഹസ്യമായ അമ്മിണിയുമായി ഇറങ്ങിവരുന്നത്. തെറ്റിദ്ധരിക്കേണ്ട., അമ്മിണിയെന്നത് പൂവാലിപ്പശുവിന് അപ്പൂപ്പനിട്ട പേരാണ്.

കൃഷ്ണേട്ടന്‍ കറവ കഴിഞ്ഞ് പാലൊക്കെ എത്തിക്കേണ്ടിടത്തെല്ലാം എത്തിച്ച് സെന്ററില്‍ നിന്നും സാധനങ്ങളെല്ലാം വാങ്ങി വീട്ടില്‍ പോയി ഒരു അഞ്ചുമണിയോടെയാണ് വീണ്ടും വരുന്നത്. ഈ വരവിലെ ടാസ്ക് പശുവിനെ കുളിപ്പിക്കുകയും മാറ്റിക്കെട്ടുകയെന്നതാണ്. അമ്മിണിയെ തെങ്ങിന്റെ കടയ്ക്കല്‍ നിര്‍ത്തി കൃഷ്ണേട്ടന്‍ വീണ്ടും തൊഴുത്തില്‍ കയറി. അടുത്ത പത്തുമിനിട്ട് ടാസ്ക് തൊഴുത്ത് വൃത്തിയാക്കുകയാണ്.

അവിടെ എനിക്ക് പുതിയ ബോധോദയമുണ്ടാകുന്നു.

പോത്തില്ലെങ്കില്‍ വേണ്ട, അമ്മിണിയെ വെച്ച് ഒരു ട്രയല്‍ നോക്കിയാലോ..

ചുറ്റും നോക്കി. ആണിരോഗത്തിന് ബീഡിപ്പുകകൊണ്ടാല്‍ നല്ലതാണെന്ന് ഏതൊ കുബുദ്ധികള്‍ പറഞ്ഞതനുസരിച്ച് കെട്ടുകണക്കിന് കാജാബീഡി മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ ചാരുകസേരയിലിരുന്നു വലിച്ചുകൂട്ടുന്ന തിരക്കിലാണ് അപ്പൂപ്പന്‍.

സൈഡില്‍ വെച്ചിരുന്ന ഇന്ധനം വേണ്ടാത്ത യെസ്ഡി മോട്ടൊര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത്
നേരെ അമ്മിണിയുടെ അടുത്തേക്ക്..

‘ക്രീ.....ട് ര്‍ ട് ര്‍.....’
സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. സൈഡില്‍ സ്റ്റാന്‍ഡിലിട്ടു.
ഒന്നുകൂടി ഉമ്മറത്തേക്ക് നോക്കി. അപ്പൂപ്പന്‍ കാല് പൊക്കി വെച്ച് ആണിപ്പഴുതുകളില്‍ ഊതിക്കളിക്കുകയാണ്.

അമ്മിണിയുടെ കയറ് സെക്യൂരിറ്റിയായി കൃഷ്ണേട്ടന്‍ തെങ്ങില്‍ കെട്ടിയത് സ്വര്‍ണ്ണപ്പണിക്കാരുടെ ശ്രദ്ധയോടെ അഴിച്ചുമാറ്റി. സെക്യുരിറ്റി കേബിളഴിക്കുന്നതൊന്നും അറിയാത്ത ഭാവത്തില്‍ കാടി വെള്ളത്തില്‍ തലതാഴ്ത്തി ചിന്തിച്ച് നില്‍ക്കുകയാണ് അമ്മിണി. ഒരു കയ്യില്‍ സെക്യുരിറ്റി കേബിള്‍ പിടിച്ച് അമ്മിണിയെ ആകെപ്പാടെ ഒന്നു വീക്ഷിച്ചു. സത്യന്‍ പറഞ്ഞതു പോലെ പോത്തിന്റേതു പോലെയുള്ള ഹാന്‍ഡില്‍ അമ്മിണിക്കില്ല. എന്നാല്‍ നല്ല ചെവിയുണ്ട്. അതു തന്നെ ധാരാളം. ഞാന്‍ ചെവിയൊന്ന് പിടിച്ച് നോക്കി.
കുഴപ്പമില്ല.
ഇനി ഇതിന്റെ മുകളില്‍ കയറിയിരുന്നൊന്നു നോക്കണം.

മാവിന്റെ മുകളില്‍ കയറിയുള്ള പരിചയം വെച്ച് രണ്ടും കല്പിച്ച് കൈകള്‍ രണ്ടും അമ്മിണിയുടെ പുറത്ത് ബലമായി പിടിച്ച് കയറിയിരുന്നു.

സത്യന്‍ പറഞ്ഞതില്‍ പകുതി കാര്യമുണ്ടെന്ന് മനസ്സിലായി.

പോത്തിന്റെ പുറത്തല്ലെങ്കിലും പശുവിന്റെ പുറത്തെങ്കിലും കയറിയല്ലോയെന്ന ആത്മസംതൃപ്തിയോടെയിരിക്കുന്ന ശുഭമുഹൂര്‍ത്തത്തിലാണ് വീടിന്റെ സെക്യൂരിറ്റിക്കാരനായ ടോമിയെന്ന നായ ഒരു കോഴിയെ ഓടിച്ചു വരുന്നത്.

ടോമിയുടെ മുജ്ജന്മ ശത്രുവാണ് പടിഞ്ഞാറെ വീട്ടിലെ കൊച്ചുമോന്റെ വീട്ടിലെ കറുത്ത ചാത്തന്‍ കോഴി. വീടിന്റെ പരിസരത്തെത്തിയാല്‍ പിന്നെ ചുള്ളന് അവനെ ബൌണ്ടറികടത്തിയിട്ടേ മനസ്സമാധാനമുണ്ടാവൂ. അമ്മിണിക്ക് ടോമിയെ അത്ര പിടുത്തമില്ല. ടോമിയെ കൂട്ടിലാക്കിയിട്ടേ കൃഷ്ണേട്ടന്‍ അമ്മിണിയെ പുറത്തിറക്കാറുള്ളൂ.

കൃഷ്ണേട്ടന്‍ മറന്നിട്ടുണ്ടാകും.

ടോമി അടുത്തെത്തിയതും കാടിവെള്ളം വെച്ച പാത്രമെല്ലാം തട്ടിത്തെറിപ്പിച്ച് അമ്മിണി ഒന്നു കുതിച്ചു. ആ കുതിപ്പില്‍ ഞാന്‍ അമ്മിണിയുടെ കഴുത്തിലേക്ക് വീണു.

സത്യന്‍ പറഞ്ഞതു പോലെ ഹാന്‍ഡിലില്‍ പിടിക്കാന്‍ അമ്മിണിക്കതില്ലല്ലോ. ഞാന്‍ സൈഡിലേക്ക് നോക്കി. ആരുമില്ല.

എന്റെ തൊണ്ടയില്‍ ഒരു തുള്ളി വെള്ളമില്ല. ‘ഹ് ഹ്’ ‘ എന്നുമാത്രമേ പുറത്തേക്കു വരുന്നുള്ളൂ.

ടോമിക്ക് രസം കയറി.
അവന്‍ കുരച്ചുകൊണ്ട് അമ്മിണിയുടെ പിന്നാലെ.

വീടിന്റെ മുന്‍ വശത്തുള്ള മരത്തിന്റെ ഗേറ്റും തകര്‍ത്ത് മുന്നേറുന്നതിനിടയില്‍ അമ്മിണി ഒന്നു കുതറി.
മുകളിലുള്ള ബാണ്ടക്കെട്ട് താഴെ.
പോരാത്തതിന് പിന്‍ കാലുകൊണ്ട് ഒരു ചവിട്ടും.
അത് വളരെ കൃത്യമായി എന്റെ വളരെ അത്യാവശ്യമുള്ള ഘടകകക്ഷികളില്‍ തന്നെ.
ഞാന്‍ വീണിടത്ത് കിടന്ന് ചുറ്റും നോക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു നിന്നു.
കൃഷ്ണേട്ടന്‍ പാഞ്ഞു വരുന്നുണ്ട്. പിന്നാലെ ആണിക്കാലുമായി അപ്പൂപ്പന്‍ അടിവെച്ചടിവെച്ച് വരുന്നു.
ടോമി രസം വിടാതെ റോഡിലൂടെ അമ്മിണിയെ പറത്തിക്കൊണ്ടിരിക്കുകയാണ്.
‘കുട്ടനെന്തെങ്കിലും പറ്റിയോ..’ കൃഷ്ണേട്ടന്‍ ചോദിച്ചു.
‘ഏയ് ഒന്നുല്യ..’ ഞാന്‍ മസിലു പിടിച്ച് പറഞ്ഞു.
ഭാഗ്യത്തിന് കളറ് പോയിട്ടില്ല.
കൃഷ്ണേട്ടന്‍ അമ്മിണിയുടെ പിന്നാലെ ഓടുകയാണ്.
അപ്പൂപ്പന്‍ പിന്നില്‍ നിന്ന് ‘ടോമി.. ടോമി.. ‘ എന്നലറുന്നുണ്ട്.

ഞാന്‍ മെല്ലെ ബാത്ത് റൂമിലേക്ക് ഇന്‍വെന്ററിയെടുക്കാന്‍ പോയി.
ഏയ് . വലിയ പ്രശ്നമൊന്നുമില്ല. ഇന്‍വെന്ററി ഓണ്‍ ഹാന്റും എക്കണോമിക് സ്റ്റോക്കുമെല്ലാം ടാലിയാവുന്നുണ്ട്. ബാക്കിയെല്ലാം ഇനി ഓര്‍ഡര്‍ പോളിസിയനുസരിച്ചിരിക്കുമെന്ന ആശ്വാസത്തില്‍
മുഖമൊക്കെ കഴുകി തിരിച്ച് ഉമ്മറത്തെത്തിയപ്പോഴാണ് കൃഷ്ണേട്ടന്‍ അമ്മിണിയുമായി തിരിച്ചെത്തുന്നത്.

കൃഷ്ണേട്ടന്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ട്.

‘എന്താ കൃഷ്ണാ ഇത്.. ടോമിനെ കെട്ടിയിട്ടിട്ട് മതി അമ്മിണിനെ പുറത്തെറക്കാന് ന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ട്ണ്ട് നെന്നോട്..’

കൃഷ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല.

ഭാഗ്യം.

ഏതായാലും ഞാന്‍ അമ്മിണിയുടെ പുറത്ത് കയറിയത് ആരും കണ്ടിട്ടില്ല.

‘ശരി ശരി.. ന്ന് ട്ട് എവ്ട് ന്നാ നെനക്ക് ഇതിനെ പിടിക്കാന്‍ പറ്റിയേ..?’
‘ഇത് ബ് ട് ന്ന് ഓടീട്ട് നേരെ പറപ്പൂക്കാരന്റെ അടുത്ത് ക്കല്ലേ പോയത്. ‘
‘ന്ന് ട്ടാ..’
‘മാറ്റിനി കഴിഞ്ഞിട്ടില്ല. അമ്മിണി നേരെ ബഞ്ചിന്റെ വാതിലിന്റെ അവടക്കാ പോയത്. ശബ്ദം കേട്ടിട്ട് ടിക്കറ്റ് കീറണ കുരിയാക്കുവേട്ടന്‍ അതിന്റെ ഉള്ളീന്ന് പൊറത്തേക്ക് വന്നു. കുരിയാക്കേട്ടനെ കണ്ടേപ്പൊ അമ്മിണി ബ്രേയ്ക്കിട്ട പൊലെ ഒറ്റ നില്പാ. പിന്നെ ഞാന്‍ മൂക്കു കയറ് പിടിച്ച് ഇങ്ങ്ട്ട് കൊണ്ടോന്നു..’

കൃഷ്ണേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

പിറ്റേന്ന് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യനോട് ഞാന്‍ വള്ളി പുള്ളി വിടാതെ സംഭവം വിശദീകരിച്ചു. സ്ലേറ്റ് പെന്‍സില്‍ കൊണ്ട് ചെവിക്ക് പിറകില്‍ ചൊറിഞ്ഞു കൊണ്ട് ബുജി ശൈലിയില്‍ ആലോചിച്ചുകൊണ്ടു സത്യന്‍ എന്നൊട് ചോദിച്ചു.
‘പറപ്പൂക്കാരന്റെ തീയറ്ററില്‍ ഏതാ പടം ന്ന് നെനക്കറിയൊ ?‘
‘ഏതാ ?’
‘ജയന്റെം സീമേടം പടാ.. അങ്ങാടി. ‘
‘അതിന് ‘
‘വെറുത്യല്ല പശു അബടെ ബ്രേയ്ക്കിട്ട പോലെ നിന്നത്.’
‘അതെന്താ..’
‘അതങ്ങന്യ... ‘
ഞാന്‍ അതെക്കുറിച്ച് കുറെ ആലോചിച്ചു.
ചെറിയ ക്ലുവെല്ലാം കിട്ടിയെങ്കിലും ഇന്നും എനിക്ക് അതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല.

****
കടപ്പാട് : ഈ പോസ്റ്റെഴുതാന്‍ ഉത്തേജകമായത് വിശാലന്റെ സില്‍ക്ക് എന്ന പോസ്റ്റാണ്.

19 comments:

asdfasdf asfdasdf said...

ഒരു ചെറിയ പോസ്റ്റ് ഇടുന്നു.അമ്മിണിയും സത്യനും പിന്നെ ഞാനും. അതെ എന്റെ സ്വന്തം അനുഭവം.

Rasheed Chalil said...

മേനോന്‍‌ജീ വിവരണം അസ്സലായി. ഒന്നുകൂടി ഖണ്ഡിക തിരിച്ചാല്‍ നന്നയിരിക്കും എന്ന് അഭിപ്രായമുണ്ട്.

പുള്ളി said...

ഒരു കഥ: ഉണ്ണി പോത്തിന്റെ കൊമ്പിന്റെ ഇടയിലൂടെ തലയിട്ട്‌ നോക്കിയപ്പോ പോത്ത് വിറളിപിടിച്ച് ഓടി. പിന്നാലെ പോയി പോത്തിനെ പിടിച്ചുകെട്ടി ഉണ്ണിയെ ഊരിയെടുത്തിട്ട്‌ കാര്യസ്ഥന്‍ ചോദിച്ചൂ "എന്താ
ഉണ്ണീ ഇങ്ങനെ ആലോചിക്കാണ്ടെ ഒരൊന്നു ചെയ്യണേ"ന്നു.
അപ്പോ ഉണ്ണി പറയ്‌യാ.. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസായീ ആലോചിക്കുണൂ പോത്തിന്റെ മുമ്പീക്കൂടെ ചെന്നിട്ട്‌ വേണോ അതോ പിന്നീക്കൂടി ചെന്നിട്ട് വേണോ കൊമ്പിന്റെ ഇടയിക്കൂടി തലയിടാന്‍ എന്ന്‌
കുട്ടികള്‍ ആലോചിക്കുന്നുണ്ട് എന്തിനെക്കുറിച്ചും. അവരുടെ ചെറിയ ലോകത്തിലെ ലോജിക്കുകള്‍ മാത്രമുപയോഗിച്ച്‌. ഏതായലും ഇനി ഇങ്ങിനെ ഒരോന്നിനൊരുങ്ങി പുറപ്പെടുന്നതിനുമുന്‍പ് മനസ്സിരുത്തി ആലോചിക്കണേ...

Aravishiva said...

കുട്ടേട്ടാ...കഥ മനോഹരമാ‍യി....അമ്മിണീ സഡന്‍ ബ്രേക്കിട്ടു നിന്നതിന്റെ രഹസ്യമോര്‍ത്ത് വീണ്ടും ചിരിച്ചു...

വല്യമ്മായി said...

സേം പിഞ്ച്.എന്നെ പ്പോലെ ഒരു പാവമായിരുന്നല്ലേ.

Anonymous said...

ഹ ഹ.. മേന്‍‌ന്നേ..
ആ ഇന്‍‌വെന്‍‌റ്ററിയെടുപ്പ്, ഉഗ്രന്‍ ട്ടാ !

Visala Manaskan said...

ഇന്‍‌വെന്ററി ടാലിയായല്ലോ.. ഭാഗ്യം.

നന്നായി കുട്ടമേന്നന്നേ.. എന്റെ സില്‍ക്ക് ധന്യയാ‍യി, ഇങ്ങിനെയൊരു കിണുക്കന്‍ പോസ്റ്റിന് വഴിമരുന്നിട്ടല്ലോ!

വാളൂരാന്‍ said...

പേര്‌ ജയനും സീമയും പിന്നെ അമ്മിണിയും എന്നായിരുന്നു കുറച്ചുകൂടി ചേരുക.
കുട്ടന്‍മേന്‍നേ കുട്ടപ്പന്‍ പോസ്റ്റാണേ....

Unknown said...

മേനോഞ്ചേട്ടാ,
ഇത് കലക്കി. എന്നാലും ആ പശുവും അങ്ങാടിയും തമ്മിലെന്ത് ബന്ധം?

(ഓടോ: അങ്ങാടിയിലെ ഡയലോഗ് ഓര്‍മ്മ വന്നു. ജയന്‍ പറയുന്നു “ വീ മേബീ പുവര്‍, കൂലീസ്... ബട്ട് വീ ആര്‍ നോട്ട് ബെഗ്ഗേഴ്സ്... വണ്‍സ് മോര്‍ യൂ അട്ടര്‍ ദാറ്റ് വേഡ്.. ഐ വില്‍ പുള്‍ ഔട്ട് യുവര്‍ ടങ്ക്...” (കൈയ്യടി!))

Anonymous said...

മേനോന്‍‌ജീ വിവരണം അസ്സലായി, ഉഗ്രന്‍

അരവിന്ദ് :: aravind said...

ഹഹ!
കൊള്ളാം മേന്‍‌നേ..കൊ...ള്ളാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാം..(ജയന്‍)

Adithyan said...

അമറന്‍ കഥ..
ഘടകക്ഷികളും ഇന്വെന്ററിയും.. ആഹാ‍ാ... :))

asdfasdf asfdasdf said...

ഇത്തിരീ : താങ്കള്‍ അഭിപ്രായപ്പെട്ടതുപോലെ ഖണ്ഡിക തിരിച്ചിട്ടുണ്ട്. ഒരു server installation ന്റെ ഇടയില്‍ തട്ടിക്കൂട്ടി എഴുതിയതാതുകൊണ്ടു പറ്റിപ്പോയതാണ്. നന്ദി.

മുസ്തഫ|musthapha said...

കുട്ടമ്മേനോനെ... കലക്കി... തകര്‍ത്തു വിവരണം.

ന്നാലും അമ്മിണി ബ്രേക്കിട്ടതിന്‍റെ കാര്യം ഇനിയും പിടികിട്ടീല്യാന്ന് വിശ്വസിക്കണോ ;)

ഉത്സവം : Ulsavam said...

കലക്കി..അമ്മിണി കലക്കി അല്ലേ..
കൊള്ളാം കിടിലന്‍ കഥ...!
രസായിട്ടുണ്ട്...

വേണു venu said...

മേനോനെ വിവരണം രസ്സായിരിക്കുന്നു.

തറവാടി said...

ഞങ്ങടെ വീട്ടിലെ പോത്തുകളായിരുന്നു , ചെമ്പനും , കാരിയും , ചെമ്പന്‍ പൊതുവെ മിതവാതിയാ, എന്നാല്‍ കാരിയങ്ങനെയല്ല, ആളൊരു ശൂരപരാക്രമിതന്നെയാണ്. സകൂളില്ലാത്തസമയത്ത് ഉച്ചക്കുള്ള ചൊറ് തിന്നുന്നത് ഞാന്‍ മിക്കപ്പൊഴും ചെമ്പന്‍റെ പുറത്തിരുന്നാണ്.
ഒരിക്കല്‍ പുതിയതായി വാങ്ങിയ സൈക്കിള്‍ എനിക്ക് തരാത്ത ദേഷ്യത്തിന് നസീറിനെ ഞാന്‍ കരിയുടെ പുറത്ത് കയറ്റി. പിന്നത്തെ പുകില് പറയണോ , അവന്‍ ഓടി , ഒന്ന് കുടഞ്ഞിടുമെന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് ( പണ്ട് എന്നൊട് അത്രയേ അവന്‍ ചയ്തിട്ടുള്ളൂ ) കാര്യം കയ് വിട്ടെന്ന് മനസ്സൈലാക്കിയ ഞാന്‍ നസീറിനോട് ചാടാന്‍ പറഞ്ഞു. ചാടാന്‍ ധൈര്യമില്ലാതിരുന്ന നസീറ് കാരിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്നു , കാലില്‍ മുഴുവന്‍ ചോരയൊലിപ്പിച്ച് വീട്ടില്‍ പോയ അവനെ കണ്ട് , എനിക്ക് പൊതിരെ കിട്ടി , എല്ലാരുടെയടുത്ത് നിന്നും.

മേന്ന്നേ , നന്നായിട്ടോ , എന്നെ ഓര്‍മ്മിപ്പിച്ചതിനും നന്ദി

asdfasdf asfdasdf said...

ഇത്തിരിവെട്ടം : അഭിപ്രായത്തിന് നന്ദി.
പുള്ളി : താങ്കളുടെ കമന്റ് കുറച്ച് പൊടിപ്പൊക്കെ വെച്ച് ഒരു പോസ്റ്റ് പൂശ്. ഇനി പശുവിന്റെ പുറത്ത് കയറണമെങ്കില്‍ വാടകക്കെടുക്കേണ്ടി വരും.
അരവിശിവ :-)
വല്യമ്മായി :-) മൊത്തം പരീക്ഷണമാണല്ലേ.. തറവാടിയുടെ പഴയ അനുഭവം ഇതില്‍ കമന്റിയിട്ടുണ്ട്.
തറവാടി:-) പണ്ട് നസീറിനെ പോത്തിന്റെ പുറത്ത് കയറ്റിയ അനുഭവം നന്നായിട്ടുണ്ട്. (ഓ.ടോ : ആ അനുഭവം വെച്ച് നസീറിന്റെ പഴയ ജോഡികളായിരുന്ന അത്ര പാവമല്ലാത്ത ആരെയെങ്കിലും പോത്തിന്റെ പുറത്ത് കയറ്റി പരീക്ഷിക്കണമെന്ന് ഇപ്പൊള്‍ മനസ്സിലുണ്ടോ ? )
വിശാല്ജി : താങ്കളുടെ സില്‍ക്കിനെ വായിച്ച ആ നിമിഷം ഓര്‍മ്മ വന്നതായിരുന്നു ഈ പോസ്റ്റ്. നന്ദി.
അരവിന്ദ് :-) ഞാന്‍ താങ്കളുടെ എല്ലാ പോസ്റ്റും വായിച്ചു. ഒരു പോസ്റ്റിലും ഒരു വരിപോലും വെട്ടേണ്ടാത്ത എഴുത്ത്. ബ്ലോഗില്‍ നര്‍മ്മമെഴുതുന്ന ഒരാള്‍ക്കും അവകാശപ്പെടാനാവാത്ത രചനാശൈലി.
ഇടിവാള്‍ജി:-)( പ്രൊഫൈലിലെ ആ പോട്ടം :()
കമന്റിയ മുരളി, അഗ്രജന്‍, ഉത്സവം, വേണുജി,ദില്‍ബു,ആദിത്യന്‍ അങ്ങനെ തിരക്കിലെഴുതിയ ഈ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി

P Das said...

:)