Sunday, September 10, 2006

പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക

സെന്ററിലെ കണ്ണായ സ്ഥലത്താണ് പൈലപ്പേട്ടന്റെ മുറുക്കാന്‍ കട വിരാജിക്കുന്നത്.
നാന, വെള്ളി നക്ഷത്രാദികള്‍ തൂങ്ങിക്കിടക്കുന്ന പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയില്‍ സന്ധ്യാ നേരത്ത് അതിനേക്കാള്‍ ചൂടുകൂടിയ നക്ഷത്രങ്ങളും കിട്ടാറുണ്ടെന്നത് നാട്ടുകാര്‍ക്ക് മനപ്പാഠം. ഇനി ആരെങ്കിലും കാലത്തു തന്നെ ഇതൊന്നും വായിക്കാതെ ജോലിക്ക് പോകേണ്ടി വന്നാലുള്ള അവസ്ഥയാലോചിച്ചായിരിക്കാം കാലത്ത് ആറരക്ക് പള്ളിയിലെ കുര്‍ബാന കഴിഞ്ഞാലുടന്‍ പൈലപ്പേട്ടന്‍ കട തുറക്കുന്നത്.

ഈ പൈലപ്പേട്ടന് മൂന്ന് പുത്രക്കല്ലുകളാണുള്ളത്.

മൂത്തവന്‍ വര്‍ഗ്ഗീസ്.. പത്തം ക്ലാസെന്ന കടമ്പ കടക്കാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ മൂന്നാം സെമസ്റ്ററിനു പഠിക്കുന്നു.
രണ്ടാമന്‍ ലാസര്‍.. ബസ്റ്റോപ്പിലെ ആളുകളുടെ കണക്കെടുക്കാന്‍ ക്വട്ടേഷന്‍ എടുത്ത് നടക്കുന്നു.
മൂന്നാമത്തേത് ആന്റപ്പന്‍ അഥവാ ആന്റൊ.എട്ടാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്നു ആന്റപ്പന്‍.

മറ്റു പുത്രക്കല്ലുകളില്‍ നിന്നും എല്ലാകാര്യത്തിലും അല്പം ശുഷ്കാന്തിയും തന്ടേടവും ആന്റപ്പന്‍ കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ..

എട്ടാം ക്ലാസിലെ മൂന്നാം സെമസ്റ്ററില്‍ ഉണ്ടക്കണ്ണന്‍ ജോണ്‍ മാഷുടെ അണ്ടര്‍വെയറിന്റെ കളറ് അന്വേഷിച്ച് കണ്ടുപിടിച്ച് ചരിത്രമെഴുതിയവന്‍, പറപ്പൂക്കാരന്റെ തീയറ്ററിലെ ചൊവ്വാഴ്ചപ്പടങ്ങളുടെ വാള്‍പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡ് കത്രികകള്‍ സസൂഷ്മം തിരുത്തി എഴുതുന്നവന്‍, വികാരിയച്ചന്റെ കണ്ണു തെറ്റിച്ച് പള്ളി സെമിത്തേരിയിലെ മൂവ്വാണ്ടന്‍ മാവിന്മേല്‍ കയറി അസ്ഥിക്കുഴിയിലേക്ക് മൂക്കും കുത്തി വീണവന്‍, റോഡു പണി കോണ്ട്രാക്ടര്‍ കാദരു മാപ്ലയുടെ രണ്ടു വീപ്പ ടാറ് രാ‍ത്രിക്ക് രാത്രി അടിച്ചുമാറ്റി കാദരുമാപ്ലക്കു തന്നെ മറിച്ചു വിറ്റവന്‍ ,
തുടങ്ങി വിശേഷണങ്ങള്‍ നെറ്റിയിലും നെഞ്ചത്തുമെല്ലാം കുത്തിക്കൊണ്ടു നടക്കുന്നതിനിടയിലാണ് ആന്റപ്പന്റെ ജീവിതത്തില്‍ മറക്കാനാവാത്ത് ഒരു സംഭവം നടക്കുന്നത്.

പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയുടെ ചാര്‍ജ്ജ് ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെ ആന്റപ്പന്റെ കയ്യിലാണ്. രണ്ടുമണിക്ക് പൈലപ്പേട്ടന്‍ മുറുക്കാന്‍ കട ആന്റപ്പനെ ഏല്‍പ്പിച്ച് ഉണ്ണാന്‍ പോകും. ഈ സമയത്താണ് ആന്റപ്പന്‍, പൈലപ്പേട്ടന്റെ ചൂടന്‍ പുസ്തകങ്ങളില്‍ തന്റെ വായനാശീലം വളര്‍ത്തിയെടുക്കുന്നത്. പൈലപ്പേട്ടന്‍ ആരും കാണാതെ മേശവലിപ്പിന്റെ താഴെ മറ്റൊരു വലിപ്പില്‍ പൂട്ടി ബന്തവസ്സാക്കി വെച്ച പുസ്തകസമാഹാരമാണ് ആന്റപ്പന്‍ കള്ളപ്പൂട്ടിട്ട് തുറക്കുന്നത്.

ഒരു ദിവസം മനോരമ വാരിക ചോദിച്ചു വന്ന നാട്ടിലെ പേരുകേട്ട നാടക നടി പണ്ടാറക്കാ‍ട് ശാന്തമ്മക്ക് ആന്റപ്പന്‍ ഒരു ചൂടന്‍ പുസ്തകം വച്ചു നീട്ടി.

‘പ്ഫ $oE%$3*@3$## ന്റെ മോനെ...’ എന്നു പറഞ്ഞ് ശാന്തമ്മ ചീറി.

റേഷന്‍ കട നടത്തുന്ന മത്തായിചേട്ടന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് കൂടുതല്‍ പ്രശങ്ങളൊന്നുമില്ലാതെ അത് ഒത്തുതീര്‍ന്നു.

ഇനിയൊരു പരീക്ഷണത്തിന് ത്രാണിയില്ലാത്തതുകൊണ്ടോ ശാന്തമ്മക്ക് പുതിയ റോളുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന ബുദ്ധിമുട്ട് നേരത്തെ തന്നെ കണക്കു കൂട്ടിയതു കൊണ്ടൊ ആന്റപ്പനെ എങ്ങനെയങ്കിലും നാടുകടത്താന്‍ തന്നെ പൈലപ്പേട്ടന്‍ തീരുമാനിച്ചു.

ഒരാഴ്ച്ചക്കുള്ളില്‍ പൈലപ്പേട്ടന്‍ ബോംബെക്ക് ഇളന്നിര്‍ കച്ചവടത്തിനായി പോകുന്ന കണ്ടാറുവിന്റെ മോന്‍ രവിയുടെ കൂടെ ആന്റപ്പനെ കയറ്റി വിട്ടു.

മൂന്നാം വര്‍ഷം ആന്റപ്പന്‍ നാട്ടില്‍ വെക്കേഷന് വന്നു.

അങ്ങോട്ട് പോയ ആ‍ന്റപ്പനല്ല ഈ ആന്റപ്പന്‍.
റൈബാന്‍ കൂളിങ് ഗ്ലാസും (ഉല്ലാസ് നഗര്‍ മൈഡ്) അടിപൊളി ജീന്‍സും ടീഷര്‍ട്ടുമിട്ട് നാട്ടിലവന്‍ ചെത്തി നടന്നു. ബോംബെയില്‍ നിന്നും കൊണ്ടുവന്ന വാറ്റ് 69 (പിന്നെയാണറിയുന്നത് ബോംബെയിലെ നാടന്‍ വാറ്റ് കളറ് ചേര്‍ത്ത് കുപ്പിയിലാക്കി ലേബലൊട്ടിച്ചതാണെന്ന്) സുഹ്രുത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ലാവിഷായി ഒഴുക്കി.
ബോംബെയില്‍ ഇതിനേക്കാള്‍ ലാവിഷാണെന്നും ചോട്ടാ രാ‍ജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ ആന്റപ്പന്‍ തകര്‍ത്തു വിട്ടു.അതിനു ശേഷമാണ് നാട്ടുകാര്‍ ആന്റപ്പെനെ ദാദ എന്നു കൂടി ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്.
ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് സിനിമക്ക് പോകാന്‍ ഒരു രണ്ടു രൂപ കിട്ടാന്‍ നാലുദിവസം അച്ഛന്റ പിന്നാലെ നടക്കേണ്ട അവസ്ഥയിലാണ് ആന്റപ്പന്റെ ഈ കളി.

‘ഈ രണ്ട് അമിട്ടൂകള്‍ പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക..’
പെരുന്നാളിന് അനൌണ്‍സ്മെന്റ് നടത്തിയിരുന്ന വടക്കന്‍ ജോസേട്ടന്‍ എന്‍.എഫ് . വര്‍ഗ്ഗീസിന്റെ സ്വരത്തില്‍ മൊഴിഞ്ഞു.

നാട്ടുകാര്‍ ആന്റപ്പന്റ വീരകഥകള്‍ പാടി നടന്നു.
ഒന്നരമാസത്തെ ചെത്തിനുശേഷം ആന്റപ്പന്‍ ബോംബെയിലെക്ക് തിരിച്ച് പോയി.
* * * * *
ഞാന്‍ ഡിഗ്രികഴിഞ്ഞ് ടൌണ്‍ഹാളില്‍ നിന്നും നെഹ്രുപാര്‍ക്കിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിക്കൊണ്ട് പുര നിറഞ്ഞു നില്‍ക്കുന്ന സമയം. എങ്ങിനെയെങ്കിലും വല്ല പി.എസ്.സി എഴുതി വല്ല ജോലികിട്ടിയാല്‍ മതിയെന്ന് എനിക്കില്ലെങ്കിലും വീട്ടുകാര്‍ ഏറെ വേവലാതിപ്പെടുന്ന നേരം. അപ്പോഴാണ് ബോംബെയിലെ അമ്മാവന്‍ എന്നെ കൊണ്ടു പോകാമെന്ന് എന്റെ അമ്മയോട് വാക്കു പറയുന്നത്.

അങ്ങനെ മൂന്നരയുടെ ജയന്തിക്ക് ഞാനും ബോംബെയ്ക്ക് യാത്രയാവുന്നു.

അമ്മാവന് എന്നിലുള്ള വിശ്വാസം കൊണ്ടാവാം ബോംബെയിലെത്തി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് വേണ്ടി ബാച്ചിലേഴ്സ് റൂം അന്വേഷിച്ചു തുടങ്ങി.

അങ്ങനെയാണ് സാക്കിനാക്കയിലേക്ക് പെട്ടിയും പ്രമാണവുമായി ഞാന്‍ യാത്രയാവുന്നത്.
സാക്കിനാക്ക, അന്ധേരി- കുര്‍ള റോഡിലെ മലയാളികളുടെ ഒരു താവളമാണ്. സാക്കിനാക്കയിലെ കിരീടം വെക്കാത്ത രാജാവാണ് ജോസേട്ടന്‍. ജോസേട്ടന് സ്വന്തമായി ഇരുന്നൂറോളം മുറികള്‍ അന്നുണ്ട്. കൂടാതെ അവിടത്തെ ഹഫ്ത പിരിക്കുന്നതും ജോസേട്ടനാണ്. ജോസേട്ടന്റെ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ജോസേട്ടന്റെ പലചരക്കു കടയിലാണ്. പലചരക്ക് കട കൂടാതെ കാളന്‍ നെല്ലായിയുടെ ഒരു ഫ്രാഞ്ചെസിയും ഒരു ഹോട്ടലും ജോസേട്ടനുണ്ട്. എല്ലാം അടുത്തടുത്ത് തന്നെ.
എന്റെ അമ്മാവന്റെ ഒരു സുഹ്രുത്തുകൂടിയാണ് ജോസേട്ടന്‍. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞ്ങ്ങള്‍ ജോസേട്ടന്റ കടയിലേക്ക് ചെന്നു.
ഒരു ആര്‍നോള്‍ഡ് ഷ്വാസ്നറെ പോലെയുണ്ടാവുമെന്ന് വിചാരിച്ചിരുന്ന ജോസേട്ടനെ കണ്ട് ഞാന്‍ അന്തം വിട്ടു. ഒരു സ്ഥൂലശരീരി..കുറെ അരി, കടല, ഉഴുന്നു,പരിപ്പു ചാക്കുകള്‍ക് പിന്നില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടൊക്കടിയില്‍ ഇട്ടിരിക്കുന്ന കസേരയിലാണ് ജോസേട്ടന്‍ ഇരിക്കുന്നത്.
‘ങ്ങാ നീയ്യാ..ഇപ്പൊ ഇവ്ടെക്കൊന്നും കാണാറില്ലല്ലോ..’
‘കുറച്ച് പണിത്തെരക്ക് ഉണ്ടായിരുന്നു ജോസേട്ടാ... പിന്നെ, ഇത് നമ്മടെ ചെറുക്കനാ.. ഇവനു ഒരു റൂം വേണം..’
‘ഇപ്പൊ റൂമൊക്കെ ഫുള്ളാ മാഷെ.. ‘
‘ന്നാലും ജോസേട്ടന്‍ വിചാരിച്ചാല്‍ കിട്ടില്ലെ.. ‘
‘നോക്കട്ടെ....’
‘ടാ റോബ്യെ... വല്ല റൂമും ഒഴിവുണ്ട്രാ..?’ ജോസേട്ടന്‍ ഡോള്‍ബി സ്വരത്തില്‍ ഹോട്ടലിലേക്ക് മൊഴിഞ്ഞു.
‘ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടെ ഒരെണ്ണണ്ട് ജോസേട്ടാ‍..’
‘ആര്ട്യാ..’
‘നമ്മടെ സത്യന്റെ ..’
‘റോബ്യെ നീയ്യൊരു കാര്യം ചെയ്യ് ...ഈ ചെക്കനെ ആ റൂമൊന്ന് കാണ്ച്ച് കൊട്ക്ക്..’
‘ഞാന്‍ ഇവ്ടെ നല്ല തെരക്കാ ജോസേട്ടാ. ഞാന്‍ ഇബ്ട്ന്നു നമ്മടെ പുട്ടൂരാനെ വിടാം..’
‘ശരി.. ഒരു മിനിട്ട് നിക്ക് ആ ചെക്കന്‍ ഇപ്പൊ വരും . അവന്‍ കാണിച്ച് തരും റൂമ്..’
ഞങ്ങള്‍ ജോസേട്ടന്റെ കടയില്‍ ചില്ലിട്ട് വച്ചിരിക്കുന്ന, ജോസേട്ടന്‍ പ്രേംനസീറിന്റെയും മധുവിന്റെയും കരുണാകരന്റെയുമൊക്കെ കൂടെ നില്‍ക്കുന്ന പടങ്ങള്‍ നോക്കി നിന്നു. അപ്പൊ ജോസേട്ടന്‍ ആള് ചില്ലറക്കാരനല്ല. ക്രിഷ്ണന്‍ നായരുടെ ഹോട്ടലില്‍ (ദി.ലീല) സ്ഥിരമായി ഒരു റൂം ജോസേട്ടനുണ്ട്.അവിടെ നാട്ടില്‍ നിന്നും ലോക്കലുമായുള്ള ചില പുലികളെ സല്‍ക്കരിക്കാറുണ്ടെന്ന് അമ്മാവന്‍ മുന്‍പുതന്നെ പറഞ്ഞിരുന്നു.
അപ്പോള്‍ ഒരാള്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.
‘ദാ.. പുട്ടുരാന്‍ വന്നു. നിങ്ങള്‍ അവന്റെ കൂടെ പോയാല്‍ മതി..’
ഞാന്‍ ആഗതനെ സൂക്ഷിച്ച് നോക്കി
വിയര്‍ത്ത് കുളിച്ച് മുഷിഞ്ഞ കറുത്ത ബെനിയനും ട്രൌസറുമിട്ട ആ‍ളെ എവിടെയോ കണ്ട നല്ല പരിചയം. ഇവനെ പുട്ടൂരാന്‍ എന്നല്ല, പുട്ടുറുമീസ് എന്നാണ് വിളിക്കേണ്ടത്.
അതെ., ഇത് നമ്മുടെ ആന്റപ്പന്‍ തന്നെ.
‘ടാ ആന്റപ്പാ .. നീയെന്താ ഇബടെ..’
‘ഇവന്‍ ഇബട്യല്ലാണ്ട് പിന്നെ എവ്ട്യ ണ്ടാവാ... ഇവ്ടെ കൊല്ലങ്ങളായിട്ട് അടുക്കളേല് ഉഴുന്നാട്ടുന്നത് ഇവനാണ്..... ടാ..നോക്കി നിക്കാണ്ട് ഇവരെ ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടത്തെ റൂം കാണിച്ചു കൊടുക്കടാ..’ ജോസേട്ടന്‍ തന്റെ സ്വതസിദ്ധമായ ഡോള്‍ബി സിസ്റ്റത്തില്‍ ആന്റപ്പനോട് പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി, ആന്റപ്പന്‍ ഒന്നും മിണ്ടാതെ മുന്നിലും ഞങ്ങള്‍ പിന്നിലുമായി റൂമിലേക്ക് നടന്നു.

20 comments:

കുട്ടന്മേനൊന്‍::KM said...

ചെറിയൊരു പോസ്റ്റിടുന്നു...പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക ..

ഇത്തിരിവെട്ടം|Ithiri said...

ബോംബെയില്‍ ഇതിനേക്കാള്‍ ലാവിഷാണെന്നും ചോട്ടാ രാ‍ജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ ആന്റപ്പന്‍ തകര്‍ത്തു വിട്ടു...

കഴിഞ്ഞ പ്രവശ്യം നാട്ടില്‍ നിന്ന് വരുമ്പോള്‍ ഫ്ലൈറ്റില്‍ തൊട്ടടുത്ത് ഒരു എക്സ് - ബോബെ പുലി. പിന്നെ എന്റെ കഥ പറയണൊ... നെടുമ്പാശ്ശേരിമുതല്‍ ദുബൈ വരെ ദാവൂദ് VS ഛോട്ടാ രാജ് ചരിതം കേട്ട് പുറത്തേക്ക് നോക്കി അന്തിച്ചിരുന്നു.പിറ്റേന്ന് രാവിലെ ഓഫീസിലെത്തേണ്ട എന്നെ രാത്രി 9.30 മുതല്‍ ദുബൈ വരെ ‍ഒരു സെന്റീമിറ്റര്‍ പോലും (ഉറക്കത്തിന്റെ പുതിയ യൂണിറ്റ്) ഉറങ്ങാന്‍ സമ്മതിച്ചില്ല. ഇത്തിരി പ്രായം കൂടിയ ആളായത് കൊണ്ട് ഒന്നും പറയാനും വയ്യായിരുന്നു. ശരിക്കും ഞാന്‍ അന്ന് പുലിവാല് പിടിച്ചു‍.

പിന്നെ ഇത് അസ്സലായി... സൂപ്പര്‍.

ഇടിവാള്‍ said...

കലക്കി മേന്‍‌ന്നേ !

പറപ്പൂക്കാരന്റെ ബിറ്റിടുന്ന തീയറ്റര്‍ “പാവര്‍ട്ടി ജേസണ്‍” ല്ലേ ! നാട്ടീപ്പോയി വന്നതേയ്യുള്ളൂവെങ്കിലും, നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങു വന്നു, അത് കേട്ടപ്പോ !

പിന്നെ.. പറപ്പൂക്കാരന്റെ വേറൊരു തീയറ്ററൂണ്ടല്ലോ.. പ്രോവിഡന്‍സ്.. അതു പ്രദിപാദിച്ചിട്ടുള്ളൊരു കഥ ദാ ഇവിടെ കാണാം

കുട്ടന്മേനൊന്‍::KM said...

അപ്പൊ ബോബെക്കാര് ചില്ലറക്കാരല്ലെന്ന് ഇത്തിരിവട്ടത്തിന് മനസ്സിലായല്ലോ..ആന്റപ്പന്റെ ഡയലോഗില്‍ മതി മയങ്ങിയാണ് ഈയുള്ളവന്‍ ബോംബെക്ക് പോയതു തന്നെ.

ഇത്തിരിവെട്ടം|Ithiri said...

ആ സംഭവ ശേഷം ബോബെ എന്ന് കേട്ടാല്‍ സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസനോട് പോളണ്ട് എന്ന് പറഞ്ഞ പോലെയാ... അത് എനിക്കിഷ്ടമല്ലന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മുങ്ങും.

അഗ്രജന്‍ said...

സംഭവം കിടിലന്‍ സാധനം...അടിപൊളി

പറപ്പൂക്കാരന്‍റെ ബിറ്റിടുന്ന തിയ്യേറ്റര്‍ ഇടിവാള്‍ പറഞ്ഞ പാവര്‍ട്ടി ജേസണോ... അതോ സര്‍വ്വത്ര ഗുരുവായൂര്‍ നിവാസികളുടേയും പറുദീസയായ ‘മദറോ’.

വീട്ടില്‍ നിന്നും സൈക്കിള്‍ ഒരേ നിപ്പില്‍ നിന്നാഞ്ഞ് ചവിട്ടിയിരുന്നത് ആ ഒരു സ്ഥലത്തേക്ക് മാത്രമായിരുന്നു...:)

അനംഗാരി said...

പണ്ട് ഗള്‍ഫുകാരെ കുറിച്ചും ഇതുപോലെ ധാരാളം അനുഭവകഥകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മേന്‍‌നേ...ഞാന്‍ കുവൈറ്റിനു വരണോ?. എന്റെ സഹോദരന്‍‌മാര്‍ നാലാ അവിടെയുള്ളത്.

കുട്ടന്മേനൊന്‍::KM said...

സംഭവം പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്റെ ജേസണ്‍ തന്നെ.പ്രോവിഡന്‍സ് മോള്‍ക്കും ജേസണ് മോനുമാണ് വര്‍ഗ്ഗീസേട്ടന്‍ സമര്‍പ്പിച്ചിരുന്നത്.ബിറ്റിട്ട് ബിറ്റിട്ട് വര്‍ഗ്ഗീസേട്ടന്‍ ഒരു നെലക്കായി. ചാമ്പക്ക പൊട്ടിക്കാന്‍ മതിലുചാടി വന്ന ഞങ്ങള്‍ക് വര്‍ഗ്ഗീസേട്ടന്റെ വീട്ടിലെ അല്‍ സേഷ്യന്‍ നായയുടെ ശൌര്യം ശരിക്കറിയാം.ഈയിടെ തീയറ്ററ് ഡോള്‍ബിയാകിയിട്ടുണ്ട്.
ഇടിവാളിന്റെ ലിങ്കുള്ള കഥ വായിച്ചു. കിടിലന്‍ തന്നെ.

കുട്ടന്മേനൊന്‍::KM said...

അനംഗാരി : ഇന്നും ഗള്‍ഫുകാരെക്കുറിച്ച് ഇതിനേക്കാള്‍ ഭയങ്കരന്‍ കഥകള്‍ ഉണ്ട്. പിന്നെ ധൈര്യമായിട്ട് കുവൈറ്റിലേക്ക് പോന്നൊളൂ.. ചക്ക കൂട്ടാനും കൂര്‍ക്ക ഉപ്പേരിയും തരാം.

V N said...

ഉശിരനായിട്ടുണ്ട്‌ മാഷേ!
:)

കുട്ടന്മേനൊന്‍::KM said...

വേലുനായര്‍ക്ക് നമോവാകം.

Adithyan said...

മേന്‍ന്നേ ഇതു കലക്കി... നന്നായിരിക്കുന്നു. :)

“പേരുകേട്ട നാടക നടി പണ്ടാറക്കാ‍ട് ശാന്തമ്മക്ക് “ ഒവ്വ, ഒവ്വേയ്.... ;)

ദില്‍ബാസുരന്‍ said...

പേരുകേട്ട നാടക നടി പണ്ടാറക്കാ‍ട് ശാന്തമ്മക്ക്

ഈ നടിക്ക് താങ്കളുടെ സിനിമകളില്‍ സ്ഥിരം റോളുണ്ടല്ലോ. എന്താപ്പത്?..........


കലക്കന്‍ കഥ! വായിക്കാന്‍ വിട്ട് പോയതെങ്ങനെ എന്ന് മന‍സ്സിലാവുന്നില്ല.

കുട്ടന്മേനൊന്‍::KM said...

ദില്‍ബൂ, ആദിത്യാ.. പണ്ടാറക്കാട് ശാന്തമ്മയുടെ ശരിക്കുള്ള പേര് പറഞ്ഞാല്‍ ഭൂലോഗത്തെ ത്രിശ്ശൂക്കാരായ പല ഗെഡികളും അറിയും. ഡിസംബറില്‍ നാട്ടില്‍ പോകണമെന്നു വിചാരിക്കുന്നതുകൊണ്ട് ഇനി പണ്ടാറക്കാട് ശാന്തമ്മെയെ ഒഴിവാക്കാന്‍ ശ്രമിക്കാം.

ദില്‍ബാസുരന്‍ said...

കുട്ടമേനോഞ്ചേട്ടാ,
ഞാനാദ്യമായി മുണ്ടും കുപ്പായവുമുടുത്തു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മയെ കണ്ടു.

ഇതേ ശാന്തമ്മ തന്നെയാണല്ലോ നാടകനടിയും? അല്ല ചോദിച്ചു എന്നേ ഉള്ളൂ.ഞങ്ങള്‍ പറഞ്ഞു എന്നത് കൊണ്ട് ഒഴിവാക്കാന്‍ ശ്രമിക്കണ്ട. :-)

(തമാശയാണേയ്.......)

കുട്ടന്മേനൊന്‍::KM said...

ദില്‍ബൂ.. ഇന്ന് കരുണാകരന്‍ പറഞ്ഞിരിക്കുന്നു ശോഭന ജോര്‍ജ്ജിന് നല്ല നാടകനടിക്കുള്ള അവാര്‍ഡ് കൊടുക്കണമെന്ന്.... :-) ഏത്...

ദില്‍ബാസുരന്‍ said...

കുട്ടമേനോഞ്ചേട്ടാ.....
:D

ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞു.... കരു അങ്ങനെയൊന്നും കരുതിക്കാണില്ലെന്നേ... ഇനി ഇത് വായിച്ചാല്‍ പുള്ളി പറായും ഇതു ഉദ്ദേശിച്ചിരുന്നു എന്ന്. ഏത്.. പുള്ളിയാരാ മ്വോന്‍..?

വിശാല മനസ്കന്‍ said...

രാസായിണ്ട് മേന്നേ!

‘ഞങ്ങള്‍ ജോസേട്ടന്റെ കടയില്‍ ചില്ലിട്ട് വച്ചിരിക്കുന്ന, ജോസേട്ടന്‍ പ്രേംനസീറിന്റെയും മധുവിന്റെയും കരുണാകരന്റെയുമൊക്കെ കൂടെ നില്‍ക്കുന്ന പടങ്ങള്‍ നോക്കി നിന്നു‘

ഞാനും!

കുട്ടന്മേനൊന്‍::KM said...

ദില്‍ബു, കമന്റിയതിനു നന്ദ്രി.
വിശാല്‍ജീ.. ജോസേട്ടനെക്കുറിച്ചെഴുതാനാണെങ്കില്‍ ഒത്തിരിയുണ്ട്. very simple. ധൈര്യമില്ല.

ചക്കര said...

“ചോട്ടാ രാ‍ജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ” ... കഷ്ട്ടം, പാവം ആന്റപ്പന്‍..:)