Wednesday, November 22, 2006

ഇളയതും ചില കുപ്പി വിശേഷങ്ങളും

നാട്ടിലെ കല്യാണാ‍ടിയന്തരാദികള്‍ക്ക് ഇളയതിന്റെ സേവനം തേടാത്തവര്‍ ചുരുക്കമാണ്. വാസുദേവന്‍ ഇളയതെന്ന് മുഴുവന്‍ പേര്. പണി ദേഹണ്ണം തന്നെ. രുചിയുടെ കാര്യത്തില്‍ കേമാന്നങ്ങട് കൂട്ടിക്കോളൂ. എരിശ്ശേരി, കാളന്‍, കൂട്ടുകറി തുടങ്ങിയ നാടന്‍ വിഭവങ്ങളില്‍ അഗ്രഗണ്യനാണ് ഇളയത്. ഇളയത് സഹായിയായി കൂടെ കൂട്ടുന്നത് തെക്കെപ്പാട്ടെ അമ്മുക്കുട്ടിയമ്മയെയാണ്. അമ്മുക്കുട്ടിയമ്മയാണെങ്കില്‍ കഠിനദ്ധ്വാനിയായതിനാല്‍ ഇളയതിന്റെ മൊശടന്‍ സ്വഭാവത്തിന് നന്നേ ചേരും. അമ്മുക്കുട്ടിയമ്മ ഇന്നും വിവാഹം കഴിച്ചിട്ടില്ലെന്നത് ചരിത്രരേഖകളിലെ തങ്കപ്പെട്ട മറ്റൊരു അദ്ധ്യായവും.

ഇളയതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ദേഹണ്ണം തുടങ്ങിയാല്‍ പിന്നെ ഭക്ഷണ പാനീയങ്ങളൊന്നുമില്ല., ചാരായമൊഴിച്ച്. ഇരുപത്തിനാലുമണിക്കൂറിന്റെ ദേഹണ്ണ പണിക്ക് മൂന്നുകുപ്പിയാണ് കണക്ക്. പിന്നെ പണി തുടങ്ങിയാല്‍ അധികം സംസാരമില്ല. അമ്മുക്കുട്ടിയമ്മയോടും മറ്റു സഹായികളോടും ആഗ്യാഭിനയം മാത്രമേയുള്ളൂ.

സംഭവം നടക്കുന്നത് ഏകദേശം 20 വര്‍ഷം മുന്‍പ് , അപ്പൂപ്പന്റെ അടിയന്തിര സദ്യയ്ക്ക്.
എരിശ്ശേരി,കാളന്‍, കൂട്ടുകറി, പരിപ്പ്, ഓലന്‍, ഉപ്പേരികള്‍, മാമ്പഴ പുളിശ്ശേരി, ഉപ്പിലിട്ടത്,രസം, പ്രഥമന്‍ തുടങ്ങി പതിനെട്ടു തരം കറികള്‍.

മാങ്ങയില്ലാത്ത കാലമായതുകൊണ്ട് ഇളയത് അന്ന് പൈനാപ്പിള്‍ കൊണ്ടായിരുന്നു പുളിശ്ശേരി ഉണ്ടാക്കിയത്. അന്ന് കാലത്ത് പൈനാപ്പിള്‍ കൊണ്ട് ഒരു കറിവെക്കുകയെന്നത് തന്നെ ഒരു പുതുമയാണ്.

തലേന്ന് കാലത്തു തന്നെ ഇളയതും അമ്മുക്കുട്ടിയമ്മയും വീട്ടില്‍‍ ഹാജര്‍.

ആദ്യപരിപാടി കഷണങ്ങളരിയാന്‍ തുടങ്ങുകയാണ്. ചേന, ചേമ്പ്, മുരിങ്ങയ്ക്ക, വെണ്ടയ്ക്കാ‍ദികള്‍ ഓരോരൊ ഡിപ്പാര്‍ട്ടുമെന്റിനെ ഏല്‍പ്പിക്കും. പിന്നീടാണ് ഇളയത് മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നത്. പത്തായപ്പുരയുടെ ഇടതുവശത്തുള്ള പന്തലിലാണ് ഇളയതിന്റെ കുശിനിപ്പുര.

ഇളയതിന്റെ റേഷനായ മൂന്നു കുപ്പി സാധനം(അന്തോണിച്ചന്‍ നിര്‍ത്തിച്ച സാധനം തന്നെ) ചെറിയച്ഛന്‍ നേരത്തെ തന്നെവാങ്ങി പത്തായപ്പുരയില്‍ വെച്ചിരുന്നു. ചില നിബന്ധനകളോടെ ഇതിന്റെ സപ്ലെയറായി എന്നെയാണ് നിയമിച്ചിരിക്കുന്നത്.

ഈ സാധനം വേറോരാളുമറിയാതെ ഇളയതിന്റെ ആവശ്യാനുസരണം ഗ്ലാസ്സിലാക്കി മാത്രമേ കൊടുക്കാവൂവെന്നും ഞാനത് മണത്തുപോലും നോക്കരുതെന്നുമുള്ള ചെറിയച്ഛന്റെ വാണിങ്ങ് മെസ്സേജുള്ളതുകൊണ്ടും ആ മൂന്നുകുപ്പിയും വെച്ചിരിക്കുന്ന പത്തായത്തിലെ എലിപ്പെട്ടിയുടെ പിന്‍ഭാഗം ഒരു പൂജാമുറിയുടെ പരിശുദ്ധിയോടെ കാക്കേണ്ട ചുമതലയുള്ളതുകൊണ്ടും മുല്ലപ്പെരിയാറിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ ജാഗ്രതയായിരുന്നു എനിക്ക്.

കഷണങ്ങളരിയുന്നതിന് മുന്‍പ് തന്നെ ഇളയത് കാല്‍ കുപ്പിയോളം സാധനം വെള്ളം ചേര്‍ക്കാതെ അടിച്ചു. പിന്നെയും ചോദിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞ് വളരെ സൌമനസ്യത്തോടെ ഞാന്‍ വിലക്കി. മനസ്സില്ലാ മനസ്സോടെ ഇളയത് പണി തുടര്‍ന്നു.
പണിയുടെ ഇടവേളകളില്‍ മുല്ലപ്പെരിയാറിലേക്ക് മന്ത്രിമാരെത്തിനോക്കുന്നതു പോലെ സാധനം അവിടെ തന്നെയില്ലേയെന്നും അളവില്‍ വല്ല പ്രശ്നവുമുണ്ടോയെന്നും ഞാനിടക്കിടെ ചെന്നു നോക്കും.

ഉച്ചകഴിഞ്ഞ് പെട്ടന്നൊരു ആവശ്യത്തിന് ചെറിയച്ഛന്‍ എന്തോ സാധനം വാങ്ങാനായി എന്നെ മാര്‍ക്കറ്റിലേക്ക് വിട്ടു. തിരികെ വന്ന് പത്തായത്തിലെത്തി നോക്കിയപ്പോള്‍ മൂന്നുകുപ്പിയില്‍ ഒരെണ്ണം ഗോപി. മൂന്നെണ്ണത്തിന്റെ സ്ഥാനത്ത് രണ്ടെണ്ണം മാത്രം.
ദൈവമേ.. മൂക്കത്ത് ശുണ്ഠിയുള്ള, എന്നെ മാത്രം വിശ്വസിച്ചേല്‍പ്പിച്ച ചെറിയച്ഛനോട് ഞാനെന്തു സമാധാനം പറയും ?
ഞാനവിടെ മുഴുവന്‍ നോക്കി. ഒരു രക്ഷയുമില്ല.
കാളനുണ്ടാക്കിക്കൊണ്ടിരുന്ന ഇളയതിന്റെ സമീപപ്രദേശങ്ങളില്‍ ചെന്നു നോക്കി. ഒരു രക്ഷയുമില്ല.
പിന്നെ രണ്ടും കല്‍പ്പിച്ച് ഇളയതിനോട് ചോദിച്ചു.
ഇളയത് എന്നെ രൂക്ഷമായൊന്ന് നോക്കി.
‘ഹൌ എന്തൊരു ചൂട്’ എന്നും പറഞ്ഞ് ഞാന്‍ പിന്‍ വലിഞ്ഞു.
ഒടുവില്‍ ചെറിയച്ഛനോട് സംഭവം അവതരിപ്പിച്ചു.
ചെറിയച്ഛന്‍ എന്നെ ആസകലം ഒന്നുഴിഞ്ഞു നോക്കി.
പിന്നെ മാറ്റി നിര്‍ത്തി, പുഴയ്ക്കല്‍ പാടത്ത് കാറും ബൈക്കും തടഞ്ഞു നിര്‍ത്തി എസ്.ഐ. ലോനപ്പന്‍ സ്മാളടിച്ചവരെ ഊതിയ്ക്കുന്ന പോലെ എന്നൊട് ഊതാന്‍ പറഞ്ഞു.
ഞാന്‍ ഊതി.
ഒന്നിരുത്തി മൂളി ചെറിയച്ഛന്‍ പന്തലിലേക്ക് പോയി.
ഇനി ഇപ്പൊ ഞാനാര്‍ക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാവുമെന്നായിരിക്കും പുള്ളി വിചാരിച്ചിരിക്കുക ?
ഇപ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സദ്യ കഴിഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പൊക.

സദ്യ ഗംഭീരമായിരുന്നു. എല്ലാ കറികളും ഉഗ്രനായെന്ന് ജനതതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
എന്നിരുന്നാലും ചിലരുടെ ഒരാശങ്ക ചര്‍ച്ചയ്ക്ക് വിധേയമായി. മാങ്ങാ അച്ചാറിന്റെ ടേയ്സ്റ്റിനൊരു വല്ലായ്ക. പലരും പല അഭിപ്രായങ്ങളും പറഞ്ഞു; മാങ്ങയുടെ കുഴപ്പമാണെന്നും അതല്ല ഇളയതിന്റെ പുതിയ പരീക്ഷണമാണെന്നുമൊക്കെ
എല്ലാവര്‍ക്കും ഇളയതിനോട് ചോദിക്കാനൊരു മടി.
അവസാനം ചെറിയച്ഛനത് ചോദിച്ചു.
‘എളേയ്തെ , മാങ്ങാച്ചാറിന്റെ രുചിയ്ക്ക് എന്താ ഒരു പ്രത്യേകത തോന്നീലോ..’
‘എങ്ങന്യാ ഇല്ല്യാണ്ടിരിക്ക്യ.. അതില് ചൊറുക്ക(വിനാഗിരി)യ്ക്ക് പകരം പട്ടച്ചാരയല്ലേ ഒഴിച്ചത്...’

സംഭവം ഇങ്ങനെയാണ്.

ഞാന്‍ മാര്‍ക്കറ്റില്‍ പോയ സമയത്ത് ഇളയത് ഒരു കുപ്പി അടിച്ചുമാറ്റിയിരുന്നു. ഇളയത് അതെടുത്ത് വെച്ചത് വിനാഗിരിയുടെ കുപ്പിയുടെ വൃഷ്ടിപ്രദേശത്ത്. അങ്ങനെ മാങ്ങാ അച്ചാറില്‍ ഇളയത് വിനാഗിരിക്കു പകരം പൂശിയത് എന്റെ കാണാതെ പോയ ആത്മാവിനെയായിരുന്നു.

21 comments:

മുസ്തഫ|musthapha said...

ഇളയത് ആ സത്യം പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനും മേന്ന്നേ ഡൌട്ടടിച്ചേനേ :)

നന്നായി ഓര്‍മ്മക്കുറിപ്പ്.

കുറുമാന്‍ said...

ഇളയതാളൊരു കേമന്‍ തന്നെ.

മേന്നെ, എന്നെയെങ്ങാനുമാ കുപ്പി ഏല്‍പ്പിച്ചിരുന്നെങ്കില്‍, മൂന്നു കുപ്പീന്നും നൂറ് വീതം അടിച്ചു മാറ്റി പകരം വെള്ളം ഒഴിച്ച് നിറച്ച്, ഇളയതിന്നു നല്‍കിയേനെ. ഇളയതും, എളേച്ചനും, ഞാനും ഖൂശ്, ഖൂശ്......:)

ലിഡിയ said...

രസിച്ചു മേന്ന്യന്നേ പുതിയ അച്ചാര്‍...

-പാര്‍വതി.

ഏറനാടന്‍ said...

മേന്‍ന്നേ.. ഈ അച്ചാറിന്റെ ചേരുവയും നിര്‍മ്മിതിയും നളപാചകത്തില്‍ പോസ്‌റ്റുകയോ അല്ലേലതിന്റെ ഭാരവാഹികള്‍ക്ക്‌ പറഞ്ഞുകൊടുക്കുകയോ ചെയ്‌താല്‍ അടിപൊളിയാവാം.. ഗംഭീര വിവരണാട്ടോ,, അച്ചാറടിച്ച്‌ ഞാനും കിക്കായോ എന്നൊരു ശങ്ക!!

മുസാഫിര്‍ said...

ഇങ്ങിനെയുള്ള അബദ്ധങ്ങളില്‍ നിന്നു വന്‍ കണ്ടുപീടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ.
എന്തായാലും കഥ രസികന്‍ .

Mubarak Merchant said...

എന്റെ മേന്നേ!!
ആ അച്ചാറു കൂട്ടാന്‍ ഭാഗ്യമുണ്ടായില്ലല്ലോന്നോര്‍ക്കുമ്പൊ...
അങ്ങനെ എന്തേലും പുതിയ വിഭവങ്ങളുണ്ടെങ്കി നളപാചകത്തിലിട്.. വീട്ടിലുമ്മയില്ലാത്തപ്പൊ പരീക്ഷിക്കാം. (ഉവ്വ, കൊറേ പരൂക്ഷിക്കും)

Anonymous said...

കുറേക്കാലമായി അച്ചാറ് ഉണ്ടാക്കുന്നതല്ലേ അച്ചേഴാക്കമെന്ന് ഇളയത് മൂത്തപ്പോ കരുതിക്കാണും.

ഉഗ്രന്‍ ഉഗ്രോഗ്രന്‍

വാളൂരാന്‍ said...

സംഭവം ശരിക്കും കൊഴുത്തു മേന്‍നേ....
ഞാനുമായിട്ട്‌ ചെറിയ ബന്ധോണ്ട്‌ ഇതിന്‌ കാരണം, എന്റെ അച്ഛനും വാസുദേവന്‍ ഇളയതാണ്‌. പക്ഷേ പേരു മാത്രേ ഉള്ളൂട്ടോ, ബാക്കിയുള്ളതൊന്നും ആള്‍ക്കു ചേരില്ല. എന്തായാലും മാങ്ങാക്കറി കിടിലന്‍, റ്റച്ചിങ്ങ്സില്‍ തന്നെ മറ്റവന്‍ ചേര്‍ന്നപ്പോള്‍ അതൊരു ഉഗ്രന്‍ സംഭവമായി... ഒന്നായ നിന്നെയിഹ.....ഈ അദ്വൈത സിദ്ധാന്തംന്നൊക്കെ പറഞ്ഞാല്‍ ഇതുമായിട്ടു വല്ല ബന്ധോണ്ടോ?

Anonymous said...

കുട്ടന്മേനോന്‍ സ്പര്‍ശമുള്ള ഈ കുറിപ്പും പിടിച്ചു.

Anonymous said...

രസിച്ചൂ... 'ട്ടോ :-)

സു | Su said...

കുട്ടമ്മേനോനേ :) ഇളയത് ആളു കൊള്ളാം.

Anonymous said...

സംഗതി വായിച്ചപ്പോള്‍ നല്ല സുഖം.മാത്രമല്ല എന്റെ വീട്ടില്‍ നടത്തിയ ചില പതിനാറുകള്‍ ഓര്‍ത്തും പോയീ
ആശംസകള്‍
എംകെനമ്പിയാര്‍

വേണു venu said...

മേനോനെ,
ഇളയത് ആളൊരു കേമന്‍ തന്നെ.:) ‍

Anonymous said...

കുട്ടമ്മേന്നേ,ഞങ്ങടെ നാട്ടിലൂണ്ടാര്‍ന്നു ഒരു പട്ടേരി.
കുപ്പി വിശേഷം വായിച്ചപ്പൊ തോന്നി- ഇവര്‍ ഇരട്ടകളോ മറ്റോ ആണോ?

-നന്നായി അനുഭവിച്ചു, കേട്ടോ!

Anonymous said...

കുട്ടാ... കലക്കിട്ടുണ്ട് ട്ടോ... സാധാരണ പട്ടയുടെ കൂടെയാണ് അച്ചാര്‍ തൊട്ട് ക്കൂട്ടുക ഇതിപ്പം അച്ചാറിന്‍റെ കൂടെ പട്ട തൊട്ട് കൂട്ടേണ്ട പരുവത്തിലാക്കിയല്ലോ നമ്മടെ ഇളയത്.. ഏതായാലും മേനോന്‍ ഒരു സംഭവം ഹാസ്യാത്മകതയോടെ അവതരിപ്പിച്ചതില്‍ വിജയിച്ചിരിക്കുന്നു.... ഇനിയും ഉണ്ടാകുമല്ലോ ആവനായിയില്‍ ഇമ്മാതിരി ചിരിയരങ്ങുകള്‍ ..പോരട്ടെങ്ങട്..

ഇടിവാള്‍ said...

മേന്‍ന്നേ...
നേരത്തെ തന്നെ വായിച്ചൂ..

മേനോന്റെ വ്യത്യസ്ത ഗന്ധമുള്ള കഥ.

താങ്കളുടെ കഥകള്‍ക്കെല്ലാം മണ്ണിന്റെ മണമാണെന്നാണല്ലോ വെപ്പ്‌.. ഇതിനൊരു പുതുമയുണ്ട്‌.. പട്ടമണക്കുന്ന കഥ ;)

ദിവാസ്വപ്നം said...

ഹ ഹ അത് കൊള്ളാം

കുറുമാന്റെ കമന്റും കലക്കി

പട്ടേരി l Patteri said...

:))
നളപാചക രഹസ്യം :)

asdfasdf asfdasdf said...

ഇളയതിന്റെ കുപ്പിക്കഥ വായിച്ചവര്‍ക്ക് നന്ദി
അഗ്രജന്‍ :)
കുറുമാന്‍ജി : കമന്റ് കലക്കി
പാര്‍വതി :)
ഏറനാടാ : ഇളയതിപ്പോള്‍ ദേഹണ്ണപ്പരിപാടി നിര്‍ത്തി. ചെവി കേള്‍ക്കാനും വയ്യ. അതുകൊണ്ട് ഇതിന്റെ റെസീപി നോ രക്ഷ.
മുസാഫിര്‍ :‌)
ഇക്കാസ് :)
പയ്യന്‍ :)
മുരളി : അദ്വൈത സിദ്ധാന്തം അങ്ങനെയുമൊരു സിദ്ധാന്തമുണ്ടോ :)
വിഷ്ണുപ്രസാദ് :)
റ്റെഡിച്ചായന്‍ : താങ്കളുടെ പോസ്റ്റുകള്‍ അടിപൊളിയാവുന്നുണ്ട്.
സു :)
എം.കെ.നമ്പ്യാര്‍ :)
വേണു പ്:)
കൈതമുള്ള് :)
ആത്മകഥ :)
ഇടിവാള്‍ജി : എന്റ കഥകള്‍ക്ക് മണ്ണിന്റെ മണമാണോയെന്ന് മണത്തുനോക്കി പറയാം. :)
ദിവാ:)
പട്ടേരി :)

kriz said...

hello,
happy to know that you are near to GVR...
where is your house...
i'd tried to write in Mal...but it was a bad try...
pls do mail me...
krishnaprakashk@gmail.com

Kiranz..!! said...

മേനന്‍സാറേ,അപ്പൊ ഇനി ഇതു ഏതിന്റെ കൂടെ തൊട്ടുകൂട്ടാം ?