Sunday, November 05, 2006

മറിയച്ചേടത്തിയുടെ വ്യാകുലതകള്‍

കാലത്ത് അഞ്ചര മണിക്ക് തന്നെ വറുതുണ്ണിച്ചേട്ടന്‍ തന്റെ ക്യാമ്പില്‍ നിന്നും യാത്ര തിരിക്കും. കയ്യിലൊരു വടി, ഇളം തവിട്ടു നിറത്തിലുള്ള പാന്റ്, വെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, സന്തത സഹചാരിയായ തൊപ്പി എന്നീ സാമഗ്രികളുമായാണ് വറുതുണ്ണിച്ചേട്ടന്‍ തന്റെ എല്ലാ പ്രയാണങ്ങളും ആരംഭിക്കുന്നത്.

വറുതുണ്ണിചേട്ടന്‍ മുന്‍പ് പട്ടാളത്തിലായിരുന്നു. മേജര്‍ വര്‍ഗ്ഗീസ് എന്നാണ് വറുതുണ്ണിച്ചേട്ടന്‍ സ്വയം വിളിക്കുന്ന പേര്. ഇടക്ക് നാട്ടുകാരെ ഈ പേര് ഓര്‍മ്മപ്പെടുത്താനും വറുതുണ്ണിച്ചേട്ടന്‍ ശ്രമിക്കാറുണ്ട്. ആ ശ്രമം കൊണ്ട് നാട്ടുകാര്‍ ഈ പേര് തന്നെ വിളിക്കില്ലെന്ന് വറുതുണ്ണിച്ചേട്ടനും നാട്ടുകാര്‍ക്കും നന്നായറിയാം. സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പ് സായിപ്പിന്റെ പട്ടാ‍ളത്തിലായിരുന്നു വറുതുണ്ണിച്ചേട്ടന്‍. സായിപ്പ് കൊടുത്ത തൊപ്പിയാണ് വറുതുണ്ണിച്ചേട്ടന്‍ സായിപ്പിനെപ്പോലെ വച്ചു നടക്കുന്നത്. സായിപ്പിന്റെ തൊപ്പി വറുതുണ്ണിച്ചേട്ടന്‍ അടിച്ചുമാറ്റിയതാണെന്ന് രാവുണ്ണി നായരുടെ ചായക്കടയില്‍ അത്ര രഹസ്യമല്ലാത്ത പരസ്യമാണ്.

വടിയും സായിപ്പിന്റെ തന്നെ. ഈ വേഷം കണ്ടാല്‍ ഏതു നായയുമൊന്നു കുരച്ചു പോകുമെന്നതുകൊണ്ട് വറുതുണ്ണിച്ചേട്ടന് വടി കയ്യിലില്ലാത്ത സമയവും കുറവാണ്.

കാലത്ത് അഞ്ചരക്കുള്ള വറുതുണ്ണിച്ചേട്ടന്റെ യാത്ര പള്ളിയിലേക്കാണ്.
ഗൊവേന്ത പള്ളിയിലെ ആറരക്കുള്ള കുര്‍ബാനക്ക്.

ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പള്ളിയിലേക്കുള്ള യാത്രയില്‍ സഹയാത്രികരായി ആലുക്ക കുഞ്ഞുവറീതേട്ടന്‍, ഭാര്യ ഇറ്റ്യേനം, വയനാടന്‍ പത്രോസ്, ഭാര്യ അന്നമ്മ, കുണ്ടയിലെ ചാക്കപ്പന്‍, പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടന്‍, ഭാര്യ കുഞ്ഞി മറിയവുമാണുള്ളത്. കുരിശിന്റെ വഴി പോലെ ഒരോ സ്ഥലത്തും നിര്‍ത്തി നിര്‍ത്തിയാണ് ഈ സംഘം പള്ളിയിലെത്തുന്നത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ നിപുണനായ വറുതുണ്ണി ചേട്ടനും മനസ്സു മുഴുവന്‍ തേങ്ങാക്കച്ചവടം മാത്രമായി നടക്കുന്ന വയനാടന്‍ പത്രോസേട്ടനും മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുന്ന മക്കളുടെ പഴമ്പുരാണം മാത്രം കൈമുതലായുള്ള കുണ്ടയിലെ ചാക്കപ്പനും നയിക്കുന്ന ജാഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂട്ടാ‍യുള്ളത് കുശുമ്പും കുമ്പസാരവും മാത്രം.

‘അന്നാ പെസഹ.. ‘ യും കഴിഞ്ഞ് വേദപുസ്തക വായനയിലേക്ക് അച്ചന്‍ ഒറ്റയടിവെച്ച് കയറുമ്പോഴായിരിക്കും ഈ സംഘം എന്നും പള്ളിയിലെത്തുന്നത്.

കാലത്തിന്റെ കുത്തൊഴുക്കില്‍ സംഘാംഗങ്ങള്‍ക്കെല്ലാം 75 – 85 വയസ്സിന്റെ രേഞ്ച് പിടിച്ചപ്പോള്‍ ‍ ആദ്യ നറുക്കു വീണത് കുഞ്ഞു വറീതേട്ടനായിരുന്നു.
ചെറിയൊരു തലകറക്കം. ഒപ്രീശുമ(അന്ത്യകൂദാശ)ക്ക് പോലും സമയം കൊടുക്കാതെ പള്ളിക്കാരുടെ ഉന്തുവണ്ടിയുടെ ഉത്ഘാടനവും നടത്തി കുഞ്ഞുവറീതേട്ടന്‍ സംഘത്തിലെ മെമ്പര്‍ഷിപ്പ് കട്ട് ചെയ്തു.

പിന്നാലെ പത്രോസേട്ടനും കുണ്ടയിലെ ചാക്കപ്പേട്ടനും കൂടെ പോയതോടെ അംഗസംഖ്യയില്‍ കാര്യമായ വ്യതിയാനമുണ്ടായി. അവസാനം പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനുമായി അത് അവശേഷിച്ചു. ഒരു ദിവസം ദേശുട്ടിച്ചേട്ടന് പ്രഷറ് കൂടി കാലത്തെ പള്ളിയാത്രയും നിര്‍ത്തി. അതിനു ശേഷം കുഞ്ഞി മറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനും മാത്രമായി സംഘം ചുരുങ്ങി.

വറുതുണ്ണിച്ചേട്ടന്‍ ലോകത്തെ എല്ലാറ്റിനെക്കുറിച്ചും പറയും. പിന്നില്‍ നടന്നുകൊണ്ട് കുഞ്ഞിമറിയച്ചേടത്തി ഇടക്കിടെ മൂളിക്കൊടുക്കും. അതിന്റെ ആവേശത്തില്‍ വറുതുണ്ണിച്ചേട്ടന്‍ തേങ്ങാക്കച്ചവടം മുതല്‍ അന്താരാഷ്ട്ര എണ്ണക്കച്ചവടം വരെ കുഞ്ഞി മറിയച്ചേടത്തിക്ക് വിളമ്പിക്കൊടുക്കും.

ഒരു ദിവസം ഉച്ചക്ക് ഊണുകഴിഞ്ഞുള്ള വിശാലമായ മുറുക്കിന്റെ സമയത്താണ്, പ്രഷറടിച്ച് കാര്യമായ യാത്രയെല്ലാം കുറച്ച് വീട്ടില്‍ തന്നെയിരിക്കുന്ന ദേശുട്ടിച്ചേട്ടനോട് കുഞ്ഞി മറിയച്ചേടത്തി അത് പറയുന്നത്.

‘നമ്മടെ വര്‍ദുണ്യേട്ടന് ഇന്ന് പറയ്യാ.. പൊറത്തൊക്കെ എണ്ണക്ക് നല്ല വെല്യാന്ന്..മ്മടെ മില്ലീന്ന് ആ പാണ്ടിലോറീക്കാര്‍ക്ക് ഇത്ര കാശ് കൊറച്ച് കൊടുക്കണേക്കാള്‍ നല്ലത് വര്‍ദുണ്യേട്ടനോട് ഒന്ന് ചോയ്ച്ച്ട്ട് പൊറ്ത്തെവിടെങ്കിലും കൊടുത്തൂടേ ..’

കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..

‘ഏയ്.. ഞാനൊന്നും പറഞ്ഞില്യ..ങ്ഹും...’ ഒന്നു നീട്ടി മൂളി ചേടത്തി മച്ചിന്നകത്തേക്ക് പോയി.

മറ്റൊരു ദിവസം
‘ഇന്ന് നമ്മടെ വര്‍ദുണ്യേട്ടന്‍ പറയ്യാ...‘

ചേടത്തി പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ് തന്നെ, സൈമണ്‍ ഡോക്ടറുടെ മരുന്നിന്റെ പുറത്ത് ഒറ്റടി വെച്ച് ഉമ്മറത്ത് നടത്തം തുടങ്ങിയിരുന്ന ദേശുട്ടിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് മറിയക്കുട്ടിയുടെ മുന്നിലെത്തി..

‘ഇനി ആ $%## മോനെ ക്കുറിച്ച് ഒരു വാക്ക് പറഞ്ഞാന്‍ നെന്നെ ഞാന്‍ തല്ലിക്കൊല്ലും ‍.. നാളെത്തൊട്ട് ആറരക്കുര്‍ബാനക്ക് ഞാന്നൂണ്ട്..’

‘നെങ്ങക്കെന്താ മനുഷ്യാ വട്ടായാ .. ‘

ദേശുട്ടിച്ചേട്ടന്‍ മറ്റൊരു ബാഷയായതുകൊണ്ട് പിറ്റേന്ന് കാലത്ത് അഞ്ചേമുക്കാലിന്, വര്‍ദുണ്യേട്ടന്‍ കുഞ്ഞുമറിയച്ചേടത്തിക്ക് ടെലിഫോണ്‍ പോസ്റ്റില്‍ വടികൊണ്ടടിച്ച് വാണിങ്ങ് മെസ്സേജിടുമ്പോള്‍‍ ഗേറ്റില്‍ റെഡിയായി നിന്നു.

‘ങാ.. ഇന്ന് ദേശുട്ടീം ഇണ്ടാ..’

‘ഉം.. ഉം.. ‘ കുഞ്ഞുമറിയച്ചേടത്തിയുടെ തോളില്‍ പിടിച്ച് നടക്കുന്നതിനിടയില്‍ ദേശുട്ടിച്ചേട്ടന്‍ ഒന്നിരുത്തി മൂളി.

ഗ്രാലന്‍ കുര്യാക്കുവിന്റെ വീടിന്റെ മുമ്പിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്.
കുര്യാക്കുവിന്റെ വീട്ടിലെ മുത്തുക്കുടിയന്‍ മാവിലെ ഒരു പഴുത്ത മാങ്ങ കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശുട്ടി ചേട്ടന് അടിതെറ്റി.
ഒരിക്കലും തീരാത്ത റോഡുപണിയ്ക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയിലേക്ക്.. പിന്നെ ഒന്നും ഓര്‍മ്മയില്ല.

പള്ളി ആസ്പത്രിയില്‍ സൈമണ്‍ ഡോക്ടര്‍ കുഞ്ഞുമറിയച്ചേടത്തിയെ നിര്‍ത്തിപ്പൊരിക്കുമ്പോഴായിരുന്നു ദേശുട്ടിച്ചേട്ടന്‍ കണ്ണ് പാതി തുറക്കുന്നത്.
അപ്പോള്‍ മാത്രമാണ് കുഞ്ഞു മറിയച്ചേടത്തിക്ക് ശ്വാസം നേരെ വീണതും.

പിന്നീട് ആസ്പത്രി വിടുന്നതിന്റെ തലേന്നാണ് കുഞ്ഞുമറിയച്ചേടത്തി അത് പറയുന്നത്..

‘ആ വര്‍ദുണ്യേട്ടന് 78 കഴിഞ്ഞിട്ടും എന്താ ബലം.. നെങ്ങളന്ന് വീണട്ട് വര്‍ദുണ്യേട്ടന്‍ ഒറ്റക്കാണ് നിങ്ങളെ എടുത്ത്ട്ട് ആശോത്രീലെത്തിച്ചത്....അന്ന് വര്‍ദുണ്യേട്ടന്‍ കൂടെ ണ്ടായിരുന്നില്ലെങ്കില്.. എനിക്കാലോചിക്കാന്‍ കൂടി വയ്യെന്റെ വ്യാകുലമാതാവേ.....’

ദേശുട്ടിച്ചേട്ടന്‍ ദയനീയമായി കുഞ്ഞുമറിയച്ചേടത്തിയെ ഒന്ന് നോക്കി..
പിന്നീട് ദേശുട്ടിച്ചേട്ടന്‍ ആറരയ്ക്കുള്ള കുര്‍ബാനക്ക് പോയിട്ടില്ല., കുഞ്ഞിമറിയച്ചേടത്തിയും....

25 comments:

കുട്ടന്മേനൊന്‍::KM said...

ഒരു ചെറിയ പോസ്റ്റിടുന്നു. ‘മറിയച്ചേടത്തിയുടെ വ്യാകുലതകള്‍..‘. ഇതിലെ കഥാപാത്രങ്ങളെല്ലാവരും ഇപ്പോള്‍ ഒരു ക്യാമ്പിലാണ്.

ഇത്തിരിവെട്ടം|Ithiri said...

മേനോന്‍‌ജീ ഇത് കലക്കി... പാവം ദേശുട്ടിച്ചേട്ടന്‍.

സു | Su said...

പാവം വറുതുണ്ണിച്ചേട്ടന്‍. ഇപ്പോ ആരും കൂട്ടില്ലാതായില്ലേ. ഒറ്റയ്ക്ക് പള്ളിയില്‍പ്പോക്ക് തുടങ്ങിക്കാണും.

വല്യമ്മായി said...

വയസ്സായിട്ടും മൂപ്പരുടെ സംശയരോഗം മാറിയിട്ടില്ല അല്ലേ.ഒരു വേള എന്നെ നാട്ടിലെത്തിച്ചു ഈ പോസ്റ്റ്.

സൂര്യോദയം said...

പോസ്റ്റ്‌ രസിച്ചു.. :-)

പുഴയോരം said...

നന്നായിട്ടുണ്ട്‌ മാഷെ

കുറുമാന്‍ said...

മേന്നെ, കുഴീലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴുഇം, മറിയച്ചേടത്തിയെ സംശയിക്കുന്ന ദേശൂട്ടിചേട്ടനും, 78 കഴിഞ്ഞിട്ടും തെങ്ങടിച്ചാല്‍ പന വീഴുന്ന ശരീരത്തിന്നുടമയായ വറൂദുണ്ണ്യേട്ടന്റെയും കഥ ഇഷ്ടായി.

പാര്‍വതി said...

കഥയിലെ തന്തു വെറും ഫാന്റസി അല്ലെന്നും, അതിന്റെ ദയനീയ ലോകത്തുള്ള മറ്റെന്തിനേക്കാളും വികൃതമാണെന്ന് അനുഭവത്തില്‍ നിന്ന് പറയാനാവുന്ന എനിക്ക്, കഥ അവതരിപ്പിച്ച രീതിയും സംഭാഷണ ശൈലിയും ഇഷ്ടപെട്ടു.

-പാര്‍വതി.

Sul | സുല്‍ said...

മറിയച്ചേടത്തിം വറുതുണ്ണ്യേട്ടനും ലവ്വാല്ലെ?

-സുല്‍

വിശാല മനസ്കന്‍ said...

'കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി'

ഐവ!

s.kumar said...

ഉഷാറായ്ട്ടുണ്ട്‌ മഷേ. ദേശൂട്ട്യേട്ടന്റെ രോഷപ്രകടനം നന്നായി. കൊള്ളാം .. ഡയലോഗ്സ്‌ ജോറായിട്ടുണ്ട്‌.

indiaheritage said...

മേനോന്‍ മാഷേ രസിച്ചു കേട്ടോ

അലിഫ് /alif said...

വറുതുണ്ണിചേട്ടനും മറിയചേട്ടത്തിയും എന്റെ നാട്ടുകാരാണ്, വേറെ പേരില്. അവരും ഇപ്പോ ആ ‘ക്യാമ്പി‘ലാണ്. എല്ലാറ്റിനേം കൂടെ എങ്ങിനെ സഹിക്കുന്നുവോ ആ ക്യാമ്പുടയോന്‍.
നന്നായി അവതരിപ്പിച്ചിരിക്കുന്നു,കുട്ടന്മേന്നേ.

Raghavan P K said...

കുട്ട്മ്മേനൊന്റെ കഥകളെല്ലാം തന്നെ നമ്മുടെചുറ്റുമുള്ളവരെപറ്റിയുള്ള ലൈവ് ഷൊ ആണ്.

Anonymous said...

കുട്ടമ്മേന്നേ,ദേശുട്ടിച്ചേട്ടന്റെ നോട്ടത്തേക്കാളും എനിക്കിഷ്ടമായത് കുട്ടമ്മേന്റെ നോട്ടങ്ങളാണ്,കഥാപാ‍ത്രങ്ങളെ വരച്ചു വെച്ചിരിക്കുന്ന വിധം.

വേണു venu said...

കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..
മേനോനെ ശരിക്കും രസിച്ചു. മുകളിലെ സംഭാഷണം പോലെ മനോഹരമായ
രംഗങ്ങളിലൂടെ കടന്നു വന്നപ്പോള്‍ എനിക്കു തോന്നി പോയി,ഇതിന്‍റെ പേരു് ‘മറിയച്ചേടത്തിയുടെ വ്യാകുലതകള്‍.” എന്നതു് “ദേശുട്ടിച്ചേട്ടന്റ്റെ വ്യാകുലതകള്‍”
എന്നാക്കിയാലോ. മനോഹരം. രാവിലെ ആ ഭാഗത്തൂടെ നടക്കാന്‍ ഒരു പേടിപോലെ.

ഇടിവാള്‍ said...

നല്ല പോസ്റ്റ് മേന്‍‌ന്നേ..
താങ്കളുടെ ഗ്രാമീണ ഭാവം അരച്ചു കലക്കിയ ഈ കഥകള്‍ എല്ലാം എനിക്കിഷ്ടമാ.

ഇനിയും എഴുതുക...
നന്ദി..

അളിയന്‍സ് said...

നല്ല പോസ്റ്റ് സുഹ്രുത്തേ.... ഒട്ടും അതിശയൊക്തിയില്ലാതെ എഴുതിയിരിക്കുന്നു.

karanor said...

മേന്ന്നേ,
നന്നായിരിക്കുന്നു....മണ്ണിണ്ടെ മണം എന്നൊക്കെ പറ്ഞ്ഞ് വഷളാക്കുന്നില്ല.

-എഴുതിക്കൊണ്ടിരിക്കുക.
-കാര്‍ണോര്‍

ikkaas|ഇക്കാസ് said...

കുട്ടമ്മേന്നേ,
ഇത്രേം വയോവൃദ്ധരെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്റ് ഞാനാദ്യമായാ വായിക്കുന്നത്.
അവര്‍ മാത്രമുള്ള ആ പള്ളീപ്പോക്കും തിരിച്ചുവരവും...
അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഒരു പ്രത്യേക സുഖം..
എന്നിട്ടവസാനം ഒറ്റയ്ക്കായ വര്‍തുണ്ണിച്ചേട്ടനെ ഓര്‍ത്തപ്പൊ വിളിപ്പാ‍ടകലെയുള്ള വീടുവരെ ഒന്നു പോയി, എന്റെ ഉമ്മ ചോദിച്ചു:‘നീയിപ്പൊ ചോറും തിന്ന് പോയതല്ലേ? എന്താ ? സുഖമില്ലേ?’
‘ഓ.. ഒന്നുമില്ല’ എന്നും പറഞ്ഞ് തിരിച്ചുപോന്നു.
സത്യത്തില്‍ ഞാനെന്തിനാ പോയേ?

ഇടിവാള്‍ said...

കാര്‍ന്നോരേ..
ഈ മണ്ണിന്റെ മണം എന്നൊക്കെ ചുമ്മാ പറയുന്നതല്ലേ...

“അയാള്‍‍ മുഖമുയര്‍ത്തി നോക്കി.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അവളുടെ മുഖത്ത് പലഭാവങ്ങള്‍..” എന്ന വരിയുള്ള കഥ “മണ്ണെണ്ണ”യുടെ മണമുള്ളതാവുമോ? ;)

അഗ്രജന്‍ said...

വര്‍ദുണ്യേട്ടന്‍, ദേശുട്ടിച്ചേട്ടന്‍, കുഞ്ഞുമറിയച്ചേടത്തി... ഇവരെ ഒത്തിരി പരിചിതരാക്കി മുന്നില്‍ നിറുത്തി തന്ന് കഥ പറഞ്ഞിരിക്കുന്നു കുട്ടന്മേനോന്‍ - നന്നായിരിക്കുന്നു.

ബ്ലോഗാഭിമാനി നോട്ടമിട്ടിട്ടുണ്ടല്ലോ... ഇനിപ്പോ ആ ഒരു നിലവാരം കീപ്പ് ചെയ്യാന്‍ വേണ്ട് ചക്രശ്വാസം വലിക്കാന്‍ നിക്കേണ്ട - ഇതു വരെ ചെയ്തതു പോലെ, തോന്നിയത് എഴുതുക - അത്രമാത്രം.

അഭിനന്ദനങ്ങള്‍!

ചക്കര said...

നല്ല പോസ്ട്..എന്റെ സുഹ്രുത്തിന്റെ അപ്പാപ്പന്‍ 90 വയസ്സില്‍ അനങ്ങാ‍ന്‍ മേലാതെ കിടപ്പിലായി, എന്നിട്ടും അമ്മൂമ്മ ഹൊം നഴ്സിനെ നിര്‍ത്തുന്നതിനെ നിശിതമായി എതിര്‍ത്തു..“അവളുമ്മാരെങ്ങാനും പുള്ളിയെ വളച്ചാലോ”,എന്നു പേടിച്ച്!

കുട്ടന്മേനൊന്‍::KM said...

ദേശുട്ടിച്ചേട്ടനെയും മറിയച്ചേടത്തിയെയും ആവാഹിച്ച
ഇത്തിരി,സൂ,വല്യമ്മായി,സൂര്യോദയം,പുഴയോരം, കുറുമാന്‍ജി,പാര്‍വതി,സുല്‍,വിശാലമനസ്സ്,കുമാര്‍,ഹെറിറ്റേജ്, അലിഫ്,രാഘവേട്ടന്‍,വിഷ്ണുപ്രസാദ്, വേണുജി,ഇടിവാള്‍ (?), അളിയന്‍സ്, കാര്‍ന്നോരു, അഗ്രു , ചക്കര,ഇക്കാസ്.....അങ്ങനെ വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദ്രി.

ഇടിവാള്‍ said...

അതെന്താ മേന്‍‌ന്നേ..
ഇടിവാളൊരു ക്വസ്റ്റിന്‍ മാര്‍ക്കുമായിട്ടാണോ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ? ;)