Monday, November 27, 2006

1952 ഒരു ലവ് സ്റ്റോറി (?) പ്രീഡിഗ്രി വേര്‍ഷന്‍

പ്രേമത്തിന് കണ്ണില്ലെന്ന് മാത്രമല്ല വേറെ പലതും ഇഷ്ടമ്പോലെ കൂട്ടിക്കുഴച്ചു തരാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.

പെണ്‍പടയെ സമീപപ്രദേശങ്ങളിലൊന്നുമടുപ്പിക്കാത്ത കറുത്ത ളോഹയുമിട്ട് തിരിഞ്ഞാല്‍ ചവിട്ട് ചാടിയാല്‍ കുത്തെന്ന പ്രമാണവുമായി നടക്കുന്ന അച്ചന്മാരുടെ സ്കൂളായിരുന്നു ഞങ്ങളുടേത്.

പത്താം ക്ലാസ്സില്‍ കാര്‍ന്നന്മാരുടെ കവിടി നിരത്തിലില്‍ കണ്ട കണക്കിന്റെ മാര്‍ക്ക്, പൊട്ടാത്ത അമിട്ടിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായതുകൊണ്ട് അച്ഛന്റെ സുഹ്രുത്തായ ജോസ് മാഷുടെ ‘ഹൌസ് ഓഫ് നോളെജ്’ എന്ന ലാവിഷായി വിഞ്ജാ‍നമൊഴുക്കുന്ന സമാന്തര വിദ്യഭ്യാസശാലയില്‍ കണക്കിന് സ്പെഷല്‍ ഒരു കോച്ചിങിന് ചേര്‍ത്തു. ക്ലാസ് വിട്ട് നാലുമണിന് മുതല്‍ അഞ്ചുവരെ അവിടെ. സ്പെഷ്യല്‍ കോച്ചിങ് എന്നുപറഞ്ഞ് ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായിരുന്നു. 80 എണ്ണം ഒരു ക്ലാസ്സില്‍. അവിടെയും കാവ്യാ മാധവനെയും മീരാജാസ്മിനെയുമൊക്കെ ഒന്നാം നിലയിലും ഞങ്ങള്‍ പാവം ചില കുഞ്ചാക്കോ ബോബന്മാരെ രണ്ടാം നിലയിലും ഇരുത്തിയായിരുന്നു ക്ലാസ്സുകള്‍. അതുകൊണ്ട് പ്രേമം പോയിട്ട് ഒരു നോട്ടം, വേണ്ട, മനസ്സമാധാനത്തോടെ ഒരു ഏരോ വിടാനുള്ള വെയര്‍ ഹൌസ് പോലും പത്താം തരം വരെ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കോളജില്‍ ചേരുകയാണെങ്കില്‍ കേരള വര്‍മ്മയില്‍ മാത്രമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. അന്ന് ടൌണില്‍ കേരളവര്‍മ്മയെന്ന മഹാപ്രസ്ഥാനം മാത്രമേ എല്ലാ കോഴ്സുകളുമുള്ള മിക്സ് കൊളജുണ്ടായിരുന്നുള്ളൂ.

പത്താം ക്ലാസ്സിലെ റിസള്‍ട്ടറിഞ്ഞപ്പോള്‍ പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ മാത്രമില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കുണ്ടായിരുന്നു. ടൌണിലെ എല്ലാ കോളജിലെയും അപ്ലിക്കേഷന്‍ ഫോം കൊണ്ടുവന്ന് പിതാശ്രീയുടെ തിരുമുമ്പില്‍ ഒപ്പിക്കാനായി സമര്‍പ്പിച്ചു.

എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പിതാശ്രീ അതില്‍ നിന്നും കേരളവര്‍മ്മയുടെ ഫോമെടുത്ത് ചായതിളപ്പിച്ചു. അമ്മയുടെ സാരിത്തുമ്പില്‍ പെറ്റീഷനെഴുതിയിട്ടപ്പോഴാണ് അച്ചന്മാരുടെ കോളേജില്‍ മാത്രമേ എന്നെ ചേര്‍ക്കൂവെന്ന് പിതാശ്രീ ശപഥമെടുത്തകാര്യമറിയുന്നത്.

പിന്നെയുള്ളത് സെന്തോമാസ് . അവിടെ എന്തുവന്നാലും പോവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആണ്‍പടമാത്രം പഠിക്കുന്ന കോളജാണത്. (പിന്നീടാണ് സെന്റ്മേരീസ് അതിന്റെ പിന്നിലാണെന്ന അറിവ് കിട്ടുന്നത്. ). അങ്ങനെ നിരാശനായി നടക്കുന്ന സമയത്താണ് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നത്.

തൃശ്ശൂര്‍ നിന്നും നാലഞ്ചു കി.മീ മാറി അച്ചന്‍മാര്‍ തന്നെ നടത്തുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് മിക്സഡാക്കുന്നു.

പിറ്റേന്ന് കാലത്തു തന്നെ എല്‍ത്തുരുത്ത് ലക്ഷ്യമാക്കി സ്ഥലത്തെ പ്രഥാന ദിവ്യന്‍സ് വച്ചു പിടിച്ചു. ഒളരി മൂലയില്‍ നിന്നും രണ്ടു കിലേമീറ്റര്‍ നടരാജന്‍ സര്‍വ്വീസ് നടത്തിയാലെ ഈ തുരുത്തിലെത്തൂവെന്ന് അന്നാണ് മനസ്സിലായത്. ഏതായാലും മിക്സഡല്ലേയെന്ന ഒരു സമാധാനമുണ്ടായിരുന്നു. പിന്നെ ഒളരിയില്‍ നിന്നും രണ്ടു കിലൊമീറ്റര്‍ അകലെ കേരളവര്‍മ്മയുണ്ടല്ലോയെന്ന പ്രതീക്ഷയും.

അങ്ങനെ പിതാശ്രീയുടെ ശപഥവും എന്റെ ആശയും ഒപ്പം നിറവേറാനായി എല്‍ത്തുരുത്ത് തന്നെ ചേര്‍ന്നു.

ആദ്യദിവസത്തെ ഇന്വെന്ററിയില്‍ തന്നെ ഒന്ന് മനസ്സിലായി.
ഇവിടെ മീരാജാസ്മിനും കാവ്യാമാധവനുമൊന്നുമില്ല. എന്തിന്, കട്ടഞ്ചായയിലിടാനുള്ള പഞ്ചസാരയുടെയത്രയും പോലുമില്ല. ക്ലാസ്സില്‍ മൊത്തം 80 ല്‍ 20 പെണ്പട.
ഇതുകണ്ട് ടെന്‍ഷനടിച്ച ശ്രീവത്സന്‍ ഓരോന്നിനും ‘പുഴുപ്പല്ലി’,‘കോന്ത്രപ്പല്ലി’,‘കട്ടുറുമ്പ്’,‘വട്ടമോറി’, തുടങ്ങീ നാമകരണച്ചടങ്ങിലേക്ക് കടന്നിരുന്നു.
പക്ഷേ, ഓരോ ഇന്റര്‍വെല്ലുകളിലും സീനിയേഴ്സ് കടന്നുവന്ന് ശ്രീവത്സന്റെ പുഴുപ്പല്ലികളെ ‘ബുക്ഡ്’ എന്ന ചാപ്പ കുത്തിപോയപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു ശ്രമം നടത്താമെന്ന ആശയും വെടിയേണ്ടിവന്നു.

അങ്ങനെയാണ് അടുത്ത ക്ലാസ്സുകളിലേക്ക് ചൂണ്ടയുമായി നീങ്ങിയത്.
ചൂണ്ട കയ്യില്‍ തന്നെയിരുന്നു. അവിടെ ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഫയര്‍വാളുകളായിരുന്നു പിടിപ്പിച്ചിരുന്നത്. അടുത്ത ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നിന്നാല്‍ പോലും ബൌണ്‍സ് ചെയ്യുന്ന അവസ്ഥ.

അങ്ങനെ നിരാശയോടെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.

ബസ്റ്റാന്‍ഡിലെ മറ്റു ബസ്സുകള്‍ക്ക് ചില്ലറപ്പൈസ സ്വരൂപിക്കാന്‍ മാത്രമായി എല്‍ത്തുരുത്തിലേക്ക് സര്‍വ്വീസ നടത്തുന്ന ‘ഡിബിന്‍’,‘ചിറമ്മല്‍’ തുടങ്ങിയ ബസുകളുടെ ചില്ലിന്റെ ശക്തി ഞങ്ങളില്‍ ചിലര്‍ പരീക്ഷിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഒളരിമൂല വരെ ഞങ്ങളോടൊപ്പം മറ്റുള്ളവരും നടരാജന്‍ സര്‍വ്വീസില്‍ മെമ്പര്‍ഷിപ്പെടുത്തു.

അങ്ങനെയൊരു ദിവസമാണ് മൂന്നരയുടെ ‘അന്നപൂര്‍ണേശ്വരി‘ പിടിക്കാനുള്ള അഞ്ചലോട്ടത്തിന്റെ സെന്റര്‍പോയിന്റ്റായ അരണാട്ടുകരയിലേക്കുള്ള കിണറിന്റെ സ്റ്റോപ്പില്‍ വെച്ച് അവളെ കണ്ടത്.

പേരിനൊരു പൊട്ടും ആര്‍ക്കോവേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സൊന്നുമില്ലാതെ ഒരു ശാലീന സുന്ദരി. അതും രണ്ടു തോഴിമാരാല്‍ എന്ക്രിപ്റ്റ് ചെയ്തൊരു അന്നനട. ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ തലതിരിഞ്ഞ ആ നോട്ടത്തിലൊന്നു പതറിയതുകൊണ്ടാവണം മൃദുഹൃദയനായ എന്നിലേക്കവള്‍ ഒരു നോട്ടമെറിഞ്ഞത്. അത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനത്തു ചെന്നു തറച്ച് നിലകൊണ്ടു. ‘ഇങ്ങട് നടക്കടാ’ എന്നുള്ള അന്നപൂര്‍ണ്ണേശ്വരിയിലേക്കുള്ള വിളിയാണ് എന്നെ അവളില്‍നിന്നുമൊരു വിടുതലൊരുക്കിയത്.

ആദ്യ ദൃഷ്ടിയില്‍ തന്നെ പ്രണയമെന്നൊക്കെ പറയുന്ന പോലൊരു ഇത്..

കൂടുതലുല്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ മുഴുവന്‍ ഡീറ്റെയിത്സ് കിട്ടിയത്. സയന്‍സ് ഗ്രൂപ്പ് ബി യിലെ മെംബറാണ്. പേര് ‘ശാലിനി’. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നപോലെ അവള്‍ ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന പുതിയ അറിവും.

ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം. മിനിമം ഒരു ‘ഐ ലവ് യു’ വെങ്കിലുമില്ലെങ്കില്‍ എന്ത് പ്രേമമെന്ന ന്യൂട്രലിന്റെ സിദ്ധാന്തമാണെനിക്ക് ഓര്‍മ്മ വന്നത്.

രാത്രി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് ആദ്യത്തെ ലേഖനം എഴുതി.

പിറ്റേന്നുമുതല്‍ അവളുടെ ക്ലാസ്സിന്റെ വരാന്തകളില്‍ മിടിക്കുന്ന ഹൃദയത്തോടെ കറങ്ങി നടന്നു. ഓരോ തവണയും ഓരോരൊ സ്പാംഫില്‍ട്ടറുകള്‍ അടുത്തുണ്ടാവും. അതുകൊണ്ട് ഇന്‍ബോക്സിലേക്കിടാന്‍ വലിയ പാട്.

രണ്ടാഴ്ച കഴിഞ്ഞ് ഒരു സമര ദിവസമാണ് പിന്നീട് എനിക്കവളെ കാണാനായത്. അതും ആളൊഴിഞ്ഞ ലൈബ്രറിയിലേക്കുള്ള വഴിയില്‍. ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ട് കയ്യില്‍. നീലപ്പാവാടയും ഇളം മഞ്ഞ ബ്ലൌസുമാണ് വേഷം.

ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
അകത്ത് തമ്പോറടിക്കുന്ന സ്വരത്തില്‍ ഹൃദയകവാടങ്ങള്‍ തകര്‍ക്കുന്നു. കാലുകളില്‍ ചെറിയ വിറയല്‍.
പോക്കറ്റില്‍ വെച്ച ലേഖനം കാണുന്നില്ല.
പാന്റ്സിന്റെ പോക്കറ്റില്‍ തപ്പുന്നതുകണ്ട് അവള്‍ ഒരു നിമിഷം എന്നെ നോക്കി.
അവള്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയായപ്പോള്‍ ലേഖനം സേര്‍ച്ച് എഞ്ചിനില്‍ സ്റ്റോപ് ബട്ടണമര്‍ത്തി കാണാതെയിരുന്നു പഠിച്ച വാക്കുകള്‍ക്കായി പരതി.
‘ഹ് ഹ് ‘ എന്നുമാത്രമേ വരുന്നുള്ളൂ.
ഈ വെപ്രാളം കണ്ടിട്ടാവണം, അവള്‍ ഒരു നിമിഷം നിന്നു.
പിന്നെ നേരിയൊരു മന്ദസ്മിതം ചൊരിഞ്ഞ് നടന്നകന്നു.
സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.
ഭാഗ്യം.. ആശ്വാസാ‍യി...

ഒരു പക്ഷേ ലേഖനം കൊടുത്താല്‍ കിട്ടുന്ന ഔട്ട്പുട്ട് എങ്ങനെയാണെന്നറിയാത്തതുകൊണ്ട് ഇതൊരു കമ്പൈലിനു മുന്‍പുള്ള ഡീബഗ്ഗായതു നന്നായി.

നീണ്ട ഒരു നെടുവീര്‍പ്പുമിട്ട് കാന്റീനില്‍ ചെന്ന് ശേഖരേട്ടന്റെ കടുപ്പം കൂടിയ കട്ടന്‍ ചായ മൊത്തിക്കുടിക്കുമ്പോഴാണ് ലേഖനം അന്നു കൊണ്ടുവരാന്‍ മറന്ന കാര്യം ഓര്‍മ്മവന്നത്.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.
അതിനിടയ്ക്ക് പലപ്പോഴും ശാലിനിയെ ഒറ്റയ്ക്ക് സമാഗമിക്കാന്‍ പല അവസരങ്ങളും അന്വേഷിച്ചു നടന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ പ്രമാണം. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പഴയ ഒരു മന്ദസ്മിതം മാത്രമായിരുന്നു.

ആ ഒരു മന്ദസ്മിതം മാത്രമായിരുന്നു എന്റെ പ്രതീക്ഷയും.

മധ്യവേനലവധിക്ക് കോളജ് അടച്ചു. ഫസ്റ്റ് ഇയര്‍ എക്സാമിനേഷന്‍ തുടങ്ങി.
എല്ലാവരും പല ക്ലാസ്സുകളിലായാണ് എഴുത്ത്.

ഹാള്‍ ടിക്കറ്റ് കിട്ടി. 1952 എന്ന റോള്‍ നമ്പര്‍, നല്ല ഭാഗ്യമുള്ളതെന്ന് ആദ്യ രണ്ടു പരീക്ഷകള്‍ എളുപ്പമായപ്പോള്‍ ഉറപ്പിച്ചു.

ഓരോ പരീക്ഷയും ഓരോരൊ ക്ലാസ് മുറികളിലായിരുന്നു.

ഫിസിക്സിന്റെ പരീക്ഷയുടെ അന്ന് കാലത്ത് ക്ലാസിലെത്തി. സീറ്റില്‍ വന്നിരുന്നു.
രാത്രി മുഴുവന്‍ കഷ്ടപ്പെട്ട് ഫോര്‍മുലകളെല്ലാം കുനുകുനാ അക്ഷരത്തില്‍ ലോഗരിതം ടേബിളില്‍ കുത്തിക്കുറിച്ചതിന്റെ ലൊക്കേഷനുകള്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

എന്റെ ഇടതുവശത്തെ മൂന്നാമത്തെ വരിയില്‍ അവളിരിക്കുന്നു. ശാലിനി.
വലിയ പഠിപ്പിസ്റ്റാണെന്നു തോന്നുന്നു. നോട്ട് ബുക്കില്‍ പ്രോബ്ലംസെല്ലാം ഇരുന്ന് സോള്‍വ് ചെയ്യുന്നു. ടെക്സ്റ്റ് മറിച്ചു നോക്കുന്നു. അങ്ങനെ ജഗപൊഗ

പതിവിലും നേരത്തെ തന്നെ ഇന്വിജിലേറ്ററായ സ്റ്റീഫന്‍ സാര്‍‍ ക്ലാസ്സിലേക്ക് കടന്നു വന്നു.
സ്റ്റാറ്റിസ്റ്റിക്സ് വിഷയ നിപുണനായ സ്റ്റീഫന്‍ സാര്‍ ഒരു ചൂടനാണെന്ന് കേട്ടിട്ടുണ്ട്.

എല്ലാവരും ക്ലാസ്സില്‍ നിശബ്ദ്മായിരുന്നു.

‘എല്ലാവരും ലോഗരിതം ടേബിളെടുക്കൂ..’ സ്റ്റീഫന്‍ സാര്‍ മൃദുവായി മൊഴിഞ്ഞു.
‘ഇനി ആരെങ്കിലും ലോഗരിതം ടേബിള്‍ വല്ല പേപ്പറുകൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊതിഞ്ഞിരിക്കുന്ന പേപ്പറ് എടുത്ത് വെയ്സ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയിടൂ..’

ദൈവമേ.. ഇന്നലെ രാത്രിയിലെ പ്രയത്നഫലത്തിന്റെ 70 ശതമാനം ഇതാ പോകുന്നു.

‘ഇനി എല്ല്ലാവരും അവരവരുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ മാത്രം വലിയ അക്ഷരത്തില്‍ ആദ്യപേജില്‍ എഴുതൂ. എന്നിട്ട് ഇവിടെ കൊണ്ടുവരൂ...’

ബാക്കി 30 ശതാമാനവും ദാ പോകുന്നു.

റമ്മികളിക്കായി ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതുപോലെ സ്റ്റീഫന്‍ സാര്‍ എല്ലാ ലോഗരിതം ടേബിളുകളും കലക്കി കടുകുവറുത്തു രണ്ട് കിങ്കര സമഷം വിതരണം ചെയ്യാനാരംഭിച്ചു.

‘ആര്‍ക്കെങ്കിലും സ്വന്തം ലോഗരിതം കിട്ടിയിട്ടുണ്ടോ ?’

ആരും ഒന്നും മിണ്ടിയില്ല.

‘ഇനി, എല്ലാവരും ആ ടേബിള്‍ ഒന്ന് പരിശോധിച്ചേ.. ആരുടെയൊക്കെ ടേബിളിലാണ് കോപ്പിയടിക്കാനായി എഴുതിയിരിക്കുന്നതെന്ന് കണ്ടാല്‍ അവര്‍ കൈ പൊക്കുക’

എന്റെ ദൈവമേ.. എന്റെ കാലിലെ പെരുവിരല്‍ തൊട്ട് ഒരു വിറ. അതിങ്ങനെ കുറെശ്ശേയായി മുകളിലേക്ക് ഇരച്ചു കയറുന്നതുപോലെ..

ദേ.. ഒന്ന്.. രണ്ട് .. മൂന്ന് .. ആറു കൈകള്‍ ആകാശത്ത് പാറിക്കളിക്കുന്നു.

അതിലൊന്ന് എന്റെ ഹൃദയത്തിലൊരു തീപ്പൊരി പാറിച്ച ശാലിനിയുടേതും.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. സ്റ്റീഫന്‍ സാര്‍ ആദ്യം തന്നെ ശാലിനിയുടെ ലോഗരിതം ടേബിളെടുത്ത് നമ്പര്‍ ഉറക്കെ വായിക്കുന്നു.

റോള്‍ നമ്പര്‍ 1952 സ്റ്റാന്ഡ് അപ്പ്..

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വിളിവരുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കയ്പുനീരിന്റെ ആ പാനപാത്രം എനിക്കുമാത്രമുള്ളതാണെന്നതുകൊണ്ടും ഞാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു.

ശാലിനി ഒന്ന് തിരിഞ്ഞു നോക്കി.


ദുഷ്ടാ, എന്റെ പിന്നില്‍ കയ്യും കാലും കാണിച്ച് നടന്നത് ഇതിനായിരുന്നോ അതോ മിടുക്കന്‍ മിടുമിടുക്കന്‍ എന്ന അഭിനന്ദനവാക്കുകള്‍ ചൊരിയാനായിരുന്നുവോ എന്ന് ഇന്നുമെനിക്കറിയില്ല.

അതറിയാന്‍ ശ്രമിക്കുന്നതിനു മുന്‍പു തന്നെ അടുത്ത വര്‍ഷത്ത പുതിയ ബാച്ചിലെ ഐശ്വര്യാറായിമാരെ തേടി ഞാന്‍ അലഞ്ഞു തുടങ്ങിയിരുന്നു.

34 comments:

ikkaas|ഇക്കാസ് said...

രക്ഷയില്ല മേന്നേ....
ഇതിനെയൊന്നും പ്രേമകഥേടെ കാറ്റഗറീല്‍ പെടുത്താമ്പറ്റൂലാ..
രണ്ടം ഭാഗത്തില്‍ പ്രേമം കൊടുമ്പിരിക്കൊള്ളട്ടെ!!
അപ്പൊ നോക്കാം.
(അധികം വച്ചു താമസിപ്പിക്കാണ്ടെ ആ രണ്ടാം ഭാഗം ഇങ്ങട് പോരട്ടെട്ടാ..)

Anonymous said...

വിറയ്ക്കുന്ന കൈകളും മിടിക്കുന്ന ഹൃദയവുമായ്‌... പ്രേമകഥയുടെ ആദ്യഭാഗം നന്നായി.. രണ്ടാം ഭാഗം ഉടന്‍ പോരട്ടെ. അതോ പ്രേമലേഖനം കളഞ്ഞുപോയോ..
കൃഷ്‌ | krish

കുട്ടന്മേനൊന്‍::KM said...

ക്രിഷ്, ഇക്കാസ് ഒന്നാം ഭാഗത്തോടൊപ്പം രണ്ടാം ഭാഗവും കൂട്ടി ചേര്‍ത്തു. തുടരനെഴുതുന്ന പരിപാടി വേണ്ടെന്നുവെച്ചു.

ikkaas|ഇക്കാസ് said...

ദുഷ്ടമ്മേന്നേ!
ആദ്യം തന്നെ ഇക്കഥ മുയുമനും എഴുതീരുന്നെങ്കി എന്റെ ഒരു കമന്റ് വേസ്റ്റാവില്ലാര്‍ന്നു.
കാര്യം കോയിന്‍സിഡന്‍സായാണെങ്കിലും ശാലിനീടെ കയ്യീത്തന്നെ കിട്ടീല്ലോ മേന്ന്ന്റെ ടേബിള്!!
അതുമ്മെപ്പിടിച്ച് നല്ലൊരു പ്രണയ വല്ലരിയ്ക്ക് വെള്ളമൊഴിക്കാര്‍ന്നില്ലേ മേന്ന്നേ നിങ്ങക്ക്!!
അന്തായാലും ഇതൊരു വ്യത്യസ്ത പ്രണയകാവ്യമായി..

സു | Su said...

ഇതിന്റെ രണ്ടാംഭാഗം ആണ് നന്നായിരിക്കുക. അവളുടെ മുന്നില്‍ പെടാതെ ഇരിക്കാനുള്ള പെടാപ്പാടുകള്‍. :)

Siju | സിജു said...

ഇതു പൊട്ടിയ പ്രേമങ്ങളുടെ വാരാഘോഷമോ..
പുറകെ പുറകെ ഓരോന്നു വരികയാണല്ലോ

Sul | സുല്‍ said...

ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല പക്ഷെ സ്റ്റീഫന്‍സാറുണ്ടല്ലോ.

നന്നായിരിക്കുന്നു.:)

-സുല്‍

പാര്‍വതി said...

കോപ്പിയടിക്കാനുള്ള ലോഗരിതം ടേബിള്‍ കണ്ട് അവള്‍ വെറുത്തൂന്ന് കരുതിയോ മേന്ന്യനേ..ശ്ശേ കോളെജില്‍ പഠിക്കുമ്പോള്‍ ഹീറോയ്ക്ക് വേണ്ട മിനിമം യോഗ്യതകളില്‍ ഒന്നല്ലേ കോപ്പിയടി, ഒന്ന് രണ്ട് സസ്പെന്‍ഷന്‍, ആദ്യ നോട്ടത്തില്‍ ഒരു വില്ലന്‍ വേഷം കണ്ട് പേടിക്കുമ്പോള്‍ കല്ലല്ല കരിമ്പാണ് നെഞ്ചിലെന്ന് എന്നൊക്കെ പാടും..കളഞ്ഞു, ഇനി പറഞ്ഞിട്ടെന്താ...

:-D

-പാര്‍വതി.

തറവാടി said...

എന്‍റ്റെ മേന്‍ന്നേ ,

ശരിക്കും ആസ്വദിച്ചുതന്നെ വായിച്ചു , ഈയിടെ വായിച്ചതിലേറ്റവും മികച്ചതിതുതന്നെ . , ഒരു അഭിപ്രായമില്ലാതില്ല , ആ സോഫ്റ്റ്വെയര്‍ ഒഴിവാക്കിയിരുന്നെങ്കില്‍ പൂര്‍ണ്ണമായേനെ എന്നൊരു ... , ഒരു പക്ഷെ അതകാം ഇതിന്‍റ്റെ ഭംഗിയല്ലെ? , ,

പ്രീഡിഗ്രിക്കെന്തായാലും കോപ്പിയടിച്ചിട്ടില്ല , എന്നാല്‍ എന്‍ചിനീയറിംഗിന്‌ , ചെറിയ ബുക്കുകളുണ്‍ടാക്കുമായിരുന്നു , ചിലരുടെ പക്കല്‍ നല്ല ഭംഗിയായി ബൈന്‍റ്റ് ചെയ്ത , ചിന്ന , ഹ്യൂസും , തെരേജയും ഒക്കെ ഉണ്‍ടായിരുന്നത് ഓര്‍മ്മവന്നു , മറ്റൊരു കാര്യം , ഇതൊക്കെയാണെങ്കിലും വെറും സാധാരണക്കാര്‍ പെമ്പിള്ളാര്‍ കോപ്പിയടിക്കുന്ന അത്ര ഇഫെക്ടീവായി , ഏറ്റവും നല്ലം കോപ്പിയടിക്കുന്ന ആണ്‍പിള്ളാരും എത്തില്ലാന്നുള്ളതാണ്‌ .

ആണ്‍ കുട്ടികള്‍ കോപ്പിയടിക്കുംപ്പോഴും ഒരു ചെറിയ പേടിയും , നോട്ടവും ഒക്കെ കാണൂം എന്നാല്‍ " ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണാ " എന്ന മട്ടില്‍ പെണ്പിള്ളാര്‍ അടീക്കുന്നതൊന്ന്‌ കാണുക തന്നെ വേണം


ഒരിക്കല്‍ , പരീക്ഷകഴിഞ്ഞ്‌ ഉത്തരക്കടലാസ്‌ കൊടുക്കുമ്പോള്‍ , മറ്റൊരാളുടെ പേപ്പര്‍ കൂട്ടത്തില്‍ പെട്ടെതോര്‍മ്മവന്നു


മേന്‍ന്നേ എന്റെ ഓര്‍മ്മകളെ എനിക്ക്‌ തന്നതിന്‌ ഒരായിരം നന്ദി

Sul | സുല്‍ said...

പെണ്ണിന്റെ മനശ്ശാസ്ത്രം അറിയാത്ത പൊടിമീശക്കാരനല്ലായിരുന്നോ കുട്ടമ്മേനോന്‍. ഇപ്പൊഴല്ലെ അറിയുന്നത് ആ വഴിക്കും ഒരു ലവ്വെല്ലാം വരുമെന്ന് പാര്‍വ്വതീ.

-സുല്‍

Anonymous said...

ചൈത്രം ചായം ചാലിച്ചു
മേനോന്റെ ലോഗരിതം ടേബിള്‍ വരയ്ക്കുന്നു
ചാരു ടേബിള്‍ വരയ്ക്കുന്നു

ഇടിവാള്‍ said...

ഇതിലൊന്നും വല്യ കാര്യല്ല്യാ മേന്‍‌ന്നേ... അത്യാവശ്യം തരികിട ഗെഡീസിനേയല്ലേ പെമ്പിള്ളേര്‍ക്കും നോട്ടം ;)

എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ ഓര്‍മ്മ വന്നു, ഇതു വായിച്ചപ്പോ!ഹാ, അതൊരു കാലം, ഇനി പറഞ്ഞിട്ടെന്നാ കാര്യം?

പഴയൊരു പോസ്റ്റില്‍ പറഞ്ഞതാ, എന്നാലും റിപ്പീറ്റുന്നു. എന്റെ ക്ലാസ്സിലെ സജി എന്നൊരുത്തന്‍, അവന്റപ്പനോടു പറഞ്ഞു: “അപ്പാ, ഇന്നലെ ഞാന്‍ ക്ലാസിലെ ലോഗരിതം ടേബിളില്‍ കയറിയിരുന്നപ്പോ, അതിന്റെ കാലൊടിഞ്ഞു, അതിനു ഫൈന്‍ ആയി 250 രൂപ കെട്ടാന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു!

അപ്പന്‍: കുരുത്തം കെട്ടോനോ, എന്തിനാടാ നീ ആവശ്യല്ല്യാത്തേന്റെ മോളിലൊക്കെ കേറി കളിക്കണേ?

വേണു venu said...

സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.ആ തീവണ്ടിയില്‍ കാമുകി കൂടി ഇരിക്കുന്നുണ്ടെങ്കില്‍.?
മേനോനെ, തികച്ചും മെനോന്‍ സ്റ്റൈലിലെ ഈ പ്രേമ കാവ്യം ആസ്വദിച്ചു.
അനുമോദനങ്ങള്‍.
ഓ.ടോ.
ആ മറ്ന്നു വച്ച കത്തു് പിതാശ്രീയുടെ കൈയ്യിലൊന്നും പെട്ടില്ലല്ലോ.

ആത്മകഥ said...

ന്‍റെ മേന്നേ... ഒരു സഹതാപ തരംഗം ആഞ്ഞടിക്കാനുള്ള എല്ലാ അവസരവും ഉണ്ടായിട്ടും അത് കളഞ്ഞുകുളിച്ചല്ലോ... പ്രേമിക്കാനറിയാത്ത തൃശ്ശൂര്‍ക്കാരന്‍ .. ആ നാടിന്‍റെ പേര് കൊണ്ടുകളഞ്ഞൊല്ലോടാ... ഏതായാലും സംഗതി ഉഷാറായിട്ടുണ്ട്.. വരട്ടെ അടുത്തത്

മഴത്തുള്ളി said...

ഹഹ. എന്നാലും ലോഗരിതം ടേബിള്‍ ആ പെണ്ണിന്റെ കയ്യില്‍ തന്നെ പെട്ടു അല്ലേ. ഇതുപോലെ ഇനിയും കാണുമല്ലോ ധാരാളം ലവ്സ്റ്റോറികള്‍ :) എല്ലാം പോരട്ടെ... ;)

കൊച്ചുഗുപ്തന്‍ said...

ആദ്യപ്രണയത്തിന്റെ(?)പരിസമാപ്തി ജോറായിട്ടുണ്ട്‌ മേന്‍ നെ...യാദൃശ്ചികമായിട്ടാണെങ്കിലും "ലോഗരിതം" അവിടെത്തന്നെ എത്തീലോ..

അടുത്തു വന്നതില്‍ ചെമ്പകന്റെ "മാമ്പഴക്കാല"ത്തിനു ശേഷം ആസ്വദിച്ചു വായിച്ചത്‌..പ്രത്യേകിച്ചും നിഷ്കളങ്കമായ ഭാഷ ...നല്ല ഒഴുക്ക്‌...രസച്ചരട്‌ പൊട്ടാതെ വായിച്ചു...നന്ദി..(ആവുന്നതും 'ഇംഗ്ലിയാളം" ഒഴിവാക്കാന്‍ ശ്രമിയ്ക്കുമല്ലൊ...)

--കൊച്ചുഗുപ്തന്‍

മുസാഫിര്‍ said...

നന്നായിട്ടുണ്ട് മേന്നേ,ക്ലാസ്മേറ്റ്സിന്റെ ആഫ്ടര്‍ എഫ്ഫെക്റ്റ് ആണെന്നു തോന്നുന്നു.എല്ലാവരും കലാലയങ്ങളിലേക്കു മനസ്സു കോണ്ട് ഒരു മടക്കയാത്ര നടത്തുന്നത്.

അതുല്യ said...

മേനന്നേ.. പെണ്‍കൊച്ചങ്ങളുടെ മുമ്പില്‍ നിന്ന് പോക്കറ്റില്‍ തപ്പരുതെന്ന് വീട്ടിലാരും പഠിപ്പിച്ചിട്ടില്ലേ..

കുറെ ആയി പ്രേമ കാവ്യങ്ങള്‍ ഇപ്പോ ആണുങ്ങള്‍ടെ. ഇത്രേം ഒക്കെ പാടാണോ എന്റെ ഈശ്വരാ പെണ്‍ കൊച്ചിനേ നോക്കി ഐ. ലവ്‌ യൂന്ന് പറയാന്‍. എത്രയാ റ്റെന്‍ഷന്‍ ഇവര്‍ക്ക്‌ അല്ലേ ? ഇത്‌ വല്ലതും ഈ പെണ്‍കൊച്ചുങ്ങള്‍ അറിയുന്നുണ്ടോ?

പെണ്ണുങ്ങള്‍ ആരെങ്കിലും ഒരു പ്രണയ ചുവട്‌ എഴുതിയിരുന്നെങ്കില്‍...

വിശാല മനസ്കന്‍ said...

കുട്ടമേന്നേ..ആര്‍ഭാടം.

ഓഫായിരുന്ന എന്റെ മൂഡ് ഈ പോസ്റ്റ് വായിച്ച് ഓണ്‍ ആയി മേന്നേ. വളരെ ഇഷ്ടായി. പ്രയോഗങ്ങള്‍ മിക്കതും സുപ്പര്‍!

Siju | സിജു said...

അതുല്യ ചേച്ചിക്ക് തന്നെ ഒരു കൈ നോക്കാമായിരുന്നില്ലേ.. :-)

നേരത്തെ ഒരു കാര്യം പറയാന്‍ വിട്ടുപോയി
ഈ പേരു കേക്കുമ്പോള്‍ എല്ലാവരും വിചാരിക്കും, 1952ല്‍ നടന്ന കഥയാണെന്നും അതു വെച്ച് വയസ്സ് കാല്‍ക്കുലേറ്റ് ചെയ്യുകയും ചെയ്യും :-)

അഗ്രജന്‍ said...

‘സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു‘

ഒത്തിരി രസികന്‍ പ്രയോഗങ്ങള്‍ :)

... ന്നാലും ന്റ്റെ മേന്ന്നേ ആള്‍ക്കാരേക്കൊണ്ട് പറയിച്ചൂലോ :)

ദില്‍ബാസുരന്‍ said...

മേനോഞ്ചേട്ടാ,
എന്നാലും ഇത്രയ്ക്കങ്ങട് പ്രതീക്ഷിച്ചില്ല അല്ലേ? ഒന്നും കൂടി മുട്ടി നോക്കാമായിരുന്നില്ലേ? :-)

വല്യമ്മായി said...

കൊള്ളാം

Kiranz..!! said...

കുട്ടമ്മേനോനെ,കോപ്പിയടി അവള്‍ കണ്ടിട്ട് ഓടിയെങ്കില്‍ ഓടട്ടെ.എന്നാലും ഐസിയെമ്പി എനേബിള്‍ ചെയ്തിട്ട് ഒരു കുഞ്ഞു പിങ്ങ് കൊടുത്തു നോക്കാരുന്നു.ചിലപ്പോ വീണേനെ..:)

Anonymous said...

ഗുരുവയൂരില്‍ എവിടാ?
കഥയുടെ ബാക്കി എന്തായി???
എല്‍ത്തുരിത്തീന്ന് വെള്ളത്തില്‍ ചാടിയോ?

ലോന

കുട്ടന്മേനൊന്‍::KM said...

എന്റെ ആദ്യപ്രേമകഥ(?)യ്ക്ക് കമന്റിയവര്‍ക്ക് നന്ദി.
ഇക്കാസെ:ആ‍ ടേബിളില്‍ പിടിച്ച് പ്രണയവല്ലരിക്ക് വെള്ളമൊഴിക്കാന്‍ പോയാല്‍ പിന്നെങ്ങനെ അടുത്ത വല്ലരിക്ക് വെള്ളമൊഴിക്കാനാവും :)
സൂ: ആദ്യമൊക്കെ ചെറിയ പെടാപാടായിരുന്നു. പിന്നെ ദിവസവും പെടുന്നതുകൊണ്ടതൊരു പാടായി തോന്നിയില്ല.
സിജു :)
സുല്‍ :)
പാര്‍വതി :)
തറവാടി : ആ കഥകളൊക്കെ ഒന്നെഴുതൂ :)
പയ്യന്‍ :)
ഇടിവാള്‍ : താങ്കളുടെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ എഴുതി വെച്ചതായിരുന്നു ഈ പോസ്റ്റ്. മണ്ണിന്റെ മണം കാണാത്തതുകൊണ്ട് ഡ്രാഫ്റ്റാക്കി കുറച്ചുകാലം ഇട്ടുവെച്ചു. പിന്നെ രണ്ടും കല്പിച്ച് പൂശി. ഇന്നലെ താങ്കളുടെ പോസ്റ്റും എന്റെ പോസ്റ്റും കൂട്ടിയൊന്ന് വായിച്ചപ്പോഴാണ് തോന്നിയത് അതല്ലേ ഇത് , ഇതല്ലേ അത്..എന്തിന്, ചില വാക്കുകള്‍ക്ക് പോലും നല്ല സാമ്യം. അതുകൊണ്ട് ചില വ്യത്യാസങ്ങളൊക്കെ വരുത്തേണ്ടി വന്നു. (ഇവിടെയൊക്കെ മോഷണക്കുറ്റത്തിന് നല്ല ശിക്ഷയാണ്).പിന്നെ തോന്നി, അന്നപൂര്‍ണേശ്വരിയും ടിയെമ്മെസ്സും പെരുമ്പുഴപ്പാലവും മേച്ചേരിപ്പടിയും കാവ്യാമാധവനും കാഞ്ഞാണിയുമൊന്നും ആരുടെയും സ്വന്തമല്ലല്ലോ എന്തിന് ഇടിവാള്‍ പോലും (വിനോദ് മേനൊന്റെ കാര്യമല്ല). ഇനി അഥവാ ആയിരിക്കുമോ ? :)
വേണു: ആ കത്ത് പിതാശ്രീയുടെ കയ്യിലെത്തിയില്ല.പക്ഷേ... :)
ആത്മകഥ :)
മഴത്തുള്ളി :)
കൊച്ചുഗുപ്തന്‍ :ഇന്‍ഗ്ലിയാളം ഒഴിവാക്കാന്‍ ശ്രമിക്കാം. അല്ലെങ്കിലും നല്ല മലയാളത്തിലെഴുതാന്‍ തന്നെ പാട് പിന്നെയല്ലെ.. :)
മുസാഫിര്‍ : ഒരുപക്ഷേ ക്ലാസ്മേറ്റ്സിന്റെ ആഫ്റ്റര്‍ ഇഫക്റ്റ് തന്നെയായിരിക്കണം
അത്യുല്യചേച്ചി :)
വിശാല്ജി : ഹാവൂ ഇതുവായിച്ച് ഒരാള്‍ക്കെങ്കിലും ഒരുപകാരമായല്ലോ.
അഗ്രജന്‍ :)
ദില്‍ബു :)
വല്യമ്മായി :)
കിരണ്‍സ് :)
ലോനപ്പന്‍: ഇതിനായി എല്‍ത്തുരുത്തീന്ന് വെള്ളത്തില്‍ ചാടിയില്ല.പക്ഷേ വേറെ പലതിനും അത് വേണ്ടിവന്നിട്ടുണ്ട്. :)

സൂര്യോദയം said...

കുട്ടന്‍ മേനൊനേ... ശരിയ്ക്കും ആസ്വദിച്ച്‌ വായിച്ചു. ആ ടെക്നോളജി ടച്ചുള്ള ഉപമകള്‍ ഉഗ്രന്‍.. പക്ഷെ, സ്റ്റീഫന്‍ സാറാണ്‌ മേന്‍ നേ താരം... ഭാഗ്യം ഇങ്ങനെ ഒരു കേമന്‍ ഞാന്‍ പരീക്ഷയെഴുതിയ സ്ഥലങ്ങളിലൊന്നും ഇല്ലാതിരുന്നത്‌...

Peelikkutty!!!!! said...

തുടക്കം മുതല്‍ അവസാനം വരെ പുഞ്ചിരിയോടെ തന്നെ വായിച്ചു...‍്ഫയര്‍വാള്,സ്പാംഫില്‍റ്ററ്..അടിപൊളി!

കുറുമാന്‍ said...

അയ്യോ, ഇതിപ്പോഴാ കണ്ടത്... ഇത്തരം നമ്പറുകള്‍ കയ്യിലുണ്ടായിരുന്നൂന്നറിഞ്ഞില്ല്യാരുന്നു. നന്നായിരിക്കുന്നു.

പൊന്നമ്പലം said...

അണ്ണാ നിങ്ങളെങ്ങനാ കമ്പൈല്‍ ചെയ്യാതെ ഡീബഗ്ഗ് ചെയ്യുന്നത്? ബൈനറി ഫൈല്‍‌സ് അല്ലെ ഡീബഗ്ഗ് ചെയ്യുന്നത്? അതിന് കമ്പൈല്‍ ചെയ്യണമല്ലോ?

(തല്ലരുത്...)

Anonymous said...

പേരു മുമ്പ്‌ കേട്ടിരുന്നു.ഇപ്പോഴാ ഞാന്‍ ബ്ലോഗിലെത്തിയത്‌.എല്ലാവരും പറയണപോലെ അടുത്ത ലക്കമിങ്ങു വേഗം പോരട്ടേ.ഞാനും ഒരു ത്രിശൂര്‍ ക്കാരിയാണേ..

ചക്കര said...

:) ലവ് സ്റ്റോറി രസിച്ചു.. ലോഗരിതം ടേബിളിനുള്ളില്‍ ആ ലേഖനം ഉണ്ടാവുമെന്നാ ഞാന്‍ പ്രതീക്ഷിച്ചത്.

കുട്ടന്മേനൊന്‍::KM said...

സൂര്യോദയം :അതെ സ്റ്റീഫന്‍ സാറു തന്നെ താരം. അതിനുശേഷം കോപ്പിയടിക്കുമ്പോള്‍ സ്റ്റീഫന്‍സാറെ ഓര്‍മ്മവരാറുണ്ട്.
പീലിക്കുട്ടി :)
കുറുജി :)
പൊന്നമ്പലം : നമ്മളൊക്കെ പഴയ ആള്‍ക്കാരല്ലേ ചുള്ളാ.. abap4 ല്‍ ഡീബഗ്ഗ് ചെയ്താണ് കമ്പൈല് ചെയ്യുന്നത്.
സിജി : കഥകള്‍ വായിക്കാറുണ്ട്. :)
ചക്കര :)

e-യോഗി said...

ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
ഉഗ്രന്‍ പ്രിയോഗം. കലക്കി മോനെ.