Monday, October 30, 2006

അടുത്ത ഒരു ബെല്ലോടു കൂടി...

പ്രാഞ്ചിയേട്ടനും വിപഞ്ചികയുമൊക്കെ പ്രാകി പ്രാകി പെരുമ്പറ കൊട്ടി, ചുവരെഴുത്തുകളുമായി നടക്കുന്ന കാലം.

അന്ത കാലത്ത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഈയുള്ളവനും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വല്യച്ഛന്റെ മൂത്ത സന്താനഗോപാലനായ ബിജുക്കുട്ടനും ഒന്നിച്ചായിരുന്നു ഷ്കോളില്‍ പോയിരുന്നത്. തലേന്നത്തെ സാമ്പാറും(ചിലപ്പോള്‍ കാന്താരിമുളക് ചുട്ടതും പുളിയും ചുവന്നുള്ളിയും അരച്ച ചമ്മന്തി) കഞ്ഞിയുമാണ് ബ്രേക്ഫാസ്റ്റ്. രണ്ടാളും നല്ല സഹകരണമുള്ളതു കൊണ്ട് ഒരു കലത്തില്‍ കഞ്ഞിയെടുത്ത് രണ്ട് പ്ലാവില ടീസ്പൂണ്‍ ഓരൊരുത്തരുടെ കയ്യിലും കൊടുത്ത് അമ്മൂമ്മ ഒരു പച്ച ഈര്‍ക്കിലുമായി മുന്‍പിലിരിക്കും. ഒരു സമയം ഒരു ടീസ്പൂണ്‍ മാത്രമേ കലത്തിലിടാവു. എണ്ണം പറഞ്ഞ ചോറുവറ്റുകള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട് ഫസ്റ്റ് കിക്കെടുക്കുന്ന ആള്‍ക്കാണ് കൂടുതല്‍ വറ്റു കിട്ടുന്നത്. ആദ്യത്തെ കിക്ക് തീരുമാനിക്കുന്നത് റഫറിയായ അമ്മൂമ്മയാണ്. അത് അമ്മൂമ്മയുടെ അപ്പോഴത്തെ മനസ്ഥിതി അനുസരിച്ചിരിക്കും. കൂടുതല്‍ തവണയും എനിക്കാണ് ആദ്യം കിക്കെടുക്കാന്‍ ഭാഗ്യമുണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ട് വിഷുവിന് ഓലപ്പടക്കം അടുപ്പിലിട്ട് കഞ്ഞിക്കലം തകര്‍ത്ത ഓപ്പറേഷന്‍ നടത്തിയത് ബിജുക്കുട്ടനായതുകൊണ്ട് അവനെ അമ്മൂമ്മക്ക് അത്ര പിടുത്തമില്ല. അഞ്ചു മിനിട്ട് കൊണ്ട് കഞ്ഞികുടി കഴിച്ച് കയ്യില്‍ കിട്ടിയ പുസ്തകങ്ങളുമായി സ്കൂളിലേക്കിറങ്ങും. സ്കൂളിലേക്ക് ഒരു കിലോമീറ്ററോളമുണ്ടാവും ദൂരം. പറപ്പൂക്കാരന്റെ വീട്ടിലെ ചാമ്പമരവും ദേശുട്ടിച്ചേട്ടന്റെ പറമ്പിലെ മൂവ്വാണ്ടന്‍ മാവും ഞങ്ങളെ കാണുമ്പോഴേ വിറച്ചു തുടങ്ങും. കാദര് മാപ്ലയാണ് റോഡിലെ ടാറിടലിന്റെ കോണ്ട്രാക്റ്റെന്നതുകൊണ്ട് കല്ലുകള്‍ക്ക് യാതൊരു ക്ഷാമവും ഒരു കാലത്തുമുണ്ടായിട്ടില്ല.

പത്തുമണിയുടെ മൂന്നാം ബെല്ല് ഇയ്യുണ്ണിച്ചേട്ടന്‍ തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിക്കുമ്പോള്‍ ഞങ്ങള്‍ സ്കൂള്‍ ഗേറ്റിലെത്തിയിട്ടേ ഉണ്ടാവൂ. ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടു വരുമ്പോള്‍ ദിവസവും ഒരുമണിക്കുര്‍ റോഡ്സൈഡിലെ ഇന്‍വെന്ററിയെടുത്തിട്ടാണ് വീട്ടിലെത്തുന്നത്. വീട്ടില്‍ ചെന്നിരുന്നിട്ട് സ്വാശ്രയകോളേജ് പ്രശ്നമൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ

ചില ദിവസങ്ങളില്‍ വല്യച്ഛന്‍ സാധനങ്ങള് വാങ്ങാന്‍ ബിജുക്കുട്ടനെയും എന്നെയും സെന്ററിലേക്ക് വിടും. ആ സമയത്താണ് വിപഞ്ചികയുടെയും കൊച്ചുമാത്തേട്ടന്റെയും സിംബലടി തകൃതിയായി നടക്കുന്നത്.

ഇതു കണ്ട് രോമാഞ്ച കഞ്ചുകനായി ഒരു ദിവസം ബിജുക്കുട്ടന് ആ വെളിപാടുണ്ടാകുന്നു. നമുക്കും ഇതുപോലെ ഒരു നാടകം സംഘടിപ്പിക്കണം. കടപ്ലാവിന്റെ ചുവട്ടിലിരുന്ന് ബിജുക്കുട്ടന് ചിന്തിച്ചുകൂട്ടി.

പിന്നീട് അതിനെക്കുറിച്ച് പറമ്പിന്റെ പിന്നിലെ വരിക്കപ്ലാവിന്റെ കടയ്ക്കലിരുന്ന് ബിജുക്കുട്ടന്റെയും എന്റയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലേയും നേതാക്കന്മാര്‍ ഒരു ശനിയാഴ്ച ഉച്ചകോടി (ഉച്ചക്കഞ്ഞികുടി വരെയുള്ള പരിപാടി) നടത്തി.

നായകന്‍ ബിജുക്കുട്ടനായും നായികയായി അമ്മായിയുടെ മകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന രേഷ്മ. പിന്നെ സഹനടന്മാരായി വടക്കേപറമ്പിലെ രാമുവും കുട്ടനും. വില്ലനായി നിശ്ചയിച്ചത് തെക്കെപ്പാട്ടെ രാവുണ്ണിനായരുടെ ആറാമത്തെ സന്താനം രവിയെയാണ്.

ആറടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും ഓണത്തിന് മാവേലിയാക്കാന്‍ മാത്രം കുടവയറുമുള്ള രാവുണ്ണി നായര്‍ പണ്ട് ഇന്ത്യാ-പാക് യുദ്ധത്തില്‍ അരിവെപ്പുകാരനായി പോയിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍. രാവുണ്ണി നായരുടെ ട്രേഡ് മാര്‍ക്കായിരുന്നു ആ വീരപ്പന്‍ ശൈലിയിലുള്ള മീശ. പട്ടാള സേവനം കഴിഞ്ഞ് ഭാര്യവീട്ടില്‍ സസുഖം വാഴുകയാണ് ചുള്ളന്‍. ദിവസവും ഉച്ചകഴിഞ്ഞ് നാലുമണിയാകുമ്പോള്‍ ദേഹമാസകലം എണ്ണ തേച്ച് രാവുണ്ണി നായര്‍ വീടിനു ചുറ്റും നടക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടില്‍ ഭയങ്കര പട്ടാള ചിട്ടയാണെന്ന് രവി പറയാറുണ്ട്. അതുകൊണ്ടൊക്കെയാവണം രവിക്ക് ഒരു തീവൃവാദി ശൈലിയുണ്ട്.. ഇതൊക്കെ കൊണ്ട് തന്നെ രവി തന്നെയായിരുന്നു വില്ലന്‍ വേഷത്തിന് തികച്ചും യോഗ്യന്‍.

ബിജുക്കുട്ടന്‍ പഴയ നോട്ടുപുസ്തകത്തില്‍ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങി.

വിഷുവിന് റിലീസ് ചെയ്യാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. വിഷുവിനാവുമ്പോള്‍ എല്ലാ പടയുമുണ്ടാവും. മുത്തച്ഛന്റെയും മുത്തച്ഛിയുടെയും മറ്റും വളരെ അകന്ന ബന്ധുക്കളെല്ലാം വിഷുകഴിഞ്ഞ് നാട്ടിലെ പേരുകേട്ട പള്ളിപ്പെരുന്നാളും കഴിഞ്ഞേ തിരിച്ചു പോകൂ. പത്തായത്തിന്റെ കോണിപ്പടിയുടെ താഴെ വേദിയായി നിശ്ചയിച്ചു.

അതിനപ്പുറത്തെ ചായ്പ് മുറിയില്‍ നടീനടന്മാരുടെ അണിയറ.
പ്രാക്റ്റീസും തുടങ്ങി.

ഇനി സാധനങ്ങളെല്ലാം സംഘടിപ്പിക്കണം. അത് ഓരോരുത്തര്‍ക്കുമായി വീതം വെക്കുന്നു. ഞാന്‍ ഡ്രം , രാമു സിംബല്‍ , രവി മൌത്ത് ഓര്‍ഗന്‍, കുട്ടന്‍ കര്‍ട്ടനും കൊണ്ടുവരാമെന്ന് ഏറ്റു.

അതിനിടയിലാണ് പടിഞ്ഞാറെ പറമ്പിലെ പ്രിയോര് മാവിന്റെ അവിടെ വെച്ച് ഒരു മാങ്ങക്ക് വേണ്ടി കുട്ടനും രവിയും കൂടി അടിച്ച് പിരിയുന്നത്.

നാടകത്തെക്കുറിച്ചു ഏറെ വേവലാതിയുള്ള ബിജുക്കുട്ടന്‍ രണ്ടുപേരെയും വിളിച്ചിരുത്തി സന്ധിസംഭാഷണം നടത്തി കാര്യങ്ങളെല്ലാം സെറ്റില്‍ ചെയ്തു.

അങ്ങനെ റിലീസ് ദിവസം വന്നു ചേര്‍ന്നു.

ബിജുക്കുട്ടന്‍ കാണികളെയെല്ലാം തമ്പോറടിച്ച് വിവരമറിയിച്ചു.

ഉച്ചതിരിഞ്ഞ് അഞ്ചുമണിക്കാണ് പരിപാടി.

എല്ലാവരും നല്ല ഉത്സാഹത്തില്‍ കാര്യങ്ങളെല്ലാം അടുപ്പിച്ചു കൊണ്ടുവന്നു. ഡ്രമ്മും സിംബലും മൌത്ത് ഓര്‍ഗനുമെല്ലാം റെഡി. പക്ഷേ കര്‍ട്ടന്‍ മാത്രം കിട്ടിയിട്ടില്ല.

ബിജുക്കുട്ടന്‍ കുട്ടനുമായി മാറിനിന്ന് കൂലങ്കുഷമായി ആലോചിക്കുന്നു.
കുട്ടന്‍ കൊണ്ടുവരാമെന്ന് ഏറ്റിരുന്നത് ബാര്‍ബറായ ഉണ്ണ്യാരുടെ കവറോളായി ഉപയോഗിക്കുന്ന സ്പെയര്‍ മുണ്ടായിരുന്നു. സാധാരണ അത് കൊണ്ടു പോകാറില്ല. ആ ദിവസം ഉണ്ണ്യാര് ആ സ്പെയര്‍ മുണ്ട് കടയില്‍ കൊണ്ടു പോയി..

കുറച്ചു സമയത്തെ ആലോചനക്കു ശേഷം കുട്ടന്‍ ‘ഇപ്പ ശര്യാക്കിത്തരാമെ’ന്നും പറഞ്ഞ് അവിടെ നിന്നും പോയി പത്തുമിനിട്ടിനകം കര്‍ട്ടനുമായി മടങ്ങി വന്നു.

‘ കുട്ടാ ഇതെവ്ട് ന്നാണ്ടാ..?’ നല്ല പുതിയ കാവി മുണ്ട് കണ്ട് ബിജുക്കുട്ടന്‍ ചോദിച്ചു. ‘അതൊക്കെ ഇണ്ട്രാ.. പരിപാടി കഴിച്ച് പെട്ടന്നന്നെ കൊണ്ട് കൊടക്കണം.’ കുട്ടന്‍ പറഞ്ഞു. പെട്ടന്നു തന്നെ കര്‍ട്ടനെല്ലാം കെട്ടി

നടീ നടന്മാര്‍ അണിയറയില്‍ ഉഷാറായി. കാണികള്‍ കര്‍ട്ടനു മുന്നില്‍ അണി നിരന്നു. ആദ്യത്തെ ബെല്ലടിച്ചു.

‘അടുത്ത ഒരു ബെല്ലോടുകൂടി ഈ നാടകം ആരംഭിക്കുന്നു. ...... നാടക രചന സംവിധാനം ബിജുക്കുട്ടന്‍...’ ബിജുക്കുട്ടന്‍ അനൌണ്‍സ്മെന്റ് തുടങ്ങി.

ആ സമയത്തായിരുന്നു വേദിയില്‍ ഒരു ഗര്‍ജ്ജനം കേട്ടത്.

‘ഏത് -#%$$%$ മോനാണ്ടാ കുളിമുറീന്ന് എന്റെ ഉടുമുണ്ടെടുത്ത് ഇവിടെ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത് ?’

ഞങ്ങള്‍ നടീനടന്മാര്‍ അണിയറയുടെ ചെറിയ പഴുതിലൂടെ നോക്കുമ്പോള്‍ വേദിയില്‍ നേരിയ നനഞ്ഞ തോര്‍ത്തുമുണ്ടുമുടുത്ത് ‘മലയത്തിപ്പെണ്ണ്’ പോസില്‍ രാവുണ്ണി നായര്‍.

പിന്നെ, ഒറ്റ വലിക്ക് കര്‍ട്ടനഴിച്ചെടുത്ത് രാവുണ്ണി നായര്‍ ഉടുക്കുന്നു.

കാണികള്‍ അന്തം വിട്ടു നില്‍ക്കുന്നു.

വീട്ടിലെ സ്ഥിരം മെമ്പറായ ടോമി അപ്പുറത്ത് നിന്ന് ഘോര ഘോരം കുരക്കുന്നു. പിന്നെ, അതിനെ ഓടിക്കാന്‍ രാവുണ്ണിനായര്‍ കഥകളി നടത്തുന്നു.

ഞാന്‍ തിരിഞ്ഞു നോക്കി.

കുട്ടന്റെയും രവിയുടെയും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..

കാണികള്‍ ഒരാരവത്തോടെ നിഷ്ക്രമിക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുല്ലുവില മാത്രം കല്‍പ്പിക്കുന്ന വല്യച്ഛനുമുന്നില്‍ ആ ദുരന്ത നാടകം സംവിധായകന്റെ കണ്ണീരും കിനാവുമായി അവശേഷിച്ചു.

7 comments:

asdfasdf asfdasdf said...

ഒരു പോസ്റ്റിടുന്നു...അടുത്ത ഒരു ബെല്ലോടുകൂടി..
പ്രാഞ്ചിയേട്ടനും വിപഞ്ചികയുമെന്ന പോസ്റ്റിന്റെ കൂടെ ഉണ്ടായിരുന്നതാണ്. രണ്ടുമൊന്നുമാറ്റിയെഴുതിയതാണ്.

sandoz said...

കുട്ടേട്ടാ,
മാറ്റി ചവുട്ടിയത്‌ കലിപ്പായിട്ടുണ്ട്‌.

സുല്‍ |Sul said...

കുട്ടേട്ടാ നാടകത്തിലെ കഥ എന്തായിരുന്നു ആവൊ.
ഏതായാലും ഒരാളു കുളിച്ചിറങ്ങിയപ്പോല്‍ കഥ കഴിഞ്ഞു.
നന്നായിരിക്കുന്നു കുട്ടേട്ടാ. ചില ബാല്യകാലസ്മരണകള്‍.

Anonymous said...

great site. Nice way of writing.
Kindly visit and comment in our blog!

വേണു venu said...
This comment has been removed by a blog administrator.
വേണു venu said...

ബാല്യകാലസ്മരണകള്‍, രസമായെഴുതിയിരി‍ക്കുന്നു.

asdfasdf asfdasdf said...

സുചേച്ചി : :‌)
സന്‍ഡോസ് : :)
സുല്ലേ : കഥ ഓര്‍മ്മയില്ല. ഓര്‍ത്തുനോക്കണം.
മല്ലു ഫിലിംസ് : എല്ലായിടത്തും കൊണ്ടുപോയി ഓരോ തേങ്ങയുടക്കാമെന്ന് നേര്‍ച്ച നേര്‍ന്നിട്ടുണ്ടല്ലേ ?
വേണുജി : )
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദ്രി.