Monday, October 16, 2006

ഹണിബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും

പൂര്‍വ്വികരായി ദേശത്ത് ഒരുക്കൂട്ടിവെച്ച സ്വത്ത് കാജാബീഡിക്കും കള്ളിനും പിന്നെ വേറെ പല ജീവനുള്ളതും ഇല്ലാത്തതുമായ പലതിനുവേണ്ടിയും ടക്കര്‍ സ്വീറ്റ്സില്‍ ബര്‍ഫി കട്ട് ചെയ്യുന്ന ലാഘവത്തോടെ ഗോവിന്ദമേനൊന്‍ പീസ് പീസ് ആക്കി തൂക്കി വിറ്റു. അതില്‍ കൂടുതല്‍ പീസുകള്‍ കിട്ടിയത് ബ്രാന്‍ഡി മാഷ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു. വാസുവിന്റെ നാറ്റനടിച്ച് മാത്രം നടന്നിരുന്ന നാട്ടുകാര്‍ക്ക്‍ ബ്രാന്‍ഡി എന്ന സാധനം ഇണ്ട്രഡ്യൂസ് ചെയ്ത മഹാനായതുകൊണ്ടാണ് പ്രാഞ്ചിയേട്ടനെ ബ്രാന്‍ഡിമാഷാക്കിയത്.
കള്ളും കാര്‍ത്ത്യായനിയുമില്ലാത്ത ഏതൊ നേരത്ത് ഗോവിന്ദമേനൊന്‍ ചെയ്ത ഒരേയൊരു പുണ്യമായിരുന്നു എല്ലാമക്കള്‍ക്കും പത്തുസെന്റ് സ്ഥലം എഴുതിവെച്ചത്. ആ പത്തു സെന്റ് സ്ഥലമാണ് അച്ഛന്റെ ആസ്തി. ഓര്‍മ്മ വെച്ച കാലം മുതലേ നാട്ടില്‍ സൂര്യനും ചന്ദ്രനും (സോളാര്‍ & മൂണ്‍ ബാര്‍) ഉള്ളതുകൊണ്ട് പഴയതെല്ലാം വെട്ടിപ്പിടിക്കണമെന്ന അച്ഛന്റെ ആഗ്രഹം മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്ന കരുണാകരന്റേതു മാത്രമായി അവശേഷിച്ചു.

ഉസ്മാനിക്ക നാട്ടിലെ ഒരു കാശുകാരനായ ഗള്‍ഫുകാരനാണ്. മൂപ്പര്‍ക്ക് ദോഹയില് ഏതൊ റെന്റല്‍ കാറിന്റെ ബിസിനസ്സും മറ്റെന്തൊക്കെയോ ഉണ്ട്. അച്ഛന്റെ ഒരു സുഹ്രുത്തുമാണ്. കാശ്മീര്‍ റോഡിന്റെ അടുത്തുള്ള് 13 ഏക്കര്‍ സ്ഥലത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ പോലുള്ള വീടും അത് നോക്കി നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ടു സെക്യൂരിട്ടിക്കാരുമുണ്ട്. നാട്ടിലെ പറമ്പുകള്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയുമാണ് ഉസ്മാനിക്കയുടെ ഒരു പ്രധാന വിനോദം.
ഒരു തവണ ഉസ്മാനിക്ക വെക്കേഷനു വന്നപ്പോഴാണ് താമരപ്പിള്ളിയിലെ രണ്ടേക്കര്‍ തെങ്ങിന്‍ പറമ്പ് വില്‍ക്കണമെന്ന് അച്ഛനോട് പറയുന്നത്. അച്ഛന്റെ പഴയ ആഗ്രഹം അവിടെയാണ് തലപൊക്കുന്നത്. എനിക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു.
രണ്ടു മാസത്തിനു ശേഷം കാച്ചിക്കുറുക്കിയ 20 ദിവസത്തെ ലീവിന് ഞാന്‍ നാട്ടിലെത്തുന്നു.
പുതുതായി വാങ്ങിയ പറമ്പിലേക്ക് പോകുന്നു.
നല്ല പച്ചപ്പുള്ള സ്ഥലം. തെങ്ങുകളെല്ലാം കുട്ടപ്പന്മാരായി നില്‍ക്കുന്നു.
ഈ പറമ്പില്‍ സ്ഥിരമായി തെങ്ങുകയറിയിരുന്ന വാസുവിനെ അവിടെ വെച്ചാണ് കാണുന്നത്.
‘മേന്നെ ഇവ്ടത്തെ തെങ്ങ് കേറ്റം നമുക്കല്ലേ ..?’
‘വാസ്വേ.. അച്ഛന്‍ വേറാര്‍ക്കോ കൊടുത്തൂന്നാ പറഞ്ഞേ..’ . വാസുവിനൊരു വൈക്ലബ്യം.
‘അത് സാരല്യ....ഇഷ്ടം പോലെ തേങ്ങകിട്ടുന്ന പറമ്പാ..’

വാസു ഇതു പറഞ്ഞപ്പോള്‍ എന്റെ കൈത്തണ്ടയിലെ എണ്ണം പറഞ്ഞ രോമങ്ങള്‍ എഴുന്നു നിന്നു.
അപ്പോള്‍ കാശിറക്കിയത് മോശമായില്ല.

വെറുതെ ഒന്ന് കണക്കുകൂട്ടി. 150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി.

അതിന്റെ സന്തോഷം കൊണ്ട് ഇളയച്ഛന്റെ മകനായ ബിജുക്കുട്ടനെയും കൂട്ടി മുല്ലശ്ശേരി ബ്ലോക്കിന്റെ അടുത്തുള്ള ബി.കോപ്പിന്റെ ഷാപ്പില്‍ ക്യൂ നിന്ന് രണ്ട് ഹണീബി വാങ്ങി നേരെ പറമ്പിലേക്ക് വിട്ടു. അപ്പുറത്തെ കുമാരേട്ടന്റെ കള്ളു ഷാപ്പില്‍ നിന്ന് രണ്ട് ബീഫ് ഫ്രൈയും വാങ്ങി ഒരു തെങ്ങിന്റെ കടയ്ക്കല്‍ നങ്കൂരമിട്ടു.
ഒരു പ്രശ്നം.
ഹണീബിയിലൊഴിക്കാന്‍ വെള്ളമില്ല.
അപ്പോഴാണ് ബിജുക്കുട്ടന്റെ ബുദ്ധിതെളിഞ്ഞത്. ഹണീബീക്ക് ഇളനീര് നല്ല കോമ്പിനേഷനാണത്രേ. ..

മിക്കതും ചെറിയ തെങ്ങുകളാണ്. എങ്കിലും എല്ലാറ്റിലും മൂന്ന് നാല് തേങ്ങയെങ്കിലും കാണുന്നുണ്ട്.
ബിജുക്കുട്ടന്‍ രണ്ട് തെങ്ങുകളില്‍ വളരെ ലാഘവത്തോടെ കയറി രണ്ട് പാകമായ ഇളനീരിട്ടു.

ചെറുപ്പത്തില്‍ ഒരു മാവില്‍ പോലും കയറാത്ത ബിജുക്കുട്ടന്‍ ഇത്ര ലാഘവത്തോടെ എങ്ങനെയാണ് ഈ തെങ്ങില്‍ കയറുന്നതെന്ന സംശയം എന്റെ തലയില്‍ ഒരു നൂറുവാട്ടിന്റെ ബള്‍ബു പോലെ മിന്നി.
എങ്കിലും ചോദിച്ചില്ല.
പിന്നെ കുമാരേട്ടന്റെ ഷാപ്പില്‍ പോയി ബിജുക്കുട്ടന്‍ ഒരു കത്തിയുമായി വന്നു.
ഇളനീര്‍ വെട്ടി രണ്ടു ഗ്ലാസ്സിലും പകുതിയോളം ഒഴിച്ചു. ബാക്കി തേനീച്ചയും
വീര്യം കുറവാണെങ്കിലും കുഴപ്പമില്ല.
ആ സമയത്താണ് അപ്പുറത്ത് തോടിന്റെ കരയിലൂടെ ഒരാള്‍ നടന്നു പോകുന്നത്.
‘പുതിയ ടീമാ അല്ലേ.. അലമ്പുണ്ടാക്കാണ്ട് പോയാല്‍ നെങ്ങക്ക് നല്ലത്..’ അതും പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.
‘എന്താ ബിജുക്കുട്ടാ അയാള് അങ്ങനെ പറഞ്ഞേ..’ എനിക്കൊരു കണ്‍ഫ്യൂഷന്‍.
‘നീയൊന്ന് നോക്ക്യെ.. എന്താ ഇവടത്തെ ഒരു സീനറി. ..’
ഞാന്‍ ചുറ്റും നോക്കി. നല്ല പച്ചപ്പുള്ള പറമ്പ്. ഒരു വശത്ത് വലിയൊരു തോടും. ഇനിയൊരു ഫാം ഹൌസിന്റെ പോരായ്മകൂടിയേ ഉള്ളൂ. സ്മാളടിക്കാന്‍ പറ്റിയ സ്ഥലം.
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.
തലയില്‍ നൂറുവാട്ടിന്റെ നാലഞ്ച് ബള്‍ബ് ഒന്നിച്ച് മിന്നി.
ഞങ്ങള്‍ കഷ്ടപ്പെട്ട് തെങ്ങില്‍ കയറി രണ്ട് ഇളനീരേ വെട്ടിയിട്ടുള്ളൂ.
പക്ഷേ അവിടവിടെയായി പിന്നെയും കുറെ ഇളനീര് വെട്ടി അതിന്റെ തൊണ്ടുകള്‍ കിടക്കുന്നു.
എനിക്ക് എന്തൊ ഒരു പന്തികേടു തോന്നി.
‘എന്താ ബിജുക്കുട്ടാ ഇവിടെ നെറച്ച് ഇളനീര് വെട്ടിയതിന്റെ തൊണ്ടുകള്‍ കിടക്കുന്നത് ?’
‘ഡാ.. നെനക്കറിയ്യൊ ..ഞങ്ങള് ഇടക്കിടക്ക് വന്നിരിക്കണ പറമ്പാ ഇത്..’ ബിജുക്കുട്ടന്റെ വെളിപാട്.
കഴിച്ച ഹണീബീ ഒരു മൂളിപ്പാട്ടും പാടി പറന്നു പോയി.
പിന്നെ അധികസമയം അവിടെ ഇരുന്നില്ല. മൂലക്കുരുവുള്ള മൂക്കന്നൂരെ മൂപ്പന്‍ മൂടും പൊത്തി പാഞ്ഞുവെന്നു പറഞ്ഞതുപോലെ ഞാന്‍ ഗേറ്റിലേക്ക് നീങ്ങി.
ഗേറ്റെന്നത് ഒരു ചന്തത്തിന് വെച്ചിരിക്കുന്നുവെന്നേയുള്ളൂ. സര്‍ക്കരോഫീസില്‍ പത്തുമണിക്കുള്ള ഹാജര്‍ പോലെ കമ്പിവേലി അവിടവിടെയായി ഞങ്ങളിവിടെത്തന്നെയുണ്ടെന്ന് ഹാജര്‍വെച്ചിട്ടുണ്ടെന്നു മാത്രം. ഗേറ്റുപൂട്ടുമ്പോഴാണ് വാസുവിനെ വീണ്ടും കണ്ടത്.
വാസു മൊത്തത്തിലൊരു വീക്ഷണം നടത്തി, കൂടെ ഒരു സിമ്പിള്‍ അഡ്വൈസും.
‘ആരെക്കൊണ്ടാണെങ്കിലും മേന്നെ ഒന്ന് തെങ്ങ് കയറ്റിച്ചോളൂ..’
‘എന്ത്യേ വാസുവേ..’
‘ഒരു ആറുമാസായിട്ട് ണ്ടാവും ഇപ്പൊ ഇവടെ തെങ്ങ് കേറീട്ടേയ്.. വല്ല ഒണക്ക മടലോ കൊതുമ്പോ കിട്ടിയാല് അതായില്യേ...’
ഞാന്‍ ദയനീയമായി വാസുവിനെ നോക്കി. വാസു ഒരു മൂളിപ്പാട്ടും പാടി ഞങ്ങളെയും കടന്നുപോയി.
വാസു പാടിയ മൂളിപ്പാട്ട് ‘ചെകുത്താന്‍ കയറിയ വീ‍ട്.....’ എന്നായിരുന്നുവോയെന്ന് ഇന്നും എനിക്ക് സംശയം.

16 comments:

കുട്ടന്മേനൊന്‍::KM said...

ഒരു ചെറിയ പോസ്റ്റിടുന്നു... ‘ഒരു പറമ്പ് കച്ചവടവും ഹണിബീയും‘

ഇടിവാള്‍ said...

മേന്‍‌ന്നേ..
ആ പറന്‍പ് വിറ്റോ ? ഇല്ലേല്‍ അടുത്ത വെക്കേഷന്‍ മ്മക്ക് ഒരുമിച്ചാക്കാം ട്ടാ, പറമ്പിലൊന്നു മൂടാലോ ?

ഇനീപ്പോ,മേന്‍‌ന്നു സൌകര്യംണ്ടാവില്ല്യ്യാച്ചാ, കറക്റ്റ് ലൊക്കേഷന്‍ തന്നാ മതി. ബാക്കി കാര്യം ഞമ്മളേറ്റൂന്ന്.. ( ടി.ജി. രവി സ്റ്റൈല്‍)

കുട്ടന്മേനൊന്‍::KM said...

ഇല്ല ഇടിവാള്‍ജി.. അതവിടെ തന്നെ ഉണ്ട്. ഇപ്പോ ചന്ദ്രേട്ടന്റെ നിര്‍ദ്ദേശാനുസരണം കൃഷി വാമാക്കിക്കൊണ്ടിരിക്കുകയാണ്.
http://i98.photobucket.com/albums/l241/kuttamenon/land.jpg
കറക്റ്റ് ലൊക്കേഷന്‍ താമരപ്പിള്ളി ചിറ്റാട്ടുകര റോഡില്‍ പണ്ടാറക്കാട്ടേക്കുള്ള വഴി കഴിഞ്ഞാലുള്ള വര്‍ക് ഷോപ്പിന്റെ സൈഡില്‍ കാണുന്ന സ്ഥലം. ഡിസംബറില്‍ വെക്കേഷനു പോകണമെന്നു വിചാരിക്കുന്നു. താത്പര്യുമുണ്ടെങ്കില്‍ പറയുക.

ഇടിവാള്‍ said...

അയ്യയ്യോ.. എന്റെ മേന്‍‌ന്നേ !!!

തെറ്റിദ്ധരിച്ചൂ.. മ്മേന്‍‌ന്ന് ന്നെ കലശലായി തെറ്റിദ്ധരിച്ചൂട്ടോ ?

ആ പറമ്പ് വിറ്റോ.. എന്നു ഞാണ്‍ ചോദിച്ചത്, വാങ്ങാന്‍ ഉദ്ദേശം വച്ചല്ല..

നാട്ടില്‍, പോകുമ്പോ, ഒരു ഹണിബീയും വാങ്ങി അങ്ങു പോയാ മതീലോ, കരിക്കൊക്കെ സുലഭമല്ലേ എന്നോര്‍ത്തായിരുന്നൂ !

അതാ പറഞ്ഞേ, ഇനീപ്പോ, മേനോന്‍ ഇല്ലേലും, സാരല്ല്യ, തെങ്ങേക്കേറി കരിക്കു പറിക്കുന്നതൊന്നും മ്മക്ക് വെല്യ ബുദ്ധിമുട്ടുള്ള കാര്യല്ലാന്ന്!

കുട്ടന്മേനൊന്‍::KM said...

‘ഹണീബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും‘ ചെറിയ മാറ്റങ്ങളോടെ പുന:പ്പോസ്റ്റുന്നു. വായിച്ച് അഭിപ്രായം പൂശുമല്ലോ..

ഇടിവാള്‍ said...

മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ഒരു ഗജവീരന്റെ ലുക്കുണ്ട്..

അഗ്രജന്‍ said...

'150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി'

ഹി ഹി... കണക്ക് കൂട്ടല്‍ കലക്കി :)

നന്നായിരിക്കുന്നു മേന്ന്നേ.

വല്യമ്മായി said...

നല്ല വിവരണം.ഓ.ടോ.നല്ല സ്ഥലങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കണേ

കുട്ടന്മേനൊന്‍::KM said...

വല്യമ്മായിയേ..ഗള്‍ഫു ജീവിതം നിര്ത്തി ഇനി പറമ്പ് കച്ചവടം തുടങ്ങണം. രജിസ്ട്രേഷന്‍ വകുപ്പില് ഭാര്യയുള്ളതുകൊണ്ട് ആധാരമെഴുത്തും സൈഡായി നോക്കാമെന്നാണ് വിചാരിക്കുന്നത്. നിങ്ങളുടെ ഭാഗത്ത് (പേരാമംഗലം) സ്ഥലത്തിനിപ്പോ ചുട്ട വിലയാണു. അതുകൊണ്ട് ഇപ്പോ പഴയപോലെ ട്രാന്‍സാക്ഷന്‍ അധികം നടക്കുന്നില്ല.

Sul | സുല്‍ said...

“മുഖച്ഛായ കമ്പ്ലീറ്റു മാറ്റിയല്ലോ.. ഇപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ഒരു ഗജവീരന്റെ ലുക്കുണ്ട്.. “

ഇതിനു മുമ്പെന്തു കോലമായിരുന്നൊ ആവൊ. എന്തായാലും സങ്ങതി ജോര്‍.

മുരളി വാളൂര്‍ said...

മേന്‍നേ ഇതു കിലുക്കനാണല്ലോ, എന്നാലും ഇങ്ങനെ നൊസ്റ്റാല്‍ജിയ കൊട്ടക്കണക്കിനു തന്നാ ഞാനിവിടെനിന്നും നിര്‍ത്തിപോകുവേ... തൊട്ടടുത്ത്‌ ഉഗ്രന്‍ ഷാപ്പുണ്ടായിട്ട്‌ ജ്ജെന്തൂട്ട്‌നാ തേനീച്ചേടെ പോറകേ പോയേന്ന്‌ പുടികിട്ട്‌ണില്ല്യാ...

ബിന്ദു said...

മുന്‍പ് കണ്ടിരുന്നില്ല, അതുകൊണ്ട് വ്യത്യാ‍സം മനസ്സിലായില്ല. ഇത് ഉഗ്രന്‍ ആയി.:) ഫോട്ടോ കണ്ടു.

കുറുമാന്‍ said...

മേന്നേ, രണ്ടേക്കര്‍ പറമ്പില്ലെ അവിടെ മൊഞ്ചായ സ്ഥലത്ത്. നാട്ടുകാര്‍ കരിക്കോ, തേങ്ങയോ എന്തു വേണമെങ്കിലും കൊണ്ടു പൊക്കോട്ടേന്ന് വക്ക്. തേങ്ങക്കല്ലെങ്കിലും തേങ്ങ്യാ വില. അപ്പോ പിന്നെ സ്ഥലം അവിടെ കിടക്കട്ടെ. ആളൊഴിഞ്ഞ് കിടക്കുന്നതു കാരണമല്ലെ നാട്ടാര്‍ വിളയാടുന്നത്. പറമ്പ് നോക്കാന്‍ വല്ലോരേം ഏല്‍പ്പിക്ക്യാ...

സെന്റിനെന്താവോ അവിടെയൊക്കെ വില....

ചക്കര said...

:)

കുട്ടന്മേനൊന്‍::KM said...

ഇടിവാള്‍ജി: നെറ്റിപ്പട്ടം കെട്ടിച്ചുതന്നതിന് നന്ദി :)
കുറുജി : ഇല്യ. ആ സ്ഥലം ഇപ്പൊ തല്‍ക്കാലം വില്‍ക്ക്ണില്യ..സ്ഥലത്തിനൊക്കെ ഇപ്പൊ നല്ല വിലയുണ്ട്. കഴിഞ്ഞ ആറുമാസമായി ഗ്രാമങ്ങളിലെ സ്ഥലവില്‍പ്പനയില്‍ വലിയ പുരോഗതിയില്ല.
അഗ്രജന്‍, വല്യമ്മായി,സുല്‍,മുരളി,ബിന്ദു,ചക്കര.. വായിച്ചതിനും കമന്റിയതിനും എല്ലാവര്‍ക്കും നന്ദി

Generic Viagra Blog said...

ഇനീപ്പോ,മേന്‍‌ന്നു സൌകര്യംണ്ടാവില്ല്യ്യാച്ചാ, കറക്റ്റ് ലൊക്കേഷന്‍ തന്നാ മതി. ബാക്കി കാര്യം ഞമ്മളേറ്റൂന്ന്