Friday, August 11, 2006

പണ്ടാറക്കാട് പറമ്പും ചില കോന്നപ്പന്‍ വിശേഷങ്ങളും.

കാലത്തെ മുടക്കമില്ലാത്ത പത്രവായനക്കിടക്കാണ് കുമാ‍രന്‍ നായരുടെ തല ഗേറ്റില്‍ കണ്ടത്.
കുമാരന്‍ നായര്‍, ന്യൂ ഇന്ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഇപ്പൊള്‍ സ്വസ്ഥ്മായി വീട്ടില്‍ ഇരിക്കുന്നു. ഉള്ള കാലതത് പലയിടങ്ങളിലും സ്ഥലങ്ങളും മറ്റും വാങ്ങിക്കുട്ടി അതിന്റെ വരുമാനത്തില്‍ ജീവിക്കുന്നു.പോരാത്തതിന് അറുപിശുക്കനും.
പക്ഷെ എനിക്കല്പസ്വല്പം കടം തരാന്‍ കുമാരന്‍ നായര്‍ക്ക് വലിയ മടിയില്ല. കാ‍രണങ്ങള്‍ പലതാണ്. ഒന്ന് സമയത്ത് തിരിച്ചു കൊടുക്കും. പിന്നെ, പാര്‍ടൈമായി കുമാരന്‍ നായരുടെ ബൈക്കിന്റെ ഡ്രൈവറായി ഞാനിടക്ക് പോകും.കുമാരന്‍ നായര്‍ക്ക് ഈയിടെയായി ചെറിയ കാഴ്ച്ചക്കുറവുണ്ട്.ദേവകിട്ടീച്ചര്‍, കുമാരന്‍ നായരുടെ സഹധര്‍മ്മിണി അതുകൊണ്ടു തന്നെ ബൈക്കെടുക്കാന്‍ സമ്മതിക്കില്ല.
സാധാരണ കുമാരന്‍ നായര് വരുന്നത് എന്തെങ്കിലും കുത്തിത്തിരുപ്പുമായിട്ടായിരിക്കും.
“മേനന്നെന്താ പേപ്പറ്മ്മെക്കായ്ട്ടൊള്ളോ?”
“ങാ.. ബോംബെല് നല്ല മഴ. വെള്ളപ്പൊക്കം..... ഇത്തവണ മഴ കൂടുതലാത്രെ..കുമാരന്‍ നായര്ക്ക് എന്താ ചായയാ കാപ്പിയാ ?” വെറുതെ ചോദിച്ചതാണ്.
“ഏയ്.. ഒന്നും വേണ്ട. ഞാന്‍ ചായകുടിച്ച് എറങ്ങ്യേ ഉള്ളു..”
“എന്താ നേര്‍ത്തെ എറങ്ങ്യാ..”
“ന്തൂട്ട് പറയാനാ എന്റെ മേനനേ.. ആ കോന്നപ്പന്‍ പണ്ടാറക്കാട് പറമ്പില്ക്ക് പോയിട്ട് മാസം ഒന്നായി. ഒരു വിവരോല്യ.സാ‍ധാരണ ഇരുപതു ദിവസം കൊണ്ട് അവ്ടത്തെ കിള കഴിയാറുള്ളതാണ്.ഇപ്രാവശ്യം മുപ്പത് ദിവസായിട്ടും ഒരു വിവരോല്യ. ഒന്ന് അവ്ടം വരെ പോയാലോന്ന് ആലോച്ക്ക്യ..’
അപ്പോള്‍ അതാണ് കാര്യം.
പണ്ടാറക്കാട് കുമാരന്‍ നായര്‍ക്ക് രണ്ടേക്കറ് തെങ്ങും പറമ്പുണ്ട്. പൂര്‍വ്വിക സ്വത്തായി കിട്ടിയ സ്ഥലമാണ്.
പണ്ടാറക്കാട് എന്നത് ഒരു തുരുത്താകുന്നു. ഏകദേശം പത്തേക്കറോളം വരുന്ന തുരുത്ത്. എളവള്ളി പാറയില്‍ നിന്നും കിഴക്കോട്ടിറങ്ങിയാല്‍ കോള്‍പ്പാടം അതും കഴിഞ്ഞ് ഒരു തോട് . അതിനപ്പുറത്താണ് പണ്ടാറക്കാട് തുരുത്ത്. അവിടെ ആള്‍ താമസം കുറവാണ്. മൊത്തം നാലു കുടുംബങ്ങള്‍. ഒന്ന് എളവള്ളി ഷാപ്പിലെ കറിവെപ്പുകാരന്‍ വിശ്വനാഥന്‍, സ്ഥലം എസ്.ഐ യുടെ കണ്ണിലുണ്ണിയാ‍യ മാമ്പ്രത്തെ ഉണ്ണി, താമരപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന കാദറ് മാപ്ല, പിന്നെ പ്രശസ്ത നാടകനടിയായ പണ്ടാറക്കാട് ശാന്തമ്മ(ഏകദേശം നടത്തറ ശാന്തയുടെയും കൊടകര കൊച്ചമ്മിണിയുടെയും കല്ലൂര് നളിനിയുടെയും ഊരകം ത്രേസ്യാമയുടെയുമൊക്കെ അടുത്ത് പ്രശസ്തിയുള്ള)യുമാണു അവിടത്തെ താമസക്കാര്‍.
കുമാരന്‍ നായരുടെ പറനമ്പില്‍ നൂറ്റന്‍പതോളം തെങ്ങുണ്ട്. ഒറ്റമുറിയുള്ള ഓല മേഞ്ഞ ഒരു ചെറ്റക്കുടില്‍ ഫാം ഹൌസ് പോലെ അവിടെയുണ്ട്. കോന്നപ്പനാണ് ഇതെല്ലാം നോക്കി നടത്തുന്നത്. തെങ്ങു കയറ്റുന്നതും തേങ്ങയുടെ കണക്കു കൊടുക്കുന്നതുമെല്ലാം കോന്നപ്പന്റെ ഉത്തരവാദിത്തമാണ്.
കോന്നപ്പന്‍, തലമുറ തലമുറയായി പറമ്പ് പണി കുലത്തൊഴിലാക്കിയിട്ടുള്ള കുടുംബത്തില്‍ നിന്നുമാണ്. അന്‍പതോടടുത്ത് പ്രായം. സഹോദരിമാരെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം കൊണ്ട് ഇന്നും അവിവാ‍ഹിതന്‍. വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പൊള്‍ അലര്‍ജ്ജി. ഒറ്റത്തടി. തൈക്കാട് നാലും കൂടിയ വഴിയിലാണ് കോന്നപ്പന്റെ വീട്. കാലങ്ങളായി കുമാരന്‍ നായരുടെ പറമ്പ് പണിക്കാരനും നോട്ടക്കാരനുമാണ് കോന്നപ്പന്‍.
അങങനെയുള്ള കോന്നപ്പന്റെ കാര്യത്തില്‍ കുമാരന്‍ നായര് ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ ?
അപ്പോള്‍ കുമാരന്‍ നായര് വന്നിട്ടുള്ളത് ഡ്രൈവറെ അന്വേഷിച്ചു തന്നെ.
“അപ്പൊ എപ്പഴാ പോണ്ടെ നായരെ ?”
“മേനന് വേറൊന്നുല്ലെങ്കി ഇപ്പൊത്തെന്നെ എറങ്ങാം. എന്താ..”
കുമാരന്‍ നായര് എന്നെ ഇന്ന് കുറച്ച് നടത്തിക്കും. ഇവിടെ നിന്നും ആറു കിലേമീറ്ററോളമുണ്ട് അവിടേക്ക്.
പിന്നെ കുറച്ച് വഴി ‍പാടത്തു കൂടെ നടക്കണം.
“കോന്നപ്പന്ന് എന്താ പറ്റീത്ന്ന് അറിയില്ല. ഇത്രദിവസം പറമ്പ് കിള ഉണ്ടാവാറില്ല. വല്ല ദീനം പിടിച്ച് കെട്ക്ക് ണ്ട്ന്നാ എന്റെ പേടി.”
ബൈക്കിന് പിന്നിലിരുന്ന് കുമാരന്‍ നായര്‍ക്ക് ആധികയറിത്തുടങ്ങി.
“ഏയ്.. ഒന്നുണ്ടാവില്ല.. മഴയൊക്കെ അല്ലേ. അതാവും.” ഞാന്‍ കുമാരന്‍ നായരെ സമാധാനിപ്പിച്ചു.
“മേനനെ ഒന്നിവ്ടെ സൈഡാക്കാ..”
എളവള്ളി കള്ളു ഷാപ്പിനടുത്തെത്തിയപ്പോള്‍ കുമാരന്‍ നായര് പറഞ്ഞു.
“എയ് നായര് കാലത്ത് ന്നെ സേവിക്ക്വോ..”
“ഇല്യ ഇല്യ.. ആ വിശ്വനാഥനോടൊന്ന് ചോദിക്കാന്ന് വെച്ചിട്ടാ..അവന്റെ അടുത്തെ പറമ്പല്ലേ നമ്മടെ...”
വണ്ടി സൈഡാക്കി നിര്‍ത്തി.
ഇല്ല. വിശ്വനാഥന്‍ വന്നിട്ടില്ല.
“വിശ്വഥന്‍ മീന്‍ പിടിക്കണോട്ത്തെക്ക് പോയിരിക്ക്യാ.” ഷാപ്പ് മാനേജരായ കുട്ടപ്പേട്ടന്‍ പറഞ്ഞു.
പാറ കടന്ന് പാടത്തിന്ടെ അടുത്ത് വണ്ടി ലോക്ക് ചെയ്ത് വരന്‍പിലൂടെ നടന്നു.
ഇത്തവണ വരന്‍പിലേക്കും ചെറുതായി വെള്ളം കയറിയിട്ടുണ്ട്.
തോട്ടിലും വെള്ളം കൂടുതലാണ്.
തോട്ടിലെ തടിപ്പാലത്തിലൂടെ ഞങ്ങള്‍ നടന്നു.
കുമാരന്‍ നായരുടെ പറന്‍പിലെ ചെറ്റക്കുടിലില്‍ ചെറുതായി പുക ഉയരുന്നുണ്ട്.
“ങാ. കോന്നാപ്പന്‍ അവിടന്നെ ണ്ട്..”
കുമാരന്‍ നായര്‍ക്ക് ആശ്വാസമായി.
പറമ്പിനോടുത്തെത്തിയപ്പോള്‍ അപ്പുറത്ത് തന്നെ കോന്നപ്പന്‍ തെങ്ങിനു പൊലി കൂട്ടി കൊണ്ട് നില്‍ക്കുന്നു.
ഞങ്ങളെ കണ്ട് കോന്നപ്പന്‍ അടുത്തേക്ക് ഓടി വന്നു.
“എന്താ കോന്നപ്പാ ദ് . എത്ര ദിവസായീന്നരിയോ.. ഒരു മാസാവാറാ‍യി.ഇതു വരെ പറമ്പ് പകുതി പോലും ആയ്ട്ടില്യ്.”
കുമാരന്‍ നായര് പൊട്ടിത്തെറിച്ചു.
“അല്ല ഏമ്മാന്നെ .. മഴ കാരണം വൈകീതാ..”
കോന്ന്പ്പന്‍ നിന്നു പരുങ്ങി.
“സാരല്യ നായരെ.. ഇത്തവണ നല്ല മഴയല്യായ് രുന്നു ? അതോണ്ടാവും.” ഞാന്‍ സമാധാനിപ്പിച്ചു.
“അല്ല ഏമാന്നെ.. വടക്കെ ഭാഗത്തെ തെങ്ങിനു ഇന്നലെ ഇടിവെട്ട് കൊണ്ടൂന്നാ തോന്നണെ. ഒരു ഭാഗത്തെ ഓല മുഴുവന്‍ കരിഞ്ഞ്ട്ട് ണ്ട്.” കോന്നപ്പന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞു.
“എവ്ടെ..” കുമാരന്‍ നായര് അങ്ങോട്ട് നടന്നു.
എനിക്കൊരു സംശയം . കോന്നപ്പണ്ടെ ചെറ്റക്കുടിലില്‍ ഇപ്പോഴും തീ പുകയുന്നു.
ഞാന്‍ സൂക്ഷിച്ചു നോക്കി. കുടിലിനോടു ചേറ്ന്ന് കിടക്കുന്ന ചായ്പിലാണ് കോന്നപ്പണ്ടെ പാചകപ്പുര.
അവിടെ ഒരു ആളനക്കം പോലെ തോന്നി.
ശരിയാണ് ആരോ അവിടെയിരുന്ന് തീ കൂട്ടുന്നു.
കുമാരന്‍ നായര്‍ മുന്നിലും അതിനു പിന്നില്‍ കോന്നപ്പനും അതിനും പിറകിലായി ഞാനും ഇടച്ചാലിണ്ടെ വരമ്പിലൂടെ വടക്കോട്ട് നടക്കുകയാണ്. കോന്നപ്പന്‍ ഇടക്കിടെ കുടിലിലേക്ക് നോക്കുന്നുണ്. കോന്നപ്പണ്ടെ മുഖം വിളറിയിട്ടുമുണ്ട്.
ഞാന്‍ വീണ്ടും കുടിലിലേക്ക് സൂക്ഷിച്ചു നോക്കി. തീ കൂട്ടിയിരുന്ന ആള്‍ എഴുന്നേറ്റ് നിന്നു.
ചിരട്ടക്കയീലും(ചിരട്ടയുടെ സ്പൂണ്‍) കയ്യില്‍ പിടിച്ചു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മ.

14 comments:

കുട്ടന്മേനൊന്‍::KM said...

ഇതൊരു റീപോസ്റ്റാണ്. ആദ്യ പോസ്റ്റിങ്ങില്‍ ചില പ്രശ്നങ്ങളുണ്ടായതുകൊണ്ടാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.

വക്കാരിമഷ്‌ടാ said...

മിക്കവാറും പറമ്പ് കോന്നപ്പന്‍ കുടികിടപ്പവകാശം ആക്കുമെന്ന് തോന്നുന്നല്ലോ.

കൊള്ളാം (കോന്നപ്പനല്ല, കഥ)

Adithyan said...

കഥ കൊള്ളാം...
അവസാനത്തെ വാചകം പെരുത്ത് ഇഷ്‌ടായി ;)

ആനക്കൂടന്‍ said...

നന്നായിട്ടുണ്ട്...

രാജാവു് said...

കേമമായിരിക്കുന്നു മേനോനേ .
രാജാവു്

ശിശു said...

പരിണാമഗുസ്തി (ഗുപ്തി) കലക്കി!!!!

വിശാല മനസ്കന്‍ said...

ഗംഭീരമായിട്ടുണ്ട്/കിണുക്കനായിട്ടുണ്ട്.

കൈത്തിരി said...

ന്റെ, നായരേ, മെനനേ, ഒരു മാസല്ലേ ആയുള്ളൂ... ഇത്തിരി കഴിഞ്ഞൊട്ടെ ഇഷ്ട, പറമ്പു കോന്നപ്പനും മക്കളും ഒരുമിചു റെഡിയാക്കി തരും കെട്ടാ!

ദില്‍ബാസുരന്‍ said...

ഗുപ്തന്‍ നായര്‍ സാര്‍ കല കലക്കി!

കുട്ടന്മേനൊന്‍::KM said...

ദില്ബൂ , ഏത് ഗുപ്തന്‍ നായരുടെ കാര്യാമാണ് ? മനസാസ്മരാമിയാണൊ ?

Raghavan P K said...

Good narration!I liked it.

:: niKk | നിക്ക് :: said...

ഞാനാദ്യമായി മുണ്ടും കുപ്പായവുമുടുത്തു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മയെ കണ്ടു.

ഹഹഹ അതില്‍ ഒരു കുഴപ്പമുണ്ടല്ലോ! ;)

കുട്ടന്മേനൊന്‍::KM said...

നിക്കെ.. എങ്ങനെയെങ്കിലും അവര് ജീവിച്ചു പൊയ്ക്കോട്ടെ . ഇന്നും അവിവാഹിതരായി വിലസുന്ന കോന്നപ്പനും ശാന്തമ്മയൊടും ക്ഷമചോദിക്കട്ടെ..

Cialis Online said...

ന്യൂ ഇന്ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഇപ്പൊള്‍ സ്വസ്ഥ്മായി വീട്ടില്‍ ഇരിക്കുന്നു.