Thursday, August 24, 2006

ഇടിവാളും എറപ്പായി ചേട്ടന്റെ അനുഗ്രഹവും

ഇടിവാള്‍, എലൈറ്റ്, മിന്നല്‍, ജനറല്‍ എന്നിവ ത്രിശിവപേരൂരിലെ പ്രസിദ്ധമായ ചില സായാഹ്നപ്പത്രങ്ങളാകുന്നു. ഇന്ന് ഇതില്‍ പലതും ഉണ്ടോയെന്ന സംശയമുണ്ട്. ഇടിവാള്‍ അതിലെ ഒരു മെംബര്‍ മാത്രം.എലൈറ്റ് ചാത്തുണ്ണിയുടെ അവിടെ നിന്നും ചാടിപ്പൊയ എറപ്പായി ചേട്ടനാണ് ഇടിവാളിന്റെ മുഖ്യ ശില്പി.

ആ ശില്പിയുടെ കീഴില്‍ പാര്‍ടൈം പത്രപ്രവര്‍ത്തകരായിരുന്നു ഞാനും ജോര്‍ജ്ജും. ജോര്‍ജ്ജിന്റെ വകയില് ഒരു ഇളയപ്പനായി വരും എറപ്പായേട്ടന്‍. ഒറ്റ പ്രശ്നം. ശംബളം കാശായിട്ട് ഇല്ല. അന്ന് ടൌണിലെ തീയറ്ററുകള്‍ ഫ്രീയായി പത്രങ്ങള്‍ക്ക് നല്‍കുന്ന സിനിമാ ടിക്കറ്റുകളായിരുന്നു ശംബളം. കാലത്ത പതിനൊന്നു മണിക്ക് രാഗത്തില്‍ വരുന്ന ഇംഗ്ലീഷ് ക്ലാസിക് പടങ്ങള്‍ കാണുകയെന്നത് അന്നത്തെ ഒരു ബലഹീനതയായിരുന്നു(ഗിരിജയിലെ ടി.ജി.രവിയുടെ വീരസാഹസിക സിനിമകളും). ഒന്നരക്ക് ക്ലാസ് വിട്ടാല്‍ സൈക്കിളില്‍ ടൌ‍ണില്‍ ഒരു കറക്കം. മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ ഓഫീസ് , പിന്നെ എക്സ്പ്രസ്സ് പത്രത്തില്‍ ജോലിചെയ്തിരുന്ന ബാലക്രഷ്ണെട്ടനായി അരമണിക്കുര്‍ ചായ കുടി. ഇത്രയുമായാല്‍ ഒരു നാല് തലക്കെട്ടിനുള്ള വകുപ്പായി.പിന്നെ അതുമായി എറപ്പായേട്ടന്ടെ അടുത്തേക്ക് ഒരു പാച്ചിലാണ്. എറപ്പായേട്ടന്ടെ അറിവിലില്ലാത്തതായിരിക്കും ഞങ്ങളുടെ മിക്ക വാര്‍ത്തകള്‍. ഞങ്ങളുടെ വാര്‍ത്തകള്‍ അവസാന എഡിഷനിലാണ് സാധാരണ വരുന്നത്.

അന്ന് സി.പി.ഐ യുടെ കുട്ടിപ്പാര്‍ട്ടിയായ എ.ഐ.എസ്.എഫിന് വേരുകള്‍ മുളച്ചുകൊണ്ടിരിക്കുന്ന കാലം. സ്വന്തമായി ഒരു സമരം നടത്താന്‍ ആളെക്കുട്ടേണ്ട അവസ്ഥ. ടൌണില്‍ ഒരു ജാഥ നയിക്കാന്‍ മിനിമം പത്താളെങ്കിലും തുനിഞ്ഞിറങ്ങേണ്ടേ. അതിന് ആളെത്തപ്പി കിട്ടാതെ സജീവന്‍(ജില്ലാ സെക്രട്ടറി) വിഷമിച്ചിരിക്കേണ്ട അവസ്ഥ. അങ്ങനെയാണ് ഞാനും ജോര്‍ജ്ജും പാര്‍ട്ടിയില്‍ ചേരുന്നത്. ഒരേ ഒരു കണ്‍ടീഷന്‍ ജാഥ കഴിഞ്ഞാല്‍ അന്നപൂര്‍ണ്ണയില്‍ നിന്നും ഒരു മസാല ദോശ.

അങ്ങനെയിരിക്കുമ്പോഴാണ് സജീവന് ഒരു ബുദ്ധിയുദിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. ഒരു വഴിതടയല്‍ സമരമൊ മറ്റോ നടത്തനമെങ്കില്‍ മിനിമം പത്തുമുപ്പത് പേരെന്കിലും വേണം. അങ്ങനെയാണ് താരതമേന്യ ശക്തികുടിയ എസ്.എഫ്.ഐ. വഴിതടയല്‍ സമരം നടത്തുന്നത്. സജീവന്‍ എസ്.എഫ്.ഐ നേതാക്കളുമായി ഒരു യൊജിച്ച സമരത്തിനുള്ള അവസരം അന്വേഷിച്ചു. എസ്.എഫ്.ഐക്കാര്‍ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു.
വഴി തടയല്‍ സമരം പോലീസ് അടിച്ചമര്‍ത്തി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിക്കും ജോയിന് സെക്രട്ടറിക്കും പരിക്കേറ്റു ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐയുടെ ജില്ലാസെക്രട്ടറി അനില്‍ കുമാറിന്റെ കൈയ്യൊടിഞ്ഞു.ജോസഫിന്റെ തലക്ക് സ്റ്റിച്ചിട്ടു.

അന്നത്തെ ഇടിവാളില്‍ ഞങ്ങളുടെ കിടിലന്‍ സ്കൂപ്പ് വാര്‍ത്ത

‘ഇടതു വിദ്യാര്‍ഥിസംഘടനകളുടെ വഴിതടയല്‍ സമരത്തില്‍ പോലീസ് അക്രമം. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി സജീവന്‍,ജോയിന്‍ സെക്രട്ടറി നവീന്‍ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍’

ആറുമണിയുടെ വടക്കാഞ്ചേരിയിലെക്കുള്ള എം.ബി.എസ് ബസിലിരുന്ന് സജീവനും കുന്ദംകുളത്തേക്കുള്ള ആര്‍.എം.എസ് ബസിലിരുന്ന് നവീനും ഇടിവാള്‍ വായിച്ചു സായൂജ്യമടയുന്നു.

പിറ്റേന്ന് പുതിയ സ്കൂപ്പുമായി എറപ്പയിചേട്ടന്ടെ അടുത്ത് ചെന്നപ്പൊളായിരുന്നു ഞങ്ങള്‍ക്ക് എസ്.എഫ്.ഐക്കാരുടെ കൈക്കരുത്തും മെയ്ക്കരുത്തും എറപ്പായിചേട്ടന്റെ ദേഹത്തും ഇടിവാളിനും കാര്യമായി ഉള്‍ക്കൊള്ളാനായിട്ടുണ്ടെന്നത് മനസ്സിലായത്.

അവിടെ ഞങ്ങളുടെ പത്രധര്‍മ്മത്തിനു തിരശീല വീഴുന്നു .എറപ്പായി ചേട്ടന്ടെ അനുഗ്രഹ വര്‍ഷങ്ങളോടെ..
‘കുരുത്തം കെട്ട പിള്ളേരെ നിങ്ങള് ഒരു കാലത്തും ഗുണം പിടിക്കില്ല.’

11 comments:

K.V Manikantan said...

മേനോന്‍ ജ്വേഷ്ടാ
കലക്കീട്ട്ണ്ട്ടാ....
ഓറ്മ്മകളേ കൈവള്‍ ചാറ്ത്തി...
വര്‍ഷം ഏതാണെന്നുകൂടി പറയാമോ?

ദിവാസ്വപ്നം said...

അത് നന്നായി...

ഇഷ്ടപ്പെട്ടു...

asdfasdf asfdasdf said...

സങ്കു : ഇത് 86-88 കാലയളവിലെയാണ്. ഇന്ന് എറപ്പായിചേട്ടന്റെ കയ്യിലല്ല ഇടിവാള്‍. പടിഞ്ഞാറെ കോട്ടയില്‍ ഇപ്പൊഴും ആ ബോര്‍ഡ് , കഴിഞ്ഞ ഏപ്രില്‍ വരെ ഉണ്ടായിരുന്നു.

ഇടിവാള്‍ said...

കുട്ടമേന്‍‌ന്നേ..
91-92-93 കാലഘട്ടത്തില്‍, ഞാനും ഇറക്കിയിരുന്നു ഒരു പത്രം ‘ഇടിവാള്‍” എന്ന പേരില്‍ ! ( കയ്യെഴുത്തു പ്രതി)

ചെമ്പുക്കാവു ഏരിയാവിലൊക്കെ ഭയങ്കര ഫേമസായിരുന്നു അത് ! വേണേല്‍ ശങ്കൂനോടു ചോദിച്ചോ !

Rasheed Chalil said...

ഇത് കൊള്ളാമല്ലേ..

asdfasdf asfdasdf said...

ഇടിവാള്‍ : പത്രത്തിന് ചെമ്പൂക്കാവ് പരിസരത്തു മാത്രമെ പ്രസിദ്ധിയുണ്ടായിട്ടുള്ളു ?

asdfasdf asfdasdf said...

കമന്റിയ എല്ലാ പുലികള്‍ക്കും നന്ദ്രി..

രാജ് said...

തൃശൂരിന്റെ സമ്പൂര്‍ണ്ണ നിഘണ്ടു ആണല്ലോ കുട്ടന്‍‌മേനോന്‍. സംഭവം കലക്കനായിട്ടുണ്ടു്, ഇതിനു ശേഷമുള്ള പോസ്റ്റുകളും വായിച്ചു, നന്നായിട്ടുണ്ടു്.

Mubarak Merchant said...

അങ്ങനെ എറപ്പായി ചേട്ടനെ ഒരുവഴിക്കാക്കീ..
എന്റെ മേന്നേ..
കുവൈറ്റ് യുദ്ധകാലത്ത് യെവടെയായിരുന്നു?

കുറുമാന്‍ said...

അന്ന് എറപ്പായി ചേട്ടന്‍ നിങ്ങളൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല കുരുത്തം കെട്ട പിള്ളാരെ എന്ന് പറഞ്ഞപ്പോഴൂം,ആളതു മനസ്സില്‍ തട്ടി പറഞ്ഞതല്ലാട്ടോ മേന്നെ, നിങ്ങള്‍ ഒരു വഴിക്കായി കാണാനുള്ള ആശകൊണ്ട് പറഞ്ഞതാവാനേ വഴിയുള്ളൂ. അതുകാരണം ഇന്നിപ്പോ ഒരു വഴിക്കായി അല്ലേല്‍, ഇന്നും ഇടിവാളിന്നു വേണ്ടി അലയേണ്ടി വരുമായിരുന്നില്ല എന്നാര്‍ക്കറിയാം?

Generic Viagra said...

വായിച്ചു സായൂജ്യമടയുന്നു.

പിറ്റേന്ന് പുതിയ സ്കൂപ്പുമായി എറപ്പയിചേട്ടന്ടെ അടുത്ത് ചെന്നപ്പൊളായിരുന്നു ഞങ്ങള്‍ക്ക് എസ്.എഫ്.ഐക്കാരുടെ കൈക്കരുത്തും മെയ്ക്കരുത്തും എറപ്പായിചേട്ടന്റെ ദേഹത്തും ഇടിവാളിനും കാര്യമായി ഉള്‍ക്കൊള്ളാനായിട്ടുണ്ടെന്നത് മനസ്സിലായത്.

അവിടെ ഞങ്ങളുടെ പത്രധര്‍മ്മത്തിനു തിരശീല വീഴുന്നു .എറപ്പായി