പേരകം പള്ളിയിലെ അമ്മമാരുടെ (അറുപതും എഴുപതും കഴിഞ്ഞ ലലനാമണികള്‍) കൂട്ടായ പരിശ്രമമാണ് അമ്മ സംഘം. ഞായറാഴ്ചയില്‍ ഇറച്ചിക്കൂട്ടാന്‍ കടുകുവറുത്ത് വീട്ടിലെ ചെറുതും വലുതുമായ കുട്ടൂസന്മാര്‍ ഒരു സ്മാളടിച്ച് കിടന്നുറങ്ങുന്ന സമയത്ത് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അമ്മമാര്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയുടെ മണ്ഢപത്തില്‍ ഒരുമിച്ചുകൂടുന്ന ഒരു കൂട്ടായ്മയാണിത്. ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവ് , ഒരു നന്മനിറഞ്ഞ മറിയം, ഒരു ലുത്തനിയ, പിന്നെ മാസവരിസംഖ്യ., പിന്നെ കുറെ കുരുട്ടും കുന്നായ്മയും . ഇതാണ് മുഖ്യ അജണ്ട. ഇതു നയിക്കുന്നത് പള്ളിസ്കൂളിലെ ഏറ്റവും ജൂനിയറായ വര്‍ഗ്ഗീസ് മാഷും. വര്‍ഗ്ഗീസ് മാഷ്ക്ക് ഇതില്‍ നിന്നും കിട്ടുന്ന ലാഭമെന്തെന്നാല്‍ വര്‍ഷത്തിലൊരിക്കലുള്ള വിനോദം + തീര്‍ത്ഥയാത്ര തന്നെ.
ഇത്തവണത്തെ തീര്‍ത്ഥയാത്ര കുറെ പള്ളികളിലേക്കാണ്. പാലയൂര്‍ , പാവറട്ടി, ചെട്ടിക്കാട് , വല്ലാര്‍പ്പാടം , അര്‍ത്തുങ്കല്‍ , കാഞ്ഞൂര്‍ പള്ളികളും ഇതിനിടയില്‍ ചില വിനോദകേന്ദ്ര സന്ദര്‍ശനങ്ങളും. സൈഡില്‍ ഗ്ലാസ്സിട്ട മൂത്രപ്പുരയൊക്കെയുള്ള ഒരു കിടിലന്‍ ബസ്സിലാണ് യാത്ര.
തീര്‍ത്ഥയാത്ര നയിക്കുന്നത് വര്‍ഗീസ് മാഷും കൂടെ ചെറുപ്പക്കാരായ നാലു മാഷുമാരും പിന്നെ 40 അമ്മമാരും (അമ്മാമമാര്‍ തന്നെ)
മാഷുമാരുടെ സംഘത്തിന്റെ യാത്രോദ്യേശ്യം പള്ളിസന്ദര്‍ശനമാണെന്ന് പൂര്‍ണ്ണമായും പറയാനാവില്ല. എറണാംകുളത്ത് കലാനിലയത്തിന്റെ ‘രക്ത രക്ഷസ്’ നാടകം കളിക്കുന്നുണ്ട്. ഏതുവിധേനെയും രാത്രി ഏഴുമണിക്ക് മുന്‍പ് എല്ലാ കറക്കവും കഴിച്ച് എടപ്പിള്ളി പള്ളിയില്‍ ഈ പടയെ ഇറക്കി നാടകത്തിന് കയറണമെന്നു മാത്രം മനസ്സില്‍ വിചാരിച്ച് വന്നിട്ടുള്ളതാണ്.
സമയം ഉച്ചതിരിഞ്ഞു ആറരമണിയായി. അര്‍ത്തുങ്കല്‍ പള്ളിയിലെ സന്ദര്‍ശനത്തിനു ശേഷം എത്രയും പെട്ടന്ന് ഇടപ്പള്ളി പള്ളിയില്‍ എത്തിക്കാനായി ഡ്രൈവര്‍ തന്റെ മാക്സിമം സ്പീഡിലാണ് ഓടിക്കുന്നത്.
യുവസംഘത്തിന്റെ മനസ്സില്‍ രക്തരക്ഷസ് നാടകത്തെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.
അമ്മ സംഘം ‘നല്ല മാതാവെ മരിയെ ..‘ പാടി രസിക്കുന്നു. അതിനിടയിലാണ് എം.ജി. റോഡില്‍ വെച്ച് ഡ്രൈവര്‍ സഡന്‍ ബ്രേക്കിടുന്നു. പിന്നെ, ഡ്രൈവര്‍ ആരൊടൊക്കെയൊ സംസാരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ഒരാള്‍ തലയില്‍ നിന്നെല്ലാം രക്തമൊലിപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഡോറിലൂടെ കടന്നു വരുന്നു.
അമ്മ സംഘം പാട്ടു നിര്‍ത്തി.
ആഗതന്റെ വെള്ള ഷര്‍ട്ട് മുഴുവന്‍ രക്തക്കറയാണ്.
‘എന്റെ കര്‍ത്താവേ..പുതിയ ഡ്രൈവറാണ് .. മനുഷ്യന് പണിയാക്കിയെന്നാണ് തോന്നണെ..’ വര്‍ഗ്ഗീസ് മാഷുടെ ആത്മഗതം.
‘എന്റെ അമ്മോ.. രക്തരക്ഷസ് ഇത്രവേഗം തുടങ്ങ്യൊ ?’ സ്വതേ തമാശക്കരനായ ജോസ്മാഷുടെ കമന്റ്.
ആഗതന്‍ എല്ലാവര്‍ക്കും അഭിമുഖമായി നിന്ന് കൊണ്ട് വിറക്കുകയാണ്.
‘ഒരാളെയും ഞാന്‍ വെറുതെ വിടില്ല.. ഇതിന് സമാധാനം പറഞ്ഞിട്ട് ഇനി വണ്ടി എടുത്താല്‍ മതി. .. അല്ലെങ്കി...പോലീസ് സ്റ്റേഷനിലേക്ക് വിടടാ വണ്ടി..’
'നിങ്ങ വണ്ടിക്കാരനോട് ചോദിക്ക്. നമ്മ മെക്കിട്ട് കയറണതെന്തിനാ.. ‘ റോസച്ചേടത്ത്യാര്‍ തിരിച്ചടിച്ചു.
‘ദേ തള്ളേ.. ഡ്രൈവറ് മുറുക്കില്ല. നിങ്ങളാരെങ്കിലുമാണീ കടുംകൈ ചെയ്തത്.. ആരായാലും ഇപ്പൊ എനിക്കറിയണം..’
‘ങ്ഹ. . അപ്പൊ പൊട്ടി ചോരവന്നതല്ല അല്ലേ......മുറുക്കിത്തുപ്പിയാതാണല്ലെ..’
‘ദേ ഇതിന് സമാധാനം പറയ്..ആരാ ഇത് ചെയ്തത് .. ’ ആഗതന്റെ കണ്ട്രോള് പോയിക്കൊണ്ടിരിക്കുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
അപ്പോഴും താഴെ പോയ കൊന്ത തപ്പുന്ന ഭാവത്തില്‍ മറിയക്കുട്ടി ചേടത്തിയാര്‍ തന്റെ മുറുക്കാന്‍ കോളാമ്പി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Wednesday, August 16, 2006
Subscribe to:
Post Comments (Atom)
11 comments:
അമ്മ സംഘത്തിലെ അംഗങ്ങളോട് ജാമ്യാപേക്ഷ..
അപ്പൊ മറിയക്കുട്ടി ചേട്ടത്ത്യാരാണ് ഈ കഥയിലെ രക്ത രക്ഷസ്സ് അല്ലേ?
:-) നന്നായിരിക്കുന്നു.
നന്നായി.
എന്നിട്ടവര്‍ നാടകം കണ്ടോ
രസിച്ചു.
സസ്‌പെന്‍സായിപ്പോയല്ലോ. കൊള്ളാം.
ഹ ഹ ഹ
അത് വിചാരിക്കാത്ത ട്വിസ്റ്റാണല്ലോ...
ന്നിട്ട് ചേടത്ത്യാരെ പിടിച്ചോ
വല്യമ്മായി. :ശരിക്കുള്ള നാടകത്തിന് മുന്‍പ് ഇങ്ങനെ ഒരു നാടകം കാണേണ്ടിവന്നെന്നു മാത്രം
വക്കാരി : ചെറിയൊരു സസ്പെന്‍സ് ഇല്ലെങ്കില്‍ എന്തു ജീവിതം.
അനുചേച്ചി : നാടകം കാണുകയെന്നത് ചെറുപ്പക്കാരുടെ ആവശ്യമല്ലേ..അവരത് എങ്ങനെയെങ്കിലും നടത്തും
ദിവാ : കൊന്തകിട്ടാതെ ചേട്ടത്തിയാരെങ്ങനെ സത്യം പറയും ?
അഭിപ്രായങ്ങള്‍ക്ക് നന്ദി..
ചാത്തനേറ്: അമ്മാമയ്ക്ക് ടൈറ്റാനിക്കില്‍ ഒരു റോള്‍ കിട്ടിയേനെ.
കൊടകരയില്‍ പണ്ട് കമ്യൂനിറ്റീഹാളിന്റെ ഗ്രൌണ്ടില്‍ കലാനിലയം തമ്പടിച്ചിരുന്ന ആ 2-3 മാസങ്ങളിലേയ്ക്ക് മനസ്സിനെ തിരിച്ചുവിളിയ്ക്കാന്‍ ‘രക്തരക്ഷസ്സ്’ എന്ന ഒറ്റ വാക്ക് മതി. ആദ്യമായും അവസാനമായും ഞാന്‍ സിഗരറ്റ് വലിച്ച ഒരോര്‍മ്മ കൂടിയുണ്ട് അതിന്, പശ്ചാത്തല സംഗീതമായി രക്ഷസ്സിന്റെ അലറലുകളും.
മേന്‍നേ, തീര്‍ത്ഥാടനവിവരണം നന്നായി ട്ടോ.
:)
രക്തരക്ഷസ് മേക്കര്‍ മറിയക്കുട്ടി :)
-സുല്‍
Post a Comment