Wednesday, July 26, 2006

ആളൂര്‍ ഷാപ്പൂം ചില ‘മുക്കാല’ വിശേഷങ്ങളും

“ഗോമതീ.. ഞാനൊന്നു കുന്ദംകുളത്ത് പോയിട്ട് വരാംട്ടാ..”
വെറുതെ ഒരു കള്ളം.
“ആരാ കൂടെ ?”
“ഇല്യ.. ആരും ഇല്യാ..”
വീണ്ടും കള്ളം. ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ ഗോമതിക്ക് പിന്നെ സംശയത്തോട് സംശയം. പിന്നെ ഷുഗറിന്റെയും കൊളസ്റ്റട്രോളിന്റെയും കണക്കു മാത്രമായിരിക്കും.

ഈ ഉച്ചതിരിഞ്ഞ് നാലുമണി നേരത്ത് ഹീറോ ഹോണ്ടയും കൂടെ രാമന്നായരും ഉണ്ടെങ്കില്‍ ഏഴുമണിക്ക് കുളിച്ച് ഈറനുടുത്തു വരുന്ന ഗോമതിക്കുമുന്നില്‍ ശതാവരിക്കിഴങ്ങും കടിച്ച് പറിച്ച് ഈ ഞാന്‍ ഹാജര്‍.(ടിപ്സ് : ശതാവരിക്കിഴങ്ങ് കഴിച്ചാല്‍ കള്ളിന്ടെ മണം പമ്പ കടക്കും). എന്തൂട്ട് തേങ്ങ്യായാലും ഗോമതി എങ്ങനെയെങ്കിലും കള്ളു കുടിച്ച കാര്യം കണ്ടുപിടിക്കും.

രാമന്‍ നായരെ ചായക്കടയുടെ അടുത്തെ സ്റ്റോപ്പില്‍ നിന്നു പിന്നില്‍ കയറ്റി കേച്ചെരി വരെ 60 -70 സ്പീഡില്‍ ഹീറൊ ഹോണ്ട പാഞ്ഞു. രാ‍മന്‍ നായര്‍ ,എന്ടെ സഹപാഠിയാണ്. നാട്ടില്‍ അല്ലറ ചില്ലറ കണ്‍സ്ട്രക്ഷന്‍ വര്‍ക്കും നഗരസഭയുടെ ഒരിക്കലും അവസാ‍നിക്കാത്ത ടെണ്ടറുകള്‍ ഏതു വിധേനെയും കയ്ക്കലാക്കാനുള്ള മിടുക്കുമുള്ള ഒരു സാധാ മനുഷ്യന്‍. രാമന്‍ നായര് കള്ളു മാത്രമേ കുടിക്കു. വിദേശിക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നു. കുടിച്ചാല്‍ നാലു തെറിപറയുമെന്ന ഒരു കുറ്റം മാത്രമേ ആള്‍ക്ക് ഉള്ളു. സമാജത്തിന്ടെ ആള്‍ക്കാര്‍ രാമന്‍ നായരെ മുഴുക്കുടിയനാക്കി. കഴിഞ്ഞ ദിവസം ചായക്കടയില്‍ വെച്ച് നമ്പീശന്‍ രാമന്‍ നായരെ ഉപദേശിക്കുന്നത് കേട്ടു.
“എന്തിനാ രാമന്‍ നായരേ ഇങനെ കുടിച്ച് കൂമ്പു വാട്ടണത് ?”
“ഞാന്‍ കുടിക്ക്യെ കുടിക്കാതിരിക്ക്യെ ചെയ്യും..നമ്പീശന്‍ നമ്പീശന്റെ കാര്യം നോക്ക്..”
“പോത്തിന്റെ ചെവീല് വേദമൊതീട്ട് ഒരു കാര്യും ഇല്യ..”
നമ്പീശന്‍ സുല്ലു പറഞ്ഞു.
ആ രാമന്‍ നായരാണ് ഇന്ന് എന്റെ കൂട്ട്.
കേച്ചേരി നാലും കൂടിയ വഴിയില്‍ നിന്നും പടിഞ്ഞാറ് മാറിയാണ് പ്രസിദ്ധമായ ആളൂര്‍ ഷാപ്പ്. ആളൂര് പാലത്തിനോടും കേച്ചേരിപ്പുഴയോടും ചേറ്ന്ന് കിടക്കുന്ന വരമ്പിലാണ് പ്രേമേട്ടന്റെ ഷാപ്പ്. ഷാപ്പില്‍ രണ്ടു മുറികളാണ് ഉള്ളത്. ഒന്ന് വലിയ മുറി. പിന്നെ ചായ്പ് ചെരിച്ചെടുത്ത മറ്റൊരു മുറി. ഇവിടത്തെ കള്ളും കറികളുമാണ് പ്രസിദ്ധി. കാലത്ത് പത്ത് മണിക്ക് പ്രേമേട്ടന്റെ സന്തത സഹചാരിയായ അശോകന്‍ ഷാപ്പു തുറന്നാ‍ല്‍ പിന്നെ തിരക്കൊഴിഞ്ഞ നേരം വളരെ കുറവാണ്. കാലത്ത് ചെത്തുന്ന കള്ള് ആദ്യം കുറച്ച് സ്ഥിരം കുറ്റികള്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ ബാക്കി എടുത്തു വെക്കും. പിന്നെ കൊടക്കുന്നതെല്ലാം വരവ് കള്ളാണ്. അന്തികാട് റേഞ്ചിലെ ജീപ്പ് പതിനൊന്നുമണിക്ക് തന്നെ എത്തും. കാലത്ത് എടുത്ത് വെക്കുന്ന കള്ള് ഉച്ചതിരിഞ്ഞാണ് ഉപയോഗിക്കുക. അതുകൊണ്ടു തന്നെ അല്പം വീര്യം കൂടും. അന്തിക്കള്ള് വരുന്നത് വരെ ഈ കള്ള് കിട്ടും. അതുകൊണ്ടുതന്നെയാണ് ഉച്ചകഴിഞ്ഞ് നാലു മുതല്‍ ആറുവരെയുള്ള സമയം ഞങ്ങള്‍ തെരെഞ്ഞെടുത്തതും. പിന്നെ തിരക്കും കുറവായിരിക്കും.
ഇന്ന് തിരക്ക് വളരെ കുറവാണ്. നാ‍ട്ടുകാരാരെന്കിലും ഉണ്ടാകുമെന്ന് പേടിച്ച് സാധാരണ ഞാന്‍ പിന് വശത്തുകൂടെയാണ് ഷാപ്പില്‍ കയറുന്നത്.രാമന്‍ നായര്‍ക്കത് ഇഷ്ടമില്ലാത്തകാര്യമാണ്. വശത്തെ ചായ്പ് മുറിയിലെ ബഞ്ചിലിരിക്കുന്‍പൊഴേക്കും അശോകന്‍ ഓടിയെത്തി.
“രാമേട്ടാ രണ്ട് കുട്ക്ക എട്ക്ക്വല്ലെ..”
‘ആയ്ക്കോട്ടെ.. “
“ആദ്യം മുതിര ഉപ്പേരി എട്ക്കാം ല്ലേ..”
ഇവിടത്തെ മുതിര ഉപ്പേരി കള്ളിന്ടെ കൂടെ നല്ല കൂട്ടാണ്. പിന്നെ പല തരം കറികളും. നല്ല എരുവുള്ള താറാവുറോസ്റ്റും തവളക്കാല്‍ പൊരിച്ചതും ഇവിടത്തെ പ്രത്യേകതയാണ്.
രണ്ടാമത്തെ ഗ്ലാസ് ഒഴിക്കുമ്പോഴായിരുന്നു പ്രധാന മുറിയില്‍ നിന്നും ഒരു അശരീരി.
“മുകാലാ.. മുക്കാബുലാ..ലൈല..ഓ..”
ഏതൊ ഒരുത്തന് പിടിച്ചു കൊണ്ടിരിക്കുന്നു.
“ഇതേതാ അശോകാ..”
“ഇതൊരു പുതിയ ഗഡിയാ സാറെ.. മൂന്നു ഗ്ലാസ് കഴിഞ്ഞാല്‍ പിന്നെ ഗെഡി പാട്ടു തുടങ്ങും. പിന്നെ ഒരു ഗുണമുള്ളത് തിരക്കില്ലാത്ത സമയത്താണ് പുള്ളിരെ വരവും ഗാനമേളയും”
രണ്ടുമിനിട്ട് കഴിഞ്ഞു . വീണ്ടും അശരീരി.
“മുക്കാലാ.. മുക്കാബുലാ. ലൈല..ഓ..”. അടുത്ത മുറിയിലായതുകൊണ്ട് ആളെ കാണാന്‍ പറ്റില്ല.
“മുഴുവന്‍ പാടടാ. പെ.. മോനെ..”
രാമന്‍ നായറ്ക്ക് കലി കയറിത്തുടങ്ങിയിരിക്കുന്നു.
“രാമന്‍ നായര് ക്ഷമിക്ക്. അയാള് പാടിപ്പഠിക്കണ് ല്ലേ ഉള്ളു..” ഞാന്‍ രാമന്‍ നായരെ അനുനയിപ്പിച്ചു.
അശോകന്‍ രണ്ടാമത്തെ കുടുക്ക നിറച്ചു.
വീണ്ടും അശരീരി.
ഇത്തവണ രാമന്‍ നായര്‍ക്ക് സഹികെട്ടു.
“ ആ പെ.. മോന് മുഴുവന്‍ പാടാന്‍ പറ്റില്ലെ. ഞാന്‍ പഠിപ്പിച്ചു തരാടാ.. @#$3@#!$”
രാമന്‍ നായര് മുണ്ടുമടക്കിക്കുത്തി ബഞ്ചില്‍ നിന്നും എഴുന്നേറ്റു. തലയൊന്നു വെട്ടിച്ച് നേരെ അടുത്ത മുറിയിലേക്ക് ഒരു പാച്ചിലാണ്.
ഞാന്‍ പിന്നാ‍ലെ പിടിച്ചു.വല്ല അതിക്രമം കാണിച്ചാലോ..
പെട്ടന്ന് സഡന്‍ ബ്രേക്കിട്ടപോലെ രാമന്‍ നായര് മുറിയുടെ മുന്നില്‍ നിന്നു.
മുന്നില്‍ ഒരു വളിച്ച ചിരിയുമായി നമ്പീശന്‍ !!!

14 comments:

രാജ് said...

കുന്ദംകുളം റ്റച്ചീയാതെ കേച്ചേരി വഴി തൃശൂര്‍ക്കെത്ര ബൈക്കോടിച്ചതാ! ന്ന്‌ട്ടും ആളൂര് ഷാപ്പ് കണ്ടില്ലല്ലോ! വേറൊന്നിനും ഗുരുവേണ്ടാ, കള്ളുകുടിക്കാനൊഴിച്ചു്! ന്നു് പറഞ്ഞ മഹാനാരാ മേന്‍‌നെ?

asdfasdf asfdasdf said...

കേച്ചേരി നാലും കൂടിയ കവല(center)യില്‍ നിന്നും പടിഞ്ഞാട്ടുള്ള വഴിയില്‍ ഒരു കി.മീ. ആളൂര് പാലം. പാലത്തിന്റെ വലതുവശത്ത് പഴയപാലം. അതിന്ടെ വശത്താണു പ്രസിദ്ധമായ ആളൂര് ഷാപ്പ്.

Adithyan said...

കള്ളു ഷാപ്പ് വിശേഷം കലക്കി!

മുക്കാല മുക്കാക്കിലോ അയല..

മര്‍ത്ത്യന്‍ said...

അപ്പോള്‍ നമ്പീശനും കുടിച്ച്‌ പാമ്പാകും. നായരും നമ്പീശനും കൂടി ഒരു മുക്കാബില വേണ്ടിയിരുന്നു... നന്നായിട്ടുണ്ട്‌ മേനനെ

Visala Manaskan said...

രസായിട്ടൂണ്ട് ട്ടാ മേന്നേ..
എന്താ ഈ പെ. മോന്‍? (ഹി.ഹി)
‘കുട്ടമേനോന്‍ കഥകള്‍‘ (കുറിപ്പുകളല്ല) നാടന്‍ ടച്ഛിനാല്‍ സമൃദ്ധം. നന്നായിരിക്കുന്നു.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഹായി മേന്നേ,

എന്തൂട്ട്‌ണാ പറയ്‌കാ...കലക്കീട്ടോ...

ഇടിവാള്‍ said...

കലക്കി മേന്‍‌നെ..
ന്നട്ടു നംബീശന്‍ മുക്കാല മുഴുവന്‍ പാടിത്തീര്‍ത്തോ ??

കുറുമാന്‍ said...

കുട്ടമേന്നേ....കലക്കി.തുടക്കം കള്ളിലായാല്‍, ഒടുക്കം വരെ നന്നാവുംന്നാ പ്രണാമം അല്ല പ്രമാണം.......അടുത്ത കുടുക്ക പോരട്ടെ

myexperimentsandme said...

കല്‍‌ക്കി... അരക്കിലോ മുക്കാക്കിലോ മൈദാ എന്നും ആ പാട്ട് ആരോ പാടുന്നത് കേട്ടിട്ടുണ്ട്.

Chalakudy ചുള്ളന്‍ said...

മേനോന്‍ ചേട്ടാ.. കലക്കി..കള്ള് ഷാപ്പ് വിശേഷം അടിപൊളി. ആളൂര്‍ ന് കേട്ടപ്പൊ ഞാന്‍ ആദ്യം കരുതി ചാ‍ലക്കുടി, ഇരിഞ്ഞാലക്കുട റൂട്ടില്‍ ഉള്ള ആളൂര്‍ ആണെന്ന്..വായിച്ച് തുടങ്ങിയപ്പൊഴാ അതു ‘വേ‘ ഇതു ‘റെ‘ ആണെന്നു മനസിലായത്..എന്നാലും കുഴപ്പമില്ല..മേനോന്‍ ചേട്ടന്റെ ആളൂര്‍ നു അടുത്തുള്ള മറ്റത്താണ് ഭാര്യാ ഗ്രുഹം .. അപ്പൊ അവിടെ വരുമ്പൊ ഷാ‍പ്പില്‍ പോകാന്‍ കമ്പനി ആയി..:)

asdfasdf asfdasdf said...

ചാലക്കുടി ചുള്ളനു ആളൂര് ഷാപ്പിലേക്ക് എന്നും സ്വാഗതം. പിന്നെ ഒരു കാര്യം.. തോന്നിയ സമയത്തൊന്നും പോകല്ലെ.. കിട്ടിയത് കഴിച്ച് പോരേണ്ടിവരും. അതു കൊണ്ട് അപ്പന്റൊയ്മെന്റ് ഫിക്സ് ചെയ്തേ പോകാവൂ..

ബിന്ദു said...

ഇതില്‍ കമന്റ്‌ ഇടാനുള്ള സെറ്റിങ്ങ്സ്‌ എടുത്തു മാറ്റിയോ?
:)

asdfasdf asfdasdf said...

ഇല്ലല്ലോ..

asdfasdf asfdasdf said...

കമന്റിയ പെരിങ്ങോടനുംആദിത്യനും മര്‍ത്യനും വിശാലനുംഇടിവാളിനും കുറുമാനും വക്കാരിക്കുമെല്ലാം നന്ദി. നാട്ടില്‍ പോകുന്ന ത്രിശ്ശൂര്‍ക്കാര്‍ പുലികള്‍ ആളൂര്‍ ഷാപ്പ് മറക്കല്ലേ..