Wednesday, July 19, 2006

തേര്‍വാഴ്ച്ച

കാലത്തെ പത്രവായനയ്ക്കിടക്കാണു അമ്മ ഒരു വാര്‍ത്തയുമായി വരുന്നത്.
“കുട്ടാ‍.. നീയ്യ് അറിഞ്ഞ്വൊ .. മ്മ്ടെ വാമനന്‍ നമ്പൂരി പോയി..”
“ആര് ?”
“നീയ്യ് മറന്ന്വോ.. നമ്മടെ കൂത്ത്രത്തെ മനക്കലെ വാമനന്‍ നമ്പൂരിയെ...”
ഇല്ല. മറന്നിട്ടില്ലെ. പ്രത്യേകിച്ചും ആ രൂപം പെട്ടന്ന് മറക്കാനാവില്ല. സാധാരണ വീടിനടുത്തെ നമ്പൂതിരിമാരെല്ലാം വെളുത്തു സുന്ദരക്കുട്ടപ്പന്മാരാണു. ഒരു പൂണൂലുമിട്ട് മാറുമറക്കാതെ കോടിമുണ്ടുടുത്ത് നടക്കുന്ന നമ്പൂതിരിമാര്‍ പണ്ടൊക്കെ സുലഭം. സാധാരണ ഉച്ചകഴിഞ്ഞ് അഞ്ചുമണിയോടെ ഈവനിങ് വാക്ക് കം ക്ഷേത്ര ദര്‍ശനം പതിവാക്കിയിട്ടൂ‍ള്ള മധ്യവയ്സ്കരാ‍യ നമ്പൂതിരിമാരെപ്പറ്റി അമ്മൂമയുടെ പൊടിപ്പും തൊങലും വെച്ചൂള്ള വര്‍ണ്ണനകള്‍ കേട്ട് അപ്പൂപ്പനടക്കമുള്ള ആണുങള്‍ക്കു കലികയറുന്നത് അന്നൊക്കെ സാധാരണമായിരുന്നു. അതിനൊരപവാ‍ദമായിരുന്നു വാമനന്‍ നമ്പൂതിരി.
കറുത്തു തടിചു ഏകദേശം ആറടിയിലേറെ പൊക്കം. നല്ലൊരു കുടവയറും. വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് വാമനന്‍ നമ്പൂതിരിയുടെ ഇല്ലം. ചെറുതന മനക്കലെ കുടുംബ ക്ഷേത്രത്തില് പൂജാരിയായിരുന്നു നമ്പൂതിരി. കീഴ്ജാതിക്കാര്‍ക്ക് അവിടെ കയറാനാവില്ല.
അപൂര്‍വ്വമായെ നമ്പൂതിരിയെ എനിക്ക് കാണാനായിട്ടുള്ളൂ. അമ്മൂമ്മക്ക് നമ്പൂതിരിയോട് ചെറിയ അലര്‍ജ്ജിയുള്ളതായി തോന്നിയിട്ടുണ്ട്. മറ്റു നമ്പൂതിരികളെ അപേക്ഷിച്ച് വാമനന്‍ നമ്പൂതിരിക്ക് ഗ്ലാമര്‍ അല്പം പോലുമില്ലായിരുന്നുവെന്നത് ഒരു കാ‍രണം. പിന്നെ അമ്മൂമയെ പറമ്പിലെങാനും വെച്ച് കണ്ടാല്‍ നമ്പൂതിരി ഒരു വിളിയുണ്ട്.
“എന്താ മേനോത്ത്യെ.. സുഖല്ലെ..”
ആ മേനോത്തി എന്ന വിളി അമ്മൂമ്മക്ക് അത്ര പിടിക്കാറില്ല. മറുപടിയൊന്നും പറഞില്ലെങ്കിലും തിരിച്ച് വീട്ടില്‍ കയറിയാല്‍ അമ്മൂമ്മക്ക് അന്ന് കലിയാണ്.
അമ്മൂമ്മയെ എല്ലാവര്‍ക്കും ചെറിയ പേടിയാണു. വളരെ കണിശ്ശക്കരിയാണ് അമ്മൂമ്മ. അവര് പറയുന്ന പോലെ എല്ലാവരും കേള്‍ക്കണം. പോരാത്തതിനു ചില ദുര്‍വാശികളും.
എന്നാല്‍ ഞങള് കുട്ടികളെ വലിയ കാര്യമാണ് അമ്മൂമ്മക്ക്. രാത്രി നാമം ജപിക്കാനും മറ്റും കൂടെയിരിക്കും. കുട്ടികള്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ പേടിപ്പിക്കാനായി അമ്മൂയുടെ ഒരു പ്രയോഗമുണ്ട്. അതാണ് ‘തേര്‍വാഴ്ച്ച’.
“പറഞ്ഞ്ത് കേട്ടില്ലെങ്കി.. തേര്‍വാഴ്ച പിടിച്ചോണ്ട് പൂവ്വും ട്ടാ..”
അപ്പൊള്‍ എല്ലാവരും ശാന്തമാകും. പക്ഷെ ഈ തേര്‍വാഴ്ച എന്താണെന്ന് ഞങള്‍ അമ്മൂമ്മയോട് ചോദിക്കാറില്ലായിരുന്നു. പക്ഷെ ഒരു ദിവസം മറ്റുകുട്ടികളുടെ സമ്മര്‍ദ്ദത്തിനു വഴങി എനിക്കത് ചോദിക്കേണ്ടി വന്നു.
“ഈ തേര്‍വാഴ്ച്ച എന്താ അമ്മൂമ്മെ ?”
“അത് പിള്ളേരെ പിടിക്കുന്ന സാധനാണ്. പറഞ്ഞത് കേട്ടില്ലെങ്കില് അത് വന്ന് പിടിച്ചോണ്ട് പോകും.”
“അതിന് ഞങള് സമ്മതിക്കില്ല്ല്ല്ലല്ലൊ ..”
“നെന്റെ സമ്മതമൊന്നും വേണ്ട. അത് രാത്രി വന്നു പിടിച്ചോണ്ട് പോകും. കുട്ട്യോള്ടെ ചോര്യാ അത് നു ഭയങ്ക്ര ഇഷ്ടം. “
“അമ്മൂമ്മ നൊണ പറയാ.. അമ്മൂമ അതിനെ കണ്ട്ട്ട്ണ്ടാ ?”
“പിന്നെ. .. രാത്രിയാവ്മ്പൊ പട്ടലും കൂടിന്റെ അടുത്തുകൂടെ എന്നും നടന്നു പോകുന്നത് ഞാന്‍ കണ്ട്ട്ട് ള്ള തെല്ലെ..”
“ഉവ്വൊ.. അങനെയാണെങ്കി ഞങള്‍ക്ക് കൂടി ഒന്നു കാണിച്ച് തര്വൊ.”
“ഏയ് പിള്ളേരൊന്നും കാണാന്‍ പാടില്ല. പേടിപറ്റും.”
അമ്മൂമ്മ ഞങളെ നിരുത്സാഹപ്പെടുത്തി. ഇനി ഒരു നിവ്ര്ത്തിയുമില്ല.
എനിക്കും മുകേഷിനും , മുകേഷ് ഇളയച്ച്ന്റെ മകനാണ്., എങനെയെന്കിലും തേര്‍വാഴ്ച്ചയെ കാണണമെന്ന് വലിയ ആഗ്രഹം.
ഒരു ദിവസം ഞങള്‍ അത് തീരുമാനിച്ചു. ഇന്നു രാത്രി തന്നെ നമുക്കു ശ്രമിക്കാം. ആരും അറിയാതെ വേണം. തെക്കെ മുറിയില്‍ കയറിയാല്‍ മതി. മുറിയുടെ ജനല്‍ തുറന്നാല്‍ മുളങ്കൂട് കാണാം. അമ്മൂമയുടെ കണക്കു വെച്ച് മുളങ്കൂടിനരികിലൂടെയാണ് തേര്‍വാഴ്ച പോകുന്നത്. തെക്കെ മുറിയില്‍ ആരും കിടക്കാറില്ല.
അന്നു രാത്രി എല്ലാവരും കിടന്ന് കഴിഞ് ഞാ‍നും മുകേഷും കൂടി തെക്കെ മുറിയില്‍ കയറി. ചിമ്മിണിയുടെ വെളിച്ചത്തില്‍ മുറിയില്‍ കയറി കതക് ചാരിയിട്ടു. ജനലിന്റെ അടുത്ത് ചെന്ന്‍ മെല്ലെ ശബ്ദമുണ്ടാക്കാതെ ജനല്‍പാളി ചെറുതായി തുറന്നു. ചെറിയ കാറ്റടിക്കുന്നുണ്ട്. കാറ്റിന്റെ ശക്തിയില്‍ ചിമ്മിണി കെട്ടു. കൂരാകൂരിരുട്ട്.
“കുട്ടേട്ടാ എന്ക്ക് പേട്യാവ്ണ്ണ്ട് ട്ടാ..”
“മിണ്ടാണ്ടിരിക്കടാ..” ഞാന്‍ ഇല്ലാത്ത ധെര്യം കാണിച്ചു പറഞ്ഞു.
മുളങ്കൂടിനരികില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കാറ്റില്‍ മുളകള്‍ ആടുന്നുണ്ട്. അതിന്റെ ചെറിയ ഞെരക്കങളും കേള്‍ക്കുന്നുണ്ട്. മുളങ്കൂടിനപ്പുറത്ത് ചെറിയ വഴിയാണ്. മഴക്കാലത്ത് തോടാവുന്ന വഴി. സമയം ഇഴഞ്ഞു നീങ്ങുന്നു.
“കുട്ടേട്ടാ.. അമ്മൂമ്മ വെറുതെ പറഞ്ഞതാവും.”
“അല്ലട..”
എത്ര നേരമിരുന്നാലും ഇന്ന് അതിനെ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ എന്നാണ് എന്റെ വാശി.
കാറ്റിന്റെ ശക്തി കൂടി വരുന്നു. മുളകളുടെ ഞരക്കങളും.
മുളകളുടെ അടുത്ത് ചെറിയ വെളിച്ചം. ഒരു ചന്ദ്രക്കല പോലെയുള്ള വെളിച്ചം പടിഞ്ഞാറോട്ട് നീങ്ങുന്നു. വളരെ വേഗത്തിലാണു അത് നീങ്ങുന്നത്.
അതെ, തേര്‍വാഴ്ച തന്നെ .
“കുട്ടേട്ടാ ..” മുകേഷിനു കരച്ചില്‍ പൊട്ടി വരുന്നു.
“മിണ്ടാണ്ടിരിക്കടാ..”
എന്റെ കാലിനടിയില്‍ ചൂടുള്ള ഒരു നനവ്..
പിറ്റേന്ന് ഞാനും മുകേഷും അമ്മയും ഇളയമ്മയും രാമന്‍ വയ്ദ്യരുടെ പരിശോധനമുറിയില്‍ കാലത്തു തന്നെ ഹാജര്‍. എങ്കിലും തേര്‍വാഴ്ചയെ കാണാന്‍ പറ്റിയ സന്തോഷം ഞങ്ങള്‍ക്കുണ്ടായിരുന്നു.
പക്ഷെ ഒരു ദിവസം മുകേഷ് ആ സന്തോഷം പൊളിച്ചു.
അവന്‍ എല്ലാം അമ്മൂമയൊട് തുറന്നു പറഞ്ഞു.
നല്ല അടി പ്രതീക്ഷിച്ചിരുന്ന ഞങളുടെ വിളറിയ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മൂമ്മ പറഞ്ഞു..
“ടാ പൊട്ടന്‍പിള്ളേരെ.. അത് നമ്മ്ടെ വാമനന്‍ നമ്പൂരി രാത്രി പൂജ കഴിഞ്ഞ്ട്ട് റാന്തലായ്ട്ട് പോണതല്ലെ..”

3 comments:

പെരിങ്ങോടന്‍ said...

ഒട്ടും മുഷിഞ്ഞില്ല. ഗുരുവായൂര്‍-പുന്നയൂര്‍ക്കുളം-എരമംഗലം ഭാഗത്തെ മണ്ണെനിക്കു ഭയങ്കര ഇഷ്ടാ. തെങ്ങു സുലഭമായി കായ്ക്കുന്ന തൊടികളും, മാവും പൂച്ചെടികളും വളര്‍ന്നു നില്‍ക്കുന്ന വെളുത്ത പൂഴിമണല്‍ നിറഞ്ഞ മുറ്റവുമാണെന്റെ അവധിക്കാല നൊസ്റ്റാള്‍ജിയ. അച്ഛന്റെ വീട് ആ ഭാഗത്തായിരുന്നു.

ശ്രീജിത്ത്‌ കെ said...

സ്വാഗതം കുട്ടമേനോനേ, അരങ്ങേറ്റം അസ്സലായി.

ഇതും കൂടെ ഒന്ന് ശ്രദ്ധിച്ചോളൂ.

കുട്ടന്മേനൊന്‍::KM said...

ശ്രീജിത്തിനും പെരിങ്ങോടനും വായിച്ച മറ്റു പുലികള്‍ക്കും നന്ദി.