Friday, July 21, 2006

കുറ്റിച്ചൂ‍ടാന്‍

കുറ്റിച്ചൂടാന്റെ ‘ഹൂവ്വാ... ഹൂവ്വാ..’ വിളികള്‍ ഗോവിന്ദന്‍ നായര്‍ക്കൊരു ഹരമായിരുന്നു. കുറ്റിച്ചൂടാന്‍ അഥവാ കാലന്‍ കോഴി സാധാരണ രാത്രിയാവുന്നതൊടെയാണ് അതിന്റെ ജോലി തുടങ്ങുന്നത്. അടുത്തു തന്നെ മരിക്കാ‍ന്‍ പോകുന്നവരുടെ വീട്ടിലേക്കു നോക്കിയിട്ടാണ് അത് സാധാരണ ശബ്ദിക്കുന്നത്. അപ്പോള്‍ അമ്മൂമ്മ പുറത്തിറങി നിന്നു പറയും.
“ പൂവ്വാ... പൂവ്വാ....ഇന്നു തെക്കൊട്ട് നോക്കീട്ടാ വിളി. കുഞ്ഞിഷ്ണന്റെ സമയായീന്നാ തോന്ന്ണെ.”
ആ വെളിപാടില്‍ സാധാരണ വലിയ വ്യത്യാസമുണ്ടാവാറില്ല.
പക്ഷെ ഗോവിന്ദന്‍ നായര്‍ക്ക് കുറ്റിച്ചൂടാന്‍ ദേവതുല്യനായിരുന്നു.
കാരണം, ഗോവിന്ദന്‍ നായര് സ്ഥലത്തെ പ്രധാന വിറക് കൊണ്ട്രാക്ടറായിരുന്നു. നാട്ടിലെ പേരുകേട്ട മാവുകളുടെ അന്ധകനെന്നും അതുകൊണ്ടുതന്നെ ഗോവിന്ദന്‍ നായറ്ക്ക് ചാര്‍ത്തിക്കിട്ടിയിരുന്നു. നാട്ടിലെ ഭേദപ്പെട്ട മാവുകളെല്ലാം ഗോവിന്ദന്‍ നായരുടെ കോടാലിക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയഭാജനമായിരുന്ന മനക്കലെ കിളിച്ചുണ്ടന്‍ മാവിന്റെ അന്തകനും മറ്റാരുമായിരുന്നില്ല. ആ മാവിന്റെ മാങ്ങയുടെ രുചി ഇന്നും നാവിലുണ്ട്. മനക്കലെ കാരണവരായിരുന്ന പരമേശ്വരന്‍ നമ്പൂതിരി മരിച്ചപ്പൊഴായിരുന്നു ആ മാവ് വെട്ടിയത്. പരമേശ്വരന്‍ നമ്പൂതിരിയുടെ മരണത്തേക്കാള്‍ മാവിന്റെ കൊലപാതകമായിരുന്നു നാട്ടിലെ പ്രധാ‍ന വാര്‍ത്ത. ഞങങള്‍ കുട്ടികള്‍ കാലത്ത് മാങ്ങ പെറുക്കാന്‍ പോയിരുന്നത് ആ മാവിന്‍ ചുവട്ടിലായിരുന്നു. പകല്‍ സമയത്ത് അവിടെ പോകാന്‍ ബുദ്ധിമുട്ടായിരുന്നു. പരമേശ്വരന്‍ നമ്പൂതിരി തന്റെ വലിയ ചാരുകസേരയുമിട്ട് മാവിന്റെ ചുവട്ടില്‍ ഒരു കാലന്‍ കുടയുമായി ഇരിക്കും. എന്നാല്‍ കുട്ടികളെ കണ്ടാല്‍ നന്‍പൂതിരിയുടെ ഭാവം മാറും.
“അശ്രീകരങ്ങള് .. പോ വ്ട്ന്ന്..” എന്നൊരു ആട്ടും ചിലപ്പൊള്‍ കിട്ടും.നമ്പൂതിരിക്ക് ‘ശപ്പന്‍ നമ്പൂതിരി’ എന്ന ഇരട്ടപ്പേരും നാട്ടിലുണ്ട്.
അതുകൊണ്ടു തന്നെ നമ്പൂതിരി മരിച്ചപ്പൊള്‍ ആ മാവ് മുറിക്കുമെന്ന് ഞങ്ങള്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല. നമ്പൂതിരി ഒരു പുത്രതുല്യമായി കൊണ്ടുനടന്നിരുന്ന ആ മാവു തന്നെ നമ്പൂതിരിയുടെ ശവദാഹത്തിനു എടുക്കുന്നത് പലറ്ക്കും ദഹിച്ചിരുന്നില്ല. മാത്രവുമല്ല, നമ്മുടെ കഥാപാത്രമായ കുറ്റിച്ചൂടാന്ടെ ആവാസ കേന്ദ്രവും മറ്റൊന്നായിരുന്നില്ല. നമ്പൂതിരി മരിക്കുന്നതിന്റെ തലേന്നും കുറ്റിച്ചൂടാന്ടെ ‘പൂവ്വാ.. പൂ‍വ്വാ ..’വിളികള്‍ ഉണ്ടായിരുന്നു. പിന്നീട് കുറ്റിച്ചൂടാന്‍ മനയുടെ പാമ്പിന്‍ കാവിലേക്ക് തന്റെ ആവാസകേന്ദ്രം മാറ്റി. എങ്കിലും പ്രദേശത്തെ ജനങള്‍ക്ക് തണ്ടെ സേവനം കൊടുക്കാന്‍ കുറ്റിച്ചൂടാന് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കുറ്റിച്ചൂടാന്‍ അപ്രത്യക്ഷമായി. ഗോവിന്ദന്‍ നായരുടെ മുന്നൊരുക്കങ്ങള്‍ക്ക് കുറ്റിച്ചൂടാന്റെ തിരോധാനം തെല്ലൊന്നുമല്ല അലട്ടിയത്. അപ്പുനായരുടെ ചായക്കടയില്‍ കാലത്തെ ചായക്കിടയില്‍ ഗോവിന്ദന്‍ നായരത് മറച്ചു വെക്കാറില്ല.
“ആ കുറ്റിച്ചൂടാന്‍ ള്ള്പ്പൊ എന്തൊരു സുഖാര്ന്നു. തലേസം തന്നെ എല്ലാം ശരിയാക്കാമായിരുന്നു”
അങ്ങനെ മാസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.
ഒരു സന്ധ്യക്ക് കുറ്റിച്ചൂടാന്‍ വീണ്ടും വന്നു. സാധാരണയില്‍ കവിഞ്ഞ സ്വരത്തില്‍ അത് ‘പൂവ്വാ..’ വിളികള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
പിറ്റേന്ന് കാലത്ത് തികച്ചു ദുരൂഹമായി മനയുടെ പിന്നിലെ വരിക്കപ്ലാവില്‍ ഗോവിന്ദന്‍ നായരുടെ ജഡം ആടിക്കൊണ്ടിരുന്നു.

6 comments:

കണ്ണൂസ്‌ said...

മൂന്ന് പോസ്റ്റും ഇപ്പോഴാ വായിച്ചത്‌ മേന്‍ന്നേ. പെരിങ്ങ്‌സ്‌ പറഞ്ഞ പോലെ, ഒട്ടും മുഷിഞ്ഞില്ല്യ. ഇനിയും എഴുതൂ.

ഇടിവാള്‍ said...

അസ്സലായിരിക്കുന്നൂ മേന്ന്നേ! എനിക്കാണേ, കുറ്റിച്ചൂടാന്റെ ശബ്ദം കെള്‍ക്കുമ്പോ എന്തു പേട്യ്യാര്‍ന്നൂന്നറിയ്യോ ??

അമ്മമ്മ എപ്പഴും പറയാറുണ്ട്, പണ്ട്.. കുറ്റിച്ചൂടാന്‍ കൂവുന്നു.. എന്തൊക്ക്യാ ണ്ടാവാന്‍ പോണേന്നു..

പഴയ ഓര്‍മകളിലേക്കു കുറച്ചു നേരംന്ടത്തിയതിനു നന്ദി !

asdfasdf asfdasdf said...

വിവരണം അല്പം കുറവാണെന്ന് മനസ്സിലാകുന്നു. പക്ഷേ കുറിപ്പുകളെ നോവലാക്കാ‍നാവില്ലല്ലോ. കൂടുതല്‍ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ഇടിവാള്‍ said...

മേന്‍ന്നേ...
താങ്കളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍, പിന്മൊഴിയില്‍ എത്തുന്നില്ല. ബ്ലോഗിലെ സന്ദര്‍ശകര്‍ ഭൂരിഭാഗവും പിന്മൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ കണ്ടിട്ടാണ്‌ പലരും അതാതു ബ്ലോഗിലെത്തുന്നത്‌.

അതുകൊണ്ട്‌ !....

Log into your account Dash board, Settings> Comments >

On the Bottom you can see "Comment NOtification Address.
Make it pinmozhikal @ gmail. com

All the Best

asdfasdf asfdasdf said...

Done and thanks to ഇടിവാള്‍..

ബിന്ദു said...

ഇതു വായിച്ചിട്ടു തന്നെ പേടിയാവുന്നു. അപ്പോള്‍ ആ കൂവല്‍ കേട്ടാലൊ.
എഴുത്ത്‌ നന്നായിട്ടുണ്ട്‌.:)