Saturday, July 29, 2006

ഓസിലൊരു യാത്ര.

ബ്യുക്ക് കാറുകള്‍ ഇന്ന് ഒരു ഓര്‍മ്മയായി നിരത്തുകളില്‍ നിന്നും ഒഴിഞ്ഞുകൊണ്ടിരിക്കുന്നു.
എങ്കിലും ബ്യുക്ക് കാറ് കാണുമ്പോള്‍ എനിക്ക് ഒരാളെ ഓര്‍മ്മവരും.
മുജീബ്.
സ്വദേശം ഏറണാംകുളം. പൊക്കിള്‍കൊടി ബന്ധം അബുദാബിയില്‍. അഡ്നോക്കില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് മുജീബിന്ടെ അച്ഛന്‍.നാടുമായി അത്ര വലിയ ബന്ധമൊന്നുമില്ല. പഠിച്ചത് മുംബയില്‍. 24 വയസ്സ്. പരോപകാരി.
അന്നത്തെ SAP implementation team ല്‍ ഏറ്റവും ജൂനിയറായിരുന്നു മുജീബ്. മലയാളം കൊരച്ച് കൊരച്ചേ അറിയൂ. മുംബയിലെ പഠനകാലത്ത് ഒരുമാതിരി ഭേദപ്പെട്ട മരുന്നുകളെല്ലാം കഴിച്ച് രസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഉറക്കം തൂങ്ങി style ലാണ് നടപ്പ്.പക്ഷെ ബുദ്ധിയുടെ കാര്യത്തില്‍ നേരെ തിരിച്ചും. പ്രോജക്റ്റ് മാനേജറായ സായിപ്പ് മുജീബിനെ data migration section നിലാണ് ഇട്ടത്.

മുജീബിണ്ടെ ഒരു വീക്നെസ് ക്ലാസിക് കാറുകളോടാണ്. ആദ്യ ശംബളമായ ആറായിരം റിയാലുമായി ഒന്നരമാസം സനയ്യകളില്‍ തപ്പി നടന്നാണ് മുജീബിന് ആ ബ്യുക് കാറ് കണ്ടെത്താനായത്. 1980 മോഡല്‍ ആ ബ്യുക്ക് വ്യദ്ധനായ ഒരു അറബിയുടെതയിരുന്നു. ഒരിക്കലും വിറ്റുപോകില്ലെന്ന് ഉറപ്പിച്ച കാറ് 5500 റിയാലിന് വിറ്റുപോയപ്പൊള്‍ തന്റെ ഒരു പഴയ മര്‍ഫി റേഡിയൊയും അയാള്‍ മുജീബിനു സമ്മാനമായി കൊടുത്തു.
“സീ മൈ ബ്യൂട്ടിഫുള്‍ കാര്’ എന്നും പറഞ്ഞ് ഈ ശകടമായിട്ട് മുജീബ് ഒലയയിലെ ബാച്ചലേഴ്സ് വില്ലക്കു മുന്നില്‍ ഒരു ദിവസം ബ്രെയ്ക്കിട്ടു നിറ്ത്തി. “
നീ വല്ല ഭിക്ഷക്കാരുടെ വണ്ടിയാണൊ അടിച്ചുമാറ്റിയതെന്ന്” എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. എന്ടെ പല്ലിനു പണിയാക്കണ്ടല്ലോയെന്നു കരുതി വേണ്ടെന്നു വെച്ചു.

ഒന്നര കി.മീ. മൈലേജുള്ള ആ വണ്ടി മിക്കവാറും ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ മലാസിലെ കുട്ടപ്പന്‍ ചേട്ടന്റെ വര്‍ക്ക്ഷാപ്പില്‍ പിന്നിടുള്ള ദിവസങ്ങളില്‍ കാണാമായിരുന്നു. കൂടെ മുജീബ് ഒരു റൊത്ത്മാന്‍സും പിടിപ്പിച്ച് ഡിക്കിക്കു മുകളില്‍ ആസനസ്ഥനായിരിക്കും.

പുലര്‍ച്ച മൂന്നിനും നാലിനുമിടയിലുള്ള് ശുഭമുഹൂര്‍ത്തത്തിലാണു മുജീബ് സ്ഥിരമായി വില്ലയിലെത്തിയിരുന്നത്. ഇതു തുടര്‍ന്നപ്പൊള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുജീബിനെ വില്ലയില്‍ നിന്നും പുറത്താക്കി. മുജീബ് സസന്തോഷം തന്ടെ പെട്ടിയും പ്രമാണവുമെടുത്ത് ബ്യുക്കിണ്ടെ ഡിക്കിയില്‍ കയറ്റി.
ഇവന്‍ ഇത്ര വലിയ ഡിക്കിയുള്ള വണ്ടി വാങ്ങിയതിണ്ടെ ഔചിത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്. പിന്നീട് കിടപ്പും ഉറക്കവുമെല്ലാം മുജീബ് അതില്‍ തന്നെയാക്കി. കുട്ടപ്പന്‍ ചേട്ടനു പെരുത്ത് സന്തോഷം.

പുലര്‍ച്ച വര്‍ക് ഷാപ്പു പൂട്ടി പോയാല്‍ കസ്റ്റമേഴ്സ് വന്നാല്‍ വിളിക്കനൊരാ‍ളായല്ലൊ.
ഞാന്‍ ഒരു തവണയേ ആ വണ്ടിയില്‍ കയറിയിട്ടുള്ളൂ. അത് കയറിയതല്ല., കയറേണ്ടി വന്നു എന്നു വേണമെങ്കില്‍ പറയാം.

അത് ഒരു വ്യാഴാഴ്ച്ചയായിരുന്നു. ഒരു ഡെമൊണ്‍സ്ട്രേഷനു വേണ്ടി ഉച്ചകഴിഞ്ഞ് അഞ്ചുമണിയുടെ സൌദി എയര്‍ലൈന്‍സില്‍ ജോഹനാസ്ബര്‍ഗിലേക്കു പോകണം. വില്ലയില്‍ നിന്നും 60 കി.മി യുണ്ട് എയര്‍പോര്‍ട്ടിലേക്ക്. കമ്പനി ഡ്രൈവര്‍ സലിം രണ്ടരയോടെ വരാമെന്ന് പറഞഞതുകൊണ്ട് വില്ലയുടെ ഗേറ്റില്‍ ഞാന്‍ കാത്തു നിന്നു. സമയം മൂന്നായിട്ടും സലിം വന്നില്ല. ഒന്നര മണിക്കുറ് മുന്‍പെങ്കിലും ബോര്‍ഡിങ് പാ‍സെടുക്കണം. ഏതുവിധേനെയും എയര്‍പോര്‍ട്ടിലെത്തണം. വെള്ളിയാഴ്ച കാലത്താണ് ഡെമൊണ്‍സ്ട്രെഷന്‍. അന്ന് ആഴ്ചയില്‍ രണ്ടു ഫ്ലൈറ്റേ ജൊഹനസ്ബര്‍ഗിലേക്കുള്ളു. ഇത് കിട്ടിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാവും.

സമയം 3.10. സലിം ഇനിയും വന്നിട്ടില്ല. കമ്പനി മുടക്കമായതുകൊണ്ട് സലീമിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു നിവ്ര്ത്തിയുമില്ല.മൊബൈല്‍ ഫോണ്‍ സുലഭമല്ലാത്ത കാലം.വല്ലയിടത്തും കറങ്ങി നടക്കുകയാവും. വേഗം തന്നെ കാള്‍ ടാക്സി വിളിക്കാ‍ന്‍ ഒരുങ്ങുന്‍പോഴാണ് പിന്നില്‍ ഒരു കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയത്.
“hey..man.. where are u going ?"
കറുത്ത കണ്ണടയും വെച്ച് ചെത്ത് ടി-ഷര്‍ട്ടുമിട്ട് മുജീബ് തന്ടെ ശകടവുമായി മുന്നില്‍.
“ ഞാന്‍ എയര്‍പോര്‍ട്ടിലേക്കാ. ആ സലീമിനൊട് വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നതാ. ഇതുവരെ വന്നില്ല.”
“Does'nt matter. Get in. i will drop you "
"ഓ .. നിനക്ക് ബുദ്ധിമുട്ടാവില്ലെ. ഐ വില്‍ മാനേജ്” വെറുതെ ഒരു ഭംഗിവാ‍ക്ക് പറഞ്ഞതാണ്. എന്റെ അപ്പോഴത്തെ അവസ്ഥ എനിക്കല്ലെ അറിയൂ. പോരാത്തതിന് ജൂലായ് മാസത്തെ കടുത്ത ചൂടും കൊണ്ട് വഴിയരികില്‍ നില്‍ക്കേണ്ടി വരുകയെന്നത് ചെറിയ കാര്യമല്ല.
മുജീബ് അതിനിടയില്‍ തന്നെ വണ്ടിയില്‍ നിന്നിറങ്ങി എന്ടെ ട്രോളി ബാഗ് വണ്ടിയുടെ ബാക്ക് സീറ്റില്‍ വെച്ചിരുന്നു.
അങ്ങനെ ഞാന്‍ മുജീബിന്റെ ബ്യുക്കില്‍ ആദ്യമായി കയറി. നല്ല വീതിയുള്ള സീറ്റ്. എ.സിയുടെ തണുപ്പ് പോര.
വണ്ടിയുടെ മ്യൂസിക് സെറ്റില്‍ ‘സന്താന’ തകര്‍ക്കുന്നു.
വണ്ടി ഗള്‍ഫ് ബ്രിഡ്ജും കടന്ന് ട്രാഫിക്കിനിടയിലൂടെ 60-70 സ്പീഡില്‍ പോകുകയാണു.
“man.. how is this car ?"
"Good." എനിക്കെങ്ങനെയെങ്കിലും എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി.
ഹൈവെയിലെത്തിയപ്പൊള്‍ തേര്‍ഡ് ട്രാക്കിലെ ട്രെയിലറുകള്‍ക്കിടയിലയിരുന്നു ഈ വണ്ടി.
മൈക്കിള്‍ ജാക്സന്‍ സാത്താന്റെ പാട്ടുമായി ബ്യുക്കില്‍ മുജീബ് തകര്‍ത്തു തുടഞ്ഞിയിരുന്നു.
‍ വണ്ടി ഹൈവെയിലെ തികച്ചും വിജനമായ മരുഭൂവിലൂടെ മന്ദം മന്ദം ഒഴുകുകയാണു. ഇങ്ങനെ പോയാല്‍ അഞ്ചുമണിക്കു മുന്‍പ് എയര്‍പോര്‍ട്ടിലെത്തുന്ന കാര്യം സംശയാമാണ്.
“മുജീബെ കുറച്ച് സ്പീഡില്‍ പോയാല്‍ നന്നായിരുന്നു. എനിക്ക് 4 മണിക്കു മുന്‍പെങ്കിലും റിപ്പൊര്‍ട്ട് ചെയ്യണം”
“oh. sorry man" എന്നും പറഞ്ഞു ബ്യുക്ക് ഫസ്റ്റ് ട്രാ‍ക്കിലൂടെ 130 റേയ്ഞ്ജില്‍ പാഞ്ഞു തുടങ്ങി.
ഓ. സമാധാനം.
ഏകദേശം നാലു മിനിട്ടോളമായിക്കാണും ഡാഷ്ബോര്‍ഡിലെ ചുവന്ന് ലൈറ്റ് മിന്നിത്തുടങ്ങി.
വണ്ടിയുടെ സ്പീഡു കുറഞ്ഞു.
“എന്തു പറ്റീ മുജീബേ.”
“nothing...its ok man"
അതും പറഞ്ഞ് മുജീബ് സര്‍വീസ് റോഡിലേക്ക് വണ്ടി ഒതുക്കിയിട്ടു.
“എന്താ വല്ല കമ്പ്ലയിന്റ് ഉണ്ടോ വണ്ടിക്ക്”
“No man.. the fuel tank is empty. you just wait here." എന്നും പറഞ്ഞ് മുജീബ് ഡിക്കി തുറന്ന് ഒരു കന്നാസുമായി റോഡ് ക്രോസ് ചെയ്ത് നടന്നു തുടങ്ങിയിരുന്നു.
എന്ടെ വായില്‍ ഒരു മുഴുത്ത തെറിയാണ് വന്നത്. എന്തു ചെയ്യാം.
ഞാന്‍ പുറത്തിറങ്ങി. റോഡ് തിളച്ചുകൊണ്ടിരിക്കുന്നു. വണ്ടികള്‍ റോഡില്‍ കുറവായിരുന്നു.
അപ്പുറത്ത് 1500 മീറ്ററകലെ പെട്രോള്‍ പമ്പുള്ളതിന്റെ ബോര്‍ഡ് കണ്ടു. അത് നോക്കി മുജീബ് വച്ചു പിടിക്കുന്നു

വാല്‍ക്കഷണം : കൃത്യം ഒരു വര്‍ഷത്തിനു ശേഷം നമ്പര്‍പ്ലേറ്റില്ലാതെ അല്‍-ഖര്‍ജ് റോഡില്‍ സ്ക്രാപ്പ് കൊണ്ടുപോകുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു ബ്യുക്ക് കാറ് കിടക്കുന്നുണ്ടായിരുന്നു.

7 comments:

asdfasdf asfdasdf said...

ജാമ്യാപേക്ഷ.
പ്രിയ മുജീബേ, എവിടെയെങ്കിലും വെച്ച് ഏതെങ്കിലും കുത്തിത്തിരുപ്പു മല്ലുക്കള്‍ ഇതു വായിച്ചു കേള്‍പ്പിച്ചാല്‍ ഞാനടുത്തില്ലെന്ന് ഓര്‍മ്മിക്കുമല്ലോ..

Unknown said...

കുട്ടമേനോന്‍,
നന്നായിരിക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പുകളെഴുതുമ്പോള്‍ ഡിസ്ക്ലെയ്മര്‍ അത്യാവശ്യം തന്നെയാണ്. എന്നിട്ട് ഫ്ലൈറ്റ് മിസ്സായോ? അതെന്ത് ചോദ്യം അല്ലേ?

Kalesh Kumar said...

ദാ അടുത്ത തൃശൂര്‍പുലി!
നന്നായിട്ടുണ്ട്!

ദിവാസ്വപ്നം said...

ഹ ഹ അത് നന്നായിട്ടുണ്ട്. സമയത്ത് എയര്‍പോര്‍ട്ടില്‍ പോകാന്‍ വണ്ടിയില്ലാതെ വരുമ്പോഴുള്ള പാട്.

Adithyan said...

ഈ പോസ്റ്റ് പോയീം വന്നും ഇരിക്കുവാരുന്നല്ലോ.. അവസാനം കമന്റാന്‍ പറ്റി :).. ബ്യൂക്ക് കഥ സ്പാറി :) കൊള്ളാം...

asdfasdf asfdasdf said...

സെറ്റിങ്സില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. കമന്റുകള്‍ വന്നീരുന്നില്ല. sorry for the inconvenience..

asdfasdf asfdasdf said...

അവസാനം മുജീബ് ഈ പോസ്റ്റ് കണ്ടു. അതിന്റെ ബാക്കി പത്രമായി ഇന്നലെ എന്റെ മൊബൈലില്‍ ഏറ്റവും പുതിയ നാലു തെറികള്‍. അധികം കളിച്ചാല്‍ മറ്റുകഥകളും പോസ്റ്റൂമെന്ന് ഭീഷണിപ്പെടുത്തി ഇരുത്തിയിരിക്കുകയാണ്.