Saturday, April 07, 2007

ടൈഗര്‍

വീട്ടിലെ മില്‍മ ബൂത്തായ അമ്മിണിയുടെ വെയര്‍ ഹൌസിലെ ഇക്കണോമിക് സ്റ്റോക്കും ഇന് വെന്ററി ഓണ്‍ ഹോള്‍ഡും സംതുലം പ്രാപിക്കാതെ വന്നപ്പോഴാണ് ഫാമിലി കറവക്കാരനായ കൃഷ്ണേട്ടന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചുതുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രനേതൃത്വം ആഡിറ്റ് ചെയ്തപ്പോള്‍ കുടുമ്മത്തിലെ പ്രജകളുടെ ഇന്‍പുട്ട് പഴയതിനേക്കാള്‍ കൂടിയും അമ്മിണിയുടെ എക്സ്പെക്റ്റഡ് ആനുവല്‍ ഇഷ്യു റേറ്റ് ദിനം പ്രതി കുറഞ്ഞുമിരിക്കുന്നതായി കണ്ടെത്തി.

ഇനിയുള്ള ഏക പോം വഴി പുറത്തുനിന്നും പാല്‍ ഇറക്കുമതി ചെയ്യുകയെന്നതുമാത്രമായിരുന്നു. അങ്ങനെയാണ് പറപ്പൂ‍ക്കാരന്റെ വീട്ടില്‍ നിന്നും പാല്‍ കൊണ്ടുവരാന്‍ ഒരു ഡീലുണ്ടാക്കിയത്.

സ്ഥലത്തെ പ്രധാന കാശുകാരനാണ് പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്‍. രണ്ടു സിനിമാ തീയ്യറ്ററും (ബിറ്റ് ഇടുന്ന ഒന്ന്, ബിറ്റിടാത്ത ഒന്ന്) ഏക്കറുകണക്കിന ഗ്രഹണി പിടിച്ച തെങ്ങിന്‍ പറമ്പും ആജാനബാഹുവായി നീണ്ടു നിവര്‍ന്നുകിടക്കുന്ന ഒരു വീടും സ്വന്തമായുള്ള വര്‍ഗ്ഗീസേട്ടന്റെ വീട്ടില്‍ മുന്തിയ ഇനം മൂന്നു പശുക്കളുമുണ്ട്. പാല്‍ ഇഷ്ടം പോലെയുണ്ടെങ്കിലും പുറത്ത് അങ്ങനെ വില്‍ക്കാറില്ല. പിന്നീട്, മൂത്തമകള്‍ ഉപരിപഠനാര്‍ത്ഥം ടൌണിലെ ട്യൂട്ടോറിയല്‍ കോളജില്‍ സ്ഥിരതാമസമാക്കിയപ്പോഴാണ് വീട്ടില്‍ പശുവിന്‍ പാല്‍ ഇത്രയധികം ബാക്കി വരുന്നകാര്യം വര്‍ഗ്ഗീസേട്ടന്‍ മനസ്സിലാക്കിയത്. കൃഷ്ണേട്ടന്‍ മുഖാന്തിരമാണ് ഇക്കാര്യമറിയുന്നത്. പിന്നെ കേന്ദ്രനേതൃത്വം ഇടപെട്ട് വര്‍ഗ്ഗീസേട്ടനുമായി ഡീലുണ്ടാക്കി.

അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. വള്ളിട്രൌസറില്‍ നിന്നും മുണ്ടിലേക്ക് എക്സ്ചേഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന സമയം.

ആദ്യ ദിവസങ്ങളില്‍ കൃഷ്ണേട്ടന്‍ തന്നെയാണ് പാല്‍ കൊണ്ടുവന്നിരുന്നത്. പിന്നീടൊരു ദിവസം കൃഷ്ണേട്ടന്‍ സുഖമില്ലാതായപ്പോഴാണ് ഹൈക്കമാ‍ന്റിന്റെ ഉത്തരവനുസരിച്ച് എന്റെ തലയില്‍ ആ ഉത്തരവാദിത്തം വീഴുന്നത്.

‘യ്ക്ക് പഠിക്കാണ്ട് ..’ എന്നൊക്കെ പറഞ്ഞു ആദ്യം ഒന്നൊഴിയാന്‍ നോക്കി. ഗുസ്തിക്കാരന്‍ ടെര്‍മിനേറ്ററുടെ മിനിയേച്ചറായ ചെറിയച്ചന്റെ നോട്ടത്തിനുമുന്‍പില്‍ ഞാന്‍ പണ്ടാറടങ്ങി.

എന്ത് പഠിപ്പ് .. കാലത്ത് ആറരക്ക് എഴുന്നേറ്റ് ആര്‍ക്കോ വേണ്ടി പല്ലും മുഖവും കഴുകി ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്ന് റബ്ബര്‍ ബാന്‍ഡില്‍ നിന്നും പുസ്തകങ്ങളെ മുക്തരാക്കി തെക്കോട്ടും വടക്കോട്ടും പോകുന്ന ബസ്സുകളുടെ കണക്കും കല്ലൊര കമ്പനിയിലേക്ക് പോകുന്ന ലലനാമണികളുടെ ടാബുലേഷന്‍ ജോലികളും തന്നെ. ഇടയ്ക്ക് ‘ഡാ..’ എന്ന് ചെറിയച്ചന്‍ വിളിക്കുമ്പോള്‍ അടുത്ത പേജ് മറിക്കും. ഒന്‍പതുമണിയോടെ വഴിനീളെ കാണുന്ന മൂവ്വാണ്ടന്‍, വളോര്‍, മുത്തുകുടിയന്‍ മാവുക്ളിലും കോഴി, പശു, എരുമ, നായ എന്നീ ജീവികളില്‍ ബൌളിങ് അഭ്യാസവും നടത്തി പത്തുമണിയോടെ പ്യൂണ്‍ ഔസേപ്പേട്ടന്‍ മൂന്നാം മണിയടിക്കുമ്പോഴാണ് ക്ലാസ്സിലെത്തുന്നത്. ഉച്ചകഴിഞ്ഞും തഥൈവ. വൈകീട്ട് രാവുണ്ണിനായരുടെ കടയില്‍ നിന്നും അന്‍പതു പൈസയ്ക്ക് കടുക് വാങ്ങാന്‍ പോയാല് പത്തുപൈസക്ക് കടുകും ബാക്കി പൈസക്ക് എനിക്ക് തോന്നിയതുമാണ് കണക്ക് (തോന്നിയതെന്നാല്‍ കപ്പലണ്ടി മുട്ടായിയും ചോന്ന മുട്ടായിയും മാത്രം) അത്രയ്ക്കും ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും മുറ്റിനിന്നിരുന്ന എന്നെയാണ് ചെറിയച്ചന്‍ ആസ്ഥാന പാല്‍ക്കാരനായി അവരോധിക്കുന്നത്.

ആദ്യ ദിവസം ആറരമണിയോടെ എല്ലാം ദൈവത്തിലര്‍പ്പിച്ച് ഞാന്‍ ജോലിക്കിറങ്ങി. ഒരു തുണി സഞ്ചിയില്‍ കല്യാണിയുടെ മൂന്ന് കാലിയായ ബോട്ടിലും അതിനു പറ്റിയ കോര്‍ക്കും.

വഴിയിലിറങ്ങിയപ്പോഴാണ് കൂരെറപ്പായിചേട്ടനും മറിയാമ്മചേടത്തിയാരുമടങ്ങുന്ന സംഘം ഏഴുമണിയുടെ കുര്‍ബാനയ്ക്ക് പ്രദക്ഷിണമായി ഇറങ്ങിയിരിക്കുന്നത് കാണുന്നത്.
‘എവ്ടേയ്ക്കാ കുട്ട്യേ കാലത്തന്നെ...’ കൂരേറപ്പായേട്ടന്‍ ചോദിച്ചു. സാധാരണ ആ സമയത്ത് അമ്മ പുണ്യാഹം തെളിക്കുന്ന ശബ്ദമാണല്ലോ കൂരെറപ്പായേട്ടന്‍ കേള്‍ക്കാറുള്ളതെന്നോര്‍ത്തു.

‘മ്മടെ പറപ്പൂക്കാരന്റെബടക്ക് ...പാല് വേടിക്കാനേയ്..’

പറപ്പൂക്കാരന്റെ വീടിന്റെ മുന്‍ വശം വിശാലമായ പൂന്തോട്ടമാണ്. അതിന്റെ ഒരു വശത്ത് ഒരു നടപ്പാതയുണ്ട്. അതിലൂടെയാണ് വീടിന്റെ പിന്നിലേക്ക് പോകുന്നത്. അങ്ങനെ നടന്നുപോകുമ്പോഴാണ് എന്റെ മനം കുളിര്‍പ്പിച്ചുകൊണ്ട് ഒരു കാഴ്ച കാണുന്നത്. മതിലിനോട് ചേര്‍ന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു ചാമ്പമരം, തൊട്ടടുത്ത് ഒരു ലൂവിക്കമരം പിന്നെ ഒരു നാരകം. അതിനുമപ്പുറത്ത് ചെറിയ ഒരു പ്രിയോര്‍ മാവ്.

ദൈവമേ നീ എന്നെ ഏദന്‍ തോട്ടത്തിലേക്കാണോ വിട്ടിരിക്കുന്നത് ?
പരിസരം ഒന്ന് പരതിയ ശേഷം മെല്ലെ ചാമ്പമരത്തിന്റെ അടുത്ത് ചെന്നു .
ചാമ്പക്കായ്കള്‍ എന്നെ മാടി മാടി വിളിക്കുന്നതായി തോന്നി.
ഒരു ചാമ്പക്കായ് പൊട്ടിക്കാനായി കയ്യുയര്‍ത്തിയപ്പോഴാണ് ഒരു മുരള്‍ച്ച കേട്ടത്.
തിരിഞ്ഞുനോക്കിയപ്പോഴാണ് അവന്‍ എന്നെ തന്നെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായത്.
ബുള്‍ഡോസര്‍ കണക്കെ ഒരു നായ.
ഒരു നാലടി പൊക്കവും അതിനൊത്തവണ്ണവുമുള്ള വെളുത്ത ചുള്ളന്‍. കൂട്ടിനകത്താണ്. സമാധാനം. എന്നാലും ഇതുവരെ മുരളാതെ ഞാനിത് പൊട്ടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു അവന്‍.

ഞാന്‍ വീണ്ടു ചാമ്പക്കായ് പൊട്ടിക്കാനായി കൈയുയര്‍ത്തി. പിന്നെ അവന്‍ മുരണ്ടില്ല.
കൂട്ടില്‍ നിന്ന നില്‍പ്പിലൊന്ന് ചാടി. പിന്നെ ചെവിപൊട്ടുമാറുച്ചത്തില്‍ ഒരു കുര .
ഒന്നുമറിയാത്ത ഭാവത്തില്‍ ഞാന്‍ തിരിച്ചു നടന്നു.
അപ്പോഴാണ് പിന്നില്‍ നിന്നും വര്‍ഗ്ഗീസേട്ടന്റെ മൂത്ത പുത്രന്‍ വരുന്നത് കണ്ടത്.
‘ടൈഗര്‍... ‘ എന്നുറക്കെ വിളിച്ചപ്പോള്‍ അവന്‍ കുര നിര്‍ത്തി. പിന്നെ എന്നെ നോക്കി ഒരു വികൃതമായ സ്വരമുണ്ടാക്കി.,
‘നിന്നെ പിന്നെ കണ്ടോളാം ..’ എന്നായിരിക്കുമോ ടൈഗര്‍ പറഞ്ഞത് ?
പിന്നെ കൂട്ടിനുള്ളില്‍ ‍ ഒന്നുവട്ടം തിരിഞ്ഞ് അവന്‍‍ അവിടെ കിടന്നു.
ദൈവമേ, ഈ നായ ഇനി ഇതൊക്കെ പറഞ്ഞ് പ്രശ്നമാക്കുമോയെന്ന സംശയവുമായി ഞാന്‍ പാലും വാങ്ങി അന്നത്തെ ടാസ്ക് ശുഭപര്യവസാനിപ്പിച്ചു.

അന്നു രാത്രി ഉറക്കത്തില്‍ , ഇങ്ങനെ ഏദന്‍ തോട്ടത്തിലൂടെ പഴങ്ങളൊന്നും പറിക്കാതെയുള്ള ഈ യാത്ര നിരര്‍ത്ഥകമാണെന്ന് പിശാച് എന്റെ മനോമുകുരത്തില്‍ കോറിയിട്ടു.

പിറ്റേന്നു കാലത്തും ‘ഓപ്പറേഷന്‍ ചാമ്പക്ക’ ക്കുള്ള രണ്ടാം ശ്രമത്തിലും ടൈഗര്‍ മുരണ്ടു. ഞാന്‍ പിന്‍ വലിഞ്ഞു. പിന്നെ കലി കയറി, ഒരു ചെറിയ കല്ലെടുത്ത് ഒരു ബൌളിംഗ് പ്രാക്റ്റീസ് നടത്താനും മറന്നില്ല. ടൈഗര്‍ ‘കൈ.. കൈ.. ‘ എന്ന മധുരമനോഹരമായ ഒരു പാട്ടു പാടി കുര പഴയതിനേക്കാള്‍ ശൌര്യത്തോടെ തുടര്‍ന്നു.

അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായി പിന്നിട്ടു.

ഈസ്റ്റര്‍ കഴിഞ്ഞ ഒരു തിങ്കളാഴ്ച ദിവസം.
പതിവുപോലെ കാലത്ത് പാല്‍ സഞ്ചിയുമായി മോണിംഗ് വാക്കിനിറങ്ങി. പറപ്പൂക്കാരന്റെ വീട്ടിലെത്തി ടൈഗറിന്റെ കൂടിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അവന്‍ ‍ കൂട്ടിലില്ല.
ഹാവൂ സമാധാനം.
മനസ്സമാധാനമായി ‘ഓപ്പറേഷന്‍ ചാമ്പക്ക’ നടത്താമല്ലോയെന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. മെല്ലെ ചാമ്പ മരത്തിന്റെ ആ സുഖ ശീതളിമയിലേക്ക് നടന്നടുത്തു.

അപ്പോഴാണ് ഓര്‍ത്തത് ചാമ്പക്ക പൊട്ടിച്ചാല്‍ തന്നെ എങ്ങനെ കടത്തും ? സഞ്ചിയിലിടാന്‍ പറ്റില്ല. പാല്‍ കുപ്പിയില്‍ നിറക്കുമ്പോള്‍ വര്‍ഗ്ഗീസേട്ടന്റെ പണിക്കാരാരെങ്കിലും കണ്ടാല്‍ നാണക്കേടാവും.
തലയില്‍ പല ഐഡിയകളും ഒരുമിച്ച് മിന്നി.

അങ്ങനെയാണ് മടക്കിക്കുത്തിയ മുണ്ടില്‍ ഇടാമെന്ന് തീരുമാനിച്ചത്. പിന്നെ മെല്ലെ ചാമ്പമരത്തിനടുത്തെത്തി . നിറയെ കായ്കകള്‍. ചുവന്നു തുടുത്തു നില്‍ക്കുന്നു. തൊട്ടുരിയാടാതെ ആദ്യത്തെ ചാമ്പക്കായ് പറിച്ചു.
എന്തൊരു ഭംഗി.
വര്‍ഗ്ഗീസേട്ടന്‍ ഇത് പൊട്ടിക്കാതെ നിര്‍ത്തിയിരിക്കുന്നത് എനിക്കുവേണ്ടിയായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി.
പെട്ടന്നാണ് അകലെ ഒരു മിന്നായം പോലെ ഒന്ന്. എന്തോ വെളുത്തുരുണ്ട് ഒരു സാധനം പറന്നു വരുന്നു.
ടൈഗറല്ലേ അത്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു മുരള്‍ച്ചയോടെ അവന്‍ പാഞ്ഞു വന്നു.
ഈ പിശാചിനെ കെട്ടിയിട്ടിരുന്നില്ലേ ..
പിന്നോട്ട് ഓടണോ എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു. പാല്‍ക്കുപ്പിയടങ്ങിയ തുണിസഞ്ചി താഴെയിട്ടു. പിന്നിലേക്ക് കുറെ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ളത് ചാമ്പ മരത്തിനടുത്തുള്ള മറ്റൊരു മരത്തിനടുത്തുള്ള ആറടി പൊക്കമുള്ള മതിലാണ്. ഞാന്‍ ഓടീ , പിന്നാലെ ടൈഗറും. ഞാന്‍ ഓടി മരത്തില്‍ കയറി. കയറിയപ്പോഴാണറിഞ്ഞത് ഇത് ആ നാരകത്തിന്റെ മരമല്ലേ. അവിടവിടെയായി മുള്ളുകള്‍. ഭാഗ്യത്തിന് ദേഹത്തൊന്നും കൊണ്ടില്ല. പിന്നെ സൈഡിലെ മതിലിലേക്ക് എങ്ങിനെയൊക്കെയോ വലിഞ്ഞു കയറി. അപ്പുറത്തേക്ക് ചാടുന്നതിനു മുന്‍പ് തിരിഞ്ഞു ഒന്ന് നോക്കി. ‍ ടൈഗറിനെ കാണുന്നില്ല.
എന്റെ മുണ്ടും.
ദൈവമേ..

സൂക്ഷിച്ച് നോക്കിയപ്പോള്‍ മരത്തിന്റെ മറുവശത്ത് ‍ ടൈഗറിന്റെ പിന്‍ കാലുകള്‍ കണ്ടു.
ഞാന്‍ മതിലില്‍ അള്ളിപ്പിടിച്ചിരുന്നു. തല ചെരിച്ച് ഒന്നുകൂടി നോക്കി.
വലതു കാലുകള്‍ കൊണ്ട് എന്റെ മുണ്ട് നിവര്‍ത്തുവാന്‍ ശ്രമിക്കുകയാണ് ടൈഗര്‍. ഇനി ഈ നായ മുണ്ടുടുക്കുന്ന നായയിരിക്കുമോ ?
അതോ ഞാന്‍ പൊട്ടിച്ചു വെച്ച ചാമ്പക്കായ തൊണ്ടിയായി എടുത്ത് കേസ് ചാര്‍ജ്ജ് ചെയ്യാനാവുമോ ?

ഒരു നിമിഷം ഞാന്‍ നിര്‍ന്നിമേഷനായി നോക്കി.
പിന്നെ ടൈഗര്‍ ‘ശ് ര്‍... ‘ എന്ന ശബ്ദത്തോടെ എന്റെ മുണ്ടിനെ പിച്ചി ചീന്തി.

എന്താ ഈ നായയ്ക്ക് തലക്ക് വട്ടായോ.

അതോ ഈ നായ മുന്‍ ജന്മത്തില്‍ വല്ല കോണ്‍ഗ്രസ്സുകാരനായിരുന്നോ എന്റെ ഈ ചുവന്ന മുണ്ട് ഇങ്ങനെ പീസ് പീസാക്കാന്‍.
ഇനിയും അവിടെ നിന്ന് എന്റെ മുണ്ടിനെ ഈ കശ്മലന്‍ നശിപ്പിക്കുന്നത് കാണാനുള്ള മനസ്സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് മതിലില്‍ നിന്നും അടുത്ത് ഇടവഴിയിലേക്കിറങ്ങി.

അപ്പൊഴാണ് ഓര്‍ത്തത് ഇനി എങ്ങനെ ഈ വഴിയിലൂടെ പോകും.
അവളുടെ രാവുകളിലെ പ്രമാദമായ ഒരു പൊസിഷനിലാണ്. വി.ഐ.പിയുടെ അണ്ടര്‍വെയറും കടന്ന് ഷര്‍ട്ട് താഴെക്കിറങ്ങിയിരിക്കുന്നു.
ചുറ്റും നോക്കി. ആരെയും കാണുന്നില്ല.
ഇനി ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. എത്രയും പെട്ടന്ന് വീടെത്തണം. സൂര്യന്‍ നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് റിട്ടേണ്‍ ടിക്കറ്റെടുക്കാനുള്ള ക്യൂവിലാണ്.

ഇങ്ങനെ ഓടുകയാണെങ്കില്‍ അണ്ടര്‍ വെയറില്ലാതെ ഓടുകയാണെന്ന് തോന്നിച്ചാലോ. പിന്നെ വേറൊന്നും ചിന്തിച്ചില്ല. പേരിനുമാത്രം കുടുക്കുകള്‍ ഉള്ള ഷര്‍ട്ട് അണ്ടര്‍വെയറിനകത്തേക്ക് ഇന്‍ ചെയ്തു വെച്ചു.

മില്‍ഖാസിങ്ങിനെ മനസ്സിലാവാഹിച്ചു വെച്ചു പിടിച്ചു. സൈഡ് പിടിച്ച് ഒരു ഓട്ടം.
പാതി വഴിയെത്തിയപ്പോഴാണ് കൂരെറപ്പായേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വരുന്നത്.
ഞാന്‍ സ്പീഡ് കൂട്ടി. അവരെങ്ങാനും എന്നെ തിരിച്ചറിഞ്ഞാല്‍ മാനം കപ്പലു കയറും.
പിന്നെ ഒന്നും നോക്കിയില്ല. ഒരു സൈഡിലേക്ക് തല ചെരിച്ചുപിടിച്ച് നാവു മൂക്കിലേക്ക് വളച്ച്, നെറ്റിചുളിച്ച് പിടിച്ച് ഞാന്‍ ഓടി. , അവരെ കടന്നു. പിന്നെ സ്പീഡ് കുറച്ചു.
സമാധാനം..
പിന്നെ, വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.

കൂരേറപ്പായേട്ടന്‍ തിരിഞ്ഞു നിന്ന് അന്തം വിട്ട് എന്റേ ഓട്ടം കണ്ടുകൊണ്ടിരിക്കുകയാണ്.
‘പിള്ളേര്ടെ ഓരോ രോ ഫാഷനേയ്..’ കൂരെറപ്പായേട്ടന്‍ കുഞ്ഞിമറിയത്തോട് വിശദീകരിക്കുന്നു.
ഹാവൂ. ഒരാള്‍ക്കെങ്കിലും എന്നെ മനസ്സിലാക്കാന്‍ പറ്റിയല്ലോയെന്ന ആശ്വാസത്തോടെ കൂരെറപ്പായേട്ടനു ഒരു ‘തംസ് അപ്പ്’ കൊടുത്ത് മെല്ലെ നെഞ്ചും വിരിച്ച് ഞാന്‍ വീട്ടിലേക്ക് നടന്നു.

അതിനു ശേഷം ചെറിയച്ഛന്‍ എന്നില്‍ നിന്നും ആസ്ഥാന പാല്‍ക്കാരനെന്ന പട്ടം തിരിച്ചു വാങ്ങുകയും ചുവന്ന മുണ്ട് എനിക്കൊരു അലര്‍ജ്ജിയാവുകയും ചെയ്തത് ചരിത്രം.

42 comments:

കുറുമാന്‍ said...

പുതിയ ഫാഷന്‍ അസ്സലായി മേന്നെ. ചുവന്ന മുണ്ട് ഇപ്പോഴും അലര്‍ജി തന്നേയാണോ?

asdfasdf asfdasdf said...

‘പുതിയ ഫാഷന്‍’ ഫാഷന്‍ ഡിസൈനര്‍മാര്‍ക്കായി പുതിയ പോസ്റ്റ്. :)

ആഷ | Asha said...

ഹ ഹ
ചിരിപ്പിച്ചു കൊല്ലാനാണോ പരിപാടി?
അവസാനഭാഗങ്ങള്‍ ചിരി കാരണം നന്നായി വായിക്കനൊത്തില്ല.
ഒന്നൂടേ വായിക്കട്ടെ

Unknown said...

ഈ മുണ്ടും പാല്‍ക്കാരും തമ്മില്‍ പണ്ടേയുള്ള ശത്രുതയാണല്ലേ? ഞാന്‍ ഒമ്പതിലോ പത്തിലോ പഠിയ്ക്കുമ്പോള്‍ പൊതുവേ വീട്ടില്‍ ബര്‍മുഡയൊക്കെയാണേങ്കിലും ചില ദിവസം അഛന്റെ ലുങ്കിയോ മുണ്ടോ അടിച്ച് മാറ്റി ഉടുക്കും. ജസ്റ്റ് ഫോര്‍ ഏ ചേഞ്ച്.

വേള്‍ഡ് കപ്പ് ഫുഡ്ബോളും ക്രിക്കറ്റും പണ്ടേ നമ്മുടെ വീക്നസ്സാണല്ലൊ. അങ്ങനെ ഒരു ലോകകപ്പ് കാലത്ത് രാത്രി 3 മണിയ്ക്ക് കളിയും കണ്ട് ഉമ്മറത്ത് ടിവിയുടെ മുന്നില്‍ കിടന്ന് ഉറങ്ങിയതാണ് ഞാന്‍. രാവിലെ അമ്മയുടെ അടിയും കിട്ടിയാണ് എണീക്കുന്നത്. ഉടുത്തിരുന്ന മുണ്ട് ഒരു പത്തടി ദൂരത്ത് കിടപ്പുണ്ട്. നമ്മള്‍ ‘വി.ഐ.പി‘യായി വിശാലമായി ഉറങ്ങുകയായിരുന്നു. അടി കിട്ടിയ കാരണം പിന്നെ അനിയത്തി പറഞ്ഞാണ് അറിഞ്ഞത്.

പാല്‍ കൊണ്ട് വരുന്ന പെണ്‍കുട്ടി എന്റെ കിടപ്പ് കണ്ട് ഞെട്ടി ഓടി വീണ് തലപൊട്ടി പോലും.അതില്‍ പിന്നെ വീട്ടില്‍ എനിക്ക് ബര്‍മുഡയാണ് യൂണിഫോം. ദാ ഈ നാട്ടില്‍ പോക്കിന് ഇടാന്‍ നാല് ബര്‍മുഡ ഇന്നലെ വാങ്ങിയതേയുള്ളൂ. :-)

asdfasdf asfdasdf said...

അത് നല്ല തീരുമാനം തന്നെ. നാട്ടിലെ ടെയിലര്‍മാര്‍ക്ക് ട്രെയിലര്‍ പാകത്തിലുള്ള ബര്‍മൂഡ ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ പ്രശ്നമാവുമല്ലോ..:)

പുള്ളി said...

നല്ല വിവരണം..തല ചെരിച്ച് നാവ് മുകളിലെയ്ക്ക് വളച്ച് പിടിച്ച് നെറ്റി ചുളിച്ചുള്ള ആ ഓട്ടം മനസ്സില്‍ കണ്ട് നല്ലവണ്ണം ചിരിച്ചു...
കുട്ടികളുടെ ഓരോ പേഷനാലിറ്റികളേയ്...

മുസ്തഫ|musthapha said...

"...അതോ ഈ നായ മുന്‍ ജന്മത്തില്‍ വല്ല കോണ്‍ഗ്രസ്സുകാരനായിരുന്നോ..."

നായകളുടെ കടി വാങ്ങിച്ചേ അടങ്ങൂല്ലേ :)

കൂട്ടാ... നല്ല രസികന്‍ വിവരണം :))

Kaithamullu said...

ടൈം മെഷീനില്‍ കയറി ഏറെ പിറകോട്ട് പോയ പോലെ..വായിച്ച് കഴിഞ്ഞപ്പ ദാ വീണ്ടും ഫയലുകള്‍ക്ക് പിന്നില്‍!
-ടൈഗറിന്റെ കുര‍യുടെ “എക്കോ” പ്രതിധ്വനിക്കുന്നുണ്ടോ?

വേണു venu said...

എന്‍റെ മേനോനെ, ഇന്നു് നേരം വെളുത്തതിനു ശേഷം ഒന്നു ചിരിക്കാതിരിക്കുമ്പോഴാണു് ഈ ഓട്ടം.
ടൈഗറിനെ കാണുന്നില്ല.
എന്റെ മുണ്ടും.
ഇനി ഈ നായ മുണ്ടുടുക്കുന്ന നായയിരിക്കുമോ ?
ഹാഹാ...മെനോനെ ....
നായയും മുണ്ടുടുക്കും മേനോനെ.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മേനോന്‍ ചേട്ടോ “ഈ നായ മുന്‍ ജന്മത്തില്‍ വല്ല കോണ്‍ഗ്രസ്സുകാരനായിരുന്നോ എന്റെ ഈ ചുവന്ന മുണ്ട് ഇങ്ങനെ പീസ് പീസാക്കാന്‍.


കിടിലം. ചുവന്ന മുണ്ടെന്നു വച്ചാല്‍ കാവി മുണ്ടല്ലേ ലുങ്കിയല്ലാലൊ?

ഓടോ:
ദില്‍ബൂ ഇപ്പോഴാ മനസ്സിലായത് ഇവിടെ ചിലരൊക്കെ ചില ടൈഗര്‍ മാരെ ബര്‍മുഡയിട്ട് പഠിപ്പിക്കുന്നുണ്ടെന്ന് കേട്ടത് സത്യാന്ന്. നീ സൂക്ഷിച്ചോ ചാമ്പക്ക പൊട്ടിക്കാന്‍ വരുമ്പോള്‍.

അശോക് കർത്താ said...

മേന്നെ, ഒരു അന്താരാഷ്ട്ര വ്യവഹാരത്തിനു സ്കോപ്പുണ്ടല്ലോ! അന്നത്തെ ഫാഷനു പേറ്റെന്റ്‌ എടുത്തിട്ടുണ്ടോ? അതു പരിഷ്കരിച്ചാണു സൂപ്പര്‍മാന്റെ കോസ്റ്റ്യൂം ദിസൈന്‍ ചെയ്തതു എന്ന് വിശ്വസിനീയമായ അറിവ്‌ കിട്ടിയിട്ടുണ്ട്‌. ജോണ്‍ ആനന്ദിനേയോ മീലിയോ ഫ്യൂച്ചിക്കിയേയോ നമുക്കൊന്ന് കണ്‍സള്‍ട്ട്‌ ചെയ്ത്‌ നോക്കാം. എന്താ?

Anonymous said...

ചുമ്മാ. ഇതൊക്കെ പുളുവല്ലെ. മേനോന്‍ ചേട്ടന്റെ ഒരോ തമാശകളു. ഇതിലും വലിയൊരു കക്ഷി ഗുരുവായൂരു മഞ്ഞക്കോണകവും ചുറ്റി നില്‍പ്‌ തുടങ്ങിയിട്ടു കാലമെത്രയായി. പിന്നാ....

:: niKk | നിക്ക് :: said...

ചുവപ്പ് വീശി പ്യാടിപ്പിക്കട്ടായോ???

സുപ്പര്‍മാനായ് വിരാജിക്കയരുന്നല്ലേ ;)

P Das said...

:D

അപ്പു ആദ്യാക്ഷരി said...

ടൈഗര്‍ ‘കൈ.. കൈ.. ‘ എന്ന മധുരമനോഹരമായ ഒരു പാട്ടു പാടി കുര പഴയതിനേക്കാള്‍ ശൌര്യത്തോടെ തുടര്‍ന്നു.

മേനോന് ഹാസ്യവും നന്നാ‍യി വഴങ്ങും ... അല്ലേ? ഇഷ്ടായി.

Sathees Makkoth | Asha Revamma said...

മേന്‍‌നേ,
ഫാഷന്‍ പോകുന്ന പോക്കേ...
കലികാലം.
നന്നായി മേന്‍‌നേ. നന്നായി.

Roy said...

oru vattam koodi thiriye poya pole...
sarva mavilum kalleriyanum...
kadikkatha nayude polum kadi vanganum license undayirunna balyathilekku...

വിനുവേട്ടന്‍ said...

പിന്നെ വേറൊന്നും ചിന്തിച്ചില്ല. പേരിനുമാത്രം കുടുക്കുകള് ഉള്ള ഷര്ട്ട് അണ്ടര്വെയറിനകത്തേക്ക് ഇന് ചെയ്തു വെച്ചു.
ഒരു ഓട്ടക്കാരന്റെ രൂപം സ്വയം മനസ്സിലാവാഹിച്ചു വെച്ചു പിടിച്ചു. സൈഡ് പിടിച്ച് ഒരു ഓട്ടം. എന്നിട്ട്‌ അല്‍പ്പം മാറി നിന്ന് എന്നെ ആരെങ്കിലും മനസ്സിലാക്കിയോ എന്ന ആ നോട്ടം ഉണ്ടല്ലോ... അതു കലക്കി മേന്‍നേ...

സാജന്‍| SAJAN said...

നിങ്ങളിങ്ങനെ മനുഷ്യരെ ചിരിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ?
കലക്കീട്ടുണ്ട്..
:)

Navi said...

രാവിലെ ഓഫീസില്‍ എത്തിയിട്ടു ആദ്യം നോക്കുന്നതു ഓര്‍ക്കൂട്ട് ആണ്.. അപ്പോഴാണ് മെസ്സേജ് ക്ണ്ടത്.. വേഗം ബ്ലോഗ് നോക്കി... ഇന്നത്തെ തുടക്കം നന്നായീ...കഥ വായിച്ച് നന്നായി ചിരിച്ചു. ഇനി ജോലി ചെയ്യാന്‍ നല്ല മൂഡ്..

കലക്കീട്ട്‌ണ്ട് ട്ടാ ഗഡീ....

mydailypassiveincome said...

മേന്നെ,

അപ്പോ ആള് ഒരു വി. ഐ. പി. ആണല്ലേ? രാവിലെ തന്നെ വായിച്ച് ചിരിവരുന്നു :) മതിലില്‍ കയറിപ്പറ്റിയത് ഭാഗ്യം.

asdfasdf asfdasdf said...

'ഇതിലും വലിയൊരു കക്ഷി ഗുരുവായൂരു മഞ്ഞക്കോണകവും ചുറ്റി നില്‍പ്‌ തുടങ്ങിയിട്ടു കാലമെത്രയായി.' പാല്‍ക്കാരി, അങ്ങേരെ വെറുതെ വിട്ടേക്കൂ.

ഏറനാടന്‍ said...

കുട്ടന്‍ മേനോന്‍സിനൊരു പാട്ട്‌ ഡെഡിക്കേയ്‌റ്റ്‌ ചെയ്യട്ടെ:

"രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ലാ
................
എന്നും അവളുടെ രാവുകള്‍.."

Mubarak Merchant said...

തകര്‍ത്തു മേന്നേ..
ചിരിച്ചു മരിച്ചു ഞാന്‍..
പിന്നെ ഈസ്റ്ററല്ലേന്നോര്‍ത്ത് ഉയിര്‍ത്തെഴുന്നേറ്റു :)

Siju | സിജു said...

:-)

അരവിന്ദ് :: aravind said...

അസ്സലായിരിക്കുന്നു!!
:-)

കുതിരവട്ടന്‍ | kuthiravattan said...

:-)

തമനു said...

അസലായി മേന്‍‌നേ ...

മുണ്ടു പറിഞ്ഞുപറിഞ്ഞു പോകുന്നതിന്റെ ടെന്‍ഷന്‍ അറിയാവുന്നോണ്ട് പറയുവാ ... കുറേക്കാലത്തേക്ക്‌ സങ്കടവും, നാണക്കേടും ഒക്കെ തോന്നിയിരുന്നില്ലേ...? ഇപ്പോ ഓര്‍ക്കുമ്പൊ ചിരി വരും..

എന്തായാലും ഈ പോസ്റ്റ് കസറി

K.V Manikantan said...

മേനനേ,
ചുവപ്പുലുങ്കികള്‍ മൂടിക്കിടക്കുന്ന വീഐപ്പീകളാണ് ചില ഓര്‍മ്മകള്‍!
നൈസ് ;):)

Rasheed Chalil said...

കൂരേറപ്പായേട്ടന്‍ തിരിഞ്ഞു നിന്ന് അന്തം വിട്ട് എന്റേ ഓട്ടം കണ്ടുകൊണ്ടിരിക്കുകയാണ്.
‘പിള്ളേര്ടെ ഓരോ രോ ഫാഷനേയ്..’ കൂരെറപ്പായേട്ടന്‍ കുഞ്ഞിമറിയത്തോട് വിശദീകരിക്കുന്നു.

കലക്കി മേനോനേ... ആ ഓട്ടം ഞാന്‍ കണ്ടു.

സുല്‍ |Sul said...

hehehe mEnne
aa Ottam njaanum kanTu. Superman naaNicchupOkum :)

-sul

ഇടിവാള്‍ said...

ഹഹ, ഇതിപ്പഴാ കണ്ടതു മാഷേ!

“ഇപ്പൊഴത്തെ പിള്ളേരുടെ ഒരു ഫാഷനേ” ആ കമന്റ് ക്ഷ രസിച്ചു!

അല്ലാ, ഏദന്‍ തോട്ടത്തില്‍ ഹവ്വ ഉണ്ടായിരുന്നില്ലേ... വി.ഐ.പി ആദത്തിനെ കാണാതിരുന്നതു ഭാഗ്യം!

അനൂപ് അമ്പലപ്പുഴ said...

അവിടെ വലിയ പണി ഒന്നുമില്ലന്നു തോന്നുന്നു/ഇങ്ങനെ പോയല്‍ അറബി ചവിട്ടി പുറത്താക്കാന്‍ അധിക സമയം വേണ്ടിവരില്ല http://anoopamz.blogspot.com/

sandoz said...

മേനനേ......കലക്കി......ടൈഗര്‍ പുരാണം കൊള്ളാം...പാലുവാങ്ങാന്‍ പോണ പിള്ളേരേ ഇങ്ങനെ പട്ടികള്‍ ഓടിച്ചിടണത്‌ ഒരു നിത്യസംഭവം ആണല്ലേ........പക്ഷേ ഈ പട്ടികള്‍ക്കു ഒരു വൃത്തികെട്ട സ്വഭാവം ഒണ്ട്‌...പാലുവാങ്ങാന്‍ പോണ പെമ്പിള്ളേരെ ഇതുങ്ങള്‍ ഓടിച്ചിടൂല്ലാ...നമ്മുടെ നാട്ടിലെ ആണ്‍പ്രജകള്‍ക്കു ഒരു രക്ഷക ഇമേജ്‌ കിട്ടാന്‍ ഇവറ്റകള്‍ സമ്മതിക്കൂല്ലാ..

asdfasdf asfdasdf said...

ടൈഗറിന്റെ ഇതിഹാസം വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

padmanabhan namboodiri said...

അസ്സലായി .
രസകരമായ അവതരണം.ഒരു ചെറു സംഭവം മനോഹരമായി എങനെ അവതരിപ്പിക്കാമെന്നതിന്റെ നല്ല ഉദാഹരണം.ടൈഗര് മനസ്സിലുണ്ടു.ബുള്ഡോസര്‍ കണക്കെ നായ.നല്ല ഉപമ.

G.MANU said...

Menon ji........Super

നിമിഷ::Nimisha said...

ഹ ഹ ഹ ഇതിപ്പോഴാ കണ്ടത്:) മേനോന്‍ ജിയുടെ പോസ്റ്റ് വായിച്ച് പൊട്ടിയ ചിരി ഒരു കണക്കിന് കണ്ടോള്‍ ചെയ്ത് വന്നപ്പോഴാ ദില്‍ബൂന്റെ കമന്റ്റ് കണ്ടത്...രണ്ടാളും കൂടി ചിരിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയിരിയ്യ്ക്കുകയാണല്ലേ?

Pramod.KM said...

ഹഹ.
ഷറ്ട് ഇന്‍ ചെയ്തു അല്ലേ...
രസിച്ചു;)

asdfasdf asfdasdf said...

പ്രിയ പദ്മനാഭന്‍ നമ്പൂതിരി, മനു,നിമിഷ, പ്രമോദ് എല്ലാവര്‍ക്കും വന്നെത്തിയതിനു നന്ദി, നമോവാകം.

ek_rajan said...

ha..ha..ha. kalakki mannea. vayichu chrichu chirichu vayaru vedanikkunnu

സുല്‍ |Sul said...

രണ്ടു വര്‍ഷത്തിനു ശേഷം ഒരു പോസ്റ്റിനു കമെന്റ്റിട്ടാല്‍ പുളിക്കുമോ?

-സുല്‍