തുടര്‍ച്ചയായി ഡക്കിനു പുറത്തുപോകുന്ന ബാറ്റ്സ്മാന്റെ മനോനിലയിലായ താവുണ്ണിമാഷ്ക്ക് മൂന്നു തവണ തുടര്‍ച്ചയായി ഏല്യാമ്മ പെണ്‍ തരികളെ സമ്മാനിച്ചതിനുശേഷം, ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ കുന്തം കണ്ട് അന്തം വിട്ടു നിന്നു പ്രാര്‍ത്ഥിച്ചിട്ടാണ് ഒരു ആണ്‍ തരിയുണ്ടാകുന്നത്. ഇടപ്പള്ളി പള്ളിയില്‍ കോഴിയെ പറത്തി ജോര്‍ജ്ജുകുട്ടിയെന്ന് പേരിട്ടതിനാലാവാം തുടക്കം മുതല്‍ തന്നെ പക്ഷി മൃഗാദികളോട് ജോര്‍ജ്ജുകുട്ടീക്ക് ഒരു വല്ലാത്ത ഇഷ്ടം. തത്ഫലമായി വീട്ടിലെ കോഴികളുടെയും താറാവിന്റെയുമൊക്കെ എണ്ണം നാള്‍ക്കു നാള്‍ കൂടി വന്നു. ഈ നിലക്ക് പോയാല്‍ താവുണ്ണിമാഷെന്ന തന്നെ ‘കോഴിമാഷെ‘ന്ന് വിളിക്കാനധികം സമയം വേണ്ടിവരില്ലെന്ന് മുന്‍ കൂട്ടി കണ്ടതുകൊണ്ടാവണം തുടര്‍ന്നുവന്ന നൊയമ്പു വീടലിനു കോഴിയും താറാവുമെല്ലാം താവുണ്ണിമാഷ് വീട്ടിലെയും അടുത്ത ബന്ധുക്കളുടെയും മേശപ്പുറത്തെത്തിച്ചു.
അതുകൊണ്ട് ജോര്‍ജ്ജുകുട്ടി പത്താം തരം ലാവിഷായി പാസായി സര്‍ട്ടിറ്റും വാങ്ങി ടൌണിലെ കോളജില്‍ അഡ്മിഷനും നേടി. സെക്കന്റ് ഗ്രൂപ്പെടുത്ത് മൈലിപ്പാടത്തെ തവളപിടുത്തവും (സൌകര്യം കിട്ടിയാല്‍ കുറച്ച് മീനും ) പിസി തോമാസിന്റെ എന്റ്രന്‍സിലെത്തിനോട്ടവും കിഴക്കുമ്പാട്ടുകരയിലെ ഷാപ്പുസന്ദര്‍ശനവും കഴിഞ്ഞപ്പോള്‍ പ്രീഡിഗ്രി ലാവിഷായി തോറ്റു. അവിടെ താവുണ്ണി മാഷ് അടിയറവ് പറഞ്ഞു. പിന്നെ നീയ്യായി നിന്റെ പാടായി എന്ന ലൈനിട്ടു.
അഞ്ചേക്കര്‍ തെങ്ങിന്‍പറന്‍പുള്ള താവുണ്ണിമാഷുടെ തൊടി, ജോര്‍ജ്ജ് കുട്ടിയെ ‘മടിച്ചു നില്‍ക്കാതെ കടന്നുവരൂ കടന്നു വരൂ’ യെന്ന് മാടി വിളിച്ചു. തെങ്ങുകള്‍ക്കിടയിലെ ഇടച്ചാലില്‍ ജോര്‍ജ്ജുകുട്ടി മീന്‍ വളര്‍ത്തല്‍ തുടങ്ങി. ഇടയില്‍ കാര്‍ഷിക വാഴ്സിറ്റിയില്‍ നിന്നും മീന്‍ വളര്‍ത്തലില്‍ ഒരു ഡിഗ്രിയും എടുത്തു. മീന്‍ വളര്‍ത്തല്‍ പറമ്പ് മുഴുവനായി, പേരെടുത്തു. അങ്ങനെ മന്ദം മന്ദം താവുണ്ണിമാഷുടെ മകന്‍ എന്ന നിലയില്‍ നിന്നും ‘മീന്‍കാരന്‍ ജോര്‍ജ്ജുട്ടി’ എന്നതിലേക്ക് വളര്‍ന്നു.
ഈ ജോര്‍ജ്ജുകുട്ടിയുടെ അടുത്തേക്കാണ് തന്റെ അസിസ്റ്റന്റെ കം പ്രധാന പറമ്പ് കിളക്കാരനായ കോന്നപ്പന്‍ വശം കൊച്ചുറോമേട്ത്തിയാര് തന്റെ ഹൈ പ്രയോറിട്ടി മെയില്‍ കൊടുത്തയച്ചത്. സന്ദേശം വായിച്ച് ജോര്‍ജ്ജുട്ടി സന്ദേഹത്തോടെ നിന്നു. കൊച്ചുറോമേട്ത്തിക്ക് കുറച്ച് മീന്‍ കുഞ്ഞുങ്ങളെ വേണം. തന്നെ എന്നും കുറ്റം പറയാറുള്ള കൊച്ചുറോമേട്ത്തിക്ക് ഇന്നെന്തുപറ്റി.
കൊച്ചുറോമേട്ത്തിക്ക് ഒരാണ്‍ തരിയും രണ്ടു പെണ് തരിയുമാണുള്ളത്. ആണ്‍ തരിക്ക് പ്രശ്നങ്ങളുണ്ടാക്കാതിരിക്കാന്‍ പെണ്‍ തരികള്‍ രണ്ടിനേയും ദുബായിക്കാരെക്കൊണ്ട് കെട്ടിച്ച് നാടുകടത്തി. അപ്പന്‍ ബ്ലേഡ് നടത്തിയുണ്ടാക്കിയ കാശുകൊണ്ട് ജോസുകുട്ടി പ്ലാസ്റ്റിക് കമ്പനി തുടങ്ങി. പത്രാസൊന്നും കുറയ്ക്കാതിരിക്കാന്‍ വലിയ ഷെഡും മെഷിനറിയും കൊണ്ടുകയറ്റി. വെള്ളത്തിന് രണ്ടു വലിയ ടാങ്കും പണിതു. മൂന്നാം മാസം വന്ന ഇലക്ട്രിസിറ്റി ബില്ല് കണ്ട് കൊച്ചുറോമേട്ത്തിയാരും ജോസുകുട്ടിയും സീറ്റും കാറ്റും പോയ സൈക്കിളില്‍ കയറിയിരുന്ന മൂഡിലായി. പ്ലാസ്റ്റിക് കമ്പനി ഇത്രയും ഇലക്ട്രിസിറ്റി വലിച്ചൂറ്റുമെന്ന് അന്നാണ് മനസ്സിലായത്. അടുത്ത മൂന്നുമാസം എലികള്‍ പ്ലാസ്റ്റിക്കു കമ്പനി തിന്നുതീര്‍ത്തു. ബാങ്കുകാര്‍ വീടിനുമുന്നില്‍ ലക്ഷമണ രേഖ വരച്ചപ്പോള്‍ ജോസുകുട്ടിയെ പെങ്ങന്മാര്‍ ദുബായിക്ക് പൊക്കി.
അങ്ങനെ കൊച്ചുറോമേട്ത്തിയാരും ജോസിന്റെ കെട്ടിയോളും കുടുമ്മത്ത് കുറ്റിയടിച്ചിരിക്കുമ്പോഴായിരുന്നു കൊച്ചുറോമേട്ത്തിക്ക് വിളിതോന്നിയത്.
ഫ്ലാറ്റായി കിടക്കുന്ന വെള്ളടാങ്കില്‍ എന്തുകൊണ്ട് മീന്‍ കൃഷി തുടങ്ങിക്കൂടാ ? എങ്ങനെയെങ്കിലും അമ്മായിയമ്മയെ മെയ്യനപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന മരുമോളും, മരുമോളെ സീരിയലു കാണിപ്പിക്കില്ലെന്ന വാശിയുള്ള കൊച്ചുറോമേട്ത്തിയാരും അങ്ങനെയാണ് ഈ വിഷയത്തില്‍ ഒരു വട്ടമേശ സമ്മേളനം നടത്തിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ അന്‍പത് മുശുക്കുഞ്ഞുങ്ങളെ മീന്‍കാരന്‍ ജോര്‍ജുട്ടിയുടെ കയ്യില്‍ നിന്നും വാങ്ങാം. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മാര്‍ക്കറ്റ് അനാലിസിസിന് അടുത്ത വീട്ടിലെ തങ്കമ്മയ്ക്ക് പ്രോജക്റ്റ് റിപ്പോര്‍ട്ട് കൈമാറി. അന്‍പത് മീനിന് ചെലവ് 10 രൂപ. വലുതായാല്‍ കിലോക്ക് 100 രൂപവെച്ച് ഒരു മീനിന് 200 രൂപയെങ്കിലും കിട്ടും. 50 എണ്ണത്തിന് പതിനായിരം.
ഡിങ്കി ഡിങ്കാ..
തങ്കമ്മ സമീപത്തെ വീടുകളില്‍ സര്‍വെ നടത്തി അടുത്ത നൊയമ്പു വീടലിന് മീന്‍ പിടിക്കാവുന്ന തരത്തില്‍ ഷെഡ്യൂളുണ്ടാക്കി കൊച്ചുറോമേട്ത്തിക്ക് കൈമാറി തന്റെ കണ്‍സള്‍ട്ടന്‍സി ഫീസും വാങ്ങി.
പത്തു ദിവസം പ്രായമായ അന്‍പത് മുശുക്കുഞ്ഞുങ്ങളെ കൊച്ചുറോമേട്ത്തി വാങ്ങി ടാങ്കിലിട്ടു. വളരെ സ്നേഹത്തോടെ അവ ടാങ്കില്‍ വാണു.
ഒരു ദിവസം തീറ്റ കൊടുക്കുമ്പോഴാണ് കൊച്ചുറോമേട്ത്തിയാരുടെ കൈ അറിയാതെ ടാങ്കിലെ വെള്ളത്തില്‍ തൊട്ടത്. എന്തു കൊടുത്താലും അവ വെട്ടിവിഴുങ്ങിക്കൊള്ളുമെന്ന വിലപ്പെട്ട ടിപ് കൊച്ചുറോമേട്ത്തിക്ക് ലഭിച്ചതും അന്നുതന്നെയായിരുന്നു. ഒരാഴ്ചയെടുത്തു കയ്യിലെ മുറിവ് ഉണങ്ങിക്കിട്ടാന്‍.
പിറ്റേന്ന് മുതല്‍ കോന്നപ്പന്‍ ഇറച്ചിക്കടയില്‍ നിന്നും ബോട്ടിയും മറ്റ് വിറ്റാമിനുള്ള സാധനങ്ങളും ലോഡുകണക്കിന് കൊണ്ടു വന്ന് കൊച്ചുറോമേട്ത്തിയാരുടെ ഉമ്മറത്ത് ചൊരിഞ്ഞു തുടങ്ങി.
കൊച്ചുറോമേട്ത്തിയാരും മരുമോളും അതുമുഴുവന്‍ വൃത്തിയാക്കി വെട്ടിക്കൂട്ടി മീനുകള്‍ക്ക് സപ്ലൈ ചെയ്യും. മീനുകള്‍ ബീഫും മട്ടനുമടിച്ച് യാതൊരു ഡയറ്റ് കണ്ട്രോളുമില്ലാതെ കുട്ടപ്പന്മാരായി വളര്‍ന്നു. ഓരൊന്നും 2 കിലോക്ക് മേലെ തൂക്കവുമായി.
ക്രിസ്തുമസ് അടുത്തുതുടങ്ങി. കൊച്ചുറോമേട്ത്തി കോന്നപ്പനെയും തങ്കമ്മയെയും പബ്ലിസിറ്റിക്ക് വിട്ടു, 24ആം തീയതി എല്ലാ മീനിനെയും പിടിച്ച് വില്‍ക്കുന്നതായിരിക്കും എന്ന് വിളംബരം ചെയ്തു.
24-ആം തീയതി കട്ടിയും ത്രാസുമായി കാലത്ത് തന്നെ കോന്നപ്പന്‍ ഹാജരായി. പതിനൊന്നുമണിയായിട്ടും ആരും വന്നില്ല. അറ്റ്ലീസ്റ്റ് സെയിത്സ് പ്രമോട്ടറായ തങ്കമ്മ പോലും വന്നില്ല. രണ്ടും കല്‍പ്പിച്ച് കൊച്ചുറോമേട്ത്തി തങ്കമ്മയുടെ വീട്ടിലെത്തിയപ്പോഴാണറിയുന്നത് തങ്കമ്മ മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരിക്കുകയാണെന്ന്.
ഇങ്ങനെ ഒരു കരിങ്കാലിപ്പണി ചെയ്യുമെന്ന് കൊച്ചുറോമേട്ത്തിയാരുടെ കുരുത്തം കെട്ട ഒരു സ്വപ്നത്തിലും കണ്ടിട്ടുണ്ടായിരുന്നില്ല. റാപ്പ് താളത്തില്‍ നാലഞ്ച് തെറികള്‍ ഘോരഘോരം എറിഞ്ഞിട്ടുകൊടുത്ത് കൊച്ചുറോമേട്ത്തി സമാധാനം കൊണ്ടു.
തിരിച്ച് വന്നപ്പോഴാണ് കോന്നപ്പന്‍ തന്റെ വെളിപാട് അയവിറക്കുന്നത്, ഒന്നര കിലോയേക്കാള്‍ കൂടുതലുള്ള മുശുവിന് ടേസ്റ്റുണ്ടാവില്ലെന്നും അത് കഴിച്ചാല്‍ പെട്ടന്ന് വണ്ണം വെക്കുമെന്നും തലേന്ന് തന്നെ തങ്കമ്മ അയല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പബ്ലിസിറ്റി നടത്തിയിരുന്നെന്ന്.
പിന്നെ കൊച്ചുറോമേട്ത്തി, മുശുവിനുള്ള ഡയറ്റ് മീലന്വേഷിച്ച് മീന്‍ കാരന്‍ ജോര്‍ജ്ജുട്ടിയുടെ ഫോണ്‍ കറക്കി.
Sunday, February 11, 2007
Subscribe to:
Post Comments (Atom)
26 comments:
“എങ്ങനെയെങ്കിലും അമ്മായിയമ്മയെ മെയ്യനപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന മരുമോളും, മരുമോളെ സീരിയലു കാണിപ്പിക്കില്ലെന്ന വാശിയുള്ള കൊച്ചുറോമേട്ത്തിയാരും അങ്ങനെയാണ് ഈ വിഷയത്തില്‍ ഒരു വട്ടമേശ സമ്മേളനം നടത്തിയത്.“
കൊച്ചുറോമേടത്തി കലക്കി മേന്നെ.
മീങ്കറിക്ക് തേങ്ങാ നല്ലതാ.
‘ഠേ.........’
-സുല്‍
ഹാഹ.കോഴി മാഷു് കൊള്ളാം.ചിരിക്കാന്‍ മേനോന്‍സു് മേമ്പൊടികള്‍ ധാരാളം.
ഓ.ടൊ.
വലിയ മീനില്‍ കൊഴുപ്പു് കൂടുതലുണ്ടെന്നു് പറയുന്നതു ശരിയാണോ.?
കലക്കി മേന്നേ, കലക്കി.
അന്നാലും ആ തങ്കമ്മ എന്തിനാ അങ്ങനൊരു ന്യൂസ് ഇളക്കി വിട്ടത്?
സെയില്‍സ് പ്രമോട്ടര്‍ തങ്കമ്മ എന്തിനാ അങ്ങിനെയൊരു പാര വെച്ചത്!
മേന്ന്നേ... നന്നായിരിക്കുന്നു :)
കൊച്ചുറോമേടത്തിയും മരുമോളുംകൂടി ‘വെട്ടിക്കൂട്ട്’ മാത്രമല്ലാ പരിപാവനമായ എല്ലാ അവശിഷ്ടവസ്തുക്കളും മീനിനു തീറ്റയായി കൊടുക്കുന്നുണ്ടെന്നാണല്ലോ തങ്കമ്മ ഞങ്ങടെ വീട്ടില്‍ പറഞ്ഞത്.
മേനന്റെ ഒരു നിശബ്ദാരാധകനാണ് ഞാന്‍ :-)
ഉഗ്രന്‍ സാധനം!
മണ്ണിന്റെ മണമുള്ള, നാടന്‍ നര്‍മ്മത്തിന്റെ രുചിയുള്ള , മനസ്സില്‍ തങ്ങുന്ന കഥകള്‍...
അതിനനുസരിച്ചുള്ള ഒഴുക്കുള്ള എഴുത്ത്...
പവര്‍ ഓഫ് സിംപ്ലിസിറ്റി എന്ന് ഏതോ സായിപ്പ് പറഞ്ഞത് ഓര്‍മവരുന്നു.
നാടും നാട്ടുവര്‍ത്തമാനവും കഥകളും പിന്നത് എഴുതാനും അറിയുന്നത് ഒരു പുണ്യം തന്നെ!
മേന്യോ .. അസ്സലായി ട്ടോ .. രസായിട്ടങ്ങട് വായിച്ചു
വേണുട്ടാ .. എന്താ സംശയം വലിയ മിനിന് ഉമ്മീണി കൊഴുപ്പുണ്ട് അതോണ്ടല്ലേ ബല്യമീനായ തിമിംഗലത്തിന് ഉമ്മിണി കൊഴുപ്പ്
ഞാന്‍ ഓടി ........
മേനോന്‍സ്, എന്നിട്ട് “ഡയ്റ്റ്” ഫുഡ് കിട്ട്യോ?
കഥ രസായിട്ടോ ;)
മേന്നേ...
നല്ല സുഖമാ തന്റെകഥ വായിക്കാന്‍.
എങ്ങനെയെങ്കിലും അമ്മായിയമ്മയെ മെയ്യനപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന മരുമോളും, മരുമോളെ സീരിയലു കാണിപ്പിക്കില്ലെന്ന വാശിയുള്ള കൊച്ചുറോമേട്ത്തിയാരും
റാപ്പ് താളത്തില്‍ നാലഞ്ച് തെറികള്‍ ഘോരഘോരം എറിഞ്ഞിട്ടുകൊടുത്ത്
ആ ഉപമകളൊക്കെ നല്ല ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങളും, ആശംസകളും
ഇത് മീന്‍കാരന്‍ ജോര്‍ജ്ജ്‌കുട്ടിയുടെ "പണി"യാവാനെ തരമുള്ളു, മേനനെ..
കൃഷ് | krish
വേണുജി, മീനില്‍ കൊഴുപ്പല്ല, കൊഴപ്പമാണുള്ളത്.
മേന്നേ, നമുക്ക് മീന്നെ, ബാര്‍ ബേ ക്യൂ വക്കാംന്നേ.......
കൊച്ചുറോമേടത്തി - പേര് കലക്കി. വെള്ളടിച്ച് പറഞ്ഞാല്‍ വെള്ളി വീഴുമെന്നുറപ്പാ.
എന്തായാലും മീമി കച്ചോടം കലക്കി
ഹ..ഹ..അടിപൊളി മേനനേ...റാപ്പ് താളത്തിലുളള തെറികള്‍ :)
തങ്കമ്മ വല്ലാത്തൊരു പാര തന്നെ!
നല്ല കഥ..മീനിന്റെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ, മേന്‍നേ..
ഹഹ, കഥ അടിപൊളിയായി കേട്ടോ. ഇതുകേട്ടിട്ടു കുറെ മീന്‍കറി ഇന്നു വരുത്തിക്കഴിക്കാന്‍ തോന്നുന്നു. മുശുക്കുഞ്ഞുങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ മുഷി എന്നും മുഴി എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.
മേനോന്‍ജീ ഇത് കലക്കി.
ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ കുന്തം കണ്ട് അന്തം വിട്ടു നിന്നു പ്രാര്‍ത്ഥിച്ചിട്ടാണ് ഒരു ആണ്‍ തരിയുണ്ടാകുന്നത്.
narmam directly from heart..not from brain.........kalakki kuttimenne
നല്ല സൂഖോണ്ട് വായിക്കാന്‍.
മേനോനെ, കൊച്ചുറോമേട്ത്തി പിന്നെ ആ മീനൊക്കെ എന്തു ചെയ്തു? ആ ഏരിയിലങ്ങാനായിരുന്നെങ്കി, അതു ഗമ്പ്ലീറ്റ് ഞാന്‍ വാങ്ങിയേനെ.
(തങ്കമ്മ പറഞ്ഞതൊക്കെ വെറും അന്ത വിശ്വാസങ്ങളെല്ലെ!)
കലക്കുന്നുണ്ട്.
എന്റെ മേന്‍നേ,
കാറ്റില്ലാത്ത സൈക്കിളിലിരിക്കാം; സീറ്റില്ലാത്തതില്‍..... വയ്യ മേന്‍ നേ, അതെന്നെക്കൊണ്ടു ചെയ്യിക്കല്ലെ മേന്‍നേ.
മുശുവിന്റെ തൊലി മാറ്റി വരഞ്ഞ് നല്ല കാന്താരിമുളകും ഉപ്പും മഞ്ഞളും കൂടി തിരുമ്മിക്കേറ്റി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ മൂപ്പിച്ച് അതിലിട്ടു ശീ ശീ ശീ ന്ന്........ കൂടെ കുത്തരിച്ചോറും പരിപ്പുകറീം പപ്പടം കാച്ചീതും കൂടി ഉണ്ടെങ്കില്‍....
ചാത്തനേറ്: “ഡിങ്കി ഡിങ്കാ..“ മൂപ്പരു നമ്മടെ കൂട്ടുകാരനാ മാന്യദേഹത്തിന്റെ പേര്‍് ഇവിടെ വലിച്ചിഴച്ചതിനു നഷ്ടപരിഹാരം വേണം...
ഓടോ:
മേനോന്‍ സാബ് കഥ അടിപൊളി...
കൊച്ചുറോമേട്ത്തിയെ വായിച്ചനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി. അടുത്ത നോയമ്പൂവീടലും കാത്ത് ചേടത്തി ഇന്നും മീനുകളെ വളര്‍ത്തി പരിപാലിക്കുന്നു. ജോര്‍ജ്ജുകുട്ടീ, ഞാനിതിവിടെ പറഞ്ഞില്ലെങ്കില്‍ വേറൊരാളിതു പറയും.
അല്ല...മേനനേ.......ഇതില്‍ പൊട്ടിക്കാത്ത ഒരു സസ്പെന്‍സ് ബാക്കി കിടപ്പുണ്ടല്ലോ........തങ്കമ്മേടെ രൂപത്തില്‍...അവരെന്തിനാ ഒപ്പം നിന്നിട്ട് ആ കരിങ്കാലി പണി കാണിച്ചേ.......
സന്‍ഡോസേ,തങ്കമ്മയുടെ കഥ പിന്നെ പറയാം. സമയം ങ്ങനെ കെട്ക്ക്വല്ലേ..
Post a Comment