Monday, October 09, 2006

പ്രാഞ്ചിയേട്ടനും വിപഞ്ചികയും

വടുക്കൂട്ടെ പ്രാഞ്ചിയേട്ടന്‍, ‘വിപഞ്ചിക’ തീയറ്റേഴ്സിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കഥ, സംഭാഷണം മുതല്‍ പ്രധാന നടനും, സൌകര്യം കിട്ടിയാല്‍ നാഷണല്‍ ഹൈവെയില്‍ വെള്ളക്കുമ്മായമടിച്ച് കറുപ്പിലും ചുവപ്പിലുമായി ‘വിപഞ്ചികയുടെ അടുത്ത നാടകം മോഹങ്ങളെ വിട തരൂ..’ എഴുതുന്നതു വരെ പ്രാഞ്ചിയേട്ടനാണ്.

ഒരു തവണ ഇങ്ങനെ ഒരു എഴുത്തിനിരിക്കുമ്പോഴാണ് നാഷണല്‍ ഹൈവെയിലെ മതിലായ മതിലെല്ലാം ‘35 എം.എം. സിനിമ, കഥാപ്രസംഗം, നാടകം എന്നിവയ്ക്ക് സമീപിക്കുക.. പൂനം റഹിം’ എന്ന് ചറപറാ എഴുതി നടക്കുന്ന പൂനം റഹിമിന്റെയും സംഘത്തിന്റെയും കൈക്കരുത്ത് അറിഞ്ഞത്. ഒഴിവുള്ള മതില് കിട്ടാതാവുന്ന മുറക്ക് പൂനത്തിനെ ചുവരെഴുത്തുകള്‍ക്ക് മീതെ ‘വിപഞ്ചിക‘യുടെ പക്ഷിക്കൂട്ടം കാഷ്ടിച്ചു കൂട്ടിയാല്‍ പൂനത്തിന് പൂശാതെ വയ്യല്ലോയെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാവാം പ്രാഞ്ചിയേട്ടന്‍ ചുമരെഴുത്തിനിരിക്കല് നിര്‍ത്തി. പിന്നീടത് കൈക്കരുത്തും മെയ്ക്കരുത്തുമുള്ള കൂച്ചാത്തി രാജു സ്വയം ഏറ്റെടുത്ത് നടത്തി. കൂച്ചാത്തി രാജു നാലാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. പക്ഷെ എഴുത്തില്‍ മിടുക്കനായിരുന്നു. അതുകൊണ്ടു തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനടുത്ത് വിപഞ്ചികയുടെ ചുവരെഴുത്ത് ഇങ്ങനെയായിരുന്നു.
‘വിപഞ്ചിക തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ നാകടം മോഹങ്ങളേ വടി തരൂ...’. ഇതു തിരുത്തിയെഴുതാന്‍ പോയ പ്രാഞ്ചിയേട്ടന് രണ്ടു ദിവസം പേരാമംഗലം സ്റ്റേഷനില്‍ എസ്.ഐ. ചാക്കപ്പന്റെ മുന്നില്‍ ഒറ്റക്ക് ആ നാടകം മുഴുവന്‍ കളിക്കേണ്ടി വന്നുവെന്നത് മറ്റൊരു കഥ.

വിപഞ്ചികയുടെ ഓഫീസ് കം പ്രാക്റ്റീസ്, സ്കൂളിന്റെ മുന്നിലെ കൊച്ചുമാത്തേട്ടന്റെ ചായപ്പീടികയുടെ മുകളിലാണ്. പള്ളിക്കാരുടെ ഒരു പഴയ കെട്ടിടമാണത്. കൊച്ചുമാത്തേട്ടന്റെ ചായപ്പീടികകൂടാതെ ഒരു ചെരിപ്പുകടയുമുണ്ട് അതില്‍. അതിന്റെ മുകളിലാണ് പള്ളിയിലെ പല പുരാതനവസ്തുക്കളും എടുത്തുവച്ചിരിക്കുന്നത്. അതിന്റെ ബാക്കി സ്ഥലമാണ് വിപഞ്ചികയുടെ ബുക്കിങ് ഓഫീസ് കം പ്രാക്ടീസ്. സാധാരണ നാടകപ്രാക്ടീസ് തുടങ്ങുന്നത് വൈകീട്ട് ഒരു അഞ്ച് അഞ്ചരയോടെയാണ്. ഇതു തുടങ്ങിയാല്‍ പിന്നെ കൊച്ചുമാത്തേട്ടന് പിശാചിനെ കണ്ട കുട്ടിച്ചാത്തന്റെ സ്വഭാവമാണ്. വിപഞ്ചികയുടെ ഓരോ ഡയലോഗിനും സിംബലടിക്കും കൊച്ചുമാത്തേട്ടന്റെ ചായയിലും പരിപ്പുവടയിലുമെല്ലാം കെട്ടിടത്തിന്റെ ശക്തിയുള്ള കുമ്മായമാണ് പള്ളീലച്ചന്‍ അന്നീതവെള്ളം തെളിച്ചുകൊണ്ടുപോകുന്നതു പോലെ വിതറുന്നത്.

‘ഡാ.. നിര്‍ത്തടാ നിന്റെ കോ.. ലെ നാടകം.. %#$#$$ മോനെ ഇറങ്ങിവാടാ താഴ്ത്ത്..’
കൊച്ചുമാത്തേട്ടന്‍ പുറത്തിറങ്ങി നിന്നു കീറും.

ഈ വിളികേട്ടാല്‍ അനുസരണയുള്ള ഒരു %#$#$$ മോന്‍ താഴെയിറങ്ങും.
‘എന്താ അപ്പാ..’ എന്നും പറഞ്ഞ് കൊച്ചുമാത്തേട്ടന്റെ സ്വന്തം വിത്ത്.
തോമാസേട്ടന്‍.

സ്വന്തം മകന്‍ ഇങ്ങനെയ്ങ്കിലുമൊന്ന് രക്ഷപ്പെടട്ടെയെന്ന് വിചാരിച്ചായിരിക്കണം കൊച്ചുമാത്തേട്ടന്‍ പിന്നെ ഒന്നും മിണ്ടാതെ വളരെ മനസ്സമാധാനത്തോടെ അടുത്ത ചായക്കുള്ള കാര്യങ്ങള്‍ നോക്കാന്‍ പോകും. കൊച്ചുമാത്തേട്ടന്റെ തത്വമസിയനുസരിച്ച് തോമാസേട്ടന്‍ നാടകത്തിലെ പ്രധാന നടനെന്നാണ്. ഭുമിയില്‍ കണ്ടാണശ്ശേരി ലീലാമ്മയുള്ളിടത്തോളം കാലം പ്രാഞ്ചിയേട്ടനായിരിക്കും നായകന്‍.
പിന്നെ സഹനടന്മാര്‍ . അതിന് അക്ഷരശുദ്ധിയുള്ള ആണ്‍പിള്ളേര്‍ വേറെയുള്ളപ്പോള്‍ തോമാസേട്ടന് കര്‍ട്ടന്‍ പണി തന്നെ. ഒരു തവണ മാത്രമേ അതിനൊരു മാറ്റം വന്നുള്ളൂ.
അന്ന് നായികയുടെ അച്ഛനായി അഭിനയിക്കേണ്ട വാറുണ്ണിച്ചേട്ടന്‍ വേറെ എന്തോ അത്യാവശ്യകാര്യത്തിന് പോകാനുള്ളതുകൊണ്ട് വരാനായില്ല. അന്ന് കാലത്ത് പ്രാഞ്ചിയേട്ടന്‍ വെന്തുരുകി കൊച്ചുമാത്തേട്ടന്റെ ചായക്കടയിലിരുന്ന് കട്ടന്‍ ചായ വണ്‍ ബൈ വണ്ണായി വലിച്ച് കേറ്റിക്കൊണ്ടിരുന്നു.
അപ്പോഴാണ് കൊച്ചുമാത്തേട്ടന്‍ തന്റെ ഐഡിയ അറിയിച്ചത്.
‘നീയ്യെന്തിനാണ്ടാ പ്രാഞ്ചിയേ വിഷമിക്കണത് . ന്റ മോന്‍ തോമാസുട്ടീ ഇല്ലേ.. നീയവന് കൊടുക്ക് വാറുണ്ണീടെ ഡയലോഗ്..’
ചൂരക്കാട്ടുകര അമ്പലമാണ് സ്റ്റേജ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈക്കരുത്ത് കാണിക്കുന്ന നാടാണ്. അഡ്വാന്‍സും വാങ്ങി നാടകം നടന്നില്ലെങ്കില്‍ നേരം വെളുക്കുന്നതിനു മുന്‍പ് നാടുവിടേണ്ട അവസ്ഥയാണ്.
ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പ്രാഞ്ചിയേട്ടന്‍ കൊച്ചുമാത്തേട്ടന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു.
പ്രാഞ്ചിയേട്ടനും തോമാസേട്ടനു സ്ക്രിപ്റ്റുമായി മുകളിലേക്ക് പോയി. നാലോ അഞ്ചോ ഭാഗത്തേ തോമാസേട്ടന് റോളുള്ളൂ. പത്തൂം പന്ത്രണ്ടും തവണ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചു.

അന്ന് അവസാനത്തെതിനു രണ്ടു രംഗം മുന്‍പുള്ള രംഗത്തില്‍ ,സ്റ്റേജില്‍ നിന്ന് തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു.
‘എടി മാധവീ... ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം..’
കരഞ്ഞുകൊണ്ട് തോമാസേട്ടന്റെ മുന്നില്‍ മാപ്പുപറയേണ്ട നായികയായ ലീല പൊട്ടിച്ചിരിച്ച് മൂക്കുകുത്തി.

അതുതന്നെയായിരുന്നു തോമാ‍സേട്ടന്റെ അവസാനത്തെ സ്റ്റേജും.

വാല്‍ക്കഷണം : ദുബായിലെ ജെബല്‍ അലിയില്‍ കുന്തോം കൊടച്ചക്രോം ഉണ്ടാക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ഇതും വായിച്ച് എന്റെ മെക്കിട്ട് കയറാന്‍ വന്നാല്‍ ബാക്കിയുള്ള കഥകളും ഇതുപോലെ വറുത്ത് പൊടിച്ച് മുഖത്തേക്കെറിയും. ജാഗ്രതൈ.

22 comments:

asdfasdf asfdasdf said...

ഒരു ചെറിയ പോസ്റ്റിടുന്നു. ‘രചന., സംവിധാനം.. ബിജുക്കുട്ടന്‍’

Rasheed Chalil said...

പത്തൂം പന്ത്രണ്ടും തവണ കാണാപ്പാഠം പഠിച്ച് പോയ അന്ന് സ്റ്റേജില്‍ നിന്ന് തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു
‘എടി കുടലേ.. ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം....


മേനോനേ ബാല്യകലത്തിന്റെ നിഷ്കളങ്കത വരച്ചിട്ട മനോഹരമായ വരികള്‍. അസ്സലായി

ഇടിവാള്‍ said...

1 --- ഡാ.. നിര്‍ത്തടാ നിന്റെ കോ.. ലെ നാടകം.. %#$#$$ മോനെ ഇറങ്ങിവാടാ താഴ്ത്ത്..’
കൊച്ചുമാത്തേട്ടന്‍ പുറത്തിറങ്ങി നിന്നു കീറും.
ഈ വിളികേട്ടാല്‍ അനുസരണയുള്ള ഒരു %#$#$$ മോന്‍ താഴെയിറങ്ങും.

2----‘എടി കുടലേ.. ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം....


മേന്ന്നേ‌ :നല്ല പോസ്റ്റ്കേട്ടോ... ഇതു വായിച്ചപ്പോ, സ്കൂളവധിക്കു ഞ്ഞങ്ങളും അമ്മാവന്റെ പിള്ളേര്‍ഴ്സെല്ലാം കൂടി ചോറും മാങ്ങാക്ക്കറീയും വച്ചു കളിച്ചതോര്‍ത്തു.

അവസാനം അമ്മ വീട്ടില്‍ വച്ച ചോറ് ബാക്കി വന്നു ! ഓര്‍മ്മകള്‍ ! ഓര്‍മ്മകള്‍!

ഇടിവാള്‍ said...

ആ.. 1.. 2 .. എന്നു മാര്‍ക്കു ചെയ്ത ഭാഗങ്ങളെത്തിയപ്പോള്‍, ചിരി നിയന്ത്രിക്കാനായില്ല ! അതെഴിതാന്‍ മറന്നു നേരത്തെ കമന്റിയപ്പോള്‍ !

മുസ്തഫ|musthapha said...

“...തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു
‘എടി കുടലേ.. ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം..’
അതുതന്നെയായിരുന്നു തോമാ‍സേട്ടന്റെ അവസാനത്തെ സ്റ്റേജും...” കലക്കന്‍ :)

ഹ ഹ ... നല്ല അവതരണം മേന്ന്നേ...

പുരകെട്ടു കഴിഞ്ഞാല്‍, കരിയോലയും വെച്ച് കെട്ടി സ്റ്റേജും നാടകവും ഒക്കെ തന്നെയായിരിക്കും കുറേ ദിവസം - സ്കൂള്‍പൂട്ടിന് തന്നേര്ക്കും പുരകെട്ട്.
നന്ദി മേന്ന്നേ... ഓര്‍മ്മകള്‍ക്കിട്ടാലാറാം വെച്ചതിന് :)

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോള്‍ സ്‌കൂള്‍ നാടകത്തില്‍ മാഷു പ്രോംറ്റു പറഞ്ഞു( കര്‍ട്ടണുപിറകില്‍ നിന്നു ഡയലോഗു സഹായിക്കുക)കൊടുക്കുന്നത്‌ തെറ്റിക്കേട്ട്‌ പ്രാണനാഥാ പിണക്കമാണോ? എന്നതിനു പകരം “പ്രാണനാഥാ പിണ്ണാക്കു വേണോ?”
എന്നു ചോദിച്ച തമാശ ഓര്‍മ്മ വന്നു.

സുഗതരാജ് പലേരി said...

നാടകം അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടതു തന്നെ. ഈ പോസ്റ്റ് ആ ബാല്യകാല സ്മരണകളുണര്‍ത്തി.
ഞാനും ഇളയമ്മയുടെ പിള്ളേര്‍ഴ്സെല്ലാം കൂടി ശാസ്ത്ര സാഹിത്യ പരിഷിത്തിന്‍റെ തെരുവു നാടകങ്ങളില്‍ നിന്നും പ്രചോദനം‍കൊണ്ട് ഒരുപാട നാടകം കളിച്ചിരുന്ന്‌. എല്ലാം 'Backstage' പ്രൊഗ്രാംസ് ആയിരുന്ന്‌.

asdfasdf asfdasdf said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

അല്ല മേന്‍ന്നേ..

അയിനുമാത്രം ഇപ്പ ഇവടെ എന്തരു നടന്നൂന്നാ ?

ബൂലോഗത്തെ ചിലര്‍ എഴുത്തു നിര്‍ത്തിയപോലെ? അതാരൊക്കെയാ മേന്‍ന്നേ ? സ്വയം ഒന്നു അപ്‌ഡേറ്റഡ്‌ ആവാനാ കേട്ടോ !


മേന്‍ന്റെ കഥകള്‍ പോരട്ടെ .. ഞങ്ങളു കുറച്ച്‌ ആരാധകര്‍ ഇവിടെ വായിക്കാനുണ്ടേ ! എഴുത്ത്‌ നിര്‍ത്തണമെങ്കില്‍ ഞങ്ങളു വിളിച്ചു കൂവാം ! ഇപ്പോ വേണ്ടാ !

വളയം said...

ഓര്‍മ്മകളില്‍ പിടിച്ചൊന്ന് കുലുക്കിയല്ലോ മേന്‍‌ന്നേ...
നന്നായി. നന്ദി.

ഒരുപാട് റേഡിയോ നാടകങ്ങളില്‍ അഭിനയിച്ച നടി ഒരിക്കല്‍ സ്‌റ്റേജില്‍ മരിച്ചു വീഴുന്ന ഭാഗം ചെയ്ത. മരിച്ചു വീണപ്പൊഴാണ് ഒരു സംശയം. സാരി പൊങ്ങിപ്പൊയോന്ന്. ഉടനെ സാരി പിടിച്ച് നേരെയിട്ടു എന്നത് കേട്ട കഥയാണ്.

വേണു venu said...

നാടകം എനിക്കും ഇഷ്ടമായിരുന്നു.മെനോനെ നിങ്ങള്‍ എന്‍റെ ഓര്‍മ്മകളെ ഉലച്ചിരിക്കുന്നല്ലോ.ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകത്തിന്‍റെ പേരു് “ഒരു ചിത്രം പൂര്‍ത്തിയായി” എന്നതു് ഞങ്ങളുടെ സം‌വിധായക ശിരോമണി രണ്ടു് പ്രാവശ്യം “ഒരു ചിത്രം പൂത്രിയായി“ എന്നു് അനൌണ്‍സു ചെയ്തപ്പോള്‍ മൂന്നാമതു പറയാന്‍ അവസരം കൊടുക്കാതെ കൂക്കു വിളികളുടെ നടുവില്‍ ആരോ മൈക് തിരിച്ചു വാങ്ങി.
നന്നായിരിക്കുന്നു മെനോനെ.

അലിഫ് /alif said...

സ്കൂള്‍നാടക സ്‌മരണകള്‍ അയവിറക്കാന്‍ ഉതകിയ ഒരു പോസ്റ്റ്. കരീം മാഷിന്റെ കമന്റുകൂടി വായിച്ചപ്പോള്‍ ‍ മറ്റൊരു പ്രോം‌പ്റ്റിംഗ് കഥ ഓര്‍മ്മ വന്നു. റിഹേഴ്സല്‍ നടത്തി നടത്തി പഴകിയ സ്ക്രിപ്റ്റ് നടുവേകീറിയപ്പോള്‍ പ്രോം‌പ്റ്ററുടെ ആത്മഗതം ഉച്ചത്തിലായിപ്പോയി; സദസ്യര്‍ കേട്ടത്
“ പ്രാണനാഥാ എന്റെ കീറിപ്പോയി..!!”

sreeni sreedharan said...

വിപഞ്ചിക തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ നാകടം മോഹങ്ങളേ വടി തരൂ...’.
ഹ ഹ ഹ
കിടിലന്‍...

ബിന്ദു said...

മോഹങ്ങളെ.. വടി തരൂ... =))ചിരിച്ചു ചിരിച്ചു മരിച്ചു ഞാന്‍.:)ഒരു വടി കിട്ടിയിരുന്നെങ്കില്‍.....

മനോജ് കുമാർ വട്ടക്കാട്ട് said...

പഴയൊരു കോളെജ്‌ നാടകം ഓര്‍ത്തുപോയി-
'കാറ്റത്താടുന്ന തെങ്ങോലകള്‍'

Adithyan said...

കൊള്ളാം മേന്‍ന്നേ :)

- ‘എങ്കിലും എന്റെ ലക്ഷ്മണാ’-യിലെ ലക്ഷ്മണന്‍.

മുല്ലപ്പൂ said...

കൊള്ളാം.
രസികന്‍ പോസ്റ്റ്.

ഓര്‍മ്മകളേ...

P Das said...

മോഹങ്ങളേ വടി തരൂ.. ആസ്വദിച്ചു..:)

സുല്‍ |Sul said...

പത്തൂം പന്ത്രണ്ടും തവണ കാണാപ്പാഠം പഠിച്ച് അതില്‍ കൂടുതലും പഠിച്ച് എന്നിട്ടും ഡയലോഗ് മറന്നതും “ഞാനൊന്നറിഞ്ഞില്ല” എന്ന മട്ടില്‍ സ്റ്റേജില്‍ നിന്ന് പോയതും ഓര്‍മ്മകള്‍....

asdfasdf asfdasdf said...

ഇത്തിരി :)
ഇടിവാള്‍ജി : സപ്പോര്‍ട്ടിനു റൊമ്പ താങ്ക്സ്
അഗ്രജാ :)
കരീമാഷ് :)
സുഗതരാജ് പാലേരി :) നാടകമേ ഉലകം
വളയം, വേണുജി, ചെണ്ടക്കാരന്‍,പച്ചാളം, ബിന്ദു, പടിപ്പുര, ആ‍ദി ,മുല്ലപ്പൂ, ചക്കര :)സുല്ലേ..കമന്റിയവര്‍ക്കും വായിച്ചവര്‍ക്കുമെല്ലാം നന്ദി.

Aravishiva said...

നല്ല രസികന്‍ നാടകം...കുട്ടഞ്ചേട്ടാ...ഇനിയും പോരട്ടെ...

Unknown said...

ഹ ഹ... മേനോഞ്ചേട്ടാ ഇത് നന്നായി.

പ്രാഞ്ചിയേട്ടന്‍ ഇവിടെത്തന്നെയുണ്ടല്ലേ? :-)