Monday, May 14, 2007

കൊച്ചാപ്പേട്ടന്റെ വഴി

എന്റെ ചെറുപ്പകാലത്ത് ‘മാര്‍ക്കറ്റിങ്’ , ‘മാര്‍ക്കറ്റ് സെഗ്മെണ്ടേഷന്‍’ തുടങ്ങീ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പുളിഞ്ചേരിപ്പടി നിവാസികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. മാര്‍ക്കറ്റിങ് എന്നത് കുണ്ടുവക്കടവ് റോഡിലെ പുളിജോസിന്റെ പച്ചക്കറികടയുടെ മുന്‍പില്‍ പെട്ടിവണ്ടിയില്‍ കൊള്ളിക്കച്ചോടം നടത്തുന്ന കൊള്ളിവര്‍ക്കി, വെള്ളം കയറിയ ട്രാന്‍സ്പൊര്‍ട്ട് വണ്ടിയുടെ ഹോണടിക്കുന്ന പോലെ ‘ഉര്‍പ്പ്യക്ക് പത്ത് ഉര്‍പ്യക്ക് പത്ത് ‘ എന്നു വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കാനുള്ള മുസലി പവര്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്കുണ്ടായിരുന്നില്ല.

എങ്കിലും കൊച്ചാപ്പേട്ടന് പുളിഞ്ചേരി അമ്മയുടെ കൃപാകടാക്ഷം കൊണ്ടാകാം അത് കൊട്ടക്കണക്കിനു കിട്ടിയിട്ടുമുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ നൂതനമായ വിഷയങ്ങളില്‍ കൊച്ചാപ്പേട്ടന്‍ പലപ്പോഴും പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്.

കൊച്ചാപ്പേട്ടന്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്ക് ഒരു ആള്‍ ഇന്‍ വണ്‍ സൊല്യൂഷന്‍ പ്രൊവൈഡറായതിനാല്‍ കുടുംബസ്ത്രീകള്‍ക്കെല്ലാം ഇഷ്ട കഥാപാത്രമായിരുന്നു. അഞ്ചടി അഞ്ചിഞ്ച് പൊക്കവും അതിനൊത്ത കുടവയറും കയ്യില്ലാത്ത ബനിയനും നട്ടുച്ചക്കുള്ള നിഴലിന്റെ അഴകുമായാല്‍ കൊച്ചാപ്പേട്ടനായി. കൊച്ചാപ്പേട്ടന്‍ ചെയ്യാത്ത പണികളില്ല. പറമ്പ് പണിയും ഓലമെടയലും തൊട്ട് പുളിജോസിന്റെ കടയിലെ പച്ചക്കറി ഇറക്കുന്ന ചാക്കര്‍ക്കിയുടെ പണിവരെ കൊച്ചാപ്പേട്ടന്‍ ചെയ്യും. എങ്കിലും കുലത്തൊഴിലെന്നു പറയാനായുള്ളത് പൂര്‍വ്വികരായി പകര്‍ന്നു കിട്ടിയിട്ടുള്ള അറവു തന്നെ.കൊച്ചാപ്പേട്ടന്റെ അനിയന്‍ തങ്കച്ചനാണ് പ്രധാന അറവുകാരന്‍.
കൊച്ചാപ്പേട്ടന്‍ വിശേഷ അവസരങ്ങളില്‍ മാത്രമേ അറവുള്ളൂ. അതും പന്നിയെ മാത്രം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ശങ്കരാന്തിക്കുമെല്ലാം നല്ല ചെലവുള്ള പന്നിയെ അറുക്കുന്നതില്‍ കൊച്ചാപ്പേട്ടന്‍ കഴിഞ്ഞെ വേറെ ആരുമുള്ളൂ. സര്‍വ്വോപരി ഒരു ക്രോണിക് ബാച്ചിയായ കൊച്ചാപ്പേട്ടനെ രഹസ്യമായെങ്കിലും കുടുംബസ്ത്രീകള്‍ , പോര്‍ക്കുകൊച്ചാപ്പേട്ടന്‍ എന്ന് വിളിച്ചും തുടങ്ങിയിരുന്നു.

ആയിടെയാണ് ഗ്രാലന്‍ കുരിയാക്കു ബ്രോയിലര്‍ കോഴി കച്ചവടം തുടങ്ങുന്നത്. ഉത്സവ സീസണുകളില്‍ വിലകുറച്ച് കുരിയാക്കു പുളിഞ്ചേരിപ്പടിക്കാരെ മുഴുവന്‍ കോഴിത്തീറ്റക്കാരാക്കി മാറ്റി.പള്ളിപ്പെരുന്നാളിനും ഈസ്റ്ററിനുമെല്ലാം കോഴിക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ കൊച്ചാപ്പേട്ടന്‍ മാര്‍ക്കറ്റിലിരുന്ന് തുണ്ടം തുണ്ടമാക്കിയ പന്നിയെ നോക്കി ഈച്ചയെ ആട്ടിയിരിക്കുന്ന അവസ്ഥയിലേക്ക് ക്രമേണ മാറിക്കൊണ്ടിരുന്നു. കുരിയാക്കൂവിനെ നാലു പൂശ്യാലോ എന്ന വെളിപാട് മനസ്സില്‍ വരാഞ്ഞിട്ടല്ല, അവന്‍ പോയാലും വേറൊരാള്‍ അവന്റെ സ്ഥാനത്ത് വരുമെന്ന സിമ്പിള്‍ മാര്‍ക്കറ്റിങ് സ്റ്റ്രാറ്റജിക്കുമുമ്പില്‍ കൊച്ചാപ്പേട്ടന്‍ മറ്റൊരു സൊല്യൂഷനുവേണ്ടി ആലോചനാകുചേലനായി.

അന്നൊരു ദുഖവെള്ളിയാഴ്ചയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ ഈസ്റ്റര്‍. പള്ളികളിലെല്ലാം കുരിശിന്റെ വഴിയും അനുതാപ പ്രാര്‍ത്ഥനകളും അരങ്ങേറുന്ന ദിവസം. ഉച്ചകഴിഞ്ഞ് നാലുമണിയോടെ ഇടവകപ്പള്ളിയില്‍ കുരിശിന്റെ വഴി ആരംഭിക്കും. പള്ളിയുടെ മുന്‍ വശത്തുള്ള ഗ്രൌണ്ടിലാണ് അത് നടത്തുക. ഓരോ ഭാഗത്തും ഏഴുവീതം ഗ്രൌണ്ടില്‍ പതിനാലു കുരിശുകള്‍ സ്ഥാപിച്ച് ഭക്തജനങ്ങള്‍ കുരിശിന്റെ വഴി നടത്തും. ഏഴാമത്തെ കുരിശിനടുത്തു തന്നെയാണ് റോഡ് സൈഡിലെ കൊടിമരം. കുരിശിന്റെ വഴി ഏഴാംസ്ഥലത്ത് എത്തിയാല്‍ കൊടിമരത്തിനടുത്ത് വെച്ച് അച്ചന്‍ വേദപുസ്തകം വായിച്ച് ഒരു പ്രസംഗം നടത്തും.

അന്നും പതിവുപോലെ കുരിശിന്റെ വഴിയിലെ പകുതിയില്‍ അച്ചന്‍‍ വേദപുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. യൂദാസ് ഒറ്റിക്കൊടുക്കുന്ന ഭാഗം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായിച്ചുകൊണ്ടിരിക്കുന്ന സമയം.

ഗ്രൌണ്ടെല്ലാം നിശബ്ദമായ സമയത്താണ് ഒരു അലര്‍ച്ച കേട്ടത്..
എല്ലാ കണ്ണുകളും കാതുകളും അലര്‍ച്ച കേട്ട ഭാഗത്തേക്ക്..
ഭൂലോകം ഇടിഞ്ഞുവീണാലും കൊന്തയിലെ പിടി തെറ്റാത്ത കുഞ്ഞുമറിയച്ചേടത്തിയും തെല്ല് അസ്വസ്ഥയായി എഴുന്നേറ്റു നിന്നു ഒരു വിഹഗവീക്ഷണം നടത്തി.

ഒരു ഉന്തുവണ്ടിയില്‍ കൊവേന്തയിലെ മൂപ്പെത്താത്ത ഒരു ശീമപ്പന്നിയെയും കിടത്തി കൊച്ചാപ്പേട്ടനും തങ്കച്ചനും മന്ദം മന്ദം നടന്നടുക്കുന്നു. ദുഖവെള്ളിയുടെ മനസ്താപം മുഴുവന്‍ ചന്ദ്രന്റെ ചാരായഷാപ്പില്‍ സന്നിവേശിപ്പിച്ചതിന്റെ പ്രസാദഭാവം കൊച്ചാപ്പേട്ടനില്‍ ത്രസിച്ചു നില്‍ക്കുന്നു. ഉന്തുവണ്ടി വലിക്കുന്ന തങ്കച്ചനു കുരിശില്‍ കിടക്കുന്ന കര്‍ത്താവിന്റെ അതേ രൂപം.
ഈ നഗരികാണിക്കലില്‍ എനിക്കൊരു പങ്കുമില്ലെന്ന ഭാവം.

രണ്ട് ശീമപ്പന്നികളെ ഒന്നിച്ച് വലിക്കേണ്ട ഗതികേടു വന്നല്ലോ കര്‍ത്താവേ എന്ന് മനസ്സില്‍ പറയുന്നതുകൊണ്ടായിരിക്കണം തങ്കച്ചന്‍ ഭീമന്‍ രഘവിനെ പോലെ പല്ലിറുമ്മിക്കൊണ്ടായിരുന്നു ഉന്തുവണ്ടി വലിച്ചുകൊണ്ടിരുന്നത്.
കപ്പടാ മീശയും വെച്ച് ഉന്തുവണ്ടി തന്നെ എവിടേക്കെങ്കിലും കൊണ്ടുപോകട്ടെയെന്ന നിസംഗതയോടെ കൊച്ചാപ്പേട്ടന്‍ പിന്നില്‍..

പന്നി ഇടക്കിടെ ചെറുതായി മുരളുന്നുണ്ട്.

‘കൊച്ചാപ്പേട്ടാ, കുരിശിന്റെ വഴി നടക്കാണ്. ശബ്ദമുണ്ടാക്കാണ്ട് പോകണം ട്ടാ..’
ഭക്തിപുരസ്സരം, റോഡിലൂടെ പോകുന്ന കാറിന്റെയും ബസ്സിന്റെയും കണക്കെടുത്തുകൊണ്ട് കുരിശിന്റെ വഴിയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന കൊമ്പന്‍ ജോയി കൊച്ചാപ്പേട്ടനോട് പറഞ്ഞു.
‘ഫര്‍.. ര്‍.. ‘ കൊച്ചാപ്പേട്ടന്‍ ഒന്നു ചീറി പിന്നെ ‘മിണ്ടാണ്ടിരിക്ക് പോര്‍ക്കേ.. ‘ എന്നു പറഞ്ഞ് പന്നിയുടെ അത്യാവശ്യം വേണ്ട ഏതോ സ്ഥലത്ത് ‍ ഒരു ചവിട്ടും കൊടുത്തു.

ഏഴാം സ്വര്‍ഗ്ഗം കണ്ട പന്നി ദിഗന്ദങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ചു.

സുവിശേഷപ്രസംഗം നടത്തിയിരുന്ന അച്ചന്‍ അതു നിര്‍ത്തി.
‘ഹാവൂ..ഈസ്റ്ററായിട്ട് കൊച്ചാപ്പേട്ടന്‍ നല്ല ഉഷാറുള്ള പോര്‍ക്കിന്യാ വെട്ടണേ..’ പുരോഹിതന്റെ തൊട്ടുപുറകിലുണ്ടായിരുന്ന തങ്കമ്മയുടെ ആത്മഗതത്തിനു ഫ്രീക്വന്‍സികൂടിയോന്നൊരു സംശയം.

ആന്റോ സൌണ്ടിന്റെ കോളാമ്പി മൈക്കിലൂടെ തങ്കമ്മയുടെ മധുരമൊഴികള്‍ ആദ്യമായി പള്ളിഗ്രൌണ്ടിലെ അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നു.

കുരിശേന്തിയ ജനസഹസ്രം ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
പുളകിത ഗാത്രനായി, സുസ്മേര വദനനായി കൊച്ചാപ്പേട്ടന്‍ അകലെ ആ സ്വരത്തിന്റെ ഉടമയെ പരതുകയായിരുന്നു.
പിന്നെ തങ്കച്ചന്‍ ഉന്തുവണ്ടി പരമാവധി സ്പീഡില്‍ വലിച്ചുകൊണ്ട് തന്റെ ദൌത്യം പൂര്‍ത്തിയാക്കി.

വാല്‍ക്കഷണം :
1. ഈ സംഭവത്തിനു ശേഷം ഇടയ്ക്കുള്ള സുവിശേഷ പ്രസംഗം ഇടവകപ്പള്ളി എന്നന്നേക്കുമായി അവസാനിപ്പിച്ചു.
2. ഒന്നിനു പകരം രണ്ടു പന്നിയെ വെട്ടിയിട്ടും ആവശ്യക്കാര്‍ ബാക്കിയായ ആ ഈസ്റ്ററിനു അരക്കിലോ പന്നിയിറച്ചി കാലത്തു തന്നെ തങ്കമ്മയുടെ വീട്ടില്‍ കൊടുത്തുവിടാന്‍ കൊച്ചാപ്പേട്ടന്‍ തങ്കച്ചനെ പ്രത്യേകം ശട്ടം കെട്ടിയിരുന്നു.

28 comments:

കുറുമാന്‍ said...

ഹാവൂ..ഈസ്റ്ററായിട്ട് കൊച്ചാപ്പേട്ടന്‍ നല്ല ഒച്ച ഉള്ള പോര്‍ക്കിന്യാ വെട്ടണേ..’ പുരോഹിതന്റെ തൊട്ടുപുറകിലുണ്ടായിരുന്ന തങ്കമ്മയുടെ ആത്മഗതത്തിനു ഫ്രീക്വന്‍സികൂടിയോന്നൊരു സംശയം.
ആന്റോ സൌണ്ടിന്റെ കോളാമ്പി മൈക്കിലൂടെ തങ്കമ്മയുടെ മധുരമൊഴികള്‍ ആദ്യമായി പള്ളിഗ്രൌണ്ടിലെ അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നു.
-

മാര്‍ക്കറ്റിങ്ങിനായി കൊച്ചാപ്പേട്ടന്‍ അവലംബിച്ച വഴി കലക്കി മേന്ന്നെ.......രണ്ട് പന്നിവെട്ടിയിട്ടും അരകിലോ പോലും ഭാക്കിയായില്ലാല്ലെ....കൊള്ളാം. ഇഷ്ട്ടായി.

Sathees Makkoth | Asha Revamma said...

മാര്‍ക്കറ്റിങ്ങ് തന്ത്രം കൊള്ളാം.

Mr. K# said...

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ആ പന്നി ഊമയായിരുന്നേല്‍? കൊച്ചാപ്പേട്ടന്‍ പണി നിര്‍ത്ത്യേനേ അല്ലേ?

sandoz said...

മാര്‍ക്കറ്റിംഗ്‌ കൊള്ളാം...
പക്ഷേ എനിക്കൊരു സംശയം.....
ശബ്ദം കൂടുതല്‍ ഉണ്ടാക്കുന്ന പന്നീടെ ഇറച്ചി നല്ല സ്വാദ്‌ ആയിരിക്കുമോ.........
[നീ ശബ്ദം കൂടുതല്‍ ഉണ്ടാക്കുന്ന ഐറ്റം ആണോന്ന് തിരിച്ച്‌ ചോദിക്കല്ലേ..]

സാജന്‍| SAJAN said...

മേനോന്‍ ജി..
ഇതും അലക്കിപൊളിച്ചു!

asdfasdf asfdasdf said...

ചാത്താ..കമന്റ് രസിച്ചു. പന്നിയുടെ ജീവശാസ്ത്രം എനിക്കറിയില്ല.കൊച്ചാപ്പേട്ടനും തങ്കച്ചനുമൊക്കെ ഇന്നും പുളിഞ്ചേരിപ്പടീയില്‍ വിലസി നടക്കൂന്നതുകൊണ്ട് സംഭവം വളച്ചൊടിച്ചാല്‍ നാട്ടിലേക്കുള്ള വിസ കാന്‍സലായാലോന്നൊരു സംശയം. :)

വേണു venu said...

മേനോനെ വിവരണം രസിച്ചു.:)

ബീരാന്‍ കുട്ടി said...

മേന്‍നെ, കലക്കീണ്ട്‌.

കണ്ട, കണ്ട, മുന്ന് പന്നികളും കൂടി പോണ പോക്ക്‌ കണ്ട.

മ്മക്ക്‌ ഫോര്‍ക്‌ ഹറാമാട്ട, വല്ല സ്പൂണ്‍ ഒക്കെ അണെങ്കില്‍ രണ്ട്‌ കൈ നോകര്‍ന്നു.

എന്തുട്ട മേന്‍നെ ഒരു ഡൗട്ട്‌ അടിക്ക്‌ണെ. അയ്‌, ഇത്‌ ഞാന്‍തനെന്ന്.

Ziya said...

സൂപ്പര്‍ തന്ത്രം തന്നെ മേന്നേ...
കലക്കീട്ടുണ്ട്...

absolute_void(); said...
This comment has been removed by the author.
absolute_void(); said...

൧. മാര്ക്കറ്റിങ് എന്നത് …. ഉര്പ്പ്യക്ക് പത്ത് ഉര്പ്യക്ക് പത്ത് ‘ എന്നു വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കാനുള്ള മുസലി പവര്

൨. അവന് പോയാലും വേറൊരാള് അവന്റെ സ്ഥാനത്ത് വരുമെന്ന സിമ്പിള് മാര്ക്കറ്റിങ് സ്റ്റ്രാറ്റജിക്കുമുമ്പില് കൊച്ചാപ്പേട്ടന് മറ്റൊരു സൊല്യൂഷനുവേണ്ടി ആലോചനാകുചേലനായി

൩. ‘മിണ്ടാണ്ടിരിക്ക് പോര്ക്കേ.. ‘ എന്നു പറഞ്ഞ് പന്നിയുടെ അത്യാവശ്യം വേണ്ട ഏതോ സ്ഥലത്ത് ഒരു ചവിട്ടും കൊടുത്തു.

൪. ‘ഹാവൂ..ഈസ്റ്ററായിട്ട് കൊച്ചാപ്പേട്ടന് നല്ല ഉഷാറുള്ള പോര്ക്കിന്യാ വെട്ടണേ..’ പുരോഹിതന്റെ തൊട്ടുപുറകിലുണ്ടായിരുന്ന തങ്കമ്മയുടെ ആത്മഗതത്തിനു ഫ്രീക്വന്സികൂടിയോന്നൊരു സംശയം

ഇത്രയും വായിച്ചിട്ട് ചിരിച്ചില്ലെങ്കില് അവന് ആയുഷ്കാലത്ത് ചിരിക്കാന് പോണില്ല. മുസ്ലി പവര്, ആലോചനാകുചേലന് തുടങ്ങിയ പ്രയോഗങ്ങള് അസലായിട്ടുണ്ട്.

e-Yogi e-യോഗി said...

കൊച്ചാപ്പിചേട്ടനു Double MBA in Marketing കൊടുത്താലോ.....?. ഹായ്ഹായ്‌.., കലക്കിട്ടോ..

Sha : said...

നന്നായിരിക്കുന്നു

മുസ്തഫ|musthapha said...

“ഒന്നിനു പകരം രണ്ടു പന്നിയെ വെട്ടിയിട്ടും ആവശ്യക്കാര്‍ ബാക്കിയായ ആ ഈസ്റ്ററിനു അരക്കിലോ പന്നിയിറച്ചി കാലത്തു തന്നെ തങ്കമ്മയുടെ വീട്ടില്‍ കൊടുത്തുവിടാന്‍ കൊച്ചാപ്പേട്ടന്‍ തങ്കച്ചനെ പ്രത്യേകം ശട്ടം കെട്ടിയിരുന്നു...”


കൊച്ചാപ്പേട്ടന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം കൊള്ളാം :)

Mubarak Merchant said...

ഈ പോസ്റ്റ് കലക്കീട്ടില്ല്യാ എന്ന് പറഞ്ഞാല്‍ പോക്രിത്തരമായിപ്പോവും. നല്ല പഷ്‌ക്ലാസ് വിവരണം. മേനോനിത് ഈസ്റ്ററിനിടാര്‍ന്നൂ.

സുല്‍ |Sul said...

ഹഹഹ
കലക്കീലോ മേന്നേ.
അതാണ് മാര്‍ക്കറ്റിങ്ങ്..
:)
-സുല്‍

അപ്പു ആദ്യാക്ഷരി said...

വെള്ളം കയറിയ ട്രാന്‍സ്പൊര്‍ട്ട് വണ്ടിയുടെ ഹോണടിക്കുന്ന പോലെ ‘ഉര്‍പ്പ്യക്ക് പത്ത് ഉര്‍പ്യക്ക് പത്ത് ‘ എന്നു വിളിച്ചു പറയുന്നതാണെന്ന്.....”

കലക്കന്‍ മാര്‍ക്കറ്റിംഗ്..!!

മുസാഫിര്‍ said...

നന്നായിട്ടുണ്ട് മേന്നെ ! നമ്മുടെ ലല്ലു ഭായിയെ I.I.M കാരു ക്ലാസ്സെടുക്കാന്‍ വിളിച്ച പോലെ കൊച്ചപ്പേട്ടനേയും ഇനി വിളിക്കുമോ ?

മഴത്തുള്ളി said...

മേന്നേ, പോര്‍ക്ക് കൊച്ചാപ്പേട്ടന്‍ കലക്കി. ഞാന്‍ ഇതുപോലെ ഒരു പോസ്റ്റിടാന്‍ തുടങ്ങുവായിരുന്നു. അപ്പോ ദാ, എത്തിക്കഴിഞ്ഞല്ലോ മേന്റെ പോസ്റ്റ് :)

Anonymous said...

കൊച്ചാപ്പേട്ടന്‍ കലക്കി

asdfasdf asfdasdf said...

‘കൊച്ചാപ്പേട്ടന്റെ വഴി‘ വായിച്ചവര്‍ക്കെല്ലാം നന്ദി. നമസ്കാരം.
ആദ്യമായി ഈ വഴിവന്നവര്‍ക്ക് സ്വാഗതം. സന്തോഷം.
വരമൊഴിയില് പുതിയ വാക്കുകള്‍ ഉണ്ടെന്നു പഠിപ്പിച്ച സെബിനു പ്രത്യേക നന്ദി. :)

വല്യമ്മായി said...

"നട്ടുച്ചക്കുള്ള നിഴലിന്റെ അഴകുമായാല്‍ " ഇതു നന്നായി.പിന്നെ പന്നി എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് സെന്റ് ജോസഫ്സിലെ ഹോസ്റ്റിലിനു പിറകിലുണ്ടായൈരുന്ന ദുര്‍ഗന്ധം വമിക്കുന്ന കൂടുകളും വീട്ടു കാരെ ഓര്‍ത്ത് ഉറങ്ങാതെ കിടക്കുമ്പോള്‍ കേള്‍ക്കുന്ന അമറലുകളുമാണ്.

ഇടിവാള്‍ said...

ഗൊള്ളാലോ ... സംഭവം രസിച്ചൂട്ടാ!

വിനുവേട്ടന്‍ said...

അടിപൊളി മേന്‍ന്നേ ... പോരട്ടെ ഇനിയും നമ്മുടെ നാട്ടിലെ കഥകള്‍...

asdfasdf asfdasdf said...

test man

asdfasdf asfdasdf said...

ഗുരുവായൂരപ്പാ...

Ajith Polakulath said...

:)