Monday, May 07, 2007

പെണ്ണുകാണല്‍

സ്ഥലം മുടിവെട്ടുശിരോമണി ശ്രീമാന്‍ ഉണ്ണിനായര്‍ക്ക് ചൊവ്വാഴ്ച ദിവസങ്ങളിലെ മുടിവെട്ട് ഓര്‍മ്മത്തെറ്റുകൊണ്ട് വന്നുപെടുന്ന ഒരു പ്രശ്നം മാത്രമായിട്ടേ പാണ്ടിത്തോമേട്ടന്‍ കരുതാറുള്ളൂ. അല്ലെങ്കിലും ലോക ബാര്‍ബര്‍മാര്‍ക്ക് അന്നത്തെ ദിവസം ഓഫാണെന്നത് ദിവസവും ഓഫുവിട്ടെഴുന്നേല്‍ക്കുന്ന പത്തുമണിയുടെ സുപ്രഭാതത്തിലും ഉണ്ണിനായര്‍ക്ക് തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ചൊവ്വാഴ്ച ദിവസങ്ങളില്‍ ബാര്‍ബര്‍ ഷാപ്പ് തുറക്കരുതെന്ന നിയമം തെറ്റിക്കുന്നുണ്ടോയെന്നറിയാന്‍,കുപ്പി, പാട്ട & ഇരുമ്പുസാധനങ്ങള്‍ ‍ പെറുക്കുന്ന തമിഴന്മാരു പോലും റിട്ടേണ്‍ ഓര്‍ഡര്‍ അടിക്കുന്ന സൈക്കിളില്‍ ഊരു ചുറ്റുന്ന മണ്ഢലം ബാര്‍ബര്‍ അസോസ്സിയേഷന്‍ സെക്രട്ടറിയായ ചന്ദ്രേട്ടന്‍ ഇതികര്‍ത്തവ്യഥാമൂഢനായി ഉണ്ണിനായരുടെ കടയ്ക്കുമുന്നില്‍ വന്നു നില്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ചന്ദ്രേട്ടന്റെ അന്നത്തെ ദിവസം അശുഭമായിരിക്കുമെന്ന വിശ്വാസപ്രമാണം ചന്ദ്രേട്ടനെ തുടര്‍ നടപടികളില്‍ നിന്നും ഒഴിച്ചു നിര്‍ത്തും. കുറച്ച് നേരത്തെ പാര്‍ക്കിങിനു ശേഷം രാമന്‍ നായരുടെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് ചന്ദ്രേട്ടന്‍ സ്ഥലം വിടും.

ഇത്രയൊക്കെ പറഞ്ഞാലും ഉണ്ണിനായരെ ആരും കൈവച്ച ചരിത്രം ഉണ്ടായിട്ടില്ല. സ്ലിം ബ്യൂട്ടി കോണ്ടെസ്റ്റില്‍ ഒന്നാം സമ്മാനം വാങ്ങേണ്ട ആ രൂപലാവണ്യം കണ്ടാല്‍ കൈവെക്കാന്‍ പോയിട്ട് കൈയോങ്ങാന്‍ പോലും തോന്നില്ല

ഗ്രീക്ക്, ജര്‍മ്മന്‍ ദേവതകളുടെ നഗ്നരൂപങ്ങളാല്‍ അലംകൃതമായ തന്റെ ഷോക്കേസു കാരണമാണ് ചെറിയകുട്ടികള്‍ പോലും വാശിപിടിച്ച് ഈ ബാര്‍ബര്‍ഷാപ്പില്‍ കയറുന്നതെന്ന്‍ ഉണ്ണിനായര് പലപ്പോഴും രാമന്‍ നായരോട് തന്റെ വാരിയെല്ലുകള്‍ വിറപ്പിച്ച് നിന്നുകൊണ്ട് പറയാറുണ്ട്.

ഉണ്ണിനായരുടെ വിശ്രമകേന്ദ്രം തൊട്ടടുത്തു തന്നെയുള്ള രാമന്‍ നായരുടെ ചായക്കടയാണ്. പറപ്പൂക്കാരന്റെ തീയ്യറ്ററിലെ ഇന്റര്‍വെല്‍ സമയം കഴിഞ്ഞാല്‍ സമയം തെറ്റി ഓടുന്ന ട്രാന്‍സ്പോര്‍ട്ട് വണ്ടി പോലെ കാലിയായിരിക്കും രാമന്‍ നായരുടെ കട. രാമന്‍ നായരെ കൂടാ‍തെ ‘പപ്പ‘യാണ് കടയിലെ പ്രധാന കുശിനി ഓപ്പറേറ്റര്‍.

സ്നേഹം കൂടുമ്പോള്‍ രാമന്‍ നായര്‍ ‘ ^&$%% പപ്പേ ‘ എന്നുവിളിക്കുമെന്നല്ലാതെ ആരും ‘പപ്പ‘ യെ പദ്മനാഭന്‍ എന്നു വിളിച്ചു കേട്ടിട്ടില്ല. പപ്പയ്ക്കത് ആവശ്യവുമില്ലെന്നായിരിക്കും ചോദിച്ചാല്‍ പറയുക. എങ്കിലും ‘പിച്ചകൊച്ചപ്പേട്ട‘ന്റെ പലചരക്കുകടയില്‍ നിന്നും ക്രെഡിറ്റായി സാധനം വാങ്ങിക്കാന്‍ പപ്പയ്ക്കുള്ള കഴിവിനെ രാമന്‍ നായര്‍ പലപ്പോഴും ഉഴുന്നു വടയുടെ രൂപത്തിലും നെയ്യപ്പത്തിന്റെ രൂപത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പപ്പയ്ക്ക് രണ്ടു ബലഹീനതകളാണുള്ളത്. ഒന്ന് കോണ്‍ഗ്രസ്സുകാര് എവിടെയെങ്കിലും ഒരു ജാഥ വെച്ചാല്‍ അവിടെ പപ്പയുണ്ടായിരിക്കും.
അതുപോലെ തന്നെ മറ്റൊന്ന് ജയന്റെ സിനിമ. അതെവിടെയായാലും അന്ന് രാമന് നായരെ മൊഴിചൊല്ലിയാണെങ്കിലും പപ്പ അതിനു പോയിരിക്കും.

ഗോവിന്ദന്‍ നായരുടെ എണ്ണത്തില്‍ പെടുത്താത്ത മൂത്ത ഭാര്യയിലെ സന്താനമാണ് പപ്പ. വയസ്സു മുപ്പത്തിയഞ്ചായിട്ടും ക്രോണിക് ബാച്ചിയായി നില്‍ക്കുന്നു. പപ്പയെ ഒരു പെണ്ണുകെട്ടിച്ചു വിടാന്‍ ഗോവിന്ദന്‍ നായര്‍ ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല,പ്രത്യുത കാണാന്‍ പോകുന്ന പെണ്ണെല്ലാം ചായ കൊണ്ടുവന്നു വെച്ച് നിമിഷങ്ങള്‍ക്കകം അരൂപിയായി പോകുന്ന പ്രതിഭാസം മാത്രമാകുന്നു. അമ്പിസാമിയുടെ കുളത്തില്‍ മൂന്ന് കട്ട ലൈഫ് ബോയി തേച്ചുകുളിച്ചാലും പപ്പയുടെ ഗ്ലാമര്‍ പുറത്തേക്ക് വരില്ലെന്നു വെച്ചാല്‍ എന്താ ചെയ്യാ..

ആയിടെയാണ് സ്ഥലത്തെ പ്രധാന തേപ്പുകാരനും ജനകോടികളുടെ വിശ്വസ്ത ബ്ലേഡുകമ്പനി പിരിവുകാരനും അതിലുപരി ഒരു കല്യാണ ബ്രോക്കറുമായ പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലിരുന്ന് പപ്പയ്ക്ക് ഒരു ഓഫര്‍ കൊടുക്കുന്നത്.
‘പപ്പേ, ഒരു ക്ടാവ് വന്നു പെട്ടിട്ടുണ്ട്. നെനക്ക് നല്ല ചേര്‍ച്ച്യാ. ’
പരിപ്പുവട ഉണ്ടാക്കിക്കൊണ്ടിരുന്നിടത്തുനിന്നും പപ്പ പാഞ്ഞെത്തി.
....

‘പിന്നെ, ഈ കോലത്തിലൊന്നും പെണ്ണുകാണല് നടക്കില്ല. കൊറച്ച് വൃത്തിം വെടുപ്പൊക്കെയായിട്ട് വരണം. അങ്ങ്ന്യാണെങ്കി നാളെ ഉച്ചതിരിഞ്ഞ നമ്മക്ക് പൂവ്വാം..’
പപ്പ പുളകിത ഗാത്രനായി അടുക്കളയില്‍ പോയി ഒരു ഡബിള്‍ നെയ്യപ്പം സ്പെഷലായുണ്ടാകി പാണ്ടിത്തോമക്ക് സമര്‍പ്പിച്ചു. ഈ സമയം അവിടെ രാമന്‍ നായരില്ലാതിരുന്നത് എത്രനന്നായെന്ന് പപ്പയും പാണ്ടിത്തോമയും ഒരേ മനസ്സോടെ ചിന്തിച്ചു.

ഷാപ്പു സന്ദര്‍ശ്ശനവും ഉച്ചയുറക്കവും കഴിഞ്ഞ ഉണ്ണിനായര്‍ ബാര്‍ബര്‍ ഷാപ്പു തുറന്നാല്‍ രാമന്‍ നായരുടെ കടയിലെ കടുപ്പത്തിലെ ഒരു ചായ മുടക്കാറില്ല. കെട്ടിറങ്ങാന്‍ അതിനേക്കാള്‍ മികച്ച ബ്രാന്‍ഡ് വേറൊന്നുമില്ലെന്നാണ് ഉണ്ണിനായരുടെ വേദം.

‘ഉണ്ണ്യാരേ.. നമ്മടെ പപ്പക്ക് ഒരു ആലോചന വന്ന്ട്ട്ണ്ട്.. ‘ പാണ്ടിത്തോമ വിഷയമെടുത്തിട്ടു.
‘ഉവ്വാ.. എവ്ട്ന്നാ..’
‘അത് മ്മടെ മേച്ചേരിപ്പടീന്ന്.... ഒരു പ്രശ്നണ്ട്.. ഇവന്‍ ഈ കോലത്തില്‍ പോയാല്‍ പെണ്ണ് പെണ്ണിന്റെ വഴിക്ക് പോകും..’
‘അത് ശര്യ... പിന്നെ എന്താ ചെയ്യ്യാ..’
‘ഉണ്ണ്യാര് ഒരു കാര്യം ചെയ്യ് .. ഇവന്റെ മുടിയൊക്കെ ഒന്ന് വെട്ടി ഒന്ന് കുട്ടപ്പനാക്കി നിര്‍ത്ത് . നാളെ പറ്റിയാല്‍ കാലത്തു തന്നെ കൊണ്ടു പോകാം..’
‘അതിനെന്താ മാപ്ലെ പ്രശ്നം.. പപ്പേ നീയിങ്ങട് വാ..ഇപ്പ ശര്യാക്കിത്തരാം..’

സ്ഥിരമായി കുടിക്കുന്ന ചായപോലും ഒഴിവാക്കി പപ്പയെയും കൊണ്ട് ഉണ്ണിനായര്‍ തന്റെ ബാര്‍ബര്‍ ഷാപ്പ് ലക്ഷ്യമാക്കി ‘ഓപ്പറേഷന്‍ പപ്പ’ യ്ക്കായി നീങ്ങി.

മഹത്തായ രണ്ടാം വാരത്തിലേക്ക് ജയന്റെ ‘മീന്‍‘ കടന്നിരിക്കുന്നതുകൊണ്ട് തീയ്യറ്ററില്‍ നല്ല തിരക്കുണ്ട്. ഇന്റര്‍വെല്ലിനുമുന്‍പ് പപ്പയ്ക്ക് തിരിച്ചെത്തണം. രാമന് നായര്‍ അതിനുമുമ്പ് വരും.

‘ഉണ്ണ്യാരെ പെട്ടന്ന് തന്നെ ശര്യക്കി തരില്ലേ.. ‘ പപ്പ സംശയിച്ചു.
‘നീയ്യ് പേടിക്കണ്ട്രാ.. നെനക്ക് ഏത് സ്റ്റൈലാ വേണ്ടേ..’
‘യ്ക്ക് ജയന്റെ മതി..’
‘ഡാ.... ജയന്റെ സ്റ്റൈലില് ഞാന്‍ ഇതുവരെ വെട്ടീട്ടില്ല. നസീറിന്റെ മത്യാ..’
‘ഏയ്.. യ്ക്ക് ജയന്റെ മതി..’
‘ഉം...’

ഉണ്ണിനായരുടെ കറങ്ങുന്ന ഓപ്പറേഷന്‍ ചെയറിലിരുന്ന് പപ്പ ഗ്രീക്ക് ദേവതകളെയെല്ലാം ദര്‍ശിച്ച്
അങ്ങാടിയും മീനും ബെന്‍സുവാസുവും മൂര്‍ഖനും നായാട്ടുമെല്ലാം ഒറ്റ ഷോട്ടിലിട്ട് കണ്ടു നിര്‍വൃതിയടഞ്ഞു.

ഏറെ ശ്രമഫലമായി ഉണ്ണിനായര്‍ പപ്പയെ ഒരു ലെവലാക്കി എടുത്തു. കുട്ടിക്കൂറയിട്ട് കുട്ടപ്പനാക്കി പപ്പക്ക് ആ തിരു മോന്ത കണ്ണാടിയില്‍ കാണിച്ചുകൊടുത്തു . കുട്ടിക്കൂറയുടെ ആ ഗ്ലാമറില്‍ മയങ്ങി പപ്പ സംതൃപ്ത ക്ലപ്തനായി തിരിച്ച് ചായക്കടയിലേക്ക് നടന്നു.

രാമന്‍ നായര് ചായക്കടയുടെ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു.
‘ഡാ പപ്പെ, നീയ്യ് അടുത്താഴ്ച പോണന്ന് പറഞ്ഞ്ട്ട് ഇന്നു തന്നെ മുടിവെട്ടി വന്നാ..? ‘
‘ഏയ്.. ഞാന്‍ നാളെ പോകും.. പാണ്ടിത്തോമേട്ടന്റെ കൂടെ..’
‘പാണ്ടിത്തോമ്യാ...? ..‘
‘ങാ.. അയാള് വരാണ്ട്....’
‘ഡാ.. അയാള് എന്തിനാടാ പളനിക്ക് വരണേ. അയാള് മാപ്ലാരല്ലടാ...’
‘പളനിക്കാ.. ഇത് നാളെ മേച്ചേരിപ്പടീല് ഒരു പെണ്ണ് കാണാന്‍ പൂവ്വാന്‍ വേണ്ട്യാ ... ‘
‘നീയ്യ് പോയിട്ട് ആ മോന്ത തേച്ച് കഴ് കീട്ട് ആ കണ്ണാടീലൊന്ന് ചെന്ന് നോക്കടാ...’
അല്പം വിഷമത്തോടെയെങ്കിലും മുഖം കഴുകി പപ്പ കണ്ണാടിയെടുത്ത് നോക്കി.

ജയന്റെ സ്റ്റൈലില്‍ വെട്ടാന്‍ പറഞ്ഞിട്ട് ജയില്‍പ്പുള്ളി സ്റ്റൈലിലാണല്ലോ ദൈവമേ ഈ ഉണ്ണിനായര് വെട്ടിയിരിക്കുന്നതെന്ന നഗ്നസത്യത്തിന്റെ മോന്തക്ക് ഒരു പൂശു പൂശി.

അന്ന് മാറ്റിനിയുടെ ഇന്റര്‍വെല്ലിനു മുമ്പുതന്നെ ഉണ്ണിനായര് ഒരു വശം മാത്രം വീര്‍ത്ത മുഖത്തോടെ ബാര്‍ബര്‍ഷാപ്പ് അടച്ച് വീട്ടില്‍ പോകുകയും ഒരാഴ്ചത്തേക്ക് പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലേക്ക് എത്തിനോക്കുക പോലും ചെയ്തില്ലയെന്നത് ചരിത്രം.

26 comments:

ജിസോ ജോസ്‌ said...

ഈരിക്കട്ടെ ഒരു തേങ്ങ..... ടും........

Rasheed Chalil said...

അറുപത് പെണ്ണ് കണ്ടിട്ടും ഇഷ്ടപെടാത്ത വേലായുധനെ പിടിച്ച് വലിച്ച് കണ്ണാടിയുടെ മുമ്പില്‍ നിര്‍ത്തിയ ബ്രോക്കര്‍ അയ്യപ്പനെ ഒരു നിമിഷം ഓര്‍ത്തു. അതിന് ശേഷം അയ്യപ്പന്‍ കണ്ട പെണ്ണിനെയൊക്കെ അയ്യപ്പന് പിടിച്ചു. പക്ഷേ അവര്‍ അരൂപിയായി...

എതായാലും ജയന്‍ സ്റ്റൈല്‍ കലക്കി. പണ്ട് ‘മമ്മൂട്ടി സൈല്‍ എന്ന് പറഞ്ഞ് മുടി മുഴുവന്‍ നശിപ്പിച്ചോടാ ശവീ...’ എന്ന് ചോദിച്ചപ്പോള്‍ ബാര്‍ബര്‍ കുഞ്ഞാണ്ടി പറഞ്ഞത് . “അത് നിറക്കൂട്ട് സ്റ്റൈലാ...“ എന്നാ‍യിരുന്നെത്രെ.

പോസ്റ്റ് കലക്കി മേനോനെ.

Dinkan-ഡിങ്കന്‍ said...

മേന്‍‌നെ :)

Of.To
NSS പണിക്കര്‍ ഈ പോസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ സാധ്യത ഡിങ്കന്‍ കാണുന്നു

asdfasdf asfdasdf said...

ഡിങ്കാ... ഇങ്ങനെ ഒരു അല്‍ക്കുല്‍ത്ത് ഇതിനിടയില്‍ ഉണ്ടോ ? ::)

e-Yogi e-യോഗി said...

കൊള്ളാട്ടോ കുട്യേ... കലക്കിട്ടോ...................

sandoz said...

മേനനേ......സംഭവം ഇഷ്ടപെട്ടു.......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഉണ്ണിനായരെപ്പറ്റി പറഞ്ഞ് തുടങ്ങി ചന്ദ്രേട്ടനിലും പിന്നെ രാമന്‍ നായരിലും പപ്പയിലും എത്തിയപ്പോള്‍ ഇതെന്താ കഥേടെ പോക്ക് കൊച്ചീന്ന് കൊയിലാണ്ടിക്കാന്ന് വിചാരിച്ചു!!!!
മുഴുവന്‍ വായിച്ചപ്പോള്‍ സ്റ്റാന്‍ഡ് പിടിച്ചു :)

“പപ്പക്ക് ആ തിരു മോന്ത കണ്ണാടിയില്‍ കാണിച്ചുകൊടുത്തു .”
അതെന്തൂട്ട് കണ്ണാടിയാ ദുനിയാവിലു കാണാത്ത മാന്ത്രികക്കണ്ണാടിയാ!!!

സു | Su said...

ഹി ഹി. നല്ല സ്റ്റൈല്‍. പെണ്ണ് കാണാന്‍ പോകുമ്പോള്‍, തലയില്‍ക്കൂടെ ഒരു കെട്ടും കെട്ടേണ്ടിവരും.

Kaithamullu said...

“ആയിടെയാണ് സ്ഥലത്തെ പ്രധാന തേപ്പുകാരനും ജനകോടികളുടെ വിശ്വസ്ത ബ്ലേഡുകമ്പനി പിരിവുകാരനും അതിലുപരി ഒരു കല്യാണ ബ്രോക്കറുമായ ......“

പണിക്കര്‍ മാത്രല്ലാ, വേറൊരു നായരും കേസ് കൊടുക്കാനുള്ള വകുപ്പ് കാണുന്നു.

Sathees Makkoth | Asha Revamma said...

മേന്‍‌നേ,നന്നായി:)

സൂര്യോദയം said...

മേന്‍ നേ... ഒരു സംശയം... അപ്പോ കണ്ണാടിയില്‍ ആദ്യം കാണിച്ച്‌ കൊടുത്തത്‌ ഏത്‌ മോന്ത?? ;-)

തമനു said...

കൊള്ളാം മേന്‍‌നേ...

Areekkodan | അരീക്കോടന്‍ said...

മേനോനെ കലക്കി.

G.MANU said...

menne..thakarthu

വിനയന്‍ said...

അമ്പിസാമിയുടെ കുളത്തില്‍ മൂന്ന് കട്ട ലൈഫ് ബോയി തേച്ചുകുളിച്ചാലും പപ്പയുടെ ഗ്ലാമര്‍ പുറത്തേക്ക് വരില്ലെന്നു വെച്ചാല്‍ എന്താ ചെയ്യാ..
,,,,,,,,,,,,,,,,,,,
കൊള്ളാം ......

സുല്‍ |Sul said...

മേന്നേ
കൊള്ളാം
-സുല്‍

:: niKk | നിക്ക് :: said...

hAhAhA gollaamz :}

മഴത്തുള്ളി said...

"അമ്പിസാമിയുടെ കുളത്തില്‍ മൂന്ന് കട്ട ലൈഫ് ബോയി തേച്ചുകുളിച്ചാലും പപ്പയുടെ ഗ്ലാമര്‍ പുറത്തേക്ക് വരില്ലെന്നു വെച്ചാല്‍ എന്താ ചെയ്യാ.."

പപ്പയ്ക്ക് ചേരുക 501, 944 ഇനം ബാര്‍ സോപ്പുകളാണെന്ന് തോന്നുന്നു. അതാ ഗ്ലാമര്‍ വരാത്തെ :)

രസകരമായി മേന്നേ...

Siju | സിജു said...

:D

ഗുപ്തന്‍ said...

മാഷേ കഥ തകര്‍ത്തൂട്ടോ...ആരോ പറഞ്ഞപോലെ പഴയ മമ്മൂട്ടിക്കട്ട് ഓര്‍മ വന്നു...


പക്ഷേ ആദ്യത്തെ ആ കണ്ണാടിനോട്ടത്തില്‍ ഒരു വശപിശക്.. മനസ്സിലായില്ല...

മുസ്തഫ|musthapha said...

കൊള്ളാം... പെണ്ണുകാണല്‍ നടന്നില്ലെങ്കിലും പളനിയെങ്കിലും കാണാട്ടെ - അല്ലേ :)

വേണു venu said...

മേനോനെ ചിരിച്ചു.
പപ്പയ്ക്കുള്ള കഴിവിനെ രാമന്‍ നായര്‍ പലപ്പോഴും ഉഴുന്നു വടയുടെ രൂപത്തിലും നെയ്യപ്പത്തിന്റെ രൂപത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഹാഹാ...
ആ പ്രയോഗമൊക്കെ അനുഭവം ചതച്ചരച്ചു കുടിച്ച ഒരു മൂത്താശ്ശാരിയില്‍‍ നിന്നേ കേള്‍‍ക്കാന്‍‍ പറ്റൂ.
കുട്ടിക്കൂറയിട്ട് കുട്ടപ്പനാക്കി പപ്പക്ക് ആ തിരു മോന്ത കണ്ണാടിയില്‍ കാണിച്ചുകൊടുത്തു . ആ ഗ്ലാമറില്‍ മയങ്ങി പപ്പ സംതൃപ്തനായി തിരിച്ച് ചായക്കടയിലേക്ക് നടന്നു. അനുഭവ വെളിച്ചം . ഈ ഹാസ്യം ഇഷ്ടപ്പെട്ടു.:)

Unknown said...

ചേട്ടന്റെ ബ്ലൊഗില്‍ നിന്നും ഞാന്‍ പലതും മനസ്സിലാക്കി...layout ഉള്‍പ്പടെ...

കുറുമാന്‍ said...

പാ‍വം പപ്പ.........ഇപ്പോഴും പപ്പ ബ്യാച്ചിയാണോ മേന്നെ......അങ്ങനാച്ചാല്‍ ഒരു മെംബര്‍ഷിപ്പ് തരാക്കികൊടുക്ക്കാം, ബ്യാച്ചി ക്ലബില്‍ :)

Mubarak Merchant said...

ഈ സൈസ് സാധനത്തിനെയൊന്നും ബ്യാച്ചി ക്ലബ്ബില്‍ കേറ്റൂല കുറുമാനെ.
ബൈദവേ.. പോസ്റ്റ് നന്നായിട്ടുണ്ടെങ്കിലും ഉപമകള്‍ക്കൊന്നും ആ പഴേ പവറ് പോരാ.

സാജന്‍| SAJAN said...

കൊള്ളാം!!! വായിക്കാന്‍ ലേറ്റായി പോയിരുന്നു..
ജയന്റെ ഹെയര്‍ സ്റ്റൈല്‍ കലക്കി!!
ഇപ്പൊ വേറോരു പെണ്ണുകാണല്‍ വായിച്ചതേയുള്ളൂ...:)