Friday, February 02, 2007

ഹെര്‍കുലീസ് ജോസേട്ടന്‍...

പള്ളിനടയിലെ ഈവനിങ് കോണ്‍ഫറന്‍സുകളില്‍ മൂന്നു വിഭാ‍ഗം കുടിയന്മാരാണുണ്ടായിരുന്നത്.

ഒന്ന് കൊമ്പന്‍ ജോര്‍ജ്ജേട്ടന്റെ നേതൃത്വത്തില്‍ മിലിട്ടറിസാധനവും നാടന്‍ ഫോറിനും മാത്രം കഴിച്ച് വയറും വീര്‍പ്പിച്ച് നടക്കുന്ന കാശുള്ള ടീം. പിന്നൊന്ന് , പണികഴിഞ്ഞ് വരുന്ന വഴിയില്‍ ചന്ദ്രന്റെ ചാരായഷാപ്പില്‍ കയറി വീലായി, ബുദ്ധിയുള്ള സൈക്കിളിന്റെ ബലം കൊണ്ട് മാത്രം വീട്ടിലെത്തുന്ന ‘ഹെര്‍ക്കുലീസ് ജോസേ‘ട്ടനെ പോലെയുള്ളവര്‍. മറ്റൊരു കൂട്ടര്‍ വേലായിയെപ്പോലെ വാസൂവിന്റെ ഷാപ്പി‍ലെ നാറ്റനടിച്ചു കിറുങ്ങി നടക്കുന്നവര്‍.

അമ്മാവന്റെ സ്വത്തായ കോട്ടപ്പടിയിലെ മരമില്ലില്‍ സഹായിയായി കൂടി, ഇല്ലാത്ത കണക്കുകളില്‍ കളിച്ച് കളിച്ച് അമ്മാവനോട് ‘പൂയ്.. ‘എന്നും വിളിച്ച് മരമില്ല് സ്വന്തം പേരിലാക്കിയവനാണ് കൊമ്പന്‍ ജോര്‍ജ്ജേട്ടന്‍. കൂടെ ഗുരുവായൂരമ്പലത്തിന്റെ മൂലയ്ക്കിരിക്കുന്ന ഒരു പാട് രാധമാരും കൃഷ്ണന്മാരും മേഞ്ഞു നടക്കുന്ന പാച്ചന്‍സ് ലോഡ്ജിലെ ഒരു സ്വകാര്യ മുറിയും.

ഇത്യാതി ഗുണഗണങ്ങളുടെ ഉടമയായ കൊമ്പന്‍ ജോര്‍ജ്ജേട്ടന്, പള്ളിനട മുഴുവന്‍ പോട്ടയിലെ അച്ചന്മാര്‍ പന്തല് കെട്ടി ധ്യാനം തുടങ്ങിയത് അത്ര രസിച്ചില്ല. ഒരു പക്ഷേ, സ്ഥിരമായി കോണ്‍ഫറന്‍സ് നടത്തുന്ന സ്ഥലം കുറച്ച് ദിവസത്തേക്ക് നഷ്ടപ്പെടുന്നതിനേക്കാള്‍ മദ്യപാനം നിര്‍ത്തുക എന്ന അച്ചന്മാരുടെ ഹിഡന്‍ അജണ്ടയായിരുന്നിരിക്കാം ജോര്‍ജ്ജേട്ടന് ധ്യാനപ്പരിപാടിയോട് അലര്‍ജ്ജി തോന്നാന്‍ കാരണം.

ആദ്യ ദിവസത്തെ ധ്യാനത്തിന്റെ അവസാന മണിക്കൂറില്‍ ആത്മാവ് വന്ന് നിറയാനായി ഒരു പ്രാര്‍ത്ഥനയുണ്ട്. വിശ്വാസികള്‍ അലമുറയിട്ടു നില്‍ക്കുമ്പോള്‍ പെട്ടന്നാണ് ലൈറ്റ് ഓഫ് ചെയ്യുന്നത്. ആ സമയം എല്ലാവരും നിശബ്ദമായി.

ആ ധന്യ മുഹൂര്‍ത്തത്തിലാണ് ജോര്‍ജ്ജേട്ടന് ഉള്‍വിളി വരുന്നത്
പന്തലിനു പിന്നില്‍ നിന്ന് , മീന്‍ കാരന്‍ ഐമുട്ടിയാപ്ല വിളിക്കുന്ന പോലെ ‘പൂ ഹേയ് .. ‘ എന്ന് ഒന്നു നീട്ടി വിളിച്ചു. കൂടെ മറ്റു കുടിയന്മാരും.

എല്ലാവരും പിന്നിലേക്ക് നോക്കി.
‘സാത്താന്റെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതിരിപ്പാന്‍ വേണ്ടി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍... അവന്‍ അവിടെ തന്നെ നില്‍ക്കുകയാണ്...’ അച്ചന്‍ വിളിച്ചു പറഞ്ഞു.
വിശ്വാസികള്‍ കൈകളുയര്‍ത്തി കൈയടിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
വിശ്വാസികളുടെ ആരവത്തിനിടയില്‍ ജോര്‍ജ്ജേട്ടന്റെ തുടര്‍ന്നുള്ള പൂവിളികള്‍ മുങ്ങി.

പിന്നെ ജോര്‍ജ്ജേട്ടന്‍ മുങ്ങി.
മൂന്നാം ദിവസം പൊങ്ങി.
ധ്യാനത്തിലെ സ്റ്റേജിന്റെ മുന്നില്‍ കണ്ണീരും കിനാവുമായിട്ടായിരുന്നെന്ന് മാത്രം.

ധ്യാനം കഴിഞ്ഞ് പിറ്റേന്ന് ജോര്‍ജ്ജേട്ടന്‍ തന്റെ സന്തത സഹചാരിയായ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ ലഗേജ് പെട്ടിയില്‍ ‘മദ്യം വിഷമാണ്’ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവെച്ച് ചാവക്കാടും പരിസരത്തും കറങ്ങി നടന്നു.
ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് ജോര്‍ജ്ജേട്ടന്‍ പള്ളിയില്‍ പോകാന്‍ നേരത്തായിരുന്നു കിഴക്കേവീട്ടിലെ ‘ഹെര്‍ക്കുലീസ് ജോസി’ന്റെ പ്രിയതമയായ ത്രേസ്യാ‍മ്മ ഒരു കണിയായി മുന്നില്‍ വന്നത്.

‘ജോര്‍ജ്ജേട്ടന്‍ കള്ളുകുടി നിര്‍ത്തീ അല്ലേ ?’
‘നിര്‍ത്തി. കഴിഞ്ഞ ധ്യാനത്തിന് സാക്ഷ്യവും പറഞ്ഞു.’
‘എന്റെ കെട്ട്യോന്റ് കുടിം ഇങ്ങനൊന്ന് നിര്‍ത്തിച്ചു തര്വ്വൊ എന്റെ ജോര്‍ജ്ജേട്ടാ‍..ഒരു ഗതീല്ലാണ്ടാ. എന്നും കുടിച്ചിട്ട് വന്ന് വഴക്കുണ്ടാക്കും. മനസ്സമാധാനല്യ വീട്ടില്..’ കരഞ്ഞു കലങ്ങിയ കണ്ണുകളോടേ ത്രേസ്യാമ്മ അപേക്ഷിച്ചു.
‘നോക്കട്ടെ...’
ജോര്‍ജ്ജേട്ടന്‍ ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നതിനു ശേഷം പ്രതിവചിച്ചു.

ഗ്രീക്ക് ദേവനാണ് ഹെര്‍ക്കുലീസെങ്കില്‍ ചാരായം ദേവനായി ഭജിക്കുന്നവനാണ് ഹെര്‍ക്കുലീസ് ജോസേട്ടന്‍. ബ്രേയ്ക്കും ബെല്ലും എന്തിന് ചെയിന്‍ പോലുമില്ലാ‍ത്ത ഒരു പഴയ ഹെര്‍ക്കുലീസ് സൈക്കിളാണ് ജോസേട്ടന്റെ വാഹനം. സൈക്കിള്‍ ഉന്തിക്കൊണ്ടല്ലാതെ സിമന്റ് പണിക്കാരനായ ജോസേട്ടനെ കാണുന്നത് അപൂര്‍വ്വം. കാരിയറിന്റെ സൈഡില്‍ പിടിപ്പിച്ചിട്ടുള്ള കറുത്ത തുരുമ്പെടുത്ത ഇരുമ്പു പെട്ടിയിലാണ് ജോസേട്ടന്റെ പണിയായുധങ്ങള്‍. രാത്രി തിരിച്ചു വരുമ്പോള്‍ ചന്ദ്രന്റെ ഷാപ്പില്‍ നിന്നുമിറങ്ങിയാല്‍ ജോസേട്ടനെ വീഴാതെ വീട്ടിലെത്തിക്കുന്നതും ഈ ഹെര്‍ക്കുലീസാണ്. ഞായറാഴ്ച മാത്രമാണ് ഇതിനൊരപവാദം. അന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി കുര്‍ബാനയും കഴിഞ്ഞ് ആദ്യം കാണുന്ന ബസ്സില്‍ ജോസേട്ടന്‍ പറപ്പൂര്‍ക്ക് പോകും. ജോസേട്ടന്റെ അമ്മവീട് പറപ്പൂരടുത്തുള്ള തോളൂരാണ്. അന്നൊരു ദിവസം ഉച്ച മുതല്‍ തോളൂരെ രാഘവന്റെ ഷാപ്പിലാണ് പൊറുതി. എന്തൊക്കെ സംഭവിച്ചാലും അന്ന്, ‘ഗ്ലാസ്സ് .. ഹാന്‍ഡില്‍ വിത്ത് കെയര്‍ ‘ എന്നെഴുതിയ പാഴ്സല്‍ ഡി.എച്.എല്‍ കാരെടുത്തു വെക്കുന്ന പോലെ സെന്ററിലെ ബസ്റ്റോപ്പിലെ തിണ്ണയിലേക്ക് ജോസേട്ടനെ എടുത്തുവെക്കുന്നത് രാത്രി അവസാനത്തെ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും ചുമതലയാണ്.

ആ ജോസേട്ടനെ നന്നാക്കാനാണ് ത്രേസ്യമ്മയുടെ അപേക്ഷ.

പള്ളിനടയില്‍ കോണ്‍ഫറന്‍സിനു പോകുന്ന പരിപാടി നിര്‍ത്തിയിരുന്ന ജോര്‍ജ്ജേട്ടന്‍ പിറ്റേന്ന് തന്നെ പള്ളിനടയില്‍ പോയി ജോസേട്ടനെ കണ്ട് ഉപദേശിച്ചു തുടങ്ങി.
തുടര്‍ച്ചയായുള്ള ഉപദേശം കൊണ്ട് ജോര്‍ജ്ജേട്ടന്റെ സ്വന്തം ചെലവില്‍ ജോസേട്ടനെ പോട്ടയില്‍ അവിടെ കൊണ്ടുപോയി.

ഭാഷാവരം, പ്രാര്‍ത്ഥനാവരം, അരൂപി വരം അങ്ങനെ കയ്യില്‍ കിട്ടാവുന്നത്ര വരങ്ങളുമായി ജോസേട്ടന്‍ കുടിനിര്‍ത്തി നല്ല കുഞ്ഞാടായി തിരിച്ച് നാട്ടില്‍ ലാന്‍ഡ് ചെയ്തു.

പിന്നെ ജോര്‍ജ്ജേട്ടനെ അനുകരിച്ച് തന്റെ സൈക്കിളിന്റെ കാരിയറിന്റെ സൈഡില്‍ പിടിപ്പിച്ചിട്ടുള്ള കറുത്ത ഇരുമ്പു പെട്ടിയില്‍ ‘മദ്യപാനം മഹാ വിപത്ത്’ എന്ന് വെണ്ടയ്ക്ക വലിപ്പത്തിലും ‘മദ്യപാനി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല’ യെന്ന് ഈര്‍ക്കില്‍ വലിപ്പത്തിലും എഴുതിവെച്ച്, മുന്‍പ് ആവശ്യമില്ലാതിരുന്ന ചെയിനും ബ്രേയ്ക്കൂം സൈക്കിളില്‍ പിടിപ്പിച്ച് ജോസേട്ടന്‍ ഗ്രാമവീഥികളില്‍ പാറിപ്പറന്നു.

പിന്നീട് വന്ന ദു:ഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ ജോര്‍ജ്ജേട്ടന്‍ ഇറങ്ങാനായി മുറ്റത്തെത്തിയപ്പോഴാണ് ജോസിന്റെ പ്രിയതമയായ ത്രേസ്യാ‍മ്മ വീണ്ടും വഴി മുടക്കി മുന്നില്‍.

‘എന്താ ത്രേസ്യാമ്മേ.. ജോസ് ധ്യാനം കൂടി ഇപ്പോ നല്ല മനുഷ്യനായില്ലേ ?‘
‘ജോര്‍ജ്ജേട്ടാ.. ഈ ചതി എന്നോട് വേണ്ടായിരുന്നു..’
‘ഏയ്.. എന്താ ത്രേസ്യാമ്മേ അങ്ങനെ പറേണേ ? ..’
‘കള്ളുകുടിക്കണ കാലത്ത് അങ്ങേര് കുടിച്ച് കഴിഞ്ഞ് ബാക്കി കാശ് എനിക്ക് തന്നിരുന്നു. ഞാന്‍ പണിക്ക് പോകുന്നതുകൊണ്ട് കിട്ടുന്നതും അങ്ങേരുടെ കാശും കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചു പോന്നിരുന്നത്. ഇന്നിപ്പോ പണിക്ക് പോവ്വാണ്ട് നാടായ നാടൊക്കെ സൈക്കിളിന്മേല്‍ കറങ്ങി നടന്ന് കണ്ട ചുമരുമ്മെ ഒക്കെ മദ്യപാനം നിര്‍ത്തണമെന്ന് എഴുതി നടക്കുന്നു. ഒന്നും പോരാണ്ട് ഇപ്പോ ഞാന്‍ കൂലിപ്പണിക്കു പോയി കിട്ടണ കാശോണ്ട് പെയിന്റും വേടിച്ച് കൊടുക്കേണ്ട അവസ്ഥയായി.. ..’
ജോര്‍ജ്ജേട്ടന്‍ ദയനീയമായി ത്രേസ്യാമ്മയെ നോക്കി.
പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി., വേദപുസ്തകമെടുത്ത് വായന തുടങ്ങി.
***********************************************************************

വാല്‍ക്കഷണം :

( ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ ജോസേട്ടനെ കണ്ടു. പള്ളി നടയ്ക്കല്‍ വെച്ചു തന്നെ. സുഖവിവരങ്ങള്‍ ആരാഞ്ഞു. ജോസേട്ടനെക്കുറിച്ച് ഞാന്‍ ഇങ്ങനെ ബ്ലോഗില്‍ ഒന്നെഴുതുന്നുണ്ടെന്ന് പറഞ്ഞു. ‘ നീയെഴുതട ചെക്കാ..’ എന്നു പെര്‍മിഷനും വാങ്ങി. പിന്നെ, ചെയിനില്ലാത്ത ഹെര്‍ക്കുലീസ് സൈക്കിള്‍ ജോസേട്ടനെയും കൊണ്ടു മെല്ലെ നീങ്ങി. )

കുറുമാന്റെ ഭാഷാവരം എന്ന പോസ്റ്റാണിതിനു പ്രചോദകമായത്. ജോസേട്ടനു വിഷമമില്ലാത്ത സ്ഥിതിക്ക് ഇനി വേറെ ആര്‍ക്കും വിഷമമുണ്ടാവില്ലെന്ന് പ്രത്യാശിക്കുന്നു.

14 comments:

asdfasdf asfdasdf said...

ഹെര്‍ക്കുലീസ് ജോസേട്ടന്‍...ചില സാങ്കേതിക പ്രശ്നങ്ങള്‍ നിമിത്തം ഡ്രാഫ്റ്റിലാക്കിയ ഈ പോസ്റ്റ് വീണ്ടും പോസ്റ്റുന്നു. എല്ലാ കോപ്പി റൈറ്റ് അനുവാദങ്ങളോടും കൂടെ.

വേണു venu said...

തമാശയോടെയുള്ള വിവരണം.മേനോന്‍ റ്റച്ചു് നിറയെ
നല്ല ഉപമകള്‍.ഇഷ്ടപ്പെട്ട പ്രയോഗങ്ങള്‍.
ബുദ്ധിയുള്ള സൈക്കിളിന്റെ ബലം.
തിണ്ണയിലേക്ക് ജോസേട്ടനെ എടുത്തുവെക്കുന്നത് രാത്രി അവസാനത്തെ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും ചുമതലയാണ്.

ഓ.ടോ.
ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനാക്കാതെ, ജോസും, ജോര്‍ജേട്ടനുമൊക്കെ അങ്ങനെ ഒക്കു കഴിഞ്ഞു പോകാനനുവദിക്കുന്നതല്ലെ നല്ലതു്.

Raghavan P K said...

പ്രാറ്ത്ഥനയുടെ ഫലം!
good

Mubarak Merchant said...

നല്ല സ്മൂത്തായി വായിച്ചു കുട്ടന്മേന്നേ.
ല്ലാരും പറഞ്ഞപോലെ ഉപമകള്‍ അപാരം തന്നെ.
ഒരു സംശയം, വാല്‍ക്കഷ്ണത്തില്‍ ജോസേട്ടന്റെ സൈക്കിളിലു ചെയിനില്ലാര്‍ന്നു. അപ്പൊ ജോസേട്ടന്‍ പിന്നേം തൊടങ്ങിയാ കുടി?

G.MANU said...

മേനൊന്‍ ജി...വേലായി എപിസോഡ്‌ പോലെ രസകരം.... നാട്ടില്‍ ചെന്ന അവസ്ഥ്‌

sandoz said...

മേനനേ....നമ്മുടെ നാട്ടില്‍ ഒരാള്‍ ധ്യാനം കൂടാന്‍ പോയി.പോയത്‌ അല്ല.... ബലമായി പിടിച്ച്‌ കൊണ്ടാക്കി.ഒരു കൊച്ചച്ചന്‍ നായകന്റെ ബന്ധുക്കളെ സമാധാനിപ്പിക്കുകയും ചെയ്തു....

'രണ്ടാഴ്ച കഴിഞ്ഞ്‌ നിങ്ങള്‍ പോരേ...ഇയാള്‍ കുടി നിര്‍ത്തി കുട്ടപ്പന്‍ ആയിട്ടുണ്ടാകും..അത്‌ ഞാന്‍ ഏറ്റു'.

രണ്ടാഴ്ച കഴിഞ്ഞ്‌ വീട്ടുകാര്‍ വന്നപ്പോള്‍ ധ്യാനകേന്ദ്രത്തില്‍ അച്ചനുമില്ല..നായകനുമില്ലാ.അന്വേഷിച്ച്‌ അന്വേഷിച്ച്‌ അവസാനം അവരെ കണ്ടെത്തി...
'പോട്ട'ക്കടുത്തുള്ള ഷാപ്പീന്ന്....

[വിശ്വാസികളെ ..ദൈവം എന്നോടു കൂടെ]

Kaithamullu said...

സത്യാണോ മേന്‍‌ന്നേ, ജോര്‍ജേട്ടനും ജോസേട്ടനും പിന്നെ കുടിച്ചിട്ടേ ഇല്ലാ?

-നാട്ടീ പോകുമ്പോ നേരിട്ടു ചോയ്ച്ചട്ടന്നെ കാര്യം.

mydailypassiveincome said...

കുട്ടന്മേന്നേ,

എന്നാലും എനിക്കു വിശ്വസിക്കാന്‍ പ്രയാസം ജോസേട്ടന്‍ ഇങ്ങനെയായെന്ന് :) നല്ല രസകരമായ വിവരണം.

പണ്ട് എവിടെയോ കേട്ടതും പലര്‍ക്കുമറിയാവുന്നതുമായ ഒരു കഥ ഓര്‍മ്മയില്‍ വന്നു :-

ഒരു ദിവസം ഞായറാഴ്ച. വിശ്വാസികള്‍ രാവിലെ പള്ളിയിലെത്തിയപ്പോള്‍ അച്ചനെ കാണ്മാനില്ല. അച്ചനെവിടെ എന്നു കപ്യാരോട് ചോദിച്ചപ്പോള്‍ കപ്യാര്‍ പറഞ്ഞു അച്ചന്‍ ഷാപ്പിലോ തോപ്പിലോ കാണുമെന്ന്. വിശ്വാസികള്‍ ഷാപ്പിലെത്തി, അച്ചനെ കാണ്മാനില്ല. വിശ്വാസികള്‍ തോപ്പിലെത്തി, അച്ചന്‍ ഒരു പനയുടെ മണ്ടയിലിരുന്ന് മാട്ടം ഭക്ഷിക്കുകയായിരുന്നു ;) അച്ചാ ഇതെന്താണീ കാണിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അച്ചന്‍ വിശ്വാസികളോട് :-

കുഞ്ഞാടുകളേ... മേല്‍ ആകാശത്തിനും താഴെ ഭൂമിക്കുമിടയിലുള്ള എന്തും ഭക്ഷിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടന്ന് നിങ്ങള്‍ക്കറിയില്ലയോ?

ഹി ഹി ...

asdfasdf asfdasdf said...

ഹെര്‍ക്കുലീസ് ജോസേട്ടനെ കാണാന്‍ വന്നവര്‍ക്ക് നന്ദ്രീ.വേണു, ജോര്‍ജ്ജേട്ടന്‍ ഇപ്പോള്‍ നല്ല ഉറക്കത്തിലാണ്. ഇക്കാസ്, ജോസേട്ടനെ കുറിച്ചുള്ള ധാരണയില്‍ പിശകില്ല.

Sathees Makkoth | Asha Revamma said...

ഒരാള്‍ നന്നായ കാര്യമല്ലേ.കൊള്ളാം.
ത്രേസ്യാമ്മ കേക്കേണ്ട.

ഇടിവാള്‍ said...

അങ്ങനെ വിശാലന്റെ പോളേട്ടനെപ്പോലെ, ബ്ലോഗിനൊരു ജോസേട്ടനും!

Anonymous said...

ഛേ!
മ്മ്ടേ ഗ്ഗഡി ജോസേട്ടന്‍ ക്ലൈമാക്സില്‍ കുടിച്ച് കുന്നന്‍‌കായ കണക്കേ മടങ്ങിവരുന്നൂ എന്ന് ഞാങ്കഡാ കര്തീ.. ഒരു ചിയേഴ്സ് മിസ്സായല്ലോ കുട്ടന്‍ പിള്ളേ

ഓ.ടൊ.
{മേനൊന്‍ എന്ന് എന്റെ പൂച്ച വിളിക്കും}

സുല്‍ |Sul said...

മേന്നേ, ഇതു ഞാന്‍ ആദ്യം വായിച്ചിട്ടുണ്ടല്ലോ മേനോന്‍ തന്നെയെഴുതിയത്. എന്തായാലും സംഗതി രസകരം.

-സുല്‍

asdfasdf asfdasdf said...

സതീശ് :)
ഇടിവാ‍ള്‍ജി :)
വിവി :) പൂച്ചക്ക് സുഖമല്ലേ ?
സുല്‍ : ഇത് മുന്‍പെഴുതിയതാണ്. അന്ന് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ ഡ്രാഫ്റ്റില്‍ കയറ്റി.