Sunday, January 21, 2007

വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും

കാലത്ത് ഒരു പതിനൊന്നു മണിയായ സമയത്താണ് അമ്മയ്ക്ക് ഒരു ബോധോദയം.
ലീവിനു വന്ന മകന് എന്തെങ്കിലും വായ്ക്ക് രുചിയുള്ളത് ഉണ്ടാക്കി കൊടുക്കണം.
ചോദിക്കേണ്ട താമസം ‘ഉണ്ണിയപ്പം’ എന്ന എന്റെ സ്ഥിരം മറുപടി പ്രതീക്ഷിച്ചതുകൊണ്ടായിരിക്കാം ഉണ്ണിയപ്പമൊഴിച്ചെന്തു വേണമെങ്കിലും പറയൂവെന്ന്‍ നിര്‍ബന്ധം. ഉണ്ണിയപ്പം ഉണ്ടാക്കണമെങ്കില്‍ അടുപ്പിനടുത്ത് കുറെ നേരം നില്‍ക്കണം. പഴയ ആരോഗ്യം ഇപ്പോള്‍ അമ്മയ്ക്കില്ലാത്തതുകൊണ്ട് അതിനായി വാശിപിടിക്കുന്നത് ശരിയല്ലല്ലോ. അപ്പോള്‍ പിന്നെ ഓര്‍മ്മയില്‍ വന്നത് കള്ളപ്പമാണ്. അരിപ്പൊടിയില്‍ കള്ളുചേര്‍ത്ത് മാവ് പൊങ്ങിവരുമ്പോള്‍ അതെടുത്ത് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് കള്ളപ്പം.

‘ഞാന്‍ കള്ളുകുടിക്കാന്‍ പൂവ്വാട്ടാ അമ്മേ’ എന്നും പറഞ്ഞ് സ്കൂളില്‍ പോകുന്നതുപോലെയോ അമ്പലത്തില്‍ പോകുന്ന പോലെയോ പോകാന്‍ പറ്റിയ സ്ഥലമല്ലല്ലോ കള്ളുഷാപ്പ്. അതുകൊണ്ട് ‘വിത് അപ്രൂവല്‍’ പോകാന്‍ പറ്റിയ അവസരവുമാണിത്.

ഉന്മേഷത്തോടെ കള്ളുവാങ്ങാനുള്ള കുപ്പി അന്വേഷിച്ചപ്പോള്‍ കയ്യില്‍ കിട്ടിയത് ദൈവം സഹായിച്ച് രണ്ടു ലിറ്ററിന്റെ പെപ്സിയുടെ കുപ്പി തന്നെ. കള്ളപ്പത്തിന് മുന്നൂറുമില്ലി മാത്രം വേണ്ടപ്പോള്‍ രണ്ട് ലിറ്ററിന്റെ കുപ്പി എന്തിനാടാ എന്ന അസൂയച്ചോദ്യം അമ്മ ചോദിച്ചില്ല. ചേന്ദമംഗലം മുണ്ടുമുടുത്ത് അര ദിനാറിന് ഇവിടെ കിട്ടുന്ന പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറമുള്ള ഒരു ടീഷര്‍ട്ടുമെടുത്തണിഞ്ഞ് സന്തത സഹചാരിയായ സ്പ്ലെന്‍ഡറ് എടുത്ത് വാസുവേട്ടന്റെ ഷാപ്പു ലക്ഷ്യമാക്കി പാഞ്ഞു.

കാലത്ത് പതിനൊന്നുമണിക്ക് പാങ്ങിലെ വാസുവേട്ടന്റെ ഷാപ്പ് വിജനമായിരുന്നു. ഭക്തജനപ്രവാഹം തുടങ്ങിയിട്ടില്ല. കഴിഞ്ഞ മഴയ്ക്ക് ഒലിച്ചു പോയ ഓലക്കുപകരം പുതിയ തകരപ്പാട്ട പിടിപ്പിച്ചിരിക്കുന്നു. തകരപ്പാട്ടകള്‍ക്കിടയിലൂടെ സൂര്യന്‍ അവിടവിടെയായി ഒളിച്ചു നോക്കുന്നു. അതുകൊണ്ടുതന്നെ ഈ ഫിറ്റിങ്സ് ചെയ്തത് ചെണ്ണക്കാലന്‍ അന്തോണിതെന്നെയെന്ന് മനസ്സിലുറപ്പിച്ചു.

വാസുവേട്ടന്‍ സ്ഥലത്തില്ലെന്ന് തോന്നുന്നു.
പുതിയ പയ്യനാണ്. അപ്പുറത്ത് വള്ളിയേടത്തി നിന്ന് ചട്ടിയില്‍ എന്തോ വറുക്കുന്നു. കുക്കറില്‍ ബോട്ടി വെട്ടിക്കൂട്ടി അതവിടെ കിടന്ന് ‘ശ്ശീ ശ്ശീ’ അടിക്കുന്നു. മൊത്തത്തില്‍ ലാലൂര് (തൃശ്ശൂര്‍ നഗര സഭയുടെ ട്രഞ്ചിങ് ഗ്രൌണ്ട്) ചെന്ന സുഖം.

മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടയിലായിരുന്നു പിന്നിലൊരു വിളി.

‘ബ് ട്യോക്കെ ഇണ്ടാ..?’

നോക്കിയപ്പോള്‍ പിന്നില്‍ വാതിക്കല്‍ വേലായി. മൂന്നു നാല് പോസ്റ്റില്‍ വേലായിയെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അതുകൊണ്ട് വേലായിയെ ഇത്തവണ ഒന്ന് കാണണമെന്ന് മോഹവുമുണ്ടായിരുന്നു. അങ്ങനെ തേടിയ വേലായി മുന്നില്‍.


വേലായിയുടെ ഗ്ലാമറെല്ലാം പോയിരിക്കുന്നു. നല്ല ക്ഷീണമുണ്ട്. പഴയ തിളക്കമുള്ള കറുപ്പ് മാറി ഒരു കരിക്കട്ടയുടെ കറുപ്പായിരിക്കുന്നു.
‘എന്താ വേലായിയേ വിശേഷം ?’
‘ന്തൂട്ട് പറയാനാ..’
‘ഇന്ന് പൂരൊന്നും ഇല്ലേ ?’
‘ഇന്നില്യ.. നാളെ ചെറയ്ക്കല് പൂരല്ലേ..’
‘അപ്പോ പൂരത്തിന് പോണില്ലേ ?’
‘പോണം.. ന്നാലും..’
‘എന്ത് ന്നാലും..?’
‘ഒന്നൂല്യ.. മേനന് എന്താ ബ് ടെ..?’
‘ഞാന്‍ കൊറച്ച് കള്ള് വേടിക്കാന്‍ വന്നതാ. കള്ളപ്പം ണ്ടാക്കാനേയ്..അപ്പൊ വേലായി ഇന്ന് കഴിക്ക്ണില്ലേ ? ‘
‘ഏയ്.. ഞാന്‍ വെറുതെ വന്നതാ. വാസ്വേട്ടനെ ഒന്ന് കാണാന്‍..’
‘അതിന് വാസ്വേട്ടന്‍ ഇബടെ ഇല്ലല്ലോ..’
‘അതിനെന്താ മേന്നെ.. വാസ്വേട്ടന്‍ ഇബടീല്ലെങ്കി എനിക്ക്ബടെ വരാന്‍ പാടില്ലേ ? ‘ വേലായിയുടെ ശബ്ദം ചെറുതായി കനത്തു.
‘എയ്.. എന്താ വേലായിയേ ഇന്ന് ചൂടിലാണല്ലോ..’
‘ഞാനെങന്യാ ചൂടാവാണ്ടിരിക്ക്യ ന്റെ മേന്നെ.. ഈ വാസ്വേട്ടന്‍ എന്നെ ഇങ്ങനെ ദിവസ്വോം പറ്റിക്ക്യാ.. ഒരാഴ്ച തെക്കു വടക്ക് നടന്ന്ട്ട് കൊറെ തവളേനെ പിടിച്ച് കൊട്ത്ത്ട്ട് ഈ വാസ്വേട്ടന്‍ ഇന്നു വരെ ഒരഞ്ചു പൈസ തന്നിട്ടില്യ..’
‘അതിനെങ്ങന്യാ തവളേരെ കാശിന്റെ നാലെരട്ടി വേലായി കള്ളു കുടിച്ച് തീര്‍ത്തു. പിന്നെ, വല്യ മഞ്ഞ തവളേനെ കൊണ്ടുവരാന്‍ പറഞ്ഞിട്ട് പകുതി തവളയും ചൊറിത്തവള്യാ‍രുന്നു. മനുഷ്യന്റെ കയ്യ് മുഴുവന്‍ വൃത്തികേടാക്കി. ന്ന് ട്ട് ബാക്കി കാശിനെറങ്ങിയിരിക്ക്യ..’ വള്ളിയേടത്തി അകത്ത് നിന്ന് ചൂടായി.
‘എയ് .. അതെന്താ വേലായിയേ ഇങ്ങന്യോക്കെ...’ വേലായി ഒന്ന് തണുത്തു. പിന്നെ വെറുതെ കള്ളിരിക്കുന്ന ഡ്രമ്മിലേക്ക് എത്തി നോക്കി.
‘അപ്പൊ എന്താ വേലായിയേ തുള്ളി കഴിക്കണാ‍ .. ?’
‘ഇനി മേനന്‍ പറ്ഞ്ഞ്ട്ട് കഴിച്ചില്യാന്ന് വേണ്ട. ‘
ഒഴിച്ചുകൊടുക്കുന്ന ചെറുക്കന് കുപ്പിയും കൊടുത്ത് ഞാനും വേലായിയും ബെഞ്ചിലിരുന്നു.
‘അപ്പൊ വേലായിയേ ഞാന്‍ രണ്ടു കുപ്പി പറയട്ടെ..’
‘ഏയ് .. യ്ക്ക് കുപ്പ്യൊന്നും വേണ്ടേയ്.. മേന്ന്‍ ഒരു കുപ്പി പറഞ്ഞോ..യ്ക്ക് ഒരു കുടുക്ക മത്യേയ്..നമ്മളൊക്കെ പാവങ്ങളല്ലേ....’
‘ഓകെ. അപ്പൊ വേലായി പറഞ്ഞ പോലെ യ്ക്ക് ഒരു കുപ്പിം വേലായിക്കൊരു കുടുക്കയും.. പിന്നെ എന്താ കഴിക്കാന്‍ ..’
‘കടല ഫ്രൈ, തവള, ആമ , ഒണക്കമീന്‍..’
‘എയ് ഇത് വേലായി പിടിച്ച തവള്യാണോ..? ‘
‘ഏയ് .. അതൊക്കെ അന്നേ കഴിഞ്ഞു.. ‘
‘യ്ക്ക് കൊറച്ച് കടലയും ഒണക്കമീനും മതി. ‘ വേലായി പറഞ്ഞു.

വേലായിയുടെ കുടുക്കയും എന്റെ കുപ്പിയും മേശപ്പുറത്തെത്തി.
ഗ്ലാസ്സില്‍ പകര്‍ന്ന് മുത്തിക്കുടിക്കുന്നതിനിടെ വേലായി കുടുക്ക രണ്ടു കൈകൊണ്ടും പിടിച്ച് ഒരു നീക്കു നീക്കി. പിന്നെ ഒരു ഏമ്പക്കവും വിട്ട് ‘ദേവ്യയ് ..’ എന്നൊരു വിളിയും.
‘എയ് ഇതെന്താ വേലായിയേ കള്ളു കുടിച്ചിട്ട് ദേവീനെ വിളിക്കണേ ? ‘
‘ഇത് കാണ് ണില്ല്യേ ന്ന് ചോദിച്ചതാ.. രണ്ട് ദിവസായി വാസുവേട്ടന്‍ യ്ക്ക് കള്ള് തന്നട്ടേയ്..’
‘അത് ശരി.. ‘
‘ആ ^%$% മോന്‍ ഇങ്ങട്ട് വരട്ടെ.. ഇന്ന് ഞാന്‍ ശര്യാക്കി കൊടുക്ക് ണ് ണ്ട്...’ വേലായി ചൂടായിത്തുടങ്ങി.
പിന്നെ ഉണക്ക മാന്തള്‍ ഫ്രൈ വായിലിട്ട് ചതച്ച് ‘ഫ്രൂ‍ു.. ‘ എന്നൊരു ചീറ്റ് .
താഴെ മുഴുവന്‍ ഒരു അത് ചിന്നിച്ചിതറി.

പിന്നെ കുടുക്ക വീണ്ടുമെടുത്ത് ഒരു നീക്ക് . കാലിയായ കുടുക്ക മേശയില്‍ കമഴ്ത്തിവെച്ചു.

‘അവന്റെ ^%&^^^ ന്റെ .. ‘ എന്നൊരു ഭര്‍സനവും.

ഇനി അധിക സമയം ഇരിക്കുന്നത് അത്ര പന്തിയല്ലെന്ന് കണ്ട് ഒഴിച്ചു കൊടുക്കുന്ന പയ്യനെ വിളിച്ച്
പെട്ടന്ന് കണക്ക് തീര്‍ത്തു. കള്ളപ്പത്തിനുള്ള അര കുപ്പി വാങ്ങി.
പിന്നെ വേലായിയെ നോക്കി.

വേലായി എന്നെ നോക്കി ‘ സ്വാമിയേ.. ശരണമയ്യപ്പ..’ എന്നലറി , പിന്നെ തൊഴുതു.
‘വേലായിയേ കുടുക്കയുടെ കാശ് ഞാന്‍ കൊടുത്ത് ട്ട്ണ്ട് . വാസ്വേട്ടന്‍ വരുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കണം ട്ടാ..’ ഞാന്‍ പറഞ്ഞു.
വേലായി എന്നെ വീണ്ടും നോക്കി.
‘മേന്ന് ന്നേ നിങ്ങള് നല്ല മനുഷ്യനാ.. നല്ലതേ വരൂ.. ‘ കുഴഞ്ഞ സ്വരത്തില്‍ വേലായി പറഞ്ഞു.

‘മേന്ന് ന്നേ നിങ്ങള്‍ക്ക് പുണ്യം കിട്ടും.... അല്ലെങ്കില്‍ കാലത്ത് ചെത്തി എറക്കിയ കുടുക്കയിലെ കള്ള് എനിക്കും കലക്ക് (മിക്സ്) കള്ള് കുപ്പിയിലാക്കി നിങ്ങളും മോന്തില്ലല്ലോ....’

ഹീറോ ഹോണ്ട സ്റ്റാര്‍ട്ട് ചെയ്ത് വഴി പകുതിയായപ്പോഴാണ് വേലായി പറഞ്ഞതിന്റെ പൊരുള്‍ ശരിക്കും മനസ്സിലായത്; ഹീറോ ഹോണ്ടയ്ക്ക് ഹോണ്ടയുടെ അത്ര പവറില്ലെന്നതും.

31 comments:

asdfasdf asfdasdf said...

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചെറിയ പോസ്റ്റിടുന്നു.. വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും...

വേണു venu said...

വേലായി കുടുക്ക രണ്ടു കൈകൊണ്ടും പിടിച്ച് ഒരു നീക്കു നീക്കി. പിന്നെ ഒരു ഏമ്പക്കവും വിട്ട് ‘ദേവ്യയ് ..’ എന്നൊരു വിളിയും.
ഹാഹാ..അതും കൊള്ളാം ആ വിളി.

സു | Su said...

വേലായിക്കൊണ്ട് പുലിവാല് പിടിച്ചപോലെ ആയി അല്ലേ?

ഇടിവാള്‍ said...

കുട്ടന്മേനൊന്‍ nne, Welcome Back !
Nalla post kettO

No Keyman here, sorry For Eng.

കുറുമാന്‍ said...

ഓഫീസില്‍ ഇരുന്നു വായിച്ചതാ, അപ്പോള്‍ കമന്റിടാന്‍ തുടങ്ങീതാ, ബ്ലോഗര്‍ക്കൊരു നീരെളക്കം.....എന്നാ വേണ്ട, വീട്ടില്‍ വന്നിട്ട് ബ്ലോഗര്‍ക്കും, പട്ടേം, ചക്കരേം, തേങ്ങേം കൊടുത്തിടാം എന്നു കരുതി ഇരുന്നു.

വേലായി കൊള്ളാലോ. പിന്നെ ഈ കുടുക്ക തന്നെയാ നല്ലത് കേട്ടോ, കുപ്പിയില്‍ മുക്കീചാരിയും, പുല്ലുപറിയും, നിലം തപ്പിയും എല്ലാം മിസ്കാ സോറി മിക്സാ

K.V Manikantan said...

മേന്‍ നേ
നാട്ടില്‍ പോയി വന്ന സുഖം. ഗംഭീരമായിരിക്കുന്നുട്ടാ.

വേലായുടെ ഒരു ഫോട്ടോ പൂശാമായിരുന്നു!

-സങ്കുചിതന്‍

sandoz said...

ഇപ്പഴും ഷാപ്പിലൊക്കെ ചെത്ത്‌ കള്ള്‌ കിട്ടോ മേനനേ.

കൊച്ചി ഭാഗത്ത്‌ നോ രക്ഷ.
വല്ല ജയന്തിക്കോ സമാധിക്കോ ഷാപ്പ്‌ ഇല്ലാത്ത ദിവസം നോക്കി ബുക്ക്‌ ചെയ്താ ചെലപ്പൊ ചെത്തുകാരന്‍ കനിയും.
അല്ലെങ്കില്‍ കുപ്പിക്കള്ള്‌ തന്നെ ശരണം.

ആ 'കോണ്‍ക്രീറ്റ്‌' ഒരു കുപ്പി കേറ്റിയാ പിന്നെ മനുഷ്യനെ നാലു ദിവസത്തേക്ക്‌ നാറീട്ട്‌ അടുക്കാന്‍ പറ്റൂലാ.

Mubarak Merchant said...

‘മേന്ന് ന്നേ നിങ്ങള്‍ക്ക് പുണ്യം കിട്ടും.... അല്ലെങ്കില്‍ കാലത്ത് ചെത്തി എറക്കിയ കുടുക്കയിലെ കള്ള് എനിക്കും കലക്ക് (മിക്സ്) കള്ള് കുപ്പിയിലാക്കി നിങ്ങളും മോന്തില്ലല്ലോ....’

നാട്ടീന്ന് പോയതോടെ ഷാപ്പിലെ ഗ്രിപ്പൊക്കെ പോയി അല്ലേ മേന്നേ?

അല്ലെങ്കി കറിക്കാരന്‍ ചെക്കന്‍ തന്നെ പറയൂല്ലേ, അതടിക്കണ്ടാ, ഇതടിച്ചാ മതീന്ന്?

സുല്‍ |Sul said...

ഇടവേളക്ക് ഒടുവിലെ പോസ്റ്റ് പതിവുപോലെ മേന്നെ. നിങ്ങള്‍ നല്ലവനാ.

-സുല്‍

Rasheed Chalil said...

മേനോനേ ഈ വേലായി ചരിതവും കലക്കി. അപ്പോള്‍ ഈ വേലായി ശരിക്കും ഉള്ള ഒരു സംഭവം ആണല്ലേ.

പറയാന്‍ മറന്നു. വെലക്കം ബാക്ക്

Anonymous said...

വേലായി ആള്‌ മോശമില്ലല്ലോ! അല്ല മേനോനേ കണ്ടാണശ്ശേരിയിലെ മധുരക്കള്ള്‌ വാങ്ങാമായിരുന്നില്ലേ? കള്ളപ്പത്തിന്‌ അതല്ലേ നല്ലത്‌ (കുടിക്കാനും).

asdfasdf asfdasdf said...

ചേച്ചിയമ്മേ,കണ്ടാണശ്ശേരിയിലും ഈ സീസണില്‍ മധുരക്കള്ള് കിട്ടാന്‍ വിഷമമാണ്. കുറച്ചെങ്കിലും ഭേദം ആളൂര്‍(മറ്റം) ഷാപ്പ് തന്നെ.നാട്ടിലെ ഷാപ്പുകള്‍ക്കുമുന്നിലെല്ലാം‘അന്തിക്കള്ള് ഇവിടെ കിട്ടുന്നതായിരിക്കും’ എന്ന ബോര്‍ഡ് കണ്ടു. അന്തിക്കള്ള് അന്തിക്ക് ചെത്തുന്ന കള്ളാണെന്ന ധാരണയാണ് എല്ലാവര്‍ക്കും. അത് തെറ്റാണ്. അന്തിക്കള്ള് മധുരക്കള്ളാ‍ണ്. അത് സീസണില്‍ മാതമേ കിട്ടൂ. തെങ്ങിന്റെ പുതിയ പൂക്കുല വന്ന് വേനലിനു മുന്‍പായി ചെത്തുന്ന ഉച്ചകഴിഞ്ഞ് ചെത്തുന്നതുമാത്രമാണ് അന്തിക്കള്ള്. ഫെബ്രുവരി പകുതി മുതല്‍ മെയ് പകുതി വരെ മാത്രമേ അത് കിട്ടു. അല്ലാതെ കിട്ടുന്നതിലെല്ലാം മധുരം പുറത്തു നിന്ന് ചേര്‍ത്ത് വിതരണം ചെയ്യുന്നതാണ്.

Anonymous said...

ഇതിനൊക്കെ സീസണുണ്ടല്ലേ? എനിക്കിതിനെക്കുറിച്ച്‌ കാര്യമായൊന്നും അറിയില്ലാട്ടോ.ഒരിക്കല്‍ (ഒരു ജനുവരിയിലാണെന്നാണെന്റെ ഓര്‍മ്മ),കണ്ടാണശ്ശേരിമധുരകള്ള്‌ കുറച്ച്‌ കുടിക്കാനുള്ള ഭാഗ്യമുണ്ടായി,ആരെയോ സ്പെഷല്‍ ഏര്‍പ്പാടാക്കി കിട്ടിയതാണ്‌.(എന്റെ അമ്മായിയുടെ വീട്‌ കണ്ടാണശ്ശേരിയിലാണ്‌).എനിക്കത്‌ ഒത്തിരി ഇഷ്ടമായി.അപ്പോള്‍ അത്‌ പറ്റിക്കല്‍സ്‌ മധുരകള്ളായിരിക്കുമല്ലേ?ഇനി ശരിക്കുമുള്ളത്‌ കുടിക്കണമെങ്കില്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ നോക്കണമായിരിക്കും.ആ...നോക്കട്ടെ.

Anonymous said...

മേനനേ.. വേലായി ചരിതം കലക്കീട്ട്ണ്ട്‌..
ഷാപ്പില്‍ നിന്നും വിട്ട്‌ ബൈക്കില്‍ പകുതി ദൂരം ചെന്നപ്പോഴാണ്‌ വേലായി പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടിയതല്ലേ.. അപ്പോഴേക്കും വാളുവെക്കേണ്ടിവന്നുവോ..?

കൃഷ്‌ | krish

മുസ്തഫ|musthapha said...

അതെ മേന്ന് ന്നേ, വേലായി പറഞ്ഞത് പോലെ “നിങ്ങള് നല്ല മനുഷ്യനാ...” അല്ലെങ്കില്‍ വേലായി പറഞ്ഞ പോലത്തെ കള്ള് കുടിച്ചത് നിങ്ങളിവിടെ പറയില്ലായിരുന്നു :))

കുട്ടാ... നന്നായിരുന്നു അവതരണം :)

സൂര്യോദയം said...

കുട്ടന്‍ മേന്‍ നേ... കൊള്ളാം ... :-)

asdfasdf asfdasdf said...

വേണുജി :)
സൂ: അല്പം പുലിവാലാണെങ്കിലും വേലായി നല്ലവനാ.
ഇടിവാള്‍ജി :)
കുറുമാന്‍ജി : ഇപ്പോ നല്ല കള്ള് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ആരെങ്കിലും നാട്ടില്‍ പോകുന്നെങ്കില്‍ നേരത്തെ അറിയിച്ചാല്‍ ആളൂര് ഷാപ്പില്‍ നല്ല കള്ള് അറേഞ്ച് ചെയ്യാം.
സങ്കു: വേലായിയുടെ പടം എടുത്തതാണ്. ചിറ്റാട്ടുകര പെരുന്നാള്‍ക്ക് രാത്രി അമ്പിന്റെ സമയത്താണ് കണ്ടത്.വേലായി പട്ടുകുടയും പിടിച്ച് അമ്പിന്റെ കൂടെ. എന്റെ മൊബൈലില്‍ അപ്പൊ തന്നെ പടമെടുത്തു. കമ്പ്യൂട്ടറില്‍ കയറ്റിയപ്പോള്‍ കുടമാത്രം കിട്ടി. വേലായിയുടെ കളറുകൊണ്ട് രണ്ടു കണ്ണൊഴിച്ച് ഒന്നും വ്യക്തമായി കിട്ടിയില്ല.
സാന്‍ഡോസ് : നേരത്തെ അറിയിച്ചാല്‍ ആളൂര് ഷാപില്‍ നമുക്ക് അറേഞ്ച് ചെയ്യാം.
ഇത്തിരി :)
കൃഷ് :)
അഗ്രജൊ :)
സൂര്യോദയം :)‌

Anonymous said...

കലക്കി കുട്ടന്‍ പിള്ളേ[മേനോനെന്ന് ഞാന്‍ വിളിക്കില്ലാന്ന് അറിയാലോ അല്ലെ?]

ഓ.ടോ.
ഈ സംഭവം കണ്ടപ്പോളാണ് വേറൊരു കള്ളുഷാപ്പ് എക്സ്പീരിയന്‍സ് ഓര്‍മ്മവന്നത്.
ഒടനേ അത് പോസ്റ്റട്ടേ ട്ടാ.

Unknown said...

ഈ കള്ള് എങ്ങന്യാ? സൂപ്പര്‍ സാധനമാണോ? ഇക്കണ്ട പോസ്റ്റെല്ലാം വായിച്ച് അടുത്ത നാട്ടില്‍ പോക്കിന് ഞാന്‍ ഒരു കുപ്പിയടിച്ചാല്‍ എന്നെ കുറ്റം പറയരുത് ഗഡ്യോളേ. :-)

ഓടോ: കുട്ടമേനോഞ്ചേട്ടാ.. എന്നാലും വേലായി വേല വെച്ചു അല്ലെ? :-)

സ്നേഹിതന്‍ said...

പെപ്സിയുടെ കുപ്പിയില്‍ പെപ്സിയായാലും കള്ളായാലും ഫലത്തില്‍ അനാരോഗ്യ ദായനികളായ ലായനികളല്ലെ. :)

വേലായി മിടുക്കനാണല്ലൊ (മേനോനും).

asdfasdf asfdasdf said...

ദില്‍ബു : കള്ള് മഞ്ഞളുപോലെ വെളുത്തിരിക്കും. സംശയമുണ്ടെങ്കില്‍...
സ്നേഹിതന്‍ :)

മനോജ് കുമാർ വട്ടക്കാട്ട് said...

എന്നാലും കള്ള്‌ ഷാപ്പിന്റെ നാറ്റത്തെ മേനന്‍ കുറ്റം പറയരുതായിരുന്നു.

ആ നാറ്റം പോലും ഇപ്പോള്‍ 'നൊസ്റ്റാള്‍ജിയ' യുടെ ഭാഗമാണ്‌!

Anonymous said...

ഇതു കലക്കി മേന്നെ..ഗ്രുഹാതുരത്വം പഴയ കള്ളുപോലെ പതഞ്ഞു പൊങ്ങി (ഇപ്പൊ എല്ലാം പൊടിയല്ലെ. പതയുന്നതു കുടിക്കുന്നവണ്റ്റെ വയറും) വര്‍ഷത്തിലൊരിക്കലെ നാട്ടു യാത്രയും നേരം വെളുക്കാന്‍ കാത്തിരിക്കലും ഭാര്‍ഗ്ഗവന്‍ ചേട്ടണ്റ്റെ കുടുംബ ക്ഷേത്രമായ ഷാപ്പിലേക്കുള്ള പോക്കും, (ദില്ലി വാല ആയതു കൊണ്ട്‌ ഗള്‍ഫ്കാരെ പോലെ അനുഗ്രഹിക്കാന്‍ ആരും വരാറില്ല - ആങ്ങ്‌.. അതും ഒന്നോര്‍ത്താല്‍ ഒരനുഗ്രഹമാ-) കുടുക്കയും, മീഞ്ചാറും, നാക്കിനും കൈക്കുമിടയിലെ ആത്മസുഖവും, പിന്നെ പുറത്തിറങ്ങുമ്പോള്‍, "ഇതു ദൈവത്തിണ്റ്റെ സ്വന്തം നാടല്ലെന്ന് അറ്‍ക്കാ ഇത്ര സംശയം" എന്ന ആത്മഗതവും തുളുമ്പി വന്നു

Anonymous said...

കഴിഞ്ഞകൊല്ലം കാട്ടൂര്‍ ഭാഗത്തു നിന്നും അനിയന്‍ കുറച്ചന്തി കൊണ്ടു വന്നു. ശരിക്കും അന്തി തന്നെ...
മേന്‍‌ന്നേ, തെങ്ങീന്നെറക്കി തന്നെയെടുക്കണം, അല്ലെങ്കി അന്തിയൊക്കെ വേറെ പേരിട്ടു വിളിക്കേണ്ടിവരും.
-വേലായി ഞങ്ങ്‌ടെ നാട്ടിലുണ്ടു,ട്ടോ!

Anonymous said...

വളരെ നന്നായിട്ടുണ്ട്‌..

asdfasdf asfdasdf said...

അങ്ങനെ ഈ ബ്ലോഗും കുളമായി. അറിയാവുന്നവര്‍ അറിയപ്പെടാത്തവരായും അറിയപ്പെടാത്തവര്‍ ചൈനീസ് ഭാഷയിലുമാണ് സംസാരിക്കുന്നത്. ബ്ലോഗ്ഗര്‍ ഇങ്ങനെ ഒരു വേലവെക്കുമെന്ന് വിചാരിച്ചില്ല.

Yamini said...

കുട്ടന്മെന്നേ,
അടിപൊളി പോസ്റ്റ്‌, വായിചു നല്ലവണ്ണം രസിചു കേട്ടൊ, കള്ളുഷാപ്പുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും....

Sathees Makkoth | Asha Revamma said...

‘മേന്ന് ന്നേ നിങ്ങള്‍ക്ക് പുണ്യം കിട്ടും.... അല്ലെങ്കില്‍ കാലത്ത് ചെത്തി എറക്കിയ കുടുക്കയിലെ കള്ള് എനിക്കും കലക്ക് (മിക്സ്) കള്ള് കുപ്പിയിലാക്കി നിങ്ങളും മോന്തില്ലല്ലോ....’
കലക്കി മേന്ന് ന്നേ .സംഗതി ജോര്‍.
sathees makkoth

Anonymous said...

മേന്നേ, ങള് നല്ല മനുഷ്യനാ.. ദേ ഇവിടിരുന്നു ഞാനും പറേണു (ഷാപ്പിലല്ല കേട്ടോ).

ഇതൊക്കെ എഴുതി ഞങ്ങളെ രസിപ്പിക്കുണൊണ്ടല്ലൊ. നന്നായി മേന്നേ.

asdfasdf asfdasdf said...

വെമ്പള്ളി, സതീശ്, യാമിനി സന്ദര്‍ശനത്തിനു റൊമ്പ ഡാങ്ക്സ്..

ആഷ | Asha said...

വേലായിചരിതങ്ങള്‍ ഇതുവരെ വായിച്ചപ്പോ വറുതുണ്ണി വാസുവേട്ടന്‍, വള്ളിചേച്ചി എന്നീ കഥാപാത്രങ്ങള്‍ നല്ല പരിചിതരായി :)

എന്നാലും വേലായി ബുദ്ധിമാന്‍ തന്നെ കേട്ടാ.