മുംബയിലെ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചന്തോണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നത് സ്വന്തമായുള്ള ഒരേയൊരു സമ്പാദ്യമായ ഭാര്യ കത്രീനയുമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്ന് തറവാട്ടുവകയായി കിട്ടിയ ഭൂമിയില്‍ ഒരു വീട് വെച്ച് താമസിക്കണമെന്നു മാത്രമായിരുന്നു. ഉണ്ടായിരുന്ന രണ്ടു പെമ്പിള്ളാരെ കെട്ടിച്ചുവിട്ടപ്പോള്‍ തന്നെ കൊച്ചന്തോണിച്ചേട്ടന്‍ വിചാരിച്ചു തുടങ്ങിയതാണ്. കത്രീനകൈഫിന്റെ അത്ര ഗ്ലാമറില്ലെങ്കിലും കൊച്ചന്തോണിച്ചേട്ടനേക്കാള്‍ ഉയരമുള്ള കത്രീനച്ചേടത്തിയ്ക്ക് മുംബെ വിട്ടുപോരാന്‍ ഒരു മടി. മുംബെയില്‍ ഒരു കോണ്‍ വെന്റ് സ്കൂളില്‍ ടീച്ചറായതോണ്ടായിരിക്കും മലയാളത്തില്‍ സംസാരിക്കുന്നത് തന്നെ ചേടത്തിക്ക് അലര്‍ജ്ജിയാണ്.
കുരിയച്ചിറയില്‍ കൊള്ളിവിറ്റു നടന്നിരുന്ന കൊള്ളിത്തോമയുടെ മൂത്ത മോളായ കത്രുവിനെ, ‘കത്രീന ആന്റണി, എം.എ. ബി.എഡ്’ എന്ന നെയിം ബോര്‍ഡ് ബോര്‍വിലിയിലെ അവരുടെ അപ്പാര്‍ട്ടുമെന്റില്‍ തൂക്കിയിടാന്‍ പാകത്തിലാക്കിയെടുക്കാന്‍ കൊച്ചന്തോണിച്ചേട്ടന്‍ പെട്ടപാട് നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല.
അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍, കൊച്ചന്തോനിച്ചേട്ടന്‍ തന്റെ തറവാടുവക സ്ഥലത്ത് കത്രീനച്ചേടത്തിക്ക് ഇഷ്ടമില്ലാഞ്ഞിട്ടുപോലും സാമാന്യം ഭേദപ്പെട്ട ഒരു മാളിക പണിതു. ചേടത്തിയെ അല്പം നിര്‍ബന്ധിച്ചിട്ടാണെങ്കിലും മുംബെയില്‍ നിന്നും കൊണ്ടു വന്നു താമസം തുടങ്ങി.
അതുവരെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധം ശ്വസിച്ചു തുടങ്ങിയപ്പോഴാണ് കൊച്ചന്തോണിച്ചെട്ടനു പല കാര്യങ്ങളും മനസ്സിലായിത്തുടങ്ങിയത്.
മുംബെയില്‍ ഉള്ളപ്പോള്‍ കത്രീനച്ചേടത്തിക്ക് ഉച്ചക്ക് ഉണ്ടില്ലെങ്കിലും നിര്‍ബന്ധമായിരുന്ന ഒരു കാര്യം, കാലത്ത് കൊച്ചന്തോണിച്ചേട്ടനുമായി ബോര്‍വിലിയിലെ തബേലകളുടെ സുഗന്ധവുമാസ്വദിച്ച് ഒരുമണിക്കുര്‍ ജോഗിങ്. മെയ്യനങ്ങി കാര്യമായൊന്നും ചെയ്യാത്ത ചേടത്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഈ ജോഗിങ്ങായിരുന്നു.
നാട്ടില്‍ വന്ന് പിറ്റേന്നു കാലത്തു തന്നെ ട്രാക് സ്യൂട്ടുമിട്ട് ചേട്ടനെ നിര്‍ബന്ധിച്ച് കര്‍മ്മരംഗത്തിറക്കി. ആ പറമ്പില്‍ തന്നെ നാലു റൌണ്ടടിച്ചാല്‍ മതിയെന്ന് കൊച്ചന്തോണിച്ചേട്ടന്‍ പലപ്രാവശ്യം പറഞ്ഞതാണ്. ചേടത്തിക്ക് മെയിന്‍ റോഡിലൂടെ തന്നെ ഈ വേഷത്തില്‍ ജോഗിങ് നടത്തണമെന്ന് നിര്‍ബന്ധം. ‘എന്താ എനിക്ക് റോഡിലൂടെ ഓടിയാലെ’ന്ന് മണിച്ചിത്രത്താഴ് ശൈലിയില്‍ ചോദിച്ചപ്പോള്‍ ചേട്ടന് പല പഴയ കാര്യങ്ങളും ഓര്‍ത്ത് ചേടത്തിയുടെ കൂടെ റോഡിലിറങ്ങി.
ഏഴുമണിയുടെ കുര്‍ബാനയ്ക്ക് വടിയും കുത്തിപ്പിടിച്ച് പോയിരുന്ന എറപ്പായിച്ചേട്ടനാണ് ആദ്യം ഇവരെ കണ്ടത്.
‘മൂത്തമോള് എന്നാ വന്നേ കൊച്ചന്തോണ്യേ ?’
ഒന്നും മിണ്ടാതെ കൊച്ചന്തോണിച്ചേട്ടന്‍ ചേടത്തിയെ ഒന്ന് നോക്കി ഓട്ടം തുടര്‍ന്നു.
‘കണ്ടോ.. ഇവിടെയുള്ള ആള്‍ക്കാര്‍ക്കൊക്കെ വിവരം വെച്ചു തുടങ്ങി..’ യെന്ന് ചേടത്തി.
ഉവ്വ്.. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന ചിന്തയിലായിരുന്നു കൊച്ചന്തോണിച്ചേട്ടന്‍.
മുംബെയില്‍ അടുക്കളപ്പണിക്ക് ഒരു സെര്‍വന്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് കൊച്ചന്തോണിച്ചേട്ടന്‍ പട്ടിണികിടക്കാതെ ജീവിച്ചുപോന്നതെന്നു പറയാം. അടുക്കളപ്പണി ചേടത്തിയ്ക്ക് അത്ര പോര. അതോ ചേട്ടന് എല്ലാം ഉണ്ടാക്കി മേശപ്പുറത്തെത്തിക്കുമെന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ടോ...
നാട്ടിലെത്തിയപ്പോളാണ് വീട്ടിലെ പണിക്ക് ഒരാളെ കിട്ടാന്‍ മുംബെയിലെ പോലെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായത്. വഴിയില്‍ കണ്ടവരോടൊക്കെ ചേട്ടന് തന്റെ ആവശ്യം പറഞ്ഞു. ഒടുവില്‍ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഒരുത്തിയെ കിട്ടിയത്. പാങ്ങ് സെന്ററിലെ യൂണിയങ്കാരന്‍ (ചുമടെടുപ്പ് തൊഴിലാളി) കുഞ്ഞാപ്പുവിന്റെ രെജിസ്റ്റ്രേഡ് ഭാര്യ ശാന്ത. പേരുപോലെ തന്നെ ശാന്തപ്രകൃതി. കാലത്തുമുതല്‍ ഉച്ചവരെ ആത്മാര്‍ത്ഥതയോടെയും ശുഷ്കാന്തിയോടെയും ശാന്ത വീട്ടുപണികള്‍ ചെയ്തു പോന്നു. കൊച്ചന്തോണിച്ചേട്ടന്‍ ഹാപ്പി. ചേടത്തി അതിനേക്കാള്‍ ഹാപ്പി.
അങ്ങനെ ഒരു ദിവസം കാലത്ത്, കൊച്ചന്തോണിച്ചേട്ടന്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരുന്നപ്പോഴാണ് ചേടത്തിയ്ക്ക് ബോറഡിച്ചു തുടങ്ങിയത്. കേബിള്‍ ലൈനില്‍ പ്രശനമുള്ള കാരണം ടിവി പണിമുടക്കിലും.
ശാന്ത ടിവി റും തുടയ്ക്കുമ്പോഴാണ് ചേടത്തി അതു പറഞ്ഞത്.
‘ശാന്തേ.. എനിക്ക് ബോറഡിക്കുന്നു.. ‘
ശാന്ത ഒന്ന് ചിരിച്ചു.
‘ശാന്തേ.. നമുക്ക് ആ സോളാറില്‍ക്ക് ഒന്ന് പോയാലോ .. ‘
ശാന്ത തുടയ്ക്കലു നിര്‍ത്തി നിവര്‍ന്ന് നിന്ന് ചേടത്തിയെ ഒന്ന് നോക്കി.
‘അതേടി ശാന്തേ.. നമുക്ക് ആ സോളാറ് ബാറിലൊന്ന് പൂവ്വാം .. കുറച്ച് നാളായി ഒരു സ്മാളടിച്ചിട്ട്...കൊച്ചന്തോണിച്ചേട്ടന്‍ പ്രഷറുകാരണം സ്മാളടി നിര്‍ത്ത്യേക്കാ. ‘
ശാന്ത പൊട്ടിച്ചിരിച്ചു.
‘ഈ ചേട്ത്ത്യാര്‍ക്കെ എന്തെ.. ‘
‘ഒരു സ്മാളടിച്ചൂന്ന് വെച്ചിട്ട് ഒന്നുണ്ടാവാന്‍ പോണില്ലേറീ..നീയൊരു കമ്പനിയ്ക്ക് വന്നാ മദി.. ബാക്ക്യൊക്കെ ഞാനേറ്റു..’
‘ഏയ്.. ഞാനൊന്നുല്യ...‘
‘നമ്മടെ നാട് നന്നാവില്ല....’ ചേടത്തിയുടെ ആത്മഗതം.
അന്ന് രാത്രി കുഞ്ഞാപ്പു ഫിറ്റായി വന്ന് റേഷന്‍ വിഹിതമായി ശാന്തയ്ക്ക് കൊടുക്കുന്ന തെറിവിളിയും കലമേറും വാളുവെപ്പും കഴിഞ്ഞ് സസുഖം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ശാന്ത ശാന്തമായതു പറഞ്ഞത്.
‘ഇന്ന് മ്മടെ കത്രീനേട്ത്തിയാരു പറയാ.. സോളാറില്‍ക്ക് എന്നോട് കൂടെ വരാന്‍ പറ്റ്വോന്ന്..’
കുഞ്ഞാപ്പുവിന്റെ കെട്ടെല്ലാം വിട്ടു. പായില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ഒരു ബീഡിയ്ക്ക് തീകൊളുത്തി തിണ്ണയിലിരുന്നു.
നേരം കുറെയായിട്ടും കുഞ്ഞാപ്പു തിരിച്ച് വന്ന് കിടക്കാത്തതുകൊണ്ട് ശാന്ത എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.
‘ആ മഞ്ഞത്തിരിക്കാണ്ട് വന്ന് കെട്ക്കാന്‍ നോക്ക് മനുഷ്യാ...’
കുഞ്ഞാപ്പു വിദൂരതയിലേക്ക് നോക്കി ഇതികര്‍ത്തവ്യഥാമൂഢനായി അങ്ങനെ ഇരിക്കുകയാണ്. പന്തികേട് തോന്നിയ ശാന്ത അടുത്തു ചെന്നു.
‘എന്തുപറ്റി കുഞ്ഞാപ്പേട്ടാ..‘കുഞ്ഞാപ്പുവിന്റെ താടി പിടിച്ചു സ്നേഹത്തോടെ ശാന്ത ചോദിച്ചു.
‘ഞാനിങ്ങനെ ആലോചിക്ക്യ...’
‘എന്ത്..’
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്ക്ക് ആരുണ്ട് ? ‘
പിറ്റേന്ന് തന്നെ ശാന്ത, ശാന്തമായി കൊച്ചന്തോണിച്ചേട്ടന്റെ വീട്ടിലെ പണി നിര്‍ത്തി.
Saturday, March 29, 2008
Subscribe to:
Post Comments (Atom)
19 comments:
കത്രീനയും, ശാന്തയും രണ്ട് വിത്യസ്ഥ കഥാപാത്രങ്ങള്‍.......കഥയുടെ കാമ്പ് കൊള്ളാം. ശാന്തയും മദ്യപാനിയായി തീരുമോ എന്ന കാന്തന്റെ ചിന്തക്കിവിടെ പ്രാധാന്യമുണ്ട്.
കഥ ഇഷ്ടായി മേന്നെ.
മേനോന് ചേട്ടാ.... രസായിരിക്കുന്നു.. കഥ
കഥ കലക്കി ചേട്ടച്ചാരെ.. അവസാനത്തെ ആ മഞ്ഞത്തിരുന്നുള്ള ആത്മഗതമാണ് സൂപ്പറായത്. കുറുമാന്റെ കമന്റ് കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. ഗള്‍ഫ് ഗേറ്റീപ്പോയി വിഗ്ഗ് വച്ചപ്പൊ ഇയാളു ബുജി ആയാ? ഹഹഹഹ
ithu kalakki ;) tto !
idivaal
ചിന്തിക്കൂ, ലോകമേ...
(കുറുമാന് പറഞ്ഞതിനെപ്പറ്റി!)
- കത്രീനാ കൈഫ് നെ വിട്ട് ശാന്തേച്ചീടെ പിറകെ കൂടിയപ്പോള്‍ അത്ര സങ്കടം തോന്നിയില്ല, കുഞ്ഞാപ്പിയിലവസാനിപ്പിച്ചതിലാ ...
---
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്ക്ക് ആരുണ്ട് ? ‘
ചിരിപ്പിക്കുന്ന കഥയാണെങ്കിലും നാളത്തെ ഭീകരത നേരെ കിടക്കുന്നു..!
നല്ല കഥ
* തബേല = ?
തബേല = എരുമകളെ വളര്‍ത്തുന്ന സ്ഥലം.
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്ക്ക് ആരുണ്ട് ?
കുറച്ച് നേരം കഴിഞ്ഞാണ് സ്വതവേ ട്യൂബ് ലൈറ്റ് ആയ തല പ്രവര്‍ത്തിച്ചു തുടങ്ങിയെ. പിന്നെ ഒരു ചിരി!
ഹാ ഹാ കഥ വളരെ ഇഷ്ടപ്പെട്ടു :-)
മേന്ന്നേ,
കഥ രസായി.. "ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്ക്ക് ആരുണ്ട് ?" ഒന്നൊന്നര ചോദ്യായീ പോയി..
സ്നേഹത്തോടെ
ഗോപന്
മേന്നേ ഉം ഉം കൊള്ളാം
ശാന്ത ബാറില്‍ പോയ പോലെ ഒരു ദിവസം വന്നു കുഞ്ഞാപ്പൂന്റെ മുന്നീല് അഭിനയിച്ചാല്‍ മതിയായിരുന്നു.അങ്ങേര് കുടി താനെ നിര്ത്തീയേനേ .
മേന്നെ.......കഥയുടെ കാമ്പ് കൊള്ളാം.കഥ ഇഷ്ടായി .
കുഞ്ഞാപ്പുവിന്റെ ചോദ്യം ന്യായം...
:)
"ഒടുവില്‍ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഒരുത്തിയെ കിട്ടിയത്. പാങ്ങ് സെന്ററിലെ യൂണിയങ്കാരന്‍ (ചുമടെടുപ്പ് തൊഴിലാളി) കുഞ്ഞാപ്പുവിന്റെ രെജിസ്റ്റ്രേഡ് ഭാര്യ ശാന്ത."
എന്താ ലക്ഷം വീട് കോളനിയോടും രജിസ്റ്റര്‍ കല്ല്യാണത്തോടും ഒരു പുഞ്ഞം പോലെ!!
അയ്യോ സുവി, ചതിക്കല്ലെ. ലക്ഷം വീട് കോളനിയോടൊന്നും ഒരു പുഞ്ഞവുമില്ല. അതങ്ങനെ എഴുതിപ്പോയതാണ്. തെറ്റിദ്ധരിക്കല്ലേ.. രെജിസ്റ്റ്രേഡ് കല്യാണമല്ല. രെജിസ്റ്റ്രേഡ് ഭാര്യയാണ്. കുഞ്ഞാപ്പുവിനു അണോഫീഷ്യലായി പലരുമുള്ളതുകൊണ്ടാണ് അങ്ങനെ എഴുതിയത്.
മറ്റൊന്ന് ഈ ശാന്തയാണ് ഇന്ന് എന്റെ കുഞ്ഞിനെ നോക്കുന്ന ആയയെന്ന സത്യം കൂടി പറഞ്ഞുകൊള്ളട്ടെ. ആ ശാന്തയെ ഈ പോസ്റ്റിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ കിട്ടിയ കഥയാണ് ഇങ്ങനെ ഒരു പോസ്റ്റാക്കിയത്. :)
ഞാന്‍ ഒത്തിരി സീരിയസ് ആയൊന്നും എഴുതിയതല്ലേ!! പെട്ടെന്ന് മനസ്സില്‍ തോന്നിയത് എഴുതി. അത്രയേ ഉള്ളൂ!! അതില്കുറെ തെറ്റിധാരണയായിരുന്നെന്നു ഇപ്പം മനസ്സില്‍ ആയി.
കടമ്മനിട്ട മാഷിന്റെ ശാന്തക്കു ശേഷം കുട്ടന്മാഷിന്റെ, പേരു പോലെ തന്നെ ശാന്തയായ ശാന്ത. ഗംഭീരം. ചിന്തിക്കാനുണ്ട്.........
ആദ്യമായിട്ടാ ഇവിടെ. മുരളിമേനൊന്‍ ആണു ഈ മേനോനെ കുറിച്ചു പറഞ്ഞത്.
വന്നതിനും അഭിപ്രായത്തിനും നന്ദിയുണ്ട്.
കഥ ഇഷ്ടായി .
Post a Comment