Wednesday, March 05, 2008

ദാസപ്പന്റെ ഫ്രന്റ്

ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള കാലം. ഉച്ചവരെ തെക്കുവടക്കും ശേഷം കിഴക്കു പടിഞ്ഞാറും മാറി മാറി നടക്കുന്ന സമയത്താണ് മുംബൈ മഹാനഗരം ആലപ്പുഴയിലെ വിദ്യാധരന്റെ ലോട്ടറിവില്‍ക്കുന്ന കാറില്‍ 'കടന്നുവരൂ കടന്നു വരൂ.. നാളെയാണ്.. നാളെയാണ്. ലക്ഷാധിപതിയാവൂ ' യെന്ന പോലെ എന്നെ മാടി മാടി വിളിച്ചത്. 'ദാ നിനക്കിരിക്കട്ടെ ഒരു പതിനായിരം രൂപ പോക്കറ്റ് മണി' യെന്നൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ഒരാള്‍ പോലുമില്ലാതിരുന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

രാഗത്തിലെ പതിനൊന്നുമണിയിലെ കിടിലന്‍ ഇംഗ്ളീഷ് പടങ്ങളും ഗിരിജയിലെ ഒരുമണിയിലെ പുണ്യപുരാണ ചിത്രങ്ങളും കൃത്യം മൂന്നരയ്ക് പബ്ലിക് ലൈബ്രറിയില്‍ വരുന്ന എം.ടി.ഐയില്‍ പഠിക്കുന്ന നീരജയുമെല്ലാം നഷ്ടപ്പെടുമെന്ന വ്യാധിയാണ് പലപ്പോഴും മുംബൈ യാത്രയ്ക്ക് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നത്. പക്ഷെ ആ ഓണത്തിനു മുംബയിലെ ഇളയമ്മയുടെ ലാസ്റ്റ് വാണിങ് മെസ്സേജ് വന്നപ്പോള്‍ പിന്നെ അധികമൊന്നും ചിന്തിക്കാതെ ജയന്തിയില്‍ ടിക്കറ്റെടുത്തു.

മുംബെയില്‍ എത്തി മൂന്നാം ദിവസം തന്നെ അന്ധേരി - ചര്‍ച്ച് ഗേറ്റ് റെയില്‍വേ പാസ്സെടുത്തു തരികയാണ് ഇളയമ്മ ചെയ്ത ആദ്യ പരിപാടി. ‘മോനെ നിനക്ക് ജോലി കണ്ടുപിടിക്കലോ നിന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കലൊന്നുമല്ല എന്റെ പണി. . നീയ്യായി നെന്റെ പാടായി’ എന്നൊന്നും പറഞ്ഞില്ലെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി. രണ്ടുമൂന്നു ദിവസം മറാഠി പഠിക്കാനെന്ന് പറഞ്ഞ് ഇളയമ്മയുടെ വീട്ടിലെ ടിവി ഫുള്‍ വോള്യത്തില്‍ രാത്രിയും പകലുമില്ലതെ വെച്ചിരുന്നാല്‍ ആരും ചെയ്തുപോകുന്നതേ ഇളയമ്മയും ചെയ്തിട്ടുള്ളൂ.

ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞ് ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടതാണ് ആമ്പല്ലൂര്‍ക്കാരന്‍ ആന്റപ്പനെ. അവനെ കണ്ടമാത്രയില്‍ തന്നെ നാട്ടിലെ പള്ളിയിലെ കപ്യാര് എവുജിനെയാണ് ഓര്‍മ്മവന്നത്. നാലാള് കാണ്‍കെ കൊന്ത കഴുത്തിലിട്ട് ‘എന്നെ വിശുദ്ധനായി പ്രഖ്യാപിക്കാത്തതെന്തെന്ന്’ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന മുഖഭാവം. പക്ഷേ പത്തുമിനിട്ടുകൊണ്ടു തന്നെ ഈ ആന്റപ്പന്‍ ഈയുള്ളവനെ ഇളയമ്മയുടെ വീട്ടില്‍ നിന്നും മാറിത്താമസിക്കാനുള്ള എല്ലാ പദ്ധതികളും ഓരോന്നായി വിശദീകരിച്ചു തന്നു. മാസവാടകയുടെ ആളോഹരി കുറയ്ക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ അവന്റെ മുറിയിലേക്ക് ഒരു മെമ്പര്‍ഷിപ്പ് തരാനുണ്ടായ ശുഷ്കാന്തിയെന്നത് പിന്നീടാണ് മനസ്സിലായത്.

അങ്ങനെയാണ് അന്ധേരിയിലെ ഷേര്‍-എ-പഞ്ചാബ് കോളനിയില്‍ താമസമാരംഭിക്കുന്നത്. പഞ്ചാബികളുടെ കോളനിയാണെങ്കിലും മദ്രാസികള്‍ ഇഷ്ടമ്പോലെ. ഹൌസ് ഓണര്‍ ആന്റപ്പനെ കൂടാതെ മൂന്നുപേരു കൂടി റൂമിലുണ്ട്. ഒഴിവുസമയം ആനന്ദദായകമാക്കാനായി തൊട്ടപ്പുറത്തെ പഞ്ചാബിയുടെ മുറിയിലേക്ക് മാത്രം നോക്കിയിരിക്കുന്ന ബെന്നി, ഷേര്‍-എ-പഞ്ചാബ് കോളനിയിലെ ഓണ്‍ലൈന്‍ ചിട്ടിക്കാരനായ രത്നാകരന്‍, ജീവിതത്തിലെ ഏക സന്തോഷം തിന്നുക എന്നതു മാത്രമാണെന്ന് എപ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഓനിഡ ടീവിയില്‍ ജോലിയുള്ള അനൂപ്.

ഇവര്‍ക്കെല്ലാമുള്ള ഒരേയൊരു ഗുണം റൂമിനുള്ളില്‍ കാര്യമായ സംസാരമില്ലെന്നതാണ്. ഒരു അവാര്‍ഡ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് പലപ്പോഴും റൂമില്‍. ഇതിനൊരു മാറ്റം വരുന്നത് രത്നഗിരിയില്‍ താമസിക്കുന്ന ആന്റപ്പന്റെ കൂട്ടുകാരന്‍ ദാസപ്പന്‍ രണ്ടുമാസം കൂടുമ്പോള്‍ റൂമിലെത്തുമ്പോഴാണ്. രത്നഗിരിയില്‍ ഏതോ കെമിക്കല്‍ പ്ലാന്റിലാണ് ദാസപ്പന് ജോലി. ഇടയ്ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ മുട്ടുമ്പോള്‍ ലീവെടുത്ത് ഇങ്ങോട്ട് വരും.

ദാസപ്പന്‍ വന്നാല്‍ വീട്ടില്‍ പാട്ടായി. ലിറ്ററിനു 56 രൂപ മാത്രം വിലയുള്ള ദേശി ചാരായത്തിന്റെ കടുത്ത ആരാധകനാണ് ദാസപ്പന്‍. ഒരു വിധത്തില്‍ ഞങ്ങളെ ചാരാ‍യം കുടി പരിശീലിപ്പിക്കാനാണ് ദാസപ്പന്‍ രണ്ടു മാസം കൂടുമ്പോള്‍ ഇവിടെ വരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒഴിയാത്ത ഗ്ലാസും അച്ചാറുകുപ്പിയുമായി മാത്രമേ ദാസപ്പനെ റൂമില്‍ കാണൂ. കാലത്ത് എല്ലാവരും ജോലിക്കു പോയതിനു ശേഷം മാത്രമേ ദാസപ്പന്‍ എഴുന്നേല്‍ക്കൂ. രത്നഗിരിയിലേക്ക് വരുന്നതിനു മുമ്പ് കൊടകര അങ്ങാടിയിലെ ഏതോ പലചരക്കുകടയിലായിരുന്നു ദാസപ്പനു ജോലി. വെള്ളമടിച്ചുതുടങ്ങിയാല്‍ ആദ്യം നാട്ടിലെ കഥകള്‍. പിന്നെ പാട്ട്, അവസാനം ആന്റപ്പനെ പിടിച്ച് നാലഞ്ച് മുത്തം കൊടുക്കും. ഇത്രയും കഴിഞ്ഞാല്‍ ആന്റപ്പന്‍ മെല്ലെ ദാസപ്പനെ താങ്ങിയെടുത്ത് മോറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് മൂത്രമൊഴിപ്പിച്ച് പായയില്‍ കൊണ്ടു കിടത്തും. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാതെ ഒരു തവണ മാത്രമാണ് ദാസപ്പന്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുള്ളു. അന്ന് പുലര്‍ച്ച കോഴി കൂവുന്നതിനു മുമ്പ് രത്നാകരന്‍ ദാസപ്പനെ പായയില്‍ പൊതിഞ്ഞ് ഭദ്രമായി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ കൊണ്ടു വെച്ചിരുന്നു.

‘ആന്റപ്പാ, എന്റെ ഒരു ഫ്രന്‍ഡ് , കൊറച്ച് നാളായി ബോംബെ ഒക്കെ ഒന്ന് കാണണം ന്ന് പറയ്ണു.. ‘ ദാസപ്പന്‍ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതം.
‘അതിനെന്താ.. നീയിങ്ങട് കൊണ്ടൊന്നോടാ.. നാലഞ്ചു ദിവസമല്ലേ.. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം..’
അന്നൊരു ശനിയാഴ്ചയായിരുന്നു. കാലത്ത് എല്ലാവരും ജോലിക്ക് പോകുന്നതിനു മുമ്പ് വളരെ നേരത്തെ തന്നെ ദാസപ്പന്‍ ഉണര്‍ന്നിരുന്നു.
‘ഇന്ന് എന്റെ ഫ്രന്ഡ് വരും.. രാത്രി ഒന്നു കൂടണം ട്ടാ..’ എല്ലാവരോടുമായി ദാസപ്പന്‍ പ്രഖ്യാപിച്ചു.
അന്ന് രാത്രി ആദ്യം റൂമിലെത്തിയത് ഞാനായിരുന്നു.
റൂമിന്റെ വാതിലില്‍ തട്ടുമ്പോള്‍ അകത്തു നിന്നും മുല്ലപ്പൂവിന്റെ മണം.
എന്റമ്മേ..
ഇനി ദാസപ്പന്‍ ഫ്രന്‍ഡാണെന്ന് പറഞ്ഞ് വല്ല പെമ്പിള്ളേരെയാണോ കൊണ്ടുവന്നിരിക്കുന്നത് . ബാച്ചികള്‍ മാത്രമുള്ള ഈ റൂമിന്റെ വെര്‍ജിനിറ്റി നഷ്ടപ്പെട്ടതോര്‍ത്ത് എത്ര പേരുടെ കൂട്ടക്കരച്ചില്‍ കാണണം ..

ദാസപ്പന്‍ തന്നെയാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ അകത്ത് വേറെ ആരേയും കാണാനില്ല.
അടുക്കളയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വെള്ളം കോരിവീഴ്ത്തുന്ന സ്വരം.
‘ഫ്രന്‍ഡ് ഉച്ചക്ക് വന്നു...കുളിക്ക്യാണ്.’ ഞാന്‍ ചോദിക്കുന്നതിനു മുമ്പ് ദാസപ്പന്‍ പറഞ്ഞു.
പെട്ടന്ന് വെള്ളമൊഴിക്കുന്ന ശബ്ദം നിലച്ചു.
‘യാരിത് ? ‘ അകത്തു നിന്നും ഒരു സ്വരം.
ഹാവൂ.. സമാധാനം ഒരു ആണിന്റെ സ്വരമാണ്. എന്നാലും ഒരു ‘മണിച്ചിത്രത്താഴ്‘ ശൈലിയിലുള്ള ചോദ്യം..
‘നീയ്യ് വേഗം കുളിച്ചിട്ട് ഇങ്ങട് വായോ..ഇത് ഈ റൂമിലെ ആളാ‍..’ ദാസപ്പന്‍ അടുത്ത ഗ്ലാസ് കാലിയാക്കി.
വീണ്ടും വെള്ളമൊഴിക്കുന്ന ശബ്ദം.
‘നീയിതെവിടേയ്ക്കാ പോണേ...’
ഒരു ഗ്ലാസ് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ദാസപ്പന്‍ എന്നെ പിടിച്ച് അടുത്ത കസേരയിലിരുത്തി.
‘നീയിതൊരു പിട്യാ പിടിച്ചെ..’ എന്നു പറഞ്ഞ് ഒരു ഗ്ലാസ് എനിക്ക് നീട്ടി.
‘ഏയ്.. ഇന്ന് രാത്രി എനിക്ക് എളേമ്മെരെ വീട്ടീ പോകാനുള്ളതാ... അടിച്ചാല്‍ നേരെയാവില്ല..’ ഞാന്‍ ഒഴിഞ്ഞു മാറി.
‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’ അടുക്കളയുടെ ഭാഗത്തുനിന്നും അശരീരി പോലെ മുഴങ്ങുന്ന ഒരു സ്വരം.
നീല ബ്ലൌസും വെളുത്ത പാവടയുമുടുത്ത് വെള്ളമിറ്റിറ്റ് വീഴുന്ന കാര്‍ക്കൂന്തലുമായി ആ ആള്‍ രൂപം ഇറങ്ങി വന്നു. കമലഹാസനെ കരി ഓയിലൊഴിച്ച പോലെയുള്ള ക്ലീന്‍ഷേവ് മുഖം.
അവനോ അതോ അവളോ..
ഇതാണോ ദാസപ്പാ നീ കൊണ്ടുവന്ന ഫ്രന്‍ഡ് ? നിനക്ക് വേറെ ഒന്നിനെയും കിട്ടിയില്ലെ ? രത്നഗിരി ഇത്രയും ശുഷ്കിച്ചതാണോ എന്നൊക്കെ ചോദിക്കണമെന്ന് തോന്നി ഞാന്‍ ദാസപ്പനെ നോക്കി.
അവന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
ഇന്നു രാത്രി ഇവിടെ തങ്ങുന്നത് മാനസികമായും ശാരീരികമായും ഒട്ടും യോജിച്ചതല്ലെന്ന് എന്റെ ഉപബോധമനസ്സ് പറഞ്ഞതനുസരിച്ച് ഞാന്‍ എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കി.


വാല്‍ക്കഷണം :
അന്നു രാത്രി ദാസപ്പന്‍ ഒരു ബാഗ് തലയില്‍ വെച്ച് സാരിയുടുത്ത ഒരു ഹിജഡയുമായി ഷേര്‍-എ-പഞ്ചാബ് കോളനിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്നത് അടുത്ത റൂമുകളിലുള്ള പഞ്ചാബികള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു. പിന്നീട് ഒരിക്കലും ദാസപ്പന്‍ ഷേര്‍-എ-പഞ്ചാബ് കോളനിയിലേക്ക് വന്നിട്ടില്ല. മാത്രമല്ല, ആന്റപ്പന്‍ ഇത്രയധികം തെറി എവിടെയാണ് സ്വരൂപിച്ച് വെച്ചിരുന്നതെന്ന് അനൂപ് പലപ്പോഴും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുമുണ്ട്.

28 comments:

ശ്രീ said...

സാരമില്ല. അര്‍ഹിയ്ക്കുന്നതേ ദാസപ്പനു കിട്ടിയിട്ടുള്ളൂ...

എന്തായാലും രസകരമായ വിവരണം, മേനോന്‍ ചേട്ടാ.
:)

നിരക്ഷരൻ said...

3 വര്‍ഷകാ‍ലത്തെ മുംബൈ ജീവിതവും, ദേശി ദാരു അടിച്ച് വാടക വാങ്ങാന്‍ വന്നിരുന്ന വീട്ടുടമസ്ഥനേയും ഓര്‍മ്മവന്നു. എന്തൊരു നാറ്റമാണ് മേന്നേ ആ ദേശിക്ക്. അതെങ്ങിനെ കഴിക്കാന്‍ സാധിച്ചു ?
:) :)

സുല്‍ |Sul said...

ആന്റപ്പനും ദാസപ്പനും ദാസപ്പന്റെ ഫ്രണ്ടും കലക്കി.
-സുല്‍

മുസാഫിര്‍ said...

ഹ ഹ ചാന്ത്‌പൊട്ട് കേസാണല്ലേ.കൊള്ളാം.രസികന്‍ കഥാപാത്രം.

krish | കൃഷ് said...

"കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാതെ ഒരു തവണ മാത്രമാണ് ദാസപ്പന്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുള്ളു. അന്ന് പുലര്‍ച്ച കോഴി കൂവുന്നതിനു മുമ്പ് രത്നാകരന്‍ ദാസപ്പനെ പായയില്‍ പൊതിഞ്ഞ് ഭദ്രമായി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ കൊണ്ടു വെച്ചിരുന്നു."

ഹഹഹ... നല്ല കൂട്ടുകാരന്‍.


(മേന്നേ,അപ്പോ ഗിരിജയില്‍ സ്ഥിരം പുണ്യപുരാണ ചിത്രങ്ങള്‍ ദര്‍ശിക്കുന്ന ഒരു ഭക്തനാണല്ലേ. ഓം (ഡിസ്കോ) ശാന്തി )

അരവിന്ദ് :: aravind said...

മേനോഞ്ചേട്ടാ

"ബോയ്സ് ഡോണ്ട് ക്രൈ" എന്ന ഹിലാരിസ്വാങ്ക് തകര്‍ത്തഭിനയിച്ച പടം കണ്ടിട്ടുണ്ടോ? അതിലെ ഒരു ഡയലോഗാണ് മനസ്സില്‍ വന്നത്..ഹിലാരിസ്വാങ്കിന്റൊപ്പം വീട്ടില്‍ വന്ന മകളോട് അമ്മ, ഹിലാരിയെ ചൂണ്ടി 'ഐ ഡോണ്ട് വാണ്‍‌ട് "ഇറ്റ്" ഇന്‍സൈഡ് മൈ ഹൊഉസ് " എന്ന്.

:-|

asdfasdf asfdasdf said...

അരവിയേ.. ബ്രാന്തന്‍ റ്റീന റ്റീന ബ്രാന്തന്‍ അല്ലേ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മേനോന്‍ ചേട്ടോ ഈ “ആന്റപ്പനും ദാസപ്പനും ” പേരുകള്‍ സാന്‍ഡോസിനു കോപ്പീറൈറ്റുള്ളതാട്ടോ..

“കമലഹാസനെ കരി ഓയിലൊഴിച്ച പോലെയുള്ള ” കിടിലം ഉപമ :)

തമനു said...

‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’

പവം ദാസപ്പന്‍
:)

റോഷ്|RosH said...

പൊളിച്ചു....

P Das said...

:D
ഒരെണ്ണം കൂടി :D

ശ്രീവല്ലഭന്‍. said...

ആന്റപ്പന്റെ ഫ്രണ്ട് കലക്കി. അന്നവിടെ നിന്നും സ്കൂട്ടായെന്നു ഞങ്ങളൊക്കെ വിശ്വസിച്ചു!
ആന്റപ്പന്റെ ഈ ഫ്രണ്ട് ആണോ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മേന്‍‌നേ രസായങ്ങട് വായിച്ചു ട്ടാ

Visala Manaskan said...

നിര്‍ബന്ധിപ്പിച്ച് മൂത്രമൊഴിപ്പിച്ച് കെടുത്തും ന്ന്!!

:))

വേണു venu said...

എങ്കിലും എന്‍റെ ദാസപ്പാ...
മേനോനേ അതു ശരി തന്നെ ആണോ ആ വാല്‍ക്കഷ്ണം.:)‍

Sherlock said...

“ആന്റപ്പന്‍ ഇത്രയധികം തെറി എവിടെയാണ് സ്വരൂപിച്ച് വെച്ചിരുന്നതെന്ന് അനൂപ് പലപ്പോഴും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുമുണ്ട്“

ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരും ശേഖരിച്ചു വെക്കുന്നതല്ലേ ഇതൊക്കേ :)

ദിലീപ് വിശ്വനാഥ് said...

മേനനേ... ദാസപ്പന്‍ തകര്‍ത്തു. ഇതെവിടുന്നു കിട്ടി ദാസപ്പന് ഈ ഫ്രണ്ടിനെ?

നല്ല രസികന്‍ വിവരണം.

Gopan | ഗോപന്‍ said...

മേന്‍ന്നെ രസമായി ഈ കുറിപ്പ്.
വിദ്യാധരന്‍റെ ലോട്ടറീം ഗിരിജേം രാഗോം
നാട്ടിലേക്ക് മനസ്സിനെ പിടിച്ചു കൊണ്ടു പോയി.

പൊറാടത്ത് said...

ഗിരിജ തീയേറ്ററ് അടച്ച് പൂട്ടിയതിന്റെ കാരണം ഇപ്പോഴല്ലെ മനസ്സീലായത്..!

എന്തായാലും തൃശ്ശൂറിന്റെ സ്വന്തം വിവരണങ്ങള്‍ ഇഷ്ടപ്പെട്ടു. പിന്നെ ദാസപ്പനെയും ഫ്രണ്ടിനെയും..

ആ “മോറി” എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായോ ആവൊ മേന്നേ..ഇനി “മുറി” എന്നെഴുതിയത് പെശകായി മോറി ആയതാണോന്ന് സംശയിയ്ക്കാന്‍ ന്യായമായും വകയുണ്ട് (ബോംബേയില്‍ താമസിച്ചവര്‍ക്ക് അറിയുമായിരിയ്ക്കും..)

തോന്ന്യാസി said...

ഇളയമ്മേടെ വീടിനെ ഒരു ബാറായി പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ താമസം മാറ്റിയത് നന്നായി മാഷേ

asdfasdf asfdasdf said...

പൊറാടത്തെ.. മോറി എന്നാല്‍ അടുക്കളയോട് ചേര്‍ന്ന് പാത്രം കഴുകുന്ന സ്ഥലം. അത്യാവശ്യഘട്ടങ്ങളില്‍ ബാത്ത് റൂമും. മുംബൈ അല്ലേ.. കൊച്ചിയില്‍ തന്നെ ഒരു സ്ക്വയര്‍ഫീറ്റിനു എന്താ വില ?

Kaithamullu said...

നാലാള് കാണ്‍കെ കൊന്ത കഴുത്തിലിട്ട് ‘എന്നെ വിശുദ്ധനായി പ്രഖ്യാപിക്കാത്തതെന്തെന്ന്’- എന്ന് പറയാതെ പറഞ്ഞ് നടക്കുന്നത് ഞങ്ങടെ നാട്ടിലെ നെടുമ്പറമ്പിലെ റയ്യേട്ടനാ ട്ടാ!(കോപ്പി റൈറ്റഡ്)

പഴേ ബോംബേയും ‘ദേശീ ദാരു ചി ദുക്കാനും’ ‘മുസംബിയും സന്ദ്രായും കാജു ഫെനി’യുമൊക്കെ ഓര്‍മ്മ വന്നൂ, മേന്‍‌ന്നേ!ശനിയാഴ്ച വൈകീട്ട് ബാബുല്‍നാഥിലെ ‘ആന്റി കി അഡ്ഡാ‘യിലേക്കുള്ള യാത്രയും!

( ഓപെറാ ഹൌസ് റോഡിലെ ബാലി ഹൌസും അതിന് മുന്നില്‍ തമ്പടിച്ചിരുന്ന ‘കിന്നര്‍ ലോഗ്’നേം എങ്ങിനെ മറക്കാന്‍?)

പൊറാടത്ത് said...

“മോറി” എന്താന്ന് എനിയ്ക്ക് മനസ്സിലായിരുന്നൂ മേനോന്‍.. ബോംബെയെക്കുറിച്ച് അറിയാത്തവരെയാണ് ഞാനുദ്ദേശിച്ചത്..
(മ്മള് അവടെ പത്ത്പതിനഞ്ച് കൊല്ലം കയില് കുത്തീര്ന്നതല്ലേ...!?)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:0

[ nardnahc hsemus ] said...

ഉം..

വായിച്ച് വായിച്ച് അവസാനമെത്തിയപ്പോ, ഞാനും ഷേര്‍-എ-പഞ്ചാബ് കോളനിയിലെ പഞ്ചാബികളെപ്പോലെ നിര്‍ന്നിമേഷനായിപോയി...

(“ടഹ് ടഹ് ടഹ്... ക്യാരേ മേരാ രാജാ‍.. ഏക് രൂപയാ ദേനാ..“ ട്രാഫിക് സിഗ്നലുകളില്‍ താടിയില്‍ പിടിച്ച് ഇങ്ങനെ ചോദിച്ചിട്ടുള്ള ഒരുപാട് “കമലഹാസന്മാരെ” ഓര്‍ത്തുപോയി..)

Sathees Makkoth | Asha Revamma said...

മേന്‍‌നേ, പറയുന്നത് അതിക്രമമാണങ്കില്‍ മുന്‍‌കൂര്‍ ജാമ്യം!
അവസാനം പ്രതീക്ഷിച്ച നിലവാരത്തിലേയ്ക്കുയര്‍ന്നില്ലന്ന്‍ എനിക്ക് തോന്നുന്നു. കുറച്ച് കൂടി ശ്രദ്ധ വേണ്ടിയിരുന്നില്ലെ എന്നൊരു തോന്നല്‍.

Unknown said...

ഹെന്റപ്പാ.... കലക്കി...
പിന്നെ തൃശ്ശൂര് ഗിരിജയിലെ പുണ്യപുരാണ ചിത്രങ്ങളെപറ്റിയുള്ള വിവരണം... ഹൊ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി....

prakashettante lokam said...

""നീയിതൊരു പിട്യാ പിടിച്ചെ..’ എന്നു പറഞ്ഞ് ഒരു ഗ്ലാസ് എനിക്ക് നീട്ടി.
‘ഏയ്.. ഇന്ന് രാത്രി എനിക്ക് എളേമ്മെരെ വീട്ടീ പോകാനുള്ളതാ... അടിച്ചാല്‍ നേരെയാവില്ല..’ ഞാന്‍ ഒഴിഞ്ഞു മാറി.
‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’ അടുക്കളയുടെ ഭാഗത്തുനിന്നും അശരീരി പോലെ മുഴങ്ങുന്ന ഒരു സ്വരം.
നീല ബ്ലൌസും വെളുത്ത പാവടയുമുടുത്ത് വെള്ളമിറ്റിറ്റ് വീഴുന്ന കാര്‍ക്കൂന്തലുമായി ആ ആള്‍ രൂപം ഇറങ്ങി വന്നു ""

ആരാ നീല പാവാടയിട്ട് വന്നത്?????