Wednesday, November 15, 2006

സെബാസ്ത്യന്‍ മാഷും കുട്ട്യോളും.

ഒരു മൂവന്തിക്ക് കോട്ടയത്തുനിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കുഞ്ഞുമാണി, ദിവാന്‍ ജി മൂലയില്‍ നിന്ന് മൂരി നിവര്‍ന്നപ്പോള്‍ കണ്ടത് താഴെയുള്ള അരമന ബാറും ഒന്നാം നിലയിലെ അള്‍സ് ചിത്രശാലയുമായിരുന്നു. ‘അള്‍സി’ന്റെ അര്‍ത്ഥമെന്തന്ന് ആലോചിച്ച് സഫയറിലെ ബിരിയാണിക്കുമുന്‍പില്‍ തലകുനിക്കുമ്പോഴാണ് ഖദറിട്ട മറ്റൊരു മുഖത്തെ കണ്ടുമുട്ടുന്നത്.
അള്‍സ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന എ.എല്‍.സെബാസ്റ്റ്യന്‍ മാസ്റ്റര്‍.
അള്‍സ് ചിത്രശാലയുടെ മാനേജിങ് കം മാര്‍ക്കറ്റിംഗ് കം മുഖ്യ പെയിന്റടിക്കാരന്‍ തന്നെയായ അള്‍സ്. കോണ്‍ഗ്രസ്സുകാര്‍ക്കും തരംകിട്ടിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സൌകര്യം പോലെ പരസ്യമെഴുതുന്ന ഒരു സെറ്റപ്പ്.

സഫയറിലെ ബിരിയാണിയിലെ മസാലയുടെ മണം കൊണ്ടോ അരമനയിലെ താക്കോലിന്റെ ശൌര്യം കൊണ്ടോയെന്നറിയില്ല, കുഞ്ഞുമാണി തീറാധാരമായി തന്റെ പാര്‍ട്ടിയുടെ, കേ.കോ(മാണി) തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനം സെബാസ്ത്യന്‍ മാസ്റ്റര്‍ക്ക് കൊടുത്തു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ സെബാസ്റ്റ്യന്‍ മാഷ് ആ താക്കോല്‍‍ ഇന്നുവരെ ആര്‍ക്കും കൈമാറിയിട്ടുമില്ല.

അന്ന് അങ്ങനെ കേ.കോ (മാണി)യെ ജില്ലയില്‍ പരിപോഷിപ്പിക്കേണ്ട ചുമതല സെബാസ്ത്യന്‍ മാഷ്ക്ക് കൈവന്നു. കുന്ദംകുളം, പേരാമംഗലം, പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിലൊഴികെ അതിന് വെള്ളമൊഴിക്കാന്‍ പോയിട്ട് ഒരു പോസ്റ്ററൊട്ടിക്കാന്‍ വരെ അണികളില്ലാത്ത അവസ്ഥ.

ഇതിനൊരു തടയിടാന്‍ അടുത്തു വരുന്ന തെരെഞ്ഞെടുപ്പില്‍ ജില്ലയിലൊരു സീറ്റ് വേണമെന്ന മാണിയുടെ ഇംഗിതത്തിന് കരുണാകരന്‍ വഴങ്ങി. അങ്ങനെ ലോനപ്പന്‍ നമ്പാടനെന്ന ഒറ്റയാന്‍ മേഞ്ഞിരുന്ന ഇരിഞ്ഞാലക്കുട കേ.കോ. മാണിക്ക് അനുവദിച്ചു കിട്ടി. അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിക്ക് വേറോരാളെ തിരയേണ്ടതില്ലല്ലോ..

അങ്ങനെ ലോനപ്പന്‍ നമ്പാടന്‍ മാഷെ പിടിച്ചുകെട്ടുകയെന്ന ടാസ്കുമായി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പാങ്ങിലെ തന്റെ വസതിയിലിരുന്നു കൂലങ്കുഷമായി പാര്‍ട്ടി അണികളുമായി ആലോചിക്കുന്നു.സിമന്റ് റപ്പായിച്ചേട്ടന്‍, വലിയ ജോസുമാഷ്, ചെറിയ ജോസുമാഷ്, രാമചന്ദ്രന്‍ ഡോക്ടര്‍, ചൊക്ലിവര്‍ഗ്ഗിസ്, ഉണ്ണീഷ്ണന്‍,....പിന്നെ നമ്മുടെ വേലായിയും.

വേലായിക്ക് വലിയ റോളൊന്നുമില്ല. രാത്രിയാകുമ്പോള്‍ ചര്‍ച്ചചെയ്ത് ക്ഷീണിക്കുന്ന അണികള്‍ക്ക് വാസുവിന്റെ ഷാപ്പിലെ ബാക്കിവന്ന സാധനം സന്തോഷത്തോടെ പകര്‍ന്നു നല്‍കുക. അതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെയെന്ന് ഉണ്ണിനായരുടെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ച് വേലായി വീമ്പിളക്കാറുണ്ട്.

ക്രൈസ്റ്റ് കോളേജിന്റെ പിന്നാമ്പുറത്തുള്ള ജാക്സേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിലേക്ക് സാധനസാമഗ്രികളുമായി സംഘം താമസം മാറ്റുന്നു.

തെരെഞ്ഞെടുപ്പ് ചൂട് കുറെശ്ശെ മുറുകുന്നു.
സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകരണങ്ങളും മുറുകുന്നു.
ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയിരിക്കുന്ന സെബാസ്റ്റ്യന്‍ മാസ്റ്ററും കുട്ട്യോളും ജാക്സേട്ടന്റെയും വര്‍ക്കിച്ചേട്ടന്റെയുമൊക്കെ കോണ്‍ഗ്രസ്സ് തറവാടില്‍ മേഞ്ഞു നടക്കുന്നു.


മാപ്രാണം പൊറുത്തിശ്ശേരി വഴിയിലുള്ള നാരാ‍യണേട്ടന്റെ ചായക്കടയാണ് അടുത്ത സ്വീകരണം.
പ്രധാന പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് സ്ഥാനാ‍ര്‍ത്ഥിയുടെ പ്രസംഗത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചില്‍ പ്രകടനം.
‘ജയ് ജയ് കേരളാ കോണ്‍ഗ്രസ്’
‘ജയ് ജയ് കെ.എം. മാണി’
‘ജയ് ജയ് സെബാസ്റ്റ്യന്‍ മാഷ്’
‘ജയ് ജയ് നമ്മടെ മാഷ്’.
‘നമ്മടെ മാഷ് കീ ജെയ്..’
അതുകഴിഞ്ഞേ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയുള്ളൂ.
കൊട്ടും കുരവയുമായി തെരെഞ്ഞെടുപ്പ് കഴിഞ്ഞു.
പിറ്റേന്ന് ജാക്സേട്ടന്റെ പത്തായപ്പുരയില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്ന കൂടിച്ചേരല്‍.
ഇതിനിടയില്‍ ജാക്സേട്ടന്‍ ഒരു പ്രഖ്യാപനം.
‘ഓരോ പ്രസംഗവും കഴിഞ്ഞിട്ട് ആരാണ്ടാ ജയ് വിളിച്ചിരുന്ന മഹാന്മാര്‍ ?’
വേലായിയടങ്ങുന്ന പട സന്തോഷത്തോടെ കൈപൊക്കി.
‘നിങ്ങളോടാരാ നമ്മടെ മാഷ്ക്ക് ജെയ്, നമ്മടെ മാഷ്ക് ജെയ് എന്ന് വിളിക്കാന്‍ പറഞ്ഞെ ? ‘
‘നമ്മടെ മാഷല്ലെങ്കി.. പിന്നാരുടെ മാഷാ..?‘
‘ഇബടെ നമ്മടെ മാഷ് ന്ന് പറഞ്ഞാല്‍ നമ്പാടന്‍ മാഷ് ന്നാ.. അല്ലാണ്ട് ഇന്നലെ കേറി വന്ന സെബാസ്റ്റ്യന്‍ മാഷല്ല... ഇനിപ്പോ ഒന്നേ അറിയാന്‍ ബാക്കിയുള്ളൂ. നമ്പാടന്‍ മാഷ്ക്ക് എത്ര ഭൂരിപക്ഷം കിട്ടീന്ന് ..’
ഇനിയത്തെ കുളി പാങ്ങില്‍ ചെന്നാവാമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
വോട്ടെണ്ണാന്‍ കാത്തുനില്‍ക്കാതെ രാത്രിക്ക് രാത്രി സംഘം ജാക്സേട്ടന്റെ പത്തായമൊഴിഞ്ഞു കൊടുത്തു.
അത്തവണ നമ്പാടന്‍ മാഷ് ഭൂരിപക്ഷം ഇരട്ടിയാക്കിയെന്ന് കേരള ചരിത്രം.
സെബാസ്ത്യന്‍ മാഷ് പിന്നെ ഇരിങ്ങാലക്കുടയ്ക്ക് പോയിട്ടില്ല.
വേറൊരു മാഷല്ലാത്ത ഉണ്ണിയാടനെ മാണി പിന്നത്തെ തവണ ഇറക്കുമതി ചെയ്ത് അവിടെ ജയിപ്പിച്ചെടുക്കുകയും ചെയ്തു.