ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂളിലേക്ക് ഉച്ചയ്ക്ക് ചോറ് കൊണ്ടു പോയിത്തുടങ്ങിയത്. അതുവരെ ഒരു കിലോമീറ്റര്‍ അകലെ മാത്രമുള്ള വീട്ടിലേക്ക് ഉച്ചക്ക് ഉണ്ണാന്‍ നടന്നു പോകുന്ന പരിപാടിയായിരുന്നു. ഒരു വിധത്തില്‍ അതായിരുന്നു ഇഷ്ടം. റോഡ് സൈഡിലുള്ള മാവ് അല്ലെങ്കില്‍ ഏതെങ്കിലും വീട്ടില്‍ കെട്ടിയിട്ടിരിക്കുന്ന നായ ഇത്യാദി ജീവനുള്ളതും അല്ല്ലാത്തതുമായ വസ്തുക്കളെ നാലു കല്ലെടുത്ത് കീഞ്ചാതെയുള്ള ഉച്ചയൂണ് അത്ര എയിമില്ലാത്തതാണെങ്കിലും ‘അമ്പസ്താനി’ കളിക്കാന്‍ പുതിയ ടീമിനെ കിട്ടിയപ്പോള്‍ ചോറുകൊണ്ടുപോകുകയാണ് ഭേദമെന്ന സൊലൂഷനില്‍ എത്തിച്ചേര്‍ന്നു. ‘ചെക്കനു വീട്ടില്‍ വന്ന് ഊണുകഴിക്കാന്‍ പോലും സമയമില്ല. ഇഷ്ടമ്പോലെ പഠിക്കാണ്ട്’ എന്ന് ചുളുവില്‍ വീട്ടുകാര്‍ കരുതിക്കോട്ടെയെന്നൊന്നും തോന്നിയിട്ടില്ല. സത്യം.
അമ്പസ്താനി കളിക്കാനായി മൂന്നു ഗ്രൂപ്പാണ് ഏഴാംക്ലാസില്‍ . അതുകൊണ്ട് കേരളാ കോണ്‍ഗ്രസ്സുപോലെ ഒരു ഗ്രൂപ്പ് വിട്ടാല്‍ അടുത്തതില്‍ ചേക്കേറാമെന്ന സൌകര്യവുമുണ്ട്. കൂടാതെ ഐക്യ അമ്പസ്താനി ഗ്രൂപ്പ് എന്ന മറ്റൊരു ഗ്രൂപ്പും നിലവിലുണ്ട്. അത് ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടതിനു ശേഷമോ സമരമുള്ള ദിവസങ്ങളിലോ മാത്രമാണ് ആക്റ്റീവാവുന്നത്. ഇതിലെ പ്രധാന ഗ്രൂപ്പ് ‘കടു‘ വിന്റെ നേതൃത്വത്തിലുള്ളതാണ്. ‘കടു’വിന്റെ ശരിക്കുള്ള പേരു ബെന്നി. ഉയരം കുറഞ്ഞ് അല്പം തടിച്ചവനാണ് കടു. എതിരാളികളെ കോമ്പസുകൊണ്ടു മര്‍മ്മ സ്ഥാനങ്ങളില്‍ പെരുമാറുന്നതുകൊണ്ടാണ് അവനു ‘കടു‘ (മുശി) യെന്ന പേരു കിട്ടിയത്.
‘കടു‘വിന്റെ അസിസ്റ്റന്റ് ‘കൂരി’. ഹാജറ് വിളിക്കുമ്പോള്‍ അവന്റെ ശരിക്കുള്ള പേരു വിളിച്ചാലും അവന് കൈപൊക്കാതെയിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ‘ഡാ കൂരി , കൈയ്യ് പൊക്കറാ..’ എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാലേ അവന് കൈപൊക്കൂ.
അങ്ങനെ ക്ലാസ്സിലെ ജഗജില്ലികള്‍ക്കെല്ലാം രണ്ടുമൂന്നക്ഷരങ്ങളിലൊതുങ്ങുന്ന ചില ഇരട്ടപ്പേരുകളുണ്ട്. അതുപോലെ തന്നെ മാഷുന്മാര്‍ക്കും ഇരട്ടപ്പേരുകളുണ്ട്. ഓന്ത് തോമ, മൂര്‍ഖന്‍, നഖന്‍, സുന്ദരക്കുട്ടപ്പന്‍, ചക്കച്ചൊള, എരുമ, കൂരച്ചന്‍ , ഹനുമാന്,... ഇതൊന്നും വെറുതെ ഇടുന്ന പേരല്ല. ഇവരെയൊക്കെ കണ്ടാല്‍ ഇതവരുടെ ശരിയായ പേരുതന്നെയല്ലേയെന്ന് ആരുമൊന്ന് സംശയിച്ചുപോകും. ഓന്ത് തോമ ക്ലാസിനു പുറത്ത് വെച്ചുകണ്ടാല്‍ എല്ലാ പിള്ളേരോടും വളരെ സൌഹാര്‍ദ്ദമായാണ് സംസാരിക്കുക. ക്ലാസില്‍ കയറിയാല്‍ പുലിയാണ്. ‘നഖന്‍‘ നീണ്ട നഖമുള്ള മാഷാണ്. ശിക്ഷ മുഴുവന്‍ ആ നഖം കൊണ്ടാണെന്നു മാത്രം.
ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് ‘കരടി‘. കണക്കാണ് ഇഷ്ടന്റെ ഇഷ്ട വിഷയം. ദേഹം മുഴുവന്‍ രോമങ്ങളുള്ളതുകൊണ്ടും ക്ലാസ്സില്‍ വന്നിരുന്നു ആദ്യം രണ്ടുമൂന്നു തവണ മേലോട്ടും കീഴോട്ടും നോക്കി സാമാന്യം ഭേദപ്പെട്ട ഡെസിബലില്‍ കീഴ്വായു അല്ലെങ്കില്‍ മേല്‍വായു റിലീസ് ചെയ്തിരുന്നതുകൊണ്ടുമാണ് ആ പേരു പിള്ളേരു കനിഞ്ഞനുഗ്രഹിച്ചത്. ദൈവം ചൂരലു കണ്ടുപിടിച്ചത് ‘കരടി’യ്ക്കു വേണ്ടി മാത്രമാണെന്നു പോലും പലപ്പോഴും ചിന്തിച്ചിരുന്നു. അമ്പു പെരുന്നാളിന്റെ മേളത്തിലെ ഇലത്താളമടിക്കുന്ന പോലെ നിര്‍ത്തി നിര്‍ത്തിയാണ് കരടി പെടയ്ക്കുക.
അമ്പസ്താനി കളിക്കുമ്പോള്‍ സെക്യൂരിറ്റി ലൂപ്പ് ഹോള്‍സ് കണ്ടുപിടിച്ച് ഒളിച്ചിരിക്കുന്നതില്‍ മിടുക്കനാണ് കൂരി. വിശാലമായ സ്കൂള്‍ കോമ്പൌണ്ടൊന്നും പോരാതെ ഗൊവേന്തയിലെ അച്ചന്മാരുടെ സ്ഥലത്തിന്റെ പിന്നാമ്പുറത്തെ ഗേറ്റുകടന്നും പോകാറുണ്ട്.
പിന്നിലെ ഗേറ്റ് കടന്ന് ചെന്നാല്‍ പേരയ്ക്കയും മാവുമൊക്കെയുള്ള ഒരു ഏദന്‍ തോട്ടം തന്നെയാണ്. ഒളിച്ചിരിക്കാന്‍ ഇഷ്ടം പോലെ പോയിന്റുകള്‍. ഏതെങ്കിലും പേരയുടെ മുകളില്‍ കയറി പേരയ്ക്ക പൊട്ടിക്കാം. പന്നിക്കൂടും പശുത്തൊഴുത്തും അവിടെയാണ്. നാലോ അഞ്ചോ പന്നികള്‍ എപ്പോഴും കൂട്ടിലുണ്ടായിരിക്കും. പന്നികളുടേയും പശുക്കളുടെയും കസ്റ്റോഡിയനായ ദേശുട്ടിച്ചേട്ടന് ഊണുകഴിക്കാന്‍ പോകുന്ന സമയമായതുകൊണ്ട് വേറെ ആരെയും പേടിക്കാതെ നടക്കാം. പക്ഷേ, കുട്ടികള്‍ക്ക് ഈ പ്രദേശം വിലക്കപ്പെട്ടതാണെന്ന് ഹെഡ് മാഷായ മൂര്‍ഖന്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.
ഇതൊന്നും പക്ഷേ കൂരി അധികം മുഖവിലയ്ക്കെടുക്കാറില്ലായിരുന്നു.അതുകൊണ്ട് പലപ്പോഴും അമ്പസ്താനി കളിക്കുമ്പോള്‍ ഏറ്റവും അവസാനം മാത്രമേ കൂരിയെ പിടിക്കാന്‍ പറ്റൂ. സെക്യൂരിറ്റി വാണിങുള്ളതുകൊണ്ട് ആ ഏരിയയില്‍ പോകാന്‍ ആരുമൊന്നു മടിക്കും. പക്ഷേ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത് ‘കടു‘വാണെങ്കീല്‍ ആദ്യം തന്നെ കൂരിയെ പിടിക്കാനേ അവന് നോക്കൂ. കാരണം അവനെപിടിച്ചാല്‍ പിന്നെ ബാക്കിയുള്ളവരെ അവന് തന്നെ പിടിച്ചോളും. കടുവിനു കുറച്ച് പൈപ്പുവെള്ളം കുടിച്ച് വിശ്രമിക്കാമല്ലോ.
അന്നും കൂരി പതിവുപോലെ വിലക്കപ്പെട്ട ഏദന്‍ തോട്ടത്തില്‍ തന്നെ ഒളിക്കാന്‍ തീരുമാനിച്ചു. ‘കടു’വാണ് ഇന്നത്തെ ടെര്‍മിനേറ്റര്‍ എന്നറിഞ്ഞ കൂരി സുരക്ഷിത പോയിന്റെ തേടി അലഞ്ഞു. പല സ്ഥലങ്ങളും ‘കടു’വിനു അറിയുന്നതാണ്. പന്നിക്കൂടിനടുത്ത് അധികം പോകാറില്ല. അച്ചന്മാരുടെ വേസ്റ്റാണ് പന്നികള്‍ മടമടാന്ന് വെട്ടുന്നതെങ്കിലും കുന്തിരിക്കത്തിന്റെ മണമുണ്ടാവില്ലല്ലോ.
രണ്ടും കല്പിച്ച് കൂരി പന്നിക്കൂടിനു സൈഡിലേക്ക് ഓടി. സൈഡില്‍ നിന്നാല്‍ ഗേറ്റില്‍ നിന്നേ കാണാന്‍ പറ്റും. അത് ശരിയാവില്ല. അങ്ങനെ കൂടിന്റെ പിന്നിലേക്ക് പാഞ്ഞു.
‘ച്ലിം..’ എന്ന ഒരു ശബ്ദം മാത്രമേ കേട്ടുള്ളൂ.
‘കടു’ ഗേറ്റിലേക്കെത്തിയപ്പോള്‍ കാണുന്നത് ഒരു കറുത്ത ജീവി പന്നിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്നതാണ്.
‘ഡാ.. ഇത് ഞാനാണ്ടാ.. കൂരി..’
പേടിച്ച് പിന്തിരിയുന്നതിനിടയില്‍ കടു ആ പരിചിത സ്വരം കേട്ടു.
‘നീ വല്ലോട്ത്തും വീണാ.. എന്താണ്ടാ മേത്ത് മുഴുവന്‍..’
‘ഒന്നും പറയണ്ട...നടക്കാനും വയ്യ. ചന്തിയൊക്കെ പണ്ടാറ വേദന..’
ദേശുട്ടിച്ചേട്ടന് തെങ്ങിനു അഭിഷേകം ചെയ്യാനായി ചാണകം , പന്നിക്കാഷ്ടം എന്നീ അമൂല്യ ചേരുവകളും യഥേഷ്ടം വെള്ളവും മിക്സ് ചെയ്ത് വെച്ച ഒരു കുഞ്ഞു ടാങ്കിലേക്കാണ് കൂരി ഓട്ടത്തിനിടയില്‍ കാല് വഴുതി വീണത്.
ഇങ്ങനെ ഒരു സെറ്റപ്പ് അവിടെയുള്ള കാര്യം കൂരി സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ചാടി എഴുന്നേറ്റ് നിന്നപ്പോള്‍ ദേശുട്ടിച്ചേട്ടന്റെ ആ പുണ്യാഹം പുരളാത്ത ഒരിഞ്ച് സ്ഥലം പോലും ദേഹത്തില്ലെന്ന് മനസ്സിലായി. മെല്ലെ സമീപ്രദേശത്ത് വെള്ളമുണ്ടോയെന്ന് സേര്‍ച്ച് ചെയ്തു. ആ സമയത്താണ് പ്രകാശത്തിന്റെ വെള്ളിവെളിച്ചവുമായി കടു ഗേറ്റുകടന്നു വരുന്നത് കണ്ടത്.
മെല്ലെ സ്കൂളിലെ പൈപ്പിന്റെ ചോട്ടിലേക്ക് വേച്ചു വേച്ചു നടക്കുന്നതിനിടയില്‍ പിള്ളേരെല്ലാം കൂരിയുടെ കൂടെ കൂടി.
‘നെന്നെ കണ്ടാല്‍ ഇപ്പോ ഒരു കരടി യാണെന്നേ തോന്നൂ..’
ഇതിനിടയില്‍ കടു അറിയാതെ പറഞ്ഞു പോയി.. അത് പിള്ളേരെല്ലാം ഏറ്റുപിടിച്ചു.
പിള്ളേരെല്ലാം ‘കരടി’ .. ‘കരടി’... എന്ന് ഉറക്കെ ഈണത്തില്‍ വിളിച്ച് പിന്നാലെ കൂടാന്‍ അധികം നേരം വേണ്ടി വന്നില്ല. ജാഥ പൈപ്പിന് ചോട്ടിലേക്ക് അടിവെച്ച് നീങ്ങി.
ഈ സമയത്താണ് ഉച്ചയൂണും കഴിഞ്ഞ കരടി മാഷ് തന്റെ ആജീവനാന്ത വാഹനമായ സൈക്കിളില്‍ ആഗതനാകുന്നത്.
പരസ്യമായി പിള്ളേര് ‘കരടി’യെന്ന് അലറിവിളിച്ചു വരുന്ന പിള്ളേര്‍ക്കുമുന്നില്‍ കരടി മാഷിന്റെ സൈക്കിള്‍ അറിയാതെ ബ്രേയ്ക്കിട്ടു നിന്നു.
ഉച്ച ഭക്ഷണത്തിനു ശേഷം ക്ലാസ് കൂടിയപ്പോള്‍ ഞാനടക്കമുള്ള കടുവിന്റെ ഗ്രൂപ്പ് മെമ്പേഴ്സിനെ ഹെഡ് മാഷും കരടി മാഷും കൂടി പല രൂപത്തിലും ഭാവത്തിലും നിര്‍ത്തിയും ഇരുത്തിയും തായമ്പകയും പാഞ്ചാരിയും ശിങ്കാരിമേളവും ഒരുമിച്ച് നടത്തി ധന്യരായി.
പിറ്റേന്നു മുതല്‍ ഉച്ചയ്ക്ക് ചോറു കൊണ്ടുപോകുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും ഉച്ചസമയത്ത് രണ്ടു കിലോമീറ്റര്‍ നടക്കുന്നത് ആരോഗ്യത്തിനു എന്തുകൊണ്ടും നല്ലതാണെന്നുമുള്ള തിരിച്ചറിവുണ്ടായിയെന്നത് ചരിത്രം.
Note the point : അമ്പസ്താനിക്ക് ഒളിച്ചുകളി, ഓടിപ്രാന്തി എന്നീ പേരുകളും നിലവിലുണ്ട്.
കടു - ഒരു തരം മീന്‍
കൂരി - ഒരു തരം മീന്‍. (cat fish) വര്ഗത്തില്പെടും.
Monday, January 07, 2008
Subscribe to:
Post Comments (Atom)
20 comments:
2008-ലെ ഇവിടത്തെ ആദ്യ കുറിപ്പ്.
-ചെക്കനു വീട്ടില്‍ വന്ന് ഊണുകഴിക്കാന്‍ പോലും സമയമില്ല. ഇഷ്ടമ്പോലെ പഠിക്കാണ്ട്’ എന്ന് ചുളുവില്‍ വീട്ടുകാര്‍ കരുതിക്കോട്ടെയെന്നൊന്നും തോന്നിയിട്ടില്ല. സത്യം.
ഓര്‍മ്മക്കുറിപ്പില്‍ ഈ കുമ്പസാരമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
ഹൌ തേങ്ങക്കൊക്കെ എന്താവില ! ശ്രീലങ്കന്‍ എയര്‍ഫോഴ്സ് പുലികളെ പിടിക്കാന്‍ ഇടുന്ന ബോംബൊക്കെ തെങ്ങിന്റെ മണ്ടക്കാ വീഴുന്നതെന്നു തോന്നുന്നു.
:)
ഹ ഹ... മേനോന് ചേട്ടാ...
കലക്കന്‍ പോസ്റ്റ്.
പാവം കരടിക്കൂരി!
:)
കൊള്ളാം മേനോനെ.
2008ലെ ആദ്യകുറിപ്പ് തന്നെ ബാല്യകാലസ്മരണ ആയത് നന്നായി.
പാക്കിസ്താനികളുടെ ദേശീയ കളിയാണോ ഈ ‘അമ്പസ്താനി’. അവരു ഒളിച്ചുകളിയില്‍ മിടുക്കമ്മാരാ..
:)
കൂരീം കരടീം എന്റെ ക്ളാസ്സിലും ഉണ്ടായിരുന്നു..
ഈ പേരുകള്‍ എല്ലാ കുട്ടികളും ജില്ലാഭേദമന്യേ ഇടുന്നതാണല്ലൊ..
നല്ല പോസ്റ്റ്
ഞങ്ങള്‍ കൂരിയെന്ന് വിളീച്ചിരുന്നത് ഭാസ്കരനെയായിരുന്നൂ: ഒരു മൂന്നടി അടി ഉയരം, 15 കിലോ തൂക്കം....
(കൂരായിയിരിക്കുന്ന കൂരി)
അംബസ്താനിയെ ഓടിപ്രാന്തനെന്ന പുഃല്ലിംഗപദത്തിലും.
ഓര്‍മ്മകള്‍.....
-മേന്ന്നേ, മേഞ്ഞ് നടക്കുന്നു ചുറ്റിലും!
നന്ദി!
കലക്കന്‍ പോസ്റ്റ് മാഷേ...
കൊള്ളാം :)
ഈ കളികളുടെ പേരുകളൊന്നും കേട്ടിട്ടില്ല. ഓടിപ്രാന്തിന്നൊക്കെ കേട്ടപ്പൊ ആരോ വിളിച്ചതാണെന്നു കരുതി ;)
മേന്‍ നേ... പഴയ ഓര്‍മ്മകള്‍ പൊടിതട്ടാന്‍ സഹായിച്ചു ഈ പോസ്റ്റ്... അമ്പസ്ഥാനി ഒരു വീക്ക്നസ് ആയിരുന്നേ... :-)
ഒളിച്ചു കളി നനായി.
ഭാവിയിലും ഉപകാരപ്പെട്ടേക്കാം.
:)
ഉപാസന
...അച്ചന്മാരുടെ വേസ്റ്റാണ് പന്നികള്‍ മടമടാന്ന് വെട്ടുന്നതെങ്കിലും കുന്തിരിക്കത്തിന്റെ മണമുണ്ടാവില്ലല്ലോ...
:))
സൂര്യോദയം പറഞ്ഞ പോലെ പഴയ ഓര്‍മ്മകള്‍ പൊടി തട്ടാന്‍ സഹായിച്ചു ഈ പോസ്റ്റ്...
നന്നായിണ്ട് മേനനെ,
പഴയ ഓര്‍മ്മകള്‍ ഒപ്പം പല ഇരട്ടപ്പേരുകളും മനസ്സില്‍ വരുന്നു :)
ബി വി എല്‍ പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്തേക്കു കൂട്ടി കൊണ്ടുപോയി ഈ പോസ്റ്റ്. പള്ളിയേനക്കാട്ടിലാണ് ഞങ്ങളുടെ ഇത്തരത്തിലുള്ള കളികള്‍ മുഴുവന്‍ നടന്നിരുന്നത്.
-സുല്‍
...അച്ചന്മാരുടെ വേസ്റ്റാണ് പന്നികള്‍ മടമടാന്ന് വെട്ടുന്നതെങ്കിലും കുന്തിരിക്കത്തിന്റെ മണമുണ്ടാവില്ലല്ലോ..
:-)
"...പല രൂപത്തിലും ഭാവത്തിലും നിര്‍ത്തിയും ഇരുത്തിയും തായമ്പകയും പാഞ്ചാരിയും ശിങ്കാരിമേളവും ഒരുമിച്ച് നടത്തി ധന്യരായി."
ആ ശബ്ദത്തിന്റെ മാറ്റൊലി... വീട്ടിലും എത്തീണ്ടാവില്ലേ..
മേന്‍ നേ...
വഴക്കമുള്ള എഴുത്ത്..
ശ്ശി ബോധിച്ചു.
ഇതൊരു ഓര്‍മ്മക്കുറിപ്പ് മാത്രമായിരുന്നു. വായിച്ചവര്ക്ര്കും കമന്റിട്ടവര്‍ക്കും നന്ദി.
നല്ല തമാശ തന്നെ. സ്കൂള്‍ മാഷുംമാരുടെ ഇരട്ടപ്പേരുകള്‍ വളരെ രസകരം ആണ്. വില്ലന്മാര് ഇരട്ടപ്പേര് വിളിച്ചിട്ട് ഒടാറുണ്ട് :-)
Post a Comment