Tuesday, October 23, 2007

ഇടിവെട്ട് വാസു .....

ജന്മാവകാശമായി കിട്ടിയത് തെങ്ങുകയറ്റമാണെങ്കിലും വാസു തെങ്ങില്‍ കയറുന്നത് അപൂര്‍വ്വം. ഇടയ്ക്കൊക്കെ തേങ്ങ പെറുക്കി കൂട്ടാന്‍ കൂടുമെന്നല്ലാതെ ആരോഗ്യം കളഞ്ഞുള്ള ഒരു പണിക്കും വാസുവില്ല. നമ്മടെ ആരോഗ്യം നമുക്കുള്ളതല്ലേ. നാട്ടുകാര്‍ക്കിട്ട് പെരുമാറാ‍നുള്ളതല്ലല്ലോ. ചാരായ നിരോധനം വന്നതിനു ശേഷമാണ് വാസുവിന്റെ പേര് നാലാള് അറിഞ്ഞു തുടങ്ങിയത്.

പതിനെട്ടാം പടി കയറിയുള്ള ചന്ദ്രേട്ടന്റെ ചാരായ ഷാപ്പിലേക്ക്, കയറുന്ന പോലെ ഇറങ്ങാന്‍ പറ്റാത്തത് ഒന്നുകൊണ്ടുമാത്രമാണ് വാസു ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നുറങ്ങാറുള്ളത്. മാത്രമല്ല ചന്ദ്രേട്ടന്‍ സ്വന്തമായി വളര്‍ത്തുന്ന ലാലൂരിന്റെ മണമുള്ള ഒരു ചൊക്ലിപട്ടിയുള്ളപ്പോള്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ സേഫാണിവിടെയെന്ന് വാസു മനസ്സിലാക്കിയതില്‍ തെറ്റു പറയാന്‍ പറ്റില്ലല്ലോ. ഒരു തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ ആ തെങ്ങിന്റെ മണ്ടയ്ക്ക് ഇടിവെട്ടി കൂമ്പു കരിഞ്ഞിട്ടും കാലത്ത് ചന്ദ്രേട്ടന്‍ ഷാപ്പ് തുറന്നപ്പോള്‍ വാസു തെങ്ങിന്റെ ചുവട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു., വെറും പാമ്പായി.. അതിനു ശേഷമാണ് ചന്ദ്രേട്ടന്‍ വാസുവിനെ ഇടിവെട്ട് വാസുവായി സ്നാനപ്പെടുത്തിയത്.

ചാരായ നിരോധനം വാസുവിനെ നിരാശാകഞ്ചുകിതനാക്കി. ചന്ദ്രേട്ടന്‍ ഒറ്റക്കും തെറ്റയ്ക്കും തപ്പറമ്പിലെ മാട്ടത്ത് വാറ്റു തുടങ്ങിയപ്പോള്‍ മാത്രമാണ് വാസുവിനു ശ്വാസം നേരേ വീണത്. മനപ്പറമ്പിലെ ഓലയും മടലുമൊക്കെ സമയവും സൌകര്യവും നോക്കി വാസു മാട്ടത്തെത്തിക്കും. മറുതയും യക്ഷിയുമൊക്കെ യഥേഷ്ടം വാഴുന്ന ആ പ്രദേശത്തേക്ക് എക്സൈസുകാരു പോയിട്ട് ജീവനില്‍ കൊതിയുള്ളവരാരും തന്നെ പോകാറില്ല. വാറ്റി പാക്ക് ചെയ്ത് സോളാറ് ബാറിന്റെ സൈഡിലെ ഇടവഴിയിലെ ഓന്തു കൊച്ചപ്പന്റെ പറമ്പിലായിരുന്നു സെയിത്സ് കൌണ്ടര്‍.

കൊച്ചപ്പനെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായിരുന്നു. കാരണം, തലമുറകളായി ലാഭകരമായി നടത്തി വന്നിരുന്ന അലക്കു സോപ്പു വ്യാപാരം തന്റെ ഒരു മാസത്തെ മാര്‍ക്കറ്റിങ് കൊണ്ട് സ്വന്തം ചേട്ടനെ ആജീവനാന്ത കടക്കാരനാക്കിമാറ്റിയതിനു ശേഷമാണ് കൊച്ചപ്പനു രണ്ടുമാസത്തേക്ക് നാടുവിടേണ്ടി വന്നത്, ഇളയപ്പന്‍ പൌലോതിന്റെ ചേലക്കരയിലെ വീട്ടിലേക്ക്. പിന്നീട് തിരിച്ചു വന്ന് പൊന്തിയത് പാണ്ടിത്തോമയുടെ സെന്റ് ജോസഫ് ബാന്‍ഡ് സെറ്റ് കമ്പനിയില്‍ ക്ലാര്‍നെറ്റ് വായിക്കാനായിരുന്നു. അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. കടം. കടം കയറി ഗതികെട്ട് പാണ്ടിത്തോമ ബാന്‍ഡുകമ്പനി പൂട്ടുന്നതു വരെ കൊച്ചപ്പന്‍ വിടാതെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ശുഷ്കാന്തനും സത്യസന്ധനുമായിരുന്നു ഓന്ത് കൊച്ചപ്പന്‍. ഇത്രയൊക്കെയാണെങ്കിലും ഏതുകാര്യവും പറഞ്ഞ് ഫലിപ്പിക്കാന്‍ കൊച്ചപ്പനേക്കാള്‍ കഴിവുള്ളവര്‍ നാട്ടില്‍ വളരെ ചുരുക്കം.

വാറ്റുകച്ചവടം പൊടീപൊടിച്ചപ്പോള്‍ സോളാറിന്റെ സി.ഇ.ഒ യും പ്രധാന പങ്കാളിയും പ്രത്യുതാ ഒറ്റയിരിപ്പിനു ഒരു ഫുള്ള് ബോട്ടില്‍ ബ്രാന്‍ഡി, ബോണ്‍വിറ്റ കഴിക്കുന്ന ലാഘവത്തില്‍ അകത്താക്കുന്ന പൂളയ്ക്കല്‍ ഡേവീസേട്ടനു ഇരിക്കപ്പൊറുതിയില്ലാതായി. എക്സൈസ് കാരെ കൊണ്ടു വന്നാല്‍ തല്‍ക്കാലത്തേക്ക് ഒരു രക്ഷകിട്ടുമെങ്കിലും പിന്നീട് എക്സൈസുകാര്‍ ബാറിനു തന്നെ ഒരു മുതല്‍ക്കൂട്ടായി സ്ഥിരതാമസമാക്കുമെന്ന് ഭയന്നതുകൊണ്ടാണ് കൊച്ചപ്പനെ വിളിച്ച് കാര്യം പറഞ്ഞത്.

‘കാര്യൊക്കെ ശര്യന്നെ.. ഡേവീസേട്ടന്‍ മ്മടെ കഞ്ഞികുടി മുട്ടിക്കണ കാര്യണ് പറേണെ..’

‘ന്റെ കൊച്ചപ്പാ... ഒന്നൂല്ലെങ്കിലും മ്മള് സത്യക്രിസ്ത്യാനികളല്ലേ.. നെനക്ക് ന്താന്ന് ച്ചാ ചെയ്യാം.... ആ മൊതലിന്റെ പരിപാടി എങ്ങന്യെങ്കിലും അവിട്ന്ന് അവസാനിപ്പിക്കണം..’

അങ്ങനെ ഡെയിലി ഒരു പൈന്റും ചില്വാനവുമെന്ന വാഗ്ദാനത്തില്‍ കൊച്ചപ്പന്‍ വീണു. ഇടിവെട്ടിന്റെ സെയിത്സ് അവിടെ നിര്‍ത്തി. തല്‍ക്കാലം പിന്‍വലിഞ്ഞെങ്കിലും ജനകോടികളുടെ ആശയും ആവേശവുമായ ഇടിവെട്ടും ചന്ദ്രേട്ടനും മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചുതുടങ്ങി. അങ്ങനെ പൂര്‍വ്വാധികം ശക്തിയോടെ ബാറിന്റെ മുന്നിലൂടെ പോകുന്ന പുളിഞ്ചേരിപ്പടി വഴിയിലെ ഈന്തന്‍ കുരിയാക്കുവിന്റെ പറമ്പിലെ പൊട്ടക്കുളത്തിന്റെ വക്കത്ത് പിന്നെയും തുടങ്ങിയത്.

ഈസ്റ്ററും പള്ളിപ്പെരുന്നാളുമാണ് വരുന്നത്. ഡേവീസേട്ടന്‍ ഇടിവെട്ടിനെ തളയ്ക്കാന്‍ മാര്‍ഗങ്ങളന്വേഷിച്ചു. ഇതിനകം തന്നെ സോളാറിന്റെ ആരോമലായി കഴിഞ്ഞിരുന്ന കൊച്ചപ്പനെ വിളിച്ചു കാര്യങ്ങള്‍ ഡിസ്കസ് ചെയ്തു. സംഗതി അന്ന് ഒടക്കിപ്പിരിഞ്ഞതാണെങ്കിലും ചന്ദ്രേട്ടന്റെ വാറ്റിന്റെ ഏഴയലത്ത് വരില്ല ഡേവീസേട്ടന്റെ പൈന്റെന്ന് കൊച്ചപ്പനറിയാം. ഇടയ്ക്കൊക്കെ ഒളിച്ചാണെങ്കിലും ഇടിവെട്ടിന്റെവിടുന്ന് കൊച്ചപ്പന്‍ പലപ്പോഴും കവറ് വാങ്ങി അരയില്‍ വെച്ച് വീട്ടില്‍കൊണ്ടുപോയി വീശാറുണ്ട്.
‘ഡേവീസേട്ടന്‍ ഒരു കാര്യം ചെയ്യ്. അവന് ഇബടെ വല്ല പണിയും കൊടുക്ക്. അപ്പൊ പിന്നെ അവന്‍ അതിനു പൂവ്വില്ലല്ലോ..’
ഡേവീസേട്ടന്‍ അതിനു ഏന്നേ തയ്യാറായിരുന്നു. പക്ഷേ ഇടിവെട്ട് ഒന്ന് അടുക്കണ്ടേ. ഒടുവില്‍ ഇടിവെട്ടിനെ വശത്താക്കി ബാറില്‍ കൊണ്ടുവരാമെന്ന് കൊച്ചപ്പന്‍ ഡേവീസേട്ടനു വാക്കുകൊടുത്തു.

അന്ന് ഒരു ദുഖവെള്ളിയാഴ്ചയായിരുന്നു. ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെ പള്ളിയില്‍ കുരിശിന്റെ വഴിയുള്ളതുകൊണ്ട് വര്‍ഷത്തില്‍ അന്ന് മാത്രം ഡേവീസേട്ടന്‍ ആ സമയത്ത് സോളാര്‍ അടച്ചിടും. ആ ദുഖവെള്ളിയാഴ്ച നാലുമണിക്ക് ഇടിവെട്ടിനെ ബാറില്‍ കയറ്റി സല്‍ക്കരിക്കാമെന്നു കൊച്ചപ്പന്‍ പ്ലാനിട്ടു. കാലിയായ ബാറില്‍ ടച്ചിങ്സിനു അച്ചാറുമായി കൊച്ചപ്പന്‍ ഇടിവെട്ടിനെ സ്പെഷല്‍ റൂമില്‍ കയറ്റി. ഗ്ലാസുകള്‍ ചട പടേന്ന് ഒഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചപ്പനും അത്യാവശ്യം സേവിച്ചു. ഒടുവില്‍ വാസു ഫിറ്റായെന്ന് കൊച്ചപ്പനു തോന്നിയ നിമിഷം വിഷയം എടുത്തിട്ടു.

‘വാസുവേ.. മ്മക്ക് ഇബടെ തന്നെ കൂട്യാലോ വാസ്വേ ..’
‘ന്തൂട്ടണ്ട ശവ്യേ നീയ്യ് പറേണേ ? ‘
‘ഡേവീസേട്ടനോട് പറഞ്ഞ് ട്ട് നെനക്ക് ഞാന്‍ ഇബടെ ഒരു പണി ശര്യാക്കിത്തരാം .. എന്തേ..’
‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്നത് ..’ ഇടിവെട്ട് ചീറി.
‘ഹെയ്.. ഇതെന്താ വാസ്വേ ഇത്.. ദേ... ഇങ്ങട് നോക്ക്യേ...ഇബടയ്ക്ക്.. ’
‘ന്തൂട്ട് നോക്ക് ണു.. നീയ്യ് മിണ്ടരിക്ക്യോ..ച.. ച.. ചന്ദ്രേട്ടന്‍ യ്ക്ക് ദൈവാണ്ടാ #$3%$ മോനെ..‘ വാസു വികാരാധീനനായി. എഴുന്നേറ്റു നിന്നു.
പിന്നെ അച്ചാറ് തൊട്ട് നാവില്‍ വെച്ച് ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് മോന്തി .
‘ഫ് ര്‍ ര്‍ .. ...എന്നെ വെലക്കെടുക്കാന്ന് വെച്ചോടാ.. %%$$ ..’ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു.
കുരിശിന്റെ വഴിയും കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന നേരം. റോഡില്‍ തിരക്കും.
വേച്ച് വേച്ച് വാസു ബാറിന്റെ മുന്നില്‍ നിന്നു.
പിന്നെ ഡേവീസേട്ടനെയും കൊച്ചപ്പനെയുമൊക്കെ പൂരത്തെറി.
കൊച്ചപ്പന്‍ എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ അടുത്തുള്ള പോസ്റ്റില്‍ സെബസ്ത്യാനോസ് പുണ്യാളന്‍ നില്‍ക്കുന്ന പോലെ കാല് പിന്നിലേക്ക് പിണച്ചുവെച്ച് നിന്നു.
കുറച്ച് നേരത്തെ തെറിവിളിക്ക് ശേഷം വാസു കൊച്ചപ്പന്റെ അടുത്തെത്തി .
വാസുവിന്റെ ദേഹത്ത് ബാക്കിയുണ്ടായിരുന്ന മുണ്ട് അഴിച്ചെടുത്ത് കൊച്ചപ്പന്റെ മുഖത്തേക്കെറിഞ്ഞു.
പിന്നെ ബാറിന്റെ മുന്നില്‍ ‘ഒരു മുറൈ വന്ത് പാറായാ..’ തുടങ്ങി. ഇടിവെട്ട് ഇത്ര നന്നായി നടരാജ ബ്രേയ്ക്ഡാന്‍സ് കളിക്കുമെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയത് അന്നുമാത്രമാണ്.

ഈ സമയത്താണ് സ്ഥലം എസ്.ഐ. മിന്നല്‍ രാജപ്പന്‍ ജീപ്പുമായി അവിടെയെത്തിയത്. മിന്നലിനെ കണ്ടതും ഇടിവെട്ട് വാസു ബോധമണ്ടലത്തില്‍ തിരിച്ചെത്തി. മിന്നല്‍ ജീപ്പില്‍ നിന്നിറങ്ങിയതും വാസു നാലു വശവും നോക്കി.
ഓടിയിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായ വാസു നേരെ അടുത്ത തെങ്ങില്‍ പിടിച്ച് കയറി. ചെറിയ തെങ്ങായിരുന്നു. പെട്ടന്ന് തന്നെ അതിന്റെ മുകളിലെത്തി.
താഴെ പോലീസുകാര്‍. മുകളില്‍ ഇടിവെട്ട്.
ഭാഗ്യത്തിനു പോലീസുകാര്‍ക്ക് തെങ്ങുകയറ്റമറിയില്ലായിരുന്നു. ഒന്നു രണ്ടു വട്ടം കല്ലെടുത്തെറിഞ്ഞു. നോ രക്ഷ.

‘താഴെ ഇറങ്ങടാ.. %$ മോനെ..’ മിന്നല്‍ താഴെ നിന്ന് വിളിച്ചു.
‘ഉവ്വ് ..’
‘നീ താഴെ ഇറങ്ങണാ . അതാ ഞാന്‍ കേറി വരണാ..’
‘ഉവ്വൊവ്വെ..’ വാസു തെങ്ങിന്റെ കൊരലിലിരുന്ന് ഒരു ഉണങ്ങിയ കൊഴിഞ്ചില്‍ എടുത്ത് താഴേക്കെറിഞ്ഞു. തേങ്ങയില്ലാത്ത ഒരു ചമ്പത്തെങ്ങായിരുന്നു അത്.

‘ഫു.. .. മോനെ.. ധൈര്യണ്ടങ്ങെ താഴ്ത്ത് എറങ്ങടാ.. ‘ കൊച്ചപ്പന്‍ ടെലിഫോണ്‍ പോസ്റ്റില്‍ ചാരി നിന്ന് ആടി.
കുരിശിന്റെ വഴി കഴിഞ്ഞ് പോകുന്ന ഭക്ത ജനങ്ങള്‍ തെങ്ങിനു ചുറ്റും കൂടി. സംഗതി പന്തിയല്ലെന്ന് മിന്നലിന്റെ തലയിലോടി. നാണം കെടുന്നതിനുമുന്‍പ് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് മനസ്സിലായി.
‘നെന്നെ ഞാന്‍ എട്ത്തോളാം...’
‘ഒവ്വ്...’
പോകുന്ന പോക്കില്‍ പോസ്റ്റില്‍ ചാരിനിന്നിരുന്ന കൊച്ചപ്പനെയെടുത്ത് ജീപ്പിലിടാന്‍ മിന്നല്‍ മറന്നില്ല. ഒരു ‘നല്ലേ മാതാവ് ‘ പാടി കൊച്ചപ്പന്‍ സ്റ്റേഷനിലേക്ക്..
രണ്ട് കുപ്പി ഹണീബിയും ആവിയായി പോയ വാസു അധികം വൈകാതെ താഴെയിറങ്ങി ചന്ദ്രേട്ടന്റെ അടുത്തേക്കും മടങ്ങി.
ഹണീബിയുമായി സ്റ്റേഷനില്‍ പോയ കൊച്ചപ്പന്റെ ഹണീമൂണ്‍ ഡേവീസേട്ടന്‍ പിറ്റേന്ന് കാലത്ത് ചെല്ലുന്നതുവരെ തുടര്‍ന്നു.

25 comments:

asdfasdf asfdasdf said...

ഇടിവെട്ട് വാസു. പുതിയ വെട്ടിക്കൂട്ട് അവതരിപ്പിക്കുന്നു.

കുഞ്ഞന്‍ said...

കല്യാണപ്പന്തലില്‍ നിന്നാണു ഞാന്‍ വരുന്നത്, അതുകൊണ്ട് തേങ്ങക്കു പകരം 1625 ബിരിയാണി ഇവിടെ വയ്ക്കുന്നു..ഇക്കാസിന്റെ വീട്ടിലെ ബിരിയാണിയാണ് ..ഫസ്റ്റാണ്..

വാസു കലക്കി..:)

Murali K Menon said...

ഠേ, ഞാന്‍ തേങ്ങ ഒടച്ചു. ബ്ദും... അയ്യോ! ആരുടെയെങ്കിലും കാലില്‍ കൊണ്ടു കരഞ്ഞതല്ല. വാസു തെങ്ങിന്റെ മണ്ടേലിരുന്ന് പോലീസുകാരെ കൊതുമ്പോണ്ട് എറിയണ കാണാന്‍ നിന്ന എന്റെ തലേലല്ലേ വാസു വന്നു വീണത്.

സഹയാത്രികന്‍ said...

ഹി..ഹി..ഹി.. മേനോന്‍ ചേട്ടോ... വാസു കലക്കിട്ട്ണ്ട്ടാ...

വാസുവും, ചന്ദ്രേട്ടനും കൂടി ‘ചാരായ നിരോധനം ‘എന്നത് ‘ചാരായനീരോ ധനം‘ എന്ന് മാറ്റിയെഴുതീലേ...!

:)

Sethunath UN said...

മുര‌ളിയേട്ടന്റെ തേങ്ങ വേസ്റ്റായിപ്പോയി. ഹി ഹി.
മേന്നേ.. കീ‌റന്‍ പോസ്റ്റ് കേട്ടോ. കമ്പ്ലീറ്റ് വെള്ളമായ കൊണ്ട് ഞാനും ഫിറ്റായിപ്പോയി.

മുസാഫിര്‍ said...

ഹോ ഹോ , കോര്‍പ്പറേറ്റ് കുടിപ്പകയാണ് സംഗതി അല്ലെ.പാവര്‍ട്ടിയില്‍ നടന്നതുകോണ്ട് ബിസിനസ്സ് ലോകം അറിഞ്ഞില്ലെന്നു മാത്രം.എന്തായാലും രസമായിട്ടുണ്ട്.

Sherlock said...

കുട്ടന് ചേട്ടാ....കൊള്ളാം.. വളരെ സരസമായി പറഞ്ഞിരിക്കുന്നു

ശ്രീ said...

മേനോന്‍‌ ചേട്ടാ...

ഇടിവെട്ട് വാസു കലക്കീട്ടോ...
ശരിക്കു ചിരിപ്പിച്ചു.
:)

വിഷ്ണു പ്രസാദ് said...

കടുത്ത നര്‍മത്തിലേക്കാണോ മേന്നേ... :)

വാളൂരാന്‍ said...

ഇടിവെട്ട്‌ മേന്‍നേ...
ഇത്‌ വെട്ടിക്കൂട്ടൊന്നുമല്ല...

Rasheed Chalil said...

ഈ വെട്ടിക്കൂട്ട് കൊള്ളാല്ലോ...

krish | കൃഷ് said...

ഇടിവെട്ട് മസാല വാസു.

കരീം മാഷ്‌ said...

‘ചാരായനീരോ ധനം‘
'കോര്‍പ്പറേറ്റ് കുടിപ്പക'
'വെട്ടിക്കൂട്ട്'

good quotes to quote

asdfasdf asfdasdf said...

കരിം മാഷേ.. കോട്ട് മാത്രേ ഉള്ളൂ ? വേറൊന്നും ഇല്ലെ ? :)

സുസ്മേരം said...

മേന്നേ ഇടിവെട്ടുവാസു കിടിലന്‍.
ഇക്കാസിന്റെ വീട്ടിലായിരുന്നു ഇതുവരെ. അതിനാല്‍ കാണാന്‍ വൈകി. :)

-സുല്‍

G.MANU said...

‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്ന

uvvu uvvu...kalakki menne

കുറുമാന്‍ said...

ഇടിവെട്ട് വാസു ഒരൊന്നൊന്നര കഥാപാത്രമാണല്ലോ മാഷെ........സംഭവം ഉഷാറായീട്ടുണ്ട്....എവിടേയോ ഒരു മിസ്സിങ്ങ് ഫീല്‍ ചെയ്തു..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“മാട്ട“ എന്നുവച്ചാലെന്താ?

ഒരു ഇതൊരു തിരക്കഥയാക്കുകയാണേല്‍ സാന്‍ഡോ തന്നെ ഇടിവെട്ട് നായകന്‍ :)

asdfasdf asfdasdf said...

ചാത്താ, മാട്ടയല്ല, മാട്ടം. അതായത് ചെറിയ തോടിന്റെ വശങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന സ്ഥലത്തിന്റെ ചെരിഞ്ഞ പ്രതലം എന്ന് പറയും. തോടിന്റെ സൈഡ്. മണല്‍ പ്രദേശങ്ങളില്‍ തോടിനു വലിയ മാട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ പ്രകൃതിദത്തമായ മാട്ടങ്ങളും ഉണ്ട്.

തമനു said...

മേന്‍‌നെ...

എഴുത്ത് രസകരമായി ... പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും തുടക്കം മുതല്‍ അവസാനം വരെ ഉള്ളില്‍ ഒരു ചിരി അനുഭവപ്പെടുന്നുണ്ടായിരുന്നു... :)

അടുത്തത് വെട്ടിക്കൂട്ടൂ.... :)

സാജന്‍| SAJAN said...

മേനോന്‍‌ജി, ഇത് കിഡിലന്‍ ,
വെട്ടിക്കൂട്ടെന്നൊക്കെ പറഞ്ഞ് ഒത്തിരി വിനയനാവണ്ട കേട്ടോ:)

Cartoonist said...

കുട്ടാ,
നാടെവ്ട്യാ ? ഞങ്ങടെ പരിയാരത്താ ?
അല്ല, അവടേം ഇത്തരം രണ്ടു കക്ഷികളുണ്ടായിരുന്നു -
പറക്കലാനും പീക്കാച്ചീം .
കഥയുടെ എന്‍ഡിങ്ങ് സേം. അത്ഭുതം !

എന്നെ രസിപ്പിച്ചു.

Sathees Makkoth | Asha Revamma said...

കൊച്ചപ്പന്റെ ഹണീമൂണ്‍ തകര്‍ത്തുകാണുമല്ലോ.

sandoz said...

മേനനേ....ഈ സോളാര്‍ ബാര്‍ എവിടെയാ....
കുരിശിന്റെ വഴി പ്രദക്ഷിണം പോകുന്ന വഴിയില്‍...അടിച്ച്‌ കിണ്ടിയായി..എഴുന്നേല്‍ക്കാന്‍ പറ്റാതെ...വഴിയരികില്‍ കിടന്ന് കൊണ്ട്‌ കുരിശ്‌ വരച്ച ഒരു കഥാപാത്രത്തെ ഓര്‍മിപ്പിച്ചു...
[മേനനേ ഒരു കാര്യം കൂടി...പഴേ പനിക്കവിതക്ക്‌ പ്രചോദനമായ തമിഴത്തിക്ക്‌ ഗര്‍ഭം ഇല്ലായിരുന്നെന്ന്...എങ്ങനേണ്ട്‌....]

asdfasdf asfdasdf said...

ഇടിവെട്ടു വാസുവിനെ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി.