എയര്‍ ഇന്ത്യ , ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നീ ദേശീയ പക്ഷികളെ ഞാന്‍ അവഗണിച്ചുതുടങ്ങിയിട്ട് നാളേറേയായി. എന്നെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുകയെന്ന സിമ്പിള്‍ ഹമ്പിള്‍ സൊല്യൂഷന് മാത്രമായിരുന്നില്ല ഇതിനു പിന്നില്‍.
ഈ ദേശീയ പക്ഷികളിലെ എയര്‍ ഹോസ്റ്റസുമാരുടെ മുടി ഇത്രയധികം കറുത്തിരിക്കുന്നത് ഒറിജിനല്‍ ദേശീയ പക്ഷി(peacock ) യുടെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായതുകൊണ്ടാണെന്ന വാസ്തവം , ഈയടുത്ത കാലത്ത് ബ്രഷും പിഞ്ഞാണവുമെടുത്ത് എന്റെ തലയില്‍ നിരങ്ങാനൊരുങ്ങിപ്പുറപ്പെട്ടപ്പോള്‍ മാത്രമാണ് എന്റെ ചെറിയ തലയില്‍ കയറിയത്. അതുമാത്രമോ, ഈ പക്ഷികള്‍ സമയ നിഷ്ഠ പാലിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഏഴു ദിവസത്തെ വെക്കേഷന് നാട്ടിലെത്തി മൂന്നും നാലും ദിവസമായി ചുരുക്കേണ്ടി വന്നത് രണ്ടു തവണയാണ്. അതുകൊണ്ടൊക്കെ തന്നെ മറ്റു പക്ഷികളെയാണ് ഇത്തവണത്തെ വെക്കേഷന് യാത്രയ്ക്കും തെരെഞ്ഞെടുത്തത്.
വളരെ ശുഷ്കാന്തിയുള്ള ട്രാവല്‍ ഏജന്റായതുകൊണ്ട് എമിറേറ്റ്സ് എയര്‍ ലൈനില്‍ ഞാന്‍ ബുക്ക് ചെയ്ത ടിക്കറ്റ് പത്തുദിവസം മുമ്പു തന്നെ കാന്‍സല്‍ ചെയ്ത് കൃത്യസമയത്തു തന്നെ എന്നെ വിവരമറിയിച്ചിരുന്നു. അവസാനം മറ്റൊരു ഏജന്റ് കനിഞ്ഞനുഗ്രഹിച്ചത് ശ്രീലങ്കന്‍ എയര്‍വേസിന്റെ ശകടം. ഓണക്കാലമായതുകൊണ്ട് ഇതു തന്നെ കിട്ടിയത് ഭാഗ്യമെന്ന ഏജന്റിന്റെ സമാധാനിപ്പിക്കല്‍ കൊണ്ടു മാത്രമാണ് ഈ എയര്‍ലൈനില്‍ തന്നെ പോകാമെന്ന് വിചാരിച്ചത്. കൊച്ചിക്കുള്ള ശ്രീലങ്കന്‍ പക്ഷിയിലെ യാത്ര വളരെ സൌകര്യപ്രദമായിരുന്നു. ട്രാന്‍സിറ്റ് സമയം ഒന്നരമണിക്കൂറായതിനാല്‍ അധികം ബോറടിക്കേണ്ടി വന്നില്ല.
ഉദ്വേഗജനകമായ ഒരു വെക്കേഷന് അവസാനിപ്പിച്ച് ,തിരിച്ചുള്ള യാത്രയ്ക്ക് പെട്ടിയൊതുക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . എന്റെ പെട്ടിക്ക് കൊണ്ടുപോകാവുന്ന ലിമിറ്റിനേക്കാള്‍ ഭാരം. പിന്നെ എല്ലാം ഇറക്കി താഴെ വെച്ച് ഓഡിറ്റിങ് തുടങ്ങി. ആദ്യം എന്റെ ഡ്രസ്സുകള്‍ ഓരോരോ കവറില്‍ ആക്കി മെല്ലെ പെട്ടിയില്‍. നാട്ടില്‍ നിന്നും എത്തിയാല്‍ പലര്‍ക്കുമായി വീതം വെക്കേണ്ട 3കിലോ ചിപ്സ്, 4 കിലോ ഹലുവ എന്നീ റേഷന്‍ സാധങ്ങളും. കൂടെ കുവൈറ്റിലെ ഗോവക്കാരനായ സുഹൃത്ത് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞ ടെല്‍മിസാറ്റ് എന്ന പ്രഷറിനുള്ള 200 ഗുളികനും. പിന്നെയുള്ളത് സുഹൃത്തിന്റെ അമ്മായ്മ്മ കൊടുത്തയച്ച ഒരു പൊതിയാണ്. അതു മാത്രം എടുത്ത് തൂക്കി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് .. ഇവനാണ് വില്ലന്‍. 12 കിലോ. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്. കുറച്ച് പലഹാരമാണെന്നാണ് അമ്മായിയമ്മ പൊതി കൊണ്ടുവരുമ്പോള്‍ പറഞ്ഞത്. പലഹാരത്തിന് ഇത്ര ഭാരമോ ?
അതോ വല്ല ബോംബോ മറ്റോ ആണോ. കാലം അത്ര പന്തിയല്ല. എന്റെ സമയവും.
എന്തായാലും ഒന്ന് തുറന്ന് നോക്കാം.
നല്ല അടച്ചൊറപ്പുള്ള പൊതി. 50 മാക്രോണിന്റെ പൊതി എന്റെ വില്കിന്സണ് ബ്ലേഡിനു മുന്നില്‍ തലകുത്തി.
പത്ത് അവലോസുണ്ടയും മൂന്നു തേങ്ങയും.
സ്വന്തം മകള്‍ക്ക് കൊടുത്തയക്കുന്നത് അല്പം കനത്തിലായിക്കോട്ടെയെന്ന് കരുതിയാവും.....
പൊതിച്ച തേങ്ങയായത് എന്റെ ഭാഗ്യം. അല്ലെങ്കില്‍ കുവൈറ്റില്‍ പൊതിക്കാത്ത , മുഴുവന്‍ തേങ്ങ അന്വേഷിച്ച് ഞാന്‍ വലഞ്ഞേനെ. തേങ്ങ മാറ്റി വെച്ച് ബാക്കിയെല്ലാം ഒരു വിധത്തില്‍ പൊതിഞ്ഞു വെച്ചു. പിന്നെ മുഴുവന്‍ പുസ്തകങ്ങളാണ്. ഓരോ പുസ്തകവും ഇട്ട് ഭാരം നോക്കും. മുപ്പതായപ്പോള്‍ നിര്‍ത്തി. അതില്‍ കൂടുതല്‍ ഇട്ടാല്‍ ചിലപ്പോള്‍ എക്സസ് ബാഗേജ് കൊടുത്ത് അയല്‍ക്കാരുടെ എയര്‍ക്രാഫ്റ്റിനെ പരിപോഷിപ്പിക്കേണ്ടി വരും. എല്ലാം ഒതുക്കി മിച്ചം വന്ന തേങ്ങയുമായി കോവണിയിറങ്ങി താഴേയ്ക്ക് വന്നപ്പോള്‍ അമ്മയുടെ കമന്റ്
‘നീയെന്താ നട്ടപ്പാതിരയ്ക്ക് തെങ്ങുമ്മേ കയറാന്‍ പോയോ ? ‘
കാലത്ത് 7.50 നാണ് ശകടം യാത്ര ആരംഭിക്കുന്നത്. ലങ്ക വഴി ദുബായ് വഴി കുവൈറ്റ്. ഇടയ്ക്ക് ലങ്കയില്‍ 5 മണിക്കൂര്‍ സുഖവാസം. ആ അഞ്ചുമണിക്കൂര്‍ സുഖവാസം എന്ന ഓഫറും ലങ്കവഴി പോകാമെന്ന് വെച്ചതിനു ആക്കം കൂട്ടി. ട്രാന്‍സിറ്റില്‍ ഫ്രീ മസ്സാജ്, ബുഫെ ലഞ്ച് അങ്ങനെ പലതും.
പുലര്‍ച്ച നാലര മണിക്ക് തന്നെ സ്ഥിരം തേരാളി, ലോനപ്പേട്ടന് തന്റെ അമ്പാസഡര്‍ ശകടവുമായി വീട്ടുമുറ്റത്ത്. ദൈവത്തിന്റ് സ്വന്തം നാട്ടിലെ റോഡായതുകൊണ്ട് ഒന്നരമണിക്കുറുകൊണ്ട് എയര്‍പോട്ടെത്തേണ്ടത് രണ്ടേ കാല് മണിക്കൂറായിട്ടും അങ്കമാലിയെത്തിക്കാന്‍ ലോനപ്പേട്ടന് പാടുപെട്ടു. ഗുരുവായൂരില്‍ നിന്നും കയറുമ്പോള്‍ കാസറ്റ് പ്ലെയറില്‍ ഇട്ട ‘രക്ഷകാ.. എന്റെ പാപ ഭാരമെല്ലാം.. ‘ എന്ന ഭക്തിഗാനം ലോനപ്പേട്ടന് ഓരോ കുഴിയും വെട്ടിച്ച് എടുക്കുമ്പോഴും റിവൈന്റായി വന്ന് കൊടകര വരെ കൂടെയുണ്ടായിരുന്നു.
എമിഗ്രേഷന്‍ നൂലാമലകളൊക്കെ അല്‍ കുല്ത്താക്കി ലോഞ്ചില്‍ വന്നിരുന്നപ്പോഴാണ് ഒരു ചെറിയ ഗ്രൂപ്പിനെ പരിചയപ്പെട്ടത്. ശ്രീലങ്കയിലേക്ക് വിനോദയാത്ര. ശ്രീലങ്കന്‍ ശകടം ഒരു ഓഫര്‍ കൊടുത്തിരുന്നു. പതിനായിരം രൂപക്ക് താമസവും തീറ്റയും കൊടുത്ത് നാലു ദിവസം കൊണ്ട് ലങ്ക മുഴുവന്‍ കറക്കി കൊണ്ടുവരുന്ന ഒരു പരിപാടി. അതിനു ടിക്കറ്റെടുത്ത ചിലരാണ്.. എല്ലാം മാരീഡ് ബാചിക്കുട്ടന്മാര്‍.
‘ചേട്ടാ, എന്താ ശ്രീലങ്ക തന്നെ തെരെഞ്ഞെടുത്തത് ? ‘
‘അവിടെ എന്തും ചീപ്പല്ലേ..’
‘എന്നാലും എല്‍.ടി.ടി.ഇ പ്രശ്നമൊക്കെ ഉള്ളപ്പോള്‍ ..’ എന്റെ ആധി മറച്ചുവെച്ചില്ല.
‘ഞങ്ങളെല്ലാം ബ്രോഡ് വേയിലെ കച്ചവടക്കാരാ.. ‘
അത് ശരി. എനിക്കതൊരു പുതിയ അറിവും കൂടിയായിരുന്നു.
എല്ലാവര്ക്കും ബ്രേക് ഫാസ്റ്റായി കേരള ഫുഡാണെന്ന് ഫ്ലൈറ്റില്‍ അറിയിപ്പ് വന്നു. കൊണ്ടുവന്നതോ, റവകൊണ്ടുള്ള ചൂടന്‍ ഇഡലിയും സാംബാറും. അകത്തേക്ക് പോയതിനേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് വരുമെന്ന ശങ്കയുള്ളതുകൊണ്ടാവാം ഒരു മരണവീടിന്റെ പ്രതീതിയായിരുന്നു പിന്നീട് ഫ്ലൈറ്റിനകം. നോണ്‍ സ്പീക്കിങ് ഫ്ലൈറ്റ്.
കൊളമ്പില് ട്രാന്‍സിറ്റിലേക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് ഒരു ചെറിയ ക്യൂ.
ഇനി അഞ്ചു മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.. ക്യൂവെങ്കില്‍ ക്യൂ.
എന്തിനാണ് നില്ക്കുന്നതെന്നറിയില്ല. കൊച്ചിയില്‍ നിന്നു തന്നെ കുവൈറ്റ് വരെയുള്ള ബോര്‍ഡിങ് പാസ് കിട്ടിയതാണ്. എന്തായാലും ഞാനും നിന്നു. എം.ജി റോഡിലെ ട്രാഫിക്കിനേക്കാള്‍ ഭേദമാവുമല്ലോ.
രണ്ടു മിനിട്ടായിക്കാണും തൊട്ടുപിന്നില്‍ നിന്നും ആരുടേയോ വയറുകൊണ്ടൊരു ചെറിയൊരു തള്ള്. തിരിഞ്ഞു നോക്കി.
ഒരു മധ്യവയസ്കന്.
ചെറിയ ഒരു സ്യൂട്ട്കേസും കയ്യിലുണ്ട്. കോട്ടും സ്യൂട്ടുമിട്ട് തലയേക്കാള്‍ വലിയ കണ്ണാടിയും വെച്ച് നില്ക്കുന്നു. മലയാളി തന്നെ. ഒന്ന് പരിചയപ്പെട്ടാലോ..
‘ഹലോ..’
‘ഹലോ.’
‘എവിടേയ്ക്കാ ?’
‘കുവൈറ്റ്..’ ഓഹൊ. സേം പിച്ച്.
അപ്പോള്‍ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം.
‘ ഞാനും കുവൈറ്റിലേക്കാ.. എന്താ പേരു ?’
‘മിസ്റ്റര്‍ പെരേര..’ ആ പേരിനൊത്ത ഭാവം. കണ്ടിട്ട് ഒരു ഗ്രാന്‍ഡ് ജോസ് പ്രകാശ് ലുക് .
കുവൈറ്റ് നേവിയില്‍ 24 കൊല്ലമായി ജോലി. ഫോര്‍ട്ട് കൊച്ചി സ്വദേശം. ഭാര്യയും 2 കുട്ടികളും നാട്ടില്‍.
ടിക്കറ്റിലെ സീറ്റ് നമ്പര്‍ നോക്കി. 62 B . എന്റെത് 62 A. ആഹാ. തൊട്ടടുത്ത് തന്നെ.
ട്രാന്‍സിറ്റ് ക്യൂ അവസാനിച്ച കൌണ്ടറില്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ഒരു പേപ്പര്‍ കൂടെ കിട്ടി. ഫുഡ് കൂപ്പണാണ്. ബുഫെ ലഞ്ചിനുള്ളത്. ഭദ്രമായി പോക്കറ്റില്‍ തിരുകി.
ഞങ്ങള്‍ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് നടന്നു.
സംസാരത്തിനിടയിലാണ് മി.പെരേര അതു പറഞ്ഞത്.
‘നല്ല വിശപ്പ്. കാലത്തെ ബ്രേക്ഫാസ്റ്റ് ഞാന്‍ കഴിച്ചില്ല. ഇനി ഫ്ലൈറ്റില്‍ കയറിയല്ലേ വല്ലതും കിട്ടൂ. .’
‘ഏയ്.. ഉച്ചക്ക് ബുഫെ ലഞ്ചില്ലെ..’
‘ഉവ്വോ ?’
‘ അപ്പോ മി.പെരേര കൂപ്പണ്‍ വാങ്ങിയില്ലെ ? ‘
‘എന്ത് കൂപ്പണ്‍ ? ‘
‘ബുഫെ ലഞ്ചിനുള്ള കൂപ്പണ്‍ ?’
‘ഓഹ്. അത് ഫുഡ് കൂപണായിരുന്നോ. ഞാന്‍ വേറെന്തോ കരുതി അത് വേസ്റ്റ് ബാസ്കറ്റില്‍ ഇട്ടു. .. ഇനി ചെന്നാല്‍ വേറെ കിട്ടുമോ ? ’
പെരേരയുടെ കുടപോലെയുള്ള വയറിലേക്ക് നോക്കി കൌണ്ടറിലിരുന്ന സിലോണിപ്പെണ്ണ് ഒരു ചെറുചിരിയോടെ മറ്റൊരു കൂപ്പണ്‍ കൂടി തന്നു.
ഇനി ഒരു കാത്തിരിപ്പാണ്. ഇതിനിടയില്‍, മി. പെരേര ഫ്രീ ആയി മസ്സാജ് ചെയ്യുന്ന സ്ഥലത്തെ പറ്റി അന്വേഷിച്ച് വന്നു. പെട്ടിയും പ്രമാണവുമെടുത്ത് അവിടേക്ക്... അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായത്. ഒരു കയ്യും കാലും ഒരുമിച്ച് മസ്സാജ് ചെയ്താല്‍ ഒരു കയ്യോ കാലോ ഫ്രീ ആയി മസ്സാജ് ചെയ്തു തരും. ഒരു കൈ മസ്സാജ് ചെയ്യാന്‍ 25 ഡോളര്‍. ഒരു ഗോള്‍ഡ് സ്കീം ഫുള്‍ ബോഡി മസ്സാജ് ചെയ്താല്‍ ഒരു സാധാ ബോഡി മസ്സാജ് ഫ്രീ. (സാധാ ബോഡി മസ്സാജ് ചെയ്യാന്‍ ഓരോരുത്തരും മറ്റു യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുമോ ? ). കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കി ഒരു ബ്രോഷറും വാങ്ങി തിരിച്ച് ട്രാന്‍സിറ്റ് ലോഞ്ചിലേക്ക്.
ഒരു കാന്‍ ബീയറും കഴിച്ച് പതിനൊന്നര വരെ കാത്തിരുന്നു. പതിനൊന്നരയ്ക്കാണ് ബുഫെ ലഞ്ച്. കൃത്യ സമയത്ത് തന്നെ റെസ്റ്റോറന്‍ഡ് തുറന്നു. കൌണ്ടറില്‍ ടോക്കണ്‍ കൊടുത്തു. എല്ലാ സാധനങ്ങളും നിരത്തി വെച്ചിട്ടുണ്ട്. പക്ഷേ പ്ലേറ്റ് മാത്രമില്ല. പിന്നെയാണ് മനസ്സിലായത് ബുഫെ എന്നാല്‍ ഫുഡ് കൌണ്ടറിലെ ഒരുത്തന് ഒരു തവണ വിളമ്പിത്തരുന്നത് കഴിക്കുകമാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്ന്. വിശപ്പുള്ളതുകൊണ്ടാവാം പരിപ്പുകറിയ്ക്കും ബീന്‍സ് പുഴുങ്ങിയതിനും നല്ല ടേസ്റ്റ്. ഇതിനു ബുഫെയെന്ന് ഫുഡ് കൂപ്പണില്‍ എഴുതിയവനെ കണ്ടാല്‍ തൃശ്ശൂര്‍ പാലക്കാട് റോഡിലൂടെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി വിടണമെന്ന് തോന്നി.
പിന്നെ തിരിച്ച് ലോഞ്ചില്‍.
കുറച്ച് കഴിഞ്ഞപ്പോഴാണ് കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയറിന്റെ മറ്റൊരു ഫ്ലൈറ്റ് റെഡിയായെന്ന അറിയിപ്പ് വന്നത്. കുറച്ചകലെയാണ് അതിന്റെ ബോര്‍ഡിങ് കൌണ്ടര്‍. അതിനടുത്തു തന്നെയാണ് ടോയ് ലറ്റും.
കാത്തിരിപ്പിനിടയില്‍ മി.പെരേര ഒന്നു രണ്ടു വട്ടം ടോയ് ലറ്റില്‍ പോയി വരാമെന്ന് പറഞ്ഞ് പോകുന്നത് കണ്ടു. കാലത്തെ ഭക്ഷണം പിടിക്കാഞ്ഞിട്ടാവും.
എന്റെ കണ്ണുകളില്‍ ഉറക്കം തളം കെട്ടി നിന്നു. പാതി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോഴും മി.പെരേരയെ കാണുന്നില്ല. ബാഗേജ് എന്റെ അടുത്ത് വെച്ച് പുള്ളി വീണ്ടും ടോയ് ലറ്റില്‍.
കുവൈറ്റ് ഫ്ലൈറ്റിലേക്കുള്ള ബോര്‍ഡിങ് കൌണ്ടര്‍ തുറന്നു ബോര്‍ഡിങ് പാസ് നോക്കി യാത്രക്കാരെ അകത്താക്കി തുടങ്ങി. മി. പെരേര ഇനിയും വന്നിട്ടില്ല.
അങ്ങേരിനി ടോയ് ലറ്റില്‍ സ്ഥിരതാമസമാക്കിയോ. അതോ വേറെ എന്തെങ്കിലും .. മനുഷ്യന്റെ കാര്യമല്ലേ..
എനിക്ക് ഇരുപ്പുറച്ചില്ല.
മെല്ലെ ബാഗേജുകള്‍ എടുത്ത് ടോയ് ലറ്റിന്റെ അടുത്തേക്ക് നടന്നു.
അകലേ നിന്നേ കണ്ടു .. മി. പെരേര അവിടെ മെല്ലെ ഉലാത്തുകയാണ്. കൈകള്‍ പിന്നില്‍ കെട്ടി..
ആശ്വാസം.
‘ഹായ്.. എന്തുപറ്റി .. ?’
എന്നെ കണ്ടപ്പോള്‍ മി. പെരേര ഒരു നിമിഷം നിന്നു. പിന്നെ ചെറിയ വിഷമത്തോടെ പറഞ്ഞു.
‘കൊച്ചി ഫ്ലൈറ്റ് പോകാറായി..’
ങേ.. ഇയാളിനി കൊച്ചിക്ക് തിരിച്ച് പോകാനാവുമോ . എനിക്ക് സംശയമായി..
പാവം..നാട്ടില്‍ നിന്നും പോന്നതിന്റെ വിഷമമാവും.
അപ്പോഴാണത് ശ്രദ്ധിച്ചത്..
തൊട്ടടുത്ത് ഗ്ലാസ്സിനപ്പുറത്ത് കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ ലോഞ്ചില്‍ നല്ല തിരക്ക്.
മലയാളിയെന്നല്ല ഒരു ഇന്ത്യക്കാരന് പോലും ആ കൂട്ടത്തിലില്ലായിരുന്നു. എല്ലാം അത്യാവശ്യത്തിനും അതില്‍ കുറവും മാത്രം വസ്ത്രങ്ങള്‍ കൈമുതലായുള്ള മദാമ്മമാരും അവരുടെ ബാഗേജ് താങ്ങി നില്ക്കുന്ന ചില സായിപ്പന്മാരും മാത്രം.
(തുടരും )
* peacock - മുടി കറുപ്പിക്കാനുള്ള പൊടി.
Thursday, October 04, 2007
Subscribe to:
Post Comments (Atom)
19 comments:
ഒരു യാത്രാനുഭവം പങ്കുവെക്കുന്നു. എഴുതി വന്നപ്പോള്‍ അല്പം നീണ്ടു പോയി. അതുകൊണ്ടു മാത്രം രണ്ടു ഭാഗമായി പോസ്റ്റ് ചെയ്യുന്നു. യാത്രാവിവരണമെന്ന പരിപാടി നമുക്ക് പറ്റിയപണിയല്ലെന്നത് ഇപ്പോഴാണ് മനസ്സിലായത് .
നല്ല അടച്ചൊറപ്പുള്ള പൊതി. 50 മാക്രോണിന്റെ പൊതി എന്റെ വില്കിന്സണ് ബ്ലേഡിനു മുന്നില്‍ തലകുത്തി.
ee sentensinu ente vaka special "pothikkaatha thenga"
good post
ചാത്തനേറ്: ഇതെന്താ സസ്പെന്സാക്കിയോ :(
“തൃശ്ശൂര്‍ പാലക്കാട് റോഡിലൂടെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ” അങ്ങനെ ചെയ്യരുത്. വെറും യാത്രക്കാരനായി കയറ്റി വിട്ടാല്‍മതി. കണ്ടക്ടര്‍ സീറ്റിലിരിക്കാറില്ലാലൊ. യാത്ര ശരിക്കും ആസ്വദിക്കാന്‍ പറ്റീന്നു വരില്ല.
തുടക്കം ഗംഭീരം കഥ അപ്പോള്‍ ദഹനം തന്നെ തീം :)
മേനോന് ചേട്ടാ...
രസകരമായ വര്‍ണ്ണന തന്നെ...
ബാക്കി കൂടി എഴുതൂ...
:)
ha ha ha haha... അപ്പോ കൊച്ചി ഫ്ലൈറ്റ് പോയി കഴിയുമ്പോ പെരേരയുറ്റെ സൂക്കേട് നില്ക്കും അല്ലേ? ഹി ഹി ഹി ഹി.........
ഈ പോസ്റ്റും, തുടര്‍ന്നു വരാനിരിക്കുന്ന പോസ്റ്റുകളും ഇന്ത്യക്കു വെളിയിലുള്ള ആകെ മൊത്തം ടോട്ടലായിട്ടുള്ള എല്ലാ മലയാളികള്‍ക്കും (കണ്ണട തലയില്‍ വെച്ചവര്‍ക്കും, മൂക്കിനറ്റത്ത് വെച്ച് കണ്ണു പുറത്തേക്കിട്ട് പേടിപ്പിക്കുന്നവര്‍ക്കും, കണ്ണട നേരെ ചൊവ്വേ വെച്ചവര്‍ക്കും, ലെന്‍സ് കണ്ണില്‍ പിടിപ്പിച്ചവര്ക്കും, ഇതൊന്നും വെക്കാതെ കണ്ണു കാണാതെ നടക്കുന്നവര്‍ക്കും, ഇതൊന്നും വേണ്ടാതെ നടക്കുന്നവര്‍ക്കും) ഡെഡിക്കേറ്റ് ചെയ്യാമോ? എങ്കില്‍ ഞാന്‍ കുട്ടന്മേനോന് ലൈക് ചെയ്യുന്ന സോങ് പ്ലേ ചെയ്യാം.
തുടരട്ടെ ലങ്കാദഹനം....
മേനോന് ചേട്ടാ,
കോള്ളാം കേട്ടോ!!!! ശ്രീലങ്കന്‍ ആതിഥേയരെ ഒരു "പരസ്യം" ആക്കി നമ്മളെ അവരു പറ്റിക്കലേ!!!
രസികന്‍ വിവരണം മേനോന്‍സ്..
ബാക്കി പെട്ടെന്ന് തട്ട്.
interesting.....
koLLam mEnne;
potekkaaTine kaTaththi vettumallO...
:)
upaasana
വിവരണം കൊള്ളാം മേനോനെ :)
ഇപ്പോള്‍ വാലുമ്മേ തീ പിടിച്ചല്ലേ ഉള്ളൂ
ഇനി ചാടി പറന്ന് കത്തിക്കുക.
തുടരൂ....ട്ടോ
മുരളിച്ചേട്ടന് പറഞ്ഞതൊന്നും മനസ്സിലായില്ല. (ഇനി ഇപ്പോ നമുക്കിട്ട് ഒരു താങ്ങ് താങ്ങിയതാവുമോ ? :) )
ഹെഡ്ഡിങ്ങ് കണ്ടപ്പോള്‍ ഞാനോര്‍ത്തു ഇനി ആത്മകഥ എഴുതാന്‍ ആരംഭിച്ചതാവുമോ എന്നു ;) യേത്?
-ഇടിവാള്‍
ഈ പെരേര ചേട്ടന് മദാമ്മമാരെ കാണാനാണോ അവിടെ ഉലാത്തിയത്?
അടുത്ത ഭാഗം പോരട്ടെ
ആദ്യഭാഗം നന്നായിരിക്കുന്നു.
എനിക്ക് ഒരുപ്രാവശ്യം ദുബൈയിലേക്ക് കോണ്ടുവരേണ്ടിയിരുന്നത് കൊപ്രയും ഒരു ഫുള്‍ ചക്കയും ആയിരുന്നു.ഫുള്‍ ചക്കയോട് തല്ക്കാലം നാട്ടില്‍ തന്നെ നില്കാന് പറഞ്ഞ് കൊപ്രയും കൊണ്ട് കടല്‍ കടന്നു.
മേനോന്റെ ലങ്കാ ദഹനവും ദഹനക്കേടും കലക്കി.
ഹ ഹ, പെരേര ഒരു പാരയാവുന്ന ലക്ഷണമുണ്ടല്ലോ മേന്നെ :)
മേന്ന്നേ ... തുടക്കം ഗംഭീരം ... പക്ഷേ ഒരു കാര്യം ഉറപ്പ് ... എയര്‍ ഇന്ത്യയിലെ കഷ്ടപ്പാടൊന്നും ലങ്കയില്‍ അനുഭവിച്ചിട്ടുണ്ടാവില്ല....
http://thrissurviseshangal.blogspot.com/
മേന്നേ ശരിക്കും ആസ്വദിക്കുന്നുണ്ട്, നന്നാവുന്നുണ്ട്, ഗ്യാപ്പ് വേണ്ടാട്ടോ ബാക്കിക്ക്....
Post a Comment