Wednesday, September 26, 2007

കിട്ടുണ്ണിയുടെ സ്വപ്നം.

മഴ മാറി നിന്ന ഒരു സുപ്രഭാതം. ഇന്ന് അതൊരു അപൂര്‍വ്വത തന്നെയാണല്ലോ. ജൂണില്‍ തുടങ്ങിയ മഴ ഇന്നും ശക്തിയായി പെയ്യുന്നു. കാലത്ത് ആറുമണിക്ക് എഴുന്നേറ്റ് ന്യൂസ് പേപ്പറുകാരനെ കാത്ത് കാര്‍പോര്‍ച്ചില്‍ നിന്നു. പേപ്പര്‍ വായിക്കുവാനുള്ള ജിജ്ഞാസയേക്കാള്‍ പേപ്പര്‍ ബോയിയെ ഒന്നു കാണുകയെന്നതായിരുന്നു ലക്ഷ്യം. എന്നും പേപ്പര്‍ കാറിന്റെ വൈപ്പറിന്റെ ഇടയില്‍ നിന്നാണ് എടുക്കുക. പേപ്പറുകാരന്റെ ബുദ്ധി കാറിന്റെ വൈപ്പറില്‍ വെച്ചാല്‍ പറന്നുപോകില്ലെന്നാണെങ്കില്‍ എന്റെ പ്രശ്നം എത്ര തവണ വൈപ്പര്‍ ശരിയാക്കിയിട്ടും ശരിയാവാത്തതെന്തേ എന്നായിരുന്നു. അതുകൊണ്ട് ഇന്ന് എന്തായാലും പേപ്പറുകാരനെ കയ്യോടെ പിടിച്ച് പേപ്പറിടുന്ന സ്ഥാനം മാറ്റണമെന്ന് കരുതി കാറിന്റെ അടുത്തു തന്നെ ചെന്നു നിന്നു. പേപ്പറുകാരന്‍ മണികിലുക്കി കൃത്യസമയത്തു തന്നെ സൈക്കിളില്‍ പാഞ്ഞു വന്നു. ഇരുട്ടു വിട്ടുമാറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിലേക്ക് ഞാന്‍ മെല്ലെ നടന്നു ചെന്നു. എന്നെ കണ്ടതുകൊണ്ടോ എന്തോ (ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്) അവന്‍ പേപ്പറിടാതെ തന്നെ പറ പറന്നു.

ശെ.. ഇന്നും അവന്‍ രക്ഷപ്പെട്ടു എന്ന സങ്കോചത്താല്‍ തിരിച്ചു കയറുമ്പോഴാണ് അത് കണ്ടത്.

കാറിന്റെ വൈപ്പറില്‍ മാതൃഭൂമി സുഖമായി ഇരുന്ന് വിശ്രമിക്കുന്നു.

സമ്മതിച്ചു തന്നിരിക്കുന്നു.
ഇനി ആ പേപ്പറുകാരനെ പകല്‍ വെളിച്ചത്തില്‍ കാണുകയാണെങ്കില്‍ നാസയിലോ വി.എസ്.എസിയിലോ വിവരമറിയിക്കണമെന്ന് മനസില്‍ തീരുമാനിച്ച് ഉമ്മറത്തെ കസേരയിലിരുന്ന് പൊട്ടിപൊളിഞ്ഞ റോഡുകളുടെ മനോഹരമായ കളര്‍ ഫോട്ടോകള്‍ നിരയായി കൊടുത്ത രണ്ടും മൂന്നും പേജുകള്‍ ആശ്വാസത്തോടെ വായിച്ചു. വീടിനു മുന്നിലെ ടാറിട്ട റോഡിലെ അഗാധമായ ഒരു ഗര്‍ത്തം കഴിഞ്ഞ ദിവസം രണ്ടു തമിഴന്മാരെ വിളിച്ച് കാനയിലെ മണ്ണും വീടിന്റെ പിന്നിലെ പൊളിഞ്ഞ ഇഷ്ടിക കഷണങ്ങളും കൊണ്ട് തൂര്‍ത്തത് രൂപ അഞ്ഞൂറെണ്ണിക്കൊടുത്തിട്ടായിരുന്നു. ആ ഗര്‍ത്തത്തില്‍ വീണ് ആരെങ്കിലും മരിച്ചാല്‍ സാക്ഷിയായി, അസുഖം ബാധിച്ച് കിടക്കുന്ന അച്ഛന്‍ കോടതി കയറിയിറങ്ങരുതല്ലോയെന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് നികത്താന്‍ ഞാന്‍ തയ്യാറായതു തന്നെ. അല്ലെങ്കില്‍ തന്നെ നാട്ടിലെ റോഡുകളിലെ കുഴി മൂടാന്‍ ഞാനാര് ? കിട്ടുണ്ണിയോ ?


അതെ, കിട്ടുണ്ണിക്ക് മാത്രമേ നാടിനെ കുറിച്ചും നാടിന്റെ ഭാവിയെ കുറിച്ചും അല്പമെങ്കിലും വേവലാതി കണ്ടിട്ടുള്ളൂ. കിട്ടുണ്ണി എവിടെനിന്നു വന്നു എന്നതിനെക്കുറിച്ചോ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ചോ എനിക്ക് അറിയില്ല. ആര്‍ക്കുമറിയില്ലെന്നു വേണമെങ്കില്‍ പറയാം.


തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയും വെച്ച് കിട്ടുണ്ണി നാടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നടക്കും. ടാറിട്ട റോഡിലാണെങ്കില്‍ അതിന്റെ നടുവിലൂടെയേ നടക്കൂ. കാരണം ചെരിഞ്ഞ പ്രതലത്തിലൂടെ ചലിക്കരുതെന്നാണ് ആര്‍ക്കിമിഡീസ് പറഞ്ഞിട്ടുള്ളതത്രെ. പിന്നില്‍ നിന്നും വരുന്ന വണ്ടി ഹോണടിച്ചാല്‍ കിട്ടുണ്ണി നടുറോഡില്‍ നിന്നും മാറി തരും. വണ്ടി പോയാല്‍ വീണ്ടും നടുറോഡിലേക്ക്. അറിയാവുന്ന ഡ്രൈവര്‍മാര്‍ അകലെ നിന്നേ ഹോണടിക്കും. എങ്കിലും ഇന്നുവരെയ്ക്കും കിട്ടുണ്ണിയെ ഒരു വാഹനവും ഇടിച്ചു തെറിപ്പിച്ചിട്ടില്ല. സ്പീഡില്‍ വരുന്ന ചില വാഹനങ്ങള്‍ കിട്ടുണ്ണിയുടെ മുന്നില്‍ ബ്രേക്കിട്ട് ചാലില്‍ പോകുന്നത് സ്ഥിരമായ ഒരു പ്രതിഭാസമാണ്. ഹോണടിക്കാത്തവരെ കിട്ടുണ്ണിക്ക് ദ്വേഷ്യമാണ്., പുച്ഛമാണ്. അവര്‍ ലോക വാഹന നിയമങ്ങള്‍ അറിയാത്തവരാണെന്നാണ് കിട്ടുണ്ണിയുടെ വാദം.

ലോകത്തെ എന്തിനെ കുറിച്ചും കിട്ടുണ്ണിക്കറിയാം .സ്നേഹമുള്ളവര്‍ കിട്ടുണ്ണിയെന്നും അല്ലാത്തവര്‍ ‘പ്രാന്തന്‍ കിട്ടുണ്ണി’യെന്നും വിളിക്കും. എന്ത് വിളിച്ചാലും കിട്ടുണ്ണി വിളിച്ചവനെ നോക്കി ഒന്നു പല്ലിളിക്കും. അതെന്തിനാണെന്ന് ചോദിച്ചാല്‍ ‘ഇടയ്ക്ക് പല്ലിളിക്കുന്നത് മോണകള്‍ക്ക് നല്ലതാണെന്ന’ തത്വം വിളമ്പും.

അമ്മക്ക് കിട്ടുണ്ണിയെ വലിയ കാര്യമാണ്. വലിയ ബുദ്ധിമാനാണെന്നാണ് അമ്മയുടെ കണ്ടുപിടിത്തം. സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കിട്ടുണ്ണി പറഞ്ഞു

‘ അതൊക്കെ അമേരിക്കന്റെ ഒരു കള്യല്ലേ.. സദ്ദാമിന്റെ ഡ്യൂപ്പിനെയാണവര് കൊന്നത്. ഒറിജിനല്‍ സദ്ദാം ഇപ്പോഴും അമേരിക്കയിലുണ്ട്..’ ഇതൊക്കെ വളരെ വിശദമായി പറഞ്ഞ് അമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തത്രേ.


ചില ദിവസങ്ങളില്‍ അമ്പി സാമിയുടെ പടി കടന്ന് വീടിന്റെ പിന്നിലൂടെ കിട്ടുണ്ണി ഒരു വരവുണ്ട്. എങ്ങനെയാണെന്നറിയില്ല കിട്ടുണ്ണി വരുന്ന ദിവസങ്ങളില്‍ കാലത്ത് വീടിനു പിന്നിലെ വരിക്ക പ്ലാവിലെ ഇടിയന്‍ ചക്ക കൊണ്ട് അമ്മ പുഴുക്കുണ്ടാക്കിയിരിക്കും. ചക്ക പുഴുക്ക് കിട്ടുണ്ണിക്ക് വളരെ ഇഷ്ടമാണെന്ന് അമ്മ പറയാറുണ്ട്. വന്നാല്‍, കയ്യലയുടെ അടുത്ത് കിട്ടുണ്ണി വന്ന് ഇരിക്കും. ആരെയും കണ്ടില്ലെങ്കില്‍ ഒന്ന് കൂവി വിളിക്കും. പിന്നെ, അമ്മ ചൂടുള്ള കഞ്ഞി ഒരു സ്റ്റീല്‍ കിണ്ണത്തിലാക്കി പുഴുക്കും കൂട്ടി കിട്ടുണ്ണിക്ക് കൊടുക്കും. കിട്ടുണ്ണി വളരെ സന്തോഷത്തോടെ കുടിക്കും. കിട്ടുണ്ണി കുടിക്കുന്നത് അമ്മ ഇങ്ങനെ നോക്കി നില്‍ക്കും. ഇതിനിടയിലാണ് കിട്ടുണ്ണി ലോക വിവരങ്ങള്‍ വിളമ്പുന്നത്. ചിക്കുന്‍ ഗുനിയയെ കുറിച്ചും പുതിയ ബസ്റ്റാന്‍ഡിനെ കുറിച്ചുമെല്ലാം വിശദമായി കിട്ടുണ്ണിക്കറിയാം. എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് കൈകഴുകി മെല്ലെ തന്റെ തുണി സഞ്ചിയുമായി കിട്ടുണ്ണി റോഡിലേക്ക് ഇറങ്ങും പോകും.


പത്ര വായന പകുതിയായപ്പോഴാണ് മതിലിനപ്പുറത്ത് ആരോ മൂളുന്ന ശബ്ദം കേട്ടത്. പത്രം മാറ്റി വെച്ച് നോക്കി. ആരെയൂം കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മൂളല്‍. ഇപ്പോള്‍ ശബ്ദത്തിന്റെ ഫ്രീക്വന്‍സി ഒന്നു കൂടിയിട്ടുണ്ട്. ആരെയും കാണുന്നില്ല. പിന്നെ പത്രം മാറ്റി വെച്ച് ഗേറ്റിലേക്ക് നടന്നു. കരിങ്കല്‍ മതിലിനപ്പുറത്തേക്ക് നോക്കി. ആരോ കൂനി ക്കൂടി ഇരിക്കുന്നു. അടുത്ത് ചെന്നു നോക്കി.

കിട്ടുണ്ണി.

ഒരു പപ്പായ തണ്ട് (പപ്പായുടെ ഇലയുടെ തണ്ട്) രണ്ടുഭാഗവും ചെത്തി ഒരു ഭാഗം മതിലിനു ചേര്‍ത്തു വെച്ച് മറുഭാഗത്തുകൂടി കിട്ടുണ്ണി നോക്കുന്നു. കയ്യില്‍ ഒരു ഈര്‍ക്കിലി ഉണ്ട്.
ഒരു നിമിഷം നോക്കി നിന്നു.

കിട്ടുണ്ണി പപ്പായ ത്തണ്ടിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. ചെറുതായി മൂളുന്നുണ്ട്. പിന്നെ ഈര്‍ക്കില്‍ പപ്പായ് തണ്ടിലൂടെ ഇറക്കി വലിക്കുന്നു.

‘ഉം... പോരില്ല ല്ലേ...’
‘ എന്താ കിട്ടുണ്ണ്യേ .. എന്താ നോക്കണേ ? ‘ അപ്പോഴാണ് കിട്ടുണ്ണി എന്നെ കണ്ടത്.
‘പോരിണില്യ ന്നേയ്..’
‘എന്ത് ? ‘
‘റോഡ്...’
‘എന്താ പ്രശ്നം കിട്ടുണ്യേ ..’
‘ദേ ഇതീക്കൂടെ ഒന്ന് നോക്ക്യേ... ന്യൂയോര്‍ക്കിലെ റോഡ് കണ്ടോ. എന്തൊരു ചന്താ കാണാന്‍....ഇപ്പ അബടെ രാത്ര്യാ.. ‘

ദൈവമേ.. പ്രശ്നം ഗുരുതരമാണ്.

‘ ദേ.. ഈ ഈര്‍ക്കിലി ഇട്ട് ഒരു പിടി പിടിച്ചാല്‍ ഇങ്ങട്ട് പോരും.. ‘

അത് ശരി. അപ്പോള്‍ രണ്ടും കല്പിച്ചാ വരവ്.

ഞാന്‍ കിട്ടുണ്ണിയെ ശല്യപ്പെടുത്താതെ മെല്ലെ വീട്ടിലേക്ക് കയറി., പത്തു നാല്പതു കൊല്ലം പഴക്കമുള്ള കരിങ്കല്ലു കൊണ്ടുള്ള മതില്‍ കിട്ടുണ്ണിക്ക് ഇളക്കാനാവില്ലെന്ന സമാധാനത്തോടെ..

പിന്നീട് അമ്മ പറഞ്ഞറിഞ്ഞു കിട്ടുണ്ണിക്ക് നൊസ്സ് ഇപ്പോള്‍ അല്പം കൂടുതലാണ്. ഒരു മാസം മുമ്പും വീടിന്റെ മതിലില്‍ ഒരു ഈര്‍ക്കില്‍ കുത്തിക്കയറ്റി പോയിരുന്നുവത്രെ. അന്ന് പറഞ്ഞത് ‘സെക്രട്ടറിയേറ്റിലേക്ക് ഒരു റോക്കറ്റ് ഈ വഴിക്ക് വിടാന്‍ പറ്റുമോയെന്ന്’ പരീക്ഷിച്ചതാണത്രേ. ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല്‍ കയറുന്നതുകൊണ്ട് കിട്ടുണ്ണി മറ്റൊരു ജോര്‍ജ്ജ് ബുഷാവുമോ എന്ന സംശയം ഈയിടെയായി എന്നില്‍ ബലപ്പെട്ടിട്ടുണ്ട്.

22 comments:

asdfasdf asfdasdf said...

ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരു പോസ്റ്റ്.
‘കിട്ടുണ്ണിയുടെ സ്വപ്നം..’
ബ്ലോഗുണ്ടാക്കിയാല്‍ പോരാ ഇടയ്ക്കിടെ ഓരോന്ന് എഴുതണമെന്നതുകൊണ്ടുമാത്രം ഇടുന്ന പോസ്റ്റ്.

മഴത്തുള്ളി said...

ഠേ........ ഠേ....... ഠേ...........

ഹെയ്, കിട്ടുണ്ണിയെ എറിഞ്ഞതല്ല, ഒരു തേങ്ങ ഉടച്ചതാ ;)

ബാക്കി വായിച്ചിട്ട്. ;)

കുഞ്ഞന്‍ said...

രസകരവും എന്നാല്‍ ചിന്തിക്കാനുതുകുന്നതുമായ പോസ്റ്റ്..!

നല്ല അമ്മ,കാരുണ്യവതി, ആയുസ്സും ആരോഗ്യവും ജഗദീശ്വരന്‍ നല്‍കട്ടേ..

കിട്ടുണ്ണിക്കുവേണ്ടി ഒരു തേങ്ങ എണ്ടെ വക..

Kaithamullu said...

".....ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല്‍ കയറുന്നതുകൊണ്ട് കിട്ടുണ്ണി മറ്റൊരു ജോര്‍ജ്ജ് ബുഷാവുമോ എന്ന സംശയം ഈയിടെയായി എന്നില്‍ ബലപ്പെട്ടിട്ടുണ്ട്."


പിന്നെ ബ്ലോഗുണ്ടാക്കിയാ പോരാ‍ാ....എന്ന തത്വവും!

മേന്‍‌ന്നേ, ഇഷ്ടായി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്“
കണ്ണാടീല്‍ നോക്കാത്തേന്റെ കുറവ് നല്ലോണം കാണാന്നുണ്ട്.

ആ കഥ പേപ്പറുകാരനില്‍ നിന്ന് കിട്ടുണ്ണിയിലെത്തിച്ചത് കൊള്ളാം ട്വിസ്റ്റ്!!!!

ഓടോ:എങ്ങനേലും ആ പേപ്പര്‍ ബോയിയെ പ്പറ്റി രണ്ടക്ഷരം എഴുതണമെന്നുണ്ടായിരുന്നു അല്ലേ ;)

ശ്രീ said...

പാവം കിട്ടുണ്ണി!
:)

മഴത്തുള്ളി said...

മേന്നേ,

കിട്ടുണ്ണിയോടു പറയണേ പാര്‍ലമന്റിലേക്ക് റോക്കറ്റ് വിക്ഷേപിക്കരുതെന്ന് ;)

നാട്ടിലെ വിശേഷങ്ങള്‍ രസകരമായിരിക്കുന്നു. :)

sandoz said...

കിട്ടുണ്ണിമേനോനേ....സോറി..
കുട്ടന്‍ മേനോനേ....

കിട്ടുണ്ണിയെ ഭ്രാന്തനെന്ന് വിളിച്ചാല്‍ പിന്നെ നമുക്കൊക്കെയെന്താ....
ശ്ശെ...നമ്മള്‍ നമ്മുടെ കാര്യം പറഞ്ഞാല്‍ പോരേ...
പിന്നെ എനിക്കൊക്കെയെന്താ....

സെക്രട്ടറിയേറ്റിലേക്ക്‌ ഒരു റോക്കറ്റ്‌ വിടണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയോമില്ലാ..വിടേണ്ടത്‌ തന്നെയാണു
ഒരു ചെറുവാണമെങ്കിലും അങ്ങോട്ട്‌ കത്തിച്ച്‌ വിടണം എന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങീട്ട്‌ നാളു ഇശ്ശിയായി...

മനോജ് കുമാർ വട്ടക്കാട്ട് said...

മേന്നേ, കിട്ടുണ്ണിയെ ഇഷ്ടപ്പെട്ടു.

(ഇനിയിപ്പോ സാന്‍‌റ്റോസാണോ കിട്ടുണ്ണി?:)

കുറുമാന്‍ said...

കിട്ടുണ്ണി ചരിതം കൊള്ളാം മേന്നെ...എന്നാലും മാതൃഭൂമി വൈപ്പറിന്റെ ഇടയില്‍ തിരുകിയതാരാ?

അനിലൻ said...

ഋതു മാറും പോലെ ഭ്രാന്തു വന്നു പോകുന്ന ബാലസ്സാമിയെ ഓര്‍മ്മ വന്നു.
എഴുതിനോക്കണമെന്ന് കുറേക്കാലമായി ആലോചിക്കുന്നു.

നല്ല കുറിപ്പ്

മെലോഡിയസ് said...

കിട്ടുണ്ണി ആള്‍ കൊള്ളാം.

അവസാനം കിട്ടുണ്ണി പറഞ്ഞത് കേട്ടപ്പോ കിട്ടുണ്ണിക്ക് ശരിക്കും വട്ടുണ്ടോ എന്ന് ഒരു സംശയം. അവിടേക്ക് ഒരു റോക്കറ്റ് വിട്ടാ പോരാ..രണ്ടോ മൂന്നോ തന്നെ വിടണം..

കിട്ടുണ്ണിയുടെ കഥ ഇഷ്ട്ടായി. കൂട്ടത്തില്‍ കിട്ടുണ്ണിക്ക് വേണ്ടി ചക്കപ്പുഴുക്കും, കഞ്ഞിയും വിളമ്പുന്ന അമ്മയയേയും..

Anonymous said...

പ്രിയ മേനോന്‍ ചേട്ടാ

സദ്ദാനെ അമ്മേരിക്കയ്യില്‍ ഒളിപ്പിച്ചു വച്ചിരിക്കുക ആണെന്നതു ഒരു ന്യായമായ്യ സംശയം അല്ലേ?
സുനാമി അമ്മേരിക്കന്‍ സ്രഷ്ടി പോലെ.

പ്രിയ സാന്‍ഡോസ്

‘സെക്രട്ടറിയേറ്റിലേക്ക്‌ ഒരു റോക്കറ്റ്‌ വിടണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയോമില്ലാ..വിടേണ്ടത്‌ തന്നെയാണു
ഒരു ചെറുവാണമെങ്കിലും അങ്ങോട്ട്‌ കത്തിച്ച്‌ വിടണം എന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങീട്ട്‌ നാളു ഇശ്ശിയായി...‘ - നാളെ ആരെങ്കിലും സെക്രട്ടറിയേറ്റിനു നേരെ ഒരു ഓലപടക്കം എറിഞ്ഞാലും ഇതായിരിക്കും ആദ്യത്തെ തെളിവ്.

വേണു venu said...

പാവം കിട്ടുണ്ണിയുടെ വിവരണവും നാടിന്‍റെ സ്ഥിതിയുമൊക്കെ നന്നായിട്ടുണ്ടു്. മലയാളം പേപ്പറിടുന്നതിനോടൊപ്പം ഒരു ഇംഗ്ലീഷു് പത്രം കൂടി ഇടണമെന്നു പറയാന്‍‍, എന്‍റെ അവധി തീരുന്നതുവരേയും പേപ്പറുകാരനെ പിടിക്കാന്‍‍ ഞാന്‍ രാവിലെ കാത്തിരിക്കുന്നതോര്ത്തു പോയി.:)

Sethunath UN said...

ന‌ന്നായി മേനോനെ
ന‌‌ല്ല എഴുത്ത്. :)

Rasheed Chalil said...

മേനോന്‍ ജീ നല്ല കുറിപ്പ്... കിട്ടുണ്ണിമാര്‍ എല്ലാ നാട്ടിലും കാണും...

സജീവ് കടവനാട് said...

തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയും വെച്ച് കിട്ടുണ്ണി നാടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നടക്കും.'
ഞങ്ങടെ നാട്ടിലും ഇതുപോലൊരാള്‍ ഉണ്ട്. പക്ഷേ നീല ടവലില്ല. ജഢ പിടിച്ച താടിയും. നടത്തം തന്നെ നടത്തം. ഗുരുവായൂരും പട്ടാമ്പിയിലും കുറ്റിപ്പുറത്തുമൊക്കെ വച്ച് കണ്ടിട്ടുണ്ടെന്ന് ചിലരു പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യം കരുതി കക്ഷി അതു തന്നെയാണെന്ന്.

വിവരണം നന്നായി.

സാജന്‍| SAJAN said...

മേനോനെ, നല്ല ബ്രില്യന്റ് ഭ്രാന്തന്‍!ഞങ്ങളുടെ നാട്ടിലും ഉണ്ട്/ഉണ്ടായിരുന്നു ഇതു പോലൊരാള്‍ ഹോബി കാല്‍‌സി നന്നാക്കല്‍, എക്സ്പ്രെസ്സോ ഹിന്ദുവോ മാത്രമേ വായിക്കൂ, ഇപ്പൊ ഉണ്ടോ എന്നറിയില്ല അദ്ദേഹത്തെ ഓര്‍മ വന്നു ഇത് വായിച്ചപ്പോള്‍:)

P Das said...

പാ‍വം കിട്ടുണ്ണി.. അതൊ ഭാഗ്യവാനോ?

Murali K Menon said...

കിട്ടുണ്ണിയിലൂടെ സമകാലീന സംഭവങ്ങളിലേക്കെത്തി നോക്കിയ ഈ കഥ നന്നായിരുന്നു കുട്ടാ....

G.MANU said...

Kittunni episode touched!

asdfasdf asfdasdf said...

ഇവിടെ തേങ്ങയടിച്ചവര്‍ക്കെല്ലാം നന്ദി.
കുറുമാനെ, പേപ്പര്‍ബോയി കൃത്യമായി വൈപ്പറില്‍ എറിഞ്ഞു വീഴ്ത്തുന്നതാണ്.അല്ലാതെ തിരികി വെക്കുന്നതല്ല. ചെറിയ ഇരുട്ട് കാരണം പറന്നുവരുന്നത് കാണാതിരുന്നതാണ് :)
നാട്ടിലെ റോഡുകളുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇന്നലെ അഞ്ചു പിഞ്ചു കുഞ്ഞുങ്ങളാണ് റോഡിലെ ഗട്ടറില്‍ വീണ്ട് അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ പാലക്കാട് റോഡില്‍ ടാറ് ഉള്ള സ്ഥലം തെരെഞ്ഞു പിടിക്കേണ്ട അവസ്ഥയാണ്.