Saturday, June 16, 2007

ഇഞ്ചപ്പുര

മലകളായ മലകളൊക്കെ പീസ് പീസാക്കി നെല്‍പ്പാടങ്ങളെല്ലാം കുത്തി നിറക്കുന്നതിനുമുമ്പ് , 'നിറപറ'യും 'ഈസ്റ്റേണും ' കളത്തിലിറങ്ങുന്നതിനും മുമ്പ് ഗ്രാമങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇഞ്ചപ്പുരകള്‍ അഥവാ നെല്ലുകുത്തുമില്ലുകള്‍ .

തത്രത്തിലെ കുഞ്ഞുവറുദേട്ടനു തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് മനപ്പടിക്കലെ ഇഞ്ചപ്പുര. നാനൂറടി sq.ft -ല്‍ ശുദ്ധവായുവും വെളിച്ചവും കിട്ടാനായി വശങ്ങളില്‍ സാമാന്യം നല്ല വലിപ്പത്തിലുള്ള എയര്‍ ഹോളുകളാല്‍ സമൃദ്ധമാണ് ഇഞ്ചപ്പുര . കയ്യിലിരുപ്പു നന്നാതായതുകൊണ്ട് റൂഫിലെ ഓടുകള്‍ മാറ്റാനുള്ള ശ്രമം കുഞ്ഞുവറുദേട്ടന്‍ പണ്ടെ ഉപേക്ഷിച്ചതുകൊണ്ട് റൂഫില്‍ നിന്നും കാര്യമായ വെളിച്ചവും വായുവും ( ജല വൃഷ്ടിയും) സമ്രദ്ധിയായി കിട്ടും. ചരിത്രത്തിന്റെ നാഴികക്കല്ലുകളായി നില നില്‍ക്കുന്ന നെല്ലുകുത്തുന്ന രണ്ട് മെഷീനുകളാണ് ഇഞ്ചപ്പുരയിലുള്ളത് . ഒരു മൂലയ്ക്കായി ചെറിയ ഒരു ആപ്പിസ് മുറി.പ്രധാനമായും കുഞ്ഞുവറുദേട്ടനു നടുവു നിവര്‍ത്താനുള്ള ഒരു സെറ്റപ്പ് മാത്രമാണ് ആപ്പീസ് മുറി . കാലത്തു എട്ടുമണിക്കുതുറക്കുന്ന മില്ല് ഇരുട്ടാവുമ്പോള്‍ മാത്രമണ് അടയ്ക്കുന്നത് .

കുഞ്ഞുവറുദേട്ടനു രണ്ട് അരുമസന്താനങ്ങളാണ്. ലാസറും ലൂവീസും. മൂത്തവന്‍ ലാസര്‍. അഞ്ചാം ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള വൈക്ലബ്യം മാറ്റാന്‍ നാലുവര്‍ഷമെടുത്തപ്പോള്‍ കുഞ്ഞുവറുദേട്ടാന്‍ തന്റെ ശിഷ്യനാക്കി ലാസറിനെ മില്ലിലിരുത്തി . അതിനു ശേഷമാണ് ഉച്ചക്ക് 12 മണിയോടെ വാസുവിന്റെ ഷാപ്പിലേക്കുള്ള യാത്ര മനസ്സമാധാനമായി കുഞ്ഞുവറുദേട്ടന്‍ തുടങ്ങിയത് .

മൂന്നുമണിയാവുമ്പോഴേക്കും തിരിച്ചെത്തും. ആ സമയത്ത് പണി അല്പം കുറവാണ്. പക്ഷേ, കുറച്ചു നാളു കഴിഞ്ഞപ്പോഴാണ് കളക്ഷനില്‍ കാര്യമായ കുറവ് കുഞ്ഞുവറ്ദേട്ടന്‍ കണ്ടുപിടിച്ചത് . ലാസര്‍ ഗണിതശാസ്ത്രത്തില്‍ ‍ കേമനെന്ന് കുഞ്ഞുവറുദേട്ടന്‍ അന്ന് മനസ്സിലാക്കി. എന്തായാലും ലാസറിനെ ഉയിര്‍പ്പിക്കാ‍നുള്ള ശ്രമങ്ങള്‍ക്കായി കുഞ്ഞുവറുദേട്ടന്റെ തലപുകഞ്ഞു . സ്ഥിരം വരുന്ന ചില കസ്റ്റമേഴ്സിനെയാണ് കുറച്ചുകാലമായി കാണാത്തതെന്ന് കുഞ്ഞുവറുദേട്ടന്‍ ചികഞ്ഞെടുത്തു. കണ്ടാറുവിന്റെ മകള്‍ ശാന്ത , ധിക്കാരി അപ്പുട്ടന്റെ ഭാര്യ അമ്മിണി, കേശവന്‍ അന്തപ്പന്റെ പെങ്ങള്‍ ഏല്യാമ്മ എന്നീ ലലനാമണികളാണ് നഷ്ടപ്പെട്ട കസ്റ്റമേഴ്സെന്നും മനസ്സിലായി .

ഇവരൊക്കെ ഇപ്പോ എവിടെ പോയി ?

അതോ ലാസറ് വല്ല കുത്തിത്തിരിപ്പും ഉണ്ടാക്കിയോ ?

ഒരു മാസത്തെ ശ്രമഫലമായി കുഞ്ഞുവറുദേട്ടനു കാര്യങ്ങള്‍ ഒരു വിധം ക്ലിയറായി. ഒരു കസ്റ്റമറും തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും തന്റെ ഉച്ചക്കുള്ള ഷാപ്പുസന്ദര്‍ശന സമയത്ത് അമ്മിണിയും ഏല്യാമ്മയും ശാന്തയുമെല്ലാം കൃത്യം കൃത്യമായി ഇഞ്ചപ്പുരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ബാര്‍ട്ടര്‍ സമ്പ്രദായത്തിലധിഷ്ഠിതമായ സേവനമാണ് ലാസറ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മനസ്സിലാക്കി. ഈ പോക്ക് പോയാല്‍ തന്റെ ഇഞ്ചപ്പുര ദൌത്യസംഘം കയറിയ മൂന്നാറുപോലെയാകാന് ‍ വലിയ സമയമെടുക്കില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുവര്‍ദേട്ടന്‍ ലാസറിനെ ഉടലോലെ കോയമ്പത്തൂരില് ‍ വെറ്റിലക്കച്ചവടം നടത്തുന്ന അനിയന്‍ പ്രാഞ്ചിയുടെ അടുത്തേക്ക് പാക്ക് ചെയ്തു.

ദിവസങ്ങളങ്ങനെ തള്ളി നീക്കുമ്പോഴാണ് രണ്ടാമന്‍ ലൂവീസ് പള്ളിയിലെ വെടിക്കെട്ടുപുരയില്‍ നിന്നും വെടിമരുന്നെടുത്ത് പള്ളിസെമിത്തേരിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനകം ആനട്ടി കൊച്ചുതോമയുടെ മാര്‍ബിളില്‍ കൊത്തിയ ശവകുടീരം അമേരിക്കക്കാര്‍ കയറിയ ഇറാക്കു പോലെ ആയിരുന്നു, ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ ലൂവീസിന്റെ ദേഹത്തും. പള്ളി ആശുപത്രിയില്‍ ലൂവീസിന്റെ ഒടിയാത്ത എല്ലുകളുടെ എണ്ണമെടുക്കുമ്പോള്‍ ആദ്യമെത്തിയതും, ഒരാഴ്ചമുമ്പ് പൊട്ടാസ്യം നൈട്രേറ്റിന്റെ ഗുണഗണങ്ങള്‍ ഘോരഘോരം ലൂവീസിനെ പഠിപ്പിച്ച ഔസേപ്പുണ്ണി മാഷായിരുന്നു. എല്ലാം ഔസേപ്പുണ്യാളനില്‍ ഏല്‍പ്പിച്ച് ഔസേപ്പുണ്ണിമാഷ് ആശുപത്രിവിടുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു.. മേലില്‍ പൊട്ടാസ്യം നൈട്രേറ്റിനെക്കുറിച്ച് ഇത്രയും വിശദമായി ക്ലാസെടുക്കില്ലെന്ന്. അതിനും മുമ്പെ പ്രധാനാദ്ധ്യാപകനായ കൃഷ്ണനുണ്ണി മാഷ് , ലൂവീസ് ഇവിടെയൊന്നും പഠിക്കേണ്ടവനല്ലെന്ന സര്‍ട്ടിഫിക്കറ്റു പ്യൂണ്‍ പ്രതാപന്‍ വശം കുഞ്ഞുവര്‍ദേട്ടന്റെ വീട്ടിലേക്ക് കൊടുത്തു വിട്ടിരുന്നു.

രാമന്‍ വൈദ്യരുടെ ഒരു മാസത്തെ അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് ലൂവീസ് നിവര്‍ന്നു നില്‍ക്കാന്‍ പഠിച്ചു. മെല്ലെ മെല്ലെ കുഞ്ഞുവര്‍ദേട്ടന്‍ ലൂവിസിന്റെ മില്ലിന്റെ രക്ഷാധികാരിയാക്കി. ഇഞ്ചത്തിലെ ലൂവീസ് എന്ന നാമവും പേറി മനപ്പടിക്കലെ ഇഞ്ചപ്പുരയില്‍ ലൂവീസ് വാണു. പ്രായാധിക്യത്താല്‍ കുഞ്ഞുവര്‍ദേട്ടന്‍ മെല്ലെ മെല്ലെ വീട്ടിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.

കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ലാസറിനെ കുരുക്കിയ ദൌത്യസംഘം ലൂവീസിലും മെല്ലെ മെല്ലെ പിടിമുറുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടുമുതല്‍ മൂന്നു വരെയുള്ള വിശ്രമവേള ആനന്ദകരമായിത്തുടങ്ങാന്‍ ലൂവീസിനു അധികം സമയമെടുത്തില്ല. ജനശ്രദ്ധ മെല്ലെ മെല്ലെ ഇഞ്ചത്തിലെ ലൂവീസിലേക്ക് വീണ്ടും തിരിഞ്ഞു തുടങ്ങിയത് ലൂവീസ് അറിയാതെ പോയി.


* * *

പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ ബോമ്പെക്ക് പോയത് നാട്ടില്‍ കഴിഞ്ഞുകൂടാനുള്ള വകയില്ലാഞ്ഞിട്ടൊന്നുമല്ല. ഒരു പന്തിയില്‍ രണ്ടു വിളമ്പു വേണ്ട എന്ന മാര്‍ക്സിയന്‍ തത്വചിന്ത മുറുകെ പിടിക്കുന്ന പൈലപ്പേട്ടന്‍ രാത്രിക്കുരാത്രി ബോംബെക്ക് കയറ്റി വിട്ടതായിരുന്നു. പൈലപ്പേട്ടന്റെ സ്വന്തം പുസ്തകക്കടയില്‍ വെച്ച് മനോരമ വാരിക ചോദിച്ച നാടക നടി പണ്ടാറക്കാട് ശാന്തമ്മക്ക് പൈലപ്പേട്ടന്‍ സെക്യൂരിറ്റിലോക്കിട്ട് പൂട്ടിവെച്ച ചൂടന്‍ പുസ്തകങ്ങളിലൊന്നു ആന്റപ്പന്‍ ഗിഫ്റ്റായി നല്‍കിയെന്ന ഒരു നിസാര കാരണമായിരുന്നു അതിനു പിന്നില്‍.

മഹത്തായ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പള്ളിപ്പെരുന്നാളിന്റെ സന്ദര്‍ഭത്തിലാണ് ആന്റപ്പന്‍ പിന്നീട് നാട്ടിലെത്തുന്നത്. മെയ്ഡ് ഇന്‍ ഉല്ലാസ് നഗര്‍ റൈബാന്‍ കൂളിംഗ്ലാസും വെട്ടിരുമ്പ് ജീന്‍സുമിട്ട് ആന്റപ്പന്‍ നാട്ടില്‍ ചെത്തിനടന്നു. ഇതിനിടയില്‍ ചില കാരുണ്യപ്രവര്‍ത്തികളില്‍ പങ്കാളിയാവുകയും തന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തുകയും ചെയ്തുപോന്നു. ആന്റപ്പന്റെ ചെത്തില്‍ പങ്കാളികളായി ചിലര്‍ ഇതിനകം ആന്റപ്പന്‍ ഫാന്‍സ് അസോസിയേഷനില്‍ സ്ഥിരാംഗത്വം നേടിയിരുന്നു.

ഒരു ശനിയാഴ്ച കാലത്തായിരുന്നു ഇഞ്ചത്തിലെ ലൂവീസിന്റെ പ്രശ്നം ഫാന്‍സ് അസോസിയേഷന്‍ മെംബേഴ്സ് ആന്റപ്പനെ അറിയിക്കുന്നത്. ഈ സാമൂഹ്യപ്രശ്നത്തെ ഉന്മൂലനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് ഏവരും ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ ‘ഓപ്പറേഷന്‍ ഇഞ്ചപ്പുര‘ നിശ്ചയിച്ചു.

അന്ന് ഉച്ചക്ക് ലൂവീസ് മെഷീനുകള്‍ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആന്റപ്പന്‍ സംഘാംഗങ്ങളുമായി അവിടെ കയറി വന്നത്. വന്ന പാടെ വളരെ മാന്യതയോടെ ചോദ്യോത്തര വേള ആരംഭിച്ചു.

‘ലൂവീസേട്ടാ.. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..? ‘

‘എന്താ എല്ലാവരും കൂടി..? ‘

‘ഏയ്.. ഒന്നുമില്ല. വെറുതെ...’ സംഘാഗങ്ങള്‍ അക്ഷമരായി ഇഞ്ചപ്പുരയുടെ വാതില്‍ പടിയില്‍ തന്നെ നിന്നു.

‘ലൂവീസേട്ടാ.. ഞങ്ങള് പുറത്ത് നിന്നും പലതും കേള്‍ക്കുന്നു..’

‘എന്തൂട്ടാണ്ടാ ..’

‘ഇവിടെ ലൂവീസേട്ടന്‍ പല വൃത്തികേടുകളും നടത്തുന്നുവെന്ന് കേട്ടു..’

‘വൃത്തികേടാ.. ന്തൂട്ടാ നീ പറേണേ ആന്റപ്പാ..’

‘ലൂവീസേട്ടാ. ഞങ്ങള്‍ക്ക് ഇബടെ ഒന്ന് പരിശോധിക്കണം. ഇതിന്റെ അകത്ത് ..’ ആന്റപ്പന്റെ ശബ്ദത്തിന്റെ ഡെസിബല്‍ കുറച്ച് കൂടി. ലൂവീസിനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാന്‍ വലിയ താമസമെടുത്തില്ല.

‘ശരി.. ആന്റപ്പാ.. എല്ലാവരേയും കേറ്റി പരിശോധിപ്പിക്കാന്‍ പറ്റില്ല. വേണങ്കി നീ ഒറ്റക്ക് കേറി അന്വേഷിച്ചോ..’

ആന്റപ്പന്റെ സംഘത്തെ മുഴുവന്‍ ഒന്നു നോക്കി.

‘ശരി.. ആന്റപ്പേട്ടന്‍ മാത്രം പോയി നോക്ക്യാ മതി. ..’ എല്ലാവര്‍ക്കും ഒറ്റ സ്വരമായിരുന്നു.

ആന്റപ്പന്‍ അകത്തു പോയി .

പിന്നെ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.

‘ശരി.. ശരി.. ഇവിടെ ഒക്കെ ക്ലിയറാണ്.. നമുക്ക് പോകാം...’ ആന്റപ്പന്‍ തന്റെ സംഘത്തോടൊപ്പം നിഷ്ക്രമിച്ചു.

ലൂവീസ് ഒരു കാജാബീഡിക്ക് തീകൊളുത്തി.

പത്തുമിനിട്ടുകഴിഞ്ഞപ്പോള്‍ നീണ്ട ഒരു കോട്ടുവായിട്ടുകൊണ്ട്, കല്യാണം കഴിക്കതെ വീട്ടില്‍ നിന്നിരുന്ന ആന്റപ്പന്റെ ഒരേ ഒരു അമ്മായീ കൊച്ചുത്രേസ്യമ്മായി ഒരു നെല്ലുചാക്കുമായി ഇറങ്ങിപ്പോകുന്നത് ഫാന്‍സ് അസോസിയേഷനിലെ കുട്ടപ്പന്‍ ദൃക്‌സാക്ഷി ആയതിനു ആന്റപ്പനു ചെലവായത് രണ്ടു ഫുള്‍ബോട്ടിലായിരുന്നു.

21 comments:

asdfasdf asfdasdf said...

പുതിയ പോസ്റ്റ് .. ഇഞ്ചപ്പുര.

Unknown said...

പണ്ടാറക്കാട് ശാന്തമ്മയാണ് താരം. ഹ ഹ ഹ ഹ...

കലക്കി മേനോഞ്ചേട്ടാ. :-)

e-Yogi e-യോഗി said...

ഈ പോക്ക് പോയാല്‍ തന്റെ ഇഞ്ചപ്പുര ദൌത്യസംഘം കയറിയ മൂന്നാറുപോലെയാകാന് ‍ വലിയ സമയമെടുക്കില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുവര്‍ദേട്ടന്‍ ലാസറിനെ ഉടലോലെ കോയമ്പത്തൂരില് ‍...............

ഹ ഹ ഹാ, കലക്കിട്ടോ കുട്ടൂസ്‌

ഇടിവാള്‍ said...

ഹഹ! പൊട്ടാസ്യം നൈടേറ്റു പരീക്ഷണം ഉഗ്രന്‍.

ഈ ആന്‍റ്റപ്പനും, ശാന്തേട്ടത്തീയും ക്കെ, മുന്‍പുള്ളകഥകളില്‍ പാത്രങ്ങള്‍ ആയിരുന്നല്ലോ? അല്ലേ?

Kaithamullu said...

....ദൌത്യസംഘം കയറിയ മൂന്നാറു പോലെ

....അമേരിക്കക്കാര്‍ കയറിയ ഇറാക്കു പോലെ..

മേന്‍‌ന്നേ,

ദേശീയവും അന്തര്‍ദ്ദേശീയവുമായ ഇത്തരം വീക്ഷണകോണുകള്‍ ഈ അനുഭവ വിവരണങ്ങള്‍ക്ക് ഒരു പ്രത്യേക മാനം നല്‍കുന്നുവെന്ന് പറയാതെ വയ്യാ!
(കലക്കീട്ട് ണ്ട് ട്ടോ!)

asdfasdf asfdasdf said...

ആന്റപ്പന്‍ മുമ്പ് ഒരു ഫുള്‍ എപിസോഡില്‍ വന്നുപോയതാണ് ഇടിവാള്‍ ജി.
ഇവിടെ..
http://kuttamenon.blogspot.com/2006/09/blog-post_10.html

Sha : said...

മേനോന്‍ ജീ
കലക്കി........

sreeni sreedharan said...

പാവം ആന്‍റപ്പന്‍ ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചാത്തന്‍ വഹ യു മാത്രമിട്ട് സര്‍ട്ടീറ്റു തരൂലാട്ടോ..(ആര്‍ക്കു വേണം അല്ലേ?)

SUNISH THOMAS said...

മേനോന്‍ ചേട്ടാ കലക്കി :)

ചുള്ളിക്കാലെ ബാബു said...

പാവം ആന്റപ്പന്‍!

സൂര്യോദയം said...

മേന്‍ നേ... തകര്‍പ്പന്‍.... :-)

അശോക് കർത്താ said...

kolalo men ne! dail up ayathukondu save cheythu vayikkanam. ellam vayikkunnuntu.

അശോക് കർത്താ said...
This comment has been removed by the author.
Kalesh Kumar said...

രസകരം മേന്നേ!
സൂപ്പര്‍!

Anonymous said...

കൊള്ളാം. രസികന്‍ വിവരണം.

padmanabhan namboodiri said...

antappane ishtaayi. aantappante appaneyum (srashtaavine) athaayathu meNON ine

padmanabhan namboodiri said...

antappane ishtaayi. aantappante appaneyum (srashtaavine) athaayathu meNON ine

മുസ്തഫ|musthapha said...

ഹഹഹ... ആന്‍റപ്പനെ മാത്രം കേറ്റാന്‍ തീരുമാനിച്ചപ്പഴേ എനിക്ക് കൈമളുടെ മണം കിട്ടി :)

ഇതടിപൊളി... വിവരണം കലക്കി :)

asdfasdf asfdasdf said...

ഇഞ്ചപ്പുര വായിച്ചവര്‍ക്കെല്ലാം നന്ദ്രി.

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം