Monday, November 27, 2006

1952 ഒരു ലവ് സ്റ്റോറി (?) പ്രീഡിഗ്രി വേര്‍ഷന്‍

പ്രേമത്തിന് കണ്ണില്ലെന്ന് മാത്രമല്ല വേറെ പലതും ഇഷ്ടമ്പോലെ കൂട്ടിക്കുഴച്ചു തരാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.

പെണ്‍പടയെ സമീപപ്രദേശങ്ങളിലൊന്നുമടുപ്പിക്കാത്ത കറുത്ത ളോഹയുമിട്ട് തിരിഞ്ഞാല്‍ ചവിട്ട് ചാടിയാല്‍ കുത്തെന്ന പ്രമാണവുമായി നടക്കുന്ന അച്ചന്മാരുടെ സ്കൂളായിരുന്നു ഞങ്ങളുടേത്.

പത്താം ക്ലാസ്സില്‍ കാര്‍ന്നന്മാരുടെ കവിടി നിരത്തിലില്‍ കണ്ട കണക്കിന്റെ മാര്‍ക്ക്, പൊട്ടാത്ത അമിട്ടിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായതുകൊണ്ട് അച്ഛന്റെ സുഹ്രുത്തായ ജോസ് മാഷുടെ ‘ഹൌസ് ഓഫ് നോളെജ്’ എന്ന ലാവിഷായി വിഞ്ജാ‍നമൊഴുക്കുന്ന സമാന്തര വിദ്യഭ്യാസശാലയില്‍ കണക്കിന് സ്പെഷല്‍ ഒരു കോച്ചിങിന് ചേര്‍ത്തു. ക്ലാസ് വിട്ട് നാലുമണിന് മുതല്‍ അഞ്ചുവരെ അവിടെ. സ്പെഷ്യല്‍ കോച്ചിങ് എന്നുപറഞ്ഞ് ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായിരുന്നു. 80 എണ്ണം ഒരു ക്ലാസ്സില്‍. അവിടെയും കാവ്യാ മാധവനെയും മീരാജാസ്മിനെയുമൊക്കെ ഒന്നാം നിലയിലും ഞങ്ങള്‍ പാവം ചില കുഞ്ചാക്കോ ബോബന്മാരെ രണ്ടാം നിലയിലും ഇരുത്തിയായിരുന്നു ക്ലാസ്സുകള്‍. അതുകൊണ്ട് പ്രേമം പോയിട്ട് ഒരു നോട്ടം, വേണ്ട, മനസ്സമാധാനത്തോടെ ഒരു ഏരോ വിടാനുള്ള വെയര്‍ ഹൌസ് പോലും പത്താം തരം വരെ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കോളജില്‍ ചേരുകയാണെങ്കില്‍ കേരള വര്‍മ്മയില്‍ മാത്രമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. അന്ന് ടൌണില്‍ കേരളവര്‍മ്മയെന്ന മഹാപ്രസ്ഥാനം മാത്രമേ എല്ലാ കോഴ്സുകളുമുള്ള മിക്സ് കൊളജുണ്ടായിരുന്നുള്ളൂ.

പത്താം ക്ലാസ്സിലെ റിസള്‍ട്ടറിഞ്ഞപ്പോള്‍ പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ മാത്രമില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കുണ്ടായിരുന്നു. ടൌണിലെ എല്ലാ കോളജിലെയും അപ്ലിക്കേഷന്‍ ഫോം കൊണ്ടുവന്ന് പിതാശ്രീയുടെ തിരുമുമ്പില്‍ ഒപ്പിക്കാനായി സമര്‍പ്പിച്ചു.

എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പിതാശ്രീ അതില്‍ നിന്നും കേരളവര്‍മ്മയുടെ ഫോമെടുത്ത് ചായതിളപ്പിച്ചു. അമ്മയുടെ സാരിത്തുമ്പില്‍ പെറ്റീഷനെഴുതിയിട്ടപ്പോഴാണ് അച്ചന്മാരുടെ കോളേജില്‍ മാത്രമേ എന്നെ ചേര്‍ക്കൂവെന്ന് പിതാശ്രീ ശപഥമെടുത്തകാര്യമറിയുന്നത്.

പിന്നെയുള്ളത് സെന്തോമാസ് . അവിടെ എന്തുവന്നാലും പോവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആണ്‍പടമാത്രം പഠിക്കുന്ന കോളജാണത്. (പിന്നീടാണ് സെന്റ്മേരീസ് അതിന്റെ പിന്നിലാണെന്ന അറിവ് കിട്ടുന്നത്. ). അങ്ങനെ നിരാശനായി നടക്കുന്ന സമയത്താണ് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നത്.

തൃശ്ശൂര്‍ നിന്നും നാലഞ്ചു കി.മീ മാറി അച്ചന്‍മാര്‍ തന്നെ നടത്തുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് മിക്സഡാക്കുന്നു.

പിറ്റേന്ന് കാലത്തു തന്നെ എല്‍ത്തുരുത്ത് ലക്ഷ്യമാക്കി സ്ഥലത്തെ പ്രഥാന ദിവ്യന്‍സ് വച്ചു പിടിച്ചു. ഒളരി മൂലയില്‍ നിന്നും രണ്ടു കിലേമീറ്റര്‍ നടരാജന്‍ സര്‍വ്വീസ് നടത്തിയാലെ ഈ തുരുത്തിലെത്തൂവെന്ന് അന്നാണ് മനസ്സിലായത്. ഏതായാലും മിക്സഡല്ലേയെന്ന ഒരു സമാധാനമുണ്ടായിരുന്നു. പിന്നെ ഒളരിയില്‍ നിന്നും രണ്ടു കിലൊമീറ്റര്‍ അകലെ കേരളവര്‍മ്മയുണ്ടല്ലോയെന്ന പ്രതീക്ഷയും.

അങ്ങനെ പിതാശ്രീയുടെ ശപഥവും എന്റെ ആശയും ഒപ്പം നിറവേറാനായി എല്‍ത്തുരുത്ത് തന്നെ ചേര്‍ന്നു.

ആദ്യദിവസത്തെ ഇന്വെന്ററിയില്‍ തന്നെ ഒന്ന് മനസ്സിലായി.
ഇവിടെ മീരാജാസ്മിനും കാവ്യാമാധവനുമൊന്നുമില്ല. എന്തിന്, കട്ടഞ്ചായയിലിടാനുള്ള പഞ്ചസാരയുടെയത്രയും പോലുമില്ല. ക്ലാസ്സില്‍ മൊത്തം 80 ല്‍ 20 പെണ്പട.
ഇതുകണ്ട് ടെന്‍ഷനടിച്ച ശ്രീവത്സന്‍ ഓരോന്നിനും ‘പുഴുപ്പല്ലി’,‘കോന്ത്രപ്പല്ലി’,‘കട്ടുറുമ്പ്’,‘വട്ടമോറി’, തുടങ്ങീ നാമകരണച്ചടങ്ങിലേക്ക് കടന്നിരുന്നു.
പക്ഷേ, ഓരോ ഇന്റര്‍വെല്ലുകളിലും സീനിയേഴ്സ് കടന്നുവന്ന് ശ്രീവത്സന്റെ പുഴുപ്പല്ലികളെ ‘ബുക്ഡ്’ എന്ന ചാപ്പ കുത്തിപോയപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു ശ്രമം നടത്താമെന്ന ആശയും വെടിയേണ്ടിവന്നു.

അങ്ങനെയാണ് അടുത്ത ക്ലാസ്സുകളിലേക്ക് ചൂണ്ടയുമായി നീങ്ങിയത്.
ചൂണ്ട കയ്യില്‍ തന്നെയിരുന്നു. അവിടെ ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഫയര്‍വാളുകളായിരുന്നു പിടിപ്പിച്ചിരുന്നത്. അടുത്ത ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നിന്നാല്‍ പോലും ബൌണ്‍സ് ചെയ്യുന്ന അവസ്ഥ.

അങ്ങനെ നിരാശയോടെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.

ബസ്റ്റാന്‍ഡിലെ മറ്റു ബസ്സുകള്‍ക്ക് ചില്ലറപ്പൈസ സ്വരൂപിക്കാന്‍ മാത്രമായി എല്‍ത്തുരുത്തിലേക്ക് സര്‍വ്വീസ നടത്തുന്ന ‘ഡിബിന്‍’,‘ചിറമ്മല്‍’ തുടങ്ങിയ ബസുകളുടെ ചില്ലിന്റെ ശക്തി ഞങ്ങളില്‍ ചിലര്‍ പരീക്ഷിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഒളരിമൂല വരെ ഞങ്ങളോടൊപ്പം മറ്റുള്ളവരും നടരാജന്‍ സര്‍വ്വീസില്‍ മെമ്പര്‍ഷിപ്പെടുത്തു.

അങ്ങനെയൊരു ദിവസമാണ് മൂന്നരയുടെ ‘അന്നപൂര്‍ണേശ്വരി‘ പിടിക്കാനുള്ള അഞ്ചലോട്ടത്തിന്റെ സെന്റര്‍പോയിന്റ്റായ അരണാട്ടുകരയിലേക്കുള്ള കിണറിന്റെ സ്റ്റോപ്പില്‍ വെച്ച് അവളെ കണ്ടത്.

പേരിനൊരു പൊട്ടും ആര്‍ക്കോവേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സൊന്നുമില്ലാതെ ഒരു ശാലീന സുന്ദരി. അതും രണ്ടു തോഴിമാരാല്‍ എന്ക്രിപ്റ്റ് ചെയ്തൊരു അന്നനട. ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ തലതിരിഞ്ഞ ആ നോട്ടത്തിലൊന്നു പതറിയതുകൊണ്ടാവണം മൃദുഹൃദയനായ എന്നിലേക്കവള്‍ ഒരു നോട്ടമെറിഞ്ഞത്. അത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനത്തു ചെന്നു തറച്ച് നിലകൊണ്ടു. ‘ഇങ്ങട് നടക്കടാ’ എന്നുള്ള അന്നപൂര്‍ണ്ണേശ്വരിയിലേക്കുള്ള വിളിയാണ് എന്നെ അവളില്‍നിന്നുമൊരു വിടുതലൊരുക്കിയത്.

ആദ്യ ദൃഷ്ടിയില്‍ തന്നെ പ്രണയമെന്നൊക്കെ പറയുന്ന പോലൊരു ഇത്..

കൂടുതലുല്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ മുഴുവന്‍ ഡീറ്റെയിത്സ് കിട്ടിയത്. സയന്‍സ് ഗ്രൂപ്പ് ബി യിലെ മെംബറാണ്. പേര് ‘ശാലിനി’. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നപോലെ അവള്‍ ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന പുതിയ അറിവും.

ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം. മിനിമം ഒരു ‘ഐ ലവ് യു’ വെങ്കിലുമില്ലെങ്കില്‍ എന്ത് പ്രേമമെന്ന ന്യൂട്രലിന്റെ സിദ്ധാന്തമാണെനിക്ക് ഓര്‍മ്മ വന്നത്.

രാത്രി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് ആദ്യത്തെ ലേഖനം എഴുതി.

പിറ്റേന്നുമുതല്‍ അവളുടെ ക്ലാസ്സിന്റെ വരാന്തകളില്‍ മിടിക്കുന്ന ഹൃദയത്തോടെ കറങ്ങി നടന്നു. ഓരോ തവണയും ഓരോരൊ സ്പാംഫില്‍ട്ടറുകള്‍ അടുത്തുണ്ടാവും. അതുകൊണ്ട് ഇന്‍ബോക്സിലേക്കിടാന്‍ വലിയ പാട്.

രണ്ടാഴ്ച കഴിഞ്ഞ് ഒരു സമര ദിവസമാണ് പിന്നീട് എനിക്കവളെ കാണാനായത്. അതും ആളൊഴിഞ്ഞ ലൈബ്രറിയിലേക്കുള്ള വഴിയില്‍. ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ട് കയ്യില്‍. നീലപ്പാവാടയും ഇളം മഞ്ഞ ബ്ലൌസുമാണ് വേഷം.

ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
അകത്ത് തമ്പോറടിക്കുന്ന സ്വരത്തില്‍ ഹൃദയകവാടങ്ങള്‍ തകര്‍ക്കുന്നു. കാലുകളില്‍ ചെറിയ വിറയല്‍.
പോക്കറ്റില്‍ വെച്ച ലേഖനം കാണുന്നില്ല.
പാന്റ്സിന്റെ പോക്കറ്റില്‍ തപ്പുന്നതുകണ്ട് അവള്‍ ഒരു നിമിഷം എന്നെ നോക്കി.
അവള്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയായപ്പോള്‍ ലേഖനം സേര്‍ച്ച് എഞ്ചിനില്‍ സ്റ്റോപ് ബട്ടണമര്‍ത്തി കാണാതെയിരുന്നു പഠിച്ച വാക്കുകള്‍ക്കായി പരതി.
‘ഹ് ഹ് ‘ എന്നുമാത്രമേ വരുന്നുള്ളൂ.
ഈ വെപ്രാളം കണ്ടിട്ടാവണം, അവള്‍ ഒരു നിമിഷം നിന്നു.
പിന്നെ നേരിയൊരു മന്ദസ്മിതം ചൊരിഞ്ഞ് നടന്നകന്നു.
സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.
ഭാഗ്യം.. ആശ്വാസാ‍യി...

ഒരു പക്ഷേ ലേഖനം കൊടുത്താല്‍ കിട്ടുന്ന ഔട്ട്പുട്ട് എങ്ങനെയാണെന്നറിയാത്തതുകൊണ്ട് ഇതൊരു കമ്പൈലിനു മുന്‍പുള്ള ഡീബഗ്ഗായതു നന്നായി.

നീണ്ട ഒരു നെടുവീര്‍പ്പുമിട്ട് കാന്റീനില്‍ ചെന്ന് ശേഖരേട്ടന്റെ കടുപ്പം കൂടിയ കട്ടന്‍ ചായ മൊത്തിക്കുടിക്കുമ്പോഴാണ് ലേഖനം അന്നു കൊണ്ടുവരാന്‍ മറന്ന കാര്യം ഓര്‍മ്മവന്നത്.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.
അതിനിടയ്ക്ക് പലപ്പോഴും ശാലിനിയെ ഒറ്റയ്ക്ക് സമാഗമിക്കാന്‍ പല അവസരങ്ങളും അന്വേഷിച്ചു നടന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ പ്രമാണം. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പഴയ ഒരു മന്ദസ്മിതം മാത്രമായിരുന്നു.

ആ ഒരു മന്ദസ്മിതം മാത്രമായിരുന്നു എന്റെ പ്രതീക്ഷയും.

മധ്യവേനലവധിക്ക് കോളജ് അടച്ചു. ഫസ്റ്റ് ഇയര്‍ എക്സാമിനേഷന്‍ തുടങ്ങി.
എല്ലാവരും പല ക്ലാസ്സുകളിലായാണ് എഴുത്ത്.

ഹാള്‍ ടിക്കറ്റ് കിട്ടി. 1952 എന്ന റോള്‍ നമ്പര്‍, നല്ല ഭാഗ്യമുള്ളതെന്ന് ആദ്യ രണ്ടു പരീക്ഷകള്‍ എളുപ്പമായപ്പോള്‍ ഉറപ്പിച്ചു.

ഓരോ പരീക്ഷയും ഓരോരൊ ക്ലാസ് മുറികളിലായിരുന്നു.

ഫിസിക്സിന്റെ പരീക്ഷയുടെ അന്ന് കാലത്ത് ക്ലാസിലെത്തി. സീറ്റില്‍ വന്നിരുന്നു.
രാത്രി മുഴുവന്‍ കഷ്ടപ്പെട്ട് ഫോര്‍മുലകളെല്ലാം കുനുകുനാ അക്ഷരത്തില്‍ ലോഗരിതം ടേബിളില്‍ കുത്തിക്കുറിച്ചതിന്റെ ലൊക്കേഷനുകള്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

എന്റെ ഇടതുവശത്തെ മൂന്നാമത്തെ വരിയില്‍ അവളിരിക്കുന്നു. ശാലിനി.
വലിയ പഠിപ്പിസ്റ്റാണെന്നു തോന്നുന്നു. നോട്ട് ബുക്കില്‍ പ്രോബ്ലംസെല്ലാം ഇരുന്ന് സോള്‍വ് ചെയ്യുന്നു. ടെക്സ്റ്റ് മറിച്ചു നോക്കുന്നു. അങ്ങനെ ജഗപൊഗ

പതിവിലും നേരത്തെ തന്നെ ഇന്വിജിലേറ്ററായ സ്റ്റീഫന്‍ സാര്‍‍ ക്ലാസ്സിലേക്ക് കടന്നു വന്നു.
സ്റ്റാറ്റിസ്റ്റിക്സ് വിഷയ നിപുണനായ സ്റ്റീഫന്‍ സാര്‍ ഒരു ചൂടനാണെന്ന് കേട്ടിട്ടുണ്ട്.

എല്ലാവരും ക്ലാസ്സില്‍ നിശബ്ദ്മായിരുന്നു.

‘എല്ലാവരും ലോഗരിതം ടേബിളെടുക്കൂ..’ സ്റ്റീഫന്‍ സാര്‍ മൃദുവായി മൊഴിഞ്ഞു.
‘ഇനി ആരെങ്കിലും ലോഗരിതം ടേബിള്‍ വല്ല പേപ്പറുകൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊതിഞ്ഞിരിക്കുന്ന പേപ്പറ് എടുത്ത് വെയ്സ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയിടൂ..’

ദൈവമേ.. ഇന്നലെ രാത്രിയിലെ പ്രയത്നഫലത്തിന്റെ 70 ശതമാനം ഇതാ പോകുന്നു.

‘ഇനി എല്ല്ലാവരും അവരവരുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ മാത്രം വലിയ അക്ഷരത്തില്‍ ആദ്യപേജില്‍ എഴുതൂ. എന്നിട്ട് ഇവിടെ കൊണ്ടുവരൂ...’

ബാക്കി 30 ശതാമാനവും ദാ പോകുന്നു.

റമ്മികളിക്കായി ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതുപോലെ സ്റ്റീഫന്‍ സാര്‍ എല്ലാ ലോഗരിതം ടേബിളുകളും കലക്കി കടുകുവറുത്തു രണ്ട് കിങ്കര സമഷം വിതരണം ചെയ്യാനാരംഭിച്ചു.

‘ആര്‍ക്കെങ്കിലും സ്വന്തം ലോഗരിതം കിട്ടിയിട്ടുണ്ടോ ?’

ആരും ഒന്നും മിണ്ടിയില്ല.

‘ഇനി, എല്ലാവരും ആ ടേബിള്‍ ഒന്ന് പരിശോധിച്ചേ.. ആരുടെയൊക്കെ ടേബിളിലാണ് കോപ്പിയടിക്കാനായി എഴുതിയിരിക്കുന്നതെന്ന് കണ്ടാല്‍ അവര്‍ കൈ പൊക്കുക’

എന്റെ ദൈവമേ.. എന്റെ കാലിലെ പെരുവിരല്‍ തൊട്ട് ഒരു വിറ. അതിങ്ങനെ കുറെശ്ശേയായി മുകളിലേക്ക് ഇരച്ചു കയറുന്നതുപോലെ..

ദേ.. ഒന്ന്.. രണ്ട് .. മൂന്ന് .. ആറു കൈകള്‍ ആകാശത്ത് പാറിക്കളിക്കുന്നു.

അതിലൊന്ന് എന്റെ ഹൃദയത്തിലൊരു തീപ്പൊരി പാറിച്ച ശാലിനിയുടേതും.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. സ്റ്റീഫന്‍ സാര്‍ ആദ്യം തന്നെ ശാലിനിയുടെ ലോഗരിതം ടേബിളെടുത്ത് നമ്പര്‍ ഉറക്കെ വായിക്കുന്നു.

റോള്‍ നമ്പര്‍ 1952 സ്റ്റാന്ഡ് അപ്പ്..

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വിളിവരുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കയ്പുനീരിന്റെ ആ പാനപാത്രം എനിക്കുമാത്രമുള്ളതാണെന്നതുകൊണ്ടും ഞാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു.

ശാലിനി ഒന്ന് തിരിഞ്ഞു നോക്കി.


ദുഷ്ടാ, എന്റെ പിന്നില്‍ കയ്യും കാലും കാണിച്ച് നടന്നത് ഇതിനായിരുന്നോ അതോ മിടുക്കന്‍ മിടുമിടുക്കന്‍ എന്ന അഭിനന്ദനവാക്കുകള്‍ ചൊരിയാനായിരുന്നുവോ എന്ന് ഇന്നുമെനിക്കറിയില്ല.

അതറിയാന്‍ ശ്രമിക്കുന്നതിനു മുന്‍പു തന്നെ അടുത്ത വര്‍ഷത്ത പുതിയ ബാച്ചിലെ ഐശ്വര്യാറായിമാരെ തേടി ഞാന്‍ അലഞ്ഞു തുടങ്ങിയിരുന്നു.