മാര്‍ച്ച 20. 2003.
അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിക്കുകയും നട്ടുച്ചയായപ്പോള്‍ തലയ്ക്കുമുകളിലെത്തുകയും ചെയ്തു. ഗള്‍ഫില്‍ പൊതുവെ പ്രത്യക്ഷപ്പെടുന്ന പൊടിക്കാറ്റ് കാലത്തുമുതലേ അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടിയിരുന്നു.
വ്യാഴാഴ്ചയായതുകൊണ്ട് പല ഓഫീസുകളും മുടക്കം.
പക്ഷേ ഈ വ്യാഴാഴ്ച വെറും വ്യാഴാഴ്ചയല്ല.
ഇവിടെ, കുവൈറ്റില്‍ അമേരിക്ക യുദ്ധമാരംഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ എല്ലാവരും നേരത്തെ തന്നെ ടിവിയ്ക്ക് മുന്നില്‍. സദ്ദാം രാസായുധവും ജൈവായുധവും പ്രയോഗിക്കുമെന്ന് ഭീഷണിയുള്ളതിനാല്‍ പലരും കുടുംബത്തെ നാട്ടില്‍ വിട്ട് ആസന്നമായ മരണവും കാത്ത് കിടന്ന ദിവസങ്ങള്‍. അങ്ങനെ കുടുമ്മത്തെ നാട്ടില്‍ വിട്ടവരില്‍ ഈയുള്ളവനും.
തലേന്ന് സുഹ്രത്തായ മോഹനന്‍ ഓഫീസ് വിട്ടു പോരുമ്പോള്‍ പറഞ്ഞത് ‘സദ്ദാം അങ്ങനെയൊന്നും ചെയ്യില്ലെ‘ന്നാണ്
ഇവനാരാ സദ്ദാമിന്റെ മരുമകനോ.
‘മോഹനാ,, സദ്ദാമിന്റെ കയ്യില്‍ സാധനമുണ്ടെങ്കി അവനത് പൊട്ടിച്ചിരിക്കും. അതും നമ്മുടെ തൊട്ടടുത്തുള്ള റിഫൈനറിയില്‍ തന്നെ അവന്‍ പൂശും..’
‘താന്‍ പേടിക്കണ്ട്രോ ..’
‘തനിക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്ന് എനിക്കറിഞ്ഞൂടെ.... പത്തു നാല്‍പ്പത് വയസ്സായിട്ടും കല്യാണം കഴിക്കാണ്ട് നടക്കുന്ന തനിക്കൊന്നും ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. തനിക്ക് ഒന്നും പറ്റീല്ലെങ്കില്‍ കൂടെയുള്ള ബാച്ചിക്കുട്ടന്മാരായി ചീട്ടുകളിച്ചെങ്കിലും സമയം കളായാലോ..എനിക്കെന്ത് ചെയ്യാനാ.. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടേ..’
‘തനിക്കെന്താ പേടിയുണ്ടോ ?’
‘ഞാന്‍ അല്പം പേടിയുള്ള കൂട്ടത്തില്‍ തന്നെയാണ്.... ‘ കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ പട്ടാളക്കാര്‍ ഏറ്റവും പുതിയ തരം ടാങ്കൂകളും വെടിക്കോപ്പുകളും കൊണ്ട് ഇവിടത്തെ റോഡുകളില്‍ ഒഴുകുകയാണ്. ഓഫീസില്‍ ഏറ്റവും പുതിയ യുദ്ധോപകരണങ്ങളുടെ ഗ്രൂപ്പ് ഡിസ്കഷനാണ് ഏതു സമയവും. പിന്നെ മനുഷ്യന്‍ പേടിക്കാതിരിക്കുമോ ?
‘എന്നാല്‍ താന്‍ പേടിക്കണ്ട.. നാളെ കാലത്ത് എട്ടു മണിമുതല്‍ ഞാന്‍ തന്റെ റൂമിലുണ്ട്..തന്റെ പേടിയൊക്കെ ഒന്ന് മാറ്റണ്ടെ..’
അങ്ങനെ കാലത്ത് മണി ഏഴായി. എട്ടായി. ഒന്‍പതായി. മോഹനെ കാണാനില്ല. മൂന്നു നാല്‍ ബില്‍ഡിങ്ങപ്പുറത്താണ് മോഹനന്റെ ഫ്ലാറ്റ്..തലേന്ന് വല്ല പട്ടച്ചാരയവും കുടിച്ച് കിടന്നിട്ടുണ്ടാവണം.
സി.എന്‍. എന്നില്‍ യുദ്ധം തുടങ്ങിയതായും സദ്ദാമിന്റെ കൊട്ടാരത്തില്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ട് വന്നു.
പത്തുമണിയോടെ ‘ഹെന്തൊരു പൊടിക്കാറ്റ്’ എന്നും പറഞ്ഞ് മോഹനന്‍ കിതച്ചുകൊണ്ടോടി വന്നു.
സി.എന്‍. എന്നിലെ ന്യൂസ് കുറച്ച് നേരം ഇരുന്ന് കണ്ടു.
‘മാഷേ, നമുക്ക് ഇന്ന് പുട്ടും പഴവുമാക്കിയാലോ ബ്രേക് ഫാസ്റ്റ് ? ‘ മോഹനന്‍ പെട്ടന്നാണ് ചോദിച്ചത്.
‘ആവാം..പഴം വാങ്ങേണ്ടി വരും. നമുക്ക് ഉപ്പുമാവാക്കിയാലോ ?’
‘ഏയ്.. പുട്ടും പഴവും മതി. പഴം ഞാന്‍ അടിയിലെ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വരാം..’
‘ദെന്താപ്പോ ഇതിത്ര നിര്‍ബന്ധം..’ സാധാരണ മോഹനന്‍ ഭക്ഷണകാര്യത്തില്‍ അധികം താത്പര്യമെടുക്കാത്തതാണ്.
‘അല്ല.. ഇനീപ്പോ നാളെ വല്ലതും സംഭവിച്ചാലേയ്....’
‘അതു ശരി.. ദിപ്പോ ഇങ്ങന്യായാ... കൂട്ടിരിക്കാന്‍ വന്ന ആളു തന്നെ ഇതു പറയണം.. ..’
‘ഹേയ്.. ഞാന്‍ വെറുതെ പറഞ്ഞതല്ലേ...’
മോഹനന്റെ ആഗ്രഹപ്രകാരം പുട്ടും പഴവും ഉണ്ടാക്കി ബ്രേക് ഫാസ്റ്റ് കഴിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞിരിക്കുമ്പോഴാണ് ആദ്യത്തെ സൈറണ്.
കുവൈറ്റിന്റെ അതിര്‍ത്തിയിലെവിടെയെങ്കിലും ഇറാക്കിന്റെ മിസൈല്‍ കടന്നാല്‍ ആ സൈറണ് മുഴങ്ങും.
ആദ്യം അപകടസൂചനയ്ക്ക് ഒരു സൈറണ്‍. അപകട സാധ്യത കൂടിയ തോതിലാണെങ്കില്‍ വേറൊരു ടോണില്‍ സൈറണ്‍.. സംഭവിച്ചുകഴിഞ്ഞാല്‍ മറ്റൊരു ടോണ്‍(ഇതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല). അപകടമൊഴിവായാല്‍ മറ്റൊരു ടോണ്‍. അങ്ങനെ മൊത്തം നാലുതരം സൈറണ്‍. കഴിഞ്ഞ ആറുമാസമായി ഇവിടെ ഇതിന്റെ സ്റ്റ്ഡിക്ലാസ്സായിരുന്നു. അതുകൊണ്ട് സൈറണൊക്കെ മനപ്പാഠം.
പെട്ടന്ന് മോഹനന്‍ എഴുന്നേറ്റു.
‘എന്താ മോഹനാ..’
‘എന്റെ സിവില്‍ ഐഡി എടുക്കാന്‍ ഞാന്‍ മറന്നു. ഇപ്പം വരാം..’
‘ഹെയ്.. അതിനിവിടെ ആരാ സിവില്‍ ഐഡി. ചോദ്ച്ചത് .. താനവിടെ ഇരിക്കടോ...’
‘ഹേയ് അത് ശരിയാവില്ല.. ഞാന്‍ ഇപ്പ വരാം..’ എന്നും പറഞ്ഞ് മോഹനന്‍ എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തു പോയി.
അഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ മറ്റൊരു സൈറണ്. അത് അപകട സാധ്യത കൂടിയ സൈറണായിരുന്നു. മരണമണിയെന്ന് പൊതുവെ ഞങ്ങള്‍ വിളീച്ചുകൊണ്ടിരിക്കുന്ന സാധനം.
നാട്ടില്‍ നിന്ന് ഫോണ്. ചുവന്ന അക്ഷരത്തില്‍ ‘യുദ്ദ്ധം’ എന്ന് മത്തങ്ങാവലിപ്പത്തിലാണ് നാട്ടിലെ പത്രങ്ങള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
കുറച്ചു കഴിഞ്ഞപ്പോള്‍ അപകടസാധ്യത ഒഴിവായെന്ന ടോണില്‍ സൈറണ്‍ മുഴങ്ങി.
പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ചിലച്ചു.
മോഹനനാണ്.
‘താന്‍ ഇപ്പോ എവിട്യാണ്. സിവില്‍ ഐ.ഡി കിട്ടിയില്ലെ..’
‘കിട്ടി കിട്ടി. അവിടെ കൊഴപ്പൊന്നുമില്ലല്ലോ ?’
‘ഏയ്..’
‘എന്നാല്‍ ഞാന്‍ കുറച്ചു കഴിഞ്ഞ് വരാം..’
‘ശരി..’
അപ്പൊ അങ്ങനെ അതു കഴിഞ്ഞു.
കാലത്ത് ഹെവി ബ്രേക് ഫാസ്റ്റായിട്ടും ഒരു മണിയായപ്പോഴേയ്ക്കും നല്ല വിശപ്പ്. തലേന്നത്തെ കുബ്ബൂസും അല്പം വെജിറ്റബിള്‍ കറിയുമെടുത്ത് ഓവനില്‍ വെച്ച് ഡീഫ്രോസ്റ്റ് ചെയ്തെട്ത്ത് കഴിയ്ക്കുമ്പോഴേയ്ക്കും അടുത്ത സൈറണ്.
ഇത് കൂടുതല്‍ അപകടമുള്ള സൈറണാണ്.
സി.എന് എന്നിലും സൈറണ്‍.. റോഡുകളില്‍ തിരക്ക് കുറവ്. എല്ലാവനും വീട്ടില്‍ തന്നെ.
അകലെ കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന പടക്കപ്പലുകള്‍. കടല്‍ ശാന്തമാണ്. പൊടിക്കാറ്റുള്ളതുകൊണ്ട് അധികം ദൂരത്തെ കാഴ്ചകള്‍ കാണാന്‍ വിഷമം.
അതിര്‍ത്തിയിലെവിടെയോ സദ്ദാം മിസൈല്‍ വര്‍ഷിച്ചുവെന്ന് വാര്‍ത്ത. സദ്ദാമിന്റെ ലക്ഷ്യം അതിര്‍ത്തിയില്‍ നിന്നും 350 കിലോ മീറ്റര്‍ അകലെ ഞങ്ങള്‍ താമസിക്കുന്ന റിഫൈനറി ഏരിയ തന്നെയാണെന്നത് എല്ലാവര്‍ക്കുമറിയാം. റിഫൈനറിയിലോ അടുത്തുള്ള ഡൌ പെട്രോകെമിക്കലിലോ ഒരു മിസൈല്‍ വീണാലുള്ള നാശം ആരേക്കാളും കൂടുതല്‍ സദ്ദാമിനു നന്നായറിയാം.
സമയം ഇഴഞ്ഞു നീങ്ങി.
വൈകീട്ട് ഏകദേശം ആറുമണിയോടെ മോഹനന്‍ വീണ്ടും വന്നു.
‘സംഗതി അതിര്‍ത്തി വരെ മിസൈല്‍ എത്തിയിട്ടുണ്ടെന്നാ കേട്ടെ.. എപ്പഴാണാവോ ഇവിടെയ്ക് വരുന്നെ...’
‘ഓഹോ അപ്പൊ തനിക്ക് പേടിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പോ അങ്ങന്യായാ.. ‘
‘ഏയ്.. നമ്മളെന്തിന് പേടിക്കണം..‘
അമേരിക്കന്‍ പട്ടാളം അതിര്‍ത്തി കടന്ന് ഇറാക്കിലേക്ക് കടന്നു കഴിഞ്ഞിരുന്നു. ടാങ്കുകളും മറ്റുമായി പട്ടാളം നിങ്ങുന്നത് ടിവിയില്‍ കാണിച്ചു തുടങ്ങി.
ഏകദേശം ഒന്‍പതു മണി ആയിക്കാണും. മോഹനന്റെ ഇഷ്ടവിഭവമായ ബീഫും പൊറോട്ടയുമടിച്ച് ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍.
അകലെ കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന പടക്കപ്പലുകളിലും എണ്ണ കൊണ്ടുപോകാന്‍ വന്ന ടാങ്കര്‍ ഷിപ്പുകളിലും വിളക്ക്കുകള്‍ മുനിഞ്ഞു കത്തുന്നു. തൊട്ടപ്പുറത്തെ ഹില്‍ട്ടന്‍ റിസോര്‍ട്ടിലെ ടെരസ്സില്‍ ബാര്‍ബെക്യു പാര്‍ട്ടി. ചുട്ട കോയീന്റെ മണം മൂക്കു തുളച്ചു കയറുന്നു. വിജനമായിക്കിടക്കുന്ന ബീച്ച്. എങ്ങുമൊരു മൂകത.
പെട്ടന്നാണത് സംഭവിച്ചത്..
ബില്‍ഡിങ്ങിനെ മൊത്തം കുലുക്കിക്കൊണ്ട് ഒരു തീനാളം ഞങ്ങള്‍ക്കു മുകളിലൂടെ കടന്നു പോയി. നേരെ ചെന്ന് കടലില്‍ വീണു.
എന്താണത്... അപകട സൈറണൊന്നും ഉണ്ടായിരുന്നില്ല.
ഭാഗ്യം. അതിന്റെ ദിശ ഒരു പത്തു ഡിഗ്രി മാറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു ?
മോഹനന്‍ അന്തംവിട്ടിരിക്കുകയാണ്.
‘ഇതെന്താ ഇങ്ങനെ ?’
‘എന്തേ ..’
‘യാതൊരു അറിയിപ്പുമില്ലാതെ..’
‘സദ്ദാം ഇന്നലെ ഒരു ടെലെഗ്രാം അയച്ചിരുന്നത് താന്‍ കണ്ടിരുന്നില്ലെ.. ഈ സമയത്ത് ഒരു സാധനം അവിടെ കൊണ്ട് വന്നിടുന്നുണ്ടെന്ന് പറഞ്ഞിട്ട്..’
‘തമാശ വിട് മാഷെ.. ഇങ്ങനെ ഒരു മിസൈലു വരുന്നത് ഇവന്മാരൊന്നും കണ്ടില്ലേ. ‘
‘കണ്ടിട്ടെന്തിനാ..’
‘മിനിമം ഒരു സൈറണെങ്കിലും അടിക്കണ്ടേ..ഒരു ഉത്തരവാദിത്തവും ഇല്ലാതെ..’ മോഹനന്‍ ശരിക്കും പേടിച്ചിരിക്കുകയാണെന്ന് മനസ്സിലായി.
സദ്ദാമിന്റെ ഒരു കുഞ്ഞു മിസൈലായിരുന്നു അതെന്ന് പിന്നീട് കുവൈറ്റ് ടി.വി. വെളിപ്പെടുത്തി.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ മോഹനന്‍ മെല്ലെ എഴുന്നേറ്റു.
‘ഞാനെന്റെ പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നു..ഇപ്പോ പോയിട്ട് എടുത്തിട്ട് വരാം..’
‘ദിപ്പോ ഇതെന്തിനാ പാസ്പോര്‍ട്ട് ?’
‘അല്ല. വല്ലതും സംഭവിച്ചു കഴിഞ്ഞാല്‍ ...’
‘അതെ. അതു ശരിയാണ്..ആളെ തിരിച്ചറിയാന്‍ പാസ്പോര്‍ട്ട് തന്നെ വേണം..’
ഭയത്തിന്റെ മുള്‍മുനയിലാണ് മോഹനന്‍.
‘ഞാന്‍ റൂമില്‍ കൊണ്ട് വിടണോ മോഹനാ...?’
‘ഏയ്.. ഞാന്‍ തന്നെ പോയ്ക്കോളാം...’
റോഡുകള്‍ വിജനമായിക്കൊണ്ടിരുന്നു.
അടുത്ത ബില്‍ഡിങ്ങിന്റെ ബേസ് മെന്റില്‍ ചില വിശ്വാസികള്‍ കയ്യടിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
‘ഇതാ അവന്‍ വരികയാണ്... വന്നുകൊണ്ടേയിരിക്കുകയാണ്.. ‘
അതെ. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെയാണ് വരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പക്ഷേ എല്ലാം കഴിഞ്ഞേ സൈറണടിക്കുവെന്നും തോന്നി. .
ഏതായാലും അടുത്ത മിസൈലിനു കാതോര്‍ത്ത് ഞാന്‍ ബാല്‍ക്കണിയില്‍ തന്നെ ഇരുന്നു.
Tuesday, August 26, 2014
Subscribe to:
Posts (Atom)