Wednesday, August 06, 2008

പ്രഷര്‍

എന്തായാലും ഇത്തവണ വേലായിയുടെ വേലത്തരങ്ങളിലൊന്നും തന്നെ തോറ്റുകൊടുക്കരുതെന്ന ഉറച്ച വാശിയോടെത്തന്നെയാണ് പാങ്ങു സെന്ററില്‍ അയ്മുട്ടിമാപ്പിള മീങ്കച്ചോടം നടത്തുന്നതിന്റെ അടുത്ത് വേലായി ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടപ്പോഴും ഒഴിഞ്ഞുമാറാതെ അവിടെ തന്നെ നിന്നത്.
എന്നെ കണ്ടതും വേലായി ഓടി അടുത്തു വന്നു. ചിലപ്പോള്‍ വേലായി അങ്ങനെയാണ് .. ചക്കയുടെ മൊളിഞ്ഞീന്‍ പോലെ ഒരു ഒട്ടലുണ്ട്.
അടുത്തെത്തിയപ്പോഴാണ് തുറുപ്പ് ചീട്ട് മനസ്സിലായത്. കയ്യില്‍ ഒരു ബ്രാലിന്റെ (വരാല്‍) കുട്ടിയുണ്ട്. രണ്ട് വിരലിന്റെ നീളമേയുള്ളൂ..
'ദേ... പെടയ്ക്കണ മൊതല് കണ്ടാ..'
വേലായി കയ്യിലെ മീനെടുത്ത് പൊന്തിച്ച് പിടിച്ച് ഒന്ന് വിറപ്പിച്ചു..
'ഉവ്വ് .. ഉവ്വ്..'
'എന്റെ വേലായിയേ.. ഒന്നൊന്നര മണിക്കൂറായി നീയ്യീ മീനും കയ്യീപ്പിടിച്ച് ഇവിടെ കറങ്ങാന്‍ തൊടങ്ങീട്ട്.. ഒന്നോലെ കിട്ട്യേ വെലയ്ക്ക് അദിനെ വിറ്റട്ട് സ്ഥലം കാല്യാക്കാന്‍ നോക്ക്വ.. അല്ലെങ്കില്‍ ആ മീനെ എട്ത്ത് ട്ട് ആ തോട്ടില്‍ക്ക് ഇട്ട് നീയ് സ്ഥലം കാല്യാക്കാന്‍ നോക്ക്.. '
'ഞാനീ മീനും കൊണ്ടിരിക്കണേന് അയ്മുട്ട്യാപ്ലയ്ക്ക് എന്താ ..'
'നീയ്യീ പീക്കുര്‍ണി മീനും കൊണ്ടിരിക്കുന്നതല്ല പ്രശ്നം..എന്റെ കഷ്ടമേഴ്സിനെയാണ് നീയ്യ് അതുമിതും പറഞ്ഞ് മീന്‍ വേടിപ്പിക്കാണ്ട് വിടണത്. '
'രണ്ടാഴ്ചയായ മീനല്ലേ അയ്മുട്ട്യാപ്ല ഇങ്ങനെ പെടയ്ക്കണ മീനേ.. പെടയ്ക്കണ മീനേ ന്ന് പറഞ്ഞ് വില്‍ക്കണെ..'
'മീന്‍ വെട്ടണ കത്ത്യാന്നൊന്നും ഞാന്‍ നോക്കില്ല.. എണീറ്റ് പോടാവ്ട്ന്ന്..'
'ഒവ്വ് .. താന്‍ കോപ്പുണ്ടാക്കും.. 'വേലായി മീനെടുത്ത് ഒന്നുകൂടി തുള്ളി.
'വേലായേ . ഇപ്പ എന്താ പ്രശ്നം ?.. നീയിപ്പൊ മീങ്കച്ചോടോം തൊടങ്ങ്യാ..?'
'എന്തൂട്ടാ ചെയ്യാ .. ഞാനൊരു മണിക്കൂറ് ചൂണ്ട യിട്ട് കിട്ടീതാ ഈ മൊതലിനെ.. ഒരെണ്ണം വാങ്ങിക്കില്യാന്ന് വെച്ചാ...'
'നീയതിനു താങ്ങാന്‍ പറ്റാത്ത വെലയല്ലേ പറയണെ..?'
'ന്തൂട്ട്.. ദേ ഈ സാധനം ഒരു ഒന്നൊന്നര കിലോ കാണും.എനിക്കൊരു നൂറ്റന്‍പത് കിട്ട്യാ അപ്പ കൊടുക്കും..'
'പിന്നെ.. ഇത് ഒരു കാല്‍ക്കിലോനു മേലെ ണ്ടാവില്ല..'
'താന്‍ വേടിക്കണ്ട്രോ അയ്മുട്ട്യാപ്ലെ..'
'ഇപ്പൊ വാസ്വേട്ടന്റെ അവിട്യൊന്നും കൊണ്ട് കൊടുക്കാറില്ലേ ? '
'ഏയ്..വാസേട്ടനു ഇപ്പ് ഞാന്‍ കൊണ്ട് കൊടക്കണ മീന്‍ വേണ്ടാന്നാ പറയണെ.. ഇപ്പൊ ഷാപ്പില് ചെലവും കൊറവാത്രേ.. അപ്പ ഞാന്‍ ന്താ ചെയ്യാ....രാത്ര്യാവുമ്പോ ന്തൂട്ടെങ്കിലും വായേല് വെക്കണ്ടേ... '
'അത് വേണം..'
'പോരാത്തേന് ഇപ്പൊ കൊറേശ്ശെ പ്രഷറും ണ്ട്ന്നാ സൈമന്‍ ഡോക്ടറ് പറയണെ..'
'ങാ ഹ.. അതു ശരി.. അപ്പോ വേലായിക്കും പ്രഷറ് ഉണ്ടാ ? എന്ന് കിട്ടീ..?'
'കഴിഞ്ഞേന്റെ മുമ്പത്തെ മാസം വെറുതെ ഒരു പനി.. പനികൂട്യേപ്പൊ ദിവാകരേട്ടന്‍ പറഞ്ഞു ചെലപ്പൊ എലിപ്പന്യാവുന്നു.. ഒന്ന് ഡോക്ടറെ കണ്ടോളാന്‍ പറഞ്ഞു... സൈമന്‍ ഡോക്ടറ് കണ്ടെപ്പൊ തന്നെ പറഞ്ഞു ഇത് എലിപ്പന്യോന്നല്ലാന്ന്. പിന്നെ എന്റെ കയ്യിമ്മെ ഒരു ഊരാങ്കുടുക്ക് പോലത്തെ സാധനം കെട്ടീട്ട് ന്തൂട്ടൊക്ക്യാ ചെയ്തു. ന്ന് ട്ടാ പറഞ്ഞെ എനിക്ക് പ്രഷറ് ഉണ്ട്ന്ന്..'
'എത്ര്യയുണ്ട് ?'
'ഇപ്പൊ കാല്‍ കിലോ ഉണ്ടത്രേ..'
'കാല്‍ കിലോയോ ? '
'അതേന്ന്.. ഇപ്പൊ കാല്‍ക്കിലോ ണ്ട്. അരകിലോ ആയാല്‍ പൂച്ചക്കൂന്നത്തേക്ക് കൊണ്ടോക്കോളാന്ന് പറഞ്ഞു..'
(പൂച്ചക്കുന്ന്.. പൊതുശ്മശാനം.)
'മരുന്നൊന്നും ഇല്യേ ?'
'പിന്നെ.. മൂന്ന് നേരം ണ്ട്.. ഇപ്പൊ പ്രഷറ് എല്ലാര്‍ക്കും ണ്ട്ന്നാ പറേണേ.. മ്മടെ പ്രധാനമന്ത്രിക്ക് വരെ പ്രഷറുണ്ടത്രെ..'
'പ്രധാനമന്ത്രിക്കോ ? '
'അദേന്ന്.. ആവണക്കെണ്ണ വേണന്ന് ഒരു കൂട്ടര്‍.. വേണ്ടാന്ന് വേറൊരു കൂട്ടര്.. പ്രധാനമന്ത്രിക്ക് പ്രഷറ് വരാന്‍ വേറെ വല്ലതും വേണാ ? മ്മടെ കുര്യാക്കേട്ടന്റെ പറമ്പില് എന്തോരം ആവണക്കുരുവാണ് ആരും നോക്കാണ്ട് ഇങ്ങനെ വീണു പോണത്.. കൊറച്ച് അവിട്ന്ന് പറക്കീയിട്ട് ആ ഇഞ്ചത്തില് കൊണ്ടോയി ആട്ടി എണ്ണ്യാക്കി വേണ്ടോര്‍ക്ക് അതാ കൊടുത്തൂടെ ..'
'എന്റെ വേലായേ.. ആവണക്കെണ്ണ്യല്ല. ആണവക്കരാര്‍..'
'ന്തൂട്ട് തേങ്ങ്യായാലും സംഗതി ആവണക്കെണ്ണ്യല്ലേ...'

ഇനിയും അവിടെ നിന്നാല്‍ ആരും വാങ്ങാത്ത ആ ബരാല് വേലായി എന്റെ തലയില്‍ കെട്ടിവെക്കുമെന്ന സംശയം ... എത്രയും പെട്ടന്ന് സ്കൂട്ടായി..